കാലഘട്ടത്തിന്റെ പരാജയങ്ങളെ കണ്ടറിഞ്ഞ് തിരുത്താന്‍ ഒടുവില്‍ ക്യൂബയും തയാറായിരിക്കുന്നു. കമ്മ്യൂണിസ്റ്റു വാഴ്ചയുടെ 40 വര്‍ഷങ്ങള്‍ കുത്തിയൊലിച്ച് പോയിട്ടും ക്യൂബയില്‍ സോഷ്യലിസ്റ്റ് സ്വര്‍ഗം യാഥാര്‍ഥ്യമായില്ല. കെട്ടിയിട്ട തോണിയാണ് താന്‍ തുഴയുന്നതെന്ന് ഫിദല്‍ കാസ്‌ട്രോക്ക് ബോധ്യംവരാന്‍ 2011 വരെ കാത്തിരിക്കേണ്ടിവന്നു. സോവിയറ്റു യൂന്യന്റെ തകര്‍ച്ചക്കു ശേഷം രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതി നോക്കി. മാര്‍ക്‌സിന്റെയും ലെനിന്റെയും പേരുകളും എടുത്തുമാറ്റി. എന്നിട്ടും ആശാവഹമായ പരിവര്‍ത്തനമൊന്നും ദൃശ്യമായില്ല. അവസാനം ചൈനയെ മുതലാളിത്തത്തിലേക്ക് നയിച്ച ഡെങ് സിയാവോ പിങ്ങിന്റെ പാത പിന്തുടരുന്നതാണ് ബുദ്ധിയെന്ന് ബോധ്യമായി.
ക്യൂബയിലെ ജനജീവിതം മാറ്റിമറിക്കുന്ന തീരുമാനമാണ് ചൊവ്വാഴ്ച അവസാനിച്ച ക്യൂബന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആറാം കോണ്‍ഗ്രസ് എടുത്തത്. അമ്പരപ്പോടെയാണ് ലോകം ക്യൂബയുടെ മാറ്റത്തിന്റെ വ്യാപ്തി ശ്രവിച്ചത്. സോഷ്യലിസ്റ്റ് ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയില്‍ അത്രമാത്രം കാതലായ പരിഷ്‌കാരങ്ങള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വഴിതുറന്നത്. രാജ്യത്തിന്റെ വിപ്‌ളവ നായകന്‍ ഫിദല്‍ കാസ്‌ട്രോ അവശേഷിക്കുന്ന പാര്‍ട്ടി പദവികള്‍ വിട്ടൊഴിയാന്‍ തീരുമാനിച്ചതും അവിശ്വസനീയമായ വാര്‍ത്ത തന്നെ. 84 കാരനായ കാസ്‌ട്രോ അനാരോഗ്യത്തെ തുടര്‍ന്നു ഭരണാധികാരം സഹോദരനായ റൗള്‍ കാസ്‌ട്രോക്ക് 2006ല്‍ കൈമാറിയിരുന്നു. ജ്യേഷ്ഠന്റെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ പുതിയ തലവനും റൗള്‍ തന്നെ. 1965ല്‍ പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ഫിദല്‍ തന്നെയായിരുന്നു. ഭൂതകാലത്തിലെ പിഴവുകള്‍ തിരുത്തി മുമ്പോട്ടുപോകാന്‍ പുതിയ തലമുറ രംഗത്തുവരണമെന്ന ആഗ്രഹം ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ചുകൊണ്ടാണ് കാസ്‌ട്രോ രംഗം വിട്ടത്.
