Saturday, April 30, 2011

തുരുമ്പെടുത്ത സാംസ്‌കാരികബോധം


               ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ഗവ. ആശുപത്രിയില്‍ രണ്ടു ദിവസത്തിനകം 22 ഗര്‍ഭിണികളെ കൂട്ടശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഭവം,  സംസ്ഥാനത്ത് തഴച്ചുവളരുന്ന അധാര്‍മ്മിക വൃത്തികളുടെ അവസാനത്തെ ഉദാഹരണമാണ്. രോഗികള്‍ കണ്‍കണ്ട ദൈവമായി കരുതി ആശ്രയിക്കുന്ന ഡോക്ടര്‍മാര്‍ സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി ഇത്തരം ഹീനകര്‍മങ്ങള്‍ ആചരിക്കുമ്പോള്‍ ചികിത്സാരംഗത്തെ സ്‌തോഭജനകമായ ക്രിമിനല്‍മുഖമാണ് യഥാര്‍ഥത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.

               ഗര്‍ഭിണികള്‍ക്കോ ഗര്‍ഭസ്ഥ ശിശുവിനോ പ്രസവവുമായി ബന്ധപ്പെട്ട് അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയ നടത്താവൂ എന്നാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡം. ബ്രിട്ടനിലെ റോയല്‍ കോളജ് ഓഫ് ഒബ്‌സ്ട്രീഷന്‍സ് ആന്റ് ഗൈനക്കോളജി പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ കുഞ്ഞിന്റെ വലിപ്പക്കൂടുതല്‍, മാതാവിന്റെ രക്തസ്രാവം തുടങ്ങി പത്തോളം അപകടസാധ്യതകളാണ് വിവരിച്ചിരിക്കുന്നത്. കേരളത്തിലും  ഈ മാനദണ്ഡം വര്‍ഷങ്ങളായി അശേഷം പാലിക്കപ്പെടാറില്ലെന്നതാണ് സത്യം. സംസ്ഥാനത്ത്  ഒരുലക്ഷം പ്രസവം നടക്കുമ്പോള്‍ 36 അമ്മമാര്‍ക്ക് ജീവഹാനി സംഭവിക്കുന്നുവെന്നാണ് കണക്ക്.  ദേശീയ ശരാശരിയാകട്ടെ 95 ആണ്. ഗര്‍ഭസ്ഥ-നവജാത ശിശുവിന്റെ മരണനിരക്കിന്റെ ദേശീയ ശരാശരി 12 ആണെങ്കില്‍ കേരളത്തിലിത് ആറാണ്. എന്നാല്‍ പ്രസവ ശസ്ത്രക്രിയാ നിരക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലുമാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയ 15 ശതമാനമേ ആകാവൂ എങ്കിലും ഇപ്പോള്‍ തന്നെ നാലിരട്ടിയോളം അധികമാണ്!

              സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നവര്‍ സാധാരണക്കാരും പാവങ്ങളുമാണെന്ന വസ്തുത കൂടി നാം ശ്രദ്ധിക്കണം. നമ്മുടെ ചികിത്സാരംഗത്ത് നടമാടുന്ന അരാജകത്വം പാവങ്ങളെ പിഴിയുന്നിടത്തോളം അധ:പതിച്ചിരിക്കുന്നു. പ്രസവത്തിനെത്തുന്നവരെ സ്വാഭാവിക പ്രസവത്തിന് സമയമാകുന്നതിന് മുമ്പ് ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന സംഭവം ചേര്‍ത്തലയിലോ ആലപ്പുഴയിലോ മാത്രം ഒതുങ്ങാന്‍ തരമില്ല. സംസ്ഥാനത്തുടനീളം ഇതു തന്നെയാണ് സ്ഥിതി. ചേര്‍ത്തലയില്‍ തന്നെ കഴിഞ്ഞ നാലുമാസത്തിനകം നടന്ന 680 പ്രസവങ്ങളില്‍ 400ഉം ശസ്ത്രക്രിയയിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് കൂട്ടായി അവധിയെടുക്കാന്‍ പാകത്തില്‍ ശസ്ത്രക്രിയ നടത്തിയെന്നത് അതിവിചിത്രം മാത്രമല്ല അത്യന്തം ലജ്ജാകരവുമാണ്. നമ്മുടെ സാംസ്‌കാരികബോധം എത്രമാത്രം തുരുമ്പെടുത്തിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഇത് ധാരാളം മതി.മ ഈ സംഭവത്തില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ കണ്ടെത്തിയെന്നത് നേര്. അതേ സമയം കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ആരോപണ വിധേയരാവര്‍ക്കുള്ള ശിക്ഷ സ്ഥലംമാറ്റത്തില്‍ ഒതുങ്ങുമെന്ന് ഏറെക്കുറെ വ്യക്തവുമാണ്. രോഗികളില്‍നിന്ന് പണവും പാരിതോഷികവും കൈപറ്റിയെന്ന ആരോപണം തെളിയിക്കപ്പെട്ടാലേ കടുത്ത നടപടി പ്രതീക്ഷിക്കേണ്ടൂ. രോഗികളും ബന്ധുക്കളും ഡോക്ടര്‍മാര്‍ക്കെതിരെ മൊഴിനല്‍കാനുള്ള സാധ്യത വളരെ വിരളമാണ്. സംഭവത്തോടനുബന്ധിച്ച് കുറ്റക്കാരെന്ന് സംശയിക്കുന്നവര്‍ക്ക് ആകെ ലഭിച്ച ശിക്ഷ നാല് ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം മാത്രമാണ്. പകരം ഡോക്ടര്‍മാരെ നിയമിക്കാതെയാണ് ഈ നടപടി.  സ്ഥലം മാറ്റപ്പെട്ടവരാവട്ടെ കോടതിയെ സമീപിച്ചിരിക്കുകയുമാണ്.  സംഭവം തേഞ്ഞുമാഞ്ഞില്ലാതാവുകയും പഴയ പ്രതാപത്തോടെ അപരാധികള്‍ യഥാസ്ഥാനങ്ങളില്‍ തിരിച്ചെത്തുകയും ചെയ്യുമെന്നര്‍ഥം. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി സംഭവങ്ങളില്‍ ഇതായിരുന്നല്ലോ  അവസ്ഥ.

