Friday, September 14, 2012

ഈ തടവറയുടെ പൂട്ട് പൊളിക്കുക          ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കാരാഗൃഹങ്ങളില്‍ കഴിയേണ്ടിവന്ന ഐ സി എസ് അബ്ദുന്നാസര്‍ മഅദനി കേരളസമൂഹത്തിന് മുമ്പില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെ പേരില്‍ ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായും  ഇപ്പോള്‍ 25 മാസമായി ബംഗ്ലൂര് ജയിലിലും, നമ്മുടെ ന്യായബോധങ്ങളെ വെല്ലുവിളിക്കുന്ന കാരണങ്ങള്‍ നിരത്തിയും അപരാധമുദ്ര ചാര്‍ത്തിയും ഭരണകൂടം ഒരു പൗരനെ  വേട്ടയാടുമ്പോള്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് പിന്നെ എന്താണൊരു പ്രസക്തി. കൊള്ളക്കാരും കൊലപാതകികളും അഴിമതിക്കാരും, മന്ത്രിമാരും ജഡ്ജിമാരും നിയമപാലകരുമൊക്കെയായി വിഹരിക്കുന്ന നാട്ടില്‍ നീതിക്കും ന്യായത്തിനും പുല്ലുവില എന്ന് വല്ലവരും സംശയിച്ചാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?

~          ഓരോ കുറ്റകൃത്യങ്ങളുടെ പേരു പറഞ്ഞ് ഒരു പുരുഷായുസ്സ് മുഴുവന്‍ അഴിയെണ്ണാന്‍ വിധിക്കപ്പെട്ട മഅദനി  അവസാനമായി 2010 ആഗസ്ത് 17നാണ് ് പരപ്പന അഗ്രഹാര ജയിലിലടക്കപ്പെടുന്നത.് ബംഗളൂര് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅദനിയെ അദ്ദേഹത്തിന്റെ ആസ്ഥാനമായ അന്‍വാര്‍ശേരിയില്‍ വെച്ചാണ് കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തത്. കേരളത്തില്‍ എല്‍ ഡി എഫായിരുന്നു  ഭരണത്തില്‍. കര്‍ണാടകയില്‍ ബി ജെ പിയും. കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ വെച്ച് മഅദനി തടിയന്റവിട നസീറുമായി ചേര്‍ന്ന് ബാംഗ്‌ളൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പിച്ച ചാര്‍ജുഷീറ്റില്‍ പറയുന്നത്. കൊച്ചിയില്‍ അദ്ദേഹം വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍വെച്ചും നസീറുമായി കൂടിക്കാഴ്ച നടത്തിയതായി ചാര്‍ജ്ഷീറ്റില്‍ പറയുന്നുണ്ട്. കൊച്ചിയിലെ വീടിന്റെ ഉടമസ്ഥന്‍ ജോര്‍ജ് വര്‍ഗീസിന്റേതാണ് ഇക്കാര്യത്തില്‍ പൊലീസ് ഹാജരാക്കിയ സാക്ഷിമൊഴി. ഇങ്ങനെ ഒരു മൊഴി താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് നേരത്തെ തന്നെ ജോര്‍ജ് കോടതിയെ ബോധിപ്പിച്ചിരുന്നു. മറ്റൊരു സാക്ഷിമൊഴി അന്‍വാര്‍ശേരി     മതപഠന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും മഅദനിയുടെ സഹോദരനുമായ മുഹമ്മദ് ജമാലിന്റേതാണ്. സ്‌ഫോടനത്തിന് ശേഷം അതില്‍ പങ്കെടുത്ത ചിലരെ അന്‍വാര്‍ശേരിയില്‍ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചുവെന്നും അതിന് മഅദനി തനിക്ക് നിര്‍ദേശം നല്‍കിയെന്നും ജമാല്‍ മൊഴി നല്‍കിയതായി ചാര്‍ജ്ഷീറ്റിലുണ്ട്. എന്നാല്‍ താനങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കണ്ടിട്ടുപോലുമില്ലെന്നും കാണിച്ച് ജമാല്‍ കൊല്ലം ശാസ്താംകോട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു.

             കോയമ്പത്തുര്‍ ജയിലില്‍നിന്ന് 2007 ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ മഅദനിക്ക് ബി കാറ്റഗറിയിലുള്ള സുരക്ഷ കാര്യം പൊലീസും കോടതിയും വിസ്മരിക്കുന്നതാണത്ഭുതം. . അതുകൊണ്ട് അദ്ദേഹം എവിടെ പോകുമ്പോഴും        അനന്തപുരിയിലെ ഐ ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ വിവരമറിയിക്കണം. മഅദനിയുടെ താമസസ്ഥലത്ത്  ഒന്നും രണ്ടുമല്ല സായുധരായ അഞ്ചുപോലീസുകാരും ഉണ്ടായിരുന്നു. രണ്ട് ഗണ്‍മാന്മാര്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവുകയും ചെയ്യും. ഇത്രയും കടുത്ത നിരീക്ഷണത്തിനിടയില്‍ മഅദനി കുടകിലെത്തി അവിടെ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത് ബംഗ്‌ളൂര് സ്‌ഫോടനം ആസൂത്രണംചെയ്തുവെന്ന് എങ്ങനെ വിശ്വസിക്കാനാവും?

          കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മഅദനിയുടെ രാഷ്ട്രീയകാഴ്ചപ്പാടിലുണ്ടായ മാറ്റം  കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തുവന്നയുടനെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ  പ്രഭാഷണങ്ങള്‍ അതിരുകടന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇത്തരം സാഹചര്യത്തിലാണ് കര്‍ണാടക പൊലീസ് മെനഞ്ഞെടുത്ത കേസിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ തെഹല്‍ക്കയുടെ പ്രതിനിധിയെന്ന നിലയില്‍ ഷാഹിന രംഗത്തുവന്നത്. കേസന്വേഷണം മാധ്യമങ്ങളുടെ ജോലിയല്ല. പൊലീസാണ് അത് നിര്‍വഹിക്കേണ്ടത്. എന്നാല്‍ പൊലീസ് പറയുന്ന കഥകള്‍ സാമാന്യയുക്തിക്ക് നിരക്കാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ അന്വേഷണം നടത്തിയെന്നു വരും. അതൊരു പുതിയ കാര്യമല്ല. ഷാഹിന തെഹല്‍ക്കയുടെ ലേഖികയാണെന്നറിഞ്ഞിട്ടും തീവ്രവാദ മുദ്രചാര്‍ത്തി കര്‍ണാടക പൊലീസ് അവര്‍ക്കെതിരെയും കേസെടുത്തതറിഞ്ഞപ്പോള്‍ നടുക്കമാണ് തോന്നിയത്. അപകടകരമായ ഈ പ്രവണതയെ അപലപിക്കാന്‍ പക്ഷെ അധികമാരും മുമ്പോട്ടുവന്നുകണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ പോലും.

