Friday, December 10, 2010

വാരാണസി സ്‌ഫോടനം

ചരിത്രത്തില്‍നിന്ന് പാഠംപഠിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ഇനിയും തയാറാവുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉത്തരപ്രദേശിലെ വാരാണസിയിലുണ്ടായ സംഭവം. വൈകാരിക സ്‌ഫോടനങ്ങള്‍ക്ക് വഴിവെക്കുന്ന നിരവധി സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടിട്ടും വിഭാഗീയതയുടെയും സംഘര്‍ഷത്തിന്റെയും മൂര്‍ഖന്മാര്‍ തലപൊക്കുന്നത് തടയാനാവുന്നില്ല. വാരാണസി കാശി വിശ്വനാഥക്ഷേത്രത്തിനു മുന്നിലുള്ള ഗംഗാനദിയിലെ ശീതളഘട്ടിലുണ്ടായ സ്‌ഫോടനത്തില്‍ മരണം ഒന്നു മാത്രമാണെങ്കിലും വര്‍ഗീയാഗ്നി ആളിപ്പടരാനും അനേകം ജീവനുകള്‍ അപഹരിക്കപ്പെടാനും അത് ധാരാളം മതി. സ്‌ഫോടനത്തിന് തെരഞ്ഞെടുത്ത സമയവും സ്ഥലവും സ്‌ഫോടനത്തെ തീര്‍ച്ചയായും ശ്രദ്ധേയമാക്കുന്നു. ബാബരി മസ്ജിദ് ധ്വംസനം നടന്നതിന്റെ 18-ാം വാര്‍ഷികത്തിന് തൊട്ടു പിറ്റേന്നാണ് രണ്ടര വയസ്സുകാരി മരിക്കാനും വിദേശികളടക്കും 30 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ വാരാണസി സ്‌ഫോടനം. സാമുദായിക സമാധാനവും സൗഹാര്‍ദവും തകര്‍ക്കുക തന്നെയാണ് സ്‌ഫോടനത്തിന്റെ ലക്ഷ്യമെന്നതില്‍ അശേഷം സംശയം വേണ്ട.
ലശ്ക്കറെ ത്വയ്ബയുടെ ഇന്ത്യന്‍ പതിപ്പെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍. ബംഗളൂര് സ്‌ഫോടനപരമ്പരയടക്കം നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതികളായ ഭട്ക്കല്‍ സഹോദരന്മാരാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും  റിപ്പോര്‍ട്ടുകളില്‍ കാണുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഉത്തരപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും വിട്ടയച്ചു.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്.  ഇ-മെയില്‍  അയച്ചത് ന്യൂമുംബൈയിലെ വാഷിയില്‍ നിന്നാണ്. വാഷിയിലെ സെക്ടര്‍ 17ല്‍ താമസിക്കുന്ന അഖില്‍ തല്‍മരേജയുടെ വയര്‍ലസ് ഇന്റര്‍നെറ്റായ വൈഫൈ വഴിയാണ് സന്ദേശം മാധ്യമങ്ങളിലേക്കയച്ചതെന്ന് മഹരാഷ്ട്ര ഭീകരവിരുദ്ധ സേന കണ്ടെത്തി. തല്‍രേജയുടെ പേരിലുള്ള നെറ്റ് വഴി അഞ്ച് പേജ് ദൈര്‍ഘ്യമുള്‌ള സന്ദേശമാണ് അയച്ചത്. ഇയാളുടെ വൈഫൈ കണക്ഷനില്‍ മറ്റാരോ നുഴഞ്ഞുകയറിയെന്നാണ് പൊലീസ് നിഗമനം.
2008ലെ അലഹബാദ്, ദല്‍ഹി സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെയും ഇതുപോലെ ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം പ്രചരിച്ചിരുന്നു. അന്നത്തെ അന്വേഷണം ചെന്നെത്തിയതും ന്യൂമുംബൈയിലെ വാഷിയില്‍ തന്നെയായിരുന്നു. അന്ന് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഭീകരസംഘടനകളുടെ തലപ്പത്തുള്ള 20 പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഭൂരിഭാഗവും സോഫ്റ്റ്‌വെയര്‍ മേഖലയിലുള്ളവരായിരുന്നു. 2008ലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച ഇ-മെയില്‍ അമേരിക്കക്കാരനായ മതപ്രചാരകന്‍ കെന്നത്ത് ഹെവുഡിന്റെ കണക്ഷനില്‍ നിന്നായിരുന്നു.
