Friday, December 30, 2011

2011 വിടപറയുമ്പോള്‍


                പുതുവര്‍ഷത്തിന്റെ പുതിയ സൂര്യേദയത്തിന് സാക്ഷിയാവാന്‍ പോവുകയാണ് ലോകം. 2011 ഡിസമ്പര്‍ 31ല്‍ നിന്ന് 2012 ജനുവരി ഒന്നിലേക്ക് മണിക്കൂറുകളുടെ അകലമേ ഉള്ളൂവെങ്കിലും 2011ല്‍ നിന്ന് 2012ലേക്ക് കൃത്യമായും ഒരു വര്‍ഷത്തെ ദൂരമുണ്ട്. കാലമാം മഹാവൃക്ഷത്തിന്റെ ചില്ലയില്‍നിന്ന് ഒരില കൂടി കൊഴിഞ്ഞുവീണു എന്നായിരിക്കും കവി ഭാവന. എന്നാല്‍ ഒരു തനിയാവര്‍ത്തനം പോലെ കടന്നുപോകുന്ന പുലരികളല്ല ജനം ആഗ്രഹിക്കുന്നത്. ഏത് പുതുപ്പിറവിക്കും ഒരു ഗതകാല സ്വപ്നമുണ്ടാകും. ഉണ്ടാവണം. 2011നും പറയാനും പങ്കുവെക്കാനുമുണ്ട് സംഭവബഹുലമായ ഒട്ടേറെ അനുഭവങ്ങള്‍. ഒരു ഡയറി കൂടി നാം മടക്കിവെക്കുന്നു. ഒരു കലണ്ടര്‍ കൂടി നമ്മുടെ ചുമരുകളില്‍നിന്ന് പടിയിറങ്ങുകയാണ്. ഒരു പുതിയ കലണ്ടര്‍ അവിടെ സ്ഥാനം പിടിക്കാന്‍ പോകുന്നു.

             പോയ വര്‍ഷം ലോകത്തെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു. അറബ് വസന്തത്തിന്റെ കാര്യത്തില്‍ മാത്രമല്ല വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെയും യൂറോപ്പിലെ സമരങ്ങളുടെയുമൊക്കെ കാര്യത്തില്‍ ഈ ജനകീയ വികാരം കാണാം. അറബ് വസന്തം വിജയംകണ്ട രാജ്യങ്ങളില്‍ ഇസ്‌ലാമിക ശക്തികളാണ് മേല്‍ക്കൈ നേടിയതെങ്കിലും അത് തന്‍കാര്യ സാധ്യത്തിന് ഉപയോഗപ്പെടുത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കഴിയുമെന്ന അപകടം പതിയിരിപ്പുണ്ട്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും യൂറോപ്പിലെ സമരങ്ങളുമാവട്ടെ മുതലാളിത്ത വ്യവസ്ഥക്കെതിരെ തൊഴിലാളികള്‍  നടത്തിയ വിപ്‌ളവ സമരമൊന്നുമായിരുന്നില്ല. ഇതിനെ സോഷ്യലിസത്തിന്റെ ഉയിര്‍ത്തെഴുനേല്‍പായി വ്യാഖ്യാനിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം അബദ്ധജഡിലമാണ്. സുവ്യക്തമായ ഇടതുപക്ഷ നിലപാടുള്ളവര്‍ ഈ സമരനിരകളില്‍ ഉണ്ടായിരുന്നില്ല. റഷ്യയില്‍ വ്‌ളാദിമിര്‍ പുടിന് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ കമ്യൂണിസത്തിന്റെ മുന്നേറ്റമായി പ്രചരിപ്പിക്കുന്നതും പാഴ്‌വേലയെന്നേ പറയാനാവൂ.

                പാക്കിസ്താനിലെ അബോട്ടാബാദില്‍  ഒളിവില്‍ കഴിഞ്ഞ ഒസാമ ബിന്‍ ലാദനെ മെയ് ഒന്നിന് അമേരിക്ക വധിച്ചത് പത്തുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ ഈ വര്‍ഷമാണ്. പാക്കിസ്താന്‍ എന്ന പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുവാദമില്ലാതെ കടന്നുകയറി വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കുടുംബത്തിന്റെ മുമ്പില്‍വെച്ച് കൊലപ്പെടുത്തുകയായിരുന്നുവല്ലോ. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നാടുവിട്ട ടൂണീഷ്യന്‍ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ സഊദി അറേബ്യയില്‍ അഭയം തേടിയതും ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവതെ 30 വര്‍ഷം രാജ്യം അടക്കിഭരിച്ച ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക്കിന് രാജിവെച്ച് ഒഴിയേണ്ടിവന്നതും 2011 ലെ നിര്‍ണായക സംഭവങ്ങളാണ്. അറബ് രാഷ്ട്രത്തലവന്മാരില്‍ പ്രമുഖനായിരുന്ന ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി 42 വര്‍ഷത്തെ ഭരണത്തിന് ശേഷം പുറത്തായി. അദ്ദേഹത്തെ നാറ്റോ സൈന്യത്തിന്റെ സഹായത്തോടെ പ്രക്ഷോഭകര്‍ വെടിവെച്ചുകൊല്ലുകയും ചെയ്തു. വെല്ലുവിളികള്‍ അതിജീവിച്ച് രണ്ടുപതിറ്റാണ്ടോളം ഉത്തര കൊറിയ അടക്കിഭരിച്ച കിംഗ് ജോങ് ഇല്‍ വിട പറഞ്ഞത് ഈ മാസം 17നാണ്. ഒരു യുഗത്തിന്റെ അന്ത്യത്തിനാണ് ഒക്‌ടോബര്‍ അഞ്ച് സാക്ഷ്യം വഹിച്ചത്. കംപ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവന്‍ പോള്‍ ജോബ്‌സ് ലോകത്തോട് വിട വാങ്ങിയ ദിനമാണത്.

              ലോകത്തെ 193-ാമത്തെയും ആഫ്രിക്കയിലെ 54-ാമത്തെയും രാജ്യമായി ദക്ഷിണ സുഡാന്‍ നിലവില്‍ വന്നത് ജൂലൈയിലാണ്. ലോക ജനസംഖ്യ 700 കോടിയിലെത്തിയതും 2011ലാണ്. ഒക്‌ടോബര്‍ 31ന്. ഇന്ത്യയില്‍ ജനസംഖ്യ 121 കോടി കവിഞ്ഞതായാണ് സെന്‍സസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ലോകജനസംഖ്യയുടെ 17.5 ശതമാനം വരുമിത്.

             ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമ്പവും സുനാമിയും ഈ വര്‍ഷം മാര്‍ച്ച് 11നായിരുന്നു. 30000ത്തിലേറെ പേരാണ് മരിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമയിലെ ആണവ നിലയത്തിനും കേടുപാടുകള്‍ പറ്റി. അമേരിക്കന്‍ കുടിലതകളും മറ്റ് രാജ്യങ്ങളില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റവും പ്രതിലോമ പ്രവര്‍ത്തനങ്ങളും ലോകത്തിന് മുമ്പില്‍ വിക്കിലീക്‌സ് തുറന്നുകാട്ടിയ വര്‍ഷമാണിത്.അമേരിക്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര രഹസ്യങ്ങള്‍  അടങ്ങുന്ന ലക്ഷക്കണക്കിന് കേബിളുകളും വിക്കിലീക്‌സ് ലോകസമക്ഷം തുറന്നുവെക്കുകയുണ്ടായി.

               ഇന്ത്യയെ സംബന്ധിച്ചെടുത്തോളം അധികാരകേന്ദ്രത്തിന്റെ തണലില്‍ വളര്‍ന്നുപന്തലിച്ച അഴിമതിക്കഥകള്‍ ഇത്രയധികം പുറത്തുവന്ന മറ്റൊരു വര്‍ഷമില്ല. 2ജി സ്‌പെക്ട്രം കേസില്‍ മന്ത്രി എ രാജ രാജിവെക്കുകയും ഡി എം കെ നേതാക്കളില്‍ മാത്രമായി ആരോപണം ഒതുങ്ങുകയും ചെയ്തു. കുറ്റങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കി നല്ലതെല്ലാം  ഏറ്റെടുത്തു കോണ്‍ഗ്രസ് മുഖം രക്ഷിച്ചു. ബോഫോഴ്‌സ് വിവാദത്തിനു ശേഷം രാജ്യത്ത് ചര്‍ച്ചാ വിഷയമായ 12മാസമാണ് കഴിഞ്ഞുപോയത്. അണ്ണാ ഹസാരെയൊന്ന മഹാരാഷ്ട്രക്കാരന്‍ അഴിമതി വിരുദ്ധരുടെ മിശിഹ ആയി പ്രത്യക്ഷപ്പെട്ടത് മറ്റൊരു സംഭവം. ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി നമ്മുടെ നീതിന്യായ ചരിത്രത്തിലെ കേട്ടുകേള്‍വിയില്ലാത്ത സംഭവമായി.  ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയ കേസില്‍ പള്ളിതകര്‍ക്കാന്‍ നേതൃത്വം നല്‍കിയ ആരുടെയും പേരില്‍ കേസെടുക്കാതെ 2011 ബാബരി കേസിലെ നിര്‍ണായക വഴിത്തിരിവായി അശുഭ വാര്‍ത്തകള്‍ സൃഷ്ടിച്ചു.

              34 വര്‍ഷത്തിനു ശേഷം പശ്ചിമബംഗാളില്‍ ഇടതു കോട്ട   തകരുന്നതും 2011ന്റെ ചരിത്ര പുസ്തകത്തിലെ അപൂര്‍വ സംഭവമായിരിക്കും. 294 അംഗ സഭയില്‍ സി പി എമ്മിന് ഒറ്റക്ക് ഭൂരിപക്ഷം എന്ന ഗര്‍വില്‍നിന്നാണ് ഇടതുപക്ഷത്തിന് മൊത്തം 62 എന്ന അവസ്ഥയിലേക്ക് ചുരുങ്ങിയത്. കേരളത്തില്‍ ചരിത്രത്തിലാദ്യമായി നാലാളുടെ നേരിയ ഭൂരിപക്ഷത്തിന് യു ഡി എഫ് അധികാരം തിരിച്ചുപിടിച്ചതും ഈ വര്‍ഷം തന്നെ. 2012 പ്രതീക്ഷകളുടേയോ പ്രത്യാശകളുടേയോ എന്നതിനപ്പുറം പ്രതിജ്ഞകളുടേതായിരിക്കണം. എങ്കില്‍ മാത്രമേ പുതുവര്‍ഷത്തെ ഹാപ്പി ന്യൂ ഇയറായി സ്വാഗതം ചെയ്യാനാവൂ.അതിന് മാത്രം കാര്യങ്ങള്‍  ലോകത്ത് ചെയ്തു തീര്‍ക്കാനുണ്ട്.

Monday, December 26, 2011

സംവരണ വഴിയില്‍ വീണ്ടും ചതിക്കുഴികള്‍


           സംവരണത്തിന്റെ പേരില്‍ അനേകം ചാതിക്കുഴികള്‍ താണ്ടിയവരാണ് രാജ്യത്തെ പിന്നാക്ക സമുദായങ്ങള്‍. സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം ഭാഗികമായിപ്പോലും യാഥാര്‍ഥ്യമായില്ല. ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ് തുല്യനീതി ഉറപ്പുവരുത്താന്‍ കരണീയമെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും ഭരണാധികാരശക്തികള്‍ ഇതുവരെ അത് മുഖവിലക്കെടുത്തിട്ടില്ല. സന്ദര്‍ഭത്തിനൊത്തുയരുന്നതില്‍ പിന്നാക്ക സമൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പരാജയപ്പെട്ടതാണനുഭവം. വിവേചനത്തിന്റെയും അവഗണനയുടെയും ചുഴിയില്‍പെട്ട ഈ വിഭാഗങ്ങളുടെ മോഹങ്ങള്‍ പൂവണിയിക്കാനല്ല, അവരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ് ഇപ്പോഴും കേന്ദ്രഭരണകൂടം നടത്തുന്നത്.
 
             പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ നാലര ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവെക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം ആശ്വാസകരമായി തോന്നാമെങ്കിലും രാഷ്ട്രീയധര്‍മത്തിന്റ ധീരമായ നിര്‍വഹണം എന്ന് അതിനെ വ്യാഖ്യാനിക്കുന്നത് കടന്നകൈയ്യായിരിക്കും. ഒരു മഹായജ്ഞം വിജയിച്ചുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കന്നവര്‍ ചരിത്രസന്ധിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളാത്തവരാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പത്ത് ശതമാനം സംവരണം നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ ശിപാര്‍ശ, നാലര ശതമാനം നിശ്ചയിച്ചതിലൂടെ അട്ടിമറിക്കപ്പെട്ടുവെന്നത് വസ്തുതകളെ ഇഴപിരിച്ച് പരിശോധിക്കാന്‍ തയാറുള്ള ആര്‍ക്കും ബോധ്യമാവും. സംവരണത്തിന്റെ തോത് 50 ശതമാനത്തില്‍ നിജപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ്  കൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ന്യായം. മുസ്‌ലിം സംവരണം ഉറപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് സച്ചാര്‍  കമ്മീഷനും രംഗനാഥ് മിശ്ര കമ്മീഷനും നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം നഷ്ടപ്പെടുത്തുകയാണ് സത്യത്തില്‍ സര്‍ക്കാര്‍ ചെയ്തത്.

           മുസ്‌ലിം പ്രീണന നയമെന്ന ബി ജെ പി പ്രചാരണത്തെ പേടിച്ചാണ് നാലര ശതമാനത്തില്‍ സംവരണം ഒതുക്കിയതെന്ന് അടക്കം പറയുന്നവര്‍ ഭരണമുന്നണിയിലുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു സര്‍ക്കാരിന് ഭൂഷണമാണോ ഈ വിശദീകരണം? ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രമേ പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കൂ. അടുത്ത മാസം ഒന്നിന് ഇത് നിലവില്‍ വരും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ  സി വകുപ്പില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധ, സൗരാഷ്ട്രിയന്‍, പാഴ്‌സി മതവിഭാഗങ്ങള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണ് ഈ നാലര ശതമാനം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആസന്നമായ ഉത്തരപ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലാതല്ല. യു പിയില്‍ നാലാംസ്ഥാനത്താണ് കോണ്‍ഗ്രസുള്ളത്. 400 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 21 അംഗങ്ങളേ ഉള്ളൂ. എന്നാല്‍ നൂറോളം മണ്ഡലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അവരെ കയ്യിലെടുക്കാന്‍  ഈ സംവരണം കോണ്‍ഗ്രസ് തുരുപ്പുശീട്ടാക്കുമെന്ന് ഉറപ്പാണ്.

          ജനസംഖ്യാനുപാതിക സംവരണം മുസ്‌ലിംകള്‍ക്ക് നല്‍കണമെന്നാണ് യു പി മുഖ്യമന്ത്രി മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവും ആവശ്യപ്പെടുന്നത്. രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാള്‍ ശോചനീയമാണ് മുസ്‌ലിംകളുടെ അവസ്ഥയെന്നും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പരിമിത പ്രാതിനിധ്യം പോലും അവര്‍ക്ക്  ലഭിക്കുന്നില്ലെന്നും കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയതാണ്. മിശ്രയും സച്ചാറും അവരുടെ റിപ്പോര്‍ട്ടുകള്‍ യഥാസമയം തന്നെ സമര്‍പ്പിച്ചിട്ടും നടപടികള്‍ ഇപ്പോഴും ഇഴഞ്ഞാണല്ലോ നീങ്ങുന്നത്.

            സംവരണ വഴിയില്‍ ഏറെ യാതനകള്‍ സഹിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. ഗോപാല്‍സിംഗ്, മണ്ഡല്‍, നെട്ടൂര്‍, നരേന്ദ്രന്‍ കമ്മീഷനുകള്‍ സംവരണ വ്യവസ്ഥയെ കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളോടൊപ്പം ലീഗ് ബഹുദൂരം സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ ഒ ബി സി  ക്വാട്ടക്ക് പകരം ഈ കമ്മീഷനുകളുടെ നിര്‍ദേശ പ്രകാരമുള്ള സംവരണത്തിന് വേണ്ടി പാര്‍ട്ടിയുടെ എം പിമാര്‍ ശബ്ദമുയര്‍ത്താന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ വിസ്മയം തോന്നുന്നു. പ്രത്യേകിച്ചും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉള്ളപ്പോള്‍.  കേന്ദ്ര മന്ത്രിസഭയുടെ നാലര ശതമാനം തീരുമാനത്തിനെതിരെ ലോകസഭയില്‍ ബി ജെ പി കത്തിക്കയറിയപ്പോഴും ലീഗ് എം പിമാര്‍ വാ തുറന്നത് കണ്ടില്ല.

           ലോക്പാല്‍ സമിതികളിലെ ഒമ്പതംഗങ്ങളില്‍ അമ്പത് ശതമാനം പട്ടികജാതി, ഒ ബി സി, വനിതകള്‍ തുടങ്ങിയവര്‍ക്ക് സംവരണം ചെയ്യണമെന്നായിരുന്നു പുതിയ ലോക്പാല്‍ ബില്ലിലെ വ്യവസ്ഥ. ഇത് നേരത്തെ ന്യൂനപക്ഷ സംവരണം വേണമെന്ന സര്‍വകക്ഷി തീരുമാനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയത് ആര്‍ ജെ ഡി, എസ് പി, ബി എസ് പി, മുസ്‌ലിം മജ്‌ലിസ് തുടങ്ങിയ പാര്‍ട്ടികളാണ്. ന്യൂനപക്ഷ സംവരണമില്ലാതെ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് ശക്തമായി വാദിച്ചത് ലാലുപ്രസാദ് യാദവാണ്. നാലംഗങ്ങള്‍ മാത്രമേ ലാലുവിന് സഭയിലൂള്ളൂ. എന്നാല്‍ മൂന്നംഗങ്ങളുള്ള മുസ്‌ലിംലീഗ് ഇവിടെയും മൗനം പാലിക്കുന്നതാണ് കണ്ടത്. മജ്‌ലിസെ ഇത്തിഹാദുല്‍  മുസ്‌ലിമീന്റെ ഏക എം പി അസദുദ്ദീന്‍ ഉവൈസിയും ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. ഈ വിഷയത്തില്‍  സഭ അവര്‍ സ്തംഭിപ്പിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ വഴിക്ക് വന്നത്. കോര്‍ അജണ്ടയായി ലോക്പാല്‍ സമിതിയില്‍ ന്യൂനപക്ഷ സംവരണവും ചേര്‍ത്താണ് പുതിയ ലോക്പാല്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. ഒഴുക്കിനെതിരെ നീന്താന്‍ തയാറുണ്ടെങ്കില്‍ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കുകയുമാവാം.

Thursday, December 22, 2011

നിര്‍വൃതി നിര്‍ഭരം ഈ പുണ്യകര്‍മം


            മരിക്കാത്ത അവയവങ്ങള്‍ ദാനം ചെയ്ത് മരണത്തെ തോല്‍പിച്ച കൂടരഞ്ഞിയിലെ അരുണ്‍ ജോര്‍ജ് നന്മയുടെയും ത്യാഗോജ്വലമായ സേവനത്തിന്റെയും വഴിവിളക്കായി എല്ലാവര്‍ക്കും പ്രകാശമേകും. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏകമകന് മസ്തിഷ്‌ക്ക മരണം സംഭവിച്ചപ്പോള്‍ തന്നെ അരുണിന്റെ വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ ദാനംചെയ്യാന്‍ സന്നദ്ധമായ മാതാപിതാക്കളുടെ വലിയ മനസ്സ് നിസ്വാര്‍ഥതയുടെ സൗഗന്ധിക പ്രവാഹമായി ചരിത്രത്തിലിടം നേടും. തിരിച്ചുകിട്ടിയ മൂന്നു ജീവിതങ്ങളിലൂടെയും രണ്ടു പേരുടെ കാഴ്ചകളിലൂടെയും ഇനി അരുണ്‍ ജോര്‍ജ് ജീവിക്കുമ്പോള്‍,   പൊന്നോമനയുടെ വിയോഗം സൃഷ്ടിച്ച തീവ്രനൊമ്പരം സഹിക്കാന്‍ ജോര്‍ജ്-സലീന ദമ്പതികള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഡയാലിസിസ് ചെയ്ത് ജീവിതം തള്ളിനീക്കിയിരുന്ന ബത്തേരിയിലെ മഞ്ജു, കണ്ണൂര്‍ തോട്ടടയിലെ  ഐ ടി ഐ വിദ്യാര്‍ഥി വിനേഷ്, കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കായി കാത്തിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ്  അരുണിന്റെ അവയവങ്ങളിലൂടെ ജീവിതം വീണ്ടുകിട്ടിയത്. ഒരിക്കലും മരിക്കാത്ത സാന്നിധ്യമായി മകന്‍ നക്ഷത്രം പോലെ രണ്ടുപേരുടെ കണ്ണുകളിലൂടെയും ശോഭിച്ചുനില്‍ക്കും.

           കൂടരഞ്ഞി കാരമൂലക്കടുത്ത് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായപ്പോള്‍ മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, അരുണിന്റെ അവയവങ്ങള്‍  ദാനംചെയ്ത് കുറച്ചു പേരുടെ ജീവന്‍ രക്ഷിച്ചുകൂടേ എന്ന്  മാതാപിതാക്കളോട് ആരായുകയായിരുന്നു. അങ്ങനെയെങ്കില്‍ അതവന് പുണ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ജോര്‍ജും കുടുംബവും സമ്മതിച്ചത്.

           നിയമത്തിന്റെ നൂലാമാലകളെല്ലാം മാറ്റിവെച്ചുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. എട്ടുമാസമായി ഡയാലിസിസുമായി ജീവിതം നീട്ടിക്കൊണ്ടുപോയ  വിനേഷിന് നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വൃക്ക വെച്ചുപിടിപ്പിച്ചത്. കണ്ണുകള്‍ മാത്രമല്ല വൃക്കകളും കരളും ദാനംചെയ്യാനുള്ള രക്ഷിതാക്കളുടെ സന്നദ്ധത തന്നെ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. സ്വമേധയാ വൃക്ക ദാനംചെയ്ത് സമൂഹത്തിന് മാതൃക കാട്ടിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസും എ സി റോയിയുമൊക്കെ നമ്മുടെ മുന്നിലുണ്ട്. അവയവദാനത്തെ കുറിച്ചുള്ള അവബോധമില്ലായ്മ മുതല്‍ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ വരെ ഒട്ടേറെ പരിമിതികളാണ് രോഗികളും കുടുംബങ്ങളും ഇപ്പോള്‍ നേരിടുന്നത്.
വൃക്ക ദാനംചെയ്യാന്‍ ആരെങ്കിലും സ്വമേധയാ സന്നദ്ധമായാല്‍ തന്നെ നിയമപരമായ നിരവധി രേഖകള്‍ ഹാജരാക്കണം. സിറ്റി പൊലീസ് കമ്മീഷണറുടെയും വില്ലേജാഫീസറുടെയും സമ്മതപത്രം വേണം. പണത്തിന് വേണ്ടിയല്ല ദാനമെന്ന് ഓതറൈസേഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തണം.  ഈ കമ്മിറ്റി ചേരുന്നതാകട്ടെ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ്. ആ സമയത്ത് രേഖകളെല്ലാം ശരിയായില്ലെങ്കില്‍ വീണ്ടുമൊരു മാസം കൂടി കാത്തിരിക്കേണ്ടിവരും. രേഖകളില്‍ ചെറിയ പ്രശ്‌നമുണ്ടായാലോ പുലിവാലാവുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണും കരളും വൃക്കയും ഹൃദയവുമൊക്കെ മാറ്റിവെച്ച രോഗികള്‍ക്ക് പുതുജീവന്‍ പകരാന്‍ കഴിയുമെന്നത് വലിയ അത്ഭുതം തന്നെയാണ്. വൃക്ക ദാനംചെയ്യുന്ന വ്യക്തി പൂര്‍ണ ആരോഗ്യമുള്ള ആളാണെങ്കില്‍ ഒരുവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകില്ലത്രെ.