          1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ പങ്കാളിയാണെന്നാരോപിച്ച് മഅദനിയെ ആദ്യമായി അറസ്റ്റുചെയ്തത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ പൊലീസാണ്  അറസ്റ്റുചെയ്ത് തമിള്‍നാട് പൊലീസിന് കൈമാറിയത്. കേസില്‍ അദ്ദേഹത്തെ 14-ാം പ്രതിയാക്കി. 90ദിവസത്തിനകം ചാര്‍ജ്ഷീറ്റ് സമര്‍പിക്കാത്തതിനാല്‍ ജാമ്യം നേടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ അത് തടയാന്‍ തമിള്‍നാട് പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇതോടെ എല്ലാ ജാമ്യഹര്‍രജിയും കോടതി തള്ളി. ഒമ്പതര വര്‍ഷം ജയിലിലടച്ചു. ഒടുവില്‍ കുറ്റം തെളിയിക്കാനാവാതെ വിട്ടയച്ചു. എല്ലാ മനുഷ്യാവകാശങ്ങളും മുഖംകുത്തി വീഴുന്നത് ലോകവും കണ്ടു.

          ജയില്‍മോചിതനായ മഅദനിയുമായി  ശംഖുമുഖത്തും മലപ്പുറത്തും വേദി പങ്കിട്ടത് സി പി എമ്മായിരുന്നു. ശംഖുമുഖത്ത് ആഭ്യന്തരമന്ത്രിയും  സ്വീകരിക്കാനെത്തി. ലോകസഭാ തെരഞ്ഞെടുപ്പില്‍ സി പി എം പി ഡി പിയുമായി രഹസ്യധാരണയുമുണ്ടാക്കി. അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ ഹുസൈന്‍ രണ്ടത്താണിയെ ഘടകകക്ഷികളുടെ എതിര്‍പ്പ് അവഗണിച്ച് സ്ഥാനാര്‍ഥിയുമാക്കി.

          മഅദനിയെ വിചാരണത്തടവുകാരനായി കോയമ്പത്തൂരിലും ഇപ്പോള്‍ രണ്ടുവര്‍ഷമായി ബംഗ്‌ളൂരിലും ജയിലലടച്ച് പീഡിപ്പിച്ചപ്പോള്‍ രണ്ടു മുന്നണികളും കുറ്റകരമായ അനാസ്ഥ അനാസ്ഥ കാണിച്ചു. രണ്ടു തവണയും പിടിച്ചുകൊടുത്തത് എല്‍ ഡി എഫാണെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് പറഞ്ഞ് കൈകഴുകുകയാണ് യു ഡി എഫ് ചെയ്തത്. ലീഗുകൂടി അധികാരത്തിലിരിക്കെ കേരളത്തില്‍ മുസ്‌ലിംവേട്ട ഉണ്ടാവില്ലെന്നും നിരപരാധികളെ  വേട്ടയാടില്ലെന്ന് ഉറപ്പുവരുത്താന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണെന്നും  ഫലിതം പറയാറുള്ള പാണക്കാട് തങ്ങന്മാരും സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു.  മഅദനി പുറത്തുവരാതിരിക്കാന്‍ യാസീന്‍ ഓതിയവരും ഓതുന്നവരും ആ പാര്‍ടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

           വിദഗ്ധ ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജി രണ്ടുദിവസം മുമ്പ് പ്രത്യേക കോടതി തള്ളിക്കളഞ്ഞു. പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട കണ്ണുകളും കഠിനവേദനയുള്ള കാലുകളുമായി ഇനിയെത്ര കാലം തടവില്‍ കഴിയേണ്ടിവരുമെന്നതിന് ഒരു തിട്ടവുമില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടും മതിയായ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാവാത്ത സാഹചര്യത്തിലാണ് പ്രത്യേക കോടതിയെ സമീപിച്ചത്.

           രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തിയ കൊടുംചെയ്തികളെ തുറന്നുകാട്ടി തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രസംഗിച്ചുവെന്നതാണ് അദ്ദേഹം ചെയ്ത മഹാപരാധം. വാഗ്‌ധോരണിയിലൂടെ സൃഷ്ടിച്ചെടുത്ത അനുയായിവൃന്ദത്തെ  രാഷ്ട്രീയപ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതോടെയാണ് മഅദനി പലരുടെയും കണ്ണില്‍ കരടായത്. മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകള്‍  ചാര്‍ജുചെയ്തുവെങ്കിലും ഒന്നിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല.

            മഅദനി കുറ്റംചെയ്തിട്ടുണ്ടെങ്കില്‍  അത് തെളിയിച്ച് അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണം. എന്നാല്‍ ആയിരം കുറ്റവാളികളെ വെറുതെവിട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന  തത്വസംഹിതക്ക് കടകവിരുദ്ധമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏത് കൊടുങ്കാറ്റിലും സമൂഹമധ്യത്തില്‍ ഉലയാതെ നില്‍കേണ്ടവരാണ് സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും.  മൗനങ്ങളുടെ നനുത്ത പൊട്ടുകളില്‍  അവര്‍ ഒരിക്കലും പരുങ്ങിനില്‍ക്കരുത്. സന്ദര്‍ഭത്തിന്റെ ഏത് അഗ്നിമുറുക്കത്തിലും സത്യസന്ധമായും നിര്‍ഭയമായും നീതിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയണം. അതിജീവനത്തിന്റെ അഗ്നിപരീക്ഷകളില്‍ പിടിച്ചുനില്‍ക്കുകയും ആവുംവിധം ചെറുത്തുനില്‍ക്കുകയും ചെയ്യുന്ന മഅദനിയോട് ചുരുങ്ങിയപക്ഷം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റമെങ്കിലും  കാണിച്ചുകൂടേ. ഇവിടെ അനീതിയുടെ തടവറകള്‍ പാടില്ല. അവയുടെ പൂട്ടു തകര്‍ക്കാന്‍ ആര് നേതൃത്വം നല്‍കിയാലും രാജ്യമുണ്ടാവും, ഉണ്ടാവണം കൂടെ.
                  

Thursday, September 13, 2012

എമര്‍ജിംഗ് കേരള തുടക്കം ഗംഭീരം

           അമ്പത്തൊന്ന് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തോളം പ്രതിനിധികളെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ബുധനാഴ്ച ഉദ്ഘാടനംചെയ്ത എമര്‍ജിംഗ് കേരള നിക്ഷേപ സംഗമം, ലക്ഷ്യം കണ്ടാല്‍ സംസ്ഥാനത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ അവിസ്മരണീയ സംഭവമായിരിക്കും. കേരളത്തില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് നീണ്ട കരഘോഷങ്ങളോടെയാണ് സദസ്സ് എതിരേറ്റത്. എന്തായാലും കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുപ്രധാന ദിനമായിരിക്കും സപ്തമ്പര്‍ 12. സംസ്ഥാനത്തെ നിക്ഷേപ സാഹചര്യങ്ങള്‍ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുക എന്ന ലക്ഷ്യം സംഗമത്തിന്റെ ആദ്യദിവസം തന്നെ വിജയം കണ്ടുവെന്ന് പറയാം.