               കേരളത്തില്‍ മൂന്നു പ്രസവങ്ങള്‍ നടന്നാല്‍ ഒന്ന് സിസേറിയനാണെന്നാണ് പഠന റിപ്പോര്‍ട്ട്. വേദനയറിയാതെ പ്രസവിക്കാനും അപകടം കുറയ്ക്കാനും നല്ല തിയ്യതിയും സമയവും ഒത്തുകിട്ടാനുമൊക്കെ ശസ്ത്രക്രിയക്ക് പ്രേരിപ്പിക്കുന്നവരുണ്ടെന്ന് ചില ഡോക്ടര്‍മാര്‍ വാദിക്കുന്നതില്‍ സത്യമുണ്ടാവാം. അത് പക്ഷെ വളരെ വിരളമാവാനേ തരമുള്ളൂ. ഡോക്ടര്‍മാരുടെ സമ്മര്‍ദം തന്നെയാണിവിടെ പ്രധാനം. മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും എന്ന പോലെ സ്വകാര്യ ആശുപത്രികളിലും പ്രസവശസ്ത്രക്രിയക്ക് നിരക്കുണ്ട്. സ്വകാര്യ ആശുപത്രികളില്‍ സാധാരണ പ്രസവങ്ങള്‍ക്ക് 4000 രൂപയേ ബില്ല് വരികയുള്ളൂവെങ്കില്‍ ശസ്ത്രക്രിയക്ക് കാല്‍ലക്ഷം രൂപ ചെലവാകും. നിലനില്‍പിനായി പാടുപെടുന്ന സ്വകാര്യ ആസ്പത്രികള്‍  ഈ അധാര്‍മ്മികതയുടെ വഴി മന:സാക്ഷിക്കുത്തില്ലാതെ പിന്തുടരുന്നുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ്.

               കേരളത്തില്‍ ജനനവും മരണവും 95 ശതമാനവും നടക്കുന്നത് ആശുപത്രികളിലാണ്. ആശുപത്രികളിലെ സംവിധാന സജ്ജീകരണങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെട്ടതോടെ ചികിത്സക്കും പ്രസവത്തിനും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലെ സ്ഥിതി ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ്.

               പ്രസവ ശസ്ത്രക്രിയ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ തയാറാക്കാന്‍ തീരുമാനിച്ചത് നല്ലതുതന്നെ. മാര്‍ഗരേഖ തയാറാക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി കെ ജമീലയുടെ നേതൃത്വത്തിലാണ് സമിതി. മാര്‍ഗരേഖ സര്‍ക്കാര്‍ മേഖലക്കെന്നപോലെ സ്വകാര്യ മേഖലക്കും ബാധകമാക്കണം. ഗര്‍ഭിണികളെ ശസ്ത്രക്രിയക്ക് നിര്‍ബന്ധിക്കുന്ന ഡോക്ടര്‍മാരടക്കമുള്ളവരെയും ശസ്ത്രക്രിയയുടെ പേരില്‍ കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ആശുപത്രികളെയും ശിക്ഷിക്കാനും മാര്‍ഗരേശയില്‍ വകുപ്പുകള്‍ ഉണ്ടാവണം.
 

Thursday, April 28, 2011

ഈ നശീകരണ യജ്ഞം ആര്‍ക്കു വേണ്ടി


          ജനാഭിലാഷത്തിന്റെ അവസാന ശേഷിപ്പുകളെ തുടച്ചുനീക്കുന്ന നടപടിയായിപ്പോയി ഇന്ത്യയുടേത്. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ യോഗത്തില്‍ ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ അനുകൂല നീക്കം തീയാളുന്ന മനസ്സോടെയാണ് ഓരോ ഭാരതീയനും ശ്രവിച്ചിട്ടുണ്ടാവുക. സ്വന്തം മണ്ണിലെ ഇരകളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച് എന്‍ഡോസള്‍ഫാനുവേണ്ടി പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയില്‍ ഒറ്റപ്പെട്ടതില്‍ തീര്‍ച്ചയായും നമുക്ക് ആഹ്‌ളാദിക്കാം. ഇന്ത്യയുടെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നതും നിരോധത്തെ എതിര്‍ത്ത ചൈന നിഷ്പക്ഷ സ്വരത്തില്‍ സംസാരിച്ചതും വിപത്തുകളുടെ ഗൂഢമന്ത്രം ജപിച്ചു കഴിയുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ കടുത്ത ആരോഗ്യ-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിന് തെളിവില്ലെന്ന് അവകാശപ്പെടുന്ന ഏഴാമത് ഖണ്ഡിക ഒഴിവാക്കാതെ ഇന്ത്യയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍, ബഹറൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കുകയുണ്ടായി. നിരോധനത്തെ ശക്തമായി എതിര്‍ത്ത് ഏഷ്യ-പസഫിക് ഗ്രൂപ്പ് യോഗത്തില്‍ ഇന്ത്യ വിതരണംചെയ്ത കരടു പ്രസ്താവന ഗ്രൂപ്പിന്റെ പൊതുപ്രസ്താവനയായി അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ഇതോടെ പാളുക മാത്രമല്ല ഇതര രാജ്യങ്ങള്‍ക്കിടയില്‍ നാം തികച്ചും ഒറ്റപ്പെടുകയും ചെയ്തു.

          എന്‍ഡോസള്‍ഫാന്‍ ദേശീയ തലത്തില്‍ നിരോധിക്കാനുള്ള സമ്മര്‍ദം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ശക്തമായിരിക്കെ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായംപോലും ആരായാതെയാണ് സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യ ജനവികാരത്തെ പുല്ലുപോലെ ചവിട്ടി മെതിച്ചത്. ജനങ്ങള്‍ ഏങ്ങലടിക്കുമ്പോള്‍ കരുണക്ക് വേണ്ടി യാചിക്കുമ്പോള്‍ ശാപഗ്രസ്തമായ സമീപനമാണ് ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസും ഘടകകക്ഷികളും സ്വീകരിക്കുന്നത്. ഈ കീടനാശിനിയുടെ നിരോധനത്തിനായി കേരള മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉപവാസമിരുന്നത് സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ലോകരാഷ്ട്രങ്ങളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ മൂലം ആയിരത്തോളം പേര്‍ മരിക്കുകയും പതിനായിരത്തിലേറെ പേര്‍ ദുരിതത്തിലാവുകയും ചെയ്ത കാസര്‍കോടിന്റെ അനുഭവം കേട്ടപ്പോള്‍ യോഗത്തില്‍ സംബന്ധിച്ച വിദേശരാജ്യങ്ങള്‍ ഞെട്ടി. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ സ്വതന്ത്ര നിരീക്ഷകനായി സി ജയകുമാറിന്റെ പ്രസംഗം ആഫ്രിക്കന്‍, സൗത്ത് അമേരിക്കന്‍, യുറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ വളരെ ആകാംക്ഷയോടെയാണ് ശ്രവിച്ചത്.

