Monday, January 9, 2012

യഥാര്‍ഥ കുറ്റവാളികളെവിടെ?


         രണ്ടുവര്‍ഷം മുമ്പ് കേരളമാകെ മാസങ്ങളോളം കത്തിനിന്ന വിഷയമായിരുന്നു ലൗ ജിഹാദ്. ഇതര സമുദായക്കാരായ കോളജ് വിദ്യാര്‍ഥിനികളെ മുസ്‌ലിം യുവാക്കള്‍ മത:പരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുകയും അവരെ പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പ്രചരിപ്പിക്കുന്നതില്‍ ഫാഷിസ്റ്റ് സംഘങ്ങളും ചില കൃസ്തീയ സംഘടനകളും പരസ്പരം മത്സരിച്ചപ്പോള്‍ മുസ്‌ലിം സമൂഹമാകെ നിസ്സഹായരായി പ്രതിക്കൂട്ടിലാവുകയായിരുന്നു. രാജ്യത്തിനാകെ മാതൃകയായി മതസൊഹാര്‍ദ്ദത്തിന്റെ കളിത്തൊട്ടിലെന്ന് കേളികേട്ട കേരളത്തിന് ഇത്തരം സ്‌ഫോടകശേഷിയുള്ള വാര്‍ത്ത സൃഷ്ടിച്ച അപകീര്‍ത്തി ചെറുതായിരുന്നില്ല.  നമ്മുടെ മുഖ്യധാരാ കുത്തക പ്രത്രങ്ങളടക്കം  പ്രധാന മാധ്യമങ്ങളാവട്ടെ എരിതീയില്‍  എണ്ണയൊഴിക്കുന്ന സമീപനം സ്വീകരിച്ചത് സംസ്ഥാനത്തിന് വിചിത്രമായ അനുഭവവുമായി.  നാം  ഇതുവരെ നേടിയെടുത്ത  സാംസ്‌കാരിക മൂല്യങ്ങളെ കാറ്റില്‍ പറത്തും വിധമായിരുന്നു പൊടിപ്പും തൊങ്ങളും വെച്ച അനുബന്ധ വാര്‍ത്തകളും. സംഭവം സംബന്ധിച്ച് നീതിപീഠത്തില്‍നിന്ന് തുടക്കത്തലുണ്ടായ ചില പരാമര്‍ശങ്ങള്‍ കൂടിയായപ്പോള്‍ മലയാളി മനസ്സുകളില്‍  അത് മാറ്റൊലികൊണ്ടു.

          എന്നാല്‍  ലൗ ജിഹാദ് പ്രചാരണം കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഒരു ഹിന്ദുത്വ സംഘടനയാണെന്നും സംസ്ഥാന സൈബര്‍ പോലീസ് കണ്ടെത്താന്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഉത്തരേന്ത്യക്കാരനായ മാര്‍ഗിഷ് കൃഷ്ണ എന്നൊരാള്‍ റജിസ്റ്റര്‍ ചെയ്ത ഹിന്ദു ജാഗൃതി എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മതവൈരം വളര്‍ത്തുന്ന പോസ്റ്ററുകളും ലേഖനങ്ങളുമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ഇത്തരം പോസ്റ്ററുകളുടെയും ലേഖനങ്ങളുടെയും പകര്‍പ്പുകള്‍ പൊലീസ് സമാഹരിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍  ഹാജരാക്കിയിരിക്കുന്നു. തികച്ചും ആഹ്‌ളാദകരമായ കാര്യമാണിത്.  കാലമെത്ര കഴിഞ്ഞാലും സത്യം ഒരു നാള്‍ പുറത്തുവരുമെന്നതിന്റെ ഉത്തമോദാഹരണം കൂടിയായി ഈ വാര്‍ത്തകള്‍. യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള ശ്രമം കൂടി ബന്ധപ്പെട്ടവര്‍ ഉടന്‍ നടത്തിയാല്‍ ലൗ ജിഹാദിന്റെ അണിയറ ശില്‍പികളെ അധികം വൈകാതെ അഴിക്കുള്ളില്‍ തളയ്ക്കാനാവും.