            2003 ജനുവരിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമം (ജിം) ത്തിനു ശേഷം കൊച്ചി വീണ്ടും യു ഡി എഫ് ഭരണകാലത്ത് തന്നെ മറ്റൊരു  നിക്ഷേപക സംഗമത്തിന് വേദിയാവുകയായിരുന്നു. ജിം വിജയിച്ചില്ലെങ്കിലും ഇന്ത്യയില്‍ ആദ്യമായി നടന്ന ആ സമ്മേളനമാണ് വികസനസൗഹൃദ സംസ്ഥാനമല്ലെന്ന മട്ടില്‍ കേരളത്തെ കുറിച്ച് പുറത്തുള്ള ധാരണകള്‍ തിരുത്തിയത്. 2006ല്‍ ലോകബാങ്കിന്റെ പഠനം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തതിന്റെ പിന്നിലും ജിം ആയിരുന്നു.

            എമര്‍ജിംഗ് കേരളയില്‍ പ്രധാനമന്ത്രി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല. പുരോഗതിയുടെയും വികസനത്തിന്റെയും നവകേരളം സൃഷ്ടിക്കാന്‍ യു പി എ സര്‍ക്കാരിന്റെ  സംഭാവന നിര്‍ണായകമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് അനുവദിച്ച പദ്ധതികള്‍ ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് അവ സുസ്ഥിര വികസനത്തിന് സഹായകമാവുമെന്ന് അഭിപ്രായപ്പെടുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസംഘം ദല്‍ഹിയിലെത്തി    സമര്‍പ്പിച്ച നിവേദനത്തിലെ പദ്ധതികളില്‍ ഏതെങ്കിലുമൊന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. കേരളത്തില്‍ നിന്നുള്ള ആന്റണിയടക്കമുള്ള ആറ് കേന്ദ്രമന്ത്രിമാരോടൊപ്പമാണ് പ്രധാനമന്ത്രി  കൊച്ചിയിലെത്തിയത്. ഇവരുടെ സാന്നിധ്യം ദല്‍ഹിയിലുമുണ്ടായിരുന്നുവല്ലോ. കേരളത്തിന്റെ ആവശ്യം യഥോചിതം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിവരയിടുന്നതായി പ്രധാനമന്ത്രിയുടെ പ്രസംഗം.

           മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രം പ്രഖ്യാപിച്ച ഐ ഐ ടി എത്രയുംവേഗം അനുവദിക്കുമെന്ന് മാത്രമാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നഷ്ടപരിഹാര പാക്കേജ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനം, ദേശീയപാതയുടെ വികസനം, മലയാളത്തിന് ക്‌ളാസിക്കല്‍ ഭാഷാ പദവി തുടങ്ങിയവ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നു.  കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, അതിവേഗ റെയില്‍പാത, റെയില്‍വെസ്റ്റേഷനുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ തുടങ്ങി കേന്ദ്രം ഇതിനകം പ്രഖ്യാപിച്ച ഒരു ഡസനോളം പദ്ധതികളാവട്ടെ ഇപ്പോഴും ചുവപ്പുനാടയിലുമാണ്.

           വികസിത രാജ്യങ്ങള്‍ വികസിച്ച മാതൃക സ്വീകരിച്ചാണ് ഇപ്പോഴും നാം എമര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുമുള്ള ചിലരുടെ കീശയിലെ കാശ് ഇവിടെ നിക്ഷേപമായി മാറുമ്പോള്‍ (അവ നിക്ഷേപമായി മാറിയില്ലെങ്കില്‍ സ്ഥിതി വീണ്ടും തഥൈവ) മാത്രമാണ് നമ്മുടെ സ്വപ്നങ്ങള്‍ പൂവണിയുക. കിടക്കപ്പായില്‍നിന്ന് ഉറക്കമുണര്‍ന്ന് ഉയരണമെങ്കില്‍  അഥവാ എമര്‍ജ് ചെയ്യണമെങ്കില്‍ സ്വന്തം നിലയില്‍ ആവതു വേണം. അതില്ലെങ്കില്‍ പരസഹായം തേടേണ്ടിവരും. കണ്‍വെട്ടത്ത് ആരുമില്ലെങ്കില്‍ ഉറക്കെ വിളിക്കാം. വിളിച്ചിട്ട് ആരും വന്നില്ലെങ്കിലോ ശരണം നിലവിളിയായിരിക്കും.

           തുടങ്ങും മുമ്പ് തന്നെ ഇത്രയും കനത്ത തോതില്‍ പ്രതിച്ഛായക്ക് മങ്ങലേറ്റ മറ്റൊരു ഷോ കേരളം കണ്ടിട്ടില്ല. ജിമ്മിന്റെ കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷം ആദ്യമേ പ്രതികൂല നിലപാട് സ്വീകരിച്ചു. സുതാര്യതയില്ലാത്ത ഒരു ഭൂമികച്ചവട പരിപാടിയായി എമര്‍ജിംഗ് കേരളയെ  കുറ്റപ്പെടുത്തി. ബി ജെ പിയും അതുതന്നെ ചെയ്തു. പതിവുപോലെ പരിസ്ഥിതിക്കാരും എതിര്‍പ്പുമായി രംഗപ്രവേശം ചെയ്തു.

           നിക്ഷേപകര്‍ക്ക് ഏറ്റെടുക്കാന്‍ കോടിക്കണക്കിന് രൂപ നിക്ഷേപം വരുന്ന 200 ലേറെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അവയൊക്കെ ഏറ്റെടുക്കാന്‍ നിശ്ചയിച്ചാല്‍ 5000 ഏക്കര്‍ ഭൂമി വേണമെന്നായപ്പോള്‍ ഭൂമിക്ക് സ്വര്‍ണത്തേക്കാള്‍ വിലയുള്ള കേരളം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തേക്കാള്‍ ശക്തമായിരുന്നു വി എം സുധീരനെയും മുരളീധരനെയും പോലുള്ളവരുടെ കടന്നാക്രമണം. എമര്‍ജിംഗ് കേരളയിലെ ഭൂമിക്കച്ചവടത്തെ എതിര്‍ക്കുമെന്ന് പറഞ്ഞ യു ഡി എഫ് എം എല്‍ എമാരുടെ ഹരിതസേനയെ മൂക്കുകകയറിടാന്‍ സാധിച്ചതാണ് ഇതിനിടയിലെ ഏക ആശ്വാസം.

            പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ഉറപ്പുവരുത്തി ലോകശ്രദ്ധ  ആകര്‍ഷിച്ച സംസ്ഥാനമാണ് കേരളം. പരമ്പരാഗതമായി മറ്റൊരു വഴി പിന്തുടരുന്ന കേരളമിപ്പോള്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ്. ഇത് വിജയിക്കണമെന്ന് ഓരോ മലയാളിയും അത്യധികം ആഗ്രഹിക്കുന്നുവെങ്കിലും വിപണിയും ലാഭവും മാത്രം ലക്ഷ്യമാക്കുന്ന ഈ നവലിബറല്‍ മുതലാളിത്തം ലോകമാകെ പ്രതിസന്ധിയിലാണെന്നതിന്റെ വസ്തുത വിസ്മരിച്ചുകൂടാ. ഇതിന് തെളിവാണ് അമേരിക്കയും യൂറോപ്പും ജപ്പാനും ഇപ്പോള്‍ ഈ വഴി പോകുന്ന ചൈനയും ഇന്ത്യയും വന്നുപെട്ടിരിക്കുന്ന കനത്ത സാമ്പത്തികമാന്ദ്യം. അതേ വഴിയില്‍ തന്നെ തെരഞ്ഞെടുത്താല്‍ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുമോ  എന്ന ആശങ്ക ഇനിയും ദൂരീകരിക്കപ്പെടേണ്ടതുണ്ട്.

