Thursday, February 6, 2014

ബലിഷ്ഠമാവട്ടെ ഈ ബദല്‍       ബി ജെ പിയുടെ വര്‍ഗീയ അജണ്ടയ്ക്കും യു പി എ സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരായി പാര്‍ലമെന്‍റില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള 11 മതേതര പാര്ടികളുടെ തീരുമാനം തീര്‍ച്ചയായും സ്വാഗതംചെയ്യപ്പെടും. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ പുതിയ ബദലെന്ന നിലയില്‍ രാജ്യവ്യാപക കൂട്ടായ്മക്കും ഈ യോജിപ്പ് വഴിയൊരുക്കിയേക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പതനം ഏറെക്കുറെ തീര്‍ച്ചയായ സാഹചര്യത്തില്‍ മോദിയുടെ വര്‍ഗീയ അജണ്ടയെ ചെറുക്കാന്‍ ശക്തമായ മതേതര ബ്ളോക്ക് കൂടിയേ തീരൂ.

   ഇന്ത്യന്‍ ജനാധിപത്യത്തിലെ അപൂര്‍വതകളില്‍ ഒന്നാവും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ആദര്‍ശപരമായ അകലം വളരെ കൂടുതലായതിനാല്‍ വിവേകവും സമചിത്തതയും ദീര്‍ഘദൃഷ്ടിയും നേതാക്കള്‍ പ്രകടിപ്പിച്ചാലേ മൂന്നാം ബദല്‍ ലക്ഷ്യത്തിലെത്തുകയുള്ളൂ. ആറര പതിറ്റാണ്ടിനിടയില്‍ രാജ്യത്ത് ഇത്തരം പരീക്ഷണങ്ങളെല്ലാം പാതിവഴിയില്‍ അകാല ചരമമടഞ്ഞതാണ് അനുഭവം. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്‍ നയിച്ച സമ്പൂര്‍ണ വിപ്ളവം വന്‍വിജയമായിരുന്നു. അതിന്‍റെ പേരില്‍ അധികാരത്തിലേറിയ ജനതാ സര്‍ക്കാര്‍ തല്ലിപ്പിരിയാന്‍ രണ്ടുവര്‍ഷം പോലും വേണ്ടിവന്നില്ല. വീണ്ടും വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കപ്പെട്ടു. വി പി സിംഗും ദേവഗൌഡയും ഗുജറാളും ചന്ദ്രശേഖറുമെല്ലാം വീണുകിട്ടിയ അവസരങ്ങള്‍ പാഴാക്കി. കോണ്‍ഗ്രസിനു അധികാരം താലത്തില്‍ വെച്ചു തിരിച്ചുനല്‍കിയതില്‍ ഇവര്‍ക്കും ഇവര്‍ രൂപംകൊടുത്ത രാഷ്ട്രീയ കൂട്ടായ്മക്കും വലിയ പങ്കുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഒരു ബദല്‍ ചര്‍ച്ച നടന്നത് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഏറെക്കുറെ അതില്‍ പങ്കെടുത്തവര്‍ തന്നെയാണ് പാര്‍ലമെന്‍റിലെങ്കിലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. ഇടതുകക്ഷികള്‍ക്ക് പുറമെ അണ്ണാ ഡി എം കെ, എസ് പി, ജെ ഡി യു, ബി ജെ ഡി, ജെ ഡി എസ്, അസംഗണപരിഷത്ത്, ജാര്‍ഖണ്ട് വികാസ് മോര്‍ച്ച എന്നീ പാര്‍ടികളുടെ ലോകസഭയിലേയും രാജ്യസഭയിലേയും നേതാക്കളാണ് പുതിയ ബദലിനു രൂപംകൊടുത്തിരിക്കുന്നത്. ലോകസഭയില്‍ ഇവര്‍ക്ക് ഇപ്പോള്‍ 94 എം പിമാരുണ്ട്. ബദലില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ അഞ്ചു സംസ്ഥാനത്ത് ഭരണത്തിലും അഞ്ചിടത്ത് പ്രതിപക്ഷത്തുമുണ്ട്. മറ്റു പല കക്ഷികളും കൂടി ബദലില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

  15-ാം ലോകസഭയുടെ അവസാന സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മാസം 21വരെ തുടരുന്ന സമ്മേളനത്തില്‍ അഴിമതിവിരുദ്ധ ബില്ലുകളും തെലുങ്കാന സംസ്ഥാന രൂപീകരണ ബില്ലുമടക്കം 39 ബില്ലുകള്‍ പാസാക്കിയെടുക്കേണ്ടതുണ്ട്. മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റും അഥവാ വോട്ട് ഓണ്‍ അക്കൌണ്ടും അംഗീകരിക്കണം. ഇത്തവണയും സഭ തുടങ്ങിയത് ബഹളത്തോടുകൂടിയാണ്. ബഹളവും ബഹിഷ്ക്രരണവുമില്ലാതെ സഭ നടക്കുന്നില്ലെന്നതാണ് കുറെ കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.

        ലോകസഭയും രാജ്യസഭയും ഇങ്ങനെ തുടര്‍ന്നാല്‍ രാജ്യത്തെ ജനങ്ങളെ മുഴുവനും കബളിപ്പിക്കലാവുമത്. സിറ്റിങ്ങുകള്‍ കുറയുന്നു. നിയമനിര്‍മാണത്തിനുള്ള സമയവും കുറയുന്നു. പാര്‍ലമെന്‍റിന്‍റെ യഥാര്‍ഥ ലക്ഷ്യം യഥാവിധി നിര്‍വഹിക്കാതെ പോകുന്നു. കാലാവധി പൂര്‍ത്തിയാക്കിയിട്ടും ഏറ്റവും കുറവ് ബില്ലുകള്‍ പാസാക്കിയത് ഇത്തവണയാണ്. നാനൂറു ബില്ലുകള്‍ വരെ പാസാക്കിയ ചരിത്രമുള്ള ലോകസഭ കഴിഞ്ഞ അഞ്ചുവര്‍ഷം അംഗീകരിച്ചത് കേവലം 165 ബില്ലുകള്‍ മാത്രമാണ്. അതും വേണ്ടത്ര ചര്‍ച്ചകളില്ലാതെ.

    രാജ്യത്തിന്‍റെ മതേതര അടിത്തറയും ജനാധിപത്യവും ഫെഡറിലസവും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം വിലക്കയറ്റം, പെരുകുന്ന അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ പ്രശ്നങ്ങളും ശക്തമായി ഉയര്‍ത്തുന്നതിനായിരിക്കണം പാര്‍ലമെന്‍റിലെ പുതിയ കൂട്ടായ്മ ഉപയോഗപ്പെടുത്തേണ്ടത്. അഴിമതി തടയുന്നതിനു വേണ്ടി ഒട്ടനവധി ബില്ലുകള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഈ ബില്ലുകള്‍ വിശദമായ ചര്‍ച്ചകളിലൂടെ പാസാക്കിയെടുക്കാനും കൂട്ടായ്മ സഹകരിക്കണം. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പാര്‍ലമെന്‍റ് വേദിയാക്കാനുള്ള സാധ്യതയുണ്ടെന്നത് നേര്. പക്ഷെ അതിനെ രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍വെച്ച് എതിര്‍ക്കുകയും ചെയ്യരുത്. ബദല്‍ പരീക്ഷണത്തിനു ഏറ്റവും അനിവാര്യം ജനവിശ്വാസമാണല്ലോ.

Tuesday, February 4, 2014

സ്ത്രീ പോരാട്ടചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ജസീറ     ദല്‍ഹിയിലെ എല്ലുതുളക്കുന്ന തണുപ്പിനെയും രാഷ്ട്രീയക്കാരുടെ പരിഹാസങ്ങളെയും അതിശക്തരായ മണല്‍ മാഫിയയുടെ ഭീഷണിയെയും നെഞ്ചുറപ്പോടെ നേരിട്ട ജസീറ സ്ത്രീ പോരാട്ട ചരിത്രത്തില്‍ തന്നെ പുതിയ അധ്യായമാണ് രചിച്ചിരിക്കുന്നത്. കണ്ണൂര്‍ മാടായിക്കടപ്പുറത്തെ മണലെടുപ്പ് തന്‍റെ കിടപ്പാടം പോലും നഷ്ടപ്പെടുത്തിയേക്കുമെന്നായപ്പോള്‍ മൂന്നു മക്കളെയും മാറോട് ചേര്‍ത്ത് വീട്ടമ്മ പ്രകടിപ്പിച്ച സാഹസം അത്ഭുതാവഹമാണ്. സമരത്തിനു ഇറങ്ങിപ്പുറപ്പെടുമ്പോള്‍ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. കടപ്പുറത്തുനിന്ന് മണല്‍ കടത്തുന്നതിനെതിരെ പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുമ്പിലും കണ്ണൂര്‍ കലക്ട്രേറ്റു പടിക്കലും സെക്രട്ടറിയേറ്റ് നടയിലും സമരം നടത്തിയിട്ടും ബന്ധപ്പെട്ടവരാരും കണ്ണുതുറക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് രാജ്യത്തിന്‍റെ തലസ്ഥാന നഗരി തന്നെ അവസാനം പോരാട്ടത്തിനു തെരഞ്ഞെടുത്തത്. ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 114 ദിവസം നീണ്ട ജന്ദര്‍മന്തറിലെ സമരം അവസാനിപ്പിക്കാന്‍ ജസീറ തീരുമാനിച്ചത്. കടല്‍ മണല്‍ ഖനനം തടയാന്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. അതിനെതുടര്‍ന്ന് മാടായിയില്‍ മണല്‍കടത്ത് കുറഞ്ഞിട്ടുമുണ്ട്. ദല്‍ഹിയിലെ സമരം അവസാനിപ്പിച്ചുവെങ്കിലും നാട്ടില്‍ പരിസഥിതിക്കു വേണ്ടി പോരാട്ടം തുടരുമെന്നും ജസീറ വ്യക്തമാക്കിയിട്ടുണ്ട്
 
