Thursday, April 28, 2011

ഈ നശീകരണ യജ്ഞം ആര്‍ക്കു വേണ്ടി


          ജനാഭിലാഷത്തിന്റെ അവസാന ശേഷിപ്പുകളെ തുടച്ചുനീക്കുന്ന നടപടിയായിപ്പോയി ഇന്ത്യയുടേത്. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ യോഗത്തില്‍ ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ അനുകൂല നീക്കം തീയാളുന്ന മനസ്സോടെയാണ് ഓരോ ഭാരതീയനും ശ്രവിച്ചിട്ടുണ്ടാവുക. സ്വന്തം മണ്ണിലെ ഇരകളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച് എന്‍ഡോസള്‍ഫാനുവേണ്ടി പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയില്‍ ഒറ്റപ്പെട്ടതില്‍ തീര്‍ച്ചയായും നമുക്ക് ആഹ്‌ളാദിക്കാം. ഇന്ത്യയുടെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നതും നിരോധത്തെ എതിര്‍ത്ത ചൈന നിഷ്പക്ഷ സ്വരത്തില്‍ സംസാരിച്ചതും വിപത്തുകളുടെ ഗൂഢമന്ത്രം ജപിച്ചു കഴിയുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ കടുത്ത ആരോഗ്യ-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിന് തെളിവില്ലെന്ന് അവകാശപ്പെടുന്ന ഏഴാമത് ഖണ്ഡിക ഒഴിവാക്കാതെ ഇന്ത്യയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍, ബഹറൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കുകയുണ്ടായി. നിരോധനത്തെ ശക്തമായി എതിര്‍ത്ത് ഏഷ്യ-പസഫിക് ഗ്രൂപ്പ് യോഗത്തില്‍ ഇന്ത്യ വിതരണംചെയ്ത കരടു പ്രസ്താവന ഗ്രൂപ്പിന്റെ പൊതുപ്രസ്താവനയായി അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ഇതോടെ പാളുക മാത്രമല്ല ഇതര രാജ്യങ്ങള്‍ക്കിടയില്‍ നാം തികച്ചും ഒറ്റപ്പെടുകയും ചെയ്തു.

          എന്‍ഡോസള്‍ഫാന്‍ ദേശീയ തലത്തില്‍ നിരോധിക്കാനുള്ള സമ്മര്‍ദം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ശക്തമായിരിക്കെ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായംപോലും ആരായാതെയാണ് സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യ ജനവികാരത്തെ പുല്ലുപോലെ ചവിട്ടി മെതിച്ചത്. ജനങ്ങള്‍ ഏങ്ങലടിക്കുമ്പോള്‍ കരുണക്ക് വേണ്ടി യാചിക്കുമ്പോള്‍ ശാപഗ്രസ്തമായ സമീപനമാണ് ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസും ഘടകകക്ഷികളും സ്വീകരിക്കുന്നത്. ഈ കീടനാശിനിയുടെ നിരോധനത്തിനായി കേരള മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉപവാസമിരുന്നത് സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ലോകരാഷ്ട്രങ്ങളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ മൂലം ആയിരത്തോളം പേര്‍ മരിക്കുകയും പതിനായിരത്തിലേറെ പേര്‍ ദുരിതത്തിലാവുകയും ചെയ്ത കാസര്‍കോടിന്റെ അനുഭവം കേട്ടപ്പോള്‍ യോഗത്തില്‍ സംബന്ധിച്ച വിദേശരാജ്യങ്ങള്‍ ഞെട്ടി. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ സ്വതന്ത്ര നിരീക്ഷകനായി സി ജയകുമാറിന്റെ പ്രസംഗം ആഫ്രിക്കന്‍, സൗത്ത് അമേരിക്കന്‍, യുറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ വളരെ ആകാംക്ഷയോടെയാണ് ശ്രവിച്ചത്.