Wednesday, September 12, 2012

ആല്‍മരം പോലെ വളര്‍ന്ന് പന്തലിച്ച ജലീല്‍ സാഹിബ്


                മലബാറില്‍ വിദ്യാഭ്യാസ രംഗത്ത് വിചാരവിപ്‌ളവത്തിന്റെ അലകളുയര്‍ത്തിയ പ്രഫസര്‍ കെ എ ജലീല്‍ സാഹിബ് കഥാവശേഷനായി. അക്ഷരങ്ങളെ അനേക കാതം അകലെ മാറ്റിനിര്‍ത്തി ഇരുട്ട് വളര്‍ത്തുന്ന വീഥിയിലൂടെ അധോഗതിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന മുസ്‌ലിം സമൂഹത്തിനിടയില്‍ വിദ്യാഭ്യാസത്തിന്റെയും നവോത്ഥാനത്തിന്റെയും അനന്തസാധ്യതകളെ ഊതിക്കത്തിച്ച പ്രമുഖരുടെ മുന്‍നിരയിലായിരുന്നു അദ്ദേഹം. പുരോഗതിയിലേക്കുള്ള പുണ്യകര്‍മങ്ങളില്‍ അദ്വിതീയം വിജ്ഞാനസമ്പാദനമാണെന്ന് മലബാറിലെ മുസ്‌ലിംകളെ പഠിപ്പിച്ചത് ജലീല്‍ സാഹിബായിരുന്നുവെന്ന് നിസ്സംശയം പറയാം.

              1979 മുതല്‍ 83 വരെ ജലീല്‍ സാഹിബ്  കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു.   എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് തമിള്‍നാട് വാണിയമ്പാടി ഇസ്‌ലാമിക് കോളെജില്‍ ഇംഗ്‌ളീഷ് അധ്യാപകനായിട്ടാണ്. തുടര്‍ന്ന് 1948ല്‍ ഫാറൂഖ് കോളെജ് ലക്ചററായാണ് അദ്ദേഹം കോഴിക്കോട്ടെത്തി. 1957മുതല്‍ 79വരെ കോളജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കാന്‍  അവസരം ലഭിച്ചു. പ്രാരാബ്ധങ്ങളുടെ പാരാവാരം താണ്ടിയ  മുസ്‌ലിംകള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ തുടിപ്പുകള്‍ തെളിഞ്ഞ കാലഘട്ടമായിരുന്നു അത്. അതുവരെ സമുദായത്തിന്റെ മുമ്പില്‍ കൊട്ടിയടക്കപ്പെട്ട കലാലയ വിദ്യാഭ്യാസത്തിന്റെ  കവാടങ്ങള്‍   വലിച്ചുതുറക്കാന്‍ മുസ്‌ലിം യുവത്വത്തിന് കരുത്തും ആവേശവും പകര്‍ന്നത് ഫാറൂഖ് കോളജിലെ ജലീല്‍ സാഹിബിന്റെ അനുഗ്രഹീത സാന്നിധ്യമായിരുന്നു.

             മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ മുഖ്യപങ്കാണ് അദ്ദേഹം വഹിച്ചത്. ആറാം പഞ്ചവത്സര പദ്ധതിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ആസൂത്രണത്തെ പറ്റി പഠിക്കാന്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സില്‍ അദ്ദേഹം അംഗമായിരുന്നു.  കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ആദ്യകാല മുസ്‌ലിംകള്‍ സംവിധാനംചെയ്ത ഓത്തുപള്ളികളുടെ മഹത്വം അദ്ദേഹം അടുത്തറിഞ്ഞു. അന്യദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ സൗജന്യഭക്ഷണം നല്‍കി പഠിപ്പിക്കുന്നതിനെ പുണ്യകര്‍മമെന്നാണ് വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ സൗകര്യം അതത് പ്രദേശത്തെ മഹല്ലുകള്‍ ഏര്‍പ്പെടുത്തി മാതൃക കാട്ടിയതും ഇതിനായി പള്ളികള്‍ ഉപയോഗപ്പെടുത്തിയതും ശ്‌ളാഘനീയമായി അദ്ദേഹം കണ്ടിരുന്നു.

             നിരവധി ഗ്രന്ഥങ്ങളും ജലീല്‍ സാഹിബ് രചിച്ചിട്ടുണ്ട്. ലിപിയും മാനവ സംസ്‌കാരവും  എന്ന കൃതി 1991ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.

               കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വളരെ ആഴത്തില്‍ അദ്ദേഹം അപഗ്രഥിച്ചിട്ടുണ്ട്. കേരള മുസ്‌ലിംകളെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗം തന്നെയെന്ന് വിലയിരുത്തി. ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് മുഖ്യമായും വടക്കുനിന്നുള്ള അധിനിവേശം മൂലമാണെന്ന  ചരിത്രത്തിന്  അടിവരയിട്ടു. ഇതിനായി അഫ്ഗാന്‍, പേര്‍ഷ്യന്‍, മംഗോള്‍, തുര്‍ക്കി, അറബ് വംശജരുടെ സ്വാധീനം എടുത്തുകാട്ടി. എന്നാല്‍ കേരളത്തില്‍ ഇസ്‌ലാംമതം ആവിര്‍ഭവിച്ചത് അതിനൊക്കെ മുമ്പ് തന്നെയാണെന്നും വാണിജ്യബന്ധങ്ങളാണ് ഇതിന് വഴിവെച്ചതെന്നും ഇസ്‌ലാമിക് സെമിനാറുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ അദ്ദേഹം സമര്‍ഥിച്ചിരുന്നു.

              മലബാറുകാര്‍ക്ക് തെക്കന്‍ ഭാഗങ്ങളിലെ വിദ്യാഭ്യാസമുന്നേറ്റത്തെ  പരിചയപ്പെടുത്തിയതും മറ്റാരുമായിരുന്നില്ല. സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്ന വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ശ്രമഫലമായി ഉടലെടുത്ത തിരുവിതാംകൂര്‍ മുസ്‌ലിം മഹാജനസഭയെ കുറിച്ചും ലജ്‌നത്തുല്‍ മുഹമ്മദീയ അസോസിയേഷനെ സംബന്ധിച്ചും അദ്ദേഹമാണ് മലബാറുകാരോട് സംവദിച്ചത്.  നവോത്ഥാന ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച കേരള മുസ്‌ലിം ഐക്യസംഘത്തെ കുറിച്ചു പറയുമ്പോള്‍ ജലീല്‍ സാഹിബിന്റെ നാവ് പുഷ്പിക്കുമായിരുന്നു.  മുസ്‌ലിം കോളജ് എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ശൈഖ് ഹമദാനി തങ്ങളെ കുറിച്ചും തെല്ലൊന്നുമല്ല അദ്ദേഹത്തിന്് പറയാനുണ്ടായിരുന്നത്.

