Tuesday, February 1, 2011

ഈജിപ്തിലെ ജനകീയ പ്രക്ഷോഭം

  
          പഴമയുടെ പ്രൗഢിപേറുന്ന ഈജിപ്ത് ജമാല്‍ അബ്ദുന്നാസറിനു ശേഷം ഏറെക്കുറെ ശാന്തമായി സഞ്ചരിക്കുകയായിരുന്നു. ഹുസ്‌നി മുബാറക്ക് അധികാരത്തില്‍ വന്നതോടെ അമേരിക്കന്‍ പക്ഷത്തോടായി ചായ്‌വ്. എന്നാല്‍ സ്ഥിതിയാകെ മാറുകയാണ്. അവിടെ ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം അനുദിനം ശക്തിയാര്‍ജ്ജിക്കുക മാത്രമല്ല രാജ്യം തന്നെ അരാജകത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മന്ത്രിസഭ പിരിച്ചുവിട്ട് പുതിയ വൈസ്പ്രസിഡന്റായി രഹസ്യാന്വേഷണ വിഭാഗം മേധാവി ഉമര്‍ സുലൈമാനെയും പ്രധാനമന്ത്രിയായി നിലവിലുള്ള വ്യോമയാന മന്ത്രി അഹമദ് ശഫീഖിനെയും നിയമിച്ച ഹുസ്‌നി മുബാറക്കിന്റെ നടപടി ജനരോഷം തണുപ്പിക്കാന്‍ ഒട്ടും പര്യാപ്തമായിട്ടില്ല.

          മുപ്പതുവര്‍ഷമായി  തുടരുന്ന അധികാരം മുബാറക്ക് ഒഴിയണമെന്നതാണ് സമരക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. എട്ടുകോടിയോളം ജനങ്ങളുള്ള ഈ ആഫ്രിക്കന്‍ രാജ്യത്തിന്റെ ആവശ്യം ചെവിക്കൊള്ളാന്‍ പക്ഷെ അദ്ദേഹം തയാറല്ല. ഒരാഴ്ചയായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. ജനക്കൂട്ടം ജയിലുകള്‍ പിടിച്ചെടുത്ത് കാല്‍ലക്ഷത്തോളം തടവുപുള്ളികളെ മോചിപ്പിച്ചു. തടവുകാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പുകളില്‍  200ലേറെ പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ കെയ്‌റോയുടെ മധ്യഭാഗം പ്രക്ഷോഭകര്‍ പിടിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

          ഈജിപ്തിലേത് ഒരു ജനകീയ വിപ്‌ളവം തന്നെയാണ്. സൈനികരില്‍ തന്നെ പ്രബല വിഭാഗവും ജഡ്ജിമാരുമെല്ലാം പ്രക്ഷോഭത്തില്‍ ആവേശപൂര്‍വം കണ്ണിചേര്‍ന്നതില്‍ നിന്നു തന്നെ മുബാറക്ക് ഭരണത്തോടുുള്ള അസന്തുഷ്ടി എത്രമാത്രം ശക്തമാണെന്ന് വ്യക്തം. അഴിമതി നിറഞ്ഞ ഏകാധിപത്യ വാഴ്ചക്ക് അന്ത്യംകുറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജനങ്ങളും. അതുകൊണ്ടാണ് മന്ത്രിസഭ അഴിച്ചുപണിപോലുള്ള  തന്ത്രങ്ങള്‍ വിലപ്പോവാത്തത്. കെയ്‌റോവിലേക്ക് നിരോധാജ്ഞ ലംഘിച്ചാണ് പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നത്. മുബാറക്, വിമാനം കാത്തുനില്‍ക്കുന്നു എന്ന മുദ്രവാക്യം മുഴക്കുന്ന പ്രക്ഷോഭകര്‍ക്ക് അദ്ദേഹം അധികാരം ഒഴിഞ്ഞാല്‍ മാത്രം പോരാ. രാജ്യം വിട്ടുപോവുക തന്നെ വേണം. 

          തലസ്ഥാന നഗരിയില്‍ മാത്രമല്ല, സൂയസ്, അലക്‌സാന്‍ഡ്രിയ, ലക്‌സര്‍, അസ്യൂത്, വടക്കന്‍ സീനായ് തുടങ്ങിയ നഗരങ്ങളിലും സമരം ശക്തമാണ്. ഗത്യന്തരമില്ലാതെ വിദേശരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയറിന്ത്യ ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ ആളുകള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. ഈജിപ്തില്‍ 3600 ഇന്ത്യക്കാരുള്ളതില്‍ 2200 ഉം കെയ്‌റോവിലാണ്.