      രാഷ്ട്രീയ പിന്‍ബലമുള്ള മണല്‍ മാഫിയക്കെതിരെ കണ്ണൂരില്‍ ഒരു മുസ്ലിം വീട്ടമ്മ പരസ്യമായി രംഗത്തിറങ്ങുകയും ഇന്ദ്രപ്രസ്ഥം വരെ രണ്ടുവര്‍ഷത്തോളം സമരം നടത്തുകയും ചെയ്യുക എന്നത് തികച്ചും അസാധാരണവും അസാധ്യവുമായ കാര്യമാണ്. കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ടി അതിന്‍റെ എല്ലാ ശക്തിയും സംഭരിച്ച് നടത്തിയ ഒട്ടുമിക്ക സമരങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന കേരളത്തിലാണ് ജസീറ അത്ഭുതകരമാംവിധം അതിജീവിച്ചതെന്നോര്‍ക്കണം. മണല്‍ മാഫിയക്കെതിരെ രംഗത്തുവന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും അക്രമിക്കപ്പെട്ട നാടാണിത്. മണല്‍മാഫിയക്ക് വേണ്ടി എം എല്‍ എമാരും എം പിമാരും പൊലീസ് സ്റ്റേഷനുകളി‍ല്‍ കയറി വെല്ലുവിളിച്ച വളപട്ടണം സ്റ്റേ,നില്‍നിന്നും വിളിപ്പാടകലെയാണ് മാടായി. ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയക്കാരെല്ലാം ജസീറയുടെ സമരത്തെ നിന്ദാപൂര്‍വം അവഗണിച്ചു. കടപ്പുറത്ത് പൂഴിയിറക്കല്ലേ എന്ന് ഒരു ഭരണകക്ഷി എം എല്‍ എ അബ്ദുല്ലക്കുട്ടി പരിഹസിച്ചു. ജസീറക്ക് തീവ്രവാദബന്ധമുണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ആരോപിച്ചു. സര്‍ക്കാരിനെതിരെ വീണുകിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത പ്രതിപക്ഷകക്ഷികളും ബി ജെ പി പോലും സമരം കണ്ട ഭാവമേ നടിച്ചില്ല. കിണ്ണംകലക്കി ഉപന്യസിക്കുകയും പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരനും പരിസരത്തൊന്നും വന്നില്ല. പര്‍ദ്ദയണിഞ്ഞ് നീതിയുടെ കവാടങ്ങളി്ല്‍ മുട്ടിയ സഹോദരിയെ മതപണ്ഡിതന്മാരും അവരുടെ കാക്കത്തൊള്ളായിരം സംഘടനകളും ഗൌനിച്ചില്ല. ജസീറ എന്തോ വലിയ പാതകംചെയ്തുവെന്ന മട്ടിലായിരുന്നു എല്ലാവരും. ജനാധിപത്യവും മതേതരത്വവും സാക്ഷരതയും നെറ്റിയിലൊട്ടിച്ച മലയാളി സമൂഹം പോലും സമീറയുടെ ഇച്ഛാശക്തി തിരിച്ചറിഞ്ഞത് വളരെ വൈകി മാത്രമാണ്. അതും സമരം മാധ്യമശ്രദ്ധ നേടിയ ശേഷം.

      അതിജീവനത്തിനും പരിസ്ഥിതിക്കും പ്രകൃതിക്കും വേണ്ടിയുള്ള തന്‍റെ സമരം എന്നെങ്കിലും വിജയിക്കുമെന്ന ശുഭപ്രതീക്ഷ ജസീറക്കുണ്ടായിരുന്നു. കാരണം ഇതു അവളുടെ മാത്രമല്ല പൊതുസമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നമാണ്. മറ്റ് സമരങ്ങളിലേതു പോലെ ഒരു കീഴടങ്ങലിനു സന്നദ്ധമായിരുന്നുവെങ്കില്‍ ജസീറയും കുട്ടികളും എന്നേ സമരരംഗത്തുനിന്ന് അപ്രത്യക്ഷമായേനേ.
ദല്‍ഹിയിലാണ് ജസീറക്ക് വലിയ പിന്തുണ ലഭിച്ചത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ബസില്‍വെച്ച് വിദ്യാര്‍ഥിനി പീഡനത്തിനിരയായി വധിക്കപ്പെട്ടപ്പോഴും അഴിമതിക്കെതിരെ അണ്ണാഹസാരെ ഉപവാസമനുഷ്ഠിച്ചപ്പോഴും സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ടി രൂപീകരിച്ചപ്പോഴും ദല്‍ഹി പ്രതികരിച്ചത് നാം കണ്ടതാണ്. നമ്മുടെ രാഷ്ട്രീയക്കാര്‍ സമരത്തെ സമീപിച്ചത് ഗത്യന്തരമില്ലാതെയാണ്. ജസീറ ഉന്നയിച്ച ജീവല്‍പ്രശ്നം പരിഹരിക്കുക എന്നതിനേക്കാള്‍ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കുന്നതിലായിരുന്നു അവരുടെയൊക്കെ ശ്രദ്ധ. അല്ലെങ്കില്‍ കേരളത്തില്‍ വെച്ചു തന്നെ മുഖ്യമന്ത്രി വിചാരിച്ചാല്‍ സമരം അവസാനിപ്പിക്കാമായിരുന്നല്ലോ.കാര്‍മേഘങ്ങള്‍ക്കിടയിലെ കൊള്ളിമീന്‍പോലെ ജസീറ സൃഷ്ടിച്ച ഈ വീരേതിഹാസം ജനമനസ്സുകളില്‍ വളരെക്കാലം പച്ചപിടിച്ചു തന്നെ നില്‍ക്കും തീര്‍ച്ച.

Friday, January 24, 2014

ഖജനാവ് നിറയ്ക്കാന്‍ നികുതിഭാരം


    ഖജനാവ് നിറക്കാന്‍ നികുതി കൂട്ടുകയല്ലാതെ സര്‍ക്കാരിനു മുമ്പില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് കെ എം മാണിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 12-ാമത്തെ ബജററ്. ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കര്‍ഷകരെ  സന്തോഷിപ്പിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുമുണ്ട്. ഇതിനെ ജനപ്രിയ ബജറ്റെന്ന് വകുപ്പുമന്ത്രിയും ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ബജറ്റു മൂലം എന്തെങ്കിലും അത്ഭുതം കേരളത്തില്‍ സംഭവിക്കുമെന്ന് ഇതപര്യന്തമുള്ള അനുഭവം വെച്ച്  കരുതാനാവില്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതിനു പക്ഷെ കാരണം ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യമാണെന്ന് പറഞ്ഞ്  ആശ്വസിക്കുകയാണ് മാണി.

   കര്‍ഷകര്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കിയപ്പോള്‍ മോട്ടോര്‍ വാഹനനികുതി തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. വാഹനനികുതി പരിഷ്കരിച്ചതാണ് ബജറ്റിലെ ശ്രദ്ധേയമായ ഭാഗവും.  ഇതില്‍ പ്രതിഷേധിച്ച് ഓട്ടോ- ടാക്സികള്‍  പണിമുടക്കും പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാത്തരം വാഹനങ്ങളുടെയും വില വര്‍ധിക്കുന്നതിനു ഇത് ഇടവരുത്തുമെന്നും ഉറപ്പാണ്. കെട്ടിടനികുതി ഉയര്‍ത്തുമെന്നും ഭൂമിയുടെ ന്യായവില കൂട്ടാന്‍ പുതിയ നിയമനിര്‍മാമാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രങ്ങള്‍, ഇന്‍വവര്‍ട്ടര്‍, അലൂമിനിയം പാനല്‍, ഭക്ഷ്യഎണ്ണകള്‍ എന്നിവയുടെ വിലയും കൂടാന്‍ പോകുന്നു. സ്വര്‍ണണത്തിന്‍റെറെ കോമ്പൌണ്ട് നികുതിയും പരിഷ്കരിച്ചിട്ടുണ്ട്. മെറ്റല്‍, ക്രഷര്‍ യൂണിറ്റുകളുടെ നികുതിയും കൂട്ടിയിരിക്കുന്നു. കെട്ടിട നികുതി കുത്തനെ വര്‍ധിധിപ്പിച്ചിട്ടുണ്ടെങ്കിലും 100 സ്ക്വയര്‍ ഫീറ്റു വരെയുള്ള വീടുകളെയും 550 സ്ക്വയര്‍ ഫീറ്റു വരെയുള്ള കെട്ടിടങ്ങളെയും നികുതിയില്‍നിനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

   നികുതിയിളവ് കര്‍ഷഷകര്‍ക്ക് മാത്രമേയുള്ളൂ. മാത്രമല്ല അവര്‍ക്ക് ഇന്‍‍‍ഷ്വറന്‍സ്സ് പദ്ധതിയും പ്രഖ്യാപിച്ചു. 25 വിളകള്‍ക്കായിരിക്കും ഇന്‍ഷഷ്വറന്‍ശസ്. ഇതിന്‍റെറെ പ്രീമിയത്തിന്‍റെറെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷഷകര്‍ക്ക്  ആരോഗ്യ ഇന്‍ഷഷ്വറന്‍സസും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. പ്രീമിയത്തിന്‍ററെ പകുതി സര്‍ക്കാര്‍ തന്നെ നല്‍കുകുകയും ചെയ്യും. ഹൈടെക് കൃഷിരീതിയില്‍ പരിശീലനം, പെണ്‍കുകുട്ടികള്‍ക്ക് ലാപ്ടോപ് അങ്ങനെ വേറെയുമുണ്ട് ഓഫറുകള്‍.