             കേരള മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം ധീരവും സാഹസികവുമായ  സംരംഭമാണല്ലോ ഫാറൂഖ് കോളജ്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും ഒരു മുസ്‌ലിം കുട്ടിയെങ്കിലും ഈ കോളെജിന്റെ അക്ഷരവെളിച്ചം നുകരാതിരുന്നിട്ടില്ല.  ഈ  സരസ്വതീക്ഷേത്രത്തിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം ധീരവും സാഹസികവുമായി രണ്ടുപതിറ്റാണ്ടിലേറെ തുടര്‍ച്ചയായി കൊണ്ടുനടക്കാന്‍ അദ്ദേഹത്തിന് മാത്രമാണ് ഭാഗ്യം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്തുത്യര്‍ഹമായ  സേവനമനുഷ്ഠിക്കാന്‍      നൂറുകണക്കിന് ശിഷ്യഗണങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്നതില്‍ ധന്യനായിരുന്നു ജലീല്‍ സാഹിബ്.

              ഇന്ത്യയിലെ മൊത്തം മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ വിലയിരുത്തുമ്പോള്‍ കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി  മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാമെങ്കിലും വര്‍ഷംതോറും  നടക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷകളില്‍ മലയാളികള്‍ക്ക് ലഭിക്കുന്ന പരിമിതമായ പ്രാതിനിധ്യത്തില്‍ ദു:ഖിതനായിരുന്നു അദ്ദേഹം. കലാലയങ്ങളുടെ എണ്ണം പെരുകുന്നതിലല്ല  അവയുടെ നിലവാരം ഉന്നതാമായിരിക്കണമെന്ന ശാഠ്യം അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. ഉയര്‍ന്ന ഗവേഷണ പ്രതിഭകളും സാങ്കേതിക വിദഗ്ധരും ബഹിരാകാശ ഗവേഷകരും ശാസ്ത്രജ്ഞരുമൊക്കെയാണ് ഉന്നത കലാലയങ്ങളുടെ വരുംകാല ലക്ഷ്യങ്ങളില്‍ പ്രധാനമെന്ന്  സമൂഹത്തെ പഠിപ്പിച്ച മാതൃകായോഗ്യനായ മാര്‍ഗദര്‍ശി കൂടിയാണ് ജലീല്‍ സാഹിബിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്. പ്രപഞ്ചനാഥന്‍ അദ്ദേഹത്തിന് പരലോക സൗഭാഗ്യം നല്‍കുമാറാകട്ടെ. ആമീന്‍.

Monday, September 10, 2012

സി ബി ഐ അന്വേഷണത്തെ സി പി എം ഭയക്കുന്നതെന്തിന്?

               ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സി പി എം പോളിറ്റ്ബ്യൂറോയുടെ തീരുമാനം സംശയങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്നതോടൊപ്പം പാര്‍ടിയെ ജനമധ്യത്തില്‍ പരിഹാസ്യമാക്കാനുമായിരിക്കും വഴിവെക്കുക. സംഭവത്തില്‍ സി പി എം നേതാക്കള്‍ക്കുള്ള പങ്കിന്റെ പരസ്യമായ കുറ്റസമ്മതമായി എതിരാളികള്‍ക്ക് വ്യാഖ്യാനിക്കാന്‍  ഈ നിലപാട് തന്നെ ധാരാളം. മാത്രമല്ല സി ബി ഐ അന്വേഷണത്തെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ സമീപനത്തെ    തള്ളി എന്ന അപഖ്യാതി ചുമക്കേണ്ടിയും വരും.

                ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന്  പ്രാദേശിക നേതാക്കള്‍ ഒന്നൊന്നായി പിടിക്കപ്പെടുമ്പോഴും കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും   ഒരുപോലെ ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് വധവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും പാര്‍ടി വ്യക്തമാക്കിയിരുന്നതാണ്. ആ പ്രസ്താവനകള്‍ക്കൊക്കെ  കടകവിരുദ്ധമായിപ്പോയി പി ബി യുടെ പുതിയ നിലപാട്. മാത്രമല്ല ടി പി വധക്കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതിനെതിരെ സമരം ചെയ്ത പാര്‍ടിയാണ് സി പി എം. പാര്‍ടി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമംനടത്തിവരികയാണെന്നും മൂന്നു കൊലപാതകക്കേസുകളിലായി ഒരു ജില്ലാ സെക്രട്ടറിയേയും രണ്ട് സംസ്ഥാന സമിതിയംഗങ്ങളെയും ചില ഏരിയാ ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും പ്രതികളാക്കിക്കഴിഞ്ഞുവെന്നും ഇപ്പോഴും ആരോപിച്ചുകൊണ്ടിരിക്കുന്ന സി പി എമ്മിന് അവര്‍ നിരപരാധികളാണെങ്കില്‍ അത് ബോധ്യപ്പെടുത്താനുള്ള അവസരമാണല്ലോ പുതിയ അന്വേഷണത്തിലൂടെ കൈവരിക. ടി പി വധത്തില്‍  പാര്‍ടി ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ശരിയായ പ്രതികളെ കണ്ടെത്താന്‍ വഴിയൊരുക്കകയല്ലേ പാര്‍ടി ചെയ്യേണ്ടത്. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി സൂചിപ്പിച്ചതുപൊലെ കേരള പൊലീസിനെ പരോക്ഷമായി അംഗീകരിക്കുന്നുവെന്നല്ലേ വ്യാഖ്യാനിക്കപ്പെടുക.

               ആര് ഈ അരുംകൊല നടത്തി എന്നതില്‍ അവസാനിപ്പിക്കാവുന്നതാണോ ടി പി വധത്തിന്റെ അന്വേഷണം? ആര്‍ക്കുവേണ്ടി, ആരുടെ ആവശ്യം മുന്‍നിര്‍ത്തി, ആരെല്ലാം ചേര്‍ന്ന് ആസൂത്രണം ചെയ്തു എന്നിവയെല്ലാം തെളിയിക്കപ്പെടേണ്ടതുണ്ട്. അവരെല്ലാമാണ് ശിക്ഷിക്കപ്പെടേണ്ടത്. അല്ലാതെ കരാറനുസരിച്ച് കാശുവാങ്ങി കൃത്യംനിര്‍വഹിച്ച് ഒളിവില്‍പോയ വാടകക്കൊലയാളികളെയോ അവര്‍ക്ക് പകരം ജീവനാംശം നല്‍കി ഹാജരാക്കപ്പെടുന്ന ബിനാമികളെയോ പിടിച്ചതുകൊണ്ടും അവരെ മാത്രം ശിക്ഷിച്ചതുകൊണ്ടും അവസാനിപ്പിക്കാവുന്ന ഒരു കേസല്ല ഇത്. ക്വട്ടേഷന്‍ സംഘം എന്ന പ്രയോഗത്തില്‍ തന്നെ  അവരെ ക്വട്ടേഷന്‍ എടുത്തവര്‍  കൂടി ഒളിഞ്ഞിരിപ്പില്ലേ? അവര്‍ കൂടി പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴേ പൊലീസിന്റെ ദൗത്യം പൂര്‍ത്തിയാവുകയുള്ളൂ. അപ്പോള്‍ മാത്രമേ ജനകീകയഭിലാഷം സാക്ഷാല്‍ക്കരിക്കപ്പെടൂ.