             വേണ്ടത്ര അവബോധമില്ലാത്തതുകൊണ്ടാണ് അവയവദാനം വ്യാപകമാകാത്തത്. അവയവദാനത്തിന്റെ മറവില്‍ കച്ചവടം നടക്കുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല. അത് തടയാന്‍ നിയമം കര്‍ശനമാക്കുന്നതില്‍ ആരും തെറ്റ് കാണില്ല.

             കൂടരഞ്ഞിയിലെ തറപ്പേല്‍ ഹാര്‍ഡ്‌വേഴ്‌സ് ഉടമയായ ജോര്‍ജും മുക്കം മോയിന്‍ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അധ്യാപികയായ സെലീനയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ മകന്റെ വിയോഗത്തില്‍ വേദന കടിച്ചിറക്കുമ്പോഴും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനും രണ്ടുപേര്‍ക്ക് കാഴ്ച ലഭിക്കാനും സന്മനസ്സ് കാണിച്ചത് നിസ്സാര കാര്യമല്ല.

             പുണ്യവും നന്മയുമുള്ളതൊന്നും അകിടില്‍ കരുതാത്തവര്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന ഇത്തരം മാതൃകകള്‍ വലിയ പാഠമാവേണ്ടതാണ്. രോഗങ്ങളുടെ പേരില്‍ ദുരിതങ്ങള്‍ കുടിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം അനുദിനം പെരുകിവരികയാണ്. മലയാളികളെ സംബന്ധിച്ചെടുത്തോളം ഭക്ഷണത്തേക്കാള്‍ മരുന്നിനും ചികിത്സക്കും  തുക ചെലവഴിക്കുന്നവരായി  മാറിയിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ തഴച്ചുവളരുന്നതും അവര്‍ രോഗികളെ ചൂഷണം ചെയ്യുന്നതും ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ പകല്‍കൊള്ളയാണ് പലരും നടത്തുന്നത്. രോഗനിര്‍ണയത്തിന്റെ പേരില്‍ പലവിധ പരിശോധനകളും ടെസ്റ്റുകളും സ്‌കാനിംഗും മെല്ലാം കൂടി  ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു.

          തളര്‍ച്ചയുടെ വൃത്തത്തില്‍ നിരാശരായി നൊന്തുകഴിയുന്ന വൃക്ക-കരള്‍ രോഗികളുടെ കാര്യത്തില്‍ പണമുണ്ടായാലും കടമ്പകളെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണല്ലോ ഇന്നുള്ളത്. ഈ ശ്യാമജാതകം തിരുത്തിക്കുറിക്കാന്‍ അരുണിന്റെ മാതാപിതാക്കള്‍ വെട്ടിത്തുറന്ന പുതിയ വഴികള്‍ പൊന്മയില്‍ പീലിയില്‍ ചരിത്രപാഠമായി രേഖപ്പെടുത്തപ്പെടും. നിസ്വാര്‍ഥവും മനുഷ്യത്വപരവുമായ സേവനബോധത്തിന്റെ അസൂയാവഹമായ സ്പര്‍ശം അരുണിന്റെ അവയവദാനത്തിലൂടെ അവന്റെ മാതാപിതാക്കള്‍ പകര്‍ന്നുനല്‍കിയത് ഭാവിതലമുറകള്‍ക്ക് വലിയ പാഠമായിരിക്കുമെന്നതില്‍ സംശയമില്ല.

Tuesday, December 20, 2011

അജിത്‌സിംഗിന് മന്ത്രിസ്ഥാനം: യു പി എക്ക് തിരിച്ചടിയാവും


           രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്‌സിംഗ് കേന്ദ്രമന്ത്രിസഭയിലെ 33-ാമത് കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. രണ്ടാം യു പി എ സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അധികച്ചുമതല വഹിച്ചിരുന്ന വ്യോമയാന വകുപ്പാണ് 72 കാരനായ സിംഗിന് നല്‍കിയിരിക്കുന്നത്. ഈ വകുപ്പില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂന്നാമത്തെ മന്ത്രിയാണ് വരുന്നത്. ഒരു ഘടകകക്ഷിയില്‍നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്ത ഈ വകുപ്പ് വീണ്ടും മറ്റൊരു ഘടകകക്ഷിക്ക് കൈമാറിയത് ഏതായാലും വ്യോമഗതാഗത രംഗത്തെ പ്രതിസന്ധി പരിഹരിക്കാനാണെന്ന് ആരും പറയില്ല. കോണ്‍ഗ്രസ് പോലും.

           മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിംഗിന്റെ മകന്‍ അജിത്‌സിംഗ് ഇതു നാലാം തവണയാണ് കേന്ദ്ര മന്ത്രിയാവുന്നത്. അധികാരത്തിന് വേണ്ടി തരം പോലെ മുന്നണി മാറാന്‍ ഒട്ടും മടിയില്ലാത്ത ഇദ്ദേഹം പി വി നരസിംഹറാവുവിന്റെയും വി പി സിംഗിന്റെയും മാത്രമല്ല എ ബി വാജ്‌പേയിയുടെയും  മന്ത്രിസഭകളില്‍ മനസ്സാക്ഷിക്കുത്തില്ലാതെ   ഇരുന്നിട്ടുണ്ട്.

             അവസാനം ബി ജെ പിയോടൊപ്പം നിന്ന അജിത്‌സിംഗിന് കോണ്‍ഗ്രസിനോട് ഒരുതരം അലര്‍ജിയുണ്ട് എന്ന കാര്യം അവര്‍ പോലും നിഷേധിക്കില്ല. അച്ഛന്‍ ചരണ്‍സിംഗിനെ വാഴിച്ച് കാലുവാരിയ പാര്‍ട്ടി എന്നതിലുപരി തന്റെ തട്ടകമായ പടിഞ്ഞാറന്‍ യു പിയില്‍ ശത്രു കോണ്‍ഗ്രസാണെന്ന തിരിച്ചറിവാണ് ഈ അലര്‍ജിക്ക് കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ബി ജെ പിയുമായി കൂട്ടുകൂടിയ അജിത്‌സിംഗിന് ലാഭം മാത്രമാണ് എന്നും ലക്ഷ്യം.

         ആസന്നമായ യു പി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധി മുന്‍കയ്യെടുത്താണ് തികച്ചും ഭാഗ്യാന്യേഷിയും അവസരവാദിയുമായ ഈ ജാട്ട് നേതാവിനെ യു പി എയുമായി അടുപ്പിച്ചതും കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കി ആദരിച്ചതും. അജിത്‌സിംഗിനെ സഖ്യകക്ഷിയാക്കുക എന്ന കോണ്‍ഗ്രസ്സിന്റെ  ലക്ഷ്യത്തിന് പിന്നില്‍ ഒരു വല്യേട്ടന്‍ മനോഭവമുണ്ടെന്ന കാര്യം മറക്കുന്നില്ല. യു പിയില്‍ ബി എസ് പിക്കും സമാജ്‌വാദി പാര്‍ട്ടിക്കും താഴെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ഇവരോടൊപ്പം ചേര്‍ന്നാല്‍ നാമമാത്ര സീറ്റേ കോണ്‍ഗ്രസിന് മത്സരിക്കാന്‍ തന്നെ ലഭിക്കൂ. അജിത്‌സിംഗാകുമ്പോള്‍ കോണ്‍ഗ്രസിനെ വല്യേട്ടനായി അംഗീകരിച്ചുകൊള്ളുമെന്ന് മാത്രമല്ല 30 സീറ്റെങ്കിലും അടിച്ചെടുക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

           സഖ്യത്തിന് വേണ്ടി അജിത്‌സിംഗ് ആവശ്യപ്പെട്ടതാകട്ടെ കേന്ദ്രമന്ത്രിസ്ഥാനവും പി എസ് യു ചെയര്‍മാന്‍ സ്ഥാനവുമൊക്കെയാണ്. ഇവര്‍ക്ക് അഞ്ച് എം പിമാരാണ് ലോകസഭിയലുള്ളത്. ഒരാള്‍ രാജ്യസഭയിലും. കൃഷിവകുപ്പായിരുന്നു സിംഗിന് ആവശ്യം. പവാറില്‍നിന്ന് അത് കിട്ടില്ലെന്നറിയാം. പിന്നെ സിവില്‍ സപ്‌ളൈസ് വകുപ്പ് ചോദിച്ചു. സോണിയാഗാന്ധിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി മുന്നോട്ടുപോകുന്ന കെ വി തോമസിന്റെ കയ്യില്‍നിന്ന് വകുപ്പ് എടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചപ്പോഴാണ് എന്നാല്‍സിവില്‍ ഏവിയേഷന്‍ വകുപ്പാകട്ടെ എന്ന് നിശ്ചയിച്ചത്. കോണ്‍്രസാകട്ടെ രവിയില്‍ നിന്ന് അത് എടുത്ത് നല്‍കുകയും ചെയ്തു.

           വ്യോമഗതാഗതവുമായി ബന്ധപ്പെട്ട  ഈ സുപ്രധാന വകുപ്പ് ഇപ്പോള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. പൈലറ്റുമാരുടെ പണിമുടക്കും പതിനായിരം കോടി രൂപയുടെ കടബാധ്യതയും ഒട്ടേറെ ചീത്തപ്പേരും സ്വന്തമാക്കി ഒരു പരുവത്തിലായ എയറിന്ത്യയെ ലാഭകരമാക്കുകയെന്നത് അതീവ ദുഷ്‌ക്കരമായ ജോലി തന്നെയാണ്. ഇക്കൊല്ലം ജനുവരിയില്‍ എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേലില്‍നിന്ന് വയലാര്‍ രവി ഈ വകുപ്പേറ്റെടുത്തതു തന്നെ  വലിയ ഭാരവുമായിട്ടാണ്. എയറിന്ത്യയുടെ തലപ്പത്ത് വര്‍ഷങ്ങളായി  കെടുകാര്യസ്ഥതയാണ് നിലനില്‍ക്കുന്നത്.  ഇത് മാറ്റാന്‍ രവി  ശ്രമം തുടങ്ങിയിരുന്നു. മന്ത്രാലയത്തിലെ ചില പ്രമുഖര്‍ അറസ്റ്റുചെയ്യപ്പെട്ടത് അതിന്റെ ഭാഗമാണ്. പൈലറ്റുമാര്‍ നടത്തിയ സമരം ഫലപ്രദമായി നേരിട്ടു. സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വേണ്ടി എയറിന്ത്യയുടെ ഷെഡ്യൂളുകള്‍ മാറ്റുന്നത് അവസാനിപ്പിച്ചു.  വകുപ്പിലെ അഴിമതി കുറച്ചുകൊണ്ടുവന്നു. തുടര്‍ന്ന് എയറിന്ത്യയുടെ വരുമാനം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ വിശ്വാസം നേടിയെടുക്കാനുമുള്ള ശ്രമങ്ങള്‍  തുടങ്ങിയപ്പോഴാണ് ഈ വകുപ്പുമാറ്റം. എയറിന്ത്യാ ജീവനക്കാര്‍ക്ക് മൂന്നുമാസത്തെ ശമ്പള കുടിശ്ശിക ബാക്കിയുണ്ടായിരുന്നു. പ്രമോഷന്‍ മരവിപ്പിച്ചിരുന്നു.

            യു പി എക്ക് പുതിയ സഖ്യകക്ഷികള്‍ ഉണ്ടാകുന്നതിനെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ലെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്നവരെ മന്ത്രിസഭയില്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു.  എ രാജ, ദയാനിധി മാരന്‍ തുടങ്ങിയ മന്ത്രിമാരും കല്‍മാഡി, കനിമൊഴി തുടങ്ങിയ നേതാക്കളും അഴിമതിയുടെ കരിനിഴലില്‍ നില്‍ക്കേ  അജിത്‌സിംഗിനെ പോലുള്ള ഒരാളുടെ അരങ്ങേറ്റം ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.

         മുന്‍ കാലങ്ങളെ അപേക്ഷിച്ച് വ്യോമഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ആ വകുപ്പിന്റെ പ്രവര്‍ത്തനം എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുകയും എയറിന്ത്യ കനത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശ്രമിക്കുന്നതിനു പകരം. അജിത്‌സിംഗിനെ പോലുള്ളവരുടെ ദുര്‍ബല കരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചത് പരിഹാസ്യമായി തോന്നുന്നു.  ഇത്തരം പ്രധാന വകുപ്പുകളുടെ ചുമതല  കോണ്‍ഗ്രസ് തന്നെയാണ് വഹിക്കേണ്ടത്. 
 
           വയലാര്‍ രവിയുടെ ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടുവെന്നത് ഗൗരവമര്‍ഹിക്കുന്ന കാര്യമാണ്. അദ്ദേഹത്തെ മാറ്റിയതു തന്നെ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയെയാണ് കാണിക്കുന്നത്. അജിത്‌സിംഗിനെ സംബന്ധിച്ചെടുത്തോളം എയറിന്ത്യ ലാഭത്തിലായാലും നഷ്ടത്തിലായാലും മന്ത്രിപദവി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ജനജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട വകുപ്പുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തട്ടിക്കളിക്കുന്നത് ഇന്ത്യയെ പോലുള്ള വിശാലമായ ഒരു രാജ്യത്തെ ഭരണാധികാരികള്‍ക്ക് ഒട്ടും യോജിച്ചതല്ല.

Thursday, December 8, 2011

അവസാനം കോടതി തന്നെ ശരണം


          ഒരാഴ്ചയിലധികമായി സംസ്ഥാനം ഒന്നടങ്കം  മുല്ലപ്പെരിയാര്‍ ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയാണ്. വാദവിവാദങ്ങള്‍ക്ക് നാള്‍ക്കുനാള്‍ ചൂടും ചൂരും ഏറിവരുന്നുണ്ടെങ്കിലും വിവേകത്തിന്റെ നറുമണം വീശുന്ന ലക്ഷണം മാത്രം കാണാനില്ല. രാഷ്ട്രീയക്കാരുടെ മനോകാമനകളെ പൂവണിയിക്കാന്‍ മാത്രമേ മുല്ലപ്പെരിയാര്‍ വിഷയവും വഴിയൊരുക്കൂ  എന്ന് വന്നിരിക്കുന്നു. കേരള മുഖ്യമന്ത്രിയുടെ നേതൃത്തില്‍ മന്ത്രിസഭ ഒന്നടങ്കം  ഡല്‍ഹിയില്‍ തമ്പടിച്ചിട്ടും കേന്ദ്രം അനങ്ങുന്ന ലക്ഷണമില്ല.  നാം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്ത ഊഴം സര്‍വകക്ഷി സംഘത്തിന്റേതാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പരിവാരസമേതം അവസാനശ്രമത്തിനുളള ഒരുക്കത്തിലാണ്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ ഗുണഭോക്താക്കളായ തമിള്‍നാട്ടില്‍ മന്ത്രിമാര്‍ക്ക് കുലുക്കമില്ല. മുഖ്യമന്ത്രി ജയലളിതയാകട്ടെ രണ്ടുമാസത്തെ വിശ്രമത്തിനും വിനോദത്തിനും തലസ്ഥാനത്തിന് വെളിയിലുമാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നതിലപ്പുറം അവര്‍  വിഷയം സീരിയസായി എടുത്തിട്ടില്ല. അല്ലെങ്കില്‍ അവര്‍ ധരിക്കുന്നുണ്ടാവാം കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം എന്ന്.

            സര്‍വകക്ഷി സംഘം താണുകേണാല്‍  പ്രധാനമന്ത്രി മൗനം വെടിഞ്ഞ് സടകുടഞ്ഞെഴുനേല്‍ക്കുമെന്നും പദ്ധതി പ്രദേശത്തെ 35 ലക്ഷം ജനങ്ങളെ ആപല്‍ഭീഷണിയില്‍ നിന്ന് രക്ഷിക്കുമെന്നും മന്‍മോഹന്‍ സിംഗിനെ അറിയുന്നവരാരും പറയില്ല. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കും അതറിയാം. തമിള്‍നാട്ടിലെ കരുണാനിധിയേയോ ജയലളിതയേയോ വരുതിയില്‍ നിര്‍ത്താനുള്ള ത്രാണി ഇന്ന് പ്രധാനമന്ത്രിക്കോ കേന്ദ്ര ഗവണ്‍മെന്റിനോ ഇല്ല. അഥവാ നട്ടെല്ലുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിച്ചുവെന്നിരിക്കട്ടെ. മന്‍മോഹന്‍സിംഗിന് പിന്നെ അധികകാലം തുടരാനാവില്ല. വിശ്രമജീവിതം നയിക്കേണ്ടിവരും. മലയാളികളുടെ ജീവനും തമിഴരുടെ ജീവിതവും സംരക്ഷിക്കുന്നതിനു  അധികാരം ബലികഴിക്കാന്‍ മാത്രം ഗാന്ധിയനല്ല മന്‍മോഹന്‍ സിംഗ്. ജനഹിതം    മാനിച്ച് പ്രധാനമന്ത്രിയാകേണ്ട അവസ്ഥ വന്നിട്ടില്ലാത്ത മഹാഭാഗ്യവാനാണദ്ദേഹം.

           അതുകൊണ്ടാണ് വീണ്ടും സുപ്രീം കോടതിയെ തന്നെ ശരണം പ്രാപിക്കാന്‍ കേരളം തീരുമാനിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നും അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍കരുതല്‍ എന്ന നിലയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളുടെയും  മഴയുടെയും വിശദമായ റിപ്പോര്‍ട്ടുകളും സംസ്ഥാനം  കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ടികള്‍ കേരളത്തിന്റെ ആശങ്കയില്‍ പങ്ക് ചേര്‍ന്നെങ്കിലും പുതിയ ഡാം, ജലനിരപ്പ് താഴ്ത്തുക തുടങ്ങിയ അടിസ്ഥാനപരമായ പരിഹാര നിര്‍ദേശങ്ങളോട് മിക്കവരും മുഖം തിരിക്കുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ ജലവിഭവ വകുപ്പുമന്ത്രി പി ജെ ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുക എന്ന ആശയം ഉദിച്ചത്. തമിള്‍നാട്-കേരള മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്ന സൂചന ലഭിച്ചതോടെ കോടതിക്ക് പുറത്ത് സമവായത്തിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു കേരള നേതാക്കള്‍. എല്ലാ പ്രതീക്ഷയും തട്ടിത്തെറിപ്പിച്ച് കേരളത്തെ പ്രതിക്കൂട്ടിലാക്കിയ തമിള്‍നാട് രണ്ട് ഹര്‍ജികള്‍ ബോധിപ്പിച്ചതോടെ മറ്റ് വഴികളില്ലാതായി. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട  വിശദമായ പദ്ധതിരേഖ കോടതിയുടെ ഉന്നതാധികാരസമിതി പരിശോധിക്കുന്നതിനാല്‍ ഈ ആവശ്യം പുതിയ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

           മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിള്‍നാടിനെ സഹായിക്കും വിധം സമീപനം സ്വീകരിച്ച അഡ്വക്കറ്റ് ജനറലിനെ ന്യായീകരിക്കാനാണല്ലോ  മുഖ്യമന്ത്രി മാത്രമല്ല മന്ത്രിസഭയും തയാറായത്. മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണി ഇടുക്കി ഡാം താങ്ങിക്കൊള്ളുമെന്ന എ ജിയുടെ സമീപനം കേരളം ഇതുവരെ അവലംബിച്ച  വസ്തുതകള്‍ക്ക് തീര്‍ത്തും എതിരാണ്. ഭൂചലനങ്ങള്‍ ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാറിന്റെ അപായാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച ഉല്‍ക്കണ്ഠ അടിസ്ഥാനരഹിതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എ ജിക്ക് സാധിച്ചു. എന്നിട്ടും അദ്ദേഹത്തെ ന്യായീകരിക്കാന്‍ മുതിര്‍ന്നതിലെ ദുരൂഹത പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനടക്കമുള്ളവര്‍ എടുത്തുകാണിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായോജകരായ തമിള്‍നാട്ടിലെ തേനിയടക്കമുള്ള അഞ്ചു ജില്ലകളില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഏക്ര കണക്കിന് ഭൂമിയുണ്ടെന്നതാണത്. ആര്‍ക്കൊക്കെയാണ് അവിടെ ഭൂമിയുള്ളതെന്ന് വ്യക്തമാക്കാന്‍  പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടിരിക്കുന്നു.

          മുല്ലപ്പെരിയാറിന്റെ പേരില്‍ തമിള്‍നാട്ടില്‍ മലയാളികള്‍ക്കും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കയ്യേറ്റങ്ങള്‍ വരെ നടക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന ആഘാതങ്ങളെ നേരിടാന്‍ നാം ചിലപ്പോള്‍ വലിയ വില നല്‍കേണ്ടിവരും. സത്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായോജകര്‍ തമിള്‍നാടാണ്. കുടിക്കാനും ജലസേചനത്തിനും മാത്രമല്ല വൈദ്യുതി ഉല്‍പാദിപ്പിക്കാനും ഡാം ഉപയോഗിക്കുന്നത് അവരാണ്. പദ്ധതി സ്ഥാപിക്കപ്പെട്ട കേരളത്തിന് ഇതുകൊണ്ട് മറ്റ് പ്രയോജനമൊന്നുമില്ലതാനും. പദ്ധതി തകര്‍ന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി നേരിടുമെന്നത് മാത്രമാണ് നമ്മെ അലട്ടുന്ന പ്രശ്‌നം. അതിന് അവരെ മാറ്റിത്താമസിപ്പിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാവും. എന്നാല്‍ തമിള്‍നാടിന്റെ സ്ഥിതി അതാണോ?  അണ തകര്‍ന്നാല്‍ പിന്നെ അഞ്ചു ജില്ലകള്‍ മരുഭൂമിയായി മാറും. കുടിവെള്ളം കിട്ടാതെ വലയും. വൈദ്യുതി ഉല്‍പാദനവും നിലയ്ക്കും. കര്‍ഷകര്‍ കൂട്ടആത്മഹത്യ ചെയ്യേണ്ടിവരും. അതെല്ലാം അവരെ ബോധ്യപ്പെടുത്താന്‍ നമുക്കോ കേന്ദ്ര ഗവണ്‍മെന്റിനോ ഇതുവരെ കഴിഞ്ഞില്ല. നമ്മുടെ ഏറ്റവും വലിയ പരാജയവും അതുതന്നെ.

Thursday, December 1, 2011

നാഴികക്കല്ലായി മാറുന്ന വ്യാപാരമേള


        വ്യാപാരികള്‍ക്ക് ഉണര്‍വ്വും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളുമൊരുക്കി കേരളത്തിന്റെ തനത് വ്യാപാരോത്സവത്തിന് ഇന്നലെ തുടക്കമായി. ഇനി 46 നാളുകള്‍ കേരള വിപണിയില്‍ തിരക്കിന്റെയും ആഘോഷത്തിന്റെയും പൊലിമയേറും. വാണിജ്യ-വ്യവസായ മേഖലയില്‍ കുതിപ്പ് പകരാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുള്ള സ്ഥാപനങ്ങളെ കണ്ണിചേര്‍ത്ത് 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ അഞ്ചാം പതിപ്പാണ് ഇത്തവണത്തെ വ്യാപാരമേള. ഇക്കുറി മേളയിലൂടെ 2500 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 1800 കോടിയായിരുന്നു. ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പന്നങ്ങളോടൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കുന്നതോടൊപ്പം സര്‍ക്കാരിന് നികുതിയിനത്തില്‍ മേള വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്യും.