   ഒരു ബജറ്റില്‍ സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട പതിവു ചേരുവകളൊന്നും മാണി വിട്ടുകളഞ്ഞിട്ടില്ല. വിദ്യാഭ്യാസമേഖലക്ക് 878കോടി രൂപ, തൊഴില്‍ പുനരധിവാസത്തിനു 470കോടി, ഐ ടി വികസനത്തിനു 313 കോടി, സാമൂഹ്യക്ഷേമത്തിനു 505 കോടി, മാലിന്യ നിര്‍മാമാര്‍ജജനത്തിനു 774കോടി, വൈദ്യുതി വിതരണ പദ്ധതിക്ക് 317 കോടി, കെ എസ് ആര്‍ ടി സിക്ക് 150കോടി, ജനസമൃദ്ധ കേരളം പദ്ധതിക്ക് 100 കോടി, മുന്നോക്ക ക്ഷേമത്തിന് 25കോടി, നിലമ്പൂര്‍-നഞ്ചന്‍കോകോട് റെയില്‍ നിര്‍മാമാണത്തിനു അഞ്ചുകോടി, വന്ധ്യതാ ചികിത്സക്കും സോളാര്‍ പദ്ധതിക്കും പത്തുകോടി വീതം, ഡാം സുരക്ഷാപദ്ധതിക്ക് 32 കോടി, സഹകരണ മേഖലക്ക് 63 കോടി അങ്ങനെ നീളുന്നു ആ പട്ടിക. ഊര്‍ജജ്ജ മേഖലയില്‍ 1770 കോടിയുടെ പദ്ധതികളാണ് ആവിഷ്ക്കരിക്കുക. 

   ക്ഷേമ പെന്‍ഷഷനുകളിലും നേരിയ വര്‍ധധന വരുത്തിയത് നന്നായി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യ സ്മാരക മ്യൂസിയവും തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ രാജ്യാന്തര മാധ്യമ പഠന കേന്ദ്രവും സ്ഥാപിക്കും. തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദു ബഷീര്‍  സ്മാരകത്തിനും, അച്ചുതമേനോന്‍ സ്റ്റഡീ സെന്‍റററിനും അഞ്ചടുലക്ഷം വീതവും, സ്വദേശാഭിമാനി സ്മാരകത്തിനു 15 ലക്ഷവും ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നു.

   സംസ്ഥാനത്ത് വന്‍കികിട പദ്ധതികളൊന്നുമില്ലാത്ത ആദ്യ ബജറ്റും ഇതായിരിക്കും. ബജറ്റ് നിര്‍ദേശങ്ങള്‍ മിക്കതും നടപ്പാവാനുള്ളതല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

Saturday, November 16, 2013

മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും


                                      ജാഫര്‍ അത്തോളി
      ഇസ്‌ലാമിന്റെ ഉദയം മുതല്‍ തന്നെ  സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ സജീവ പങ്കാളിത്തം വഹിച്ചവരാണ് കേരള മുസ്‌ലിംകള്‍. എന്നാല്‍ പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ആധിപത്യങ്ങള്‍ക്ക് കീഴില്‍ അവര്‍ക്ക് പീഡനകാലമായിരുന്നു. വൈദേശികാധിപത്യത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ മുസ്‌ലിംകള്‍ക്ക് നിരന്തര പോരാട്ടങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ചരിത്രമാണ് അയവിറക്കാനുള്ളത്.  സ്വാഭാവികമായും മുസ്‌ലിം സമുദായം സമസ്ത മേഖലകളിലും മുന്‍നിരയില്‍ നിന്ന് പുറന്തള്ളപ്പെട്ടു. ഭാഷയുടെയും സാഹിത്യത്തിന്റെയും കാര്യത്തിലും ദൃശ്യമായിരുന്നു ഈ അധോഗതി. നിരക്ഷരതയും യാഥാസ്ഥിതിക മതസമീപനവും വിദ്യാഭ്യാസത്തോടു പോലും അവജ്ഞ ജനിപ്പിക്കാന്‍ കാരണമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ അവസ്ഥ തുടര്‍ന്നു. ക്രൈസ്തവര്‍ പള്ളികളും പള്ളിക്കൂടങ്ങളും വാര്‍ത്താവിനിമയോപാധികളും വിദ്യാഭ്യാസ പുരോഗതിക്കും മിഷനറി പ്രവര്‍ത്തനത്തിനും ഉപയോഗിച്ചപ്പോള്‍ മുസ്‌ലിം ജനസാമാന്യം എല്ലാറ്റില്‍നിന്നും പുറംതിരിഞ്ഞു നടക്കുകയായിരുന്നു.

     19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ് മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകിരണങ്ങള്‍ കേരളത്തില്‍ കണ്ടുതുടങ്ങിയത്. പരമ്പരാഗത മതവിജ്ഞാനത്തോടൊപ്പം ലോകവിജ്ഞാനവും   സിദ്ധിച്ച ഏതാനും പണ്ഡിതന്മാര്‍ മുസ്‌ലിം സമുദായത്തെ സമുദ്ധരിക്കാന്‍ മുമ്പോട്ടുവന്നു. പ്രസ്തുത ശ്രമങ്ങള്‍ യാഥാസ്ഥിതിക പുരോഹിതന്മാരുടെ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തി.  അതിനാല്‍ സമുദായത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിക്കാന്‍ പടപൊരുതിയ  മാധ്യമങ്ങളായിരുന്നു ആദ്യകാല മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍. മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടം വിശദമായ പഠനത്തിനു ഇതുവരെ വിധേയമായിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങള്‍ വെച്ചു  പ്രഥമ മുസ്‌ലിം ആനുകാലികം 'കേരള ദീപകം' ആണ്.  'സത്യപ്രകാശം' എന്ന പേരില്‍ പത്തുവര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ വാര്‍ത്താ വാരികയാണ് രണ്ടാമത്തേത്. മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ മലയാളത്തിന്റെയും അറബി മലയാളത്തിന്റെയും രണ്ടു കൈവഴികള്‍ സമാന്തരമായി വികസിച്ചുവന്നതായി കാണാം. മലയാളഭാഷയെ അന്യമായി, ആര്യഭാഷയായി കണ്ടിരുന്ന ഒരു സമൂഹത്തില്‍ ആശയവിനിമയത്തിന്റെ മാധ്യമമായി അറബി-മലയാള ലിപി ഉരുത്തിരിഞ്ഞുവന്നത് സ്വാഭാവികം.  എന്നാല്‍ കാലക്രമേണ മലബാറിലെ മാപ്പിളശൈലി  മലയാള ഭാഷക്ക് വഴിമാറി.

       സനാഉല്ല മക്തിതങ്ങള്‍ക്ക് (1847-1912) മുസ്‌ലിം പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമാണുള്ളത്. ബഹുഭാഷാ പാണ്ഡിതനായിരുന്ന  അദ്ദേഹം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ്  സമുദായ സേവനത്തിനും പത്രപ്രവര്‍ത്തനത്തിനും ഇറങ്ങിത്തിരിച്ചത്.  അറബി-മലയാളം ലിപിയില്‍ മക്തിതങ്ങള്‍  രണ്ടു ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 'പരോപകാരി' എന്ന പേരില്‍ കൊച്ചിയില്‍നിന്നും കോഴിക്കോട്ടുനിന്നും മറ്റൊരു മാസികയും പുറത്തിറക്കി. 'തുര്‍ക്കി സമാചാരം' എന്ന   സായാഹ്നപത്രം ഇറക്കാനുള്ള സാഹസവും അദ്ദേഹം കാണിച്ചു. തുര്‍ക്കി ഖിലാഫത്തിനെ കുറിച്ച വാര്‍ത്തകള്‍ യഥാസമയം വായനക്കാര്‍ക്ക് എത്തിക്കുകയായിരുന്നു  പത്രത്തിന്റെ ലക്ഷ്യം.
മലയാള പത്രപ്രവര്‍ത്തന രംഗത്തെ ചിരസ്മരണീയനാണ് വക്കം അബ്ദുല്‍ഖാദര്‍ മൗലവി (1873-1932). പ്രശസ്തമായ സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ. 1905ല്‍ സ്ഥാപിച്ച ആ പത്രത്തിന്റെ പത്രാധിപരായിരുന്നു കെ രാമകൃഷ്ണപിള്ള എന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. അന്ന് ഇത്തരമൊരു പത്രം മലയാളക്കരയില്‍  ഉണ്ടായിരുന്നില്ല. വഞ്ചിനാട് വാണ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെയും ദിവാന്‍ സര്‍ സി പിയുടെയും ജനദ്രോഹനയങ്ങള്‍ക്കും ദുഷ്‌ചെയ്തികള്‍ക്കുമെതിരെ പടവാളിന്റെ മൂര്‍ച്ചയോടെ സ്വദേശാഭിമാനി പൊരുതി.  ഗത്യന്തരമില്ലാതെ രാജാവ് പത്രം നിരോധിക്കുകയും പത്രാധിപരെ നാടുകടത്തുകയും ചെയ്തു. പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടി. 1957ല്‍ അധികാരത്തില്‍ വന്ന  കമ്യൂണിസ്റ്റ്  ഗവണ്‍മെന്റാണ് മൗലവി കുടുംബത്തിനു പ്രസ് തിരിച്ചുനല്‍കിയത്.
  
       സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പത്രാധിപരായി 1924ല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയതാണ് 'അല്‍ അമീന്‍'. സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം പങ്കാളിത്തം അല്‍ അമീന്‍ ശക്തമായി പ്രതിഫലിപ്പിച്ചു.  1934ല്‍ തലശ്ശേരിയില്‍നിന്ന് ആഴ്ചപ്പതിപ്പായി തുടങ്ങി  ദിനപത്രമായി വളര്‍ന്ന ചന്ദ്രികയാണ്  ദീര്‍ഘകാലം നിലനിന്ന മുസ്‌ലിം പ്രസിദ്ധീകരണം. മത നവോത്ഥാനത്തില്‍ ഊന്നിനിന്ന മറ്റ് മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍നിന്ന് വ്യത്യസ്തമായി സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളിലാണ് പത്രവും വാരികയും ശ്രദ്ധ കേന്ദ്രീകരിച്ചത്.  സമുദായത്തെ ഐശ്വര്യത്തിന്റെ പച്ചപ്പിലേക്കും മതേതരബോധത്തിലേക്കും വഴി നടത്താന്‍ സീതിസാഹിബും കെ എം മൗലവിയും സത്താര്‍ സേട്ടുവും ഇ കെ മൗലവിയും മുഹമ്മദ് മൗലവിയും  സ്ഥാപിച്ച  ചന്ദ്രിക പക്ഷെ വിവേകശൂന്യമായ വികാരങ്ങള്‍ക്ക് എരിവ് പകരാനാണ് ഇപ്പോള്‍  ഉപയോഗിക്കുന്നതെന്ന് മാത്രം.

               കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിതാ മാസികയാണ് 1929 ല്‍  പ്രസിദ്ധീകൃതമായ'നിസാഉല്‍ ഇസ്‌ലാം'. അക്ഷരങ്ങളില്‍ അഗ്നികൊളുത്തിയ ആദ്യത്തെ പത്രാധിപയായിരുന്നു പത്തനാംതിട്ടക്കാരിയായ ഹലീമ ബീവി. 75 വര്‍ഷം മുമ്പ് കേരളത്തില്‍ ഒരു മുസ്‌ലിം സ്ത്രീ പത്രപ്രവര്‍ത്തകയും പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായി ചരിത്രത്തില്‍ ഇടം നേടിയെന്നത്  വിസ്മയകരമായി തോന്നാം. സ്ത്രീകള്‍ക്ക് അക്ഷരങ്ങള്‍ വിലക്കപ്പെടുകയും പൊതുജീവിതത്തില്‍ പ്രവേശിക്കുന്നതു പോകട്ടെ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതു പോലും  തടയുകയും ചെയ്ത കാലത്താണ് എഡിറ്റര്‍, പ്രിന്റര്‍, പബ്‌ളിഷര്‍, കമ്പോസര്‍ തുടങ്ങി എല്ലാ ചുമതലകളും സ്വയം നിര്‍വഹിച്ച് പത്രമിറക്കാനുള്ള സാഹസികത ഹലീമ പ്രകടിപ്പിച്ചത്. സ്വന്തം ഭൂമിയും കിടപ്പാടവും അതിനു വേണ്ടി അവര്‍ക്ക് വില്‍ക്കേണ്ടിവന്നു. കൂടാതെ 'മുസ്‌ലിം വനിത', 'ആധുനിക വനിത' എന്നീ മാസികകളും ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പും ദിനപത്രവും നടത്തി അവര്‍ ചരിത്രത്തില്‍ ഇടം നേടി.

          അല്‍ മുര്‍ശിദ്, അല്‍ ഇത്തിഹാദ്, അല്‍ മനാര്‍, അല്‍ ഇസ്‌ലാഹ്, അല്‍ ബയാന്‍, അല്‍ മുഅല്ലിം, ഹിദായത്തുല്‍ ഇഖ്‌വാന്‍ എന്നിങ്ങനെ അറബി-മലയാളത്തിലും അന്‍സാരി, ഇസ്‌ലാം ദീപം, കേരള ചന്ദ്രിക, കേരളപ്രഭ, ഖിലാഫത്ത് പത്രിക, കൊച്ചിന്‍ മെയില്‍, മലബാര്‍ ഇസ്‌ലാം, മാപ്പിള റവ്യൂ, മലബാരി, യുവകേരളം, മിത്രം, സര്‍ഗം, സുബോധിനി, പൗരശക്തി, പ്രകാശം ചിന്തകന്‍, ഉജ്ജീവനം തുടങ്ങി 50 ഓളം പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലും മുസ്‌ലിംകളുടേതായി കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പലതും അല്പായുസ്സായിരുന്നു. ചിലത് പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ കടപുഴകി വീഴുകയും ചെയ്തു.

        വാരികകളുടെയും മാസികകളുടെയും ദിനപത്രങ്ങളുടെയും കാര്യത്തില്‍ മാത്രമല്ല ചാനലുകളുടെ കാര്യത്തിലും മുസ്‌ലിംകള്‍ ഇപ്പോള്‍ അത്രയൊന്നും ദരിദ്രമല്ല. മാധ്യമം, സിറാജ്, വര്‍ത്തമാനം, തേജസ് തുടങ്ങിയ ദിനപത്രങ്ങളും മീഡിയ വണ്‍, ദര്‍ശന എന്നീ ചാനലുകളും പ്രബോധനം, സത്യധാര, ശബാബ്, വിചിന്തനം, രിസാല, പുടവ തുടങ്ങി നിരവധി വാരികകളും വിവിധ സംഘടനകളുടേതായി നിലവിലുണ്ട്. ഒരു ദിനപത്രം എങ്ങനെയായിരിക്കണമെന്നതിന് മികച്ച ഉദാഹരണമാണ് മാധ്യമം.

          സമുദായത്തില്‍ അഭ്യസ്തവിദ്യരുടെ എണ്ണം കുറവും അതില്‍ തന്നെ പത്രം വായിക്കുന്നവരുടെ എണ്ണം വളരെ കുറവും ആയിരുന്നു. അതുകൊണ്ടാവാം മുസ്‌ലിം പ്രശ്‌നങ്ങള്‍ നമ്മുടെ  ദേശീയപത്രങ്ങളില്‍ മാത്രമല്ല കുത്തക മലയാളപത്രങ്ങളിലും സജീവ ചര്‍ച്ചാ വിഷയമാകാതിരുന്നത്. പകരം മുസ്‌ലിംവിരുദ്ധ വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം സിദ്ധിക്കുകയും ചെയ്തു. മുറാദാബാദിലും ജാംഷെഡ്പൂരിലും ഭീവണ്ടിയിലും താനയിലും അഹമ്മദബാദിലും അസമിലും ഹൈദരബാദിലും മുമ്പൈയിലും മറ്റും അരങ്ങേറിയ വര്‍ഗീയകലാപങ്ങള്‍ എവിടെയും ചര്‍ച്ചാവിഷയം പോലുമായില്ല. പത്രങ്ങള്‍ മതന്യൂനപക്ഷങ്ങളെ അവഗണിച്ചു എന്ന് പറയുന്നില്ല. വന്‍കിട പത്രങ്ങള്‍ക്ക് തങ്ങളുടെ വരിക്കാരെയും വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ അങ്ങനെ ചെയ്യേണ്ടിവന്നിരിക്കാം.  ആ ശൈലിക്ക് പറയത്തക്ക മാറ്റമൊന്നും പക്ഷെ ഇന്നും സംഭവിച്ചിട്ടില്ല. ഇസ്‌ലാമോഫോബിയയുടെ പ്രേതം മാധ്യമരംഗത്ത്  കലശലാണല്ലോ.

        പരിമിതികള്‍ ഏറെ ഉണ്ടെങ്കിലും സാമ്രാജ്യത്വത്തിനെതിരെ ശബ്ദിക്കുന്നതില്‍ മുസ്‌ലിം പത്രങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എക്കാലത്തും സ്വീകരിച്ചത്. വെള്ളക്കാരുടെ കോളനിവാഴ്ചക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയതിന്റെ ഊര്‍ജം നെഞ്ചേറ്റുന്നവരെന്ന നിലയില്‍ അവര്‍ നടത്തുന്ന എല്ലാ പ്രസിദ്ധീകരണങ്ങളിലും അതിന്റെ നിശിതമായ അലയൊലികള്‍ കാണാം.  
          പ്രവാസികളുടെ പ്രശ്‌നങ്ങള്‍  അര്‍ഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിക്കുന്നതിലും   വിദേശവാര്‍ത്തകള്‍  ജനങ്ങളിലെത്തിക്കുന്നതിലും    മുസ്ലിം പത്രങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍.  പ്രവാസികളുടെ തൊഴിലും വേതനവും ആരോഗ്യവും മറ്റ് ജീവിതസൗകര്യങ്ങളും ഉറപ്പുവരുത്താനും അവരുടെ യാത്രാദുരിതങ്ങള്‍ പരിഹരിക്കാനും  മാധ്യമശ്രദ്ധ കൂടിയേ തീരൂ.  കേരളത്തിലും കേന്ദ്രത്തിലും പ്രവാസി മന്ത്രിമാരുണ്ട്. നോര്‍ക്കെയുണ്ട്. പ്രവാസിക്ഷേമ പദ്ധതികളുണ്ട്. വര്‍ഷംതോറും പ്രവാസി ഭാരതീയ ദിവസ് കെങ്കേമമായി കൊണ്ടാടാറുമുണ്ട്.  ഗള്‍ഫുകാരന്റെ ആതിഥ്യവും പാരിതോഷികങ്ങളും സ്വീകരിക്കുക, പ്രശംസകൊണ്ട് പൊതിയുക എന്നതിലപ്പുറം പ്രവാസികളുടെ സങ്കടങ്ങള്‍  തീര്‍ക്കാന്‍ മാത്രം ആരുമില്ല. നിതാഖാത്ത് ചുഴലിയായി വീശുമ്പോള്‍ കാത്തുരക്ഷിക്കാന്‍ മലിക്കുല്‍ ജബ്ബാറായ രാജസയ്യിദായ അല്ലാഹു തന്നെ വേണ്ടിവരുമെന്നു മാത്രം. 