മൂന്നു ദിവസം അഞ്ച് വിഭാഗമായി ആയിരത്തോളം പ്രതിനിധികള്‍ നടത്തിയ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവിലാണ് ഇഴഞ്ഞിഴഞ്ഞ് അപായമേഖലയിലെത്തിയ രാജ്യത്തെ രക്ഷിക്കാന്‍ സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന നിരവധി തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തത്. കമ്മ്യൂണിസ്റ്റ് ക്യൂബയുടെ ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പരിഷ്‌ക്കരണത്തിനും സ്വകാര്യ സ്വത്തവകാശത്തിനും പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കുന്നത്. മാര്‍ക്‌സിസത്തില്‍ മുങ്ങിച്ചാവുന്ന അവസാനത്തെ രാഷ്ട്രം എന്ന ദുഷ്‌പേരില്‍ നിന്ന് ക്യൂബയെ രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലെന്ന് കാസ്‌ട്രോ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടി തിരിച്ചറിഞ്ഞത് എന്തായാലും നന്നായി. സാമ്പത്തിക ക്രമീകരണത്തിനുള്ള ആഴമേറിയ പ്രക്രിയക്കാണ് പാര്‍ട്ടിയുടെ പ്രധാന ഊന്നല്‍. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ സ്വകാര്യസ്വത്ത് പാടില്ലെന്ന തത്വം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. വീടും ഭൂമിയും വില്‍ക്കാനും വാങ്ങാനും ഇനി മുതല്‍ ക്യൂബയിലെ പൗരന്മാര്‍ക്ക് അവകാശമുണ്ടായിരിക്കും. ഇപ്പോള്‍ വീടും പറമ്പും അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ മാത്രമേ അനുമതിയുള്ളൂ.അതുപോലെ തന്നെ വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതാണ്. പൊതുമേഖലയില്‍ പത്തു ലക്ഷത്തോളം തസ്തികകള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശവും സമ്മേളനം അംഗീകരിച്ചിട്ടുണ്ട്. നാളിതുവരെ സ്വീകരിച്ചുവന്ന നിഷേധാത്മക സമീപനങ്ങള്‍ ഒന്നൊന്നായി തിരുത്തുന്നുവെന്ന് സാരം.
ക്യൂബയിലെ ജനജീവിതം മാറ്റിമറിക്കുന്ന ഏറ്റവും സുപ്രധാന തീരുമാനമാണ് റേഷന്‍കാര്‍ഡ് ഇല്ലാതാക്കുക എന്നത്. ഈ നിര്‍ദേശത്തെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളും ഉത്പാദനച്ചെലവ് അവഗണിച്ച് വമ്പിച്ച സബ്‌സിഡിയോടെ തുച്ഛമായ വിലക്ക് ഇതുവരെ ലഭ്യമായിരുന്നു. റേഷന്‍കാര്‍ഡ് ഇല്ലാതാവുന്നതോടെ സബ്‌സിഡി ഒഴിവാകും. പകരം ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഗവണ്‍മെന്റ് കണ്ടെത്തേണ്ടിവരും. ഒരു കാലത്ത് ക്യൂബക്കാരുടെ ഏക തൊഴില്‍ദായകര്‍ സര്‍ക്കാരായിരുന്നു. ഇനി സ്വകാര്യമേഖലയിലും തൊഴില്‍ സാധ്യതകളുണ്ടാവും. ജനങ്ങളെ സംബന്ധിച്ചെടുത്തോളം ആഹ്‌ളാദകരമായ അനുഭവമായിരിക്കുമിത്. കമ്മ്യൂണിസം കയ്യൊഴിഞ്ഞ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമല്ല ചൈന പോലും അത്ഭതാവഹമായ മുന്നേറ്റം നടത്തിയത് ഈ പരീക്ഷണത്തിലൂടെയാണ്.
നേതൃമാറ്റത്തെ കുറിച്ച് ക്യൂബ ഉറക്കെ ചിന്തിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും അധികാരം കൈവിടാന്‍ കൂട്ടാക്കാതിരുന്ന ഫിദല്‍ കാസ്‌ട്രോയുടെ മുമ്പില്‍ അതൊന്നും വിലപ്പോവുമായിരുന്നില്ല. തുടര്‍ച്ചയായി രണ്ടു ടേമിലധികം ആരും അധികാരത്തിലും പാര്‍ട്ടിയിലും കുഞ്ചികസ്ഥാനങ്ങളില്‍ തുടരരുതെന്ന് പാര്‍ട്ടി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും ഉത്തരാഫ്രിക്കയിലും സ്വേച്ഛാധിപതികള്‍ക്കെതിരായി ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തിലെ മുഖ്യ ആവശ്യം മൂന്നും നാലും പതിറ്റാണ്ട് അധികാരത്തിലിരുന്നവര്‍ ഒഴിയണം എന്നതായിരുന്നുവല്ലോ. ഈ ആവശ്യം നാളെ ക്യൂബയേയും മറ്റൊരു പ്രക്ഷോഭത്തിലേക്ക് നയിച്ചുകൂടെന്നില്ല. ഒരു പക്ഷെ കാസ്‌ട്രോ ഈ സത്യം മൂന്‍കൂട്ടി കണ്ടിരിക്കണം. ഏതായാലും അധികാരം അഴിമതിയിലും ജീര്‍ണതയിലും മുങ്ങിപ്പോകാതിരിക്കാന്‍ ഈ തീരുമാനം വലിയ പ്രയോജനം ചെയ്യുമെന്നുറപ്പാണ്.