          എന്‍ഡോസള്‍ഫാന്റെ പ്രധാന ഉത്പാദകരായ അമേരിക്കപോലും ഈ വിഷം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്താണെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറമെ പരിസ്ഥിതി, സാംസ്‌കാരിക സംഘടനകള്‍, ബുദ്ധിജീവികള്‍, മതമേലധ്യക്ഷന്മാര്‍, മാധ്യമങ്ങള്‍ തുടങ്ങി എല്ലാവരും അതിശക്തമായി എതിരാണ്. എന്നിട്ടും സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ പാപത്തിന്റെ പടുകുഴിയില്‍ ചെന്നുചാടുന്നത് ആര്‍ക്കുവേണ്ടിയാണ്. അഴിമതി ഒരാജ്ഞത രോഗം പോലെ കാര്‍ന്നുതിന്നുന്ന ഭരണകൂടം കീടനാശിനിയുടെ കാര്യത്തിലും ജനവിരുദ്ധ സമീപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏഷ്യ-പസഫിക് യോഗത്തില്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കുക മാത്രമല്ല മറ്റ് അംഗരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഈ നീക്കത്തില്‍ രാജ്യം ജയിച്ചാലും തോല്‍ക്കുന്നത്  ജനങ്ങളാണെന്ന വസ്തുത  ബോധപൂര്‍വം വിസ്മരിക്കുന്നത്  എത്രമാത്രം വിപല്‍ക്കരവും ഉല്‍ക്കണ്ഠാജനകവുമാണ്.

          എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളില്‍ ഏറ്റവും പ്രധാനം കേരളത്തിലെ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതാണ്. ഭോപാല്‍ ദുരന്തത്തേക്കാള്‍ ഭീകരമായ ദുരന്തം കാസര്‍കോട്ട് സംഭവിച്ചിട്ട് പത്തുവര്‍ഷത്തിലധികമായി. എന്നിട്ടും പ്രധാനമന്ത്രിയുടെ അജണ്ടയില്‍ അത് വന്നില്ല. ആകെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ ഉറപ്പ് മന്‍മോഹന്‍ സിംഗ് കേരളം സന്ദര്‍ശിക്കാന്‍ സമ്മതിച്ചുവെന്നത് മാത്രമാണ്. ലോകത്തെ  ഞെട്ടിച്ച ഒരു ദുരന്തം അതും സര്‍ക്കാരിന്റെ ഒത്താശയില്‍ സംഭവിച്ചതായിട്ടും ഏഴുവര്‍ഷമായി ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി കേരളത്തില്‍ പലതവണ വന്നിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകളെ തിരിഞ്ഞുനോക്കാന്‍ സമയം കണ്ടില്ല.

         ഇന്ത്യ മുഴുവന്‍ എട്ടുവര്‍ഷമായി ചര്‍ച്ച ചെയ്യുന്നത് എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകളാണ്. യു എന്‍ കണ്‍വെന്‍ഷനുകളിലും ഇത് സജീവ ചര്‍ച്ചാവിഷയമാണ്. അതിന്റെ അവസാനത്തെ പരിണതിയും പരിഹാരവുമാണ് സ്റ്റോക്‌ഹോമില്‍ നടക്കുന്നത്. ഈ കണ്‍വെന്‍ഷനില്‍ തീരുമാനിക്കപ്പെടേണ്ടത് നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയായ അനുബന്ധം എ യില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്തുക എന്നതാണ്. അത് അനുബന്ധം ബി യിലാണെങ്കില്‍ നിയന്ത്രണ വിധേയമായ ഉപയോഗത്തിനുള്ള ശിപാര്‍ശ മാത്രമേ ആകൂ. അനുബന്ധം എ യില്‍ പെടുത്താതെ പോയാല്‍ അടുത്ത പത്തുവര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ നിരോധം ഉണ്ടാവില്ല. ഈ വസ്തുതകളൊന്നും അറിയാത്തവരാണോ നമ്മുടെ ഭരണാധികാരികള്‍? 

Tuesday, April 26, 2011

സത്യസായി ബാബ

          സ്‌നേഹത്തിന്റെയും സേവനത്തിന്റെയും നിസ്തുല സാന്നിധ്യമായി ഏഴുപതിറ്റാണ്ടോളം ജനമനസ്സുകളെ ത്രസിപ്പിച്ച സത്യസായി ബാബ കഥാവശേഷനായി. വ്യത്യസ്ത വിശ്വാസങ്ങളുടെ സംഗമഭൂമിയായ ഇന്ത്യയില്‍ മറ്റൊരു സ്വയം പ്രഖ്യാപിത ദൈവം കൂടിയാണ് ബാബയുടെ വിയോഗത്തോടെ മണ്‍മറയുന്നത്. ആന്ധ്രപ്രദേശിലെ കടുത്ത വരള്‍ച്ചയും ദാരിദ്ര്യവും നിറഞ്ഞ പുട്ടപ്പര്‍ത്തിയെന്ന കുഗ്രാമത്തെ മലര്‍വാടിയാക്കി വിശ്വപ്രസിദ്ധിയിലെത്തിച്ച ബാബ ഒരു അസാമാന്യ വ്യക്തിത്വം തന്നെയായിരുന്നു. 60 ലക്ഷത്തോളം ഭക്തരും മൂന്നുകോടിയോളം ആരാധകരും 40000 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളും ഉള്ള ബാബ സ്ഥാപിച്ച സത്യസായി ട്രസ്റ്റ് ഇന്ത്യയിലെ 6000 ല്‍പരം പിന്നാക്ക ഗ്രാമങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെയാണ്. 

          സായിബാബ മികച്ച പ്രഭാകഷകനല്ല. വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു സനാതന ധര്‍മങ്ങളിലും വേണ്ടത്ര പരിജ്ഞാനവുമില്ല. സോഷ്യോ-പൊളിറ്റിക്കല്‍ രംഗത്തുള്ളവര്‍ ചെറിയ കേമറക്ക് മുന്നില്‍ പോലും പിടിക്കപ്പെടുന്ന മാജിക് കാരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിറുള്ളത്. ഏതൊരാള്‍ക്കും പറയാന്‍ കഴിയുന്ന ഉപദേശങ്ങളേ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഉണ്ടാവാറുള്ളൂ. എന്നാല്‍ കാവിവസ്ത്രമണിഞ്ഞ് പതുക്കെ അടിവെച്ചടിവെച്ച് പുഞ്ചിരിയുമായി നടന്നുവരുന്ന ബാബയെ തൊട്ടുവണങ്ങാന്‍ മത്സരിക്കുന്നവരുടെ എണ്ണം അനുദിനം പെരുകിവരികയായിരുന്നു. ആരുമറിയാതെ കിടന്ന പുട്ടപര്‍ത്തിയില്‍ വിദേശത്തുനിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ പറന്നിറങ്ങിയതും രാഷ്ട്രത്തലവന്മാരും കോടീശ്വരന്മാരും ന്യായാധിപന്മാരും ദര്‍ശനത്തിനായി  തലകുനിച്ച് നിന്നതും സത്യസായി ബാബയുടെ മുന്നിലായിരുന്നു. വെറും ഷെഡ്ഡായി തുടങ്ങിയ പ്രശാന്തി നിലയം വലിയൊരു ലോകമായി മാറുകയായിരുന്നു.

