Thursday, June 30, 2011

യു എ ഇ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമായാല്‍

               കേരളത്തില്‍ യു എ ഇ കോണ്‍സുലേറ്റ് തുടങ്ങാന്‍ തത്വത്തില്‍ ധാരണയായി എന്ന വാര്‍ത്ത സംസ്ഥാനത്തെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ലക്ഷക്കണക്കായ പ്രവാസികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ആഹ്‌ളാദവും ആവേശവും പകരുന്നതാണ്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു എ ഇ വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിദേശകാര്യ സഹമന്ത്രി ഇ അഹമദ് നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചത്. ഇന്ത്യയില്‍ തുറക്കുന്ന മൂന്നാമത്തെ നയതന്ത്ര കാര്യാലയമായിരിക്കുമിത്. ഇപ്പോള്‍ മുംബൈയില്‍ കോണ്‍സുലേറ്റും ദല്‍ഹിയില്‍ എമ്പസിയുമുണ്ട്. യു എ ഇ മലയാളി പ്രവാസി സമൂഹത്തിന്റെ എണ്ണപ്പെരുപ്പം കണക്കിലെടുത്താണ് പുതിയ കേന്ദ്രം തുറക്കാന്‍ ശൈഖ് അബ്ദുല്ല സമ്മതിച്ചത്.

               വിസ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും മറ്റ് അറ്റസ്റ്റേഷന്‍ കാര്യങ്ങള്‍ക്കും ദല്‍ഹിയേയും മുംബൈയേയും ആശ്രയിക്കാന്‍ വിധിക്കപ്പെട്ട മലയാളികള്‍ക്കും ദക്ഷിണേന്ത്യക്കാര്‍ക്കും ഇനി ഇവിടെ നിന്ന് തന്നെ പരിഹാരമുണ്ടാകുമ്പോള്‍ അത് നല്‍കുന്ന ആശ്വാസവും സൗകര്യവും ചെറുതല്ല. ഈ ആവശ്യം നേടിയെടുക്കാന്‍ നാളിതുവരെ നടത്തിയ ശ്രമങ്ങള്‍ വളരെ വൈകിയാണെങ്കിലും യാഥാര്‍ഥ്യമാവുമ്പോള്‍ അതിനുവേണ്ടി അക്ഷീണയത്‌നം നടത്തിയ കേന്ദ്ര മന്ത്രിമാരും അവരോട് അനുഭാവസമീപനം സ്വീകരിച്ച യു എ ഇ ഭരണാധികാരികളും തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു.

               കോണ്‍സുലേറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടപടികളാരംഭിക്കാന്‍ ദല്‍ഹിയിലെ എമ്പസി ഉദ്യോഗസ്ഥര്‍ക്ക് യു എ ഇ സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്ന അവരുടെ എമ്പസി അധികം വൈകാതെ മലയാളികളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുമെന്ന് ഉറപ്പാണ്. യു എ ഇയിലെ പരസഹസ്രം മലയാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച്  അവിടുത്തെ സര്‍ക്കാരിന്റെ ശ്രദ്ധ പതിഞ്ഞിരുന്നുവെങ്കിലും അത് യാഥാര്‍ഥ്യമാകാന്‍ വളരെ വൈകിയത് നമ്മുടെ അനാസ്ഥകൊണ്ട് മാത്രമാണ്.

               യുണൈറ്റഡ് അറബ് എമിറേറ്റിലെ മലയാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് വേഗത്തിലും കൃത്യമായും വിവരങ്ങള്‍ കൈമാറുന്നതിന് പുതിയ കോണ്‍സുലേറ്റ് വലിയ സഹായകമാവും. അയല്‍സംസ്ഥാനങ്ങളായ കര്‍ണാടക, തമിള്‍നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് യു എ ഇയില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കും ഇനി ദല്‍ഹിയേയും മുംബൈയേയും ആശ്രയിക്കേണ്ടിവരില്ല. ബിസിനസ് സംബന്ധിച്ച രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും  അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും ഇതോടെ അറുതിയാവും.

               കേരളത്തിനകത്തും പുറത്തുമുള്ള തൊഴിലന്വേഷകരുടെ  പ്രധാന അഭയകേന്ദ്രം ഇന്നും യു എ ഇ തന്നെയാണ്. അവിടെയെത്തുന്ന വിദേശികളില്‍ മഹാഭൂരിപക്ഷവും മലയാളികളുമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്നും ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുള്ളതും യു എ ഇയില്‍ തന്നെ. അവിടുത്തെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ഉയര്‍ന്ന സേവന, വേതന വ്യവസ്ഥകളും ഇന്നും എല്ലാവരുടെയും ആകര്‍ഷണ കേന്ദ്രമായി നിലനില്‍ക്കുന്നു. പുതുതായി ബിസിനസ് ആരംഭിക്കുന്നവര്‍ക്കും യു എ ഇ തന്നെയാണ് പ്രധാനമായും കവാടങ്ങള്‍ തുറന്നുവെക്കുന്നത്. ദുബൈ, അബുദാബി, അല്‍ഐന്‍, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ നിരവധി വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മലയാളികളുടേതായുണ്ട്. തൊഴില്‍ രംഗത്തെന്ന പോലെ വ്യാപാരരംഗത്തും മലയാളികളുടെ കുത്തക  മറ്റാര്‍ക്കും ഇതുവരെയും തകര്‍ക്കാനായിട്ടില്ല. ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, മസ്‌ക്കത്ത് സഊദി അറേബ്യ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് പറയാം. അവിടങ്ങളിലെ തൊഴിലന്വേഷകരും ബിസിനസുകാരും പ്രവാസികളും കേരളത്തില്‍ കോണ്‍സുലേറ്റ് ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്.

               യു എ ഇയിലെ വിവിധ തൊഴില്‍ സാധ്യതകള്‍ യഥാസമയം സംസ്ഥാനത്തിന് ലഭ്യാമാവാന്‍ പുതിയ കോണ്‍സുലേറ്റ് വലിയ സഹായകമാവുമെന്നതില്‍ സംശയമില്ല. സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാകാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ടീകോമിനെപ്പോലെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും പുതിയ കോണ്‍സുലേറ്റ് വഴി അവസരങ്ങള്‍ തുറന്നുകിട്ടുകയും ചെയ്യും.അതിലൂടെ ഗള്‍ഫില്‍ മാത്രമല്ല കേരളത്തിനും സാമ്പത്തിക നേട്ടത്തോടൊപ്പം തൊഴിലവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. 

               കേരളത്തിലെ ടൂറിസത്തിനും കോണ്‍സുലേറ്റിന് വലിയ സംഭാവനകള്‍ അര്‍പ്പിക്കാനാവും. യു എ ഇയില്‍ നിന്ന് കൂടുതല്‍ പേരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.യു എ ഇയിലെ പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിദഗ്ധ ചികിത്സക്ക് അവിടുത്തെ സര്‍ക്കാര്‍ സൗകര്യം ചെയ്യാറുണ്ട്. അത് പ്രയോജനപ്പെടുത്താനും കേരളത്തിലെ മെഡിക്കല്‍ ടൂറിസം മെച്ചപ്പെടുത്താനും അവസരം കൈവരും. അതുപോലെ തന്നെ സംസ്ഥാനത്തെയും യു എ  ഇയിലെ വിവിധ എമിറേറ്റുകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന വാണിജ്യ വ്യവസായ സംഘടനകളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് വഴിയൊരുങ്ങും. ഇതൊക്കെ ആത്യന്തികമായി കേരളവും യു എ ഇയിലും തമ്മിലുള്ള ആത്മബന്ധത്തിന് പ്രഭ പകരുകയും ചെയ്യും.

Tuesday, June 28, 2011

ഡോ. മുഹമ്മദിന്റെ നിശ്ചയദാര്‍ഢ്യം


               നീതിയുടെ ആകാശത്ത് വീണ്ടുമിതാ വെളിച്ചം വെട്ടിവിതറാന്‍ തുടങ്ങിയിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് നേരെ വധഭീഷണി മുഴക്കുന്ന മുട്ടാളന്മാര്‍ക്ക,്  നാളിതുവരെ വാരിക്കൂട്ടിയ പാപകര്‍മങ്ങളുടെ ഭാണ്ഡവുമായി,  ഇനി പാര്‍ട്ടിക്കൂടാരങ്ങളിലേക്ക് മടങ്ങാമെന്ന് തോന്നുന്നു. നാലുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കാലിക്കറ്റ് സര്‍വകലാശാലാ റജിസ്ട്രാര്‍ പദവിയില്‍ തിരിച്ചെത്തിയ ഡോ. പി പി മുഹമ്മദിന്റെ അനുഭവം ഇത്തരക്കാര്‍ക്കും അവരെ പോറ്റിവളര്‍ത്തുന്നവര്‍ക്കുമുള്ള അതിശക്തമായ മുന്നറിയിപ്പ് കൂടിയാണ്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇടതു ഭൂരിപക്ഷമുള്ള കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് 2007 ജൂലൈ 19നാണ് ഡോ. മുഹമ്മദിനെ റജിസ്ട്രാര്‍ പദവിയില്‍നിന്ന് ഒഴിവാക്കിയത്. രണ്ടുവര്‍ഷത്തിനു ശേഷം 2009 ആഗസ്റ്റ് 29ന് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശിക്കുകയും ചെയ്തു. വളരെയേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ആ തീരുമാനമാണ് ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ട് സര്‍വകലാശാലാ  ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുന്‍കാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ട് റദ്ദാക്കിയത്. പിരിച്ചുവിടലിന് കാരണമായി സിണ്ടിക്കേറ്റ് ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന യൂണിവാഴ്‌സിറ്റി അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉപദേശം ഗവര്‍ണര്‍ സ്വീകരിക്കുകയായിരുന്നു.

                പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സി എച്ച് മുഹമ്മദുകോയ വിദ്യാഭ്യാസമന്ത്രിയായിരിക്കെ നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ജന്മംകൊണ്ട കലിക്കറ്റ് സര്‍വകലാശാലയില്‍ ഇത്തരമൊരു സംഭവം ഹൃദയമുരുക്കുന്ന അനുഭവം തന്നെയായിരുന്നു.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  സര്‍ക്കാരിന്റെയും മറ്റും കുഞ്ചികസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് കടമ്പകള്‍ എറെയുള്ള സാഹചര്യത്തില്‍, ലഭിച്ച പദവികളില്‍നിന്ന് അപമാനകരമാംവിധം അടിച്ചിറക്കുന്നത് നടുക്കമുളവാക്കുന്ന കാര്യം തന്നെയാണ്. ഡോ. മുഹമ്മദിനെതിരെ നടപടിയുണ്ടായപ്പോള്‍ ഞങ്ങള്‍ ഈ കോളത്തില്‍ അത് ചൂണ്ടിക്കാട്ടിയിരുന്നു. എന്തിന്റെ പേരിലായാലും പ്രബുദ്ധകേരളത്തിന്റെ സാക്ഷരതാബോധത്തിന് അത് വലിയ കളങ്കമാണേല്‍പ്പിച്ചത്. അധികാരം മാറുന്നതിനനുസരിച്ച് പൊലീസുകാരും  ഉദ്യോഗസ്ഥരും അധ്യാപകരുമെല്ലാം തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന വാശി പാര്‍ട്ടിയെ എവിടെ എത്തിച്ചുവെന്ന് കഴിഞ്ഞ പാര്‍ലമെന്റ്-പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയ കനത്ത സൂചന ഇവിടെ ചേര്‍ത്തുവായിക്കാന്‍ വിവേകമതികള്‍ സന്നദ്ധമാവണം. ആധിപത്യം വാള്‍മുനയില്‍ സ്ഥാപിച്ചെടുക്കുന്ന  ഫാസിസ്റ്റ് ശൈലി ഒരു ജനകീയ പ്രസ്ഥാനത്തിന് ഭൂഷണമാണോ എന്നും ബന്ധപ്പെട്ട കക്ഷികള്‍ ഉറക്കെ ചിന്തിക്കണം.

               യു ഡി എഫ് വാഴ്ചക്കാലത്തെ അധ്യാപക നിയമനങ്ങളടക്കം നിരവധി ആക്ഷേങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്  സി പി എം സിണ്ടിക്കേറ്റ് ഡോ. മുഹമ്മദിനെ നിര്‍ദയം ക്രൂശിച്ചത്. അധ്യാപക നിയമനത്തില്‍ സംവരണം പാലിച്ചില്ലെന്നും കേന്‍സര്‍ രോഗിയായ ഗവേഷണ വിദ്യാര്‍ഥിനിക്ക് യഥാസമയം സഹായം നല്‍കിയില്ലെന്നും സര്‍വകലാശാലാവാഹനം ദുരുപയോഗം ചെയ്തുവെന്നും ചാന്‍സലറെ ധിക്കരിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി യെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച സിണ്ടിക്കേറ്റ് അതിന് ഉപോത്ബലകമാകും വിധം ഒരു ഏകാംഗ കമീഷന്‍ റിപ്പോര്‍ട്ടും സംഘടിപ്പിച്ചിരുന്നു.

                തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളായിരുന്നു അപ്പലറ്റ് ട്രൈബ്യൂണല്‍ കണ്ടെത്തുകയുണ്ടായി. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നതായിരുന്നു അവസ്ഥ. കാരണം ഡോ മുഹമ്മദിനെ സംബന്ധിച്ചെടുത്തോളം  കൃത്യനിര്‍വഹണ കാര്യത്തില്‍ തികച്ചും സത്യസന്ധതയും ചുമതലാബോധവും കാത്തുസൂക്ഷിച്ച പാരമ്പര്യമാണ് ഉള്ളത്. സ്വകാര്യജീവിതത്തില്‍ പോലും വിശുദ്ധി പുലര്‍ത്തണം എന്ന നിഷ്‌ക്കര്‍ഷയും അദ്ദേഹത്തിനുണ്ട്. അങ്ങനെയുള്ള ഒരു ഉന്നത വ്യക്തിത്വത്തെ താറടിക്കാന്‍  സാംസ്‌കാരികാവബോധം ഉദ്‌ഘോഷിക്കേണ്ട സര്‍വകലാശാല പോലുള്ള മഹനീയ സ്ഥാപനത്തെ ദുരുപയോഗപ്പെടുത്തിയത് ഒട്ടും ഉചിതമായില്ല.

