Tuesday, April 26, 2011

സത്യസായി ബാബ

          സ്‌നേഹത്തിന്റെയും സേവനത്തിന്റെയും നിസ്തുല സാന്നിധ്യമായി ഏഴുപതിറ്റാണ്ടോളം ജനമനസ്സുകളെ ത്രസിപ്പിച്ച സത്യസായി ബാബ കഥാവശേഷനായി. വ്യത്യസ്ത വിശ്വാസങ്ങളുടെ സംഗമഭൂമിയായ ഇന്ത്യയില്‍ മറ്റൊരു സ്വയം പ്രഖ്യാപിത ദൈവം കൂടിയാണ് ബാബയുടെ വിയോഗത്തോടെ മണ്‍മറയുന്നത്. ആന്ധ്രപ്രദേശിലെ കടുത്ത വരള്‍ച്ചയും ദാരിദ്ര്യവും നിറഞ്ഞ പുട്ടപ്പര്‍ത്തിയെന്ന കുഗ്രാമത്തെ മലര്‍വാടിയാക്കി വിശ്വപ്രസിദ്ധിയിലെത്തിച്ച ബാബ ഒരു അസാമാന്യ വ്യക്തിത്വം തന്നെയായിരുന്നു. 60 ലക്ഷത്തോളം ഭക്തരും മൂന്നുകോടിയോളം ആരാധകരും 40000 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളും ഉള്ള ബാബ സ്ഥാപിച്ച സത്യസായി ട്രസ്റ്റ് ഇന്ത്യയിലെ 6000 ല്‍പരം പിന്നാക്ക ഗ്രാമങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെയാണ്. 

          സായിബാബ മികച്ച പ്രഭാകഷകനല്ല. വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു സനാതന ധര്‍മങ്ങളിലും വേണ്ടത്ര പരിജ്ഞാനവുമില്ല. സോഷ്യോ-പൊളിറ്റിക്കല്‍ രംഗത്തുള്ളവര്‍ ചെറിയ കേമറക്ക് മുന്നില്‍ പോലും പിടിക്കപ്പെടുന്ന മാജിക് കാരന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിറുള്ളത്. ഏതൊരാള്‍ക്കും പറയാന്‍ കഴിയുന്ന ഉപദേശങ്ങളേ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഉണ്ടാവാറുള്ളൂ. എന്നാല്‍ കാവിവസ്ത്രമണിഞ്ഞ് പതുക്കെ അടിവെച്ചടിവെച്ച് പുഞ്ചിരിയുമായി നടന്നുവരുന്ന ബാബയെ തൊട്ടുവണങ്ങാന്‍ മത്സരിക്കുന്നവരുടെ എണ്ണം അനുദിനം പെരുകിവരികയായിരുന്നു. ആരുമറിയാതെ കിടന്ന പുട്ടപര്‍ത്തിയില്‍ വിദേശത്തുനിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ പറന്നിറങ്ങിയതും രാഷ്ട്രത്തലവന്മാരും കോടീശ്വരന്മാരും ന്യായാധിപന്മാരും ദര്‍ശനത്തിനായി  തലകുനിച്ച് നിന്നതും സത്യസായി ബാബയുടെ മുന്നിലായിരുന്നു. വെറും ഷെഡ്ഡായി തുടങ്ങിയ പ്രശാന്തി നിലയം വലിയൊരു ലോകമായി മാറുകയായിരുന്നു.