ഇന്ത്യയിലടക്കം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവശേഷിക്കുന്ന രാജ്യങ്ങളില്‍ ഒരാത്മപരിശോധനക്ക് ക്യൂബന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പുതിയ തീരുമാനങ്ങള്‍ പ്രേരിപ്പിക്കുമെങ്കില്‍ എന്നാശിച്ചുപോകുന്നു.
ചൈനയിലും ക്യൂബയിലും മറ്റും ബഹുകഷി പാര്‍ലമെന്ററി സമ്പ്രദായം നടപ്പില്‍ വന്നാലേ ഈ പരിവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാവുകയുള്ളൂ. എന്ത് പോരായ്മകള്‍ ഉണ്ടെങ്കിലും നമ്മുടേത് പോലെയുള്ള ജനാധിപത്യസമ്പ്രദായമാണ് ലോകത്ത് ഏറ്റവും ന്യായയുക്തമായിട്ടുള്ളത്. ഇതിലെ ദോഷങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ നൂതനമായ ഈ സിസ്റ്റത്തെ ദോഷൈകദൃക്‌കോടെ സമീപിക്കുകയല്ല വേണ്ടത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇതില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്ക് അതിന്റെ ആവശ്യവുമില്ല. നിലനില്‍ക്കുന്ന കാലം വരെ കച്ചോടം നടത്തിക്കൊണ്ടു പോകണം എന്നേ അവര്‍ക്കുള്ളൂ. ഇവിടെ റാഡിക്കല്‍ ഡിമോക്രാറ്റിക്ക് മൂവ്മെന്റ് ഉയര്‍ന്ന് വന്നാല്‍ നന്നായിരുന്നു. സമൂഹത്തിന്റെ നവീകരണം എന്നത് ഒരു തുടര്‍ പ്രക്രിയയാണ്. അതിന് സിവില്‍ സമൂഹം സജ്ജമാവണം.
ReplyDeleteക്യൂബ എന്നാല്‍ ഒരു വികാരമായി കൊണ്ട് നടന്ന 'ക്യൂബാ മുകുന്ദന്‍' മാരെ കുറിച്ച് കേട്ടിട്ടുണ്ട് ...അവരുടെ പ്രതീക്ഷയിലെ അവസാന കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിരുന്നുവല്ലോ ക്യൂബാ ...ഇത് വരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണം ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരം കണ്ടു എന്ന് അവര്‍ക്കും ആത്മാര്‍ഥമായി ആലോചിക്കാം ...മുല്ലപ്പൂ വിപ്ലവങ്ങളും ,സായുധ വിപ്ലവങ്ങളും വരും കാലത്ത് അരാജകത്വത്തിന്റെ കൊടുമുടിയിലേക്ക് ജനങ്ങളെ കൊണ്ട് പോകും ...സമാധാനപരമായ പോരാട്ടങ്ങള്‍ക്കുള്ള ക്ഷമ ഇല്ലാത്തവരുടെ മാര്‍ഗ്ഗമാണ് അത് ...നിലവിലുള്ള വ്യവസ്ഥിതിക്കെതിരിലുള്ള സമരങ്ങള്‍ വ്യവസ്ഥിതിയെ അട്ടിമറിച്ചു അരാജകത്വം വളര്‍ത്തിയെ അടങ്ങൂ എന്ന മട്ടിലേക്ക് വഴി മാറി പോകുന്നു ...ജന പിന്തുണ ആര്ജ്ജിക്കുവാനുള്ള കുറുക്കു വഴികളാണ് പലപ്പോഴും കൂടുതല്‍ അപകടം വിതക്കുന്നത് ...നമ്മുടെ സമര മാര്‍ഗ്ഗങ്ങളുടെ അലകും പിടിയും മാറിയില്ലെങ്കില്‍ ഫലത്തില്‍ അരാജക വാദികളുടെയും വികാര ജീവികളുടെയും അപക്വതക്ക് മുന്നില്‍ വരും തലമുറ കൂപ്പു കുത്തി നശിക്കുന്നത് കാണേണ്ടി വരും ...ഇപ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നുമാല്ലല്ലോ ...?
ReplyDeleteക്യൂബയെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന് അറിയില്ലേ? പുതിയ ചേഞ്ച് ഓവറില്‍ ഡ്റഗ് മാഫിയ കണ്‍ ട്റോള്‍ ചെയ്യും
ReplyDelete