               രാഷ്ട്രീയ പ്രതികാരത്തിന്റെ ബലിയാടാകുന്ന ആദ്യത്തെ ആളല്ല ഡോ മുഹമ്മദ്. നിരവധി അധ്യാപര്‍ക്കെതിരെ സിണ്ടിക്കേറ്റ് പകപോക്കലിന്റെ പുകപടലമുയര്‍ത്തിയിട്ടുണ്ട്. പിടിച്ചുനില്‍ക്കാനാവാതെ ആയുധം വെച്ച് കീഴടങ്ങിയവരും ജോലി ഉപേക്ഷിച്ചു പോയവരുമുണ്ട്. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചവര്‍ ഉള്‍ത്തടം കിടുങ്ങുന്ന ഭേദ്യങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തിട്ടുണ്ട്. വെല്ലുവിളികളെയും ഭീഷണികളെയും തന്റേടത്തോടെ നേരിട്ടതാണ് മുഹമ്മദിന്റെ തിരിച്ചുവരവിന് തിളക്കമേകുന്നത്. ഇത്തരം അനീതികളെ നിശ്ചയദാര്‍ഢ്യത്തോടെ മറികടന്ന  അദ്ദേഹത്തിന്റെ നിയമപോരാട്ടം സമൂഹത്തിന് മാത്രമല്ല അദ്ദേഹത്തെ നിരന്തരം വേട്ടയാടിയ സിണ്ടിക്കേറ്റംഗങ്ങള്‍ക്കും വലിയ പാഠമാണ് നല്‍കുന്നത്.

               മുഹമ്മദ് അധികാരത്തില്‍ തിരിച്ചുവരുമ്പോള്‍ ഉയരുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. അദ്ദേഹത്തിനും അതുപോലെ നിരവധി നിരപരാധികള്‍ക്കുമെതിരെ കേസ് നടത്താനും നഷ്ടപരിഹാരം നല്‍കാനും സര്‍വകലാശാല ചെലവിട്ട കോടികള്‍ക്ക് ആരാണ് ഉത്തരവാദി?  പി പി മുഹമ്മദിന് കഴിഞ്ഞ നാലുവര്‍ഷം തടഞ്ഞ ശമ്പളവും ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ട്. അതു തന്നെ അരക്കോടിയോളം വരും. കേസ് നടത്തിപ്പിന് ചെലവായ ലക്ഷങ്ങള്‍ വേറെയും. ഇതുപോലെ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ എടുത്ത നിരവധി കേസുകള്‍ വേറെയുമുണ്ട്.  ഈ തുക യഥാര്‍ഥത്തില്‍ ബന്ധപ്പെട്ട സിണ്ടിക്കേററ് അംഗങ്ങളില്‍ നിന്ന് തന്നെ ഈടാക്കേണ്ടതല്ലേ? എങ്കിലേ വിദ്വേഷപ്രേരിതവും വിഷലിപ്തവുമായ ഇത്തരം ദുഷ്‌കൃത്യങ്ങള്‍ക്ക് അറുതി വരികയുള്ളൂ.

Friday, June 24, 2011

വീണ്ടും ബാന്‍ കി മൂണ്‍


               ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബാന്‍ കി മൂണിനെ നമുക്ക് ഹൃദയംനിറഞ്ഞ് അനുമോദിക്കാം. കാരണം ഏഷ്യയില്‍ നിന്ന് ഈ മഹനീയ പദവി അലങ്കരിക്കാന്‍ ഭാഗ്യം സിദ്ധിച്ച പ്രഥമ വ്യക്തിത്വമാണദ്ദേഹം. ബാന്‍ കി മൂണിനെ പോലെ ആഗോള വീക്ഷണമുള്ളവരാണ് ഇത്തരം പദവികള്‍ അലങ്കരിക്കേണ്ടത്. എന്നാല്‍ അലങ്കരിച്ച പദവിയുടെ മഹത്വം യഥോചിതം പരിരക്ഷിക്കാന്‍ മൂണിനു കഴിഞ്ഞുവെന്ന് പറയാനാവില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമായിരുന്നില്ല. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കൊപ്പം നിന്നതാണ് അദ്ദേഹത്തിനിപ്പോള്‍ തുണയായത് എന്ന് പറയുന്നതാവും ശരി. എന്നാല്‍ യു  എന്നിന് ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നതിനാല്‍ നമുക്ക് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം.

               രണ്ടാം ലോകമാഹായുദ്ധത്തിന്റെ ഭീകരമായ കെടുതികള്‍ അനുഭവിക്കേണ്ടിവന്ന രാഷ്ട്രങ്ങള്‍ ഇനിയുമൊരു യുദ്ധത്തിന്റെ കെടുതികള്‍ അഭിമുഖീകരിക്കാതിരിക്കാനാണ് 1945ല്‍ ഐക്യരാഷ്ട്ര സഭക്ക് രൂപം നല്‍കിയത്. അന്ന് 51 രാഷ്ട്രങ്ങളുണ്ടായിരുന്ന യു എന്നില്‍ ഇപ്പോള്‍ 192 അംഗരാജ്യങ്ങള്‍ ഉണ്ട്. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് റൂസ്വല്‍റ്റായിരുന്നു യു എന്‍ എന്ന പുതുസംവിധാനത്തിന് കാര്‍മികത്വം വഹിച്ചത്. ഒന്നാംലോക മഹായുദ്ധത്തെ തുടര്‍ന്ന് ജന്മംകൊണ്ട ലീഗ് ഓഫ് നേഷന്‍സിന്റെ പതനത്തില്‍നിന്നാണ് യു എന്‍ ഉദയംകൊണ്ടത് എന്നും വേണമെങ്കില്‍ പറയാം.

               ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയെന്ന നിലയില്‍ ലോക രാഷ്ട്രങ്ങള്‍ പ്രതീക്ഷാപൂര്‍വം സമീപിക്കുന്ന മുഖ്യസ്ഥാപനം കൂടിയാണിത്. വികസ്വര, അവികസിത രാഷ്ട്രങ്ങളെ സംബന്ധിച്ചെടുത്തോളം ഐക്യരാഷ്ട്ര സഭയുടെ തീരുമാനങ്ങളും നടപടികളും വളരെ നിര്‍ണായകമാണ്. അംഗരാഷ്ട്രങ്ങള്‍ മുഴുവന്‍  ഉള്‍പ്പെട്ട പൊതുസഭയേക്കാള്‍ പ്രാമുഖ്യം അഞ്ച് സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെട്ട 15 രാജ്യങ്ങള്‍ അംഗങ്ങളായ സെക്യൂരിറ്റി കൗണ്‍സിലാണെന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള യാഥാര്‍ഥ്യമാണ്. യു എന്‍ ചാര്‍ട്ടിലെ 25-ാം വകുപ്പ് പ്രകാരം തീരുമാനമെടുക്കാനുള്ള അവകാശങ്ങള്‍ മുഴുവന്‍ സൂപ്പര്‍ അധികാര കേന്ദ്രങ്ങളായ അമേരിക്ക,  ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന തുടങ്ങിയ സ്ഥിരാംഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലോകരാജ്യങ്ങള്‍ ഒന്നൊന്നായി ജനാധിപത്യ ഭരണസംവിധാനത്തിലേക്ക് നടന്നടുക്കുമ്പോഴും ഐക്യരാഷ്ട്ര സഭക്ക് ഇത് ബാധകമല്ലെന്ന് വരുന്നത് വിരോധാഭാസം തന്നെ. സ്ഥിരാംഗങ്ങളായ അഞ്ച് വന്‍കിട രാഷ്ട്രങ്ങളുടെ അംഗുലീ ചലനത്തിനനുസരിച്ച് മാത്രം ചരിക്കാന്‍ വിധിക്കപ്പെട്ട പൊതുസഭയുടെ തീരുമാനങ്ങള്‍ മിക്കപ്പോഴും ഏകപക്ഷീയമായി പോകുന്നു. സാമ്രാജ്യത്വ ചേരിയുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമല്ലെങ്കില്‍ തീരുമാനങ്ങള്‍ക്ക് ചവറ്റുകൊട്ടയിലാവും സ്ഥാനം. സെക്രട്ടറി ജനറലിന് പോലും തന്മൂലം ഫലപ്രദമായി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ. ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയെപോലും നിര്‍വീര്യമാക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍  തന്മൂലം ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് ഇതുവരെയും  പറയത്തക്ക ഒരു മാറ്റവും വന്നിട്ടില്ല. അടുത്ത കാലത്തൊന്നും മാറ്റം പ്രതീക്ഷിക്കുകയും വേണ്ട. അഞ്ച് സ്ഥിരാംഗങ്ങള്‍ക്ക് പുറമെയുള്ള 15 അംഗരാഷ്ട്രങ്ങളുടെ പട്ടികയില്‍ കയറിപ്പറ്റാനുള്ള ഇന്ത്യുയുടെ ശ്രമം  എങ്ങുമെത്താതെ പോകുന്നതിനു കാരണവും മറ്റൊന്നല്ല.
എട്ടാമത് യു എന്‍ സെക്രട്ടറി ജനറലായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ട ബാന്‍ കി മൂണ്‍ മുമ്പ് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രിയായിരുന്നു. കോഫി അന്നന് പിന്നാലെ 2007ലാണ്  മൂണ്‍ യു എന്‍ സെക്രട്ടറി ജനറലായത്. അടുത്ത ജനുവരി ഒന്നിനാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം ആരംഭിക്കുക. അംഗരാജ്യങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ലോകജനതയുടെ ഉന്നമനത്തിനായി പരമാവധി യത്‌നിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. മൂണിന്റെ ഗതകാല നടപടികള്‍ പരിശോധിച്ചാല്‍ സൃഷ്ടിപരമായ ശൈലിയാണ് താന്‍ അവലംബിച്ചതെന്ന് അദ്ദേഹത്തിനുപോലും അവകാശപ്പെടാനാവുമെന്ന് തോന്നുന്നില്ല.

               എന്നാല്‍ ബാന്‍ കി മൂണിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് പറയാനുമാവില്ല. ലോകത്ത് അസ്വസ്ഥതയുടെ കനലുകള്‍ ആളിക്കത്താതിരിക്കാന്‍ അദ്ദേഹം പരമാവധി പരിശ്രമിച്ചിട്ടുണ്ട്. റഷ്യയിലും ചൈനയിലുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളില്‍  മൗനംപാലിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള പ്രധാന ആരോപണം. ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും മധ്യേഷ്യയിലുമുണ്ടാ യ ജനകീയ മുന്നേറ്റങ്ങളെ വേണ്ടവിധം പ്രോത്സാഹിപ്പിക്കാനും ആഗോള സമൂഹത്തില്‍ അതിന്റെ ആന്തോളനങ്ങള്‍ സൃഷ്ടിക്കാനും ഐക്യരാഷ്ട്ര സഭയുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായില്ലെന്ന് മാത്രമല്ല ലിബിയയിലും സിറിയയിലും മറ്റും ഭരണകൂടങ്ങള്‍ നടത്തിയ നരവേട്ട കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. ഈജിപ്തിലും ടുണീഷ്യയിലും യമനിലും വിജയിച്ച ജനകീയ മുന്നേറ്റങ്ങളെ കുറിച്ച് സന്ദര്‍ഭത്തിനൊത്തു ഉയര്‍ന്നു പ്രോത്സാഹിപ്പിക്കാനും ഐക്യരാഷ്ട്രസഭക്കായില്ല.

               എന്നാല്‍ പാരിസ്ഥിതിക -സ്ത്രീ വിമോചന നയങ്ങള്‍ എന്നിവയില്‍ ബാന്‍ കി മൂണ്‍ എടുത്ത നിലപാടുകള്‍ പ്രശംസനീയമായിരുന്നു. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇടതുപക്ഷ ആഭിമുഖ്യമുള്ള രാജ്യങ്ങളും ചില വികസ്വര രാഷ്ട്രങ്ങളും അദ്ദേഹത്തെ അമേരിക്കന്‍ പക്ഷപാതിയായി കാണുന്നുണ്ടെങ്കിലും വീറ്റോ അധികാരമുള്ള രാഷ്ട്രങ്ങളുടെ പിന്തുണ പൂര്‍ണമായി നേടുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നത് നിസ്സാര കാര്യമല്ല. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല ജനങ്ങളുടെ സംശയങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയുന്നിടത്താണ് ഐക്യരാഷ്ട്ര സഭയുടെയും അതിന്റെ സെക്രട്ടറി ജനറലിന്റെയും യഥാര്‍ഥ വിജയം. തന്റെ അടുത്ത ഊഴമെങ്കിലും ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായാല്‍ ബാന്‍ കി മൂണായിരിക്കും ലോകം നെഞ്ചേറ്റുന്ന ഏറ്റവും മികച്ച യു എന്‍ തലവന്‍.

Wednesday, June 22, 2011

ക്രിമിനലുകളെ അകറ്റിനിര്‍ത്തുക


               പാലില്‍ ഒരു തുള്ളി വിഷം കലര്‍ന്നാല്‍ അത് അരിച്ചുമാറ്റി ഉപയോഗിക്കാനാവുമോ? അതുപോലെയാണ് ക്രിമിനലുകള്‍ പൊലീസില്‍ കടന്നുകൂടിയാല്‍. കേരള ഹൈക്കോടതിയുടെ ഈ നിഗമനം എത്രമാത്രം ശരിയാണെന്ന് ഒരു പരിഭാഷ കൂടാതെ തന്നെ എല്ലാവര്‍ക്കും ബോധ്യമാവും. അച്ചടക്കത്തില്‍ അടിയുറച്ച പൊലീസു സേനക്ക്, കുറ്റവാളിയാകാന്‍ സാധ്യതയുള്ളവര്‍ തീര്‍ച്ചയായും ഒരു ബാധ്യത തന്നെയാണ്. ക്രിമിനലുകളെ കുടഞ്ഞെറിയാതെ പൊലീസിന് സത്യസന്ധമായും കാര്യക്ഷമമായും നീതി നിര്‍വഹണവും നിയമപാലനവും അസാധ്യമാവുമെന്നതില്‍ ആര്‍ക്കാണ് സംശയം?

               അതുകൊണ്ടാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് പൊലീസില്‍ തുടരാന്‍ നിയമപരമായി അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷമമായി പരിശോധിക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ് നാളിതുവരെ സംഭവിച്ചതെന്ന് നിസ്സംശയം പറയാം. ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ക്കും പരിശീലനം നല്‍കാന്‍ കോടതികള്‍ ഉത്തരവുകള്‍ നല്‍കിയാല്‍ സേനയുടെ അച്ചടക്കത്തില്‍ അത് വിള്ളല്‍ വീഴ്ത്തുക സ്വാഭാവികം. എന്നാല്‍ സേനയുടെ മികവ്, അച്ചടക്കം എന്നിവ കോടതിയല്ല നിശ്ചയിക്കുന്നതും നിശ്ചയിക്കേണ്ടതും. ക്രിമിനലുകളെ മാത്രമല്ല കുറ്റവാളിയാകാന്‍ സാധ്യതയുള്ളവരെ പോലും അച്ചടക്കമുള്ള സേനയുടെ ഭാഗമാക്കുന്നത് തന്നെ തെറ്റാണ്. പൊലീസിന്റെ തലപ്പത്തുള്ളവരുടെ ബാധ്യതയാണിത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തവും അവര്‍ക്ക് തന്നെ. 
 