           1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ രാജ്യത്തെ ഒട്ടമിക്ക ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളും ഫലത്തില്‍ ഫാസിസ്റ്റ് പക്ഷത്തായിരുന്നുവല്ലോ. വിശിഷ്യ ദേശീയപത്രങ്ങള്‍. അതുവരെ  മസ്ജിദിനു വേണ്ടി ശബ്ദിച്ച ചില മുസ്‌ലിം പത്രങ്ങള്‍ പോലും കളംമാറ്റി ചവിട്ടിയപ്പോള്‍ അമ്പരപ്പുതോന്നി.  പള്ളി തകര്‍ക്കപ്പെട്ടതില്‍ ദു:ഖിച്ച ഇന്ത്യന്‍ മുസ്‌ലിംകളെ അക്രമികളായി മുദ്രകുത്തി. പള്ളി തകര്‍ത്തവരെ നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കി അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനാവട്ടെ ചെറുവിരല്‍ അനക്കിയതുമില്ല.

         ബോമ്പെ ഭീകരാക്രണത്തിലെ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടി. പിടിയിലായ പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെ തൂക്കിലേറ്റി.പാര്‍ലമെന്റ് ആക്രമണക്കേസിലെ അവശേഷിച്ച പ്രതിക്കും കോടതി വധശിക്ഷ നല്‍കി. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 22 വര്‍ഷമായി. ഇന്ത്യക്കകത്തും പുറത്തുമുള്ള ദൃശ്യമാധ്യമങ്ങള്‍ രംഗം പകര്‍ത്തിയിരുന്നു. പട്ടാളത്തിന്റെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ നടന്ന സംഭവത്തില്‍ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ല. ഗുജറാത്ത് കലാപത്തില്‍ രണ്ടായിരത്തിലേറെ പേരാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ കശാപ്പുചെയ്യപ്പെട്ടത്. സംഭവത്തിനു ശേഷം  മാധ്യമങ്ങളധികവും മൗനികളായി. നരേന്ദ്രമോഡിയെന്ന കൊലപാതകിയെ തുറന്നുകാട്ടുന്നതിനു പകരം  പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ മത്സരിക്കുകയാണിന്നവര്‍. 

     എഴുപതുകളില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും അതിന്റെ മറവില്‍ തുര്‍ക്കുമാന്‍ഗേറ്റിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അതിക്രമങ്ങള്‍ അരങ്ങേറിയപ്പോഴും ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. 
                          വിശ്വാസങ്ങളും പാരമ്പര്യങ്ങളും മാധ്യമസങ്കല്‍പങ്ങളും  ശിഥിലമാവാന്‍ തുടങ്ങിയത് യഥാര്‍ഥത്തില്‍ അടിയന്തരാവസ്ഥകാലത്താണ്. പവിത്രമെന്ന്  കരുതപ്പെട്ട ഭരണഘടനയും നിയമവാഴ്ചയും വ്യക്തിസ്വാതന്ത്ര്യവും എല്ലാം അട്ടിമറിച്ച് ഒറ്റയാള്‍ ഭരണം സ്ഥാപിക്കപ്പെട്ടത് ഒറ്റ രാത്രി കൊണ്ടായിരുന്നുവല്ലോ. രണ്ടുകൊല്ലം നീണ്ടുനിന്ന സ്വേഛാധിപത്യം നമ്മുടെ ദേശീയനന്മകളെ മുച്ചൂടും തുടച്ചുനീക്കി. ഭരണഘടനയുടെ പരമാധികാരം പുനസ്ഥാപിക്കപ്പെട്ടെങ്കിലും പഴയ അന്തസ്സും അന്തരീക്ഷവും വീണ്ടെടുക്കാനായില്ല. ഒരു തരം വിശ്വാസരാഹിത്യവും  നിന്ദാശീലവും ജനമനസ്സുകളില്‍ സ്ഥാനംപിടിച്ചു. എങ്ങനെയെങ്കിലും സ്വന്തം കാര്യം നേടുക എന്ന  മനോഭാവം രാജ്യത്തുടനീളം വ്യാപിച്ചു. രാഷ്ട്രീയപാര്‍ടികള്‍  വോട്ടിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരായി. പത്രപ്രവര്‍ത്തകരധികവും കമിറ്റഡ് ജര്‍ണലിസ്റ്റുകളുമായി.

           പിന്നോക്ക വിഭാഗങ്ങളുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാക്കിയതിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്ന പ്രധാനമന്ത്രിയാണ് വി പി സിംഗ്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളില്‍ പ്രതീക്ഷയുടെ വേലിയേറ്റം സൃഷ്ടിച്ച മണ്ഡല്‍ കമ്മീഷനെ അകമഴിഞ്ഞ് അംഗീകരിക്കാനല്ല അതിനെതിരെ ഉയര്‍ന്ന സവര്‍ണ സമരങ്ങളെ ഉയര്‍ത്തിക്കാട്ടാനാണ് ദേശീയ മാധ്യമങ്ങള്‍ ശ്രമിച്ചത്. 

          ഷാബാനു ബീഗം കേസ് തികട്ടി വരുന്നു. മുസ്‌ലിം ശരീഅത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസാണത്. വിവാഹമോചിതക്ക് അര്‍ഹമായ നഷ്ടപരിഹാരത്തിന്  അവകാശമുണ്ടെന്ന  ഖുര്‍ആന്‍ നിര്‍ദേശമാണ് വിധിയില്‍ കോടതി ചൂണ്ടിക്കാണിച്ചത്. അങ്ങനെയൊരു സൂക്തം വിശുദ്ധ ഗ്രന്ഥത്തിലുണ്ടെന്ന കാര്യം മതപണ്ഡിതന്മാര്‍  മനസ്സിലാക്കിയത് അപ്പോഴാണ്. മാധ്യമങ്ങള്‍ കേടതിവിധിക്കൊപ്പം നിന്നു.  പുരോഗമന  പ്രസ്ഥാനങ്ങള്‍ കോടതിവിധിയെ സ്വാഗതം ചെയ്തപ്പോള്‍  ചില മുസ്‌ലിം മതസംഘടനകള്‍  ചോദ്യംചെയ്തു. മുസ്‌ലിം സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്ന കോടതിവിധിയെ അവഹേളിക്കുക വഴി ഇസ്ലാം സ്ത്രീവിരുദ്ധമെന്ന സന്ദേശമാണ് മതപൗരോഹിത്യം ഇതുവഴി പകര്‍ന്നു നല്‍കിയത്.

              ഇശ്‌റത്ത് ജഹാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിയും മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ളയുമടക്കം നാലുപേരെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് നിര്‍ദേശിച്ചതു കോടതിയാണ്. ഗുജറാത്തിലും ദല്‍ഹിയിലുമെല്ലാം ഇക്കാലയളവിലുണ്ടായ ഇത്തരം ഏറ്റുമുട്ടലുകളെല്ലാം പൊലീസിന്റെ സൃഷ്ടിയായിരുന്നു. എന്നാല്‍   ആ സത്യം കിളച്ചെടുക്കാന്‍ നമ്മുടെ ്‌കോടതിവിധി വരുന്നതുവരെ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കഴിയാതെ പോയി. മഹാരാഷ്ട്രയിലെ മലേഗാവ് നഗരത്തില്‍ 2006ല്‍ 37 പേര്‍ കൊല്ലപ്പെട്ട  ഭീകരമായ ബോമ്പാക്രമണത്തിനുത്തരവാദികള്‍ മുസ്‌ലിംകളല്ലെന്നും ഹിന്ദുത്വശക്തികളാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ കണ്ടെത്തുന്നതുവരെ മാധ്യമങ്ങള്‍ അവരുടെ ധര്‍മം നിര്‍വഹിച്ചില്ല. പൊലീസും പത്രങ്ങളും ആദ്യം വിരല്‍ചൂണ്ടിയതു  മുസ്‌ലിംകള്‍ക്കെതിരെയായിരുന്നു. മക്കാ മസ്ജിദ്, അജ്മീര്‍, സംജോത എക്‌സപ്രസ് തുടങ്ങിയ സ്‌ഫോടനങ്ങളിലും ഇതു തന്നെ സംഭവിച്ചു. കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടും ജയിലിലടക്കപ്പെട്ട നിരപരാധികളെ തുറന്നുവിട്ടില്ല.