          ലോകമാകെ സാമ്പത്തിക മാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ നടക്കുന്നത്. സാധനങ്ങള്‍ക്കാകട്ടെ തീപിടിച്ച വിലയുമാണ്. ജനങ്ങളുടെ ക്രയശേഷി വര്‍ധിക്കുന്നില്ലെങ്കില്‍ വിപണന മഹോത്സവങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. വിപണനവും ഉല്‍പാദനവും പരസ്പര പൂരകമാണ്. ഉല്‍പാദനം വര്‍ധിപ്പിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും വിപണനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇവിടെയാണ് ഇതുപോലെയുള്ള ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ പ്രസക്തി.

          ദുബായില്‍ 18 വര്‍ഷം മുമ്പ് തുടങ്ങിയ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ അധികം വൈകാതെ തന്നെ ലോകപ്രശസ്തമായി. വാണിജ്യമേളക്ക് ആഗോള സമൂഹത്തെ ആകര്‍ഷിക്കാനായി വിമാനയാത്രക്കൂലിയില്‍ പോലും പ്രത്യേക സൗജന്യം അനുവദിക്കപ്പെട്ടു. ഷോപ്പിംഗ് മാളുകളില്‍ മാത്രമല്ല ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും അവര്‍ പ്രത്യേക ഇളവുകള്‍ ഏര്‍പ്പെടുത്തി. ആദ്യ കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള മേളകള്‍ ആവേശകരമായ മുന്നേറ്റം കാഴ്ചവെച്ചു. വില്‍പ്പന നികുതിയിനത്തില്‍ ആദ്യവര്‍ഷം 90 കോടി ലഭിച്ച സ്ഥാനത്ത് തൊട്ടവര്‍ഷങ്ങളില്‍ യഥാക്രമം 140, 280, 390 എന്നിങ്ങനെയായിരുന്നു വരുമാനം.

         കേരളത്തെ രാജ്യാന്തര വാണിജ്യകേന്ദ്രമാക്കി മാറ്റണമെന്ന ആഗ്രഹത്തോടെയാണ് കേരള ഗവണ്‍മെന്റ്   മേള സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വ്യാപാര ചരിത്രത്തില്‍ വേറിട്ട മുന്നേറ്റം കാഴ്ചവെക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിഞ്ഞേക്കാമെങ്കിലും  ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള മെച്ചം മേളകളില്‍  ലഭിക്കുന്നില്ലെന്ന പരാതി നാലു വര്‍ഷത്തിനു ശേഷവും അവശേഷിക്കുന്നു. മുമ്പ് കേരളത്തിലെവിടെയും സീസണ്‍ കച്ചവടമായിരുന്നു. ഓണം, പെരുന്നാള്‍, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സീസണ്‍.  അന്നാണ് വിപണി ഏറെ സജീവമാവുക. സീസണ്‍ കഴിഞ്ഞാല്‍ കച്ചവടം പിന്നെ തുലോം കുറവായിരിക്കും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരെ വിഷമിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

          40 ലക്ഷത്തിലധികം ആളുകള്‍ ജോലിചെയ്യുന്ന മേഖലയായി വ്യാപാര-വ്യവസായ മേഖല വളര്‍ന്നിരിക്കുന്നു. ഇതില്‍ വലിയ വിഭാഗം ചെറുകിട സ്ഥാപനങ്ങളാണ്. കേരളത്തിലെ  ഏറ്റവും വലിയ തൊഴില്‍ സംരംഭവും ഇതുതന്നെ. വ്യാപാരഉടമകള്‍ തന്നെ ഇവിടെ ജോലിചെയ്യുന്നവരാണ്. പലരും ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് കച്ചവടസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. അവരെ സംബന്ധിച്ചെടുത്തോളം ഇത്തരം മേളകള്‍ ഇപ്പോള്‍ പ്രതീക്ഷയുടെ വേലിയേറ്റം സൃഷ്ടിക്കുന്നു.

          ഷോപ്പിംഗിനെ ഇന്നാരും ആഢംബരമായി കണക്കാക്കുന്നില്ല. മതാഘോഷ ദിവസങ്ങളേക്കാല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നതും തരാതരം പോലെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും മറ്റ് സന്ദര്‍ഭങ്ങളിലാണെന്ന് പറയാം. വീട്ടാവശ്യത്തിന് ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷിനും കമ്പ്യൂട്ടറും ഫോണും തുടങ്ങി ഷോപ്പിംഗിനിറങ്ങിയാല്‍ ആവശ്യക്കാരനെ തേടിയെത്തുന്ന സാധനങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ഫാഷനും ഡിസൈനും മാറുന്നതിനനുസരിച്ച് യുവതീയുവാക്കള്‍ക്ക് റെഡിമെയ്ഡ് വസ്ത്രങ്ങളും വേണം. ജനങ്ങളെ വശീകരിക്കാന്‍ ആകര്‍ഷണീയമായ പരസ്യങ്ങളുടെ അകമ്പടിയോടെ സ്ഥാപനങ്ങള്‍ അണിഞ്ഞൊരുങ്ങി നില്‍പുണ്ട്.
 
        ജനുവരി 15 വരെ 46 ദിവസം നീളുന്നതാണ് വ്യാപാരോത്സവം. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മേള യിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചക്ക് അടിത്തറയൊരുക്കുകയാണ് ലക്ഷ്യം. അതിന് സഹായകരമായ രീതിയില്‍ ടൂറിസം പാക്കേജും കലാസാംസ്‌കാരിക പരിപാടികളും സമ്മാനഘടനയും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അവകാശപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപാരികളും വാണിജ്യസ്ഥാപനങ്ങളും മേളയുടെ ഭാഗമാകാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. മുമ്പ് നിര്‍ബന്ധപൂര്‍വം കച്ചവടക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയ സ്ഥാനത്തുള്ള ഈ മാറ്റം തീര്‍ച്ചയായും സന്തോഷകരം തന്നെ. മേളകളുടെ വിജയത്തിന് നിദാനമായി വര്‍ത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വിറ്റഴിക്കപ്പെടുന്ന സാധനങ്ങളുടെ ഗുണനിലവാരമാണ്. പഴയതും ഗുണമേന്മയില്ലാത്തതുമായ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള കുറുക്കുവഴിയായി മേളയെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഉപഭോക്താവിനെ ചൂഷണം ചെയ്യാനുള്ള വാതിലുകളെല്ലാം പരമാവധി കൊട്ടിയടച്ചുകൊണ്ടായിരിക്കണം ഇത്തരം മേളകള്‍ സംഘടിപ്പിക്കേണ്ടത്. അല്ലാത്ത പക്ഷം കേരളത്തിന്റെ വികസനചരിത്രത്തില്‍ അന്താരാഷ്ട്ര നിലവാരം കൊതിക്കുന്ന ഈ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ ലക്ഷ്യംകാണാതെ പരാജയപ്പെട്ടുപോകും. 

Tuesday, November 29, 2011

പാക്കിസ്താനില്‍ യു എസ് വിരുദ്ധവികാരം


           പാക്കിസ്താന്റെ വിശ്വസ്ത സുഹൃത്തോ അതിലുമപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു അമേരിക്ക. ഇപ്പോഴും അങ്ങിനെയാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതും. വേള്‍ഡ് ട്രേഡ്‌സെന്ററിന് നേരെ പത്തുവര്‍ഷം മുമ്പ് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന നിലയില്‍ അമേരിക്കയുടെ ബദ്ധവൈരിയായ ഉസാമ ബിന്‍ലാദന്‍ പാക്കിസ്താനില്‍ വധിക്കപ്പെട്ടതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണത്. ലാദന് ഒളിത്താവളം ഒരുക്കിയതില്‍ പാക്ക് ഭരണകൂടത്തിന് പങ്കുണ്ടെന്ന് അമേരിക്ക ഉറച്ചുവിശ്വസിക്കുന്നു. നാറ്റോ ആക്രമണത്തില്‍ 24 പാക്ക് സൈനികര്‍ കൊല്ലപ്പെട്ട സംഭവം അമേരിക്കയുടെ പ്രതികാരബുദ്ധിയില്‍നിന്ന് ഉരുവം കൊണ്ടതാണെന്ന് പാക്കിസ്താനികള്‍ വിശ്വസിക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

          വടക്കുപടിഞ്ഞാറന്‍ പാക്കിസ്താനിലെ മുഹ്മന്ദ് ഗോത്രമേഖലയില്‍ രണ്ടു സൈനിക ചെക്ക്‌പോസ്റ്റുകള്‍ക്ക് നേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ നാറ്റോ വ്യോമാക്രമണത്തിലാണ് 24 സൈനികള്‍ കൊല്ലപ്പെട്ടത്. ഉടന്‍ പ്രതിഷേധമറിയിച്ച പാക്കിസ്താന്‍ അഫ്ഗാനിലെ നാറ്റോ സൈന്യത്തിന് സാധനങ്ങളും ഭക്ഷണങ്ങളുമായി പോകുന്ന വാഹനങ്ങള്‍ തടയുകയും അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതുപോലെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടപ്പോഴും അഫ്ഗാനിലേക്കുള്ള ചരക്കുനീക്കം പാക്കിസ്താന്‍ തടഞ്ഞിരുന്നു. അന്ന് 50 ശതമാനം ചരക്കുകളും പാക്കിസ്താന്‍ വഴിയായിരുന്നു. ഇപ്പോഴത് 30 ശതമാനമാക്കി കുറച്ചിട്ടുണ്ട്. കൂടാതെ യു എസ് ചാരസംഘടനയായ സി ഐ എയുടെ കീഴിലുള്ള ഷംസി വ്യോമത്താവളം അടയ്ക്കാനും നിര്‍ദേശിച്ചു. അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങളെ ഏകോപിപ്പിക്കുന്നത് ഇവിടെ വെച്ചാണ്. പാക്ക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്‌ളിന്റനെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

          പാക്കിസ്താനിലെങ്ങും അമേരിക്കന്‍ ചെയ്തിക്കെതിരെ പ്രതിഷേധത്തിന്റെ കനല്‍ക്കാറ്റ് ആഞ്ഞുവീശുകയാണ്. യു എസുമായുള്ള ബന്ധം പുനപ്പരിശോധിക്കണമെന്ന ആവശ്യം വരെ അവിടെ ഉയര്‍ന്നുകഴിഞ്ഞു. നയതന്ത്ര, രാഷ്ട്രീയ, സൈനിക,  രഹസ്യാന്വേഷണ മേഖലകള്‍ ഉള്‍പ്പെടെ അമേരിക്കയും നാറ്റോവുമായി പുലര്‍ത്തുന്ന എല്ലാ ബന്ധങ്ങളും പുനപ്പരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി യുസഫ് റസാ ഗീലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന  മന്ത്രിസഭാ പ്രതിരോധസമിതി യോഗം ആവശ്യപ്പെട്ടത്. മാത്രമല്ല അഫ്ഗാനില്‍ നിന്നുള്ള നാറ്റോ പിന്മാറ്റം ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബോണ്‍ സമ്മേളനം ബഹിഷ്‌ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ മാധ്യസ്ഥതയില്‍ താലിബാനുമായുള്ള  പാക്ക്ചര്‍ച്ചയും അടുത്തമാസം അഞ്ചിന് നടക്കുന്ന ബോണ്‍ സമ്മേളനത്തിന്റെ പ്രധാനവിഷയമാണ്. 90 രാജ്യങ്ങളില്‍നിന്നുള്ള വിദേശകാര്യ മന്ത്രിമാരാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കന്നത്.

          ഭീകരവിരുദ്ധ യുദ്ധത്തിലെ സഖ്യകക്ഷിയായ പാക്കിസ്താനെതിരെ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നത്. പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്കയോട് കൈകോര്‍ത്തതിന് ശേഷം ഇരുരാജ്യങ്ങളുടെയും  സൈനികര്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ  സംഘര്‍ഷമാണ് ശനിയാഴ്ചത്തേത്. നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തുമ്പോള്‍ പാക്ക് ചെക്ക്‌പോസ്റ്റില്‍ നാല്പതോളം സൈനികരുണ്ടായിരുന്നു. ഒരു മേജറും ക്യാപ്റ്റനും കൊല്ലപ്പെട്ടവരില്‍ പെടും. പറയത്തക്ക തീവ്രവാദ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മേഖലയുമാണിത്. പാക്ക് സൈന്യം തിരിച്ചടിച്ചെങ്കിലും മറുപക്ഷത്ത് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വിവരമില്ല.

        ഉസാമബിന്‍ ലാദന്റെ വധത്തെ തുടര്‍ന്ന് യു എസ്-പാക്ക് ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളിലെയും ഭരണനേതൃത്വം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് നാറ്റോ സൈന്യം  കടന്നാക്രമണം നടത്തിയത്. അതിര്‍ത്തി കടന്നെത്തിയ വിമാനങ്ങള്‍ പാക്കിസ്താനെ അറിയിക്കാതെയാണ് പാക്ക് ഭടന്മാര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയത്. അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തി നടത്തുന്ന തീവ്രവാദ വേട്ടക്കെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് വ്യോമാക്രമണത്തിന് തന്നെ നാറ്റോ വീണ്ടും മുതിര്‍ന്നത്. യുദ്ധവിമാനങ്ങളില്‍ അതിര്‍ത്തി കടന്ന് വന്ന യു എസ് കമാണ്ടോകളായിരുന്നു മേയില്‍ അബാട്ടാബാദിലെത്തി ഉസാമയെ വധിച്ചത്.

         സംഭവത്തില്‍ അമേരിക്ക മാപ്പു പറയുകയും നാറ്റോ ദു:ഖം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും പാക്കിസ്താന്‍ ഭരണകൂടവും ജനങ്ങളും തൃപ്തരല്ല. ഈ രോഷവും പ്രതിഷേധവും തുടരുമെന്ന് പാക്കിസ്താന്റെ ഇതപര്യന്തമുള്ള നിലപാടുകള്‍ വിലയിരുത്തുമ്പോള്‍ കരുതാനുമാവില്ല. ശക്തിയായി പ്രതികരിക്കുകയും പിന്നീട് രഹസ്യമായി വഴങ്ങുകയും ചെയ്യുന്നതാണ്പാക്ക് ഭരണകൂടത്തിന്റെ പതിവ്. ഇത്തവണ പക്ഷെ അതുപോലെ മുട്ടുമടക്കാന്‍ പാക്ക് ജനതമോ എന്നതാണ് സംശയം. 24 സൈനികരാണല്ലോ ഒറ്റയടിക്ക് കൊല്ലപ്പെട്ടത്. മിത്രങ്ങളേയും ശത്രുക്കളേയും ഒരുപോലെ കടലോളം ആഴം നല്‍കി ദ്രോഹിക്കാന്‍ മടിക്കാത്തവരാണല്ലോ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും. എത്ര രാജ്യളെയാണ് നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ അവര്‍ അശാന്തിയുടെ നടുക്കടലില്‍  തള്ളിയത്. അല്ലെങ്കില്‍ തന്നെ ഇരുള്‍നിലങ്ങളില്‍ മുടന്തി നീങ്ങുന്ന രാജ്യമാണ് പാക്കിസ്താന്‍. ജനങ്ങളുടെ മനോകാമനകളെ പൂവണിയിക്കാന്‍ പോലും കഴിയാത്ത രാജ്യം. പാക്കിസ്താനിലെ സൈനികരെ വധിച്ചത് നാറ്റോക്ക് പറ്റിയ കൈയ്യബദ്ധമാണെന്ന് അവിടുത്തുകാരോ ആഗോള സമൂഹമോ  വിശ്വസിക്കുമോ?

Friday, November 25, 2011

പ്രതിഷേധം കയ്യേറ്റത്തിലേക്ക്


           കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ചോദിച്ചതുപോലെ രാജ്യം എങ്ങോട്ടാണ് പോകുന്നത്? ദിവസങ്ങള്‍ കഴിയുന്തോറും ആശങ്കകള്‍ പര്‍വ്വതമായുയരുകയാണ്. അതില്‍ ഏറ്റവും ഒടുവിലെത്തേതാണ് കേന്ദ്ര കൃഷിവകുപ്പുമന്ത്രി ശരത് പവാറിന് നേരെ നടന്ന കയ്യേറ്റം. ഡല്‍ഹി എന്‍ ഡി  എം സി ഓഡിറ്റോറിയത്തില്‍ സെമിനാറില്‍ പങ്കെടുത്ത ശേഷം സംഘാടകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഉച്ചക്ക് രണ്ടുമണിക്ക് സിഖുകാരനായ ഹര്‍വീന്ദര്‍ സിംഗ് മന്ത്രിയുടെ കരണത്തടിച്ചത്. പവാര്‍ അഴിമതിക്കാരനും വിലക്കയറ്റത്തിന് ഉത്തരവാദിയുമാണെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു കയ്യേറ്റം. പ്രധാനമന്ത്രിയടക്കം ബി ജെ പിയുടെയും സി പി എമ്മിന്റേതുമുള്‍പ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും സംഭവത്തെ നിശിതമായി അപലപിച്ചിട്ടുണ്ട്.

          ശനിയാഴ്ച കോടതിവളപ്പില്‍ വെച്ച് അഴിമതിക്കേസിലെ പ്രതിയായ മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിനെ അക്രമിച്ചത് താനാണെന്നും ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ നടത്തിയ ടെലികോം അഴിമതിയുടെ പേരില്‍ അഞ്ചുകൊല്ലത്തെ കഠിനതടവിനാണ് സുഖ്‌റാം ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ അന്നത്തെ തിരക്കില്‍ ഹര്‍വീന്ദര്‍ സിംഗിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. അതേസമയം കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അരയില്‍ കത്തിയുമായി ഇയാള്‍  കടന്നെത്തിയതും അത്രയും നേരം അവിടെ ചെലവഴിച്ചതും ഹീനമായ സുരക്ഷാ വീഴ്ചയിലേക്കും വിരല്‍ചൂണ്ടുന്നു. പവാറിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ തള്ളിമാറ്റിയതിനാല്‍ കൂടുതല്‍ ആക്രമണമുണ്ടായില്ല. എന്നാല്‍ മന്ത്രി പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ ഇയാള്‍ അരയില്‍ കരുതിയ കത്തി വലിച്ചൂരിയത് അമ്പരപ്പുളവാക്കി.
 
           വിലക്കയറ്റവും അഴിമതിയും സകല സീമകളും തകര്‍ത്ത് മുന്നേറുന്നതില്‍ ഹര്‍വീന്ദര്‍ സിംഗിനെ പോലെ  ഇന്ത്യന്‍ ജനത മുഴുവന്‍ രോഷാകുലരാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മൂന്നുദിവസം പിന്നിട്ടതേയുള്ളൂ. എല്ലാ ദിവസവും സഭ പ്രക്ഷുബ്ധമായിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികളുടെ ബഹളവും പോര്‍വിളികളും നടുത്തളത്തിലിറങ്ങലുമല്ലാതെ മറ്റൊന്നും ഇരുസഭകളിലും നടക്കുന്നില്ല. ദിവസംപ്രതി രണ്ടുകോടി രൂപ ചെലവഴിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പ്രധാനമായും മുഴങ്ങിയത് വിലക്കയറ്റത്തിനും കള്ളപ്പണത്തിനും എതിരായ പ്രതിഷേധം തന്നെയായിരുന്നു.

            ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ അണ്ണാ ഹസാരെ അഴിമതിക്കെതിരെ നടത്തിയ ഉപവാസം വിജയിച്ചത് അകമഴിഞ്ഞ ജനപിന്തുണ കൊണ്ട് മാത്രമായിരുന്നുവല്ലോ. ഭരണ- പ്രതിപക്ഷ ഭേദമന്യേ ഹസാരെയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നത് അഴിമതിയോടുള്ള ജനവികാരം അത്ര ശക്തമായതുകൊണ്ടാണെന്ന് ഭരണകൂടം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

           എല്ലാ നിയന്ത്രണങ്ങളും തകര്‍ത്തെറിഞ്ഞുകൊണ്ട് വിലക്കയറ്റം വീര്‍പ്പുമുട്ടിക്കുമ്പോള്‍ നിഷ്‌ക്രിയത്വവും നിസ്സംഗതയും പുലര്‍ത്തുന്ന ഭരണകൂടം സത്യത്തില്‍ ജനങ്ങളില്‍നിന്ന് അകലുന്നുവെന്നതാണ് വാസ്തവം. പെട്രോളിയം ഉല്‍പന്നങ്ങളുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല. ഈ വര്‍ഷം തന്നെ അഞ്ചുതവണയാണ് പൊട്രോളിനും ഡീസലിനും മറ്റും വില വര്‍ധിപ്പിച്ചത്. ഹര്‍ത്താലുകളും പണിമുടക്കുകളുമൊന്നും ഭരണകൂടം കണ്ട ഭാവം നടിച്ചില്ല.

            പാവപ്പെട്ടവരും ഇടത്തരക്കാരുമായ മഹാഭൂരിപക്ഷം രണ്ടറ്റം മുട്ടിക്കാന്‍ പെടുന്ന പാട് ഒരു വശത്ത്. കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനം കുറഞ്ഞുവരുന്നു. ഉള്ള ഉല്‍പന്നങ്ങള്‍ക്കാവട്ടെ തൃപ്തികരമായ വില ലഭിക്കുന്നുമില്ല. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യവും ഭീതിജനകമാംവിധം കുറഞ്ഞുകൊണ്ടിരിക്കുന്നു. പ്രവാസികളുടെ കനിവില്ലായിരുന്നുവെങ്കില്‍ കേരളം പോലുള്ള  സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പിച്ചപ്പാളയെടുത്തേനേ.

          മുമ്പ് ഉദ്യോഗസ്ഥന്മാരുടെ അഴിമതിയാണ് ജനങ്ങളുടെ മന:സമാധാനം തകര്‍ത്തതെങ്കില്‍ ഇന്ന് കുറുന്തോട്ടിക്കാണ് വാദം. അഴിമതി തുടച്ചുനീക്കാന്‍ ബാധ്യസ്ഥരായവര്‍ അധികാരക്കസേരയിലിരുന്നുകൊണ്ടും കോടികളുടെ അഴിമതി നടത്തുന്നു. അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ ഘടകകക്ഷികളുടെ അഴിമതിക്കു മുന്നില്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും വരെ ക്രൂരമായ മൗനം പാലിക്കുന്നു. കോടികളുടെ നികുതിപ്പണം വെട്ടിപ്പുനടത്തി വിദേശബാങ്കുകളില്‍ വന്‍  നിക്ഷേപം സ്വരൂപിച്ചവരെ കുറിച്ച് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ് പോലും അവഗണിക്കപ്പെടുമ്പോള്‍ ഇനി ആരിലാണ് ജനം പ്രതീക്ഷയര്‍പ്പിക്കേണ്ടത്. കള്ളപ്പണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ മടിക്കുന്നതെന്തുകൊണ്ട്?