               എന്തായാലും പൊലീസ് സേനയെ ക്രിമിനല്‍ വിമുക്തമാക്കിയേ തീരൂ എന്ന കര്‍ശന നിര്‍ദേശമാണ് ഇതു സംബന്ധിച്ച് ഹൈക്കോടതി ഇപ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശത്തിന്റെ കാതല്‍. കേരളാ പൊലീസ് ഒരു കാലത്ത് രാജ്യത്തിന് തന്നെ അഭിമാനകരമായ മാതൃകകള്‍ സൃഷ്ടിച്ചിരുന്നതാണ്.  നിയമപാലനത്തില്‍ കത്തിജ്വലിക്കുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ പൊലീസ് സേനക്ക് പങ്കുവെക്കാനുണ്ട്. അന്ന് ഏറെക്കുറെ ഒരു സാന്ത്വന തേന്മഴയായി പൊലീസ് നേനയുടെ കാര്യക്ഷമത വാഴ്ത്തപ്പെട്ടിരുന്നു. അത്രമാത്രം യുക്തിബോധവും കാര്യക്ഷമതയും പ്രകടിപ്പിച്ചിരുന്ന പൊലീസിനെ മുട്ടാളന്മാരാക്കി മാറ്റിയതില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടത്തിനും തന്നെയാണ് വളരെ വലിയ പങ്ക്. ക്രിമിനലുകളെ വിളക്കിച്ചേര്‍ത്ത് പൊലീസ് സേനയെ വികസിപ്പിച്ചെടുത്തതിലും മുഖ്യ പങ്ക് അധികാരം പങ്കിട്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തന്നെയാണ്. പൊലീസിലെ ക്രിമിനലുകളെ കുറിച്ച് കഴിഞ്ഞ ദിവസമാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. കോണ്‍സ്റ്റബിള്‍മാര്‍ തൊട്ട് ഐജിമാര്‍ വരെ പ്രതികളായ കേസുകള്‍ക്ക് ഇവിടെ ഒരു പഞ്ഞവുമില്ല. നിരവധി പേര്‍ ഇങ്ങനെ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട  ഐ ജി ലക്ഷ്മണ ഇപ്പോഴും ജയിലിലാണ്. അദ്ദേഹത്തിന്റെ അപ്പീലില്‍ ഹൈക്കോടതി, കീഴ്‌ക്കോടതി ശിക്ഷ ശരിവെക്കുകയാണുണ്ടായത്. ഇതിനേക്കാള്‍ അപകടകരമാണല്ലോ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പൊലീസില്‍ എത്തിയാലത്തെ അവസ്ഥ.

               വാദിയെ പ്രതിയാക്കാനും തെളിവുകള്‍ നശിപ്പിച്ച് കേസിന് തുമ്പില്ലാതാക്കാനും കൊടുംകുറ്റവാളികള്‍ക്ക് രക്ഷക്കെത്തുംവിധം ദുര്‍ബലമായ വകുപ്പുകളിലൂടെ നിസ്സാര ശിക്ഷയിലൊതുക്കാനും സാക്ഷികളെ കൂറുമാറ്റാനുമെല്ലാം കൂട്ടുനില്‍ക്കുന്ന പൊലീസുകാരുടെ സമീപനം നീതിനിയമങ്ങളെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിന് സമമല്ലേ? കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പോലും പൊലീസ് മാത്രമല്ല ഡോക്ടര്‍മാരടക്കം കേസുമായി ബന്ധപ്പെടുന്ന മിക്കവരും ഇങ്ങനെ ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അഭയ കേസും ചേകനൂര്‍ മൗലവി കേസും നമ്മുടെ മുമ്പിലുണ്ട്. കവിയൂരില്‍ അനഘയുടെ കുടുംബം ആത്മഹത്യചെയ്ത സംഭവത്തില്‍ കോടതി സി ബി ഐയോട് പുനരന്വേഷണം ആവശ്യപ്പെട്ടത് അന്വേഷണത്തിലെ കുറ്റകരമായ വീഴ്ചകള്‍ കാരണമാണല്ലോ.

               നിരവധി കേസുകളില്‍ കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് നമ്മുടെ പൊലീസ് വിധേയമായിട്ടുണ്ടെങ്കില്‍ കളങ്കം കഴുകിക്കളയാനുള്ള കാര്യമായ നീക്കമൊന്നും സര്‍ക്കാരിന്റെയോ ആഭ്യന്തരവകുപ്പിന്റേയോ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായതായി അറിവില്ല. ഭരണക്കാര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാവുന്ന ഒരു മര്‍ദ്ദകോപകരണം എന്ന അപഖ്യാതി എല്ലായിടത്തുമെന്നപോലെ ഇപ്പോള്‍ കേരള പൊലീസിനെയും വേട്ടയാടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം ഏല്‍പിച്ച പൊലീസ് ഉദ്യോഗസ്ഥന്മാരെ  കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്തത്. എല്‍ ഡി എഫായാലും ഈ അവസ്ഥക്ക് മാറ്റമൊന്നുമില്ല. പൊലീസില്‍ ക്രിമിനലുകളുടെ സാന്നിധ്യമെന്നതുപോലെ തന്നെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭരണം മാറുന്നതിനനുസരിച്ച് തട്ടിക്കളിക്കുന്നതും ഒരു തരം ക്രിമിനലിസം തന്നെയാണ്.

               ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് പൊലീസില്‍ മാത്രമല്ല പൊതുജീവിതത്തില്‍ എവിടെയും ഇടം അനുവദിക്കാന്‍ പാടില്ലെന്ന അഭിപ്രായക്കാരാണ് എല്ലാവരും. ക്രിമിനലുകളും അഴിമതിക്കാരും അവര്‍ ഉദ്യോഗരംഗത്താകട്ടെ, രാഷ്ട്രീയകക്ഷികളിലാവട്ടെ എന്തിനേറെ ജുഡീഷ്യറിയിലായിരുന്നാല്‍ പോലും രാജ്യത്തിന് ഭാരവും ശാപവും അപമാനവുമാണ്. പൊലീസിലൂടെ ഹൈക്കോടതി തുടങ്ങിവെച്ച ഈ ശുദ്ധീകരണ പ്രക്രിയ പൊതുജീവിതത്തിന്റെ സമസ്ത മേഖലകളിലും നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്ക് അരങ്ങൊരുക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്.

Monday, June 20, 2011

കവര്‍ച്ചക്കാരുടെ അഴിഞ്ഞാട്ടം


              കവര്‍ച്ചക്കാരും കൊള്ളക്കാരും തട്ടിപ്പുകാരുമെല്ലാം ഇപ്പോഴും ഈ കൊച്ചുസംസ്ഥാനത്ത് ആടിത്തിമര്‍ക്കുകയാണ്. ഭരണം മാറിയതൊന്നും അവരെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു തോന്നുന്നു.  തലസ്ഥാനനഗരിയില്‍ പോലും അവരുടെ സൈ്വരവിഹാരത്തിന് ഇപ്പോഴും കുറവൊന്നുമില്ല. ഇരുട്ടിന്റെ മറവൊന്നുമില്ലാതെ പട്ടാപ്പകല്‍ തന്നെ അവര്‍ അഭീഷ്ടം സാധിച്ചു തിരിച്ചുപോകുന്നു. ആള്‍പാര്‍പ്പുള്ള വീടുകളില്‍ കയറിച്ചെന്ന് വീട്ടുടമസ്ഥനെ കാളിംഗ്‌ബെല്ലടിച്ച് വിളിച്ചുണര്‍ത്തി കെട്ടിയിട്ട് ഉദ്ദിഷ്ടകാര്യം നിറവേറ്റാന്‍ ഒരു മടിയുമില്ലെങ്കില്‍ ജനകീയ ഭരണകൂടം ശക്തമായി നിലകൊള്ളുന്ന രാജ്യത്തെ സംബന്ധിച്ചെടുത്തോളം ഇതിനേക്കാള്‍ ബീഭത്സമായി മറ്റെന്താണുള്ളത്? പൊലീസിന്റെ ശൗര്യം കുറഞ്ഞുവരുന്നുവെന്ന് പറഞ്ഞാല്‍ കേരള പൊലീസിന്റെ കാര്യത്തില്‍ ആരും അത് വകവച്ചു കൊടുക്കില്ല. പൊലീസും കവര്‍ച്ചക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണെങ്കില്‍ അതില്‍ വാസ്തവമുണ്ടാകാന്‍ തരമുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരവധി പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുക.

           ഒന്നരവര്‍ഷം മുമ്പ് വീട്ടമ്മയെ ബന്ദിയാക്കി കൊള്ളയടിച്ച അതേ വീട്ടിലാണ് ഒരു തമിള്‍ യുവാവ് വീട്ടുടമയും ഭാര്യയും മകനും വീട്ടുജോലിക്കാരിയുമടക്കം അഞ്ചുപേരെ കുത്തി സാരമായി പരിക്കേല്‍പ്പിച്ചത്. തിരുവനന്തപുരം പേട്ട കണ്ണമ്മുല നാലുമുക്ക് റോഡില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ വ്യവസായിയും പ്രശസ്ത പ്രവാസിസംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാരവാഹിയുമായ പ്രിയദാസിനും കുടുംബത്തിനുമാണ് അസാധാരമായ ഈ ദുരന്തം സംഭവിച്ചത്. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും പരിക്ക് ഗുരുതരമാണ്. 2009 നവമ്പര്‍ 22ന് ഇതേ വീട്ടില്‍ എട്ടംഗ സംഘം പ്രിയദാസിന്റെ ഭാര്യ ജസിയെ കെട്ടിയിട്ട് ബെന്‍സ് കാറും ഒമ്പത് പവന്റെ ആഭരണവും 20000 രൂപയും കവര്‍ന്നിരുന്നു. തലസ്ഥാന നഗരിയെ ഞെട്ടിച്ച ഈ കവര്‍ച്ചയിലെ പ്രതികളുടെ ചിത്രം നഗരത്തിലെ ജ്വല്ലറിയിലെ സി സി ടിയില്‍ പതിഞ്ഞിരുന്നു. ഇത് ജസി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മഹരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്ന് പ്രതികളെ പിടികൂടാനായത്. ഇതില്‍ ഒരാളെ ഏഴുവര്‍ഷം തടവിന് ശിക്ഷിക്കുകയുമുണ്ടായി. നാലുപ്രതികളെ  ഇനിയും പിടികിട്ടിയിട്ടില്ല.

            വീട്ടില്‍ പ്രിയദാസും കുടുംബവും ഒരു കുടുംബ സുഹൃത്തുമായി സംസാരിച്ചിരിക്കെയാണ്  കാളിംഗ് ബെല്ലടിച്ച് കതകു തുറപ്പിച്ച് അക്രമമെന്നത് അമ്പരപ്പ് മാത്രമല്ല ആശങ്കയും സൃഷ്ടിക്കുന്ന സംഭവമാണ്. അക്രമം വകവെക്കാതെ വീട്ടുകാര്‍ സാഹസത്തിന് മുതിര്‍ന്നതുകൊണ്ടാണ് അക്രമി പിടിക്കപ്പെട്ടത്. മണിച്ചെയിന്‍ തട്ടിപ്പിന്റെ വാര്‍ത്തകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തലസ്ഥാന നഗരിയില്‍ തുടര്‍ച്ചയായി ഒരു വീട്ടില്‍ തന്നെ കവര്‍ച്ചയും അക്രമവും നടന്നതിന്റെ വാര്‍ത്തയും പുറത്തുവന്നത്. മണിച്ചെയിന്‍ തട്ടിപ്പിലും പൊലീസുകാര്‍ക്കും പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.

           ശക്തമായ സുരക്ഷാ സംവിധാനവും കാവല്‍ക്കാരുമുള്ള ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുന്നതിന്റെ വാര്‍ത്തകളുമായി തട്ടിച്ചുനോക്കുമ്പോള്‍ പേട്ടയിലെ അക്രമത്തില്‍ പുതുമ കണ്ടില്ലെന്നു വരാം. എന്നാല്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പകല്‍വെളിച്ചത്തില്‍ വീട്ടുകാരും സുഹൃത്തുക്കളും സംസാരിച്ചുകൊണ്ടിരിക്കെ ഇത്തരം സംഭവങ്ങള്‍ അതും മന്ത്രിമാരുടെയും ഉന്നത പൊലീസുദ്യോഗസ്ഥരുടെയും മൂക്കിന്റെ മുമ്പില്‍ പോലും നടക്കുന്നു എന്ന് വന്നാല്‍ പിന്നെ സംസ്ഥാനത്തെ ഏത് ഭാഗത്താണ് ഒരു സുരക്ഷ? നിഷ്പക്ഷവും നീതിപൂര്‍വവുമായ നിയമ നിര്‍വഹണവും ക്രമസമാധാനപാലനവും ഇവിടെ അസാധ്യമാവുന്നത് എന്തുകൊണ്ടാണെന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഹൃദയവ്യഥകള്‍ എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു? ഇത്തരം കറുത്ത ഓര്‍മ്മകള്‍ എത്ര വേണമെങ്കിലും നമുക്ക് പുറത്തെടുക്കാനാവും. വിനാശകരമായ ഈ പ്രയാണത്തിന്  അറുതി വരുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് വരുമോ? ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കാന്‍ ആവുന്നില്ലെങ്കില്‍ പിന്നെ ഭരണകൂടങ്ങള്‍ക്ക് എന്താണൊരു പ്രസക്തി?

           പൊലീസും ക്രിമിനലുകളും തമ്മിലും രാഷ്ട്രീയക്കാരും കവര്‍ച്ചക്കാരും തമ്മിലുമൊക്കെയുള്ള ബന്ധം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. പരസ്പര സഹായസഹകരണ സംഘം പോലെയാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ എന്ന് വന്നിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ നേരിടാന്‍ നിയമമുണ്ടാക്കിയവര്‍ തന്നെ അവരുടെ രക്ഷകരായി എത്തുന്നത് നാം കാണുന്നു. ഭരണക്കാരും പ്രതിപക്ഷങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമെന്നല്ലാതെ യഥാര്‍ഥത്തില്‍ ഇവരുടെയെല്ലാം തണലിലാണ് എല്ലാ വൃത്തികേടുകളും അരങ്ങേറുന്നതും. എല്ലാവര്‍ക്കും അവരവരുടേതായ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നര്‍ഥം. പലരും ഇവരുടെ സഹായം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗപ്പെടുത്തുന്നവരുമാണ്.

           പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ഇത്തരം അവിശുദ്ധ വഴികള്‍ അടയ്ക്കാനും കൊള്ളയും കൊലയും  അമര്‍ച്ച ചെയ്യാനും ഉത്തമ മാര്‍ഗം എന്ന് വാദിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു എ കെ ആന്റണി. തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ തന്നെ പുകച്ചു പുറത്തുചാടിക്കുന്നതാണല്ലോ പിന്നീട്  കേരളം കണ്ടത്. അദ്ദേഹത്തിന്റെ ശിഷ്യനായ പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഈ രംഗത്ത് ധാരാളം ചെയ്യാന്‍ കഴിയുമെന്ന് സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട.് അക്രമികളോടും കവര്‍ച്ചക്കാരോടും എള്ളോളം വിട്ടുവീഴ്ച പാടില്ല. അങ്ങനെ ചെയ്യുന്നത്  രാജ്യപുരോഗതിയുടെ വിതാനങ്ങളെ തടസ്സപ്പെടുത്തുമെന്ന് അദ്ദേഹവും സഹപ്രവര്‍ത്തകരും തിരിച്ചറിയണം. ഇത്തരം കറുത്ത ശക്തികള്‍ക്ക് കരുത്തുപകരുന്ന  നടപടികളുമായി മുന്നോട്ടു പോകുന്നത് ആത്മഹത്യാപരമായിരിക്കുകയും ചെയ്യും.  

Thursday, June 16, 2011

ഈ സത്യം എത്ര അപമാനകരം


            ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ നാലാമത്തെ രാജ്യമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! സ്ത്രീകള്‍ക്ക് മാത്രമല്ല  രാജ്യത്തെ 120 കോടി ജനങ്ങള്‍ക്കും നടുക്കവും നാണക്കേടുമുണ്ടാക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത് തോംസണ്‍ റോയ്‌ട്ടേഴ്‌സ് ട്രസ്റ്റ് ലോ വിമന്‍ എന്ന സംഘടന ഇതു സംബന്ധിച്ച് നടത്തിയ സര്‍വേയിലാണ്. ഈ വിചിത്രസത്യം എത്ര അപമാനകരമാണ്. ആഗോളസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇനി നമുക്ക് എന്ത് അര്‍ഹതയാണുള്ളത്? ലോകത്തെ 180ലേറെ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ എത്രയോ ഭേദം എന്നല്ലേ ഇതിനര്‍ഥം? പെണ്‍നൊമ്പരങ്ങളെ ആഴത്തില്‍ തിരിച്ചറിയാന്‍ രാഷ്ട്രീയ നേതൃത്വങ്ങളാകട്ടെ ഭരണാധികാരികളാകട്ടെ ഫലപ്രദമായ ഒരു ശ്രമവും നാളിതുവരെ നടത്തിയതായി അറിവില്ല.

            ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ കയ്യടക്കിയത്. അഫ്ഗാനിസ്ഥാന്‍, റിപ്പബ്‌ളിക് ഓഫ് കോംഗോ, പാക്കിസ്താന്‍  എന്നീ രാജ്യങ്ങളാണ് സ്ത്രീകള്‍ക്ക് നാശം വിതക്കുന്ന വരുടെ പട്ടികയില്‍ ഇന്ത്യക്ക് മുന്നില്‍ ഇടം പിടിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് പിന്നിലാണ് ദരിദ്ര ആഫ്രിക്കന്‍ രാജ്യമായ സോമാലിയ പോലും. കശ്മലന്മാരുടെ കരവലയത്തില്‍നിന്ന് സഹോദരിമാരെ രക്ഷിക്കാന്‍ ഇനി നാം ഏത് പ്രാര്‍ഥനയാണ് ചൊല്ലേണ്ടത്? ഏത് വാതിലിലാണ് മുട്ടേണ്ടത്. അല്ലെങ്കില്‍ ഏത് ആയുധമാണ് കയ്യില്‍ കരുതേണ്ടത്? ആയിരം നാവുകൊണ്ട് അവകാശപ്പെട്ട നമ്മുടെ മാനവിക ധാര്‍മിക മൂല്യങ്ങള്‍ക്ക് എങ്ങനെ ഇത്രമാത്രം ശോഷണം സംഭവിച്ചു?

            ഫെമിനിസ്റ്റ് സംഘടനകള്‍ക്കും വനിതാ പ്രസ്ഥാനങ്ങള്‍ക്കും ഇവിടെ ഒരു പഞ്ഞവുമില്ല.  കുടുംബിനികള്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം ഇത്രയധികം സംഘടനകളുള്ള മറ്റൊരു രാജ്യവുമില്ല. മത-രാഷ്ട്രീയ-സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം വനിതാ വിംഗുകളുമുണ്ട്. എല്ലാമുണ്ടായിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അസഹനീയമാംവിധം പെരുകിക്കൊണ്ടിരിക്കുന്നു. ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍,ഓഫീസുകളിലും വിദ്യാലയങ്ങളിലും വാഹനങ്ങളിലും  വ്യവസായശാലകളിലും പീഡനം എന്നുവേണ്ട മതസ്ഥാപനങ്ങളടക്കം സ്ത്രീ സാന്നിധ്യമുള്ളിടത്തെല്ലാം അവളുടെ തേങ്ങലുകളുയരുന്നു. കദനകഥകള്‍ മുഴങ്ങുന്നു. നാലുവയസ്സുള്ള പിഞ്ചോമന മുതല്‍ 80 കഴിഞ്ഞ പടുവൃദ്ധകള്‍ വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നു. പോറ്റിവളര്‍ത്തിയ പിതാവിന്റെയും ജീവിതം പങ്കുവെച്ച ഭര്‍ത്താവിന്റെയും നൊന്തുപെറ്റ പുത്രന്റെയും കൊലക്കത്തികള്‍ അവള്‍ക്ക് നേരെ ചീറിയടുക്കുന്നു. ഒട്ടും ക്ഷാമമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ മനസ്സിലുണ്ടാക്കുന്ന സ്‌ഫോടനം എത്ര കഠോരമാണ്.
 
            പീഡനങ്ങളില്‍ മാത്രമല്ല പെണ്‍ഭ്രൂണഹത്യയിലും ശിശുഹത്യയിലും മനുഷ്യക്കടത്തിലും ഇന്ത്യ തന്നെയാണ് നാലാം സ്ഥാനത്ത്. ചുരുങ്ങിയത് പത്ത് കോടി സ്ത്രീകളെങ്കിലും മനുഷ്യക്കടത്തിന്റെ ഇരകളായി മാറിയിട്ടുണ്ടെന്ന് 2009ല്‍ നമ്മുടെ ആഭ്യന്തര സെക്രട്ടറി മധുക്കര്‍ഗുപ്ത തന്നെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം മുപ്പത് ലക്ഷം സ്ത്രീകള്‍ വേശ്യാവൃത്തിയിലൂടെയാണ് ഉപജീവനം തേടുന്നത്. ഇതില്‍ നാല്‍പത് ശതമാനം കുട്ടികളാണ്. ധാര്‍മിക മുല്യങ്ങളുടെ മധുരസങ്കീര്‍ത്തനം മുഴങ്ങുന്ന ഒരു രാജ്യത്തെ ഈ സ്ഥിതിവിവരക്കണക്കുകള്‍ നാം എത്തിച്ചേര്‍ന്ന പതനത്തിന്റെയും ജീര്‍ണതയുടെയും ആഴമല്ലേ യഥാര്‍ഥത്തില്‍ വിളംബരം ചെയ്യുന്നത്?

            സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും ലോകോത്തമരെന്ന് അഹങ്കരിക്കുന്ന മലയാളികളുടെ സ്ഥിതിയെന്താണ്? കേരളത്തിലിന്ന് ആര്‍ഭാടപൂര്‍വം നടക്കുന്നത് ലൈംഗികപീഡനങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്ത്രീകള്‍ക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നുവെന്ന് കരുതാവുന്ന സംഭവവികാസങ്ങളാണ് ഓരോ ദിവസവും പത്രകോളങ്ങളില്‍ നിറയുന്നത്. ഇതിനെതിരെ ചര്‍ച്ചകളും സെമിനാറുകളും കവിതകളും പ്രഭാഷണങ്ങളും നോവലുകളുമെല്ലാം ആവശ്യത്തിലേറെയുണ്ടെങ്കിലും പീഡനങ്ങള്‍ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.

            ഗാര്‍ഹിക പീഡന വിരുദ്ധ നിയമമടക്കം നിരവധി നിയമങ്ങള്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി പാസ്സാക്കിയിട്ടുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. അത് പക്ഷെ കടലാസില്‍ സുഖനിദ്ര കൊള്ളുകയാണ്. നിയമത്തിന്റെ പരിരക്ഷ വേട്ടക്കാരെ രക്ഷിക്കാനുള്ളതാണ്. കിളിരൂര്‍, കവിയൂര്‍, സൂര്യനെല്ലി, വിതുര, തോപ്പുംപടി പെണ്‍വാണിഭങ്ങളില്‍ ഇരകളെ അവഗണിക്കുന്ന സമീപനമല്ലേ ഭരണകൂടങ്ങള്‍ വരെ സ്വീകരിച്ചത്? സ്ത്രീകളെ വിദേശത്തേക്ക് കടത്തി അവിടങ്ങളില്‍ നടക്കുന്ന പെണ്‍വാണിഭങ്ങളിലും മലയാളി പെണ്‍കുട്ടികളാണ് ഏറ്റവും പ്രധാന ഇരകള്‍.  മൊബൈല്‍ ഫോണിലൂടെ സ്ത്രീകളെ വലയില്‍ വീഴ്ത്തി നശിപ്പിക്കുന്നതിന്റെ വാര്‍ത്തകളും നമ്മെ അലോസരപ്പെടുത്തുന്നില്ല.  ഇതുമൂലം ഭാവിതുലഞ്ഞുപോയ പെണ്‍കുട്ടികളുടെ എണ്ണവും ചെറുതല്ല.
വേട്ടക്കാരെ രക്ഷിക്കാനും അതിന് വേണ്ടി ആളും അര്‍ഥവും നല്‍കാനും ഇവിടെ ആളുകളുണ്ട്. സൗമ്യ എന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍നിന്ന് തള്ളിയിട്ട് കൊന്ന ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരുടെ നിരയാണ് കോടതിയില്‍ ഹാജരാകുന്നത്! വെറും ഒരു യാചകന്‍ മാത്രമായ ഈ തമിഴനുവേണ്ടി പണമൊഴുക്കാനും ഇവിടെ വ്യക്തികള്‍ മാത്രമല്ല സംഘടനകളും റെഡി. എത്രമാത്രം ഉത്ക്കണ്ഠാജനകമാണിത്. സ്ത്രീയെ മാതാവായും ദേവതയായും ആദരപൂര്‍വം മാനിക്കുന്ന ഒരു രാജ്യത്താണ് സ്ത്രീകള്‍ക്ക് സുരക്ഷിതമില്ലാത്തത് എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ലജ്ജ തോന്നുന്നു. സാംസ്‌കാരിക നായകര്‍ ഇതൊന്നും അറിയുന്നില്ലെന്ന് വരുമോ.

Wednesday, June 15, 2011

തുര്‍ക്കിയിലെ വസന്തം പാഠമാവട്ടെ

            തുര്‍ക്കിയില്‍ പ്രവചനങ്ങളെ അതിജീവിക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളത്രയും പ്രയോഗിച്ചിട്ടും പ്രതിപക്ഷങ്ങള്‍ക്കായില്ല. 2002ല്‍ അധികാരമേല്‍ക്കുമ്പോഴുണ്ടായിരുന്ന അവസ്ഥയില്‍നിന്ന് തുര്‍ക്കിയെ ഏറെ മുന്നോട്ടുനയിച്ച റജബ് ത്വയ്യിബ് ഉര്‍ദുഗാന് തന്നെ തുര്‍ക്കി ജനത മൂന്നാം തവണയും തിളങ്ങുന്ന അംഗീകാരം നല്‍കിയിരിക്കുന്നു. കാര്യക്ഷമതയുള്ള ഭരണാധികാരികളെ ജനങ്ങള്‍ കയ്യൊഴിക്കില്ലെന്നതിന് ഒന്നാംതരം ഉദാഹരണമാണ് തുര്‍ക്കിയിലെ  ജനവിധി. 1923 മുതല്‍ 1950 വരെയുള്ള ഫാസിസ്റ്റ് ഭരണവും  അതിനു ശേഷം ഓരോ പത്ത് വര്‍ഷത്തിലും ആവര്‍ത്തിക്കപ്പെട്ട പട്ടാള അട്ടിമറിയും തുര്‍ക്കിയെ യൂറോപ്പിലെ രോഗിയാക്കിയിരുന്നു. ഭരണരംഗത്തെ അസ്ഥിരത തുര്‍ക്കിയെ സാംസ്‌കാരികമായും വല്ലാതെ ഉലച്ചുകളഞ്ഞു. തുര്‍ക്കിക്ക് ഒരു കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ തിളക്കമാര്‍ന്ന ചരിത്രം പങ്കുവെക്കാനുണ്ട്. ഇന്നും ഉജ്ജ്വലമായ ആ സ്മരണകള്‍ ജനമനസ്സുകളില്‍ പച്ചപിടിച്ചു തന്നെ നില്‍പ്പുണ്ട്. എന്നാല്‍ അത്യാചാരങ്ങള്‍കൊണ്ട് ഇസ്‌ലാമിക മുഖം വികൃതമാക്കാനുള്ള ശ്രമങ്ങളും പിന്നീടുണ്ടായി.   ഭരണസ്ഥിരതയുടെ നല്ല വശം ജനങ്ങള്‍ക്ക് അനുഭവവേദ്യമായത് പക്ഷെ ഉര്‍ദുഗാന്റെ വരവോടെയാണെന്ന് മാത്രം.

            ഞായറാഴ്ച  550 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാന്ത്രിക സംഖ്യയായ 367 സീറ്റ് തികയ്ക്കാന്‍ ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി (എ കെ പാര്‍ട്ടി) ക്കായില്ല. 50 ശതമാനം വോട്ടുനേടിയ എ കെ പാര്‍ട്ടിക്ക് 326 സീറ്റാണ് ലഭിച്ചത്. പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഭരണഘടന മാറ്റിയെഴുതുന്നതിന് മറ്റു പാര്‍ട്ടികളുടെ സഹായം തേടേണ്ടിവരും. പഴയ ഭരണഘടനയിലെ ജനവിരുദ്ധ വകുപ്പുകള്‍ ഒഴിവാക്കി  പുതിയ ഭരണഘടന തയ്യാറാക്കുമെന്നത് ഉര്‍ദുഗാന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍  ഭേദഗതിക്ക് മറ്റ് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കൂടി ആവശ്യമാണ്. മുഖ്യ പ്രതിപക്ഷ കക്ഷിയായ റിപ്പബ്‌ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് കഴിഞ്ഞ തവണ 112 സീററുണ്ടായിരുന്നത് ഇത്തവണ 135 ആയി വര്‍ധിച്ചിട്ടുണ്ട്. കുര്‍ദു അനുകൂല പാര്‍ട്ടിയായ പീസ് ആന്റ് ഡമോക്രസി പാര്‍ട്ടി 53 സീറ്റും മറ്റ് സ്വതന്ത്രര്‍ 36 സീറ്റും നേടിയിട്ടുണ്ട്. 50 വനിതകളുടെ സ്ഥാനത്ത് ഇത്തവണ പാര്‍ലമെന്റില്‍ 78 മഹിളാ മെമ്പര്‍മാരുടെ സാന്നിധ്യമുണ്ട്. ഈ കക്ഷികളുമായെല്ലാം കൂടിയാലോചിച്ചശേഷമേ പുതിയ ഭരണഘടന തയാറാക്കുകയുള്ളൂവെന്ന് ഫലം പുറത്തുവന്ന ശേഷം ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. സര്‍ക്കാരിതര സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ സമൂഹത്തിലെ  എല്ലാ വിഭാഗങ്ങളുമായും  ആശയവിനിമയം നടത്താനും അദ്ദേഹത്തിന് പരിപാടിയുണ്ട്. തീര്‍ച്ചയായും സ്വാഗതാര്‍ഹവും മാതൃകാപരവുമായ ഈ സമീപനം മറ്റ് രാഷ്ട്രങ്ങള്‍ക്കും  പാഠമാവേണ്ടതാണ്. മാധ്യമങ്ങളും തുര്‍ക്കി ഭരണകൂടത്തിന് അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്.