             ശിവസേന നേതാവ് ബാല്‍താക്കറെ മരിച്ചപ്പോള്‍ മുംബൈ നഗരത്തില്‍ ബന്ദാചരിച്ചതിനെതിരെ  ഫേസ്ബുക്കില്‍ പ്രതികരിച്ച രണ്ടു പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റുചെയ്യുകയുണ്ടായി. ബന്ദിനെതിരെ ഷഹീന്‍ ദാദ എഴുതിയ വാചകങ്ങള്‍ ഒട്ടും പ്രകോപനപരമായിരുന്നില്ല.  അറസ്റ്റിനെതിരെ ഇന്ത്യയൊട്ടുക്കും പ്രതിഷേധം അലയടിച്ചു. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ടേയ കാട്ജു പെണ്‍കുട്ടികളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും റദ്ദാക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും  മുന്നറിയിപ്പ് നല്‍കി. കുട്ടികളില്‍ ഒരാള്‍ മലയാളിയായിരുന്നിട്ടും  മലയാള പത്രങ്ങള്‍ ഈ വിഷയത്തില്‍ മുഖംതിരിച്ചകളഞ്ഞു. ബാല്‍ താക്കറെ മരിമരിച്ചപ്പോള്‍ അപദാനങ്ങള്‍ വാനോളം വാഴ്ത്തിയ  പത്രങ്ങള്‍ ഈയൊരു നിലപാട് സ്വീകരിച്ചതില്‍ അത്ഭുതമൊന്നും തോന്നിയില്ല.  എല്ലാ ക്രൂരതകളും ആസൂത്രണം ചെയ്യുന്നതാരാണെന്ന് നന്നായറിയുന്നത് നമ്മുടെ മാധ്യമങ്ങള്‍ക്കാണ്. ഗുജറാത്തില്‍, കശ്മീരില്‍, മണിപ്പൂരില്‍, മുസഫര്‍ നഗറില്‍, ഛത്തീസ്ഗഡില്‍, നാഗാലാണ്ടില്‍, ഒഡീഷയില്‍. എല്ലായിടത്തും ആദിവാസികള്‍, ദലിതര്‍, മുസ്‌ലിംകള്‍ , അവശ ക്രൈസ്തവര്‍ എന്നിങ്ങനെ ഇരകള്‍ പലതാണെങ്കിലും വേട്ടക്കാര്‍ ഒന്നുതന്നെ. 

         ദൃശ്യമാധ്യമങ്ങളുടെ കാലികപ്രസക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു മുംബൈയില്‍ 195 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം. 60 മണിക്കൂര്‍ നീണ്ട ആക്രമണം 60 മണിക്കൂറും ദൃശ്യമാധ്യമങ്ങള്‍ ലൈവായി  അവതരിപ്പിച്ച് നടുക്കി, കരയിപ്പിച്ച് പ്രക്ഷോഭിപ്പിച്ച് പ്രേക്ഷകരോടുള്ള പ്രതിബദ്ധത തെളിയിച്ചു. വാര്‍ത്തകള്‍ എന്നും മനുഷ്യന്റെ ജീവവായുവാണ്. അറിയാനുള്ള അവകാശം ഫണ്ടമെന്റല്‍ റൈറ്റ്‌സില്‍ ഉള്‍പ്പെടുത്തിയതു തന്നെ ഈ ജീവധാരണ ഉപാധിയുടെ പ്രസക്തി ഉള്‍ക്കൊണ്ടാണ്. നിയമസംവിധാനവും ജുഡീഷ്യറിയും ഉണ്ടെങ്കിലും മാധ്യമജാഗ്രത തന്നെയാണ് നീതി ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ ഫോര്‍ത്ത് എസ്റ്റേറ്റായത്.

         മതഭീകരതയുടെ ഇരയായി നാടുകടത്തപ്പെട്ട മഹാനായ ചിത്രകാരനായിരുന്നുവല്ലോ എം എഫ് ഹുസൈന്‍. ജനിച്ച മണ്ണിലേക്ക് മടങ്ങിവരാന്‍ അഗാധമായി മോഹിച്ചപ്പോഴും ഒരു കൈ സഹായം ആരില്‍നിന്നും  ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട അദ്ദേഹത്തിനു ലഭിച്ചില്ല.  അദ്ദേഹത്തിന്റെ അമൂല്യമായ ചിത്രങ്ങള്‍ മുഴുവന്‍ ചുട്ടെരിക്കപ്പെട്ടു.  വീടാക്രമിച്ചു. ഹുസൈനെതിരെ രാജ്യാന്തര കാമ്പയിന്‍  സംഘടിപ്പിച്ചു. വധഭീഷണി മുഴക്കി.  ആരെയും അപമാനിക്കാന്‍  ഹുസൈന്‍ മന:പൂര്‍വം ശ്രമിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടും  ഫാസിസ്റ്റുകള്‍ പിന്തിരിഞ്ഞില്ല.  ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നാടുവിട്ട് ഖത്തറില്‍ അഭയംതേടി. അവസാനം  വിദേശിയായി, പ്രവാസിയായി ഗള്‍ഫിന്റെ മണ്ണില്‍ ഒടുങ്ങിയപ്പോള്‍ നാണംകെട്ടത് ഭാരതത്തിലെ 120 കോടി ജനങ്ങളാണ്. നമ്മുടെ മാധ്യമങ്ങളും സര്‍ക്കാരും ഹുസൈനൊപ്പം നിന്നിരുന്നുവെങ്കില്‍ ലോകം ആദരിച്ച  ആ മഹപ്രതിഭക്ക് ഈ ഗതി വരില്ലായിരുന്നു.
  
      ലൗ ജിഹാദെന്ന അടിസ്ഥാനരഹിതവും എന്നാല്‍ സ്‌ഫോടനാത്മകവുമായ ആരോപണം സംഘ്പരിവാര്‍ കരുപ്പിടിപ്പിച്ചെടുത്തിട്ട് നാളേറെയായില്ല. അതേറ്റെടുക്കാനും മാധ്യമങ്ങളുണ്ടായി. കേരളകൗമുദിയും മനോരമയും മാതൃഭൂമിയും കേരളശബ്ദവും  പ്രചാരകരായി.  വാര്‍ത്ത ഹിന്ദു ജനജാഗ്രത് സമിതി എന്ന വെബ്‌സൈറ്റില്‍  ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു.  4000 പെണ്‍കുട്ടികളെ ജിഹാദി റോമിയോമാര്‍ പ്രണയം നടിച്ച് മതംമാറ്റിയെന്നായിരുന്നു വാര്‍ത്ത.  നാട്ടില്‍ നടക്കുന്ന അനേകം പ്രണയങ്ങളല്‍ ഒന്നിനെയാണ്  ലൗ ജിഹാദ് പ്രചാരകര്‍ മാരകവിഷം പുരട്ടി ആയുധമാക്കിയത്. ആ സത്യം അവസാനം പുറത്തുവന്നിട്ടും മാധ്യമങ്ങള്‍ തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. 

             പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയുടെ അറസ്റ്റിന്റേയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ച് ചെന്ന തെഹല്‍ക്ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും  മാധ്യമങ്ങളും എങ്ങനെയായിരുന്നു പ്രതികരിച്ചത്? മഅദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടുപേരെ  കണ്ട് വാര്‍ത്ത ശേഖരിക്കുകയും  തെഹല്‍ക്കയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന്  പുരോഗമനവാദി കൂടിയായ ഷാഹിനയെ എല്ലാവരും ചേര്‍ന്ന് തീവ്രവാദിയാക്കി.   പിന്തുണക്കാന്‍ ചില മലയാള മാധ്യമങ്ങളുമുണ്ടായി.   ഇത് ഷാഹിനക്കെതിരെ എന്നതിനപ്പുറം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി കാണാന്‍ ആരും സന്നദ്ധമായില്ല. ഭരണകൂടം പറയുന്നത് മാത്രം അനുസരിക്കുക, അതു മാത്രം റിപ്പോര്‍ട്ട് ചെയ്യുക എന്ന അടിയന്തരാവസ്ഥയുടെ പ്രേതമാണ് ഇവിടെ  പുനര്‍ജനിച്ചത്.   കേരളത്തിലെ മാധ്യമങ്ങള്‍ ഏത് തരത്തിലാണ് പ്രശ്‌നങ്ങളെ സമീപിക്കുന്നത് അഥവാ സമീപിക്കാതിരിക്കുന്നത് എന്ന് പരിശോധിക്കുന്നതിനു ഷാഹിനാ കേസു ഉചിതമായ ഉദാഹരണമാണ്.

         കശ്മീര്‍ ഭീകരരുടെ മലയാളിബന്ധം മുസ്‌ലിംവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും. സക്കറിയയും ബാലചന്ദ്രന്‍ ചൂള്ളിക്കാടുമെല്ലാം ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിജസ്ഥിതി മാധ്യമങ്ങളായിരുന്നു അന്വേഷിക്കേണ്ടിയിരുന്നത്. മരിച്ച മലയാളികളുടെ മൃതശരീരങ്ങള്‍ക്ക് എന്തു സംഭവിച്ചു. ജഡങ്ങളുടെ   ഫോട്ടോകള്‍ പോലും സംഘടിപ്പിക്കാനായില്ല. നമ്മുടെ സൈനികരാണല്ലോ  അവരെ വെടിവെച്ചു വീഴ്ത്തിയത്. രാജ്യരക്ഷാ മന്ത്രാലയത്തിന്റെ പക്കല്‍  ഫോട്ടോകള്‍ ഉണ്ടാവണം. ഇല്ലെങ്കില്‍  സംഭവത്തില്‍ ദുരൂഹതയുണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്? 

            ഇസ്‌ലാമിക വീക്ഷണ പ്രകാരം വിവാഹം ഒരു കര്‍മശാസ്ത്ര വിഷയമല്ല. സാംസ്‌കാരിക പ്രക്രിയയും സാമൂഹികദൗത്യവുമാണ്. രണ്ട് വ്യക്തികള്‍  ഒന്നു ചേര്‍ന്ന് മെച്ചപ്പെട്ട ഒരു സംസ്‌കൃതിക്ക് അസ്ഥിവാരമിടുകയാണ്. വിദ്യാഭ്യാസമാകട്ടെ എല്ലാ മേഖലകളെയും പ്രഭാപൂരിതമാക്കുന്ന പ്രക്രിയയാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെടുന്നത് പെണ്‍കുട്ടികളല്ല. പുരുഷന്മാരാണ്. ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ പഠനവും ആവശ്യമെങ്കില്‍ തൊഴില്‍ സമ്പാദനവും കഴിഞ്ഞ് ശാരീരികവും മാനസികവുമായ പക്വതയും യോഗ്യതയും കൈവരിച്ച ശേഷമാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുക. ജീവിതത്തിന്റെ പരമമായ ലക്ഷ്യം വിവാഹമാണെന്ന വികലമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനാണ് മുസ്‌ലിം പൗരോഹിത്യം ശ്രമിക്കുന്നത്. മതസംഘടനകളും അവരുടെ പ്രസിദ്ധീകരണങ്ങളും ഈ വഴിക്കു തന്നെയാണ് സഞ്ചരിക്കുന്നതും.