        14-ാം വയസ്സിലാണ് ദൈവമായി സ്വയം പ്രഖ്യാപിച്ച് സായിബാബ വീട്‌വിട്ട് തീര്‍ത്ഥാടനത്തിനിറങ്ങിയത്. 1918ല്‍ മഹാരാഷ്ട്രയില്‍ അന്തരിച്ച  ഷിര്‍ദി സായിബാബയുടെ പുനര്‍ജന്മമാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു. ഷിര്‍ദി ബാബയുടെ അനുയായികള്‍ പക്ഷെ ഇത് സമ്മതിക്കാന്‍ തയാറില്ലായിരുന്നു. മഹരാഷ്ട്രയിലെ ഷിര്‍ദിയില്‍ എവിടെയും സായിബാബയുടെ ചിത്രം പോലുമില്ല. സനാതന ധര്‍മ സംസ്ഥാപനമാണ് തന്റെ ലക്ഷ്യമെന്നും അതിനായി തന്റെ അനുയായികളാരും അവര്‍ വിശ്വസിക്കുന്ന മതം മാറേണ്ടതില്ലെന്നും സായിബാബ ഉദ്‌ഘോഷിച്ചു.

          സ്വയം ദൈവാവതാരമായി അവകാശപ്പെട്ട ബാബയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും വിപുലമായ ആതുരസേവനത്തിന്റെയും അഗതി സംരക്ഷണത്തിന്റെയും പേരില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെമ്പാടും വ്യാപിക്കുക തന്നെ ചെയ്തു. പുട്ടപര്‍ത്തിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റല്‍ പലതുകൊണ്ടും അത്ഭുതങ്ങളുടെ കലവറയാണ്. നയാപൈസ പോലും വാങ്ങാതെ ചികിത്സ നല്‍കുന്ന ഹൈടെക് ആശുപത്രിയാണിത്. തിരിച്ചുപോകുമ്പോള്‍ വഴിച്ചെലവിനുള്ള കാശും ഇവിടെ നിന്ന് കിട്ടും. പുട്ടപര്‍ത്തിയിലും ബംഗ്‌ളൂരിലെ വൈറ്റ്ഫീല്‍ഡിലുമായി രണ്ട് അത്യന്താധുനിക ആശുപത്രികള്‍ വഴി കിടപ്പാടം വില്‍ക്കാതെ ഹൃദയം രക്ഷപ്പെടുത്തിയവരില്‍ മലയാളികളും ധാരാളം. സത്യസായി ട്രസ്റ്റ് നടത്തുന്ന 1800 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമാണ്. ജന്മജില്ലയായ അനന്ത്പൂരില്‍ 730 ഗ്രാമങ്ങളില്‍ പത്തുലക്ഷം പേര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ 300 കോടി രൂപയാണ് ബാബ ചെലവിട്ടത്. 

          ഈ സേവനത്തിന്റെയൊക്കെ പുറകില്‍ വിശ്വാസ ചൂഷണമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. സായി ആശുപത്രികള്‍ സൗജന്യമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നതിന്റെ പ്രധാന ഘടകവും ഇതു തന്നെ. പുറത്ത് ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ഡോക്ടര്‍മാര്‍ ഇവിടെ സൗജന്യ സേവനം ചെയ്യുന്നു.  വിരമിച്ച നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പ്രതിഫലം പറ്റാതെ ഇവിടെ ജോലിചെയ്യുന്നു. വര്‍ഷത്തില്‍ ഒരുമാസം പുട്ടപര്‍ത്തിയില്‍ പോയി പാപമോചനത്തിനായി ജോലി ചെയ്യുകയെന്നത് സായിഭക്തര്‍ക്ക് നേര്‍ച്ചയായി മാറിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സായിഭക്തര്‍ക്ക് ബാബ കണ്‍കണ്ട ദൈവമാണെങ്കില്‍  ഭൗതികവാദികള്‍ക്കും നാസ്തികര്‍ക്കും മാത്രമല്ല യഥാര്‍ഥ ദൈവവിശ്വാസികള്‍ക്കും അദ്ദേഹം കണ്‍കെട്ടുകാരനായ ആള്‍ദൈവമാണ്. വെറുമൊരു മജീഷ്യന്റെ കരവിരുതുകൊണ്ടാണ് ബാബ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയതെന്ന വാദത്തില്‍ സത്യത്തിന്റെ അംശമുണ്ട്. മതവും ഭക്തിയും അത്ഭുതവിദ്യകളും സമാസമം കൂട്ടിക്കലര്‍ത്തിയാണ് ബാബ ഭക്തസഹസ്രങ്ങളെ ആകര്‍ഷിച്ചത്. അന്തരീക്ഷത്തില്‍നിന്ന് മിഠായിയും വിഭൂതിയും സ്വര്‍ണമാലയും എടുത്ത് ജനങ്ങളെ വിസ്മയിപ്പിച്ചതോടെ മറ്റൊരു ആള്‍ദൈവം അവതാരമെടുക്കുകയായിരുന്നു. പുട്ടപര്‍ത്തിക്ക് മേല്‍ വീശിയ വിവാദ കൊടുങ്കാറ്റുകളും ഉരുണ്ടുകൂടിയ നിഗൂഢതകളും അനുയായികളെ ഉലച്ചില്ല.  ചുറ്റുമുള്ള പരിവേഷം വര്‍ധിക്കുകയും ചെയ്തു.

          അവതാര പുരുഷന്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണിത്. പുതിയ പുതിയ അവതാരങ്ങള്‍ ഇടതടവില്ലാതെ ജന്മമെടുത്തുകൊണ്ടിരിക്കുന്നു. ഇനിയും ഇത്തരം ആള്‍ദൈവങ്ങള്‍ പെറ്റുപെരുകുകയും ചെയ്യും. സായിബാബ അനിവാര്യമായ മരണം ഏറ്റുവാങ്ങിയിട്ടും അദ്ദേഹം മരിച്ചിട്ടില്ലെന്ന് വിശ്വസിപ്പിക്കാന്‍  ശ്രമം നടക്കുന്നു. വിദ്യാസമ്പന്നരും ശാസ്ത്രജ്ഞന്മാരും വരെ പ്രചാരകന്മാരായി രംഗത്തുണ്ടെന്നത് വിചിത്രമായി തോന്നാമെങ്കിലും സത്യമതാണ്. സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രഭ പകര്‍ന്ന മഹത്‌വ്യക്തിത്വം എന്ന നിലയില്‍ സായിബാബയെ സ്മരിക്കാനും അദ്ദേഹത്തിന്റെ ഉദാത്തമാതൃക സാംശീകരിക്കാനും ആരും മടികാണിക്കുമെന്ന് തോന്നുന്നില്ല.