            തുര്‍ക്കിയിലെ ഭരണസ്ഥിരത അയല്‍ രാജ്യങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയപ്രക്ഷോഭത്തെ അവിടത്തെ സര്‍ക്കാര്‍ നിഷ്‌ക്കരുണം അടിച്ചൊതുക്കുകയാണ്. സിറിയയുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കിയെങ്കിലും അവിടുത്തെ അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിന് അത്  തടസ്സമാകുന്നില്ല. ഒട്ടുമിക്ക അറബ് രാജ്യങ്ങളും മൗനം പാലിക്കുമ്പോള്‍ തുര്‍ക്കിയുടെ ധീരമായ നിലപാട് ഏറെ ശ്രദ്ധേയമാണ്. സിറിയന്‍ സൈന്യം ടാങ്കുകളും കവചിത വാഹനങ്ങളുമായി കൂടുതല്‍ ഗ്രാമങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ തുര്‍ക്കിയിലേക്കാണ് അഭയാര്‍ഥി പ്രവാഹം. ഇതിനകം തന്നെ നാല് അഭയാര്‍ഥികേമ്പുകള്‍ അവിടെ തുറന്നു പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ക്കെതിരെ നിറയൊഴിക്കാന്‍ സൈനികര്‍ക്ക് അസദ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ തുര്‍ക്കി മാത്രമാണ് അവര്‍ക്കിപ്പോള്‍ ആശ്രയം.

            ഉര്‍ദുഗാനെ തീവ്ര ഇസ്‌ലാമിസ്റ്റെന്ന് മുദ്രകുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രതിപക്ഷ കക്ഷികള്‍ക്ക് ലഭിച്ച തിരിച്ചടി വലിയ പാഠമാണ്. തുര്‍ക്കി ജനതയുടെ അഭിമാനകരമായ നിലനില്‍പിന് അനിവാര്യമായ മൂല്യങ്ങള്‍ മുറുകെപിടിക്കുമെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച ഭരണാധികാരിയാണ് ഉര്‍ദുഗാന്‍. മൂന്നാം തവണയും തുര്‍ക്കിജനതയുടെ അംഗീകാരം കിട്ടിയ അദ്ദേഹം എല്ലാ കാര്യത്തിലും തികഞ്ഞ പക്വതയോടെയാണ് പ്രതികരിക്കുന്നത്. തുര്‍ക്കിയുടെ ശക്തമായ സാന്നിധ്യം ലോകത്തെ അറിയിക്കുകയെന്നതും ഉര്‍ദുഗാന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ പെടും. സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയില്‍ പെട്ട് വന്‍ശക്തികള്‍ ഉലഞ്ഞപ്പോഴും ചൈനയോടുപോലും മത്സരിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥ വളര്‍ത്തിക്കൊണ്ടുവരാന്‍ തുര്‍ക്കിക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല.

            രാജ്യം തൊഴിലില്ലായ്മയില്‍ പൊറുതിമുട്ടിയ സമയത്താണ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുര്‍ക്കിയില്‍ ഭരണം കയ്യേറ്റത്. ഇക്കാര്യത്തില്‍ ഭരണകൂടം കൈക്കൊണ്ട ബുദ്ധിപരമായ സമീപനമാണ് ഈ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ രാജ്യത്തെ വലിയൊരളവോളം പ്രാപ്തമാക്കിയത്. യൂറോപ്പിലെ നിക്ഷേപസൗഹൃദ രാജ്യമായി തുര്‍ക്കിയെ മാറ്റുന്നതിലും ഒമ്പത് വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന എ കെ പാര്‍ട്ടിയുടെ പങ്ക് വളരെ വലുതാണ്. യൂറോപ്യന്‍ യൂന്യന്‍ മാതൃകയില്‍ പശ്ചിമേഷ്യയും മറ്റ് അറബ് രാജ്യങ്ങളും ഉള്‍പ്പെടുന്ന മുസ്‌ലിംലോകത്തിന്റെ ഐക്യവും ഉര്‍ദുഗാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

Monday, June 13, 2011

പത്രസ്വാതന്ത്ര്യം ചോരയില്‍ കുതിര്‍ന്നാല്‍


          പത്രസ്വാതന്ത്ര്യത്തിന്റെ സാഫല്യം അനുഭവിക്കാന്‍ ഏറെ അവസരങ്ങള്‍ കൈവന്ന രാജ്യമാണ് നമ്മുടേത്. കാലത്തിന്റെ ആകുലതകളും ആവശ്യങ്ങളും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പ്രതിവിധി കണ്ടെത്തുംവരെ നീതിക്ക് വേണ്ടി പൊരുതിയ പത്രധര്‍മത്തെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങിയാല്‍ ബന്ധപ്പെട്ടവരുടെയൊക്കെ നാവ് പുഷ്പിക്കും. ജനാധിപത്യക്രമത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ ശക്തിസാന്നിധ്യം ഇഷ്ടപ്പെടാത്തവരുടെ എണ്ണവും ആനുപാതികമായി പെരുകിക്കൊണ്ടിരിക്കുന്നുവെന്നതിനും ഇവിടെ തെളിവുകളുണ്ട്. സ്ഫുടംചെയ്‌തെടുത്ത തിക്തസത്യങ്ങള്‍ പുറംലോകം അറിയുമ്പോള്‍ ചിലര്‍ക്ക് വിറളിയെടുക്കുക സ്വാഭാവികം. അവര്‍ ആയുധമെടുക്കും. ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ അത്തരം പത്രപ്രവര്‍ത്തകന്മാരുടെ കഥ കഴിച്ചെന്നും വരും. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുംബൈ നഗരത്തിലെ സായാഹ്ന പത്രമായ മിഡ്‌ഡേയുടെ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ എഡിറ്ററുമായിരുന്ന ജ്യോതിര്‍മയി  ഡേയുടെ അനുഭവം ഒരു ജര്‍ണലിസ്റ്റിനും സംഭവിച്ചുകൂടാത്തതാണ്. അദ്ദേഹത്തിന്റെ വധത്തെ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമായി കാണാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന്  മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിന് കഴിയാതെ പോയാല്‍ ജനാധിപത്യം കുപ്പത്തൊട്ടിയില്‍ എന്ന് തന്നെ പറയേണ്ടിവരും.

          ജ്യോതിര്‍മയി ഡേയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ അധോലോകമാണെന്നാണ് നിഗമനം. അധോലോകത്തെയും എണ്ണ മാഫിയയെയും കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയനായ ഡേക്ക് മാഫിയ ഭീഷണി ഉണ്ടായിരുന്നതായി പൊലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരപ്രാന്തമായ പവയില്‍ നട്ടുച്ചക്കായിരുന്നു ഈ സംഭവം എന്നതു തന്നെ മാഫിയ എത്രമാത്രം ശക്തരാണെന്നതിന് ഏറ്റവും വലിയ തെളിവാണ്. അധോലോകത്തിനും മാഫിയ സംഘങ്ങള്‍ക്കും വളക്കൂറുള്ള മുംബൈയില്‍ അരുംകൊലകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകാറില്ല. ഡേയുടെ റിപ്പോര്‍ട്ടുകളും പ്രവര്‍ത്തനരംഗവും പരിശോധിച്ചാല്‍ ഇത്തരം സംഘങ്ങളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ വീറോടെ ശബ്ദിച്ചതായി കാണാം. എണ്ണയില്‍ മായം ചേര്‍ത്ത് കോടികള്‍ കൊയ്യുന്ന മാഫിയകള്‍ക്കെതിരെയും ഡേ നിരന്തരം തൂലിക ചലിപ്പിച്ചിട്ടുണ്ട്.

          അധോലോകവും മാഫിയകളും പൊലീസും കൈകോര്‍ക്കാന്‍ മടിക്കാത്ത സ്ഥലമാണ് മുംബൈ. മുംബൈയില്‍ നിന്ന് കേരളവും പലതും പകര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗപ്പെടുത്തി ശത്രുക്കളെ വകവരുത്തുന്ന സംഭവങ്ങള്‍ ഇവിടെയും ഇഷ്ടംപോലെ അരങ്ങേറുന്നു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിക്കാന്‍ പൊലീസുകാരും മുമ്പോട്ടു വന്നതിന്റെ ഉത്തമോദാഹരണമാണല്ലോ ഉണ്ണിത്താന്‍ സംഭവം. മാതൃഭൂമിയുടെ കൊല്ലം ലേഖകനായ ഉണ്ണിത്താനെ മര്‍ദിച്ചൊതുക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ കൂട്ടുപിടിച്ച ഡി വൈ എസ് പി ഇപ്പോള്‍ ജയിലിലാണ്. ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയ പ്രബുദ്ധതയും പത്രപ്രവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരവുമുള്ള കേരളത്തില്‍ പോലും ഇതാണ് അവസ്ഥയെങ്കില്‍ മുംബെയിലെ സംഭവത്തെ കുറിച്ച് പറയാതിരിക്കുകയാവും ഭേദം.

          മുംബൈയില്‍ പക്ഷെ പത്രപ്രവര്‍ത്തകന്‍ പട്ടാപ്പകല്‍ വധിക്കപ്പെട്ടിരിക്കുകയാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ജീവന് പോലും ഭീഷണി ഉയര്‍ത്തുമെന്ന് വന്നിരിക്കുന്നു. ഇത് സത്യത്തില്‍ ഇന്ത്യന്‍ ജനതയോടും അവരുടെ ജനാധിപത്യ അവകാശങ്ങളോടുമുള്ള വെല്ലുവിളി തന്നെയാണ്. അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നവരുടെ ചോര നടുറോഡില്‍ പതഞ്ഞൊഴുകുമെന്ന് വന്നാല്‍ അത്തരം ചെയ്തികളെ രാക്ഷസീയമെന്ന് വിശേഷിപ്പിക്കേണ്ടിവരും.

          പത്രസ്വാതന്ത്ര്യത്തിനെതിരെ കയ്യേറ്റങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തകരെ വിലക്കെടുക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരെയും ഇന്ന് എല്ലായിടത്തും കാണാം. പെയ്ഡ് ന്യൂസ് എന്ന ഓമനപ്പേരില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇഷ്ടഭാജനങ്ങളായി ചിലരുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പത്രപ്രവര്‍ത്തകരെ കുറിച്ചും അവരില്‍ ചിലരുടെ ഏകപക്ഷീയമായ  വാര്‍ത്താവതരണരീതിയെ കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നത് ശരിയാണ്. അതിനര്‍ഥം പത്രക്കാരെല്ലാം അത്തരക്കാരാണ് എന്നല്ലല്ലോ. മാത്രമല്ല മഹാഭൂരിഭാഗവും എതിരുമാണ്.
ശനിയാഴ്ചയാണ് നാലംഗ അജ്ഞാതസംഘം മിഡ്‌ഡേയുടെ  എഡിറ്ററെ  വെടിവെച്ചുകൊന്നത്. സംഭവത്തിന്റെ ഗൗരവം മഹരാഷ്ട്ര ഗവണ്‍മെന്റ് കണക്കിലെടുത്തു കാണുന്നതില്‍ പത്രപ്രവര്‍ത്തക സമൂഹത്തിന് ആശ്വാസം നല്‍കുന്നു. മുഖ്യമന്ത്രി ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിന് വേഗം കൂട്ടിയിട്ടുണ്ട്. കൊലപാതകത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാനാണ് നിര്‍ദേശം.

          മാധ്യമലോകത്ത് നടുക്കം സൃഷ്ടിച്ച സംഭവമാണിത്. എന്നാലിത് മാധ്യമപ്രവര്‍ത്തകരുടെ മാത്രം കാര്യമല്ലെന്നും ഇന്ത്യന്‍ ജനത മൊത്തം അഭിമുഖീകരിക്കുന്ന ഗുരുതരമായ ഭീഷണിയുടെ മര്‍മ്മപ്രധാന പ്രശ്‌നമായി ഇതിനെ കാണാന്‍ സര്‍ക്കാരിനും പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും കഴിയണമെന്നുമാണ് ഞങങളുടെയും അഭ്യര്‍ഥന. പ്രതികള്‍  രക്ഷപ്പെടാത്ത വിധം എല്ലാ പഴുതുകളും അടച്ചുകൊണ്ടായിരിക്കണം അന്വേഷണവും അനന്തര നടപടികളും. എന്തായാലും  ഡേ യുടെ മരണം തേച്ചുമാച്ചില്ലാതാക്കാന്‍ ആരു ശ്രമിച്ചാലും മാധ്യമലോകം അത് പൊറുക്കില്ല, തീര്‍ച്ച.

Thursday, June 9, 2011

സന്യാസിമാര്‍ നിയമം കയ്യിലെടുത്താല്‍


               ശാന്തിമന്ത്രം ഉരുവിട്ട് നടക്കേണ്ട സന്യാസിമാര്‍ സായുധസേന രൂപീകരിച്ച് പൊലീസിനെ നേരിടുമെന്ന് പ്രഖ്യാപിച്ചാല്‍ എന്തു ചെയ്യും? തന്റെ അഴിമതിവിരുദ്ധ സമരത്തിന് സംരക്ഷണം നല്‍കാനും വേണ്ടിവന്നാല്‍ തിരിച്ചടിക്കാനുമായി 11000 പേരുടെ പ്രത്യേക സേന രൂപീകരിക്കുമെന്ന യോഗാചാര്യന്‍ ബാബ രാംദേവിന്റെ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധം എന്ന് പറഞ്ഞ് ചവറ്റുകൊട്ടയില്‍ തള്ളാന്‍ വരട്ടെ. രാംദേവിന്റെ സമരത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ കാര്‍ക്കിച്ചാല്‍ അവര്‍ തുപ്പാതിരിക്കില്ല എന്ന് കൂടി തിരിച്ചറിയണം. കാളകൂടം ശിരസ്സിലേറ്റി രാജ്യമൊട്ടുക്കും സഞ്ചരിച്ച് നാഗക്കളങ്ങള്‍ തീര്‍ക്കുന്ന അശോക് സിംഗാളും തൊഗാഡിയയും സുഷമാ സ്വരാജുമൊക്കെ രാംദേവിന്റെ സമരത്തിന് പിന്നിലും ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന കാര്യം ആഭ്യമന്ത്രി ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം.