           വേവുന്ന മനസ്സുകള്‍ക്ക് ശാന്തിപകരാന്‍  ആര്‍ക്കു കഴിയും എന്നതാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. കമ്മ്യൂണിസ്റ്റുകള്‍ ആത്മാര്‍ഥത പ്രകടിപ്പിച്ച  ചുരുക്കം സന്ദര്‍ഭങ്ങള്‍  തീര്‍ച്ചയായും ഉണ്ട്. കേരളത്തില്‍ ഭരണസിരാകേന്ദ്രം സല്യൂട്ട് ചെയ്യുന്ന പോസ്റ്റുകളില്‍  മുസ്‌ലിംകളെ വാഴിച്ചവരുടെ പട്ടികയില്‍ പ്രഥമസ്ഥാനം സഖാവ് ഇ എം എസിനാണ്. 1957ല്‍ അധികാരത്തില്‍ വന്ന  പ്രഥമ സര്‍ക്കാരില്‍ ടി എ മജീദിനെ മന്ത്രിയാക്കിയതും കെ ഒ അയിഷാഭായിയെ    ഡപ്യൂട്ടി സ്പീക്കറാക്കിയതും  സഖാക്കളാണ്. വി അബ്ദുല്ലയെ ചീഫ് സെക്രട്ടറിയാക്കിയതും സി ഒ ടി കുഞ്ഞിപ്പക്കിയെ  പി എസ് സി മെമ്പറാക്കിയതും ടി പി കുട്ട്യാമുവിനെ ചീഫ് എഞ്ചിനീയറാക്കിയതും മറ്റാരുമല്ല. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിംകള്‍ക്ക് പത്തു ശതമാനം സംവരണം അനുവദിച്ച രാജ്യത്തെ തന്നെ ആദ്യത്തെ ഗവണ്‍മെന്റാണ് 57ലേത്. മലബാര്‍ സ്‌പെഷല്‍ പൊലീസില്‍  മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അത് പുനസ്ഥാപിച്ചതും ഇ എം എസാണ്.  1921ലെ  മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചു. അതില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷനും നല്‍കി. പള്ളികള്‍ പണിയാന്‍ പ്രത്യേക അനുമതി വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ അത് പിന്നീട് പുനസ്ഥാപിച്ചുവെന്നത് മറ്റൊരു കാര്യം.

            കേരള മുസ്‌ലിംകള്‍ക്ക് വേണ്ടി ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു സി എച്ച് മുഹമ്മദുകോയ. സ്വന്തം കാലത്തോട് സംവദിക്കാനുള്ള രാഷ്ട്രീയബോധവും ഇച്ഛാശക്തിയും പത്രപ്രവര്‍ത്തന്‍ കൂടിയായ അദ്ദേഹത്തിനുണ്ടായിരുന്നു. സി എച്ചിന്റെ സംഭാവനയായി ലീഗുനേതൃത്വം ഇന്ന് ഉയര്‍ത്തിക്കാട്ടുന്ന നേട്ടങ്ങളഖിലവും  1967ലെ ഇ എം എസ് മന്ത്രിസഭയില്‍ ഇരുന്നുകൊണ്ടാണ് അദ്ദേഹം  നേടിയെടുത്തത.് മലപ്പുറംജില്ല രൂപീകരിച്ചതും അറബി ഭാഷാ പഠനം സംസ്ഥാനമാകെ വ്യാപിപ്പിച്ച്  ആയിരക്കണക്കിന് അറബി അധ്യാപകരെ നിയമിച്ചതുംം കലിക്കറ്റ് യൂണിവാഴ്‌സിറ്റി യാഥാര്‍ത്ഥ്യമാക്കിയതും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക്  സ്‌കോളര്‍ഷിപ്പ് അനുവദിച്ചതുമെല്ലാം അക്കാലത്തായിരുന്നു. അതിനു ശേഷം വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍  ലീഗിന് സജീവ പങ്കാളിത്തമുണ്ടായിരുന്നെങ്കിലും അതിന്റെ ഗുണം ലഭിച്ചതത്രയും സമുദായത്തിലെ സമ്പന്നര്‍ക്ക് മാത്രമാണ്.

             ഫാസിസ്റ്റ് ഭീഷണിയില്‍നിന്നുള്ള ശാശ്വതമോചനം  ന്യൂനപക്ഷങ്ങളെ സംബന്ധിച്ചെടുത്തോളം അനുപേക്ഷണീയം തന്നെ. അതിനേക്കാള്‍ മുഖ്യം അവരുടെ അഭിമാനകരമായ അസ്തിത്വമാണെന്നറിയണം. സാമ്പത്തിക-സാംസ്‌കാരിക-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍  കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്തിടത്തോളം കാലം അസ്തിത്വം അപമാനകരമായി തന്നെ തുടരും. ഭീകരവാദികളെന്ന ദുഷ്‌പേരാണ് മറ്റൊന്ന്. ഇന്ത്യയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ ശോചനീയമാണ്  മുസ്‌ലിംകളുടെ അവസ്ഥെയെന്ന് കണ്ടെത്തിയത് സച്ചാര്‍ കമ്മിറ്റിയാണ്. കേരളമാണ് തമ്മില്‍ ഭേദം.  അത്    ഏതെങ്കിലും മതസംഘടനകളുടേയോ രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ ഭരണകൂടത്തിന്റെയോ ഔദാര്യം മൂലം ലഭിച്ചതല്ല.  പരസഹസ്രം പ്രവാസികള്‍ ഗള്‍ഫുനാടുകളില്‍ വിയര്‍പ്പൊഴുക്കിയതിന്റെ ഫലമാണത്. ഗള്‍ഫിന്റെ  അനുഗ്രഹമില്ലാതിരുന്നുവെങ്കില്‍  മുസ്‌ലിംകളുടെ മാത്രമല്ല കേരളത്തിന്റെ സ്ഥിതി തന്നെ  അത്യന്തം ശോചനീയമായേനേ. 

            മുസ്‌ലിംകള്‍ കേരളത്തില്‍ വിശിഷ്യ മലബാറില്‍ ശ്രദ്ധേയമായ ഒരു ജനവിഭാഗമാണ്. ദേശീയപ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയവ ആദ്യകാലം മുതല്‍ക്കേ അവിടെ സ്വാധീനം ചെലുത്തുകയുണ്ടായി. കര്‍ഷപ്രസ്ഥാനം ആരംഭിച്ചതും മലബാറിലാണ്.  വിദേശക്കോയ്മയുടെ ആദ്യത്തെ വിത്തുവീണതും മലബാറില്‍ തന്നെ. വാസ്‌ക്കോഡഗാമയുടെ കാലംതൊട്ട് ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഇങ്ങേയറ്റം വരെ പലവിധത്തില്‍  ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും വിദേശികള്‍ക്കുമെതിരെ അവര്‍  സുധീരം പൊരുതിയിട്ടുണ്ട്.  മാപ്പിളകലാപങ്ങള്‍ എന്നു ചരിത്രം പേരിട്ടു വിളിച്ച പൊട്ടിത്തെറികശ് ഏറെയുണ്ടായി.  1921 ലെ മലബാര്‍ കലാപം തന്നെ ഏറ്റവും വലിയ ഉദാഹരണം. ഈ പശ്ചാത്തലത്തില്‍ മലബാര്‍ മുസ്‌ലിംകള്‍ സ്വാഭാവികമായും ഇടതുപക്ഷത്തോട് തോളൊത്ത് നില്‍ക്കേണ്ടതായിരുന്നില്ലേ? അങ്ങനെ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണ്? ആ ചരിത്രവസ്തുത നൂറ്റാണ്ട് പിന്നിട്ടിട്ടും പരിശോധനവിധേയമായില്ല. മതപണ്ഡിതന്മാര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയ രീതി  വളരെ പ്രധാനപ്പെട്ടതാണ്.  കമ്യൂണിസ്റ്റ് നേതാക്കളും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മതസമൂഹങ്ങളോടുള്ള അവരുടെ സമീപനം ആരോഗ്യകരമായിരുന്നില്ല.

       ചെയ്യാവുന്ന  കാര്യമുണ്ടായിരുന്നു. താരതമ്യേന പുരോഗമനവീക്ഷണമുള്ളവര്‍  നേതൃത്വംകൊടുക്കുന്ന നവോത്ഥാനപ്രസ്ഥാനങ്ങളെ കണ്ടറിയുകയും അവയ്ക്ക് ക്രിയാത്മപിന്തുണ നല്‍കുകയും ചെയ്യുക.  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ഈ വഴിക്ക് ഒട്ടും ചിന്ത പോയില്ല.  അത്തരം ഒരു പശ്ചാത്തലം ഇല്ലാതിരുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരില്‍നിന്നുണ്ടായ ശരീഅത്ത് വിമര്‍ശനങ്ങള്‍ (1984-87) വീറോടെ എതിര്‍ക്കപ്പെട്ടത്.