Saturday, April 23, 2011

കാസ്‌ട്രോ പടിയിറങ്ങുമ്പോള്‍          കാലഘട്ടത്തിന്റെ പരാജയങ്ങളെ കണ്ടറിഞ്ഞ് തിരുത്താന്‍ ഒടുവില്‍ ക്യൂബയും തയാറായിരിക്കുന്നു. കമ്മ്യൂണിസ്റ്റു വാഴ്ചയുടെ 40 വര്‍ഷങ്ങള്‍ കുത്തിയൊലിച്ച് പോയിട്ടും ക്യൂബയില്‍ സോഷ്യലിസ്റ്റ് സ്വര്‍ഗം യാഥാര്‍ഥ്യമായില്ല. കെട്ടിയിട്ട തോണിയാണ് താന്‍ തുഴയുന്നതെന്ന് ഫിദല്‍ കാസ്‌ട്രോക്ക് ബോധ്യംവരാന്‍ 2011 വരെ കാത്തിരിക്കേണ്ടിവന്നു. സോവിയറ്റു യൂന്യന്റെ തകര്‍ച്ചക്കു ശേഷം രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതി നോക്കി. മാര്‍ക്‌സിന്റെയും ലെനിന്റെയും പേരുകളും എടുത്തുമാറ്റി. എന്നിട്ടും ആശാവഹമായ  പരിവര്‍ത്തനമൊന്നും ദൃശ്യമായില്ല. അവസാനം ചൈനയെ മുതലാളിത്തത്തിലേക്ക് നയിച്ച ഡെങ് സിയാവോ പിങ്ങിന്റെ പാത പിന്തുടരുന്നതാണ് ബുദ്ധിയെന്ന് ബോധ്യമായി.

          ക്യൂബയിലെ ജനജീവിതം മാറ്റിമറിക്കുന്ന തീരുമാനമാണ് ചൊവ്വാഴ്ച അവസാനിച്ച ക്യൂബന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആറാം കോണ്‍ഗ്രസ് എടുത്തത്. അമ്പരപ്പോടെയാണ് ലോകം ക്യൂബയുടെ മാറ്റത്തിന്റെ  വ്യാപ്തി ശ്രവിച്ചത്. സോഷ്യലിസ്റ്റ് ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയില്‍ അത്രമാത്രം കാതലായ പരിഷ്‌കാരങ്ങള്‍ക്കാണ്  പാര്‍ട്ടി കോണ്‍ഗ്രസ് വഴിതുറന്നത്. രാജ്യത്തിന്റെ വിപ്‌ളവ നായകന്‍ ഫിദല്‍ കാസ്‌ട്രോ അവശേഷിക്കുന്ന പാര്‍ട്ടി പദവികള്‍ വിട്ടൊഴിയാന്‍ തീരുമാനിച്ചതും അവിശ്വസനീയമായ വാര്‍ത്ത തന്നെ.  84 കാരനായ കാസ്‌ട്രോ അനാരോഗ്യത്തെ തുടര്‍ന്നു ഭരണാധികാരം സഹോദരനായ  റൗള്‍ കാസ്‌ട്രോക്ക് 2006ല്‍ കൈമാറിയിരുന്നു. ജ്യേഷ്ഠന്റെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ പുതിയ തലവനും റൗള്‍ തന്നെ. 1965ല്‍ പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ഫിദല്‍ തന്നെയായിരുന്നു. ഭൂതകാലത്തിലെ പിഴവുകള്‍ തിരുത്തി മുമ്പോട്ടുപോകാന്‍ പുതിയ തലമുറ രംഗത്തുവരണമെന്ന ആഗ്രഹം ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ചുകൊണ്ടാണ് കാസ്‌ട്രോ രംഗം വിട്ടത്.

          മൂന്നു ദിവസം അഞ്ച് വിഭാഗമായി ആയിരത്തോളം പ്രതിനിധികള്‍ നടത്തിയ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവിലാണ് ഇഴഞ്ഞിഴഞ്ഞ് അപായമേഖലയിലെത്തിയ രാജ്യത്തെ രക്ഷിക്കാന്‍ സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന നിരവധി തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തത്. കമ്മ്യൂണിസ്റ്റ് ക്യൂബയുടെ ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പരിഷ്‌ക്കരണത്തിനും സ്വകാര്യ സ്വത്തവകാശത്തിനും പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കുന്നത്. മാര്‍ക്‌സിസത്തില്‍ മുങ്ങിച്ചാവുന്ന അവസാനത്തെ രാഷ്ട്രം എന്ന ദുഷ്‌പേരില്‍ നിന്ന് ക്യൂബയെ രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലെന്ന് കാസ്‌ട്രോ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടി തിരിച്ചറിഞ്ഞത് എന്തായാലും നന്നായി. സാമ്പത്തിക ക്രമീകരണത്തിനുള്ള ആഴമേറിയ പ്രക്രിയക്കാണ് പാര്‍ട്ടിയുടെ പ്രധാന ഊന്നല്‍. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ സ്വകാര്യസ്വത്ത് പാടില്ലെന്ന തത്വം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. വീടും ഭൂമിയും വില്‍ക്കാനും വാങ്ങാനും ഇനി മുതല്‍ ക്യൂബയിലെ പൗരന്മാര്‍ക്ക് അവകാശമുണ്ടായിരിക്കും. ഇപ്പോള്‍ വീടും പറമ്പും അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ മാത്രമേ അനുമതിയുള്ളൂ.അതുപോലെ തന്നെ വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതാണ്. പൊതുമേഖലയില്‍ പത്തു ലക്ഷത്തോളം തസ്തികകള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശവും സമ്മേളനം അംഗീകരിച്ചിട്ടുണ്ട്. നാളിതുവരെ സ്വീകരിച്ചുവന്ന നിഷേധാത്മക സമീപനങ്ങള്‍ ഒന്നൊന്നായി തിരുത്തുന്നുവെന്ന് സാരം.

          ക്യൂബയിലെ ജനജീവിതം മാറ്റിമറിക്കുന്ന ഏറ്റവും സുപ്രധാന തീരുമാനമാണ് റേഷന്‍കാര്‍ഡ് ഇല്ലാതാക്കുക എന്നത്. ഈ നിര്‍ദേശത്തെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളും ഉത്പാദനച്ചെലവ് അവഗണിച്ച് വമ്പിച്ച സബ്‌സിഡിയോടെ തുച്ഛമായ വിലക്ക് ഇതുവരെ ലഭ്യമായിരുന്നു. റേഷന്‍കാര്‍ഡ് ഇല്ലാതാവുന്നതോടെ സബ്‌സിഡി ഒഴിവാകും. പകരം ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍  ഗവണ്‍മെന്റ് കണ്ടെത്തേണ്ടിവരും. ഒരു കാലത്ത് ക്യൂബക്കാരുടെ ഏക തൊഴില്‍ദായകര്‍ സര്‍ക്കാരായിരുന്നു. ഇനി സ്വകാര്യമേഖലയിലും തൊഴില്‍ സാധ്യതകളുണ്ടാവും. ജനങ്ങളെ സംബന്ധിച്ചെടുത്തോളം ആഹ്‌ളാദകരമായ അനുഭവമായിരിക്കുമിത്. കമ്മ്യൂണിസം കയ്യൊഴിഞ്ഞ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമല്ല ചൈന പോലും അത്ഭതാവഹമായ മുന്നേറ്റം നടത്തിയത് ഈ പരീക്ഷണത്തിലൂടെയാണ്.