               അഴിമതിക്കെതിരെ സമരം പ്രഖ്യാപിക്കുന്ന ഏതൊരു സംഘടനയേയും വ്യക്തികളെയും  പിന്തുണക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കര്‍ണാടകയില്‍ നടന്ന ആര്‍ എസ് എസിന്റെ പരമോന്നത നേതൃത്വമായ അഖില്‍ ഭാരതീയ പ്രതിനിധി സഭ യോഗം തീരുമാനിച്ചിരുന്നു. രാംദേവിന്റെ സഹായത്തോടെ അഴിമതി വിരുദ്ധ മുന്നണി രൂപീകരിക്കാനും അവര്‍ തീരുമാനമെടുത്തതായി മന്ത്രി ചിദംബരം തന്നെ രണ്ടുമാസം മുമ്പ് വെളിപ്പെടുത്തിയിരുന്നു.

               കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ  മരണംവരെ നിരാഹാരം പ്രഖ്യാപിച്ചുകൊണ്ടാണ് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ ബാബ സമരം നടത്തിയത്. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീവ്രശ്രമം നടത്തിയിരുന്നു.  മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് സമരത്തെ എതിരേറ്റതോടെ  രാംദേവ് ഉന്നയിച്ച പല ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ ലംഘിച്ചു എന്നാരോപിച്ച്  സര്‍ക്കാരും സമരക്കാരും ഏറ്റുമുട്ടുന്നതാണ് പിന്നീട് കണ്ടത്. രാംദേവിനെയും അനുയായികളെയും പാതിരാത്രിയില്‍ പൊലീസ്  ഒഴിപ്പിച്ചു.  രാംദേവടക്കം എല്ലാവരെയും മൈതാനത്തുനിന്ന് ബലംപ്രയോഗച്ച് പുറത്താക്കിയത് പുതിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് ഇതുമൂലം പരിക്കേറ്റ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ആര്‍ എസ് എസും  ബി ജെ പിയും മാത്രമല്ല ഇതര പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നു. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന നടപടിയെന്ന് പോലും ആക്ഷേപം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പരുങ്ങി.  രഹസ്യധാരണ പ്രകാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ച സമരം വീണ്ടും തുടര്‍ന്നപ്പോഴാണ് പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും നിര്‍ദേശപ്രകാരം പൊലീസ് കര്‍ശന നടപടിയിലേക്ക് തിരിഞ്ഞതെന്നായിരുന്നു മന്ത്രി കബില്‍ സിബലിന്റെ ഔദ്യോഗിക വിശദീകരണം.

               അന്നാ ഹസാരെയെപോലെ രാംദേവും മുന്നോട്ടുവെച്ച ആവശ്യങ്ങളെ കുറിച്ച് ആര്‍ക്കും പരാതിപറയാനാവില്ല. വിവിധ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണനിക്ഷേപം എത്രയും വേഗം തിരിച്ചുപിടിക്കുക, രാജ്യത്തെ പൗരന്മാര്‍ എല്ലാ വര്‍ഷവും അവരുടെ സ്വത്തുവിവരം പ്രഖ്യാപിക്കുക,  അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്ക് വധശിക്ഷ നല്‍കാന്‍ കര്‍ശന ലോക്പാല്‍ നിയമം കൊണ്ടുവരിക, ഭരണം, നീതിനിര്‍വഹണം, നികുതി, വിദ്യാഭ്യാസം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തില്‍ നിലവിലുള്ള ബ്രിട്ടീഷ് സംവിധാനത്തിനു പകരം ഇന്ത്യന്‍രീതി അവലംബിക്കുക, ധാന്യങ്ങളുടെ താങ്ങുവില ഉയര്‍ത്തുക തുടങ്ങിയ രാംദേവ് ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം സ്വാഗതം ചെയ്യപ്പെടേണ്ടവ തന്നെ. വധശിക്ഷക്ക് പകരം അഴിമതിക്കുള്ള ശിക്ഷ പരമാവധി വര്‍ധിപ്പിച്ചേ മതിയാവൂ. അഴിമതി വിചാരണക്ക് കൂടുതല്‍ പ്രത്യേക കോടതികള്‍ ആവശ്യമാണെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാരിനുമുള്ളത്.

               എന്നാല്‍ ബാബ രാംദേവിനും കൂട്ടര്‍ക്കും അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സമരം നടത്താന്‍ എത്രമാത്രം അവകാശവും അര്‍ഹതയുമുണ്ട്? ഇല്ലെന്ന് മാത്രമല്ല അവരും ആ പട്ടികയിലാണ് വരിക.  ഇവര്‍ക്കും ഇവരുടെ കീഴിലുള്ള സംഘടനകള്‍ക്കുമായി ഇരുനൂറിലേറെ വ്യവസായ സ്ഥാപനങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. ആസ്ത ടി വി അടക്കം ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. രാംദേവുമായി ബന്ധമുള്ള സംഘടനകള്‍ 2009ല്‍ മാത്രം 22 കമ്പനികള്‍ ആരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹത്തിന് കോടികളുടെ ആസ്തിയാണുള്ളത്. യഥാര്‍ഥത്തില്‍ സ്വയംതീര്‍ത്ത കുഴിയിലാണ് രാംദേവും ആര്‍ എസ് എസും അകപ്പെട്ടിരിക്കുന്നത്.

               അഴിമതിക്കെതിരെ എന്ന പേരില്‍ ഹരിദ്വാറിലെ ആശ്രമത്തില്‍ ഉപവാസം തുടരുന്ന രാംദേവ് സ്വത്തുവിവരം വെളിപ്പെടുത്താന്‍ സന്നദ്ധനായത് സന്തോഷകരം തന്നെ.  വെളിപ്പെടുത്തലില്‍ സത്യം പുറത്തുവരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഏതായാലും വേഷഭൂഷാദികളില്‍ രാംദേവ് സന്യാസിയാണെങ്കിലും  വാക്കിലും പ്രവൃത്തിയിലും അതല്ലെന്ന് വ്യക്തമായി.
 
              അത്തരക്കാരാണ് ഓരോ ജില്ലയില്‍നിന്നും 20 വീതം യുവാക്കളെ ഉള്‍പ്പെടുത്തി പൊലീസിനെ ചെറുക്കാന്‍ സായുധസേന രൂപീകരിക്കുന്നത്. അഴിമതിക്കെതിരെ ആയാല്‍ പോലും ഗവണ്‍മെന്റിനെതിരെ യുദ്ധോദ്യുക്തരായി വെല്ലുവിളി നടത്തുന്നത് അവിശ്വസനീയമായ അനുഭവം തന്നെയാണ്. അഴിമതി തടയുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെങ്കിലും അതിന്റെ പേരില്‍ രാജ്യത്തെ അശാന്തിയുടെ നടുക്കടലിലേക്ക് തള്ളിവിടാന്‍ ആരെയും അനുവദിച്ചുകൂടാ. രാംദേവിന്റെ യുദ്ധപ്രഖ്യാപനത്തില്‍ മുഴങ്ങുന്നത് ആര്‍ എസ് എസ് ഉതിര്‍ത്ത വെടിയൊച്ചയാകുമ്പോള്‍ വിശേഷിച്ചും.

Wednesday, June 8, 2011

സ്വത്തുവിവരങ്ങള്‍ പുറത്തുവരട്ടെ


               മന്‍മോഹന്‍ സിംഗിന്റെ സത്യസന്ധവും അഴിമതിരഹിതവുമായ ജീവിതത്തെ നമുക്ക് വാനോളം പുകഴ്ത്താം. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അത്തരമൊരു പരിമിതമായ സദാചാരം വ്യക്തിജീവിതത്തില്‍ മാത്രം കൊണ്ടുനടന്നാല്‍ മതിയോ? അദ്ദേഹം തന്റെ മന്ത്രിസഭയുടെയും ഭരണത്തിന്റെയും സദാചാരത്തിന്റെയും പാലംകൂടിയാവേണ്ടേ? ആ നിലയില്‍ തികഞ്ഞ പരാജയമാണ് മന്‍മോഹന്‍ സിംഗ് എന്ന് പറയേണ്ടിവരും. ഭരണത്തില്‍ തന്റെ സര്‍ക്കാര്‍ ഏഴുവര്‍ഷം പിന്നിടുമ്പോള്‍ അഴിമതിയുടെ ഗ്രാഫ് ഹിമാലയം വരെ ഉയര്‍ന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി തിരിച്ചറിഞ്ഞുവോ? വ്യക്തിഗതമായി നന്മയുള്ള ഒരാള്‍ എങ്ങനെയാണ് തന്റെ സഹപ്രവര്‍ത്തകര്‍ നടത്തിയ ഭീമാകാരമായ അഴിമതി ഇത്രനാളും കാണാതെ പോയത്? അഴിമതിയുടെ അവതാരങ്ങള്‍ പൊതുഖജനാവ് വര്‍ഷങ്ങളായി കൊള്ളയടിക്കുമ്പോള്‍ ഇതൊന്നും കാണാന്‍ കഴിവില്ലാത്ത ഒരാള്‍ പ്രധാനമന്ത്രിയായി തുടരുന്നതെങ്ങനെ?

               നാം അഴിമതിയോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ മഹാര്‍ബുദത്തിനെതിരെ നാടുനീളെ ചര്‍ച്ചകളും സെമിനാറുകളും സമരങ്ങളും ഉപവാസങ്ങളും ആര്‍ഭാടപൂര്‍വം പൊടിപൊടിക്കുമ്പോഴും രാജ്യം അഴിമതിയുടെ കൊടും ചൂടില്‍ തിളച്ചുകൊണ്ടിരിക്കുകയാണ്. എം പിമാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അഴിമതിയുടെ ധ്വജവാഹകരായി അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തെ കുറിച്ചുള്ള ദൃഢവിശ്വാസങ്ങളില്‍ തന്നെ അത് വിള്ളല്‍ വീഴുത്തും. പിന്നെ ഭരണപ്രമുഖരുടെ ധീരമായ പ്രഖ്യാപനങ്ങള്‍ക്ക് കീറച്ചാക്കിന്റെ വിലപോലും ഇല്ലെന്ന അവസ്ഥ വരും. ഇപ്പോള്‍ ഏറെക്കുറെ അതാണവസ്ഥ.

              അന്നാ ഹസാരെയും ബാബ രാംദേവും അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഉപവാസസമരവുമായി രംഗത്തുവന്നപ്പോള്‍ അതിന് ലഭിച്ച ജനപിന്തുണയും വാര്‍ത്താപ്രാധാന്യവും അഴിമതിയുടെ വിലക്കപ്പെട്ട വഴികള്‍ എത്രയുംവേഗം അടച്ചുകാണാനുള്ള പൗരാഭിലാഷത്തില്‍നിന്നും ഉയിര്‍കൊണ്ടതാണ്. രാംദേവ് സമരത്തിന്റെ പിന്നിലെ ഒത്തുകളി ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് അശേഷം പോറലേല്‍പിച്ചിട്ടില്ല. അഴിമതിയുടെ കാര്യം വരുമ്പോള്‍ എല്ലാ പാര്‍ട്ടികളും സ്വാര്‍ത്ഥതയുടെ പുറംതോടിലേക്ക് ഉള്‍വലിയുമെന്ന് ബോധ്യപ്പെടാന്‍ അത് അവസരമൊരുക്കിയെന്ന് മാത്രം. 2ജി സ്‌പെക്ട്രം അഴിമതിയിലൂടെ രാജിവെക്കേണ്ടി വന്ന രാജയുടെ പാര്‍ട്ടിയെ തമിള്‍നാട്ടിലെ വോട്ടര്‍മാര്‍ കെട്ടുകെട്ടിച്ചത് യു പി എക്കും എന്‍ ഡി എക്കുമെല്ലാം വലിയ പാഠമാകേണ്ടതാണ്.

               ഒരു പക്ഷേ അതുകൊണ്ടാവാം പ്രധാനമന്ത്രി സഹപ്രവര്‍ത്തകരുടെ വിനാശകരമായ പ്രയാണത്തിന് കടിഞ്ഞാണിടാന്‍ കച്ചമുറുക്കിയത്. മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്നും ബിസിനസ് ബന്ധങ്ങള്‍ അറിയിക്കണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടിരിക്കുന്നു. തികച്ചും ആഹ്‌ളാദകരമാണിത്. സംസ്ഥാന തലത്തിലും ഇത്തരം നിര്‍ദേശങ്ങള്‍ അനിവാര്യമായിരിക്കുന്നു. ഭരണത്തിലെ അഴിമതിക്കെതിരെ പൊതുസമൂഹം ഉണരുകയും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ മന്‍മോഹന്‍ സിംഗിന്റെ ആവശ്യത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. സ്വത്ത് വെളിപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് എല്ലാവരും സൗകര്യപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു. ടെലികോം മന്ത്രി രാജ സ്‌പെക്ട്രം കേസില്‍ ഉള്‍പ്പെട്ട സമയത്തായിരുന്നു അത്. ഡി എം കെ പ്രതിനിധി തന്നെയായ മുന്‍ ടെലികോം മന്ത്രിയും ഇപ്പോള്‍ ടെക്സ്റ്റയില്‍ മന്ത്രിയുമായ ദയാനിധിമാരനെതിരെ അന്വേഷണം വരുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി അതേ നിര്‍ദേശം വീണ്ടും ഉന്നയിച്ചത്.

               ഓഗസ്റ്റ് 31നകം മന്ത്രിമാര്‍ സ്വത്തുവിവരം പ്രഖ്യാപിക്കണം. ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ബന്ധമുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കണം. സ്വത്ത്, വരുമാനം, വായ്പകള്‍, വ്യാപാരതാല്പര്യങ്ങള്‍, നടത്തുന്ന വ്യാപാരങ്ങളുടെ വിവരങ്ങള്‍, വിദേശ രാജ്യങ്ങളുമായോ കമ്പനികളുമായോ ഇവയ്ക്ക് ബന്ധമുണ്ടെങ്കില്‍ അക്കാര്യങ്ങളും വ്യക്തമാക്കണമെന്നാണ് നിര്‌ദേശം.