           വര്‍ഗരാഷ്ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സ്വത്വരാഷ്ട്രീയം പരിഗണിക്കാന്‍ പരിമിതികള്‍ കാണും. എന്നാല്‍ ജാതി സംഘര്‍ഷങ്ങളിലും മതസ്പര്ധകളിലും ഉച്ഛനിചത്വങ്ങളിലും കീറിമുറിഞ്ഞ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളും ദലിതരും ആദിവാസികളും നേരിടുന്ന സ്വത്വപ്രശ്‌നങ്ങള്‍ അതീവ രൂക്ഷമാണ്. വൈകിയാണെങ്കിലും ആ നഗ്നയാഥാര്‍ഥ്യം മാര്‍ക്‌സിസ്റ്റു പാര്‍ട്ടി തിരിച്ചറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇടതുപക്ഷം തന്നെ ഒരു ന്യൂനപക്ഷമാണല്ലോ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കും മര്‍ദിതര്‍ക്കും ഒപ്പമാണ് ഇടതുപക്ഷം നിലയുറപ്പിക്കേണ്ടതും. ഇനി നരേന്ദ്രമോഡിയുടെ കാലമാണ്. മഹാഭൂരിപക്ഷം കോര്‍പ്പറേറ്റ് മാധ്യമങ്ങളും അദ്ദേഹത്തോടൊപ്പമാണ്. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ മോഡിതരംഗം സൃഷ്ടിക്കാന്‍ ബി ജെ പിയേക്കാള്‍ വാശി മാധ്യമ കോര്‍പ്പറേറ്റുകള്‍ക്കാണ്. ചില മലയാളപത്രങ്ങളും ആ വഴിക്കാണ് ചിന്തിക്കുന്നത്. ഇടതുപക്ഷത്തിന്റെ ജാഗ്രത ഇവിടെ അനിവാര്യമായിരിക്കുന്നു.

        അതുകൊണ്ട് പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക അത്ര എളുപ്പമുള്ള കാര്യമാണെന്ന് കരുതരുത്. അവരുടെ ജീവന്മരണ പ്രശ്‌നങ്ങള്‍ക്ക്  ഒരു കോണില്‍നിന്നും  ഇന്നോളം വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. എല്ലാവരുടെയും കണ്ണ് അവരുടെ വോട്ടുബാങ്കില്‍ മാത്രമാണ.്  സി പി എം ആദിവാസി ക്ഷേമസമിതിയും  പട്ടികജാതി ക്ഷേമസമിതിയും മുസ്‌ലിം കൂട്ടായ്മയും സംഘടിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ബൂര്‍ഷ്വാപാര്‍ടികള്‍ ഈ ആരോപണവുമായി രംഗത്തുവരും.
  
                     മതന്യൂനപക്ഷങ്ങള്‍ക്കെതിരെ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. മീഡിയ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. മാധ്യമങ്ങളുടെ   വിഷയനിര്‍ണയങ്ങളിലാണെങ്കില്‍  എപ്പോഴും പിന്തള്ളപ്പെടുന്ന ജനവിഭാഗമാണ് ന്യൂനപക്ഷങ്ങള്‍. അവരര്‍ഹിക്കുന്ന ഇടം പത്രങ്ങളും ചാനലുകളും അനുവദിക്കാറില്ല.  അവര്‍ നടത്തുന്ന ചെറുത്തുനില്‍പുകളെ മതസൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും സൗകര്യങ്ങളുപയോഗിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങളായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ലോകമെമ്പാടും ഇതു തന്നെ ആവര്‍ത്തിക്കപ്പെടുന്നു.

       വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക 'മുസ്‌ലിം ഭീകരത' ഉയര്‍ത്തിക്കാട്ടി ലോകരാഷ്ട്രങ്ങളെ ചേര്‍ത്തുപിടിച്ചപ്പോള്‍ അതിന്റെ ശക്തരായ പ്രചാരകരായി മാറി ഇന്ത്യന്‍  മാധ്യമങ്ങളും.  ഫാസിസ്റ്റുകളോടൊപ്പം ചേര്‍ന്ന്  ഇന്ത്യന്‍ മുസ്‌ലിംകളെയും അവര്‍ തീവ്രവാദികളാക്കി.  തീവ്രവാദം ഒരു മതമല്ല. എല്ലാ വിഭാഗങ്ങളിലും അതുണ്ട്. രാഷ്ട്രീയപാര്‍ട്ടികളിലും അത്തരക്കാരെ കാണാം. എന്നാല്‍ മുസ്‌ലിംകളെ മാത്രം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് ഇതേ തുടര്‍ന്ന് കാര്യങ്ങളെത്തിയത്.

          മീഡിയ വിവിധ രീതിയിലാണ്. പലതും മുന്‍കൂട്ടി തീരുമാനിക്കുന്നു. ശരി തെളിഞ്ഞാല്‍ പോലും തിരുത്തുകയില്ല. ഒരു കാരണം മുസ്‌ലിംകള്‍ തന്നെയാണ്. പകരം വന്ന മുസ്‌ലിം പത്രങ്ങളാവട്ടെ അതും ഏകപക്ഷീയമാണ്. മനുഷ്യരുടെ കാര്യമാണ് സത്യത്തില്‍ എല്ലാവരും പറയേണ്ടത്.  മനുഷ്യരുടെ കാര്യം പറയുമ്പോള്‍ അതില്‍ മുസ്‌ലിംകളും ദലിതരും ആദിവാസികളും കൃസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം പെടും. മുസ്‌ലിം പത്രങ്ങള്‍ മുസ്‌ലിംകളുടെ കാര്യം മാത്രമാണ് പറയുന്നത്.  മുസ്‌ലിംകള്‍ പൊതു സമൂഹത്തിന്റെ ഭാഗമായാല്‍ പ്രശ്‌നം തീരും.  വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. അറബ് പ്രവിശ്യകളോടും അറബ് സംസ്‌കാരത്തോടും മുസ്‌ലിംകള്‍ പ്രത്യേക മമത കാണിക്കുന്നു. ഇതിന്റെ ആവശ്യമില്ല. കാരണം ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മാനവരാശിയെയാണ്. മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ ശരി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. മുസ്‌ലിംകള്‍ യഥാര്‍ഥ മുസ്‌ലിംകളാകുമ്പോള്‍  കാലവും ലോകവും പത്രങ്ങളും അവരെ പിന്തുണക്കാതിരിക്കില്ല.

          മുസ്‌ലിം ഐക്യസംഘം എന്ന ബുദ്ധിജീവി കൂട്ടായ്മ തുടങ്ങിവെച്ച വിദ്യാഭ്യാസ നവീകരണത്തിനു തുടര്‍ച്ച സമ്മാനിച്ചത് പ്രവാസികളാണ്. ഇതര മതസ്ഥരായ പ്രവാസികള്‍  മക്കളുടെ വിദ്യാഭ്യാസത്തില്‍ പ്രകടിപ്പിക്കുന്ന ശുഷ്‌ക്കാന്തിയാണ് മുസ്ലിംകളുടെ കണ്ണുതുറപ്പിച്ചത്.   ചരിത്രാതീത കാലം മുതല്‍ വിദ്യാഭ്യാസം കുത്തകയാക്കിവെച്ച സമുദായങ്ങള്‍ക്കൊപ്പമെത്താന്‍ രണ്ടുപതിറ്റാണ്ട് കൊണ്ട് മുസ്‌ലിം യുവത്വത്തിനു കഴിഞ്ഞിരിക്കുന്നു. ആധുനികവിദ്യാഭ്യാസത്തോട് ഇക്കാലമത്രയും പുറംതിരിഞ്ഞുനിന്ന  ഒരു ജനവിഭാഗം അതിതരസാധാരണമായ ചരിത്രമാണ് ഇതുവഴി സൃഷ്ടിച്ചിരിക്കുന്നത്. ഇംഗ്‌ളീഷ് നരകത്തിലെ ഭാഷയാണെന്നും പെണ്‍കുട്ടികള്‍ പഠിക്കാതെ അടുക്കളയില്‍ ഒതുങ്ങിക്കഴിയണമെന്നും ഫത്ത്‌വ പുറപ്പെടുവിച്ചവരുടെ  സകല വിലക്കുകളും അതിജീവിച്ചുകൊണ്ടാണ് ഈ മുന്നേറ്റം. ആവേശകരമായ ഈ മുന്നേറ്റത്തിന്റെ അലയൊലി ഇനി എല്ലാ രംഗത്തുമുണ്ടാവും. വിവാഹപ്രായ പരിധി വിവാദത്തില്‍  മതപൗരോഹിത്യത്തെ അവര്‍ നിഷ്‌ക്കരുണം നിരാകരിച്ചില്ലേ? മതാധിഷ്ഠിത അജണ്ടകളില്‍ മാത്രം ഇനിയവരെ തളച്ചിടാനാവില്ല. ആധുനിക മതേതരവീക്ഷണം പുലര്‍ത്താനവര്‍ക്ക് കഴിയും. സ്വതന്ത്രവീക്ഷണമുള്ള കലാകാരന്മാരും എഴുത്തുകാരും ബുദ്ധിജീവികളും അവര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവരും. സ്വസമുദായത്തില്‍ മാത്രമല്ല പൊതു സമൂഹത്തിലും നിര്‍ണായക സ്വാധീനം ചെലുത്താനവര്‍ക്ക് സാധിക്കും. ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് മാധ്യമങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ്. അവരത് ചെയ്യുമെങ്കില്‍ ഈ ദുനിയാവ് തന്നെ സ്വര്‍ഗമാവും. സംശയമില്ല.   ===    ശുഭം  ====

Related Posts Plugin for WordPress, Blogger...