          നേതൃമാറ്റത്തെ കുറിച്ച് ക്യൂബ ഉറക്കെ ചിന്തിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും അധികാരം കൈവിടാന്‍ കൂട്ടാക്കാതിരുന്ന ഫിദല്‍ കാസ്‌ട്രോയുടെ മുമ്പില്‍ അതൊന്നും വിലപ്പോവുമായിരുന്നില്ല. തുടര്‍ച്ചയായി രണ്ടു ടേമിലധികം ആരും അധികാരത്തിലും പാര്‍ട്ടിയിലും കുഞ്ചികസ്ഥാനങ്ങളില്‍  തുടരരുതെന്ന് പാര്‍ട്ടി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും ഉത്തരാഫ്രിക്കയിലും സ്വേച്ഛാധിപതികള്‍ക്കെതിരായി ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തിലെ മുഖ്യ ആവശ്യം മൂന്നും നാലും പതിറ്റാണ്ട് അധികാരത്തിലിരുന്നവര്‍ ഒഴിയണം എന്നതായിരുന്നുവല്ലോ. ഈ ആവശ്യം നാളെ ക്യൂബയേയും മറ്റൊരു പ്രക്ഷോഭത്തിലേക്ക് നയിച്ചുകൂടെന്നില്ല. ഒരു പക്ഷെ കാസ്‌ട്രോ ഈ സത്യം മൂന്‍കൂട്ടി കണ്ടിരിക്കണം. ഏതായാലും അധികാരം അഴിമതിയിലും ജീര്‍ണതയിലും മുങ്ങിപ്പോകാതിരിക്കാന്‍ ഈ തീരുമാനം വലിയ പ്രയോജനം ചെയ്യുമെന്നുറപ്പാണ്.

          ഇന്ത്യയിലടക്കം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവശേഷിക്കുന്ന രാജ്യങ്ങളില്‍ ഒരാത്മപരിശോധനക്ക് ക്യൂബന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പുതിയ തീരുമാനങ്ങള്‍  പ്രേരിപ്പിക്കുമെങ്കില്‍ എന്നാശിച്ചുപോകുന്നു.

Wednesday, April 20, 2011

എന്‍ഡോസള്‍ഫാന്‍ ക്‌ളൈമാക്‌സിലേക്ക്


          കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യതയെപറ്റി ഇനിയൊരു വിവരണത്തിന്റെയോ പുതിയൊരു അറിവിന്റെയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്രയധികം നമ്മള്‍ ഇരകളെ പറ്റിയും വേട്ടക്കാരെ പറ്റിയും ചര്‍ച്ച ചെയ്തുകഴിഞ്ഞിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി രാജ്യത്തും ലോകത്ത് തന്നെയും നിരോധിക്കുന്നതിനുള്ള പ്രായോഗിക നടപടികളാണ് ഇനി വേണ്ടത്.  ഈ കീടനാശിനി ജീവിതനാശം വരുത്തുമെന്ന് അനുഭവങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടും  നിരോധിക്കാന്‍ കേന്ദ്ര ഭരണകൂടം അറച്ചുനില്‍ക്കുന്നതാണ് അത്ഭുതം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘത്തെ ദല്‍ഹിക്കയക്കാനും സ്റ്റോക്‌ഹോം കണ്‍വെന്‍ഷനോടനുബന്ധിച്ച് തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ  തീരുമാനം സ്വാഗതാര്‍ഹം തന്നെ. സംസ്ഥാനത്തിന്റെ നിവേദനത്തിനും പ്രതിഷേധത്തിനും കാത്തുനില്‍ക്കാതെ തന്നെ ഈ കൂരിരുള്‍ പാതയില്‍ ദീപം തെളിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് എന്താണാവോ ഇത്ര വൈക്‌ളബ്യം? മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തില്‍ ആപത്ത് വരുത്തിവെക്കുമെന്ന് തെളിഞ്ഞിട്ടും ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ഈ കീടനാശിനി ഉപയോഗം നിര്‍ത്തിവെക്കാന്‍ തയാറാവുന്നില്ല.
 
          80ലേറെ രാജ്യങ്ങള്‍ ഈ കീടനാശിനി ഇതിനകം നിരോധിച്ചുകഴിഞ്ഞു. ഓര്‍ഗാനോ ക്‌ളോറിന്‍ വിഭാഗത്തില്‍പെട്ട ഈ രാസകീടനാശിനി ഭക്ഷ്യവിളകളിലും ഭക്ഷ്യേതര വിളകളിലും കീടങ്ങളെ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അത്യന്തം അപകടകരമായത് എന്ന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി 2009ല്‍ തന്നെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി, നിരോധിക്കപ്പെടേണ്ട രാസവസ്തുക്കളുടെ പട്ടികയില്‍ നേരത്തെ എന്‍ഡോസള്‍ഫാന്‍ പെടുത്തിയതുമാണ്.
          കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകുകളെ നശിപ്പിക്കുന്നതിനു വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ ഹെലികോപ്ടറില്‍ സ്‌പ്രേ ചെയ്തത്. കീടനാശിനി പ്രയോഗത്തിന് നിര്‍ദേശിക്കപ്പെട്ട എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തി 1978 മുതല്‍ 2001വരെ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. അതിനുശേഷം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 16 ഓളം സംഘങ്ങള്‍ ഈ കീടനാശിനിയുടെ അപകടത്തെ കുറിച്ച് പഠനം നടത്തുകയുണ്ടായി. 17 മെഡിക്കല്‍ കേമ്പുകളും കാസര്‍കോട്ട് സംഘടിപ്പിക്കപ്പെട്ടു. കേമ്പില്‍ പങ്കെടുത്ത 15698 പേരില്‍ 3435 പേര്‍ കൃത്യമായും എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായവരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ കീടനാശിനികൊണ്ട് 14തരം രോഗങ്ങളുണ്ടാവുമെന്നും പരിശോധനയില്‍ തെളിഞ്ഞു. നാഡീസംബന്ധമായ അസുഖങ്ങള്‍, സ്വഭാവവൈകല്യങ്ങള്‍, ബുദ്ധിവികാസം കുറയുന്ന അവസ്ഥ, അന്ധത, തല വലുതാവല്‍, അപസ്മാരം തുടങ്ങിയവ ഇതില്‍ മുഖ്യമാണ്. എന്‍ഡോസള്‍ഫാന്‍ തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമത്രെ. ഇത്രയൊക്കെ വ്യക്തമായിട്ടും  ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ അടുത്തമാസം വീണ്ടും പഠനം നടത്താനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപാടി. ജനങ്ങളുടെ ജീവിതമാണോ അതോ കുത്തക മുതലാളിമാരുടെ താല്‍പര്യമാണോ സര്‍ക്കാരിന് വലുതെന്ന സംശയത്തിന് ബലം നല്‍കാനേ ഈ പഠനം ഉപകരിക്കൂ.

