Friday, December 30, 2011

2011 വിടപറയുമ്പോള്‍


                പുതുവര്‍ഷത്തിന്റെ പുതിയ സൂര്യേദയത്തിന് സാക്ഷിയാവാന്‍ പോവുകയാണ് ലോകം. 2011 ഡിസമ്പര്‍ 31ല്‍ നിന്ന് 2012 ജനുവരി ഒന്നിലേക്ക് മണിക്കൂറുകളുടെ അകലമേ ഉള്ളൂവെങ്കിലും 2011ല്‍ നിന്ന് 2012ലേക്ക് കൃത്യമായും ഒരു വര്‍ഷത്തെ ദൂരമുണ്ട്. കാലമാം മഹാവൃക്ഷത്തിന്റെ ചില്ലയില്‍നിന്ന് ഒരില കൂടി കൊഴിഞ്ഞുവീണു എന്നായിരിക്കും കവി ഭാവന. എന്നാല്‍ ഒരു തനിയാവര്‍ത്തനം പോലെ കടന്നുപോകുന്ന പുലരികളല്ല ജനം ആഗ്രഹിക്കുന്നത്. ഏത് പുതുപ്പിറവിക്കും ഒരു ഗതകാല സ്വപ്നമുണ്ടാകും. ഉണ്ടാവണം. 2011നും പറയാനും പങ്കുവെക്കാനുമുണ്ട് സംഭവബഹുലമായ ഒട്ടേറെ അനുഭവങ്ങള്‍. ഒരു ഡയറി കൂടി നാം മടക്കിവെക്കുന്നു. ഒരു കലണ്ടര്‍ കൂടി നമ്മുടെ ചുമരുകളില്‍നിന്ന് പടിയിറങ്ങുകയാണ്. ഒരു പുതിയ കലണ്ടര്‍ അവിടെ സ്ഥാനം പിടിക്കാന്‍ പോകുന്നു.

             പോയ വര്‍ഷം ലോകത്തെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു. അറബ് വസന്തത്തിന്റെ കാര്യത്തില്‍ മാത്രമല്ല വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെയും യൂറോപ്പിലെ സമരങ്ങളുടെയുമൊക്കെ കാര്യത്തില്‍ ഈ ജനകീയ വികാരം കാണാം. അറബ് വസന്തം വിജയംകണ്ട രാജ്യങ്ങളില്‍ ഇസ്‌ലാമിക ശക്തികളാണ് മേല്‍ക്കൈ നേടിയതെങ്കിലും അത് തന്‍കാര്യ സാധ്യത്തിന് ഉപയോഗപ്പെടുത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കഴിയുമെന്ന അപകടം പതിയിരിപ്പുണ്ട്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും യൂറോപ്പിലെ സമരങ്ങളുമാവട്ടെ മുതലാളിത്ത വ്യവസ്ഥക്കെതിരെ തൊഴിലാളികള്‍  നടത്തിയ വിപ്‌ളവ സമരമൊന്നുമായിരുന്നില്ല. ഇതിനെ സോഷ്യലിസത്തിന്റെ ഉയിര്‍ത്തെഴുനേല്‍പായി വ്യാഖ്യാനിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം അബദ്ധജഡിലമാണ്. സുവ്യക്തമായ ഇടതുപക്ഷ നിലപാടുള്ളവര്‍ ഈ സമരനിരകളില്‍ ഉണ്ടായിരുന്നില്ല. റഷ്യയില്‍ വ്‌ളാദിമിര്‍ പുടിന് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ കമ്യൂണിസത്തിന്റെ മുന്നേറ്റമായി പ്രചരിപ്പിക്കുന്നതും പാഴ്‌വേലയെന്നേ പറയാനാവൂ.