              ഈ സാഹചര്യത്തിലാണ് ഹര്‍വീന്ദര്‍ സിംഗിന്റെ പ്രതിഷേധവും കരണത്തടിയും  നാം ചര്‍ച്ച ചെയ്യുന്നത്. ബി ജെ പി നേതാവ് യശ്വന്ത് സിഹ്ന വിലക്കയറ്റത്തിനെതിരെ പ്രതികരിച്ചപ്പോള്‍ പറഞ്ഞ കാര്യം വളരെ ഗൗരവമുള്ളതായിരുന്നു. ഇക്കണക്കിന് പോയാല്‍ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യംചെയ്യുന്ന സ്ഥിതിവരുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പാണ് സിക്ക് യുവാവിലൂടെ രാജ്യം കണ്ടത്. വിലക്കയറ്റത്തിനെതിരെയുള്ള ഇത്തരം കയ്യേറ്റങ്ങളെ  ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എന്നാല്‍ ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതില്‍ മന്ത്രിമാര്‍ക്കുള്ള പങ്ക്  കണ്ടില്ലെന്ന് നടിക്കാനുമാവില്ല. പ്രതീക്ഷയോടെ മുട്ടുന്ന വാതിലുകള്‍ ഒന്നും തുറക്കപ്പെടാതെ വന്നാല്‍ ചിലര്‍ക്ക് നിയന്ത്രണം കൈവിട്ട് പോകുന്നുവെങ്കില്‍ അത് അവരുടെ മാത്രം കുറ്റമായി കാണാനാവുമോ? അറബ് രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ലവവും അമേരിക്കയിലും ഫ്രാന്‍സിലും ബ്രിട്ടനിലുമൊക്കെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുമെല്ലാം നമ്മുടെ ഭരണകൂടങ്ങള്‍ക്കും വലിയ പാഠമല്ലേ? വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകാനുള്ള വിവേകമാണ് ഇനിയെങ്കിലും ഭരണാധികാരികള്‍ പ്രകടിപ്പിക്കേണ്ടത്.

Wednesday, November 23, 2011

ഇശ്‌റത്ത്-പ്രാണേഷ് വധം: ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ


          കാലം നരേന്ദ്രമോഡിയോട് കണക്കുചോദിക്കുന്നു. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സത്യം പുറത്തുവിട്ടത് ഗുജറാത്തിലെ ഉന്നത നീതിപീഠം തന്നെ. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയ നാലുപേരും നിരപരാധികളായിരുന്നുവെന്ന കണ്ടെത്തല്‍ അധികാരത്തിന്റെ തണലില്‍ തേര്‍വാഴ്ച ഹോബിയാക്കിയവര്‍ക്കെല്ലാമുള്ള അതിശക്തമായ താക്കീതാണ്. 2004 ല്‍ ഇശ്‌റത്ത് ജഹാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിയും മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഷെയ്ഖും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷിച്ച പ്രത്യേക അന്വേഷണ (എസ് ഐ ടി) സംഘമാണ് കണ്ടെത്തിയത്. എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ നല്‍കിയ നിര്‍ദേശം നമ്മുടെ നീതിന്യായ ചരിത്രത്തിലെ തന്നെ  സുപ്രധാന നാഴികക്കല്ലായി ചരിത്രത്തില്‍ ഇടംനേടും.  വ്യാജ ഏറ്റുമുട്ടലിന് ചുക്കാന്‍ പിടിച്ചത് ആര്, കൊലപാതകികളുടെ യഥാര്‍ഥ ലക്ഷ്യമെന്ത്, സമയമേത് തുടങ്ങിയ കാര്യങ്ങളും ഇനിയും പുറത്തുവരേണ്ടതുണ്ടെന്നും കോടതിക്ക് വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ ഐശ്വര്യത്തിന്റെ പച്ചപ്പിലെത്തിക്കാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായിക്കുകയും ചെയ്യും.

            2004 ജൂണ്‍ 15നാണ് അഹമ്മദ്ബാദിനടുത്ത് വെടിയേറ്റ് മരിച്ചനിലയില്‍ നാലു പേരെയും കാണപ്പെട്ടത്. മുഖ്യമന്ത്രി മോഡിയെ വധിക്കാനെത്തിയ ലശ്ക്കറെ ത്വയ്യിബ പ്രവര്‍ത്തകരാണ് ഇവരെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ വാദം. ഏറ്റുമുട്ടലില്‍ ഇവര്‍ മരിച്ചുവെന്നും പൊലീസ് പ്രചരിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ മുസ്‌ലിം ഭീകരരുടെയും ലക്ഷ്യം താനാണെന്ന് സ്ഥാപിച്ചെടുത്ത് നായകപരിവേഷം സൃഷ്ടിക്കുകയായിരുന്നു മോഡി. 2002 ഒക്‌ടോബര്‍ മുതല്‍ 2007 വരെ ഇത്തരം 21 ഏറ്റുമുട്ടലുകള്‍ ഗുജറാത്തിലെ കാക്കിക്രിമിനലുകള്‍ നടത്തിയെന്നാണ് കണക്ക്. 21 പേര്‍ ഇങ്ങനെ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടുപേരൊഴികെ എല്ലാവരും മുസ്‌ലിംകളായിരുന്നു. പൊലീസ്ഭാഷ്യം അനുസരിച്ച് ഇവരെല്ലാം മോഡിയെ കൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഭീകരരായിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും തുടരന്വേഷണം നടത്താന്‍ പോലീസ് മെനക്കെട്ടില്ല.

          ഇതില്‍ 2005ല്‍ സൊഹറാബുദ്ദീന്‍ ശെയ്ഖും ഭാര്യ കൗസര്‍ ബായിയും വധിക്കപ്പെട്ട കേസില്‍ 2007 ഏപ്രിലില്‍  ഡി ജി വന്‍സാര  ഉള്‍പ്പെടെ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് വഴിത്തിരിവുണ്ടായത്. വ്യാജ ഏറ്റുമുട്ടലുകളെ പറ്റി സുപ്രീം കോടതി നിര്‍ദേശപ്രകാരം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വേലി തന്നെയാണ് വിള തിന്നുന്നതെന്ന് കണ്ടെത്തിയത്.
ഇശ്‌റത്ത് ജഹാന്റെ മാതാവ് ശമീമ കൗസര്‍, പ്രാണേഷിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 2009ല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമാങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിലും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സ്വന്തം നേട്ടത്തിനാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യം നിര്‍വഹിച്ചതെന്നും ജുഡീഷ്യല്‍ റിപ്പോര്‍ട് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് ഓരോ സംസ്ഥാനവും പൊലീസ് സേനയെ തീറ്റിപ്പോറ്റുന്നത്.  എന്നാലിവര്‍ കാക്കിയണിഞ്ഞ കാട്ടാളന്മാരാണെന്ന് വന്നാല്‍ എന്താകും നാടിന്റെ ഭാവി. അത്യന്തം സ്‌തോഭജനകമായ അവസ്ഥകളെ ലഘൂകരിക്കാന്‍ നീതിപീഠം തന്നെ കനിയണം എന്ന് വരുന്നതും അങ്ങേയറ്റം ദു:ഖകരം തന്നെ.

          അന്വേഷണം ഏത് ഏജന്‍സി നടത്തിയാലും ഗുജറാത്തില്‍ അവര്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിട്ടുണ്ട്. സൊഹറാബുദ്ദീന്‍ ശെയ്ഖ്-കൗസര്‍ ബായി വധക്കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ സംഘം, ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് സുപ്രീം കോടതിയെ അറിയിച്ചത്. കേസ് മറ്റേതെങ്കിലും സ്റ്റേറ്റിലേക്ക് മാറ്റണമെന്നും സി ബി ഐ ആവശ്യപ്പെടുകയുണ്ടായി. ബെസ്റ്റ്‌ബേക്കറി കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് കേസ് ഗുജറാത്തിന് പുറത്ത് മഹരാഷ്ട്രയില്‍ നടത്തിയപ്പോഴായിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി ആ പാപക്കറ കഴുകിക്കളഞ്ഞിരിക്കുന്നു.

           പ്രധാനമന്ത്രിപദം സ്വപ്നം കണ്ട് സദ്ഭാവനായാത്രകള്‍ സംഘടിപ്പിച്ച് ജനത്തിന്റെ മനംകവരാന്‍ തന്ത്രങ്ങള്‍ മെനയുന്ന നരേന്ദ്രമോഡിക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊല വലിയ തിരിച്ചടി തന്നെയാണ്. അത്യാഗ്രഹികളായ പൊലീസുദ്യോഗസ്ഥരെ കരുവാക്കി മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുകയും ഭീകരരുടെ നോട്ടപ്പുള്ളിയാണെന്ന് വരുത്തി പ്രതിച്ഛായ നന്നാക്കുകയും ചെയ്യുന്ന മോഡി വലിയ രക്തദാഹി കൂടിയാണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയാന്‍ ഇശ്‌റത്ത്-പ്രാണേഷ് വധം സഹായിച്ചിരിക്കുന്നു. കൊലപാതകത്തില്‍ മോഡിക്കുള്ള പങ്കാണ് ഇനി അന്വേഷിക്കേണ്ടത്. വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികളായ പൊലീസ് ഓഫീസര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും വേണം. അതുപോലെ തന്നെയോ അതിലേറെയോ സുപ്രധാനമാണ് ഇരകള്‍ക്ക് നീതിയും സന്തപ്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ലഭിക്കുകയെന്നത്. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ആദ്യം വേണ്ടത് മോഡി രാജിവെക്കുകയാണ്. ഇതൊക്കെ സത്വരമായും  സത്യസന്ധമായും നടക്കണമെങ്കില്‍ മോഡി മുഖ്യമന്ത്രി പദം ഒഴിഞ്ഞേ മതിയാകൂ. ഗുജറാത്ത് കലാപക്കേസുള്‍ മോഡി കൈകാര്യം ചെയ്ത രീതിയെ കോടതികള്‍ പലവട്ടം വിമര്‍ശിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളുകയും അതിന്റെ മറവില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വേവിച്ചെടുക്കുകയും ചെയ്താല്‍ അവസാനം വലിയ  വില നല്‍കേണ്ടിവരുമെന്ന് പൊലീസുദ്യോഗസ്ഥരും ഓര്‍ക്കണം.

Monday, November 21, 2011

വേണ്ടത് സമ്പൂര്‍ണ മദ്യനിരോധം


           മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. പക്ഷെ നമ്മുടെ ഭരണാധികാരികള്‍ വളരെ ലാഘവബുദ്ധിയോടെയാണ് ഇപ്പോഴും അത് കൈകാര്യം ചെയ്യുന്നത്. നമുക്ക് പൂര്‍ണ മദ്യ നിരോധത്തെ പറ്റി ഉറക്കെ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ഇനിയും വൈകിയാല്‍ നഗ്നമായ കൊള്ളരുതായ്മകള്‍ വരുത്തിവെക്കുന്ന  വേദനാജനകമായ അനുഭവങ്ങളായിരിക്കും മലയാളക്കരയെ തേടിയെത്തുക. ഹൃദയഭേദകമായ സംഭവങ്ങള്‍ക്ക് ഇപ്പോഴും പഞ്ഞമൊന്നുമില്ല. യു ഡി എഫ് ഗവണ്‍മെന്റ് 22 ബാറുകള്‍ക്ക് കൂടി അനുവാദം നല്‍കിയത് വി എം സുധീരനെ മാത്രമല്ല രോഷം കൊള്ളിച്ചത്. ജനങ്ങള്‍ക്ക് പ്രിയങ്കരനായ അദ്ദേഹം എപ്പോഴും ജനപക്ഷത്ത് നില്‍ക്കാന്‍ ധൈര്യം കാണിച്ച നേതാവാണ്. മദ്യവില്‍പ്പനയിലൂടെ വരുമാനമുണ്ടാക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇത്തരം വരുമാനം ഗുണപ്രദമല്ലെന്ന പക്ഷക്കാരനാണ് സുധീരന്‍.

          മദ്യമില്ലാത്ത ടൂറിസം മതിയെന്ന് സര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗും ആവശ്യപ്പെട്ടിരിക്കുന്നു. സുധീരന്‍ എതിര്‍പ്പുമായി രംഗത്തു വരുന്നതുവരെ ലീഗ് മൗനം പാലിച്ചു. അവര്‍ക്കിത് നേരത്തെ ആകാമായിരുന്നു.  മദ്യം കുടിക്കരുത്, വില്‍ക്കരുത്, ചുമക്കരുത് എന്നൊക്കെ  ഇസ്‌ലാം കര്‍ക്കശമായി വിലക്കിയിട്ടുണ്ട്. ആ നിലക്ക് മദ്യം പാടേ നിരോധിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടേണ്ടത്. മത സംഘടനകളും ആ ഈവശ്യം ശക്തമായി ഉന്നയിക്കണം. മന്ത്രിസഭയിലും യു ഡി എഫ് യോഗത്തിലും പാര്‍ട്ടിയുടെ ഇതു സംബന്ധിച്ച പ്രഖ്യാപിത നിലപാട് അവതരിപ്പിച്ച് തിരുത്തിക്കാന്‍ ലീഗ് വിചാരിച്ചാല്‍ കഴിയും. പാര്‍ട്ടി ഫോറത്തില്‍ പറഞ്ഞിട്ടും കാര്യങ്ങള്‍ നടക്കാത്തതിനാലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത്.   പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനയോഗത്തിലും തന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടപ്പോഴാണ് സുധീരന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത്.

           എഴുനൂറിലധികം ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്. വീണ്ടും ബാര്‍ ഹോട്ടലുകള്‍ വര്‍ധിപ്പിക്കുന്നത് മദ്യപാനികളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്നെ വലിയ അബ്കാരിയാണ്. മദ്യരാജാക്കന്മാരായ എം എല്‍ എമാരും നമുക്കുണ്ട്. സാമാജികരില്‍ ചിലര്‍ മദ്യപിച്ച് സഭയില്‍ എത്തുന്ന കാര്യം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചത് ഈയ്യടുത്ത കാലത്താണ്. അതുകൊണ്ട് ദീര്‍ഘവീക്ഷണമുള്ള മദ്യവിരുദ്ധ നിലപാട്  അടുത്തൊന്നും പ്രതീക്ഷിക്കേണ്ട.  മദ്യപന്മാരുടെ അഴിഞ്ഞാട്ടം ഇനിയും വര്‍ധിക്കുകയേ ഉള്ളൂ.

           സമൂഹത്തിന് ഗുണകരമായ പലതും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അധികാരമേറ്റയുടന്‍ ആവിഷ്‌ക്കരിച്ച നൂറുദിന കര്‍മപരിപാടിയും മുഖ്യമന്ത്രി ജില്ലകള്‍ തോറും വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയും തിളക്കമാര്‍ന്ന ഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എല്ലാ പരിപാടികളിലും ആണയിടുന്ന ഉമ്മന്‍ചാണ്ടിക്ക് പക്ഷെ ചില കാര്യങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കുന്നുണ്ട്. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം അതില്‍ പെടും. ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ടോമിന്‍ ജെ തച്ചങ്കരിക്ക് നിയമനവും മാര്‍ക്കറ്റ് ഫെഡ് എം ഡിയായി പ്രമോഷനും നല്‍കിയതാണ് മറ്റൊന്ന്. മദ്യത്തിന്റെ വ്യാപനം ഉദാരമാക്കുന്ന ബാര്‍ ലൈസന്‍സുകള്‍ നിര്‍ലോഭം വിതരണം ചെയ്യുന്നതാണ് അവസാനത്തേത്.

          മദ്യവ്യാപനം തടയുന്നതിന് സമയബന്ധിതമായി കര്‍മപദ്ധതി ആവിഷ്‌ക്കരിക്കാന്‍ യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെടാനാണ് ശനിയാഴ്ച ചേര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി തീരുമാനിച്ചത്. ഇപ്പോള്‍ നടക്കുന്ന മദ്യവ്യാപാരം അങ്ങനെ തന്നെ തുടരട്ടെ, കൂടുതല്‍ വേണ്ട എന്നാണോ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടത്? ഇപ്പോള്‍ തന്നെ മദ്യാസക്തിമൂലം കാലത്തിന്റെ ആകുലതകള്‍ക്ക് വല്ലാതെ കനം വെച്ചിരിക്കുകയാണ്. ഒരര്‍ഥത്തില്‍ തിന്മകളുടെയും ജീര്‍ണതകളുടെയും ഉത്സവകാലമാണിവിടെ. സര്‍ക്കാരിന്റെ ഒരു രൂപക്ക് അരി പദ്ധതിയുടെ നേട്ടം പോലും മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചതു മൂലം ഇല്ലാതായിരിക്കുന്നു. അരി വില കുറയ്ക്കുകയും മദ്യം യഥേഷ്ടം  ലഭ്യമാക്കുകയും ചെയ്തപ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുന്ന ദുസ്സഹമായ ദുരവസ്ഥയെ ക്രൈസ്തവ സംഘടനകളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

          കേരളം കണികണ്ടുണരുന്നത് തന്നെ പത്രമാധ്യമങ്ങളിലെ റോഡപകടങ്ങളുടെയും പീഡനങ്ങളുടെയും പിടിച്ചുപറി, കൊല, കൊള്ള തുടങ്ങിയ കൊള്ളരുതായ്മകളുടെയും വലിയ തലക്കെട്ടുകളുമായാണ്. മദ്യത്തിന്റെ ഉപയോഗം എല്ലാ സംഭവങ്ങളിലും ഒരു പ്രധാനഘടകമായി വര്‍ത്തിക്കുന്നുവെന്ന്  അവ പരിശോധിച്ചാല്‍ മനസ്സിലാകും. ഇനിയും ഇത്തരം അനേകം കഥകള്‍ മാധ്യമങ്ങളില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെടും. നേതാക്കളുടെയും മന്ത്രിമാരുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയോടെ എല്ലാം കെട്ടടങ്ങുകയും ചെയ്യും.
എക്‌സൈസിലൂടെ ലഭിക്കുന്ന വരുമാനമാണ് സര്‍ക്കാരിന്റെ മൂലധനമെന്ന് പറയുന്നത് സത്യസന്ധമായ വിശകലനമാണെന്ന് തോന്നുന്നില്ല.   മദ്യത്തിലൂടെയുള്ള വരുമാനത്തിന്റെ കണക്കു പറയുന്നവര്‍ ഒരിക്കല്‍ പോലും അത് സൃഷ്ടിക്കുന്ന കഷ്ടനഷ്ടങ്ങളെ പറ്റി മിണ്ടാറില്ല. മദ്യം സൃഷ്ടിക്കുന്ന നഷ്ടത്തിന്റെ കണക്ക് എടുത്താല്‍ ഏതെങ്കിലും ഒരു മേഖലയെ മാത്രം പരിശോധന വിധേയമാക്കിയാല്‍ മതിയാവില്ല. മദ്യം ആരോഗ്യം തകര്‍ത്ത് രോഗിയാക്കുന്നു. കുടുംബം തകര്‍ത്ത് പരസ്പരം അകറ്റുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും ജയിച്ചാല്‍ വിജയമാഘോഷിക്കാനും പ്രവര്‍ത്തര്‍ക്ക് മദ്യം കൂടിയേ തീരൂ എന്നും വന്നിരിക്കുന്നു. മദ്യത്തിനെതിരെ സമ്മര്‍ദം മുറുകുന്നതു എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും ഗൗരവപൂര്‍വം ആലോചിക്കണം. ശക്തമായ നടപടികളും ഉണ്ടാവണം.

Saturday, November 19, 2011

ഇനി ജയരാജനാണ് താരം


          കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് എം വി ജയരാജന് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി ജനാധിപത്യ വിശ്വാസികള്‍ക്കെല്ലാം ഉന്മേഷം പകരും. നീതി തേടുന്നവക്ക് രാജ്യത്തെ അവസാന അഭയകേന്ദ്രമാണ് കോടതികള്‍. ജയരാജന് തടവുശിക്ഷ വിധിച്ചപ്പോള്‍ ജാമ്യത്തിന് അവസരം നല്‍കാതിരുന്ന ഹൈക്കോടതി നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി ജയരാജന്റെ ആവശ്യം പരിഗണിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. വിധിന്യായത്തില്‍ പുഴു, വിഷസര്‍പ്പം തുടങ്ങിയ മോശമായ ഭാഷ ഹൈക്കോടതി ഉപയോഗിച്ചത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

          ജയരാജനെ പതിനായിരം രൂപ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ഹൈക്കോടതിക്ക് മുമ്പില്‍ സി പി എം നടത്തിയ പ്രതിഷേധ സമരത്തെയും വിമര്‍ശിച്ചിട്ടുണ്ട്. ജഡ്ജിമാരെയും മറ്റും കോടതിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് അമ്പരപ്പുളവാക്കുന്ന അസാധാരണ സംഭവമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ നിയമം അനുവദിക്കുന്ന പരിധി വരെ വിധിയെ ആര്‍ക്കും വിമര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

          സി പി എമ്മിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന സമരത്തിന്റെ ഭാഗമായി ജഡ്ജിമാര്‍ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നത് തടഞ്ഞെന്ന്  മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ വി ഗിരിയാണ് സുപ്രീം കോടതിയെ അറിയിച്ചത്. സമരം കാരണം ജഡ്ജിമാര്‍ക്ക് രാവിലെ എട്ടരക്ക് മുമ്പുതന്നെ കോടതിയിലെത്തേണ്ടിവന്നു. രാവിലെ തന്നെ കോടതി പരിസരം സമരക്കാര്‍ വളഞ്ഞിരുന്നു. മോശമായ മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ മുഴക്കിയത്. വ്യക്തിപരമായി ജഡ്ജിമാര്‍ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു സ്ഥാപനമെന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല എന്നും ഹൈക്കോടതിക്ക് വേണ്ടി ഹാജരായ ഗിരി വാദിക്കുകയുണ്ടായി.

          എന്നാല്‍ ഹൈക്കോടതിക്ക് വേണ്ടി ഒരു അഭിഭാഷകന്‍ പ്രത്യേകമായി ഹാജരാകുന്നത് അത്യപൂര്‍വ സംഭവമാണ്. ഹൈക്കോടതിക്ക് വേണ്ടിയുള്ള വാദങ്ങളാണ് അദ്ദേഹം നിരത്തിയതെങ്കിലും അവയെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് സി പി എം ജനറല്‍ സെക്രട്ടറിയുടെ വാദം. പാതയോരത്ത്  പൊതുയോഗം നടത്തുന്നത് നിരോധിച്ചപ്പോഴാണ്  എം വി ജയരാജന്‍ അതിനെ ചോദ്യംചെയ്തത്. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ ജയരാജന്‍ നടത്തിയ ശുംഭന്‍ പ്രയോഗം പക്ഷെ അതിരുകടന്നതായിപ്പോയി. അത് തിരുത്താന്‍ ലഭിച്ച അവസരം ഉപയോഗിക്കുന്നതിന് പകരം ന്യായീകരിക്കാനാണ് അദ്ദേഹവും പാര്‍ട്ടിയും ശ്രമിച്ചത്. അത് സ്വാഭാവികമായും ജഡ്ജിമാരെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം. കോടതിയലക്ഷ്യത്തിന് പരമാവധി ശിക്ഷ വിധിച്ചതിനു ശേഷവും വിധി സസ്‌പെന്റ് ചെയ്ത് ജയരാജന് ജാമ്യം അനുവദിക്കാത്ത നടപടിയാണ് സുപ്രീം കോടതിയുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്.

           ഈ പ്രതിഷേധം തെരുവില്‍ കൊണ്ടുവരുന്നതിന് പകരം ഇപ്പോള്‍ സ്വീകരിച്ച മാര്‍ഗമാണല്ലോ സി പി എമ്മിന് ഗുണം ചെയ്തത്. കീഴ്‌ക്കോടതി വിധിക്കെതിരെ ഉന്നത നീതിപീഠത്തെ സമീപിച്ച് നീതി തേടാമെന്നിരിക്കെ ഹൈക്കോടതി വളഞ്ഞത് അനാവശ്യമായിപ്പോയി എന്ന് ഇപ്പോള്‍ സി പി എം നേതാക്കള്‍ക്ക് തോന്നുന്നുണ്ടാവണം. കോടതിയലക്ഷ്യ നിയമത്തിന്റെ സത്തക്ക് വിരുദ്ധമായിപ്പോയി ഹൈക്കോടതിയുടെ ജയരാജനെതിരെ വിധി നടപ്പാക്കിയരീതി. കോടതിയലക്ഷ്യ നിയമപ്രകാരമുള്ള അവകാശം ജയരാജന് അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അഭിഭാഷകന് ഒന്നും പറയാനുണ്ടായിരുന്നില്ല. ഏതൊരാളും അര്‍ഹിക്കുന്ന നീതി എടുത്തുമാറ്റാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.