          കേന്ദ്ര സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാട് നിരന്തരം സ്വീകരിക്കുന്നുവെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. മുമ്പ് നടന്ന ലോകരാഷ്ട്ര സമ്മേളനങ്ങളില്‍ എന്‍ഡോസള്‍ഫാന് വേണ്ടി നിലകൊണ്ട രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയുമുണ്ടായിരുന്നു. എന്‍ഡോസള്‍ഫാനും രോഗങ്ങളും തമ്മിലുള്ള ബന്ധത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്നവരുണ്ട്. ലോകമെമ്പാടും നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഇതിന് മറുപടിയുമുണ്ട്. ഒരു പ്രദേശത്തെ ജനങ്ങളുടെ രോഗാതുരതയെ, അസ്വാഭാവികമായ ആരോഗ്യവ്യതിയാനങ്ങളെ തിരിച്ചറിയേണ്ടത് ആ പ്രദേശത്തെ മെഡിക്കല്‍ സമൂഹമാണ്. ആരോഗ്യരംഗത്ത് ഉന്നതിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത് നടക്കാതെ പോയെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്നേ അതിനെ വിശേഷിപ്പിക്കാനാവൂ.  മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന ഒന്നായി എന്‍ഡോസള്‍ഫാനെ കാണുന്നവര്‍ ഇനിയെങ്കിലും യാഥാര്‍ഥ്യബോധം പ്രകടിപ്പിക്കണം.

          ഇതൊക്കെ നടക്കുമ്പോള്‍ നീറോയെപ്പോലെ അനങ്ങാതിരിക്കുകയാണ് ബന്ധപ്പെട്ടവര്‍. ആളുകള്‍ മരിച്ചോട്ടെ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് അവര്‍ കരുതുന്നു. ഒരു ഭാഗത്ത് വലിയ വലിയ ലോബികളും അവര്‍ പണം കൊടുത്തുണ്ടാക്കിയ കുറെ ശാസ്ത്രജ്ഞന്മാരും. മറുഭാഗത്ത് ദുരിതത്തിനിരയായ പരസഹസ്രങ്ങളും. ഈ സാഹചര്യത്തിലാണ് ജനീവയില്‍ സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ നടക്കാന്‍ പോകുന്നത്. 2001 മേയില്‍ സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നടന്ന സമ്മേളനമാണ് പോപ്‌സ് നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള കണ്‍വെന്‍ഷന് അന്തിമരൂപം നല്‍കിയത്. കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ 180 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്.

          സ്ഥാവര കാര്‍ബണിക് മാലിന്യകാരികള്‍ (പോപ്‌സ്) എങ്ങനെ മനുഷ്യജീവനും ആഗോള പരിസ്ഥിതിക്കും ഹാനികരമാവുന്നു എന്ന തിരിച്ചറിവാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിച്ചത്. തുടര്‍ന്ന് 136 ഇനം രാസവസ്തുക്കളുടെ പട്ടിക തയാറാക്കി. ഇതില്‍ അടിയന്തര ശ്രദ്ധപതിയേണ്ട ഏറ്റവും അപകടകാരിയായ 22 തരം രാസവസ്തുക്കളാണ് സ്റ്റോക്‌ഹോം പട്ടികയിലുള്ളത്. പട്ടികയില്‍ 23-ാമത്തെ ഇനമായി എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്താനാണ് 25ന് നടക്കുന്ന കണ്‍വെന്‍ഷനോട് അഭ്യര്‍ഥിക്കാനുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യ സമ്മര്‍ദംചെലുത്തിയേ മതിയാവൂ. ദു:ഖത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ കാസര്‍കോട്ടുകാരോടൊപ്പം നില്‍ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മുന്‍കയ്യെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Sunday, April 3, 2011

ശാരിയുടെ മരണം: ആരാണ് കുറ്റവാളി?

           2004 നവമ്പര്‍ 13. മലയാളികള്‍ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങിയ ദിവസം.   പതിനേഴുകാരിയായ കിളിരൂര്‍ പെണ്‍കുട്ടി ശാരി എസ് നായര്‍ സ്വന്തം വിധിന്യായം എഴുതി ശിക്ഷ വരിച്ച ദുര്‍ദിനം. സീരിയല്‍ മോഹത്തില്‍ കുടുങ്ങി കാമവെറിയന്മാരുടെ തീരാപീഡനങ്ങള്‍ക്കിരയായി മാനവും ജീവനും നഷ്ടപ്പെട്ട ആ പെണ്‍കുട്ടിയുടെ ആത്മാവിനെ ആറുവര്‍ഷം കഴിഞ്ഞിട്ടും വെറുതെ വിടാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരാരും തയാറല്ല.

           പെണ്‍വാണിഭത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്ക് ജീവഹാനി  നേരിട്ട ആദ്യത്തെ സംഭവമാണിത്. ഉമ്മന്‍ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് മനോവീര്യം നഷ്ടപ്പെട്ട എ കെ ആന്റണി അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ 2004 ആഗസ്റ്റ് 31ന് പിന്‍ഗാമിയായി വന്നത് ചാണ്ടിയാണ്. ആദര്‍ശപുരുഷനായ ആന്റണിക്ക് എങ്ങനെ അപഭ്രംശവും അപചയവുമുണ്ടായി എന്നത് പഠനവിഷയമാക്കേണ്ട കാര്യമാണ്.

           ആന്റണിയുടെ വീഴ്ചകള്‍ പരിഹരിച്ച് യു ഡി എഫിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ചാണ്ടിക്ക് കൈവന്ന ആദ്യത്തെ അവസരമായിരുന്നു കിളിരൂര്‍ സംഭവം. സീരിയല്‍ നടിയാക്കാമെന്ന് വ്യാമോഹിപ്പിച്ച് ഒന്നര വര്‍ഷത്തോളം മകളെ പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പിതാവ് സുരേന്ദ്രന്‍ തന്നെ പറഞ്ഞത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വെച്ചായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് രോഗിയും ഗര്‍ഭിണിയുമായ ശാരി ഒരു പെണ്‍കുഞ്ഞിന് ജന്മവും നല്‍കി. അവള്‍ക്കിപ്പോള്‍ അഞ്ച് വയസ്സായി.