        14-ാം വയസ്സിലാണ് ദൈവമായി സ്വയം പ്രഖ്യാപിച്ച് സായിബാബ വീട്‌വിട്ട് തീര്‍ത്ഥാടനത്തിനിറങ്ങിയത്. 1918ല്‍ മഹാരാഷ്ട്രയില്‍ അന്തരിച്ച  ഷിര്‍ദി സായിബാബയുടെ പുനര്‍ജന്മമാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു. ഷിര്‍ദി ബാബയുടെ അനുയായികള്‍ പക്ഷെ ഇത് സമ്മതിക്കാന്‍ തയാറില്ലായിരുന്നു. മഹരാഷ്ട്രയിലെ ഷിര്‍ദിയില്‍ എവിടെയും സായിബാബയുടെ ചിത്രം പോലുമില്ല. സനാതന ധര്‍മ സംസ്ഥാപനമാണ് തന്റെ ലക്ഷ്യമെന്നും അതിനായി തന്റെ അനുയായികളാരും അവര്‍ വിശ്വസിക്കുന്ന മതം മാറേണ്ടതില്ലെന്നും സായിബാബ ഉദ്‌ഘോഷിച്ചു.

          സ്വയം ദൈവാവതാരമായി അവകാശപ്പെട്ട ബാബയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും വിപുലമായ ആതുരസേവനത്തിന്റെയും അഗതി സംരക്ഷണത്തിന്റെയും പേരില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ലോകമെമ്പാടും വ്യാപിക്കുക തന്നെ ചെയ്തു. പുട്ടപര്‍ത്തിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റല്‍ പലതുകൊണ്ടും അത്ഭുതങ്ങളുടെ കലവറയാണ്. നയാപൈസ പോലും വാങ്ങാതെ ചികിത്സ നല്‍കുന്ന ഹൈടെക് ആശുപത്രിയാണിത്. തിരിച്ചുപോകുമ്പോള്‍ വഴിച്ചെലവിനുള്ള കാശും ഇവിടെ നിന്ന് കിട്ടും. പുട്ടപര്‍ത്തിയിലും ബംഗ്‌ളൂരിലെ വൈറ്റ്ഫീല്‍ഡിലുമായി രണ്ട് അത്യന്താധുനിക ആശുപത്രികള്‍ വഴി കിടപ്പാടം വില്‍ക്കാതെ ഹൃദയം രക്ഷപ്പെടുത്തിയവരില്‍ മലയാളികളും ധാരാളം. സത്യസായി ട്രസ്റ്റ് നടത്തുന്ന 1800 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമാണ്. ജന്മജില്ലയായ അനന്ത്പൂരില്‍ 730 ഗ്രാമങ്ങളില്‍ പത്തുലക്ഷം പേര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ 300 കോടി രൂപയാണ് ബാബ ചെലവിട്ടത്. 

          ഈ സേവനത്തിന്റെയൊക്കെ പുറകില്‍ വിശ്വാസ ചൂഷണമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. സായി ആശുപത്രികള്‍ സൗജന്യമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നതിന്റെ പ്രധാന ഘടകവും ഇതു തന്നെ. പുറത്ത് ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ഡോക്ടര്‍മാര്‍ ഇവിടെ സൗജന്യ സേവനം ചെയ്യുന്നു.  വിരമിച്ച നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പ്രതിഫലം പറ്റാതെ ഇവിടെ ജോലിചെയ്യുന്നു. വര്‍ഷത്തില്‍ ഒരുമാസം പുട്ടപര്‍ത്തിയില്‍ പോയി പാപമോചനത്തിനായി ജോലി ചെയ്യുകയെന്നത് സായിഭക്തര്‍ക്ക് നേര്‍ച്ചയായി മാറിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സായിഭക്തര്‍ക്ക് ബാബ കണ്‍കണ്ട ദൈവമാണെങ്കില്‍  ഭൗതികവാദികള്‍ക്കും നാസ്തികര്‍ക്കും മാത്രമല്ല യഥാര്‍ഥ ദൈവവിശ്വാസികള്‍ക്കും അദ്ദേഹം കണ്‍കെട്ടുകാരനായ ആള്‍ദൈവമാണ്. വെറുമൊരു മജീഷ്യന്റെ കരവിരുതുകൊണ്ടാണ് ബാബ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയതെന്ന വാദത്തില്‍ സത്യത്തിന്റെ അംശമുണ്ട്. മതവും ഭക്തിയും അത്ഭുതവിദ്യകളും സമാസമം കൂട്ടിക്കലര്‍ത്തിയാണ് ബാബ ഭക്തസഹസ്രങ്ങളെ ആകര്‍ഷിച്ചത്. അന്തരീക്ഷത്തില്‍നിന്ന് മിഠായിയും വിഭൂതിയും സ്വര്‍ണമാലയും എടുത്ത് ജനങ്ങളെ വിസ്മയിപ്പിച്ചതോടെ മറ്റൊരു ആള്‍ദൈവം അവതാരമെടുക്കുകയായിരുന്നു. പുട്ടപര്‍ത്തിക്ക് മേല്‍ വീശിയ വിവാദ കൊടുങ്കാറ്റുകളും ഉരുണ്ടുകൂടിയ നിഗൂഢതകളും അനുയായികളെ ഉലച്ചില്ല.  ചുറ്റുമുള്ള പരിവേഷം വര്‍ധിക്കുകയും ചെയ്തു.