               അതുകൊണ്ട് സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കുരുക്കുകള്‍ പിന്നെയും മുറുകുകയാണ്. ദയാനിധിമാരനും അധികനാള്‍ ഇനി മന്ത്രിയായി തുടരാനാവില്ല. സ്‌പെക്ട്രം ലൈസന്‍സുകള്‍ നല്‍കിയതിന്റെ നന്ദിസൂചകമായാണ് സ്വന്തക്കാരുടെ നേതൃത്വത്തിലുള്ള മാധ്യമ സംരംഭങ്ങള്‍ക്ക് വന്‍ തുക നിക്ഷേപം ലഭിച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. സ്‌പെക്ട്രം വിവാദം അന്വേഷിക്കുന്ന ജെ പി സി മുമ്പാകെ ദയാനിധിമാരനും ഇനി ഹാജരാകേണ്ടിവരും. എന്‍ ഡി എ ഭരണകാലത്ത് ടെലികോം അഴിമതികളുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം കണക്കാക്കാന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനും (സിഎജി) അഴിമതിയുടെ തോത് എത്രയെന്ന് കണക്കാക്കാന്‍ ടെലികോം വകുപ്പിനും നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് ഇതുവരെ ജെ പി സിക്ക് മറുപടി ലഭിച്ചിട്ടില്ല. മാരന്റെ കാലത്തെ എല്ലാ നടപടികളും അന്വേഷിക്കുമെന്ന് സി ബി ഐയും വ്യക്തമാക്കിയിട്ടുണ്ട്.

               രണ്ടാം യു പി എ ഭരണം മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ ഒട്ടും മെച്ചപ്പെട്ടതല്ല പ്രതിച്ഛായ. അഴിമതി അന്വേഷണത്തിന്റെയും മറ്റും കാര്യത്തില്‍  പ്രത്യാശാപൂര്‍ണമായ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍-ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചാല്‍ എന്‍ ഡി എക്ക് ഒരവസരം കൂടി ലഭിക്കുകയാവും ഫലം. സംശുദ്ധിയുടെ കാര്യത്തില്‍ പോസിറ്റീവായി ഒന്നും അവകാശപ്പെടാന്‍  അവര്‍ക്കില്ലെങ്കിലും രണ്ട് തിന്മകള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള സൗഭാഗ്യമേ ഇന്ത്യന്‍ ജനതക്ക് വിധിച്ചിട്ടുള്ളൂ എന്നത് കൊണ്ട് പാഠം പഠിപ്പിക്കാനുള്ള വ്യഗ്രതയില്‍ മറ്റൊന്നും അവര്‍ ചിന്തിച്ചില്ലെന്ന് വരും.

Monday, June 6, 2011

യമനിലെ ജനകീയ വിപ്‌ളവം വഴിത്തിരിവില്‍


               ടുണീഷ്യയിലും ഈജിപ്തിലും ജനകീയ വിപ്‌ളവം ജയം കണ്ടപ്പോള്‍ യമനിലെ ജനങ്ങള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അവസരം അവര്‍ നന്നായി ഉപയോഗിച്ചു. സ്വാതന്ത്ര്യവും സമാധാനവും പുരോഗതിയും കൊതിച്ച ജനങ്ങള്‍ക്ക് പ്രത്യാശപകരുന്ന ഒരു നടപടിയും നീണ്ട 33 വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രസിഡണ്ട് അലി അബ്ദുല്ല സ്വാലിഹിന് കാഴ്ചവെക്കാനായില്ല. അറബ് ലോകത്തെ തന്ത്രജ്ഞനായ ഭരണാധികാരിയെന്ന് പുകള്‍പെറ്റ അദ്ദേഹം പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി.  അവസാനം സകുടുംബം ചികിത്സയുടെ പേരിലാണെങ്കിലും നാടുവിടേണ്ടിവരികയും ചെയ്തു. സ്വാലിഹ് രാജ്യം വിട്ടതിനെ തുടര്‍ന്ന് തലസ്ഥാനമായ സന്‍ആയിലും വിവിധ നഗരങ്ങളിലും ജനങ്ങള്‍ പാട്ടുപാടിയും നൃത്തംചെയ്തും ആഹ്‌ളാദപ്രകടനം നടത്തുകയാണ്. യൂണിഫോറമണിഞ്ഞ സൈനികരില്‍ ചിലര്‍ പോലും ജനങ്ങളുടെ ആഹ്‌ളാദത്തില്‍ പങ്കുചേരുകയുണ്ടായി. ഭരണാധികാരികളുടെ വകതിരിവില്ലാത്ത വാഴ്ച അവരെ എവിടെ കൊണ്ടെത്തിക്കുമെന്നതിന് നല്ല ഉദാഹരണമാണ് യമന്‍.

               മാസങ്ങളായി യമനിലെ അതിശക്തമായ ജനരോഷം നേരിടുകയായിരുന്നു ഭരണകൂടം. വെള്ളിയാഴ്ച  കൊട്ടാരവളപ്പില്‍ പ്രക്ഷോഭകര്‍ നടത്തിയ റോക്കറ്റാക്രമണത്തിലാണ് പ്രസിഡണ്ടിന് സാരമായി പരുക്കേറ്റത്.  തുടര്‍ന്ന് പ്രക്ഷോഭകരുടെ കയ്യില്‍ പെടുന്നതിന് മുമ്പ് ചികിത്സക്കെന്ന പേരില്‍ സഊദിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. രാജ്യത്തിന്റെ  കുഞ്ചികസ്ഥാനങ്ങളില്‍ ഉള്ളവര്‍പോലും സ്വാലിഹിന്റെ വിമാനം സഊദിയില്‍ എത്തിയ ശേഷം മാത്രമേ വിവരം അറിഞ്ഞുള്ളൂ. ശനിയാഴ്ച ഏറെ വൈകിയാണ് പ്രസിഡണ്ടിന്റെ സൗദി യാത്ര ഔദ്യോഗികമായി സ്ഥിരീകരിച്ചത് തന്നെ. അതുവരെ സ്വാലിഹ് എവിടെയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എന്താണെന്നതും സംബന്ധിച്ച് പലതരം അഭ്യൂഹങ്ങളുണ്ടായിരുന്നു. പള്ളിയില്‍ സ്വാലിഹും പ്രധാനമന്ത്രി അലി മുഹമ്മദ് മുജാവഹറുമടക്കം നിരവധി പ്രമുഖര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. ഷെല്ലാക്രമണത്തിന് മുമ്പ് തന്നെ പള്ളിയില്‍ ബോമ്പ് വെച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

               സൗദിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പ്രസിഡണ്ടിന് സുഖം പ്രാപിച്ചാലും യമനിലേക്ക് മടങ്ങാനാവുമെന്ന് തോന്നുന്നില്ല. യമന്‍ ജനത അതിനനുവദിക്കുകയില്ല. കനത്ത സുരക്ഷാവലയത്തിലായിരുന്നിട്ടും കൊട്ടാരവളപ്പില്‍ വെച്ച് പ്രസിഡണ്ടിന് പരിക്കേറ്റത് ഭരണകൂടത്തിന് വലിയ ആഘാതം തന്നെയാണ്. ജീവന് തന്നെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നാടുവിടുകയല്ലാതെ അദ്ദേഹത്തിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. യമനിലെ ഏതാനും മന്ത്രിമാരും  മറ്റ് പ്രമുഖരും രാജ്യം വിട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രസിഡണ്ടിന്റെ ഭൂരിഭാഗം കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം സഊദിയിലെത്തിയെന്നാണ് വിവരം. എതായാലും സ്വാലിഹിന്റെ ഭരണം അവസാനിച്ചുവെന്നതിന്റെ സൂചനയായി ഈ പലായനത്തെ  കണക്കാക്കുന്നവരാണ് യമനികള്‍.

               പ്രസിഡണ്ട് നാടുവിട്ടതിന് ശേഷവും ജനകീയ പ്രക്ഷോഭം യമനില്‍ രൂക്ഷമായി തുടരുകയാണ്. അതിനിടയില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്വാലിഹിന്റെ അഭാവത്തില്‍ വൈസ് പ്രസിഡണ്ട് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ ആക്ടിംഗ് പ്രസിഡണ്ടാക്കാനും നീക്കം നടക്കുന്നു. യമനില്‍ ഇടപെടാന്‍ തക്കം പാത്തുകഴിയുന്ന അമേരിക്കയുടെ സ്ഥാനപതി ജെറാള്‍ഡ് മൈക്കിളുമായി ഹാദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഭരണത്തിലും സൈന്യത്തിലും ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്ന സ്വാലിഹിന്റെ മകന്‍ അഹമദുമായും ചര്‍ച്ചകള്‍ നടക്കുന്നു. ഭരണം തുടരാന്‍ സകല വഴികളും ആരായുന്നുണ്ടെങ്കിലും ജനം അടങ്ങിയിരിക്കില്ലെന്ന് ഉറപ്പാണ്.

               1971 ജൂലൈ 17നാണ് യമന്‍ പ്രസിഡണ്ടായി സ്വാലിഹ് അധികാരത്തിലെത്തിയത്. യമന്റെ ഏകീകരണത്തോടെ മുന്‍കാല ശത്രുക്കളെ അനുയായികളാക്കാനും തന്റെ വിശ്വസ്തരെ ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.  എന്നാല്‍ ഭരണനൈപുണ്യത്തിനപ്പുറം മര്‍ക്കടമുഷ്ടിയും പാശ്ചാത്യ പിന്തുണയുമായിരുന്നു അധികാരം നിലനിര്‍ത്താന്‍ അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍ അറബ്‌ലോകത്തെ വസന്തം എന്ന് സ്വാലിഹിനെ പുകഴ്ത്തിയ ചില പാശ്ചാത്യ രാജ്യങ്ങളുടെ തന്നെ പിന്തുണയോടെയാണ്  ഇപ്പോള്‍ പ്രക്ഷോഭകാരികള്‍ രംഗത്തിറങ്ങിയത്  എന്നത് ശ്രദ്ധേയമാണ്. 1990ല്‍ ഉത്തര, ദക്ഷിണ യമനുകള്‍ സംയോജിപ്പിച്ച് ഏകരാജ്യമായിത്തീര്‍ന്നിട്ടും സാമ്പത്തികരംഗത്ത് വളര്‍ച്ച പ്രാപിക്കാന്‍ സ്വാലിഹ് ഭരണത്തില്‍ സാധിച്ചില്ല. കോടിക്കണക്കിന് ഡോളര്‍ എണ്ണ വില്‍പനയിലൂടെ ലഭിക്കുന്ന യമനിലെ നാല്‍പത് ശതമാനം പേരുടെയും ദിവസ വരുമാനം രണ്ട് ഡോളര്‍ മാത്രമാണ്. ഭരണത്തിന്റെ പിടിപ്പ്‌കേട് മനസ്സിലാക്കാന്‍ ഈ കണക്ക് തന്നെ ധാരാളം.

               ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിനെ പിന്തുണക്കുക വഴി സൗദി അറേബ്യയുടെയും കുവൈത്തിന്റെയും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്ന യമന്‍ അതിന് വലിയ വിലയും നല്‍കേണ്ടിവന്നിട്ടുണ്ട്. പത്ത് ലക്ഷത്തോളം വരുന്ന യമനികളെ അന്ന് സൗദി പുറത്താക്കുകയുണ്ടായി.  നയതന്ത്ര രംഗത്തെ പാളിച്ചകളും ഭരണ വീഴ്ചകളും ഒത്തുചേര്‍ന്നപ്പോള്‍  ദുരിതമനുഭവിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ക്ക് മുമ്പില്‍ പ്രക്ഷോഭമല്ലാതെ മാര്‍ഗമില്ലെന്നായി. സിറിയയിലും ബഹറൈനിലും ലിബിയയിലുമെല്ലാം നടക്കുന്ന സംഭവങ്ങള്‍ അവശേഷിക്കുന്ന ഇതര രാജ്യങ്ങള്‍ക്കെല്ലാം വലിയ പാഠമാണ് നല്‍കുന്നത്. അസ്വസ്ഥതകളുടെ കൂടാരത്തില്‍ നൊന്തുകഴിയുന്ന ജനം ദുരന്തങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ പ്രതിസന്ധികളെ മറികടക്കാന്‍ പ്രക്ഷോഭമുള്‍പ്പെടെ ഏതായുധവും പുറത്തെടുക്കുക തന്നെ ചെയ്യും. തങ്ങളുടെ സ്വേഛാവാഴ്ച സമഗ്രമായ അപഗ്രഥനത്തിനും ആത്മപരിശോധനക്കും എത്രവേഗം വിധേയമാക്കാന്‍ സന്നദ്ധമാവുന്നുവോ അത്രയും നല്ലത്.

Friday, June 3, 2011

മുഖ്യമന്ത്രിയുടെ സ്വപ്നങ്ങള്‍ പൂവണിയട്ടെ

            കാറും കോളും നിറഞ്ഞ  ഈ പെരുമഴക്കാലത്ത് പ്രതീക്ഷകളുടെ കുട നിവര്‍ത്തിപ്പിടിച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. വ്യത്യസ്ത വര്‍ണത്തിലും വലിപ്പത്തിലുമുള്ള വൈവിധ്യമാര്‍ന്ന നിരവധി പദ്ധതികള്‍ നടപ്പാക്കി നൂറു ദിവസങ്ങള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുമെന്ന പ്രഖ്യാപനത്തിന്റെ അകമ്പടിയുമുണ്ട് പുതിയ കര്‍മ്മപദ്ധതികള്‍ക്ക്. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഐ എ എസ് ഓഫീസര്‍മാരുടെയും വകുപ്പ് തലവന്മാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. അഡ്വക്കറ്റ് ജനറലും സര്‍ക്കാര്‍ ലോ ഓഫീസര്‍മാരും അവരുടെ കുടുംബാംഗങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നു. മന്ത്രിയുടെയും സ്റ്റാഫിന്റെയും സ്വത്ത് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. അഴിമതിയെ കുറിച്ച് വിവരം അറിയിക്കുന്നവര്‍ ആരാണെന്ന കാര്യം പുറത്തുവിടില്ലെന്നും അവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനവും നല്‍കിയിരിക്കുന്നു.

            അഴിമതിയും സ്വജനപക്ഷപാതവും അര്‍ബ്ബുദംപോലെ അധികാരത്തിന്റെ സമസ്ത സിരാകേന്ദ്രങ്ങളെയും ഗ്രസിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനത്തിന് ആഴവും പരപ്പും കൂടും. ഇന്ദ്രപ്രസ്ഥത്തിലെ അഴിമതിക്കഥകള്‍ കേട്ട് വിറങ്ങലിച്ച് നില്‍ക്കുന്നവരുടെ മനസ്സില്‍ ആത്മവിശ്വാസത്തിന്റെ മണിഗോപുരമുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് കഴിയും. എന്നാല്‍ സംശുദ്ധ ഭരണത്തിന് വേണ്ടി നാം പല പരീക്ഷണങ്ങളും മുമ്പും നടത്തിയിട്ടുണ്ട്. പരീക്ഷണങ്ങളുടെ അമിതഭാരം ചുമക്കുകയാണ് നാം.  കനത്ത ഭൂരിപക്ഷമുണ്ടായിരുന്ന 2001-06ല്‍ പോലും അഴിമതിക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കോ യു ഡി എഫിനോ സാധിച്ചിരുന്നില്ല. നേരിയ ഭൂരിപക്ഷം മാത്രമുള്ള ഇക്കാലത്ത് അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിക്കാനും പ്രയാസം. അദ്ദേഹത്തിന്റെ പുതിയ മന്ത്രിസഭയിലെ ആറു പേര്‍ ഇപ്പോള്‍ തന്നെ അഴിമതിയാരോപണങ്ങള്‍ നേരിടുന്നവരാണ്. പുതിയ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി സി ഐപ്പിനെ കുറിച്ചും ആരോപണമുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ചൂണ്ടിക്കാട്ടിയതുപോലെ ഇത്തരക്കാരെ മാറ്റിനിര്‍ത്താതെ സംശുദ്ധ ഭരണം എങ്ങനെ സാധ്യമാവും എന്ന സംശയം ന്യായമായും നിലനില്‍ക്കുന്നു.