           എന്തായാലും സ്വന്തം വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി കാണിച്ച ആവേശം ജയരാജന് വലിയ തുണയായി എന്ന് തന്നെ പറയണം. അപ്പീല്‍ സ്വീകരിച്ച ദിവസം തന്നെ ജാമ്യം ലഭിച്ചുവെന്നത് മാത്രമല്ല മെച്ചം. സുപ്രീം കോടതി നടപടി  അദ്ദേഹത്തിനും പാര്‍ട്ടിക്കും വലിയ പ്രതീക്ഷ നല്‍കുകയും ചെയ്തു. ഇനി ജൂഡീഷ്യറിയെ വെല്ലുവിളിക്കാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കാനും ഈ വിധിക്ക് കഴിയും, കഴിയണം.

          കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് പാതയോരത്ത് പൊതുയോഗം നടത്താന്‍ അവകാശം നല്‍കുന്ന നിയമം നിയമസഭയില്‍ ഐകകണ്‌ഠ്യേന പാസാക്കിയിട്ടും നിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പിന്‍വലിഞ്ഞ യു ഡി എഫിന് ഇനി നിലപാട് വിശദീകരിക്കാന്‍ അല്‍പം  വിയര്‍ക്കേണ്ടിവരും. ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം സുപ്രീം കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയെങ്കിലും പാര്‍ട്ടിക്ക് അത് ഗുണമാണ് ചെയ്യുക എന്ന  സി പി എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ അസ്ഥാനത്തല്ല.

          ജയരാജനെ സംബന്ധിച്ചെടുത്തോളം ഈ ശിക്ഷയും മോചനവും രാഷ്ട്രീയമായി ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയെന്ന് തന്നെ പറയാം. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാനായ ജയരാജന്‍, ഡി വൈ എഫ് ഐ നേതാവ് രമേശന്റെ മകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലും ഇത് ചര്‍ച്ചാ വിഷയമായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിയാകെ മാറി. അവശേഷിക്കുന്ന സമ്മേളനങ്ങളില്‍ ജയരാജനായിരിക്കും താരം.    ഇപ്പോള്‍ തന്നെ ആരവവും ആര്‍പ്പുവിളിയുമായി അണികള്‍ അദ്ദേഹത്തെ വാനോളം വാഴ്ത്തിത്തുടങ്ങിയിരിക്കുകയല്ലേ. എന്തായാലും ഈ വിധി സി പി എം ശരിക്കും ആഘോഷിക്കുക മാത്രമല്ല മുതലാക്കുകയും ചെയ്യും. എന്നാല്‍ ഹൈക്കോടതി അദ്ദേഹത്തിന് വിധിച്ച ശിക്ഷ ഇളവുചെയ്യുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

Monday, November 14, 2011

നീതീകരിക്കാനാവാത്ത നീചകൃത്യം


           അനീതിയും അധര്‍മവും എവിടെക്കണ്ടാലും പൗരുഷം സടകുടഞ്ഞെഴുനേല്‍ക്കണം. തെറ്റുകള്‍ ചികഞ്ഞ് കുറ്റങ്ങള്‍ കണ്ടുപിടിക്കണം. എന്നാല്‍  കുറ്റവാളിയെന്ന് വിധിയെഴുതി ശിക്ഷവിധിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന തിരിച്ചറിവും വേണം. അതിനാണ് പൊലീസും കോടതിയും സര്‍ക്കാരുമൊക്കെ. സദാചാരപൊലീസാവാനും സദാചാരത്തിന്റെ പേരില്‍ വധശിക്ഷ നല്‍കാനും ജനങ്ങളെ ആരും അധികാരപ്പെടുത്തിയിട്ടുമില്ല. അങ്ങനെ വല്ലവരും ചെയ്താല്‍ അത്തരം ഹീനകൃത്യങ്ങളെ അന്ധകാരയുഗത്തിന്റെ പ്രാകൃതഭാവം എന്ന് തന്നെയായിരിക്കും വിശേഷിപ്പിക്കുക. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തെ ആ ഗണത്തിലേ പെടുത്താനാവൂ. അവിഹിതബന്ധം ആരോപിച്ച് സദാചാര സംരക്ഷണത്തിനിറങ്ങിയ ഒരു സംഘം യുവാക്കളുടെ പ്രതികാരബുദ്ധി അത്യന്തം ക്രൂരവും നീചവുമായിപ്പോയി. ആലോചനശേഷി അശേഷമില്ലാത്തവരുടെ ഈ സാംസ്‌കാരികാധ:പതനം കോഴിക്കോട് ജില്ലയുടെയും കൊടിയത്തൂരിന്റെയും പ്രതിഛായയില്‍ വലിയ കളങ്കമാണ് സൃഷ്ടിച്ചിട്ടുള്ളത്.

            ബുധനാഴ്ച രാത്രി 11 മണിയോടെ കൊടിയത്തൂര്‍ വില്ലേജാഫീസിന് സമീപമുള്ള വീട്ടില്‍നിന്ന് ഒരു സംഘമാളുകള്‍ സദാചാര പൊലീസ് ചമഞ്ഞ് ചുള്ളിക്കാപറമ്പ് സ്വദേശി ഷാഹിദ് എന്ന ബാവയെ പിടിച്ചുകൊണ്ടുപോയി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചുകൊല്ലുകയായിരുന്നുവത്രെ. അബോധാവസ്ഥയില്‍ മൃതപ്രായനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളെയോ നാട്ടുകാരെയോ  അക്രമിസംഘം അനുവദിച്ചില്ല. ഇയാള്‍ മരിച്ചാല്‍ തങ്ങള്‍ സമാധാനം പറഞ്ഞോളാം എന്നായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണം. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഒന്നരമണിക്കൂറിന് ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചത്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസം മുമ്പാണ് ഷഹീദ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. അതേ സമയം മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ചിലര്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

           കൃത്യമായും ഒരുമാസം മുമ്പാണ് സമാനമായ സംഭവം പെരുമ്പാവൂരില്‍ അരങ്ങേറിയത്. കെ എസ് ആര്‍ ടി സി ബസില്‍ പോക്കറ്റടിച്ചു എന്നാരോപിച്ച് നിരപരാധിയായ ഒരു യുവാവിനെ കെ സുധാകരന്‍ എം പിയുടെ ഗണ്‍മാനും മറ്റ് ബസ് യാത്രക്കാരും ചേര്‍ന്ന് അടിച്ചുകൊന്നത്. അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമായ ആ സംഭവം ഒരു തരത്തിലും നീതീകരിക്കാനാവാത്ത നിചകൃത്യം തന്നെയായിരുന്നു. ബാങ്കില്‍നിന്ന് സ്വര്‍ണം പണയംവെച്ച് കിട്ടിയ പണവുമായി യാത്രചെയ്ത പാലക്കാട് സ്വദേശി രഘുവാണ് കപട സദാചാരവാദികളുടെ ക്രൂരതാണ്ഡവം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയത്. സാമൂഹ്യദ്രോഹികള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി രഘുവിന്റെ വിധവക്ക് ജോലിയും ആശ്വാസധനവും സര്‍ക്കാര്‍ അനുവദിക്കേണ്ടിവന്നു. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഒരുമാസം പിന്നിടുമ്പോഴേക്കും ഇതാ അതിനേക്കാള്‍ ക്രൂരമായ സംഭവം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

           ഷഹീദ് അനാശാസ്യത്തിനോ അവിഹിതബന്ധത്തിനോ മുതിര്‍ന്നു എന്ന് തന്നെയിരിക്കട്ടെ. അയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നില്ലേ വേണ്ടത്. അങ്ങനെ ചെയ്യണമെന്ന് അറിയാത്തവരാണോ കൊടിയത്തൂര്‍കാര്‍. യുവാവിനെ പിടികൂടിയെന്ന് പറയപ്പെടുന്ന വീടുമായി ബന്ധമുള്ളവരല്ല ഷാഹിദിനെ മര്‍ദിച്ചത്. കഴിഞ്ഞമാസവും ഇയാള്‍ക്കെതിരെ കയ്യേറ്റശ്രമം നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അക്രമികളില്‍ ചിലരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ മുഴുവന്‍ കണ്ടെത്താന്‍ പ്രത്യേകഅന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം വിധ്വംസക പ്രവണതയെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടുക തന്നെ ചെയ്യും.

            മതബോധത്തിലും രാഷ്ട്രീയപ്രബുദ്ധതയിലും എന്നും മുന്നില്‍ നിന്നിട്ടുള്ള കൊടിയത്തൂരില്‍നിന്ന് ഇത്തരം ഒരു വാര്‍ത്ത കേള്‍ക്കേണ്ടിവന്നു എന്നത് തന്നെ അങ്ങേയറ്റം ദു:ഖകരമാണ്. അതുകൊണ്ടായിരിക്കാം സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫും എല്‍ ഡി എഫും ഒരു പോലെ രംഗത്തുവന്നതും ഹര്‍ത്താല്‍ ആചരിച്ചതും. ആസൂത്രണം ചെയ്ത ഒരു കൊലപാതകത്തിന്റെ എല്ലാ ചേരുവകളും ഈ സംഭവത്തിന്റെ പിന്നില്‍ കാണാം. ഒരാളെ അയാള്‍ എത്ര വലിയ കുറ്റവാളിയാണെങ്കിലും ജനങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ മാത്രം ഇവിടെ നീതിന്യായ സംവിധാനങ്ങള്‍ അന്യംനിന്ന് പോയിട്ടൊന്നുമില്ലല്ലോ. നീതിനിയമങ്ങളെ കാറ്റില്‍പറത്തി നരഭോജികളാവാന്‍  ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എല്ലാവരും അന്വേഷിക്കട്ടെ. ഷഹീദിനെ തല്ലിക്കൊന്നവരെല്ലാം ശുദ്ധ സന്മാര്‍ഗികള്‍ തന്നെയാണോ? സ്വന്തം കാലത്തോട് സംവദിക്കാന്‍ കൂട്ടാക്കത്തവര്‍  സദാചാര പൊലീസ് ചമഞ്ഞ് ഒരു യുവാവിനെ കുരുതികൊടുത്തത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ഷഹീദിനെതിരെ പൊലീസില്‍ പരാതികളൊന്നുമില്ലെന്നിരിക്കെ കൊടുംകുറ്റവാളിയെ പോലെ അയാളോട് പെരുമാറിയത്  ഗുണ്ടായിസമല്ലാതെ മറ്റെന്താണ്? പെരും കുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് പോലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. സൗമ്യവധക്കേസില്‍ പൊലീസും നീതിപീഠവും പ്രകടിപ്പിച്ച നിഷ്‌കര്‍ഷതയും ജാഗ്രതയും ഈ  കേസിന്റെ കാര്യത്തിലും ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കേസ് നടത്തിപ്പിലെ കാലവിളംബമാണ് നമ്മുടെ വലിയ ശാപം. മിക്ക കേസിലും പ്രതികള്‍ക്ക് പ്രത്യാശപകരുന്നത് ഈ കാലവിളംബം  തന്നെ.

Thursday, November 10, 2011

ഗുജറാത്ത് വിധി പാഠമാവട്ടെ


          ഇത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ അനുഭവം. ഗുജറാത്തില്‍ കടലോളം ആഴം നല്‍കി മുസ്‌ലിം ന്യൂനപക്ഷത്തെ ദ്രോഹിച്ചവര്‍ക്ക് പ്രത്യേക അതിവേഗ കോടതി നല്‍കിയ ശിക്ഷ രാജ്യസ്‌നേഹികളെ സംബന്ധിച്ചെടുത്തോളം ആശ്വാസം പകരുന്നതാണ്. 2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ സര്‍ദാര്‍പുരയില്‍ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ ചുട്ടുകൊന്ന കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത് സുപ്രീം കോടതിയുടെ കര്‍ക്കശമായ ഇടപെടല്‍ മൂലമാണ്. 1941ന് ശേഷം വര്‍ഗീയകലാപത്തിന്റെ പേരില്‍ ഇത്രയധികം പേരെ ഒന്നിച്ചു ശിക്ഷിക്കപ്പെട്ടുവെന്ന സവിശേഷതയും ഈ കേസിനുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ നടന്ന വന്‍ഗൂഢാലോചനയെ കുറിച്ച് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസ് ഐ ടി) അന്വേഷിക്കാതിരുന്നത് വലിയ വീഴ്ച തന്നെയാണ്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാതിരിക്കാന്‍ ഇത് സഹായകമായി. അവശേഷിക്കുന്ന കേസുകളില്‍ ഉന്നത നീതിപീഠത്തിന്റെ സജീവ ശ്രദ്ധ പതിയാന്‍ ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

          ഗുജറാത്ത് കലാപത്തിന് ശേഷം വലിയൊരു ശൂന്യതാബോധം അനുഭവിച്ചുവന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഈ വിധി പ്രത്യാശ പകരുമെങ്കിലും പ്രതികളാക്കപ്പെട്ട 42 പേരെ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കിയെന്നത് വസ്തുനിഷ്ഠമായ വിചാരണയുടെ പോരായ്മയായി കാണേണ്ടതുണ്ട്. ഇതില്‍ 11 പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതുമില്ല.

          എങ്കിലും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കലാപക്കേസുകളില്‍ വിധിപറയുന്ന ആദ്യത്തെ കേസാണിത്. സര്‍ദാര്‍പുര സംഭവത്തിലെ ഇരകള്‍ക്ക് അരലക്ഷം രൂപവീതം അനുവദിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചെറിയ തുകയാണെങ്കിലും രാജ്യത്ത് വര്‍ഗീയകലാപത്തില്‍  നഷ്ടപരിഹാരം അനുവദിക്കുന്നതും ഇതാദ്യം.

           മുവ്വായിരത്തോളം മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ട ഗുജറാത്ത് വംശഹത്യാ കേസുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത സംഭവമാണ് സര്‍ദാര്‍പുര കൂട്ടക്കൊലക്കേസ്. ഗോധ്രാ സംഭവത്തിന്റെ മറപിടിച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തിലാകമാനം സംഘ്പരിവാര്‍ കലാപം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് സര്‍ദാര്‍പുരയിലെ മുഹമ്മദ് ഷെയ്ഖിന്റെ വീട്ടില്‍ അഭയം തേടിയെത്തിയവരെയാണ് അക്രമികള്‍ ജീവനോടെ ചുട്ടെരിച്ചത്. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം അകത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വെന്തുമരിച്ചവരില്‍ 22 പേര്‍ സ്ത്രീകളായിരുന്നു. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്.

           ഗോധ്രാ സംഭവത്തിന് പിന്നാലെ 2002 മാര്‍ച്ച് ഒന്നിനാണ് വടക്കന്‍ ഗുജറാത്തിലെ മൊഹ്‌സിന ജില്ലയിലുള്ള സര്‍ദാര്‍പുരയില്‍ കൂട്ടക്കൊല നടന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ 1500 ഓളം വരുന്ന ജനക്കൂട്ടമാണ് അക്രമമഴിച്ചുവിട്ടത്. ചെറിയ കുടിലുകളില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളും തൊട്ടടുത്തുള്ള മഹമൂദ് ശെയ്ഖിന്റെ വീട്ടില്‍ അഭയംതേടുകയായിരുന്നു. സര്‍ദാര്‍പുരയിലെ മുസ്‌ലിംകളെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ഗോധ്ര സംഭവത്തിനു മുമ്പ് തന്നെ സംഘ്പരിവാര്‍ തയാറെടുപ്പ് നടത്തിയിരുന്നതിന് തെളിവുകളുണ്ട്. സ്ഥലത്തെ പൊലീസും ബി ജെ പി - വിശ്വഹിന്ദുപരിഷത്ത് നേതാക്കളും ഈ ശ്രമത്തില്‍ ഭാഗഭാക്കായിരുന്നു. സര്‍ദാര്‍പുര നിവാസികളുടെ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെഹല്‍ക്ക നടത്തിയ രഹസ്യാന്വേഷണത്തിലും വ്യക്തമായിരുന്നു. കൂട്ടക്കൊല അരങ്ങേറുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നിന്നത്  ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  ഗോധ്രാ സംഭവത്തിന് മൂന്നുദിവസം മുമ്പ് വി എച്ച് പി നേതാവ് നരന്‍ ലാലു പട്ടേല്‍ പരസ്യമായി നടത്തിയ ആഹ്വാനമാണ് മറ്റൊരു തെളിവ്. മുസ്‌ലിം പ്രദേശങ്ങളില്‍ കൂടുതല്‍ ബള്‍ബുകള്‍ സ്ഥാപിക്കുകയും ഇതിനെ ചോദ്യംചെയ്തവരോട് മുസ്‌ലിംകളെ കൊല്ലാനാണെന്ന് മറുപടി പറയുകയും ചെയ്തു. എന്നാല്‍ അക്രമികളുടെ ഗൂഢാലോചന വ്യക്തമാക്കുന്ന ഇത്തരം സാക്ഷിമൊഴികള്‍ എസ് ഐ ടി പോലും അവഗണിച്ചത് ഒരിക്കലും നീതീകരിക്കാനാവില്ല.

          സുപ്രീം കോടതി നിര്‍ദേശിച്ചതിനാല്‍   അന്വേഷണം ഏറ്റെടുത്ത എസ് ഐ ടി പക്ഷെ, പ്രമുഖരായ ആര്‍ എസ് എസ്- ബി ജെ പി നേതാക്കളെ പ്രതിചേര്‍ക്കാന്‍  തയാറായില്ല. സര്‍ദാര്‍പുര കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടവര്‍  പ്രതികളുടെ പേരുവിവരം നല്‍കുകയും അവരെ കോടതിയില്‍ കൃത്യമായി തിരിച്ചറിയുകയും ചെയ്തിട്ടും അവര്‍ ശിക്ഷിക്കപ്പെട്ടില്ലെന്നത് ദുസ്സഹമായി തോന്നുന്നു.

          ഇങ്ങനെ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നത് നേരാണെങ്കിലും വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിടുകയും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ കോടതി വിധി വലിയ പാഠമാണ് നല്‍കുന്നത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം സ്‌ഫോടകശേഷിയുള്ള പ്രശ്‌നമാണ് വര്‍ഗീയത. യാഥാര്‍ഥ്യങ്ങളോട് സത്യസന്ധത പുലര്‍ത്താന്‍ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും പൊലീസും നീതിപീഠവുമെല്ലാം ഒരുപോലെ സന്നദ്ധമായാല്‍ അത് പ്രത്യാശയുടെ വേലിയേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

          ഗുജറാത്ത് ഭരണം നിലനിര്‍ത്താനായെങ്കിലും ആ കലാപം സംഘ്പരിവാരത്തിന് നല്‍കിയ തിരിച്ചടി വളരെ വലുതാണ്. കേന്ദ്രഭരണത്തില്‍ നിന്ന് അവര്‍ പിഴുതെറിയപ്പെട്ടു. അടുത്ത ഊഴം അവര്‍ക്ക് ലഭിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി യു പി എ സര്‍ക്കാരും  അതിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസ്സുമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഗോപാല്‍ഗഢില്‍ ഒന്നരമാസം മുമ്പ് നടന്ന വര്‍ഗീയസംഘര്‍ഷം ഇതിതനോട് ചേര്‍ത്തുവായിക്കണം. ഒമ്പത് മുസ്‌ലികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍നിന്ന് ബി ജെ പിയെ പോലെ തന്നെ കോണ്‍ഗ്രസിനും ധാരാളം പഠിക്കാനുണ്ട്. അവരത് പഠിക്കാന്‍  ശ്രമിക്കാറില്ലെങ്കിലും.

Thursday, November 3, 2011

വാളകം കേസും സി ബി ഐക്ക്


          സ്വതന്ത്രമായും സത്യസന്ധമായും പൊലീസ്‌സേനയെ പ്രവര്‍ത്തിക്കാനനുവദിച്ചാല്‍ നാട് സ്വര്‍ഗമാവും. ജനങ്ങളുടെ ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിടാന്‍ പൊലീസിന് കഴിഞ്ഞ സുവര്‍ണകാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളില്‍ മാത്രമല്ല പെറ്റി കേസുകളില്‍ പോലും അന്വേഷണം ബന്ധപ്പെട്ടവരുടെ കണ്ണീര്‍ക്കയത്തിലാണ് അവസാനിക്കുന്നത്. പൊലീസ് ഇടപെടല്‍ പലപ്പോഴും വിപരീതഫലം സൃഷ്ടിക്കുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് സേന നടന്നുനീങ്ങുന്നുവെന്ന് വന്നാല്‍ പിന്നെ ജനങ്ങള്‍ക്ക് എന്താണൊരു രക്ഷ?

          കൊല്ലംജില്ലയിലെ വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് ദുരൂഹസാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവം സി ബി ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിക്കുമ്പോള്‍ നമ്മുടെ പൊലീസിനെ കുറിച്ചുള്ള ആശങ്കകള്‍ പര്‍വതമായുയരുക കൂടി ചെയ്യുന്നു. കേരളകോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനായ കൃഷ്‌കുമാറിന് പരിക്കേറ്റിട്ട് ഒരുമാസം കഴിഞ്ഞു. സപ്തമ്പര്‍ 27ന് രാത്രി  ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന കൃഷ്ണകുമാറിനെ നാട്ടുകാരറിയിച്ചതിനെ തുടര്‍ന്ന് വാഹനപകടം എന്ന നിഗമനത്തില്‍ ഹൈവേ പൊലീസാണ്  ആശുപത്രിയില്‍ എത്തിച്ചത്.  അതിനുശേഷം പൊലീസിന്റെ വന്‍നിര തന്നെ അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കുന്നത് പോയിട്ട് തുമ്പുണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല.

         പ്രതിഭാശക്തിയില്‍ അദ്വതീയരെന്നും അന്വേഷണ മികവില്‍ കേമന്മാരെന്നും അഹങ്കരിച്ച നമ്മുടെ പൊലീസിന്റെ വീഴ്ചകള്‍ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങുന്നത് ഇത് ആദ്യ തവണയല്ല. പരിക്കേറ്റ അധ്യാപകന്‍ സ്വബോധത്തോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. മറ്റ് തെളിവുകള്‍ ഏകോപിച്ച് സത്യം കിളച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പൊലീസ് സേനയെ തീറ്റിപ്പോറ്റുന്നതില്‍ എന്തര്‍ഥം? 
 
              ഒരു മിനുട്ടിലെ കാര്യങ്ങള്‍ മാത്രമേ ഇനി അറിയാനുള്ളൂവെന്നാണ് ഡി ജി പി ജേക്കബ് പുന്നൂസ് അടക്കം പ്രഖ്യാപിച്ചിരുന്നത്. പല തവണ അധ്യാപകനെ  ചോദ്യം ചെയ്തിട്ടും കൃത്യമായ നിഗമനത്തിലെത്താന്‍  പൊലീസിന് കഴിഞ്ഞില്ല. അധ്യാപകന്റെ പിന്‍ഭാഗത്ത് പാരപോലുള്ള ആയുധം കുത്തിക്കയറ്റിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ അപകടംമൂലവും ഇങ്ങനെ സംഭവിക്കാമെന്നും ആന്തരാവയവങ്ങള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. കൃഷ്ണകുമാര്‍ അക്രമിക്കപ്പെട്ടുവെന്ന നിലയില്‍ തുടങ്ങിയ  അന്വേഷണം വാഹനാപകടമാണെന്ന നിലയില്‍ പൊലീസ് മുമ്പോട്ടു കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ വാഹനാപകടം മനപ്പൂര്‍വമോ അല്ലയോ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും ഇടിച്ച കാര്‍ ഇതുവരെ പിടികൂടാനായില്ല. രണ്ടായിരത്തിലധികം കാറുകള്‍ പരിശോധിച്ചുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. തന്നെ നാലുപേര്‍ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അധ്യാപകന്‍ മൊഴി നല്‍കിയിട്ടുണ്ട്. അദ്ദേഹം പലവട്ടം മൊഴിമാറ്റിപ്പറഞ്ഞെങ്കില്‍ അതിലെ നിഗൂഢത പുറത്തുകൊണ്ടുവരേണ്ടതും പൊലീസ് തന്നെയാണല്ലോ. സംഭവം ആസൂത്രിതമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും വാദിക്കുന്നുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ അവര്‍  ഖണ്ഡിക്കുകയും ചെയ്യുന്നു.