          അവതാര പുരുഷന്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണിത്. പുതിയ പുതിയ അവതാരങ്ങള്‍ ഇടതടവില്ലാതെ ജന്മമെടുത്തുകൊണ്ടിരിക്കുന്നു. ഇനിയും ഇത്തരം ആള്‍ദൈവങ്ങള്‍ പെറ്റുപെരുകുകയും ചെയ്യും. സായിബാബ അനിവാര്യമായ മരണം ഏറ്റുവാങ്ങിയിട്ടും അദ്ദേഹം മരിച്ചിട്ടില്ലെന്ന് വിശ്വസിപ്പിക്കാന്‍  ശ്രമം നടക്കുന്നു. വിദ്യാസമ്പന്നരും ശാസ്ത്രജ്ഞന്മാരും വരെ പ്രചാരകന്മാരായി രംഗത്തുണ്ടെന്നത് വിചിത്രമായി തോന്നാമെങ്കിലും സത്യമതാണ്. സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രഭ പകര്‍ന്ന മഹത്‌വ്യക്തിത്വം എന്ന നിലയില്‍ സായിബാബയെ സ്മരിക്കാനും അദ്ദേഹത്തിന്റെ ഉദാത്തമാതൃക സാംശീകരിക്കാനും ആരും മടികാണിക്കുമെന്ന് തോന്നുന്നില്ല.

8 comments:

 1. സായി ബാബ എന്ന മനുഷ്യൻ മരിച്ചു. അനുശോചിക്കുകയും ചെയ്യുന്നു. അദ്ദേഹം ആർജ്ജിച്ച സാമ്പത്തികാസ്തികൾ കൊണ്ടു നടത്തിയ സേവനങ്ങളെ മാനിക്കുന്നു.

  മനുഷ്യ ദൈവങ്ങളിലല്ല, ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലാ എന്നത് വേറെ കാര്യം!

  ReplyDelete
 2. സായിബാബ മരിച്ചു കഴിഞ്ഞിരിക്കുന്നു... രണ്ടായിരത്തി ഇരുപത്തൊന്നിലെ ഞാന്‍ മരണപ്പെടുകയുള്ളൂ എന്ന പ്രഖ്യാപനം നടത്തിയിട്ടും പത്ത് വര്ഷം മുമ്പുതന്നെ മരണത്തിനു കിഴടങ്ങി ....".ദൈവത്തിന്ടെ" കരാര്‍ ലംഘനം ...... ചിന്തിക്കുക
  ഒന്നറിയുക സാക്ഷാല്‍ ദൈവത്തിനു മരണമില്ല, നിസ്സഹായവസ്തയില്ല, അനുയായികളുടെയോ, ആസുപത്രിയുടെയോ, യന്ത്രങ്ങളുടെയോ സഹായമാവശ്യമില്ല.... തിരിച്ചറിയുക