            നാമനിര്‍ദേശ പത്രികയോടൊപ്പം  സ്വത്തുവിവരവും വെളിപ്പെടുത്തണമെന്നിരിക്കെ മന്ത്രിമാരുടെ ആസ്തികളെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ വല്ലതും അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അഴിമതി നടത്തുന്നവര്‍ അവരുടെ അവിഹിതസമ്പാദ്യം ബിനാമികളുടെ പേരിലാണ് സ്വരൂപിക്കുന്നതെന്നത്  എല്ലാവര്‍ക്കും നന്നായറിയാവുന്ന സത്യമാണ്. ബിനാമി ഇടപാടുകള്‍ കണ്ടുപിടിക്കാന്‍ വല്ല സംവിധാനവും മുഖ്യമന്ത്രി ഏര്‍പ്പെടുത്തമോ  എന്നാണറിയേണ്ടത്.
ഉമ്മന്‍ചാണ്ടിയുടെ ആത്മാര്‍ഥതയെ സംശയിക്കുന്നില്ലെങ്കിലും സമയബന്ധിതമായി നൂറുദിവസം കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ അടിയന്തരാവശ്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലും അദ്ദേഹത്തിന് വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. 100 ദിവസത്തെ കര്‍മ്മപരിപാടി എന്ന പേരില്‍ അദ്ദേഹം അഞ്ചുവര്‍ഷത്തെ നയപ്രഖ്യാപനമാണ് നടത്തിയത്. കര്‍മ്മപരിപാടികള്‍ നിശ്ചിത ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാവുന്നതായിരിക്കണം. അത്തരം പരിപാടികള്‍ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. കേരള രൂപീകരണം മുതല്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളെല്ലാം അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനത്തിലുമുണ്ട്. കോണ്‍ഗ്രസും  കമ്യൂണിസ്റ്റുകളും അവരുടെ മുന്നണികളുമാണ് ഇക്കാലമത്രയും ഈ കൊച്ചുസംസ്ഥാനം മാറി മാറി ഭരിച്ചത്. എന്നിട്ടും പ്രശ്‌നങ്ങള്‍ പാരാവാരം പോലെ പരന്നു കിടക്കുന്നു. ഭൂമി മലയാളത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുടെ നീണ്ട പട്ടികയാണല്ലോ ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച നിരത്തിവെച്ചത്.

            തന്റെ പ്രഥമ മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി നടപ്പാക്കാന്‍ ഉദ്ദേശിച്ച അതിവേഗം ബഹുദൂരം പരിപാടിയുടെ പുതിയ മുഖമാണ് ഈ കര്‍മ്മപരിപാടിയും. ഈ കര്‍മ്മപരിപാടിക്ക് ഉദ്യോഗസ്ഥരും സജ്ജമാകണം എന്ന സവിശേഷതയുണ്ട്. ഉദ്യോഗസ്ഥന്മാര്‍ വേണ്ട രീതിയില്‍ സഹകരിച്ചില്ലെങ്കില്‍ എല്ലാം അവതാളത്തിലാവുകയും ചെയ്യും. ഉദ്യോഗസ്ഥന്മാരുടെ സഹകരണം യു ഡി എഫിന് എത്രമാത്രം ലഭിക്കും എന്ന് കണ്ടു തന്നെ അറിയണം.

            സുതാര്യതക്കും അഴിമതി നിര്‍മാര്‍ജനത്തിനും വികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നൂറുദിന കര്‍മ്മപരിപാടി വിജയിക്കണമെങ്കില്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടായി തന്നെ രംഗത്തിറങ്ങേണ്ടതുണ്ട്. യു ഡി എഫ് അധികാരമേറ്റതിന് ശേഷം മുന്നണിക്കകത്തു നിന്ന് തന്നെയുള്ള വിവാദങ്ങളായിരുന്നു ഇതുവരെ. ഇപ്പോഴും അത് കെട്ടടങ്ങി എന്ന് പറയാനാവില്ല. ശക്തമായ കാറ്റടിച്ചാല്‍ ആടിയുലയുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന ബോധം ഘടകകക്ഷികള്‍ക്കും കാണുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനങ്ങളത്രയും യാഥാര്‍ഥ്യമായി കാണാനാഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും. തന്റെ ഓഫീസ് അവധിയില്ലാതെ മുഴുസമയവും പ്രവര്‍ത്തിക്കും എന്ന പ്രഖ്യാപനം ആത്മാര്‍ഥതയില്‍ നിന്ന് ഉയിര്‍കൊണ്ടതുമാണ്. എന്നാല്‍ അഴിമതി നൂറുദിവസംകൊണ്ട് അവസാനിക്കുമെന്ന് കരുതുന്ന ഒരാളും കേരളത്തിലുണ്ടാവില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ലോകത്തിലെ  മഹാത്ഭുതമായിരിക്കുമത്. പുരോഗതിയുടെ വിതാനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രതിപക്ഷത്തെയും സഹകരിപ്പിക്കാനും മുഖ്യമന്ത്രി ശ്രമിക്കണം.

Thursday, June 2, 2011

നിയമസഭക്ക് കരുത്തുറ്റ അധ്യക്ഷന്‍


               പതിമൂന്നാം കേരള നിയമസഭയുടെ ഇരുപതാമത്തെ സ്പീക്കറായി കോണ്‍ഗ്രസിലെ ജി കാര്‍ത്തികേയന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.  ഇടതുമുന്നണിയിലെ എ കെ ബാലനെ പരാജയപ്പെടുത്തി ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധി അടക്കം 73 അംഗങ്ങളും കാര്‍ത്തികേയന് അനുകൂലമായി വോട്ടുചെയ്തു. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. മൊത്തമുള്ള 141 എം എല്‍ എമാരും വോട്ടെടുപ്പില്‍ പങ്കെടുക്കുകയുണ്ടായി. പതിവിന് വിപരീതമായി പ്രോടേം സ്പീക്കര്‍ എന്‍ ശക്തന്‍ വോട്ടുചെയ്തത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ നാലാം കേരള നിയമസഭയില്‍ പ്രോടെം സ്പീക്കറായിരുന്ന ടി എ മജീദ് ഇങ്ങനെയൊരു കീഴ്‌വഴക്കം സൃഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു കെ എം മാണിയുടെ കണ്ടുപിടുത്തം. എന്തായാലും മികച്ച നിയമസഭാ പ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്തുള്ള ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവി അലങ്കരിക്കാന്‍ സര്‍വധാ യോഗ്യനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ തരമില്ല. കേരള ജനതയുടെ ഹൃദയസ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയും. 25 വര്‍ഷം എം എല്‍ എയായും രണ്ടുതവണ മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും നിയമസഭക്കകത്തും പുറത്തും സജീവ സാന്നിധ്യമായിരുന്ന ഈ യുവതുര്‍ക്കി  രാഷ്ട്രീയസദാചാരം പിച്ചിച്ചീന്താന്‍ ഒരിക്കലും അരുനില്‍ക്കുകയില്ലെന്ന് നമുക്ക് ന്യായമായും വിശ്വസിക്കാം.

               നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേരിയ ഭൂരിപക്ഷത്തില്‍ വിജയം നേടിയതിനു ശേഷമുള്ള ആദ്യ ബലപരീക്ഷണമെന്ന നിലയില്‍ സംസ്ഥാനം വളരെ ആകംക്ഷാപൂര്‍വമാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് കാതോര്‍ത്തത്. അട്ടിമറി നടക്കണമെങ്കില്‍ അഞ്ചുപേര്‍ മറുകണ്ടം ചാടണം. അതേസമയം എന്‍ സി പിയുടെ രണ്ടംഗങ്ങള്‍ മറുകണ്ടം ചാടുമെന്ന അഭ്യൂഹം പരന്നിരുന്നു. സ്പീക്കര്‍ സ്ഥാനത്തേക്ക് പരസ്യമായി താല്‍പര്യം പ്രകടിപ്പിച്ച പി സി ജോര്‍ജ് വോട്ട് മറിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും വോട്ടെണ്ണി കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. മന്ത്രിസ്ഥാനം വിഭജിച്ചതില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ ഉണ്ടായിരുന്നുവല്ലോ. ഇരുമുന്നണികളും ഒരു പോലെ ഭയപ്പെട്ട മറ്റൊരു കാര്യം അസാധുവായിരുന്നു. പുതുമുഖങ്ങളുടെ കാര്യത്തിലായിരുന്നു ഈ പേടി. 43 പുതുമുഖങ്ങളാണ് ഇത്തവണ സഭയിലെത്തിയത്. ഇതില്‍ കൂടുതലും യു ഡി  എഫുകാരും. അസംതൃപ്തരും അങ്ങനെ ചിന്തിക്കാന്‍ സാധ്യത ഏറെയായിരുന്നു. സ്ഥാനാര്‍ഥികള്‍ സാധാരണ വോട്ടുചെയ്യാറില്ല. പ്രോടെം സ്പീക്കറും അങ്ങനെ തന്നെ. അതുപോലെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാറ്. ഈ കീഴ്‌വഴക്കവും ഇത്തവണ തെറ്റി.

               ബാലറ്റ് മുഖേനയായിരുന്നു തെരഞ്ഞെടുപ്പ്. അതു രഹസ്യമായിരിക്കണമെന്നാണ് ചട്ടമില്ലെങ്കിലും അങ്ങനെയാണ് കീഴ്‌വഴക്കം. ബാലറ്റിന് കൗണ്ടര്‍ഫോയില്‍ ഇല്ലാത്തതിനാല്‍ വോട്ട് മാറുകയോ അസാധുവാകുകയോ ചെയ്താല്‍ കണ്ടുപിടിക്കാനാവില്ല. ഭാഗ്യം ആരും കള്ളക്കളി കളിച്ചില്ല. ആദ്യ ബലപരീക്ഷണം വിജയിച്ചു എന്നതുകൊണ്ട് എല്ലായ്‌പോഴും അങ്ങനെ തന്നെയായിരിക്കുമെന്ന് കരുതാനുമാവില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയസാധ്യതയില്‍ വലിയ സംശയമൊന്നും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ രൂപീകരണവുമായും വകുപ്പ് വിഭജനവുമായും ബന്ധപ്പെട്ട് കോണ്‍ഗ്രസിലും ചില ഘടകകക്ഷികളിലും അസ്വസ്ഥത നിലനില്‍ക്കുന്നുവെന്നത് ശരിയുമാണ്. യു ഡി എഫ് ക്യാമ്പില്‍ ഇത് ആശങ്ക സൃഷ്ടിച്ചിരുന്നുവെന്നതും നിഷേധിക്കാനാവില്ല. കുതിരക്കച്ചവടത്തിലൂടെ ഭരണം അട്ടിമറിക്കാന്‍ തങ്ങളില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനും സി പി എം സെക്രട്ടറി പിണറായി വിജയനും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ദശാംശം ഒമ്പത് ശതമാനം വോട്ടിന്റെയും നാലു സീറ്റിന്റെയും പിന്‍ബലത്തില്‍ യു ഡി എഫ് നേടിയ വിജയവും സര്‍ക്കാരും ഒരു സ്ഥിരം പ്രതിഭാസമായിരിക്കുമെന്ന് ഭരണപക്ഷം പോലും കരുതുന്നുണ്ടാവില്ല. ഇത്രയധികം കോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ടും കേരളത്തിലെ ഇടതു രാഷ്ട്രീയ സ്വാധീനം തകര്‍ക്കാന്‍ യു ഡി എഫിന് കഴിഞ്ഞില്ല. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ഇപ്പോഴും സി പി എം ആണുതാനും. അതുകൊണ്ട് വളരെ കരുതലോടെ മുമ്പോട്ടുപോയില്ലെങ്കില്‍ ഏത് നിമിഷവും സര്‍ക്കാര്‍ താഴെപോകും. മാത്രമല്ല പുതിയ മന്ത്രിസഭയുടെ ആദ്യത്തെ രണ്ടാഴ്ചത്തെ പ്രവര്‍ത്തനം
ഒട്ടും തൃപ്തികരവുമായിരുന്നില്ല. പതിവിന് വിരുദ്ധമായി നിയമസഭയില്‍ ഇത്തവണ പ്രതിപക്ഷം വളരെ ശക്തമാണ്. വളരെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെങ്കിലേ കാലാവധി പൂര്‍ത്തിയാക്കാനാകൂ.

               നിയമങ്ങള്‍ തലനാരിഴ കീറി വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വേദിയാണ് നിയമസഭകളും പാര്‍ലമെന്റുമൊക്കെ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സഭകളില്‍ കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതാണ് വസ്തുത. ബഹളങ്ങള്‍ സൃഷ്ടിച്ച് സഭ ബഹിഷ്‌ക്കരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഭ ബഹിഷ്‌ക്കരിച്ച ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ മുഖ്യമന്തി. ഇനി ഇടതുമുന്നണിയുടെ ഊഴമാണ്. പ്രതിപക്ഷത്തിരുന്നുകൊണ്ട് അവരും നടത്തുക ബഹിഷ്‌ക്കരണം തന്നെയായിരിക്കും. പക്വമതിയായ  പുതിയ സ്പീക്കര്‍ക്ക് ഇവിടെ വളരെയേറെ ചെയ്യാനുണ്ട്. ബുദ്ധിപൂര്‍വകമായി ഇടപെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍ കേരള നിയമസഭയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ കാര്‍ത്തികേയന് കഴിയും; കഴിയണം. പല വമ്പന്‍മാരും അലങ്കരിച്ച പദവിയുമാണത.് സീതിസാഹിബും സി എച്ചും വക്കം പുരുഷോത്തമനും എം വിജയകുമാറും വി എം സുധീരനുമെല്ലാം സ്തുത്യര്‍ഹമായ രീതിയില്‍ സ്പീക്കര്‍പദവിയില്‍ പ്രശോഭിച്ചവരാണ്. കാമ്പും കരുത്തുമുള്ള ചര്‍ച്ചകളിലൂടെയും നിയമനിര്‍മാണങ്ങളിലൂടെയും 13-ാം നിയമസഭ പുതിയ ചരിത്രം കുറിക്കട്ടെ എന്ന് ഞങ്ങളും ആശംസിക്കുന്നു.
Related Posts Plugin for WordPress, Blogger...