          2009 ആഗസ്റ്റില്‍ പത്തനംതിട്ട സെന്റ് ജോണ്‍സ് കോളജിലെ ക്രിസ്ത്യാനികളായ രണ്ട് എം ബി എ വിദ്യാര്‍ഥിനികളെ മുസ്‌ലിം യുവാക്കള്‍ പ്രണയിച്ചതും പെണ്‍കുട്ടികള്‍ മതംമാറി അവരെ വിവാഹം ചെയ്തതുമായിരുന്നു സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മത: പരിവര്‍ത്തനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം എന്നിങ്ങനെയായിരുന്നു കേസ്. യുവാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. പെണ്‍കുട്ടികളാകട്ടെ പ്രായപൂര്‍ത്തിയായ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും  നിര്‍ബന്ധ മത: പരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും പറഞ്ഞെങ്കിലും പതിവിന് വിപരീതമായി കോടതി അവരെ വീട്ടുകാരോടൊപ്പം വിടുക മാത്രമല്ല പൊലീസ് ഡി ജി പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ലൗ ജിഹാദിനെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും  ആവശ്യപ്പെട്ടു. ഹിന്ദു, ക്രിസ്ത്യന്‍ സംഘടനകള്‍  ഇതിനിടയില്‍ നടത്തിയ ആരോപണം അതേപടി കോടതി ആവര്‍ത്തിച്ച അനുഭവമായിരുന്നു അത്. കോടതിയുടെ ചില പരാമര്‍ശങ്ങളും കൂടിയായപ്പോള്‍  അതേറ്റു പിടിച്ച  മാധ്യമങ്ങള്‍ ലൗ ജിഹാദ് ആഘോഷമാക്കി മാറ്റുകയും ചെയ്തു.

          സംഘ്പരിവാര്‍ ശക്തികള്‍ ലൗ ജിഹാദിനെതിരെ രംഗത്തു വന്നപ്പോള്‍ രംഗം സജീവമാക്കിയത് കേരള കാതലിക് ബിഷപ്പ് കൗണ്‍സിലാണ്. ഹിന്ദു ഐക്യവേദിയും ആര്‍ എസ് എസും വി എച്ച് പിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും എസ് എന്‍ ഡി പിയും മറ്റും മത: പരിവര്‍ത്തനത്തെ കുറിച്ചുള്ള ജില്ല തിരിച്ചുള്ള കണക്കുകളുമായാണ് പ്രത്യക്ഷപ്പെട്ടത്. കര്‍ണാടക പൊലീസ് കാണാതായ 400 പെണ്‍കുട്ടികളുടെ കണക്ക് പുറത്തുവിട്ടു. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ ഊരോ പേരോ പറയാന്‍ ഇവരാരും തയാറായിരുന്നില്ല.

           പൊലീസും കോടതിയും വാര്‍ത്താമാധ്യങ്ങളും സന്ദര്‍ഭത്തിനൊത്തു ഉയര്‍ന്നിരുന്നുവെങ്കില്‍ ഇത്രയും കനത്ത വ്യാജ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രത്തെ വളരെ വേഗം കണ്ടെത്താന്‍ കഴിയുമായിരുന്നു. 2009 ആഗസ്റ്റു മുതല്‍ മാസങ്ങളോളം സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും വിവിധ മതവിഭാഗങ്ങള്‍ കാത്തുസൂക്ഷിച്ച പരസ്പര വിശ്വാസത്തിന് ഭീതിജനകമാം വിധം വിള്ളല്‍ വീഴ്ത്തുകയും ചെയ്ത ഈ സംഭവം എന്തുകൊണ്ട് കത്തിപ്പടര്‍ന്നില്ല എന്നതാണത്ഭുതകരം. ഏറ്റവും വായനക്കാരുള്ള പത്രങ്ങള്‍ അവള്‍ ഇരയാണ്, അവിടെയും ഇവിടെയും എന്ന തലക്കെട്ടില്‍ ജിഹാദ് വെച്ച് കാച്ചി നോക്കിയിട്ടും മലയാളി വെട്ടില്‍ വീണില്ലെന്നതില്‍ ഇപ്പോള്‍ ഏറ്റവും ആഹ്‌ളാദിക്കന്നത് ഇവിടുത്തെ മുസ്‌ലിംകള്‍ തന്നെയാണ്. അതുപോലെ നല്ലവരായ മതേതര വിശ്വാസികളും.

          ലൗ ജിഹാദിനെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ വൈബ്‌സൈറ്റുകളെ പറ്റി  വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സൈബര്‍ പൊലീസ്  സേവനദാതാക്കളായ യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈറ്റ് രജിസ്തര്‍ ചെയ്ത വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുപ്രചാരണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ജനജാഗൃതിക്ക് പുറമെ അഞ്ച് മറ്റ് വെബ്‌സൈറ്റുകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണം ഇംഗ്‌ളീഷിലാണ്. ഉത്തരേന്ത്യയാണ് സൈറ്റുകളുടെയെല്ലാം പ്രവര്‍ത്തന കേന്ദ്രം.