               കൊലപാതക രാഷ്ട്രീയം നമ്മുടെ പൊതുജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും  ശാപമായി മാറിയിട്ട് വര്‍ഷങ്ങളേറെയായി. ഇതില്‍ നിന്ന് ഒരു പാര്‍ടിയേയും ഒഴിച്ചുനിര്‍ത്താനാവില്ല.  ഇനിയെങ്കിലും അത് തടയപ്പെട്ടില്ലെങ്കില്‍ ശക്തിപ്രാപിച്ച് സ്ഥിരപ്രതിഷ്ഠ നേടാനിടയുണ്ട്. രാഷ്ട്രീയത്തിന്റെ ഈ ഫാസിസ്റ്റുവല്‍ക്കരണം അറുതിവരുത്താനുള്ള അവസരമായാണ് ടി പി വധക്കേസിനെയും അതിന്റെ അന്വേഷണരീതികളെയും ജനങ്ങള്‍ നോക്കിക്കാണുന്നത്. അടിസ്ഥാനവര്‍ഗത്തിന്റെ മോചനത്തിന് വേണ്ടി പ്രതിജ്ഞാബദ്ധമായി പോരാടുന്ന പാര്‍ടിയെന്ന നിലയില്‍ സി പി എമ്മും ജനകീയഭിലാഷത്തോടൊപ്പം നിലകൊള്ളുകയാണ് വേണ്ടത്.

               ടി പി വധത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയ പാര്‍ടി നേതാക്കളെ കുടുക്കാനാണ് ചന്ദ്രശേഖരന്റെ വിധവ രമയും ആര്‍ എം പിയും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് ആരും വിശ്വസിക്കുകയില്ല. യഥാര്‍ഥ പ്രതികളെന്ന്  സംശയിക്കുന്നവരിലാരെങ്കിലും പിടിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ സംശയിക്കുന്നുണ്ടാവാം. അത് വാസ്തവമല്ലെങ്കില്‍ അവരുടെ തെറ്റിദ്ധാരണ നീക്കാനും പുതിയ അന്വേഷണം സഹായിക്കുമല്ലോ.

              സി ബി ഐ അന്വേഷിച്ചാല്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും  യഥാര്‍ഥ പ്രതികള്‍ മുഴുവന്‍ അകത്താകുമെന്നുമുള്ള വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാവാന്‍ തരമില്ല.  നമുക്ക് ആശ്രയിക്കാന്‍ പക്ഷെ അത് മാത്രമല്ലേ ഉള്ളൂ. സി ബി ഐ ഏറ്റെടുത്ത എത്രയെത്ര കേസുകളാണ് തുമ്പില്ലാതെ  അനിശ്ചിതത്വത്തിലവസാനിച്ചത്. അഭയാകേസും സോമന്‍. ചേകന്നൂര്‍ കേസുകളുടെയും സ്ഥിതി മാത്രം പരിശോധിച്ചാല്‍ ഇത് ബോധ്യമാവും.
കേരളത്തിലെ  ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ മൗലികമായ ഒട്ടേറെ കാര്യങ്ങളില്‍  സൗജന്യാനുരഞ്ജനങ്ങളുടെ രഹസ്യധാരണകള്‍ ഉണ്ടാകാറുണ്ടെന്നതും അത്രകണ്ട് രഹസ്യമല്ല. അത്തരം പരസ്പര ധാരണകള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പോന്ന നിക്ഷിപ്ത ബാഹ്യശക്തികള്‍ ഇവിടെ പ്രവര്‍ത്തനനിരതമാണ്. ആ ശക്തികള്‍ ഈ വിഷയത്തിലും ഇടപെട്ടുകൂടായ്കയില്ല. എങ്കിലും ചന്ദ്രശേഖരനെ പോലെ നിസ്വാര്‍ഥനായ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവന്‍ ഇരുളിന്റെ മറവില്‍ കവര്‍ന്നെടുത്തവര്‍ ആരായാലും അവര്‍ രക്ഷപ്പെട്ടുകൂടാ.

Wednesday, September 5, 2012

സ്വപ്നങ്ങള്‍ പങ്കുവെച്ച് നായരീഴവ ഐക്യം


          നായരീഴവ ഐക്യത്തിന് വേണ്ടി എന്‍ എസ് എസും എസ് എന്‍ ഡി പിയും പ്രകടിപ്പിച്ച അത്യുത്സാഹത്തിന് നാലിന നയരേഖ അംഗീകരിച്ചതോടെ പുതിയ മാനം കൈവന്നിരിക്കുന്നു. ഇരുവരും ഒപ്പുവെച്ച നയരേഖ പ്രകാരം ഭൂരിപക്ഷ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഐക്യത്തിന് തടസ്സമാവുന്ന വിഷയങ്ങള്‍ പരസ്പരം ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്യും. ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാരും രാഷ്ട്രീയ പാര്‍ടികളും വഴങ്ങുന്നു എന്ന് ഇരു സംഘടനകളും അടുത്ത കാലത്തായി ശക്തമായി ആരോപിച്ചുവരികയായിരുന്നുവല്ലോ. മാത്രമല്ല ഭൂരിപക്ഷ വിഭാഗത്തിനോടുള്ള നീതി നിഷേധം കൂടുതല്‍ പ്രകടമായി വരുന്നുവെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഹൈന്ദവ സമൂഹത്തിലെ പ്രബല സമുദായ സംഘടനകളായ എസ് എന്‍ ഡി പിയും എന്‍ എസ് എസും  ഇരുകൂട്ടരുടെയും തത്വങ്ങളും ലക്ഷ്യങ്ങളും പ്രവര്‍ത്തന ശൈലിയും കൈവിടാതെ സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഒരുമിച്ച് നീങ്ങുമെന്നാണ് നയരേഖയിലൂടെ വിളംബരം ചെയ്തിരിക്കുന്നത്.

          എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വള്ളാപ്പള്ളി നടേശനും ഐക്യത്തിന്റെ പടികയറാന്‍ ആവേശം നല്‍കിയത് യു ഡി എഫിലെ അഞ്ചാംമന്ത്രി വിവാദമായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇരുവരും യു ഡി എഫിനെതിരെ തിരിയുക മാത്രമല്ല ബി ജെ പിക്കനുകൂലമായി പടയൊരുക്കം നടത്തുകയും ചെയ്തു. ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് ലഭിച്ച 30000 വോട്ടുകളില്‍ ഏറിയ പങ്കും യു ഡി എഫിന്റേതാണെന്ന് അന്നു തന്നെ സുകുമാരന്‍ നായര്‍ വാദിക്കുകയും ചെയ്തിരുന്നു. അതായത് മതേതര പക്ഷത്തുനിന്ന ഈഴവരെയും നായന്മാരെയും ബി ജെ പി പക്ഷത്ത് എത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇരുവരും ചെയ്ത സേവനമെന്നര്‍ഥം.