സ്‌ഫോടനത്തിനുത്തരവാദികള്‍ ആരൊക്കെയെന്ന് കൃത്യമായി അറിയണമെങ്കില്‍ സത്യസന്ധമായ അന്വേഷണം ജാഗ്രവത്തായി ഇനിയും നടക്കേണ്ടതുണ്ടെന്നാണ് ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത്. അതിന് സര്‍ക്കാരും പൊലീസുമെല്ലാം ചുമതലാബോധം പ്രകടിപ്പിക്കുക തന്നെ വേണം. അപകടകരമായ കുറുക്കുവഴി തേടുന്നവര്‍ ഇന്ത്യന്‍ ജനതക്കു മേല്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ലെന്ന് ഓരോ സംഭവവും വിളംബരം ചെയ്യുകയാണ്. ഭീകരവാദം ആരുടെയും കുത്തകയല്ലെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തവരുടെ അടുത്ത ലക്ഷ്യം വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട് രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും അനുപേക്ഷണീയമാണ്.
ചരിത്രപ്രസിദ്ധമായ ഡല്‍ഹിയിലെ ജുമാമസ്ജിദ് പരിസരത്ത് ഇക്കഴിഞ്ഞ സപ്തമ്പറില്‍ നടന്ന വെടിവെപ്പ് മറക്കാറായിട്ടില്ല. വിനോദസഞ്ചാരികളായ വിദേശികള്‍ സഞ്ചരിച്ച കാറിന് നേരെയായിരുന്നു വെടിവെപ്പ്. പൊലീസ് സ്റ്റേഷനില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തായിരുന്നു ആക്രമണമെങ്കിലും ഒരു സൂചന നല്‍കാന്‍പോലും നമ്മുടെ ഇന്റലിജന്‍സിനായില്ല. ബട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ രണ്ടാംവാര്‍ഷിക ദിനത്തിലായിരുന്നു അത്. മതവും രാഷ്ട്രീയവും ലഹരിയായി പടരുമ്പോള്‍ മനുഷ്വത്വം ചോര്‍ന്നുപോകുമെന്നതിന് ഉദാഹരണങ്ങള്‍ ഇതുപോലെ എത്രവേണമെങ്കിലും നിരത്താനാവും.
രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ നടന്ന നിരവധി സ്‌ഫോടനങ്ങളില്‍ കാവിഭീകരതയും ശക്തമാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം വെളിപ്പെടുത്തിയത് രണ്ടര മാസം മുമ്പാണ്. അതിര്‍ത്തി സംസ്ഥാനമായ കശ്മീരില്‍ നിന്ന് കരള്‍പിളര്‍ക്കുന്ന രോദനം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. ലാത്തിച്ചാര്‍ജും വെടിവെപ്പും മരണവും പ്രതിഷേധവുമെല്ലാം അവിടെ ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവസാനം അവിടത്തെ മുഖ്യമന്ത്രിക്ക് കശ്മീരിനെ രക്ഷിക്കണമേ എന്ന അപേക്ഷയുമായി പ്രധാനമന്ത്രിയുടെ പടിവാതില്‍ക്കല്‍ ചെല്ലേണ്ടിവന്നു. അവിടെ കലാപകാരികളും പൊലീസും പട്ടാളവുമെല്ലാം ചേര്‍ന്നാണ് കുരുതിക്കളം തീര്‍ക്കുന്നത്. മാവോയിസ്റ്റു ഭീകരാക്രമണത്തിന് മുമ്പിലെത്തുമ്പോള്‍ പട്ടാളത്തിനും പൊലീസിനും മുട്ടുവിറക്കുന്നതും നാം കാണുന്നു.
ഭീകരപ്രവര്‍ത്തനം നടത്തി രാജ്യം കുട്ടിച്ചോറാക്കന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ മുഖംനോക്കാതെ നേരിടാന്‍ സര്‍ക്കാരിന് കഴിയണം.മണ്ണപ്പമുണ്ടാക്കി കളിക്കുന്ന ലാഘവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കുന്ന ശൈലി ഉപേക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും തയാറാവുകയും വേണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...