           സംഭവത്തിനു പിന്നില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറുമാണെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ആക്രമണം വിവാദാമയത്. സ്‌കൂളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ പിള്ളക്കെതിരെ കൃഷ്ണകുമാര്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല ഇതേ സ്‌കൂളിലെ പ്രധാന അധ്യാപികയായ ഭാര്യ ഗീതയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജുമെന്റുമായി കൃഷ്ണകുമാര്‍ ശത്രുതയിലുമായിരുന്നു. പിള്ളയില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. നിയമസഭക്കകത്തും പുറത്തും ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്.

         സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാനോ ശാസ്ത്രീയ സംവിധാനം ഉപയോഗിച്ച് കൃഷ്ണകുമാറടക്കമുള്ളവരെ ചോദ്യംചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല എന്നത് സത്യം ക്രൂശിക്കപ്പെടുന്നുവെന്ന നിഗമനത്തിലെത്താനേ വഴിവെക്കൂ. സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന്  അക്രമികള്‍ക്കെതിരെ  നടപടിയെടുക്കാന്‍  പൊലീസിന് കഴിയാതെ പോകുന്നുവെന്ന് സംശയിക്കുന്നവരാണധികം. പൊലീസിന്റെ വിശ്വാസ്യതയേയും സംസ്ഥാനത്തിന്റെ അന്തസ്സിനെയും പരിഹസിക്കുംവിധം  ഇത്തരം ഒരു  വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതുമില്ല.

           വാളകം കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചതോടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തല്‍ക്കാലത്തേക്കെങ്കിലും മുഖം രക്ഷിക്കാനായി. എന്നാല്‍ ലോക്കല്‍ പൊലീസിനെ സംബന്ധിച്ചെടുത്തോളം ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അവിശ്വാസത്തിന് ശക്തിപകരാന്‍  ഈ സംഭവം വഴിവെച്ചുവെന്ന കാര്യം വിസ്മരിക്കരുത്.  എല്ലാ സംഭവങ്ങളിലും ജനം സി ബി ഐ അന്വേഷണം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. നമ്മുടെ പൊലീസ് സേനയും സര്‍ക്കാരും ഗൗരവപൂര്‍വം പരിശോധിക്കേണ്ട വിഷയമാണിത്. സി ബി ഐ അന്വേഷണവും കുറ്റമറ്റതാവില്ലെന്നതിനും നമ്മുടെ മുമ്പില്‍ തെളിവുകളുണ്ടെങ്കിലും തമ്മില്‍ ഭേദം തൊമ്മനെന്ന നിഗമനത്തിലാണ് ജനങ്ങളിപ്പോഴും.

Wednesday, November 2, 2011

ബാലകൃഷ്ണപിള്ളയുടെ മോചനം അധികാര ദുരുപയോഗം


          മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മലയാളികള്‍ക്ക് വളരെ ഇഷ്ടമാണ്. നേരിയ ഭൂരിപക്ഷമാണെങ്കിലും സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മികവുറ്റ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. എന്നാല്‍ ഇടമലയാര്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്(ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ കേരളപ്പിറവി ദിനത്തിന്റെ ആനുകൂല്യം നല്‍കി ജയില്‍മോചിതനാക്കിയ മുഖ്യമന്ത്രിയുടെ നടപടി, യു ഡി എഫ് സര്‍ക്കാരിനെ കുറിച്ചുള്ള വിശുദ്ധ സങ്കല്‍പങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തുന്നതായിപ്പോയി. അധികാരത്തിന്റെ ആര്‍ഭാട പരിസരത്തുനിന്ന് നോക്കുമ്പോള്‍ പിള്ളയുടെ മോചനം കണ്ണഞ്ചിക്കുന്നതായി തോന്നാം. എന്നാല്‍ മറുപക്ഷത്തുനിന്ന് വീക്ഷിച്ചാലോ അധികാരം മനുഷ്യസഹജമായ മഹാവ്യാഥി കൂടിയാണെന്ന് മനസ്സിലാവും.

          നിര്‍മല്‍ മാധവന് കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ അവിഹിതമായി സീറ്റ് തരപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയില്‍ അല്‍പസ്വല്‍പം കളങ്കം കലര്‍ന്നിരുന്നു. അപകടകരമായ വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം കാണിച്ചത്. ആ സംഭവം സൃഷ്ടിച്ച ആശങ്കകള്‍ മലയാളിയുടെ മനസ്സില്‍ മിന്നല്‍പിണര്‍പോലെ ഇപ്പോഴും കിടന്നുപിടയുന്നുണ്ട്. പിള്ളയുടെ കാര്യത്തിലും ചാണ്ടിക്കു പിഴച്ചുവെന്ന് പറയാതെ വയ്യ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീണ്ടും അദ്ദേഹത്തിന് വീഴ്ച പറ്റിയിരിക്കുന്നു. ഓരോ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും സര്‍ക്കാര്‍  വഴങ്ങിക്കൊടുക്കുകയാണോ എന്ന് സംശയിക്കണം. നേരിയ ഭൂരിപക്ഷമാകുമ്പോള്‍ ചാണ്ടിയല്ല ആരായാലും ഇങ്ങനെ ചെയ്തുപോകുക സ്വാഭാവികം.

         ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കേസിലാണ് ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷത്തെ ശിക്ഷക്കായിരുന്നു നിര്‍ദേശമെങ്കിലും കേസിന്റെ കാലപ്പഴക്കവും  അദ്ദേഹത്തിന്റെ പ്രായാധിക്യവും പരിഗണിച്ചാണ് ഒരു വര്‍ഷത്തെ കഠിനതടവാക്കിയത്. ഈ ശിക്ഷ പോലും തികച്ച് അനുഭവിക്കാതെ പിള്ളക്ക് പരിധിവിട്ട ഇളവുകള്‍ അനുവദിച്ചത് തീര്‍ച്ചയായും അധികാര ദുര്‍വിനിയോഗം തന്നെ. അഴിമതിക്കേസില്‍ ഉന്നത നീതിപീഠം ശിക്ഷിച്ച ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ മകന്‍ കൂടി ഉള്‍പ്പെട്ട സംസ്ഥാന മന്ത്രിസഭ വളഞ്ഞ വഴിയിലൂടെ മോചിപ്പിച്ചുവെങ്കില്‍ അത് ജുഡീഷ്യറിയെ അവഹേളിക്കലല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

          ആകെ 69 ദിവസം മാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. ഭാര്യയുടെ അസുഖത്തിന്റെയും മറ്റും പേരില്‍ 75 ദിവസം പരോളിലിറങ്ങി. 87 ദിവസം പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ. പൂജാപ്പുര സെന്‍ട്രല്‍ ജയിലില്‍  ഒരു തടവുപുള്ളിക്ക് കിട്ടാവുന്നതിലേറെ പരിചരണം. പരോളില്‍ ഇറങ്ങിയ ഉടനെ ജയില്‍ചട്ടം ലംഘിച്ച് അഭിപ്രായപ്രകടനം നടത്തി. ആശുപത്രിയില്‍വെച്ച് മൊബൈല്‍ ഫോണിലൂടെ അഭിമുഖസംഭാഷണം. ഒരു ജയില്‍പുള്ളിയുടെ പ്രയാസങ്ങളൊന്നും പിള്ളക്ക്  അനുഭവിക്കേണ്ടി വന്നിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പാര്‍പ്പിച്ച മുറി ജയിലാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. അതുകൊണ്ട് ആശുപത്രിവാസം ജയില്‍വാസമായി കണക്കാക്കാനുമാവില്ല. ജയില്‍ചട്ടങ്ങള്‍ ലംഘിച്ചവര്‍ ശിക്ഷാ ഇളവിന് അര്‍ഹരുമല്ല. ജയിലില്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ പിള്ള കൂടുതല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വന്നു.

          ഈ വര്‍ഷം ഫെബ്രുവരി പത്തിനാണ്  സുപ്രീം കോടതി പിള്ളക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചത്. 18ന് ജയിലലടക്കപ്പെടുകയും ചെയ്തു. ആശുപത്രിവാസവും പരോളുമെല്ലാം യഥാര്‍ഥത്തില്‍  ശിക്ഷാനടപടി ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു. പിള്ളക്ക് പുറമെ ഇടമലയാര്‍ കേസിലെ കൂട്ടുപ്രതി  മാണി കേരളാകോണ്‍ഗ്രസ് സെക്രട്ടറി പി കെ സജീവന്‍ ഉള്‍പ്പെടെ 138 തടവുകാരെയും സര്‍ക്കാര്‍ മോചിപ്പിച്ചിട്ടുണ്ട്. പിള്ളക്ക് മാത്രമല്ല 2500 തടവുകാര്‍ക്കും കേരളപ്പിറവിദിനത്തിന്റെ ഇളവ് കൊണ്ട് ഗുണംകിട്ടുമെന്നാണ് സര്‍ക്കാരിന്റെ ന്യായം. ആഗസ്റ്റ് 15ന് പിള്ളക്ക് മോചനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവത്രെ. അന്ന് തുറന്നുവിടാതിരുന്നത് ജനങ്ങളെ ഭയപ്പെട്ടതുകൊണ്ടാവണം. ഇങ്ങനെ പിള്ളയും കൂട്ടുപ്രതിയും ജയില്‍മുക്തരാവുക കൂടി ചെയ്യുമ്പോള്‍ നമ്മുടെ ശിക്ഷാ സമ്പ്രദായമാണ് പരിഹസിക്കപ്പെടുന്നതെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കാതിരുന്നത് കഷ്ടമായിപ്പോയി.

         പിള്ളക്ക് വേണ്ടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജയില്‍ചട്ടമനുസരിച്ച് ശിക്ഷയില്‍ ഇളവ് നല്‍കുന്നതിന് വിലക്കൊന്നുമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പിന്നെയും വാദിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ സുപ്രീം കോടതി വിധിയെപോലും കൊഞ്ഞനം കുത്തുന്ന സമീപനമല്ലേ ഇത്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് അഴിമതിയും അധാര്‍മികതയുമെല്ലാം ഭൂഷണമാണെന്നല്ലേ ഇതിന്നര്‍ഥം. അഴിമതിക്കെതിരെ വലിയ ജനരോഷം ഉയര്‍ന്ന കാലമാണിത്. അണ്ണാ ഹസാരെയുടെ ലക്ഷ്യം എന്തായിരുന്നാലും ജനങ്ങള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയത് അഴിമതിയോടുള്ള അടങ്ങാത്ത രോഷംകൊണ്ട് മാത്രമാണ്. അഴിമതിയുടെ പേരില്‍ ചെറിയ മീനുകള്‍ അകത്ത് കിടക്കുമ്പോള്‍ കൊമ്പന്‍ സ്രാവുകള്‍ വല ഭേദിച്ച് പുറത്തു കടക്കുമെന്നതാണ് പിള്ളയുടെ ജയില്‍മോചനം നല്‍കുന്ന പാഠം. ജയില്‍ മോചനത്തിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയമയുദ്ധം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ നടപടി പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിള്ളയുടെ കാര്യത്തിലല്ല മറ്റാരുടെ കാര്യത്തിലായാലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവത്  യു ഡി എഫോ എല്‍ ഡി എഫോ ആരുമാവട്ടെ, മാപ്പര്‍ഹിക്കുന്നില്ല.

Wednesday, October 12, 2011

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കേരള യൂണിയന്‍ ലീഗായ കഥ

സി എച്ച് മുഹമ്മദ് കോയ സാഹിബിനൊപ്പം ലേഖകന്‍
       രാഷ്ട്രീയത്തിന്റെ ലഹരിയില്‍ ആയുസ്സ് ഹോമിച്ച പ്രവര്‍ത്തകനെന്ന നിലയില്‍ ഗതകാലസ്മരണകള്‍ വായനക്കാരുമായി പങ്കുവെക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. മുസ്‌ലിംലീഗിന്റെ എക്കാലത്തെയും അനിഷ്യേധ്യനേതാവും  നാട്ടുകാരനുമായ സി എച്ചാണ് എന്റെ രാഷ്ട്രീയഗുരു. സീതിസാഹിബിനെപോലെ കേരളരാഷ്ട്രീയത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ച നേതാവായിരുന്നു അദ്ദേഹം. 1961 ല്‍  കേരള അസംബ്‌ളി സ്പീക്കറായപ്പോള്‍ താന്‍ വിദ്യയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ച അത്തോളിയിലെ (വേളൂര്) ജി എം യു പി സ്‌കൂള്‍ അദ്ദേഹത്തിന് വന്‍ സ്വീകരണമൊരുക്കിയിരുന്നു.  

       വിദ്യാര്‍ഥി പ്രതിനിധിയായി അനുമോദനപ്രസംഗം നടത്താനുള്ള അസുലഭഭാഗ്യം എനിക്കാണ് ലഭിച്ചത്. സി എച്ചിനെ അടുത്തറിയാനും അദ്ദേഹത്തെ വീണ്ടും വീണ്ടും ശ്രവിക്കാനും ശ്രദ്ധിക്കാനും ആ അനര്‍ഘമുഹൂര്‍ത്തം വഴിയൊരുക്കി. അദ്ദേഹത്തോളം വ്യക്തിപ്രഭാവമുള്ള മുസ്‌ലിംനേതാക്കള്‍ അന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ വിരളമായിരുന്നു. മരംകോച്ചുന്ന തണുപ്പിലും ചുട്ടുപൊള്ളുന്ന വെയിലിലും കോരിച്ചെരിയുന്ന മഴയത്തും സി എച്ചിന്റെ  വശ്യമായ വാഗ്‌ധോരണിക്ക് കാതോര്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുക. ദിനംപ്രതി നിരവധി വേദികളെ പ്രകമ്പനംകൊള്ളിക്കാറുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് പടവാളിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു.  വാക്കുകള്‍ സുന്ദരന്മാരും സുന്ദരികളുമായി അദ്ദേഹത്തിന്റെ വായില്‍നിന്ന് പുറത്തുവരുമ്പോള്‍ എന്തെന്നില്ലാത്ത വശ്യത. രാഷ്ട്രീയ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി പോലെയായിരുന്നു മറുപടി.  പാതിരാവില്‍പോലും കുഞ്ഞുങ്ങളുമായി  അദ്ദേഹത്തെ കാണാനും കേള്‍ക്കാനും ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന സ്ത്രീകളുടെ നിര ലീഗുസമ്മേളനങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. മനസ്സിന്റെ നിലവറയില്‍ ഇന്നും നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഓര്‍മകളാണിവ. ആ ജനപ്രിയ നേതാവിനോടുള്ള അടങ്ങാത്ത ആദരവാണ്  ഹരിതരാഷ്ടീയത്തോടുള്ള ആഭിമുഖ്യത്തിന് മുഖ്യമായും എന്നെ പ്രേരിപ്പിച്ചത്. സി എച്ചിന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും അക്കാലത്ത് സമുദായ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച മാറ്റൊലിയും ആവേശവും ഓര്‍മയുടെ തിരശ്ശീലയില്‍  ഇന്നും നിറം മങ്ങാതെ  നില്‍പുണ്ട്. 

       1962ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ പച്ചപ്പതാകയുമായി ആദ്യമായി  പ്രകടനത്തില്‍ പങ്കെടുത്തതും സി എച്ചിന്റെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനാണ്. അന്ന് കോഴിക്കോട് മണ്ഡലത്തില്‍ തനിച്ച് മത്സരിച്ച ലീഗിന് വേണ്ടി ബാഫഖിതങ്ങള്‍ അങ്കത്തിനിറക്കിയത് സി എച്ചിനെയായിരുന്നു.   പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍പദവി വലിച്ചെറിഞ്ഞ സി എച്ചിനെ  കോഴിക്കോട്ടെ പൗരാവലി രണ്ടുകയ്യും നീട്ടി സ്വീകരിച്ച ലോകസഭാ തെരഞ്ഞെടുപ്പ്, കേരള ചരിത്രത്തില്‍  കനകാക്ഷരങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നു.  

ലേഖകന്‍ സുലൈമാന്‍ സേട്ടുസാഹിബിനൊപ്പം
       കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും അതിശക്തരായ കുട്ടികൃഷ്ണന്‍ നായരെയും മഞ്ചുനാഥ റാവുവിനെയും മുട്ടുകുത്തിച്ച് നേടിയ ആ വിജയമാണ് പാര്‍ട്ടിയുടെ സ്വാധീനം കേരളക്കരയില്‍ പതിന്മടങ്ങ് വര്‍ധിക്കാന്‍  വഴിവെച്ചത്. ഞങ്ങളുടെ മണ്ഡലമായ വടകരയിലും  ലീഗു പിന്തുണച്ച സ്ഥാനാര്‍ഥി തന്നെ വിജയിച്ചു;  എ കെ രാഘവന്‍. കൈതപ്പൂതോടുകളും കല്പകതരുനിരകളും ചളിമണ്‍പാതകളും നിറഞ്ഞ അത്തോളിയുടെ ഗ്രാമഹൃദയത്തിലൂടെ കയ്യില്‍ കത്തിച്ച ചൂട്ടയുമായി  പ്രകടനത്തില്‍ പങ്കെടുത്തത് ഇന്നും വര്‍ണശബളമായ ഓര്‍മയാണ്.

       അതിജീവനത്തിന്റെ മറുകരയെത്താന്‍ ആ കൊടിയും അതിന്റെ ചാലകശക്തിയുമാണ് ഉത്തമമെന്ന് ആരും  ചൊല്ലിത്തന്നതല്ല.  ഓതിത്തരാന്‍ അന്ന് ആരും  ഉണ്ടായിരുന്നില്ല. മതാഭിമുഖ്യവും മനസ്സിന്റെ മന്ത്രണവും  ഒരു ഹരിതരാഷ്ട്രീയക്കാരനാക്കി മാറ്റി എന്ന് പറയുന്നതാവും ശരി. എം എസ് എഫിലൂടെ തുടങ്ങി, സ്വതന്ത്രതൊഴിലാളി യൂണിയനിലൂടെ  പൊതുപ്രവര്‍ത്തനത്തിന്റെ പുതുചക്രവാളങ്ങള്‍ തുറന്നുകിട്ടിയപ്പോള്‍ അത് വല്ലാത്തൊരു അനുഭൂതിയായി. വശ്യശക്തിയുള്ള വ്യക്തിത്വങ്ങള്‍ നാടിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഒരുമെയ്യായി  പൊതുരംഗത്ത് നിറഞ്ഞുനിന്ന കാലം. കാമോത്തമന്മാര്‍ക്ക് ഒരു പാര്‍ട്ടിയുടെയും തലപ്പത്ത് ഇടമില്ലാത്ത കാലം. രാഷ്ട്രീയപ്രവര്‍ത്തനം ഇന്നത്തെപോലെ ലാഭകരമായ തൊഴിലോ ഉപജീവനമാര്‍ഗമോ ആയിരുന്നില്ല. നാണക്കേടുകള്‍ വാരിക്കൂട്ടിയ ചരിത്രവുമില്ല അന്നത്തെ  നേതൃത്വത്തിന്.  അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍പ്പിനായി ജീവിതം ഉഴിഞ്ഞുവെച്ച കര്‍മയോഗികള്‍,  ചെന്തീയില്‍ കുരുത്ത മഹാവ്യക്തിത്വങ്ങള്‍, പാവപ്പെട്ടവരുടെ നിലവിളി കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗിവര്യന്മാര്‍. നന്മയുടെ ഹരിതകേദാരങ്ങള്‍, ശ്രമകരമായ എല്ലാ ദൗത്യങ്ങളും ഏറ്റെടുക്കുകയും വിജയകരമായി നിര്‍വഹിക്കുകയും ചെയ്തവര്‍, വിസ്മയകരമായിരുന്നു അവരുടെ നിശ്ചയദാര്‍ഢ്യം. സി എച്ച് എപ്പോഴും പറയാറുള്ളതുപോലെ  ചെങ്കോട്ട പോലെ സുഭദ്രവും കുത്തബ്മിനാര്‍ പോലെ ഉന്നതവും താജ്മഹല്‍ പോലെ സുന്ദരവുമായ  മുസ്‌ലിംലീഗിന് നേതാക്കളായിരുന്നു അതിന്റെ ഏറ്റവും വലിയ കരുത്ത്.  പാര്‍ട്ടിയും പോഷക ഘടകങ്ങളും ഒരുപോലെ  ശക്തം.  കാറും കോളും വരുമ്പോള്‍  പാറപോലെ ഉറച്ചുനിന്നു നേതാക്കളും അണികളും. അവര്‍ക്കൊരിക്കലും കനല്‍വഴികളില്‍ കുറ്റബോധത്തിന്റെ   കുരിശുചുമക്കേണ്ടി വന്നില്ല. നന്മയുടെ മുത്തുകള്‍ വിരിയിച്ച, ഇസ്‌ലാമിക സംസ്‌കൃതിയെ പുളകമണിയിച്ച  അത്തരം നേതാക്കളുടെ  അഭാവമാണ് പാര്‍ട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണെന്റെ പക്ഷം.

       ഓര്‍മയുടെ കളിവള്ളത്തിലൂടെ പിറകോട്ട് തുഴഞ്ഞാല്‍  പാര്‍ട്ടി ഏറ്റെടുത്ത നിരവധി ദൗത്യങ്ങള്‍  വിജയകരമായി നിര്‍വഹിച്ചതിന്റെ ചിത്രം തെളിഞ്ഞുവരും. സര്‍ക്കാര്‍ സര്‍വീസിലെ സംവരണം, മലപ്പുറം ജില്ല രൂപീകരണം, അറബിഭാഷാ പഠനം, മുസ്‌ലിംവിദ്യാര്‍ഥിനിസ്‌കോളര്‍ഷിപ്പ്, മുസ്‌ലിം പ്രദേശങ്ങളിലെല്ലാം വിദ്യാഭ്യാസസ്ഥാപനങ്ങള്‍,   ലീഗ് നേതാക്കളുടെ പേരില്‍പോലും സര്‍ക്കാര്‍ കോളെജുകള്‍, പോളിടെക്‌നിക്കുകള്‍, കാലിക്കറ്റ് യൂണിവാഴ്‌സിറ്റി, കോടതികളില്‍ മുസ്‌ലിം ജഡ്ജിമാരും പി എസ് സിയില്‍ അംഗങ്ങളും ചെയര്‍മാന്‍ പദവിയും. അങ്ങനെ അഭിമാനിക്കാന്‍  എത്രയെത്ര അനര്‍ഘവിജയങ്ങള്‍. ലീഗ് കൈവരിച്ച നേട്ടങ്ങളെ രാഷ്ട്രീയ എതിരാളികള്‍ അസൂയയോടെ നോക്കിക്കണ്ട അവിസ്മരണീയ സന്ദര്‍ഭമായിരുന്നു അത്.  അധികാരം ഒരനിവാര്യതയാണെങ്കിലും അതിനോടുള്ള അമിതഭ്രമം  ലക്ഷ്യത്തില്‍നിന്ന് പാര്‍ട്ടിയെ വഴിതെറ്റിച്ചിരുന്നില്ല എന്ന് കൂടി  അറിയുക. അതിനുമുണ്ട് ഉള്‍ക്കാമ്പില്‍ പൊലിമയോടെ നിറഞ്ഞുനില്‍ക്കുന്ന  നിരവധി  തെളിവുകള്‍.