          ടുണീഷ്യയിലെ മുല്ലപ്പൂ വിപ്‌ളവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈജിപ്തിലും ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായത്. സര്‍ക്കാര്‍ മന്ദിരങ്ങള്‍ തകര്‍ക്കാനും ഇന്റര്‍നെറ്റ്, ടെലഫോണ്‍ സംവിധാനങ്ങള്‍ നിശ്ചലമാക്കാനും ജനങ്ങള്‍ക്ക് ധൈര്യംപകര്‍ന്നതും ടുണീഷ്യന്‍ മുന്നേറ്റങ്ങള്‍ തന്നെ. സമരത്തിന് പ്രചോദനം പകരാന്‍ അല്‍ ജസീറ ടിവി വലിയ പങ്കാണ് വഹിച്ചത്. പ്രക്ഷോഭ  വാര്‍ത്തകളും ലോകത്തെ അതതു സമയം അറിയിച്ചതും അവരാണ്. അതുകൊണ്ട് അല്‍ ജസീറക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തേണ്ടിവന്നു. 

          ഈജിപ്തിലെ സംഭവവികാസങ്ങളില്‍  ഏറ്റവുമധികം ആകാംക്ഷ പുലര്‍ത്തുന്നത് അമേരിക്കയും ഇസ്രായീലുമാണ്. 1979 ല്‍ ഈജിപ്തുമായി സമാധാന ഉടമ്പടി ഒപ്പിട്ട ഇസ്രായീലിന് അന്നുമുതല്‍ കലവറയില്ലാത്ത പിന്തുണയാണ് മുബാറക്ക് ഭരണകൂടം നല്‍കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്  അറബ് ലോകത്ത് എതിര്‍പ്പുകളുണ്ടെങ്കിലും അമേരിക്കയുടെ ശക്തമായ തണലില്‍ എല്ലാം മറികടക്കാന്‍ കഴിഞ്ഞിരുന്നു. മുബാറക് ഇസ്രായീലില്‍ അഭയം തേടുമെന്ന അഭ്യൂഹത്തിന് കാരണവും ഇതു തന്നെ. ഹുസ്‌നി മുബാറക് നേരിടുന്ന പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ആശങ്ക ഇസ്രായീലിനുണ്ടാവുക സ്വാഭാവികമാണല്ലോ.

          ഏകാധിപത്യത്തിനും സ്വേഛാധിപത്യത്തിനുമെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ വ്യാപകമാവുന്നതിന്റെ സൂചനയാണ് യമനില്‍നിന്നും ഉയരുന്നത്. യമനില്‍ പ്രസിഡണ്ട് അലി അബ്ദുല്ല സ്വാലിഹ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ പ്രക്ഷോഭവും ശക്തമാണ്. തലസ്ഥാനനഗരമായ സന്‍ആയില്‍ ഈജിപ്ഷ്യന്‍ എമ്പസിയിലേക്ക്  മാര്‍ച്ച്‌ചെയ്ത പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടുകയുണ്ടായി.  ജോര്‍ദാനിലും അള്‍ജീരിയയിലും ടുണീഷ്യയിലും ഈജിപ്തിലും യമനിിലുമെന്നപോലെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. ടുണീഷ്യയില്‍ മുന്‍ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ ബിന്‍ അലി രാജ്യം വിട്ടിട്ടും പ്രക്ഷോഭം  അവസാനിച്ചിട്ടില്ല. ബിന്‍ അലിയുടെ വിശ്വസ്തനായ ഇടക്കാല പ്രസിഡണ്ട് മുഹമ്മദ് ഗനൂശി രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.  21 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ടുണീഷ്യന്‍ ഇസ്‌ലാമിക് പാര്‍ട്ടി നേതാവ് റാശിദ് ഗനൂശി നാട്ടില്‍ തിരിച്ചെത്തിയിട്ടുമുണ്ട്.

         ഏകാധിപത്യത്തിന്റെ ദൂഷ്യങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ അതിനെതിരെ പൊരുതാന്‍ തയാറാകുന്നത് ഭരണം അത്രമേല്‍ ജനവിരുദ്ധമാവുമ്പോഴാണ്. അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും  അധികാരം നിലനിര്‍ത്താന്‍ വേണ്ടി സാമ്രാജ്യത്വശക്തികള്‍ക്ക് അടിമവേല ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ അറബ് രാജ്യങ്ങള്‍ പലതും എന്തുകൊണ്ടോ അപലപനീയമായ സമീപനമാണ് സ്വീകരിക്കുന്നത്. പതിറ്റാണ്ടുകളോളം ദുര്‍ഭരണം ഏറ്റുവാങ്ങേണ്ടിവന്ന ജനം ഗവണ്‍മെന്റിനെതിരെ തിരിഞ്ഞാല്‍ അത്തരം പ്രക്ഷോഭങ്ങളുടെ മുമ്പില്‍ മുട്ടുമടക്കിയതാണ് ഇതപര്യന്തമുള്ള ലോകചരിത്രം തന്നെ.

1 comment:

  1. .
    രാജ്യസേവനത്തിനായിരുന്നെങ്കില്‍ 30 കൊല്ലം ധാരാളം
    ഉദരസേവനത്തിനായിരുന്നെങ്കിലും 30 കൊല്ലം ധാരാളം..

    മുബാറക്‌ മൂര്‍ദാബാദ്‌...
    .

    ReplyDelete

Related Posts Plugin for WordPress, Blogger...