           ലൗ ജിഹാദ് ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയ പൊലീസും  കേസ് പരിഗണിച്ച കോടതിയും ലൗ ജിഹാദ് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അതിന് ശേഷവും ഹിന്ദുത്വ സൈറ്റുകള്‍ പ്രചാരണം തുടരുക തന്നെയായിരുന്നു. തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനും പിന്നില്‍ മുസ്‌ലിംകളാണെന്ന പ്രചാരണത്തിന്റെ ഭാഗം തന്നെയായിരുന്നു ലൗ ജിഹാദും. മലേഗാവ്, സംഝോതാ എക്‌സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ സ്‌ഫോടനങ്ങളുടെ പുറകില്‍ ഹിന്ദുത്വ ശക്തികളാണെന്ന് കണ്ടെത്തിയത് വളരെ വൈകിയാണല്ലോ. അതുപൊലെ തന്നെയാണ് ലൗ ജിഹാദിന്റെ കാര്യവുമെന്ന് ഇപ്പോള്‍വ്യക്തമായി. ജാതിയും മതവും നോക്കിയല്ല ഇവിടെ പ്രേമവും പ്രണയവുമൊക്കെ നടക്കുന്നത് ആര്‍ക്കാണറിയാത്തത്. അമുസ്‌ലിം പെണ്‍കുട്ടികളേക്കാള്‍  മുസ്‌ലിം പെണ്‍കുട്ടികളാണ് പ്രണയത്തില്‍ ചെന്നുചാടുന്നത്. അതിനെ ആരെങ്കിലും ഹിന്ദുമതവുമായി ചേര്‍ത്ത്  പ്രചരിപ്പിക്കാറുണ്ടോ?
 

3 comments:

  1. ഡിസംബര്‍ 2016 നു വിരമിക്കുന്ന ഹൈ കോടതി ജസ്റ്റിസ് എറണാകുളം കലൂരിലെ കെ.ടി. ശങ്കരനും ലവ് ജിഹാദ് വിഷയത്തില്‍ മുസ്ലിമ്കല്കെതിരില്‍ വളരെ താല്പര്യമുള്ള ഒരു സ്വഭാവം കാണിചിട്ടുണ്ടായിരുന്നു. ലവ് ജിഹാദ് വിഷയം എറണാകുളം കോട്ടയം ഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദുത്വ ഭീകരുമായി കരാര്‍ ഉണ്ടാക്കിയ പത്ര മാധ്യമ പോലീസ് ജുദീശ്യരിയും കൈ കോര്‍ത്ത്‌ കൊണ്ടാണോ എന്ന സംശയം എന്ന് ഇപ്പോള്‍ ബോധ്യപെട്ടു കൊണ്ടേയിരിക്കുന്നു. കേരളത്തില്‍ ആര്‍.എസ്.എസ് ഇന് വേണ്ടി ചുക്കാന്‍ പിടിക്കുന്ന 90 ശതമാനം മാധ്യമ പ്രവര്‍ത്തകരും കേരളത്തിനെ വര്‍ഗീയമായി വിഗടിപ്പികാന്‍ ശ്രമിച്ചതിന്റെ കേസുകള്‍ ആണ് ഇപ്പോള്‍ ഓരോ ദിവസങ്ങളിലായി പുറത്തു വന്നു കൊണ്ടിരിക്കുന്ന സത്യാ സന്ധമായ വാര്‍ത്തകള്‍.കലാകൌമുദി വീകലി റിപ്പോര്‍ട്ടര്‍ വിനോദ് ഇലകൊല്ലൂര്‍,എറണാകുളം റിപ്പോര്‍ട്ടര്‍ എറണാകുളം വാടയാര്‍ സ്വെടെഷി വാടയാര്‍ സുനില്‍, കമ്മ്യുണിസ്റ്റ്കാരുടെ കേരള ശബ്ദത്തിന്റെ എറണാകുളം റിപ്പോര്‍ട്ടര്‍ എം.ആര്‍. അജയന്‍, മുസ്ലിം ലീഗിന്റെ നിയന്ത്രണത്തില്‍ ഉണ്ടായ ഇന്ത്യാ വിഷന്‍ എന്ന ചാനലിന്റെ എറണാകുളം റിപ്പോര്‍ട്ടര്‍ എസ്.വിജയകുമാര്‍ പിന്നെ എറണാകുളം കോട്ടയം, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നുള്ള മറ്റു റിപ്പോര്‍ട്ടര്‍മാര്‍ ഒക്കെ ആണ് ലവ് ജിഹാദ് എന്ന ആശയം കേരളത്തില്‍ കൊണ്ട് വന്നത്. ഇവര്‍ എറണാകുളത് വെച്ച് വിഷയ ഹിന്ദു പരിഷത് അന്താരാഷ്ട്ര ഭീകരന്‍ പ്രവീണ്‍ തോഗാടിയയുമായി കൂടി കാഴിച്ച നടത്തിയതിനു ശേഷമായിരിക്കും ഇങ്ങനെ ഒരു സംഭവം കൊഴുപ്പിക്കാന്‍ ഉദ്ദേശിച്ചത് എന്നാണു ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

    ReplyDelete
  2. PLEASE CHANGE THE BACKGROUND MASHE....READING S A LITTLE BIT TOUGH!

    ReplyDelete

Related Posts Plugin for WordPress, Blogger...