       ശൈഥില്യത്തിന്റെ അന്ധകാരം രാഷ്ട്രീയ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിരുന്നു അനവധി. ലീഗ് രണ്ടായി, മൂന്നായി, പലതായി, സമുദായം ഛിന്നഭിന്നമായി.  സമസ്തലീഗ്, പ്രോഗ്രസീവ് ലീഗ്, എം ഡി പി, പി ഡി പി, എന്‍ ഡി എഫ്, ഐ എന്‍ എല്‍; മതസംഘടനകളിലും പിളര്‍പ്പ്;   അങ്ങനെ എത്രയെത്ര വെല്ലുവിളികള്‍.  ജനഹിതം തല്ലിക്കെടുത്താന്‍ മുതിര്‍ന്നപ്പോഴൊക്കെ സമുദായത്തിന് അനൈക്യത്തിന്റെ കയ്പുനീര് കുടിക്കേണ്ടിവന്നു.  ജനങ്ങളുടെ വേദനയും മോചനവും അജണ്ടയില്‍ അപ്രധാനമായപ്പോഴും   തിക്തഫലങ്ങള്‍ ഏറ്റുവാങ്ങി ലീഗ്.  1974 ലെ പിളര്‍പ്പിനെ  അങ്ങനെ വേണം വിലയിരുത്താന്‍. തികച്ചും വേദനാജനകമായിരുന്നു ആ ഭിന്നിപ്പ്. സി എച്ചും പൂക്കോയതങ്ങളും ഒരു വശത്തും  എം കെ ഹാജി, സെയ്തുമ്മര്‍ ബാഫഖിതങ്ങള്‍, ചെറിയമമ്മുക്കേയി, പി എം അബൂബക്കര്‍, ബാവഹാജി, ഇ ടി ബഷീര്‍ തുടങ്ങിയവര്‍ മറുവശത്തുമായി പാര്‍ട്ടി നെടുകെ പിളര്‍ന്നപ്പോള്‍   അത് സൃഷ്ടിച്ച വെല്ലുവിളികളും ദുസ്സഹമായിരുന്നു.  പിളര്‍പ്പ് ചേതോഹരമായി പാടി ആസ്വദിച്ചവരും അപശ്രുതികളില്‍ ആഹ്‌ളാദിച്ചവരും  ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്ത് വിരാജിക്കുന്നുവെന്നത് മറ്റൊരു വിചിത്രസത്യം.
ജാഫര്‍ അത്തോളി, പ്രേം നസീര്‍, ഇ അഹമ്മദ് സാഹിബ്
       സംഘടനാ സംവിധാനവും മുഖപത്രവും തുടക്കത്തില്‍ വിമതരുടെ കയ്യിലായിരുന്നു. പൂക്കോയതങ്ങളായിരുന്നു അന്ന് പാര്‍ട്ടി അധ്യക്ഷന്‍. ദൃഢചിത്തനായിരുന്ന അദ്ദേഹത്തിന്റെ ലോകം പക്ഷെ മലപ്പുറത്ത് ഒതുങ്ങുന്നതായിരുന്നു. അധികകാലം പാര്‍ട്ടിയെ നയിക്കാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല.  തങ്ങളുടെ വിയോഗത്തോടെ  പാര്‍ട്ടിയുടെ അമരത്ത്  സി എച്ച് മാത്രമായി. സീതിഹാജിയും കെ കെ എസ് തങ്ങളും  ചാക്കീരിയും അവുക്കാദര്‍കുട്ടി നഹയും എല്ലാം ഉണ്ടായിരുന്നുവെങ്കിലും കളംനിറഞ്ഞു കളിക്കാന്‍  സി എച്ച് തന്നെ വേണ്ടിയിരുന്നു.  പ്രാസംഗികരും എഴുത്തുകാരും രണ്ടാംനിര നേതാക്കളില്‍ ഭൂരിഭാഗവും മറുപക്ഷത്ത്. സി എച്ചായിരുന്നു എതിരാളികളുടെ ഉന്നം.  അന്ന് ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു.  പ്രഭാഷകരും എഴുത്തുകാരും നന്നേ കുറവ്.  അതിനാല്‍  എനിക്ക് കൈനിറയെ  അവസരങ്ങള്‍ കിട്ടി.  സി എച്ചും സഹപ്രവര്‍ത്തകരും നടത്തിയ അശ്വമേധത്തിനു മുമ്പില്‍ അഖിലേന്ത്യാലീഗിന്  അധികമൊന്നും പിടിച്ചുനില്‍ക്കാനായില്ല. 1986ല്‍ അവര്‍ ആയുധംവെച്ചു കീഴടങ്ങി. 12വര്‍ഷത്തെ അവരുടെ അധ്വാനം മുഴുവനും അങ്ങനെ വ്യര്‍ഥമായി. അഖിലേന്ത്യാലീഗ് ഇന്ത്യന്‍ യൂണിയന്‍ ലീഗില്‍ ലയിച്ചു. അത് കാണാന്‍ പക്ഷെ സി എച്ച് ഉണ്ടായിരുന്നില്ല.  നിലക്കാത്ത യാത്രകളും നിരന്തരം നടത്തിയ പ്രസംഗങ്ങളും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ നിത്യരോഗിയാക്കി. സഞ്ചരിക്കുന്ന മയ്യിത്തെന്നാണ് അദ്ദേഹം സ്വയം  വിശേഷിപ്പിച്ചത്.

        അണമുറിഞ്ഞെത്തിയ പ്രതിസന്ധികളെ വകഞ്ഞുമാറ്റി  ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ നേതൃത്വത്തില്‍  വളര്‍ന്നുവന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. അദ്ദേഹത്തിന്റ കാലഘട്ടത്തില്‍ എട്ടു സ്റ്റേറ്റുകളില്‍ പാര്‍ട്ടിക്ക് വേരോട്ടം ലഭിച്ചുവെന്നത് ചെറിയ കാര്യമല്ല. കേരളത്തിന് പുറമെ ദല്‍ഹി, അസം, മഹരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, തമിള്‍നാട്, യു പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെട്രോപൊളിറ്റന്‍ കൗണ്‍സിലര്‍മാരും  കോര്‍പ്പറേഷന്‍ മേയര്‍മാരും എം എല്‍ എമാരും എം പിമാരും മാത്രമല്ല മന്ത്രിമാര്‍ വരെ പാര്‍ട്ടിക്കുണ്ടായി. 1970ലെ ബംഗാള്‍ മന്ത്രിസഭയില്‍ എ കെ എ ഹസ്സനുസ്സമാന്റെ നേതൃത്വത്തില്‍ ലീഗിന് മൂന്നു പ്രതിനിധികളുണ്ടായിരുന്നു. മദ്രാസ് കോര്‍പ്പറേഷന്‍ മേയറായിരുന്നു ലീഗുനേതാവായ ഹബീബുല്ലാ ബേഗ്. ദല്‍ഹി പ്രദേശ് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഡോ. മുഹമ്മദ് അഹമദ് ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ അംഗമായിരുന്നു.

       21-ാം നൂറ്റാണ്ടിന്റെ  ആദ്യദശകം പിന്നിട്ടപ്പോള്‍ എന്താണ് പാര്‍ട്ടിയുടെ അവസ്ഥ? പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ കേരളത്തില്‍ ഒതുങ്ങിപ്പോയി. ദേശീയരാഷ്ട്രീയത്തില്‍  ആര്‍ജിച്ചെടുത്ത പ്രതാപം എന്നെന്നേക്കുമായി കൈമോശം വന്നു. രാജ്യത്തെ പൊതുവിഷയങ്ങളിലും ന്യൂനപക്ഷ പ്രശ്‌നങ്ങളിലും പാര്‍ട്ടിയുടെ പങ്ക് തന്നെ അപ്രസക്തമായി. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള ചലനങ്ങള്‍ക്കും മുസ്‌ലിംപ്രശ്‌നങ്ങള്‍ക്കും ലീഗിന്റെ അജണ്ടയില്‍ ഇടമില്ലെന്നായി.  പ്രഗത്ഭരും സത്യസന്ധരുമായ നേതാക്കളുടെ വംശവും കാലക്രമേണ കുറ്റിയറ്റു.   പ്രധാനമന്ത്രിയും മറ്റും വിളിച്ചുചേര്‍ക്കുന്ന  യോഗങ്ങളില്‍ ലീഗിന് റോളില്ലാതായി.  മുസ്‌ലിംകളുടെ ജീവിതനിലവാരത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പഠിക്കാനും പരിഹരിക്കാനും സംഘടനക്ക് താല്പര്യമില്ലാതായി. അവസാനം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്  ലെറ്റര്‍പാഡില്‍ സുഖനിദ്ര കൊള്ളുന്ന പാര്‍ട്ടിയായി.   ഈ ദുരന്തം ആരെങ്കിലും  സമ്മാനിച്ചതാണോ.ഒരിക്കലുമല്ല.പാര്‍ട്ടിനേതൃത്വം വിലകൊടുത്തു വാങ്ങിയതാണ്. പുത്തന്‍പണക്കാരുടെ ബിസിനസ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ഇപ്പോള്‍ പാര്‍ട്ടി മൂപ്പന്മാരുടെ ശ്രദ്ധ. ഇന്ത്യന്‍ മുസ്‌ലിംകളെ  സംബന്ധിച്ചെടുത്തോളം ഇതൊക്കെ വലിയ  മുന്നറിയിപ്പാണ്. നേര് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് നീരസം തോന്നാം. പക്ഷെ   രാഷ്ട്രീയ കാപട്യങ്ങളോട്  രാജിയാകാന്‍ വയ്യാത്തവര്‍ക്ക് ഇത്തരം നഗ്നസത്യങ്ങള്‍ മറച്ചുവെക്കാനാവുമോ?

       ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതല്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടുവരെ യുള്ള നേതാക്കള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ മെച്ചപ്പെട്ട ഒരിടം ഉണ്ടായിരുന്നു. സീതിസാഹിബും സി എച്ചും ബാഫഖിതങ്ങളും കേരളത്തിന് പുറത്തും  ശ്രദ്ധിക്കപ്പെട്ടത് അവര്‍ ഈ സനാതന ധര്‍മഭൂമിയില്‍ നിര്‍വഹിച്ച എണ്ണമറ്റ സേവനങ്ങള്‍ മൂലമാണ്. മീറത്തിലും മുറാദാബാദിലും ബഗല്‍പൂരിലും ജബല്‍പൂരിലും അഹമ്മദബാദിലും ബിഹാറിലും ആസാമിലെ നെല്ലിയിലും ഹൈദരബാദിലുമുണ്ടായ വര്‍ഗീയകലാപങ്ങളില്‍ ദുരിതബാധിതരെ സഹായിക്കാനും ആശ്വസിപ്പിക്കാനും വിഷയം പാര്‍ലമെന്റില്‍ തന്മയത്വത്തോടെ അവതരിപ്പിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു.   ഉപമുഖ്യമന്ത്രിയായിരിക്കെ ഹൈദരബാദില്‍ വെച്ചാണല്ലോ സി എച്ച് അന്ത്യശ്വാസംവലിച്ചത്. ഔദ്യോഗികമായി വ്യവസായമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയതെങ്കിലും ഹൈദരബാദ് കലാപത്തിനിരയായവരെ സാന്ത്വനിപ്പിക്കലും  മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തലുമായിരുന്നു പ്രധാന ലക്ഷ്യം. ദൗത്യം നിര്‍വഹിച്ച  ആത്മനിര്‍വൃതിയോടെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. 

       1986ല്‍ ഷാബാനുബീഗം കേസിനോടനുബന്ധിച്ച് ശരീഅത്ത് വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പ്രതിരോധനിരക്ക് നേതൃത്വംനല്‍കിയ ലീഗിന്റെ ദേശീയനേതൃത്വം  വീണ്ടും ശ്രദ്ധാകേന്ദ്രമായി. കേരളത്തില്‍ ശരീഅത്ത്  സംവാദങ്ങള്‍ നയിച്ചത് യഥാര്‍ഥത്തില്‍ മതസംഘടനകളായിരുന്നില്ല; സുലൈമാന്‍ സേട്ടുവായിരുന്നു.  സംസ്ഥാന ലീഗ് നേതാക്കള്‍ക്ക് അപ്പോഴും ഭരണമായിരുന്നു മുഖ്യം.  അബുഹസന്‍ അലി നദ്‌വി, മുജാഹിദുല്‍ ഇസ്‌ലാം തുടങ്ങിയ പണ്ഡിതന്മാരെ  കേരളത്തില്‍  ക്ഷണിച്ചുവരുത്തി,  മുസ്‌ലിം മതവിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ നേതാക്കളെ ഒരുമിച്ചിരുത്തി,  ശരീഅത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തതും ആരോപണങ്ങളുടെ പൊള്ളത്തരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയതും സേട്ടുസാഹിബായിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ലീഗ് സാന്നിധ്യമറിയിച്ച  മറ്റൊരു സംഭവമായിരുന്നു ബാബരി മസ്ജിദ് സംഭവം.  എ ഐ സി സി അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന നരസിംഹറാവുവിന്റെ ഒത്താശയോടെ സംഘ്പരിവാരം മസ്ജിദ്  ഇടിച്ചുനിരത്തിയപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണല്ലോ അലയടിച്ചത്. അന്ന് യു ഡി എഫായിരുന്നു സംസ്ഥാനം ഭരിച്ചത്. മന്ത്രിസഭയിലെ ലീഗ് പ്രതിനിധികളെ പിന്‍വലിച്ച് കോണ്‍ഗ്രസിനോടും റാവുവിനോടുമുള്ള മുസ്‌ലിംകളുടെ പ്രതിഷേധം അറിയിക്കണമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ മാത്രമല്ല മതേതരവിശ്വാസികളുടെ മൊത്തം പൊതുവികാരം.  ലീഗിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഇതേ അഭിപ്രായമായിരുന്നു. ബാബ്‌രി പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സേട്ടുവും നിലയുറപ്പിച്ചു. അന്നദ്ദേഹം അസാധാരണ ധീരതയാണ് പ്രകടിപ്പിച്ചത്. സ്വധര്‍മവ്യതിയാനം  അദ്ദേഹത്തിന് അന്യമായിരുന്നു.  ഇന്ത്യന്‍ മുസ്‌ലിംകളുടെ   നേതാവ് എന്ന പദവിയിലേക്ക്  ഒരിക്കല്‍കൂടി ലീഗധ്യക്ഷന്‍ ഉയര്‍ന്ന സന്ദര്‍ഭമായിരുന്നു അത്.  കോണ്‍ഗ്രസിനും പ്രധാനമന്ത്രിക്കും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ഒരു കാരണവശാലും സേട്ടുവിന് അന്ന് കഴിയുമായിരുന്നില്ല.  1961ല്‍ ലീഗ് സ്പീക്കര്‍പദവി രാജിവെച്ചതും 1969ല്‍ ഇ എം എസ് മന്ത്രിസഭയില്‍നിന്ന് പുറത്തുവന്നതും ഇതിനേക്കാള്‍  അപ്രധാനമായ വിഷയങ്ങളുടെ പേരിലായിരുന്നു. മസ്ജിദ് തകര്‍ന്നപ്പോള്‍ രാജ്യം കത്തിയെരിഞ്ഞെന്നും  മുസ്‌ലിംകള്‍ തീപിടിച്ച തലയുമായി  എന്തിനും തയാറായി രാജ്യത്തുടനീളം ഓടിനടന്നപ്പോള്‍ കേരളം ശാന്തമായിരുന്നുവെന്നും അതിന്  കാരണം ശിഹാബുതങ്ങളുടെ നിലപാടാണെന്നും പ്രചരിപ്പിച്ച് ശത്രുക്കളുടെ കയ്യടി നേടാനായിരുന്നു അന്ന് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. പള്ളി തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ ഇന്ത്യയില്‍ ഒരിടത്തും മുസ്‌ലിംകള്‍ കലാപം അഴിച്ചുവിടുകയോ നിയമം കയ്യിലെടുക്കുകയോ ചെയ്തിരുന്നില്ല. അന്ന് കലാപം നടന്നത് മുംബൈയിലാണ്. ശിവസേനയായിരുന്നു കലാപം അഴിച്ചുവിട്ടത്. സത്യത്തില്‍ ഇന്ത്യന്‍മുസ്‌ലിംകളെ മുഴുവന്‍ അവഹേളിക്കുന്ന നിലപാടാണ് ഇവിടുത്തെ ലീഗുനേതൃത്വം സ്വീകരിച്ചത്.   മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ഒരു ദിവസമെങ്കിലും മന്ത്രിസഭയില്‍നിന്ന് മാറി നിന്നിരുന്നുവെങ്കില്‍ ലീഗിന്റെ  ആദര്‍ശ പ്രതിബദ്ധതക്ക് അത് തിളക്കം കൂട്ടിയേനേ.  

 
       ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ക്കൊപ്പം തകര്‍ന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം മുസ്‌ലിംലീഗാണെന്ന പരമാര്‍ഥം വളരെ വൈകിയെങ്കിലും സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാവണം. തല തന്നെ അറുത്തുമാറ്റി തലവേദനക്ക് പരിഹാരം കാണാന്‍ അന്ന് മുന്‍കയ്യെടുത്തത്  ലീഗിന്റെ പേരില്‍ ഊറ്റംകൊള്ളാറുള്ള ഇവിടുത്തെ നേതാക്കളായിരുന്നുവല്ലോ. ദേശീയപ്രശ്‌നങ്ങളില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് മുന്നില്‍ നടന്ന പാര്‍ട്ടിയായിരുന്നു മുമ്പ് ലീഗ്. ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളും ലീഗ് ഘടകങ്ങളും ബാബരി, ശരീഅത്ത് പ്രശ്‌നങ്ങളില്‍ സേട്ടുസാഹിബിനോടും അദ്ദേഹത്തിന്റെ നിലപാടുകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ കേരളം തികച്ചും വിചിത്രമായ നിലപാട് സ്വീകരിച്ചു. കേരളഭരണത്തിലെ പങ്കാളിത്തം  നിലനിര്‍ത്താന്‍ പള്ളിയും ശരീഅത്തും തടസ്സമാണെന്ന് അവര്‍ കരുതി.

 
       സേട്ടുവിനെ ദേശീയ അധ്യക്ഷസ്ഥാനത്തുനിന്ന് പുറന്തള്ളാനായി അവരുടെ അടുത്ത ശ്രമം. അതിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണയും  ലഭിച്ചു. 1993 ആഗസ്റ്റ് ഏഴിന് ചേര്‍ന്ന കേരള സംസ്ഥാന ലീഗ് സെക്രട്ടറിയേറ്റ് അഖിലേന്ത്യാപ്രസിഡണ്ടിനെ ശാസിച്ചത് ഇതിന്റെ തുടക്കമായിരുന്നു. ആഗസ്റ്റ് 19ന് ചേര്‍ന്ന അഖിലേന്ത്യാ നേതൃയോഗം 94 ഫെബ്രുവരി 5, 6 തിയ്യതികളില്‍ പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് ചേരാനും പുതിയ സംഭവവികാസങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാനും തീരുമാനിച്ചു.  സപ്തമ്പര്‍ 9ന് കേരളത്തിലെ ഒരുകൂട്ടം ലീഗു പ്രവര്‍ത്തകര്‍ സേട്ടുവിന് പിന്തുണയുമായി ഖാഇദെമില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപീകരിച്ചു.  അതിന്റെ സംസ്ഥാന ജനറല്‍കണ്‍വീനര്‍ ഈയുള്ളവനായിരുന്നു. മഞ്ചേരിയില്‍ സേട്ടുവിനൊപ്പം പ്രസംഗിച്ചതിന്റെ പേരില്‍ ചന്ദ്രിക സഹപത്രാധിപരായിരുന്ന എന്നെ  ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. 93 സപ്തമ്പര്‍ 23ന് സേട്ടുവിന് കോഴിക്കോട് നല്‍കിയ സ്വീകരണം പുതിയ വഴിത്തിരിവായി. 

 
       1994 ഫെബ്രുവരി 5, 6 തിയ്യതികളില്‍ ദല്‍ഹിയിലെ റാഫി മാര്‍ഗിലുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്‌ളബ്ബിലെ ഡപ്യൂട്ടി സ്പീക്കര്‍ ഹാളിലായിരുന്നു നാഷണല്‍ എക്‌സിക്യൂട്ടീവ്. വോട്ടവകാശമുള്ള 35 അംഗങ്ങളാണ് ദേശീയസമിതിയില്‍ ഉണ്ടായിരുന്നത്. മന്ത്രിമാര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണെങ്കിലും അവര്‍ക്ക് വോട്ടവകാശമില്ല. യോഗത്തിനെത്തുന്നവര്‍ക്ക് നിസാമുദ്ദീനിലെ ഗള്‍ഫ് റസ്റ്റ്ഹൗസില്‍ സേട്ടു താമസസൗകര്യം ഒരുക്കി. ഫെബ്രുവരി രണ്ടുമുതല്‍ ദല്‍ഹിയിലെത്തുന്നവരെ സ്വീകരിക്കാന്‍ റെയില്‍വെ സ്റ്റേഷനിലും വിമാനത്താവളത്തിലും വളണ്ടിയര്‍മാരെ നിയോഗിച്ചു. എന്നാല്‍ സംസ്ഥാനനേതൃത്വം  ദേശീയ സമിതിയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ കുറുക്കുവഴികള്‍ തേടി. അവര്‍ ദല്‍ഹിയിലെ അശോക, സീ മെറിഡിയന്‍, കോറമെന്റല്‍ താജ് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തു.  പ്രത്യേകം വളണ്ടിയര്‍മാരെയും നിശ്ചയിച്ചു. ദല്‍ഹിയിലെത്തുന്ന സമിതി അംഗങ്ങളെ അഖിലേന്ത്യാ കമ്മിറ്റി ഒരുക്കിയ ഗള്‍ഫ് റസ്റ്റ്ഹൗസിലേക്ക് പോകുന്നതിനു പകരം  ഹോട്ടലുകളിലേക്ക് വഴിതിരിച്ചുവിട്ടു. മുഹമ്മദ് യാസീന്‍ അന്‍സാരി (ജനറല്‍സെക്രട്ടറി, യു പി സ്റ്റേറ്റ് ലീഗ്),അഡ്വ. മന്‍സൂര്‍ ആലം (പ്രസിഡണ്ട് രാജസ്ഥാന്‍ സ്റ്റേറ്റ് ലീഗ്), മൗലാനാ അഹമദ് സിദ്ദീഖ് (ജോദ്പൂര്‍), ജമീല്‍ അഹമ്മദ് ഖാന്‍ (പ്രസിഡണ്ട് മധ്യപ്രദേശ് സ്റ്റേറ്റ് ലീഗ്), മൗലാനാ ഗൗസ് ഖാമൂഷി (പ്രസിഡണ്ട്, ആന്ധ്രപ്രദേശ് സംസ്ഥാന ലീഗ്), അഹമ്മദ് ഷമീറുദ്ദീന്‍ ആസ്മി (മഹരാഷ്ട്ര), തുടങ്ങിയവര്‍ അങ്ങനെ ചതിയില്‍ പെട്ടവരാണ്.  അവിടെനിന്നും രക്ഷപ്പെട്ട് സേട്ടുവിന്റെ വസതിയിലെത്തിയപ്പോഴാണ്  പലര്‍ക്കും ചതി ബോധ്യപ്പെട്ടത്. രോഗശയ്യയിലായിരുന്ന കര്‍ണാടക സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദുല്‍ഹമീദിനെ കേരള നേതാക്കള്‍ ദല്‍ഹിയിലെത്തിച്ചിരുന്നു. തലസ്ഥാനത്തെ കൊടുംതണുപ്പ് സഹിക്കവയ്യാതെ ആസ്തമ രോഗിയായ അദ്ദേഹം വിമാനമിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ മരണപ്പെട്ടു. അങ്ങനെ വഞ്ചനയുടെയും അധികാരദുരയുടെ ആദ്യത്തെ ഇരയായി  ഹമീദ്‌സാഹിബ് മാറി. 
  