  ReplyDelete
 3. യഥാര്‍ത്ഥ ഈശ്വരന്‍ പരമാത്മാവാണ് ..( A point of light )നിഷ് കളന്കന്‍ ,നിരഹന്ഗാരന്‍, ..നിരാകാരന്‍, മംഗള കാരി...ദേഹം കടം എടുത്ത ആത്മാക്കള്‍ മനുഷ്യര്‍, അവരവരുടെ പാര്‍ട്ട് അഭിനയിച്ചു കഴിഞ്ഞാല്‍ ആ പരമാത്മാവില്‍ ലയിക്ക തന്നെ വേണം.
  ഈശ്വരന്‍ മനുഷ്യ അവതാരം എടുക്കുന്നില്ല.എടുക്കുന്നത ദേവതമാരും ദേവന്മാരും ആകുന്നു.33 kodi
  ദേവകള്‍

  ReplyDelete
 4. നല്ല പോസ്റ്റ്‌ നന്മ കാണാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലെ...!! അഭിനന്ദനങ്ങള്‍...

  http://ponmalakkaran.blogspot.com/2011/04/blog-post_23.html ഒന്ന് നോക്കുമല്ലോ....

  ReplyDelete
 5. I dont see any difference between Nabi,christ and Baba.... all are self proclaimed gods

  ReplyDelete
 6. സായിബാബ എത്ര സേവനപ്രവർത്തനങ്ങൾ ചെയ്തു എന്നു പറഞ്ഞാലും, കുറ്റം കണ്ടെത്തേണ്ടത് ഭൌതികവാദികളുടെ കടമയല്ലെ.
  എന്തൊക്കെ ചെയ്താലും ചില കമന്റുകൾ ഇങ്ങനെയാണ് :
  when you make one billion dollar and donate 100Rs to poor does not make him a GOD. I would say Bill Gate or Warren buffet did more charity work than him, still we dont consider them GOD why?

  ReplyDelete
 7. ലോകത്ത് വന്ന പ്രവാചകൻമാരെല്ലാം ചെയ്തതും ഇതുതന്നെയാണ്, പാവങ്ങളെ സഹായിക്കുക. മനുഷ്യനെ നന്മയിലേക്ക് നയിക്കുക. മോശേ പ്രവാചകൻ മുതലിങ്ങോട്ട് അവസാനം ഇദ്ദേഹവും. പക്ഷെ!! എന്റെ സംശയം ദൈവത്തിന്റെ പ്രവാചകരോ, സാക്ഷാൽ ദൈവമോ ആണെന്ന് പറഞ്ഞ് ഈലോകത്ത് നന്മ വിതറിയവർ ഒരു കണക്കിന് നോക്കിയാൽ ദൈവത്തിന്റെ തന്നെ സൃഷ്ടിയായ പാവപ്പെട്ടവനെ ഉപയോഗിച്ച് വിലപേശുകയായിരുന്നോ?? അതിന്റെ കാരണം ലോകത്ത് ഇന്നും കൂടുതൽ ശതമാനവും പാവപ്പെട്ടവരാണ്, അവരെ കാണിച്ച് അല്ലെങ്കിൽ അവരെ മുന്നിൽ നിർത്തിയാലെ ജനശക്തി കാണിക്കാൻ കഴിയുകയുള്ളൂ. പക്ഷെ ഇവരുടെ പിന്നിൽ കുന്നുകൂടുന്ന പണത്തെക്കുറിച്ച് ഈപാവങ്ങൾ അറിയാതെ പോകുന്നതാണ് ഏറെ കഷ്ടം. എല്ലാകാലത്തേയും പോലെ ഇദ്ദേഹവും സമൂഹത്തിലുള്ള വിരലിലെണ്ണാവുന്ന വിദ്യാസമ്പന്നരേയും അമ്പാസിഡറാക്കിയിരിക്കുന്നു. മുൻ ജഡ്ജിയേ പോലുള്ള കമ്മ്യൂണിസ്റ്റ് ആശയാക്കാരേയും. യഥാർത്തത്തിൽ ഇവരൊക്കെ ആരാണ്??? പാവപ്പെട്ട ജനം ഇന്നും കൺഫ്യൂഷനിലാണ്. !!!

  ReplyDelete

Related Posts Plugin for WordPress, Blogger...