           ശാരിയുടെ പീഡനകഥ പുറംലോകമറിഞ്ഞത് 2004 സപ്തമ്പറിലാണ്. സംഭവം ഒരു കൊടുങ്കാറ്റായി സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ചു.  കോട്ടയം മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി രണ്ടര മാസത്തോളം കഴിഞ്ഞ ശാരിക്ക് നല്ല ചികിത്സയും ലഭിച്ചില്ല. ചികിത്സയിലെ പാകപ്പിഴവുകളാണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവും ഉയര്‍ന്നു. ഒരു വി ഐ പിയുടെ സന്ദര്‍ശനമാണ് രോഗം മൂര്‍ഛിച്ച് മരിക്കാന്‍  ഇടയാക്കിയതെന്ന പ്രചാരണം അന്നും ശക്തമായിരുന്നു.

           ശാരി മരിച്ചതിന് ശേഷം ഒന്നര വര്‍ഷം ചാണ്ടി അധികാരത്തിലുണ്ടായിരുന്നു. ആഭ്യന്തരവകുപ്പും അദ്ദേഹമാണ് കൈകാര്യം ചെയ്തത്. വി ഐ പിയടക്കം യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ ചാണ്ടിക്ക് യഥേഷ്ടം സമയമുണ്ടായിരുന്നിട്ടും കഴിയാതെ പോയത് എന്തുകൊണ്ടായിരുന്നു? അന്ന് അറസ്റ്റിലായത് ചെറുപരലുകള്‍ മാത്രം. അവരുടെ ആയുഷ്‌ക്കാല സമ്പാദ്യം മേല്‍പറഞ്ഞ ഉല്ലാസകേന്ദ്രങ്ങളിലെ ഒരാഴ്ചത്തെ വാടകക്ക് പോലും തികയില്ല. പീഡിപ്പിച്ചവരില്‍ പ്രമുഖര്‍ നിയമത്തിന്റെ വലയില്‍ കുടുങ്ങാതെ അധികാരികളുടെ ഒത്താശയോടെ വിലസി. പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവരെ രക്ഷിക്കാന്‍ നഗ്നമായ ഇടപെടല്‍ നടന്നു. ശാരിയെ ഉപയോഗിച്ച് ലതാ നായര്‍ എന്ന മധ്യവയസ്‌ക നടത്തിയ പെണ്‍വാണിഭം കവിയൂരിലെ നാരായണന്‍ നമ്പൂതിരിയും മകള്‍ അനഘയും അടങ്ങുന്ന മറ്റൊരു കുടുംബത്തിന്റെ ആത്മഹത്യയിലാണ് കലാശിച്ചത്. ലതാ നായരെ രക്ഷിക്കാനും ഭരണസിരാകേന്ദ്രം അമിതാവേശം കാട്ടി.

           വി എസ് അച്ചുതാനന്ദന്‍ പേര്‍ പറഞ്ഞില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ച വി ഐ പി ആരെന്ന് കണ്ടുപിടിക്കാന്‍ പൊലീസിന് കഴിയുമായിരുന്നു. വി ഐ പികള്‍ ആരെന്ന് യു ഡി എഫിലെ പ്രമുഖ ഘടകകക്ഷിയായ ലീഗിന് അറിയാമായിരുന്നുവെന്ന് അവരുടെ നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. ചാണ്ടി മന്ത്രിസഭയിലെ അംഗവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നതിങ്ങനെ: ശാരിയുടെ അച്ഛന്റെയും അമ്മയുടെയും കണ്ണീര്‍ കാണാതെ കേരളത്തിന് കടന്നുപോകാനാവില്ല. മന്ത്രിപുത്രന്മാര്‍ക്കും വി ഐ പികള്‍ക്കും മാന്യമായി ജീവിക്കാന്‍ ശാരിയെ കൊല്ലുകയായിരുന്നുവെന്ന് പറയുന്നത് ശാരിയുടെ അച്ഛന്‍ തന്നെയാണ്.  (ചന്ദ്രിക 3-04-11). മാര്‍ച്ച് 30ന് ചന്ദ്രികയില്‍ കെ എം  ഷാജി എഴുതുന്നു. ആരോഗ്യമന്ത്രി പി കെ ശ്രീമതി ടീച്ചറുടെ അയല്‍വാസിയായിരുന്ന ശാരി എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും ആരൊക്കെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഒടുവില്‍ ആ കുട്ടി  എങ്ങനെ നിഷ്ഠൂരമായി വധിക്കപ്പെട്ടുവെന്നും അറിയാനുള്ള അവകാശം കേരളീയര്‍ക്കുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിപുത്രന്മാര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ശാരിയുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം ഇയ്യിടെ രണ്ടുലക്ഷം രൂപ കൊടുത്തുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതൊരു ധനനീതിയായി കണക്കാക്കാമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഈ രണ്ടുലക്ഷം വീതം കൊടുത്താല്‍ നന്നായിരുന്നു.(ഇതിന്റെ ഗുട്ടന്‍സ് വായനക്കാര്‍ക്ക് പിടികിട്ടിയിട്ടുണ്ടാകുമെന്ന് കരുതുന്നു).

           ആവശ്യമായ ചികിത്സ നല്‍കാതെ ശാരിയെ അവസാനിപ്പിച്ചതിലും വി ഐ പികളെ അറസ്റ്റ്‌ചെയ്യാതെ രക്ഷപ്പെടാന്‍ അനുവദിച്ചതിലും കഴിഞ്ഞ  യു ഡി എഫ് സര്‍ക്കാര്‍ വഹിച്ച പങ്കും ലീഗുനേതാക്കളുടെ വെളിപ്പെടുത്തലിനോട് ചേര്‍ത്തുവെച്ചാല്‍ എല്ലാം വളരെ ക്ലിയര്‍. ഐസ്‌ക്രീം കേസില്‍ പെട്ട കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിനുള്ള പ്രത്യുപകാരം. അധികാരം നിലനിര്‍ത്താന്‍ ചാണ്ടിക്ക് വഴങ്ങേണ്ടിവന്നിട്ടുണ്ടാവും. ആന്റണിയെ താഴെയിറക്കി തന്നെ വാഴിച്ച ലീഗ് നേതൃത്വത്തിന് ഇതൊരു നന്ദിയുമാവും.

           ശാരി സംഭവത്തിന്റെ പേരില്‍ അച്ചുതാനന്ദനെ ക്രൂശിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് എന്തര്‍ഹതയാണ് ഉള്ളത്. കുറ്റവാളികള്‍ക്ക് വിനീത വിധേയനായി നട്ടെല്ലില്ലാത്ത നിലപാട് സ്വീകരിച്ച ചാണ്ടി മലയാളികളുടെ രാഷ്ട്രീയപ്രബുദ്ധതയെ ദയവായി പരിഹസിക്കരുത്.
Related Posts Plugin for WordPress, Blogger...