സീതിഹാജിയും ലേഖകനും
       കേരളത്തിലെ എം എല്‍ എമാരെ തലസ്ഥാനത്ത് എത്തിക്കാന്‍ ഈസ്റ്റ്‌വെസ്റ്റിന്റെ പ്രത്യേക വിമാനം തന്നെ ചാര്‍ട്ടര്‍ ചെയ്തു.  തലേന്നു തന്നെ അവരെത്തി. വോട്ടെടുപ്പ് പ്രതീക്ഷിച്ച് രാജസ്ഥാനിലെ അഹമ്മദ്ബക്ഷിനെ വിമാനമാര്‍ഗം  സമാപനയോഗത്തില്‍ എത്തിച്ചതും കേരള ഘടകം. വോട്ടവകാശമുള്ള മിയാഖാന്‍ (തമിള്‍നാട്), യു എ ബീരാന്‍ (കേരളം), അഡ്വ. അഹമദ് ബക്ഷ് (രാജസ്ഥാന്‍), ഫഖി ഹസന്‍ഖാന്‍ (മഹരാഷ്ട്ര), ഡോ. മുഹമ്മദ് അഹമ്മദ് (ദല്‍ഹി) എന്നിവര്‍  ആദ്യദിവസത്തെ യോഗത്തിന് എത്തിയിരുന്നില്ല. 

       കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെയും  ആഭ്യന്തര സഹമന്ത്രിയായിരുന്ന പി എം സഈദിന്റെയും നിസ്സീമമായ സഹായം സ്വാഭാവികമായും കേരള ഘടകത്തിന് ലഭിച്ചു. സേട്ടുസാഹിബ് മുന്‍കയ്യെടുത്താണ് ലക്ഷദ്വീപില്‍  ലീഗിന്റെ  യൂണിറ്റ് രൂപീകരിച്ചത്. കോയഹാജി പ്രസിഡണ്ടും കുഞ്ഞിക്കോയ തങ്ങള്‍ സെക്രട്ടറിയുമായി സജീവമായിരുന്നു  പാര്‍ട്ടി. എന്നാല്‍ ദ്വീപിലെ കോണ്‍ഗ്രസ് നേതാവു കൂടിയായ സഈദിന് ഇത്് ഒട്ടും ദഹിച്ചിരുന്നില്ല. സേട്ടുവിനോടുള്ള അദ്ദേഹത്തിന്റെ വിരോധത്തിന് അതു  കാരണമായി.  അതുകൊണ്ട് കേരള ലീഗിന്റെ ഇംഗിതത്തിനനുസരിച്ചാണ് ദല്‍ഹിയില്‍ പൊലീസ് പ്രവര്‍ത്തിച്ചത്. അന്ന് ദല്‍ഹി കേന്ദ്രഭരണ പ്രദേശവുമായിരുന്നു. യോഗം നടക്കുന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ക്‌ളബ്ബും സമിതി അംഗങ്ങള്‍ താമസിച്ച ഗള്‍ഫ് റസ്റ്റ്ഹൗസും പരിസരവും പൂര്‍ണമായും സായുധരായ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ബല്‍വന്തറായ് മേത്ത ലൈനിലെ സേട്ടുവിന്റെ വസതിയില്‍നിന്ന് പൊലീസിനെ വെട്ടിച്ചാണ്  സേട്ടുസാഹിബിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകസമിതി അംഗങ്ങളും ഫോറം പ്രവര്‍ത്തകരായ ഞാനും കുഞ്ഞബ്ദുല്ല മൗലവിയും ശാഫി ചാലിയവും അഹമ്മദ് മാണിയൂരും മറ്റും  യോഗസ്ഥലത്ത് എത്തിയത്. 

       എം എല്‍ എമാരെ നാഷണല്‍ എക്‌സിക്യൂട്ടീവില്‍ പങ്കെടുപ്പിക്കാന്‍ കേരള നേതാക്കള്‍ നടത്തിയ ശ്രമം വിജയിച്ചില്ല. എങ്കില്‍ ഗാലറിയില്‍  കാഴ്ചക്കാരായി ഇരിക്കാന്‍ അനുവദിക്കണമെന്നായി.  എം എല്‍ എമാരെ അനുവദിക്കുന്ന പക്ഷം ഖാഇദെമില്ലത്ത് ഫോറത്തിന്റെ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുമെന്നായി സേട്ടുസാഹിബ്. ദേശീയ സമിതിയില്‍ പരാജയപ്പെട്ടാല്‍ നിയമസഭയിലെ പരിചയംവെച്ച്   കുഴപ്പമുണ്ടാക്കുകയായിരുന്നുവോ അവരുടെ ഉദ്ദേശ്യമെന്ന് സേട്ടു  സംശയിച്ചിട്ടുണ്ടാവണം. 

       ഉദ്ഘാടന ദിവസത്തെ യോഗം ഹമീദ് സാഹിബിന്റെ ചരമത്തില്‍ അനുശോചിച്ച്‌കൊണ്ട് പിരിയേണ്ടിവന്നതിനാല്‍ ചര്‍ച്ചയൊന്നും നടന്നില്ല. എം എ ലത്തീഫ്, ഖമറുല്‍ ഇസ്ലാം, സയ്യിദ് മുഹമ്മദ് മുദന്‍, മുഹമ്മദ് യൂസഫ് തുടങ്ങിയവര്‍ ഹമീദിനെ അനുസ്മരിച്ച് യോഗം പിരിഞ്ഞു. യോഗത്തിന് ശേഷം ഗള്‍ഫ് റസ്റ്റ്ഹൗസിലേക്ക് മടങ്ങിയ മുഹമ്മദ് മുദനേയും ബിഹാര്‍ സ്റ്റേറ്റ് ലീഗ് പ്രസിഡണ്ട് അഡ്വ. ഇഖ്ബാല്‍ സഫറിനെയും  കേരളത്തില്‍ നിന്നെത്തിയ നേതാക്കള്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്.  കേരളഹൗസിലെ സ്റ്റേറ്റുകാറുകളാണ് ഇതിന് ഉപയോഗിച്ചത്. ഇരുവരെയും കാറില്‍ ബലമായി കയറ്റുന്നത് കണ്ട സേട്ടുസാഹിബടക്കമുള്ളവര്‍  തടയാന്‍ ശ്രമിച്ചെങ്കിലും സായുധപൊലീസിന്റെ സാന്നിധ്യം മൂലം വിജയിച്ചില്ല.  സംഭവം പത്രങ്ങളില്‍  വലിയ വാര്‍ത്തയായി. ഇഖ്ബാല്‍ സഫര്‍ പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങുന്ന ആളല്ല. അദ്ദേഹത്തെ  വഴിയിലെവിടെയോ ഉപേക്ഷിച്ചു. പ്രവര്‍ത്തകസമിതിയില്‍ പങ്കെടുക്കാന്‍ സഫര്‍ നന്നേ വിഷമിച്ചു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്നു ഖമറുല്‍ ഇസ്‌ലാം ഇടപെട്ടാണ്  യോഗഹാളില്‍ അദ്ദേഹത്തിന് എത്താനായത്.  മുദന് ട്രഷറര്‍ സ്ഥാനം പാരിതോഷികമായി അനുവദിക്കുകയും ചെയ്തു.
കേരളഘടകത്തോടൊപ്പം തുടക്കംമുതല്‍ നിലയുറപ്പിച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുലാം മഹമൂദ് ബനാത്ത്‌വാല അന്ന് രാത്രി  സേട്ടുവിനെ കാണാനെത്തി. ഞങ്ങളും അവിടെയുണ്ടായിരുന്നു.   കേരളഘടകത്തിന് സേട്ടുവിലും തന്നിലും വിശ്വാസമില്ലെന്ന്  വ്യക്തമായ സാഹചര്യത്തില്‍  പദവികള്‍ ഒഴിയുന്നതാണ് ഉചിതമെന്ന നിര്‍ദേശവുമായാണ് വാല എത്തിയത്. സ്ഥാനത്യാഗത്തിന് സേട്ടുവും സന്നദ്ധനായിരുന്നു. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടം മണത്തറിഞ്ഞ  ലത്തീഫും ഖമറുല്‍ ഇസ്‌ലാമും പി എം അബൂബക്കറും മറ്റും ബനാത്തുവാലയുടെ കെണിയില്‍ വീഴരുതെന്ന് സേട്ടുവിനോട് അപേക്ഷിച്ചുനോക്കി. പക്ഷെ ഫലമുണ്ടായില്ല. സേട്ടു എന്തുകൊണ്ടോ സിക്രട്ടറിയെ അതിരറ്റു വിശ്വസിച്ചുപോയി.   യു എ ഇ ഇന്ത്യന്‍ മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ സേട്ടുവിന് ഒരുക്കിയ ഡിന്നറില്‍  ബനാത്ത്‌വാലയും പങ്കെടുത്തത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് ആക്കംകൂട്ടുകയും ചെയ്തു. ആശങ്കനിറഞ്ഞ ആ രാത്രി ഞങ്ങള്‍ക്കാര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 

       94 ഫിബ്രവരി ആറ-് ലീഗ് ചരിത്രത്തിലെ അഭിശപ്തദിനമായി മാറി. രാവിലെ 11.30  യോഗം ആരംഭിച്ചത് ബനാത്തുവാലയുടെ സ്വാഗതപ്രസംഗത്തോടെ. കാല്‍നൂറ്റാണ്ടിലേറെ ലീഗിനെ നയിച്ച തങ്ങളുടെ നേതൃത്വം പാര്‍ട്ടിക്ക് അപര്യാപ്തമാണെന്ന്  ചിലര്‍ പറയുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി സേട്ടുവും താനും ചെയ്ത സേവനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ അദ്ദേഹം പ്രസംഗത്തിനൊടുവില്‍  പദവിയില്‍ കടിച്ചുതൂങ്ങാന്‍  ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ജനറല്‍സെക്രട്ടറി പദം ഒഴിയുകയാണെന്നും അറിയിച്ചു.  യോഗത്തില്‍ ആധ്യക്ഷ്യംവഹിച്ച സേട്ടുവും സഹപ്രവര്‍ത്തകന്റെ അതേ പാത തന്നെ പിന്തുടര്‍ന്ന്  പ്രസിഡണ്ട് പദം ഒഴയുന്നതായി പ്രഖ്യാപിച്ചു. പകരം ഊര്‍ജസ്വലരായവരെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.  തുടര്‍ന്നു ബനാത്തുവാലയുടെ പേര് കേരളഘടകം പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതാണ്  കണ്ടത്! സേട്ടുസാഹിബിന്റെ പേര് തമിള്‍നാട്ടില്‍ നിന്നുള്ള അഡ്വ. എം എ ലത്തീഫും നിര്‍ദേശിച്ചു.   സേട്ടു ഉടന്‍ തന്നെ  താന്‍ പിന്‍വലിക്കുന്നതായി അറിയിച്ചു. ബനാത്തുവാലയാകട്ടെ  മൗനംകൊണ്ട്  സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതോടെ അദ്ദേഹം  പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു. എ കെ എ അബ്ദുസ്സമദ് ജനറല്‍സെക്രട്ടറിയായി. മുഹമ്മദ് മുദനെ ട്രഷററാക്കി. അങ്ങനെ സേട്ടുവിനെ വെട്ടാന്‍ കേരളഘടകം ബനാത്തുവാലയെ മുന്നില്‍നിര്‍ത്തി നടത്തിയ വഞ്ചന വിജയംകണ്ടു. ബനാത്തുവാലയുടെ ഈ കൊടുംചതി കണ്ട്  എം എ ലത്തീഫ് പറഞ്ഞുപോയി... യു റ്റൂ ബ്രൂട്ടസ്!

       1974ലെ ഭിന്നിപ്പിന് പറയാന്‍ എതാനും   കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ബാബരി മസ്ജിദിനും ശരീഅത്തിനും വേണ്ടി വാദിച്ചതിന്റെ പേരില്‍ അഖിലേന്ത്യാനേതൃത്വത്തിന്റെ തലകൊയ്തവര്‍ ചരിത്രത്തില്‍ മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ് ചെയ്തത്.   അതില്‍ പിന്നീട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്നത് കടലാസ് സംഘടന മാത്രമായി.  ദേശീയപാര്‍ട്ടി എന്ന പദവി ലീഗിന്  നഷ്ടപ്പെട്ടത് സത്യത്തില്‍ ഈ പ്രവര്‍ത്തകസമിതിക്ക് ശേഷമാണെന്ന് പറയാം. ഇന്ത്യയിലെ മുസ്‌ലിം പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് പിന്നെ അവരെ പ്രതിനിധീകരിക്കാന്‍ എന്തര്‍ഹത?  പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബനാത്ത്‌വാലയുടെ കാര്യമായിരുന്നു ഏറെ ദയനീയം.  സേട്ടുവിന്റെ കഥകഴിക്കുക എന്ന കടുകൈക്ക് കൂട്ടുനിന്ന അദ്ദേഹത്തിന്റെ ഗതിയും   അത്യന്തം ശോകനിര്‍ഭരമായി. വാലയേയും സംസ്ഥാന നേതൃത്വം നിഷ്‌ക്കരുണം വഞ്ചിച്ചു. അദ്ദേഹം അതര്‍ഹിക്കുന്നുവെങ്കിലും ഇത്ര നീചമായി  അങ്ങനെ സംഭവിക്കുമെന്ന് ആരും നിനച്ചിട്ടുണ്ടാവില്ല. രാജ്യം  കണ്ട പത്ത്  പ്രഗത്ഭ  പാര്‍ലമെന്റ് അംഗങ്ങളുടെ പട്ടികയിലായിരുന്നു ബനാത്തുവാലയുടെ സ്ഥാനം. അദ്ദേഹം പ്രസംഗിക്കാനെഴുനേറ്റാല്‍ പിന്‍ ഡ്രോപ് സയലന്റായിരുന്നു ലോകസഭയില്‍.  അദ്ദേഹത്തെയും പാര്‍ട്ടി തഴഞ്ഞു.   തെരഞ്ഞെടുപ്പില്‍  സീറ്റ് നല്കാതെ മാറ്റിനിര്‍ത്തി. പിന്നീട് മരണംവരെ പാര്‍ലമെന്റ് കാണാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.  അഖിലേന്ത്യാ അധ്യക്ഷന്‍ എന്ന നിലയില്‍ അര്‍ഹിക്കുന്ന ആദരവാകട്ടെ അദ്ദേഹത്തിന് ലഭിച്ചതുമില്ല. ബനാത്തുവാലയുടെ ശൈലി  ഇവിടുത്തെ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവങ്ങള്‍ നടന്നിട്ട് 18 വര്‍ഷമായി. അതുകൊണ്ട് പാര്‍ട്ടിയിലെ യുവത്വങ്ങള്‍ക്ക് ഇതൊന്നും അറിയില്ല. അവരെ ആരും ഒന്നും പഠിപ്പിക്കുന്നുമില്ല. ഒന്നും പഠിക്കാതിരിക്കണം എന്നാഗ്രഹിക്കുന്നവരാണല്ലോ തലപ്പത്തുള്ളത്. ആരൊക്കെ പഠിച്ചാലും ഇല്ലെങ്കിലും  ഈ വഞ്ചനകള്‍ക്കൊക്കെ ചരിത്രം എന്നും സാക്ഷിയായിരിക്കുക തന്നെ ചെയ്യും.

       ബനാത്തുവാലയുടെ വിയോഗത്തോടെ ഇന്ത്യന്‍ യൂണിയന്‍ ലീഗെന്നാല്‍ കേരളസ്റ്റേറ്റ് ലീഗെന്നായി. അല്ലെങ്കിലും ബാഫഖിതങ്ങള്‍ക്കും പൂക്കോയതങ്ങള്‍ക്കും ശേഷം സംസ്ഥാന പ്രസിഡണ്ടിനെ കണ്ടാല്‍ എഴുനേറ്റുനില്‍ക്കാന്‍ വിധിക്കപ്പെട്ട അഖിലേന്ത്യാ പ്രസിഡണ്ടുമാരെയാണല്ലോ നാം കണണ്ടത്.  തങ്ങള്‍ തന്നെയാണ്  തന്മൂലം പരിഹസിക്കപ്പെടുന്നത് എന്ന് തിരിച്ചറിയാനുള്ള ഔചിത്യബോധമോ  വിവേകമോ സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചതുമില്ല.  

 
       ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ദേശീയസമിതി  ഇപ്പോള്‍ ചേരാറുണ്ടോ? അടുത്തെങ്ങാനും ചേര്‍ന്നിട്ടുണ്ടോ? മാധ്യമങ്ങള്‍ പോലും  അന്വേഷിക്കാറില്ല. ഏതു ഈര്‍ക്കിള്‍ പാര്‍ട്ടിയും സജീവമാകുന്ന കാലമാണ് തെരഞ്ഞെടുപ്പ്.   ലീഗ് അതുപോലും ചെയ്യാറില്ല. അതിനു തക്ക സമിതിയില്ല. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പാര്‍ട്ടി അഭിപ്രായം പറയാറുണ്ടോ? വാര്‍ത്താ മാധ്യമങ്ങള്‍ അത് അന്വേഷിക്കാറുണ്ടോ? ചവറ മുതല്‍ ചവറെ വരെ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് പിയുടെ അഭിപ്രായങ്ങള്‍  ആരായുന്ന പത്രങ്ങള്‍  ലീഗിനെ കണ്ട ഭാവം നടിക്കാറില്ല. അങ്ങനെയൊരു  ദേശീയനേതൃത്വം ലീഗിന്  ഭൂമുഖത്ത് ഇല്ലാത്തതുകൊണ്ടാണത്. സേട്ടുവിന്റെ കഥകഴിച്ചവര്‍ക്ക് ഒരു ദേശീയനേതൃത്വത്തെ തട്ടിക്കൂട്ടാന്‍ ഇതുവരെ കഴിഞ്ഞില്ല എന്നതല്ലേ യാഥാര്‍ഥ്യം?

       ഇസ്‌ലാമിക സംസ്‌കാരത്തോടൊപ്പം പാര്‍ട്ടി സഞ്ചരിച്ച കാലമുണ്ടായിരുന്നു. രാഷ്ട്രീയം വിപണനമൂല്യമുള്ള ഉല്പന്നമായി മാറിയതോടെ ധാര്‍മികമൂല്യങ്ങള്‍ക്കും പ്രസക്തി   നഷ്ടപ്പെട്ടു.  സകല തിന്മകള്‍ക്കുമെതിരെ പൊരുതേണ്ട മത നേതൃത്വമാവട്ടെ തികഞ്ഞ മൗനത്തിലും. അവരുടെ സമ്മേളനങ്ങളിലും മുഖ്യാതിഥികളായി ഇത്തരക്കാര്‍ തന്നെ വേണം.
 
       കേരളീയ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാലത്ത് ഊര്‍ജ്ജംപകര്‍ന്ന പാര്‍ട്ടിക്ക് ഇന്ന് അത്തരം  ബഹുമതികള്‍ തന്നെ അലര്‍ജിയാണ്. രാഷ്ട്രീയ ഗതി മാറ്റങ്ങളില്‍ ആര്‍ക്കാണിപ്പോള്‍ ആശങ്ക? പാര്‍ട്ടിക്കകത്ത്  ചര്‍ച്ചകളില്ല.  ആശയവിനിമയമില്ല. അഭിപ്രായസ്വതന്ത്ര്യവുമില്ല. സമുദായത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കൈവെക്കാന്‍ തന്റേടമില്ല. വേണമെങ്കില്‍ ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ ചെയ്തതുപോലെ വീണത് വിദ്യയാക്കും. പണത്തൂക്കം പ്രവര്‍ത്തനത്തിന് ടണ്‍ കണകക്കിനാണ് പബ്‌ളിസിറ്റി. വളരെയേറെ പുല്ല് തിന്നുകയും അല്‍പം മാത്രം പാല്‍ ചുരത്തുകയും ചെയ്യുന്ന പശുവിനെ പോലെ. അതാണ് സമകാലിക രാഷ്ട്രീയത്തിന് നല്‍കാവുന്ന ഉചിതമായ ഉപമ. നേതാക്കളെല്ലാം  ഭൗതികസുഖങ്ങള്‍ക്ക് പിന്നാലെ. നഗരങ്ങളിലെ വലിയ ഷോപ്പിംഗ്മാളുകളില്‍ കുടുംബസമേതം ഷോപ്പിംഗ്, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭക്ഷണം, നേതാക്കള്‍ക്ക് പ്രത്യേകം പ്രത്യേകം ബ്യൂട്ടീഷന്മാര്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, കൂടെക്കൂടെ വിദേശയാത്ര. ചുരുക്കത്തില്‍ ലാവിഷ് ജീവിതം.  മുഖസ്തുതിക്കാരുടെയും പാദസേവകരുടെയും പാരിതോഷികങ്ങളില്‍ മെരുക്കപ്പെട്ട ആത്മീയനേതാക്കളാവട്ടെ  അക്വേറിയത്തിലെ വര്‍ണമത്സ്യങ്ങളെ പോലെ കാഴ്ചവസ്തു മാത്രമായി.  അഴിമതി അര്‍ബുദമായി വളരുമ്പോഴും കാളക്കൂറ്റന്മാര്‍ക്ക് കുശാല്‍. ശിക്ഷിക്കപ്പെടുന്നതോ ഉറുമ്പുകള്‍. ഇനിമേല്‍ നേതാക്കളുടെ ശിരസ്സ് ഉയരുമോ?  ഇല്ല. ഒരിക്കലുമില്ല. അത് ചാണകക്കുഴിയോളം താണുപോയില്ലേ. 

       സമുദായത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി  വിശപ്പും വിയര്‍പ്പും ആയുധമാക്കി ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഹോമിച്ചവര്‍ക്ക് ഇതൊക്കെ ദു:ഖസ്മൃതികളാണ്. തീരാത്ത നോവുകളാണ്. അവസരവാദികളുടെ അവസാന മൂടുപടം വലിച്ചുകീറാന്‍ ആരെങ്കിലും ജന്മമെടുക്കാതിരിക്കില്ല.  മതമെന്നാല്‍ സല്‍പ്രവൃത്തിയിലൂടെ ദൈവസാമീപ്യം നേടുകയെന്നതാണല്ലോ. മതത്തില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന മുസ്‌ലിംലീഗ് പോലുള്ള പാര്‍ട്ടിയില്‍ അതില്ലാതെ പോകുന്നതാണ് ഏറെ ദു:ഖകരം?

       ന്യൂനപക്ഷ രാഷ്ട്രീയം ഇപ്പോള്‍ ശബ്ദായമാനവും വിവാദബഹുലവുമാണെന്ന് അവകാശപ്പെടുന്നവരുണ്ട്. ശരിയായിരിക്കാം എന്നാലത്  സേവനദരിദ്രവും സ്വാര്‍ഥനിര്‍ഭരവുമാണ്. പൊതുപ്രവര്‍ത്തനത്തിന്റെ ഇന്നലെകളെ അത് തമസ്‌കരിക്കുന്നു. മര്‍ത്ത്യതയുടെ മഹിമയും സൗന്ദര്യവും ആര്‍ദ്രസ്‌നേഹത്തില്‍ അധിഷ്ഠിതമാണെന്ന പ്രാഥമികപാഠം പോലും അവര്‍ ബോധപൂര്‍വം അവഗണിക്കുന്നു. നീറുന്ന ഓര്‍മകള്‍ ഇങ്ങനെ പതഞ്ഞൊഴുകുമ്പോഴും പ്രാര്‍ഥിക്കുന്നു പടച്ചവനോട്; സമുദായത്തിന്റെ, നാടിന്റെ രക്ഷക്കായി.
.
വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം
Related Posts Plugin for WordPress, Blogger...