          നായരീഴവ ഐക്യത്തിന് മുമ്പ് പിന്നാക്ക-ദലിത് ഐക്യത്തെ കുറിച്ച് സംസാരിച്ച വള്ളാപ്പള്ളി, കേരള പീപ്പിള്‍സ് ഫ്രണ്ട് എന്ന പേരില്‍ അവരുടെ കൂട്ടായ്മക്കും രൂപം നല്‍കിയ ആളാണ്. അമ്പതോളം പിന്നാക്ക സംഘടനകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് ഫ്രണ്ട് രൂപീകരിച്ചത്. പിന്നാക്ക വിഭാഗങ്ങളില്ലാതെ എന്ത് ഹിന്ദു ഐക്യം എന്നായിരുന്നു അന്ന് വള്ളാപ്പള്ളിയുടെ ന്യായം. മാത്രമല്ല ദലിതരും ആദിവാസികളുമടങ്ങുന്ന വിഭാഗങ്ങളെ പുറത്തു നിര്‍ത്തി നായരും ഈഴവരും ചേരുന്ന ഐക്യം അപ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

          മുമ്പ് മുസ്‌ലിംകളെ ഒപ്പം നിര്‍ത്തി സംവരണ സമുദായ മുന്നണിക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ തലപ്പത്തും വള്ളാപ്പള്ളി ഉണ്ടായിരുന്നു. ഈ രണ്ട് കൂട്ടായ്മകളെയും പാതിവഴിയില്‍ ഉപേക്ഷിച്ചാണ് അദ്ദേഹം മുന്നോക്ക വിഭാഗത്തോടൊപ്പം കൈകോര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചത്. കേരളത്തിലെ നായന്മാരാകട്ടെ ഭൂരിപക്ഷവും കാലാകാലമായി കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നവരാണ്. ഈഴവരാകട്ടെ മുഖ്യമായും കമ്യൂണിസ്റ്റുപാര്‍ടികളെയാണ്  പിന്തുണക്കുന്നത്. അതുകൊണ്ടു തന്നെ വള്ളാപ്പള്ളിയും സുകുമാരന്‍ നായരും എത്ര കിണഞ്ഞു ശ്രമിച്ചാലും അവരെ ഒരു കുടക്കീഴില്‍ അണിനിരത്തുക അസാധ്യമായിരിക്കും. ഇതപര്യന്തമുള്ള കേരളത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്ന  ഈ സത്യം തിരുത്തിയെഴുതുക അത്ര എളുപ്പമായിരിക്കില്ല.

          മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ അപഹരിക്കാം എന്നതിലുപരി കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ പുതിയ പ്രഖ്യാപനത്തിന് കഴിയുമെന്ന് ആരും വിശ്വസിക്കുന്നുമില്ല. സുകുമാരന്‍ നായര്‍ക്കും വള്ളാപ്പള്ളിക്കും ഇതറിയാത്തതല്ല. എന്നാല്‍ ജാതികളുടെ പേരില്‍ വൈകാരിക സ്‌ഫോടനം സൃഷ്ടിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയെന്ന നാളിതുവരെ അനുവര്‍ത്തിച്ചുവന്ന തന്ത്രങ്ങള്‍ ഇതുമൂലം ഇനിയും വിജയം കണ്ടേക്കാം. അതിലപ്പുറം എന്‍ എസ് എസും എസ് എന്‍ ഡി പിയുമുണ്ടാക്കിയ നായരീഴവ ഐക്യത്തിന് അധികം ആയുസ്സുണ്ടാവാന്‍ സാധാരണ ഗതിയില്‍ തരമില്ല.

          മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ശിപാര്‍ശചെയ്യുന്ന എസ് ആര്‍ സിന്‍ഹോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാവേണ്ടത് എന്‍ എസ് എസിന്റെ വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. ഇത് നേടിയെടുക്കുന്നതിനുള്ള സുകുമാരന്‍ നായരുടെ ബുദ്ധിയായി പുതിയ ഐക്യത്തെ കാണുന്നവരുണ്ട്. സിന്‍ഹോ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ മൗനംപാലിക്കുന്ന വള്ളാപ്പള്ളി സത്യത്തില്‍ എന്‍ എസ് എസിന് കീഴടങ്ങി എന്ന് തന്നെ പറയേണ്ടിവരും. 25 ഏക്കര്‍ ഒരു ശാഖായോഗത്തിന്റെ പേരില്‍ പതിച്ചു നല്‍കിയപ്പോള്‍ പിറവത്ത് യു ഡി എഫിന്റെ പിറകെ പോയ ആളാണദ്ദേഹം.

          ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് നയരേഖ ഒപ്പിട്ടതെങ്കില്‍ ഇതില്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും മാത്രമായത് എന്തുകൊണ്ട് എന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയതിനെതിരെയുള്ള കേസ് പിന്‍വലിച്ചെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം നല്‍കിയതിനെ ചോദ്യംചെയ്തുകൊണ്ട് കേരള ജമാഅത്ത് കൗണ്‍സില്‍ കൊടുത്ത കേസില്‍ കക്ഷി ചേര്‍ന്ന എന്‍ എസ് എസ് എന്തുകൊണ്ടാണ് അത് പിന്‍വലിക്കാത്തത് എന്നതിനും വിശദീകരണം ലഭിക്കേണ്ടതുണ്ട്.

         തിരുവിതാംകൂര്‍, തിരുകൊച്ചി ദേവസ്വം ബോര്‍ഡ് പുന:സംഘടനയില്‍ കണ്ണും നട്ടാണ് ഇപ്പോഴത്തെ നായരീഴവ ഐക്യം എന്നും ആരോപണമുണ്ട്. ഈ രണ്ട് ബോര്‍ഡുകളില്‍ ഒന്ന് പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവര്‍ക്ക് നല്‍കാന്‍ ഇവര്‍ ആവശ്യപ്പെടുമോ? ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട നായരീഴവ ഐക്യം കേരള രാഷ്ട്രീയത്തെ തല്‍ക്കാലം സ്വാധീനിക്കുകയില്ലെങ്കിലും യു ഡി എഫ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ അത് ധാരാളം മതി. അതിന്റെ മറവില്‍ സര്‍ക്കാരിനോട് കൂടുതല്‍ വില പേശി കാര്യങ്ങള്‍ നേടിയെടുക്കാന്‍ എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും കഴിഞ്ഞെന്നും വരും.

Monday, September 3, 2012

എമര്‍ജിംഗ് കേരളക്ക് ജിമ്മിന്റെ ഗതി വരരുത്


               വ്യവസായ വകുപ്പ് ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് രൂപം നല്‍കിയ എമര്‍ജിംഗ് കേരള അത്യന്തം പ്രതീക്ഷയോടെ കേരളജനത ഉററുനോക്കുന്ന   വികസന പദ്ധതികളാണ്. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന ഒട്ടനവധി പദ്ധതികള്‍ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്കടക്കം പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന് കൊടി ഉയരാന്‍ ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദേശികളും വിദേശ ഇന്ത്യക്കാരുമടക്കം വലിയൊരു വ്യവസായ സംരഭക നിരയെ കേരളത്തിലേക്കാര്‍ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതിനിടയിലാണ് എമര്‍ജിംഗ് കേരളക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്  ശക്തി കൂടിക്കൂടി വരുന്നത്.

               കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍  വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കുഞ്ഞാലിക്കുട്ടി സമാനരൂപത്തില്‍ 2003ല്‍ സംഘടിപ്പിച്ച ഗ്‌ളോബല്‍ മീറ്റ് അവസാനം കടുത്ത നിരാശ സമ്മാനിച്ചുകൊണ്ടാണ് പര്യവസാനിച്ചത്. വളരെ കൊട്ടിഘോഷിച്ച് ആവിഷ്‌ക്കരിച്ച ജിമ്മിന്റെ പ്രതീക്ഷകളത്രയും കൊഴുത്ത വിവാദങ്ങളില്‍ മുങ്ങിപ്പോയി. സര്‍ക്കാര്‍ ഭൂമിയും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുന്നുവെന്ന ആക്ഷേപമായിരുന്നു അന്നുയര്‍ന്നത്. ആഗോള നിക്ഷേപക സംഗമം തന്നെ പരിസ്ഥിതി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകളുടെ അകമ്പടിയോടെയായിരുന്നുവല്ലോ നടന്നതും. വ്യവസായ വളര്‍ച്ചക്ക് വളക്കൂറുള്ള മണ്ണല്ല ഇവിടുത്തേത് എന്ന അപവാദം ഒരിക്കല്‍ കൂടി കേരളം കേള്‍ക്കേണ്ടിവന്നു. ജിം നല്‍കിയ തിക്താനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തിയിട്ടും എമര്‍ജിംഗ് കേരളയും ജിമ്മിന്റ വഴി പിന്തുടരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

               എമര്‍ജിംഗ് കേരളയുടെ മറവില്‍ അവശേഷിക്കുന്ന നെല്‍പാടം കൂടി നികത്തപ്പെടുന്ന ആശങ്ക ചിലര്‍ക്ക്. ടൂറിസം പദ്ധതികളുടെ മറവില്‍ പുല്‍മേടുകള്‍ നികത്തപ്പെടുമോ? പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് പശ്ചിമഘട്ട വികസന അതോറിട്ടി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ടൂറിസം പദ്ധതികള്‍ നിര്‍ദേശിച്ചിട്ടുള്ളത്. 50 ഏക്കറിലെ സാഹസിക ടൂറിസം പദ്ധതി, നൂറേക്കറിലെ ഗോള്‍ഫ് ക്‌ളബ്ബ്-റിസോര്‍ട്ട് പദ്ധതി എന്നിവ വാഗമണിലെ അവശേഷിക്കുന്ന പുല്‍മേടുകള്‍ ഇല്ലാതാക്കുമോ? 50 ഏക്രയാണ് നെല്ലിയാമ്പതി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍-ലോഡ്ജ്- ഹെല്‍ത്ത് റിസോര്‍ട്ട് എന്നിവക്കായി നിര്‍ദേശിക്കുന്നത്. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നെല്ലിയാമ്പതിയെ വനഭൂമിയായി സംരക്ഷിക്കണമെന്നാണ് പാരിസ്ഥിതിക പ്രവര്‍ത്തകരുടെ ആവശ്യം. നെല്ലിയാമ്പതിയിലെ വനഭൂമി കൈമാറാനുള്ള നീക്കം സര്‍ക്കാറിന്റെ നിലനില്‍പിനെ പോലും ബാധിക്കുന്ന പ്രശ്‌നവുമാണ്.

                പ്രതിപക്ഷത്തെ സംബന്ധിച്ചെടുത്തോളം അവരുടെ എതിര്‍പ്പ് രാഷ്ട്രീയപ്രേരിതമാണെന്ന് വേണമെങ്കില്‍ പറയാം. അതാണല്ലോ കേരളത്തിന്റെ എക്കാലത്തെയും ശൈലി.  എമര്‍ജിംഗ് കേരള ജിമ്മിനേക്കാള്‍ ആപല്‍ക്കരമാണെന്നും പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന വികസനം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ നേരിടാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പാടുപെടുന്നതിനിടയിലാണ് യു ഡി എഫിലെ ആറു യുവ എം എല്‍ എമാരുടെ എതിര്‍പ്പുമായുള്ള രംഗപ്രവേശം. എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തെ പൂര്‍ണമായി പിന്തുണക്കുന്നുവെന്ന് പറയുമ്പോഴും സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും സ്വകാര്യ സംരംഭകര്‍ക്ക് കൈമാറരുതെന്നും പുതിയ സംരംഭങ്ങളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നത് ശ്രദ്ധയോടെ വേണമെന്നും വി ഡി സതീശനും കെ എം ഷാജിയുമുള്‍പ്പെടെയുള്ള ആറു എം എല്‍ എമാര്‍ ഹരിതരാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ 'ഗ്രീന്‍ തോട്ട്‌സ് കേരള' എന്ന ബ്‌ളോഗിലൂടെ ആവശ്യപ്പെട്ടത്.

                ജനങ്ങള്‍ എതിര്‍ത്ത് തോല്‍പിച്ച പദ്ധതികള്‍ പേരുമാറ്റി കൊണ്ടുവരുന്നത് വികസന വിരുദ്ധമെന്ന് പറഞ്ഞ് എമര്‍ജിംഗ് കേരളക്കെതിരെ രംഗത്തുന്ന മറ്റൊരു നേതാവ് കോണ്‍ഗ്രസുകാരനായ വി എം സുധീരനാണ്. നിക്ഷേപക സംഗമത്തില്‍ തൊഴില്‍ സാധ്യതയുള്ള പുതിയ പദ്ധതികളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.  പദ്ധതികള്‍ക്കായി കൈമാറ്റപ്പെടാന്‍ നിശ്ചയിച്ച ഭൂമിയെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണവും ആരംഭിച്ചിരിക്കുന്നു. റവന്യൂവകുപ്പിന് പിന്നാലെ വനംവകുപ്പും ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നു. മലപ്പുറത്ത് പാണക്കാട് വില്ലേജില്‍ 2266 കോടി രൂപ ചെലവിട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ള എഡ്യൂക്കേഷന്‍-ഹെല്‍ത്ത് സിറ്റി പദ്ധതിക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണത്രെ ഇതിന് പിന്നില്‍.

                ഈ ആക്ഷേപങ്ങളെല്ലാം വികസന വിരോധികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളാണെന്ന് പറഞ്ഞ് അവഗണിക്കാനാവുമോ? ചുമതലാബോധമുള്ള ഭരണകൂടത്തിന് യോജിച്ചതല്ല അത്. സുധീരന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഏത് പദ്ധതിയായാലും നിലവിലുള്ള ഏജന്‍സികളും പരിസ്ഥിതിവിദഗ്ധരും സംയുക്തമായി പരിശോധിക്കുന്ന സംവിധാനമുണ്ടാവണം. പരിസ്ഥിതി സംബന്ധിച്ച പഠനം പൂര്‍ത്തിയാക്കിയ ശേഷമേ പദ്ധതികള്‍ തുടങ്ങാന്‍ അനുവദിക്കാവൂ. വികസനം നമുക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വികസനം സമ്പന്നരുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കലാവരുത്. അങ്ങനെ വന്നാല്‍ ജിമ്മിന്റെ അനുഭവം ആവര്‍ത്തിക്കപ്പെടും. മനുഷ്യശേഷിയും കാലാവസ്ഥയുമടക്കം കേരളത്തിന് അനുകൂലമായ ഒട്ടനവധി ഘടകങ്ങള്‍ ഉണ്ടെന്നിരിക്കെ വിവാദത്തില്‍ കുടുങ്ങി വികസനം മുരടിക്കാതിരിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത്  സര്‍ക്കാര്‍ തന്നെയാണ്.
Related Posts Plugin for WordPress, Blogger...