          എന്‍ഡോസള്‍ഫാന്റെ പ്രധാന ഉത്പാദകരായ അമേരിക്കപോലും ഈ വിഷം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്താണെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറമെ പരിസ്ഥിതി, സാംസ്‌കാരിക സംഘടനകള്‍, ബുദ്ധിജീവികള്‍, മതമേലധ്യക്ഷന്മാര്‍, മാധ്യമങ്ങള്‍ തുടങ്ങി എല്ലാവരും അതിശക്തമായി എതിരാണ്. എന്നിട്ടും സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ പാപത്തിന്റെ പടുകുഴിയില്‍ ചെന്നുചാടുന്നത് ആര്‍ക്കുവേണ്ടിയാണ്. അഴിമതി ഒരാജ്ഞത രോഗം പോലെ കാര്‍ന്നുതിന്നുന്ന ഭരണകൂടം കീടനാശിനിയുടെ കാര്യത്തിലും ജനവിരുദ്ധ സമീപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏഷ്യ-പസഫിക് യോഗത്തില്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കുക മാത്രമല്ല മറ്റ് അംഗരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഈ നീക്കത്തില്‍ രാജ്യം ജയിച്ചാലും തോല്‍ക്കുന്നത്  ജനങ്ങളാണെന്ന വസ്തുത  ബോധപൂര്‍വം വിസ്മരിക്കുന്നത്  എത്രമാത്രം വിപല്‍ക്കരവും ഉല്‍ക്കണ്ഠാജനകവുമാണ്.

          എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളില്‍ ഏറ്റവും പ്രധാനം കേരളത്തിലെ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതാണ്. ഭോപാല്‍ ദുരന്തത്തേക്കാള്‍ ഭീകരമായ ദുരന്തം കാസര്‍കോട്ട് സംഭവിച്ചിട്ട് പത്തുവര്‍ഷത്തിലധികമായി. എന്നിട്ടും പ്രധാനമന്ത്രിയുടെ അജണ്ടയില്‍ അത് വന്നില്ല. ആകെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ ഉറപ്പ് മന്‍മോഹന്‍ സിംഗ് കേരളം സന്ദര്‍ശിക്കാന്‍ സമ്മതിച്ചുവെന്നത് മാത്രമാണ്. ലോകത്തെ  ഞെട്ടിച്ച ഒരു ദുരന്തം അതും സര്‍ക്കാരിന്റെ ഒത്താശയില്‍ സംഭവിച്ചതായിട്ടും ഏഴുവര്‍ഷമായി ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി കേരളത്തില്‍ പലതവണ വന്നിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകളെ തിരിഞ്ഞുനോക്കാന്‍ സമയം കണ്ടില്ല.

         ഇന്ത്യ മുഴുവന്‍ എട്ടുവര്‍ഷമായി ചര്‍ച്ച ചെയ്യുന്നത് എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകളാണ്. യു എന്‍ കണ്‍വെന്‍ഷനുകളിലും ഇത് സജീവ ചര്‍ച്ചാവിഷയമാണ്. അതിന്റെ അവസാനത്തെ പരിണതിയും പരിഹാരവുമാണ് സ്റ്റോക്‌ഹോമില്‍ നടക്കുന്നത്. ഈ കണ്‍വെന്‍ഷനില്‍ തീരുമാനിക്കപ്പെടേണ്ടത് നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയായ അനുബന്ധം എ യില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്തുക എന്നതാണ്. അത് അനുബന്ധം ബി യിലാണെങ്കില്‍ നിയന്ത്രണ വിധേയമായ ഉപയോഗത്തിനുള്ള ശിപാര്‍ശ മാത്രമേ ആകൂ. അനുബന്ധം എ യില്‍ പെടുത്താതെ പോയാല്‍ അടുത്ത പത്തുവര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ നിരോധം ഉണ്ടാവില്ല. ഈ വസ്തുതകളൊന്നും അറിയാത്തവരാണോ നമ്മുടെ ഭരണാധികാരികള്‍? 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...