                പാക്കിസ്താനിലെ അബോട്ടാബാദില്‍  ഒളിവില്‍ കഴിഞ്ഞ ഒസാമ ബിന്‍ ലാദനെ മെയ് ഒന്നിന് അമേരിക്ക വധിച്ചത് പത്തുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ ഈ വര്‍ഷമാണ്. പാക്കിസ്താന്‍ എന്ന പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുവാദമില്ലാതെ കടന്നുകയറി വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കുടുംബത്തിന്റെ മുമ്പില്‍വെച്ച് കൊലപ്പെടുത്തുകയായിരുന്നുവല്ലോ. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നാടുവിട്ട ടൂണീഷ്യന്‍ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ സഊദി അറേബ്യയില്‍ അഭയം തേടിയതും ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവതെ 30 വര്‍ഷം രാജ്യം അടക്കിഭരിച്ച ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക്കിന് രാജിവെച്ച് ഒഴിയേണ്ടിവന്നതും 2011 ലെ നിര്‍ണായക സംഭവങ്ങളാണ്. അറബ് രാഷ്ട്രത്തലവന്മാരില്‍ പ്രമുഖനായിരുന്ന ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി 42 വര്‍ഷത്തെ ഭരണത്തിന് ശേഷം പുറത്തായി. അദ്ദേഹത്തെ നാറ്റോ സൈന്യത്തിന്റെ സഹായത്തോടെ പ്രക്ഷോഭകര്‍ വെടിവെച്ചുകൊല്ലുകയും ചെയ്തു. വെല്ലുവിളികള്‍ അതിജീവിച്ച് രണ്ടുപതിറ്റാണ്ടോളം ഉത്തര കൊറിയ അടക്കിഭരിച്ച കിംഗ് ജോങ് ഇല്‍ വിട പറഞ്ഞത് ഈ മാസം 17നാണ്. ഒരു യുഗത്തിന്റെ അന്ത്യത്തിനാണ് ഒക്‌ടോബര്‍ അഞ്ച് സാക്ഷ്യം വഹിച്ചത്. കംപ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവന്‍ പോള്‍ ജോബ്‌സ് ലോകത്തോട് വിട വാങ്ങിയ ദിനമാണത്.

              ലോകത്തെ 193-ാമത്തെയും ആഫ്രിക്കയിലെ 54-ാമത്തെയും രാജ്യമായി ദക്ഷിണ സുഡാന്‍ നിലവില്‍ വന്നത് ജൂലൈയിലാണ്. ലോക ജനസംഖ്യ 700 കോടിയിലെത്തിയതും 2011ലാണ്. ഒക്‌ടോബര്‍ 31ന്. ഇന്ത്യയില്‍ ജനസംഖ്യ 121 കോടി കവിഞ്ഞതായാണ് സെന്‍സസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ലോകജനസംഖ്യയുടെ 17.5 ശതമാനം വരുമിത്.

             ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമ്പവും സുനാമിയും ഈ വര്‍ഷം മാര്‍ച്ച് 11നായിരുന്നു. 30000ത്തിലേറെ പേരാണ് മരിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമയിലെ ആണവ നിലയത്തിനും കേടുപാടുകള്‍ പറ്റി. അമേരിക്കന്‍ കുടിലതകളും മറ്റ് രാജ്യങ്ങളില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റവും പ്രതിലോമ പ്രവര്‍ത്തനങ്ങളും ലോകത്തിന് മുമ്പില്‍ വിക്കിലീക്‌സ് തുറന്നുകാട്ടിയ വര്‍ഷമാണിത്.അമേരിക്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര രഹസ്യങ്ങള്‍  അടങ്ങുന്ന ലക്ഷക്കണക്കിന് കേബിളുകളും വിക്കിലീക്‌സ് ലോകസമക്ഷം തുറന്നുവെക്കുകയുണ്ടായി.

               ഇന്ത്യയെ സംബന്ധിച്ചെടുത്തോളം അധികാരകേന്ദ്രത്തിന്റെ തണലില്‍ വളര്‍ന്നുപന്തലിച്ച അഴിമതിക്കഥകള്‍ ഇത്രയധികം പുറത്തുവന്ന മറ്റൊരു വര്‍ഷമില്ല. 2ജി സ്‌പെക്ട്രം കേസില്‍ മന്ത്രി എ രാജ രാജിവെക്കുകയും ഡി എം കെ നേതാക്കളില്‍ മാത്രമായി ആരോപണം ഒതുങ്ങുകയും ചെയ്തു. കുറ്റങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കി നല്ലതെല്ലാം  ഏറ്റെടുത്തു കോണ്‍ഗ്രസ് മുഖം രക്ഷിച്ചു. ബോഫോഴ്‌സ് വിവാദത്തിനു ശേഷം രാജ്യത്ത് ചര്‍ച്ചാ വിഷയമായ 12മാസമാണ് കഴിഞ്ഞുപോയത്. അണ്ണാ ഹസാരെയൊന്ന മഹാരാഷ്ട്രക്കാരന്‍ അഴിമതി വിരുദ്ധരുടെ മിശിഹ ആയി പ്രത്യക്ഷപ്പെട്ടത് മറ്റൊരു സംഭവം. ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി നമ്മുടെ നീതിന്യായ ചരിത്രത്തിലെ കേട്ടുകേള്‍വിയില്ലാത്ത സംഭവമായി.  ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയ കേസില്‍ പള്ളിതകര്‍ക്കാന്‍ നേതൃത്വം നല്‍കിയ ആരുടെയും പേരില്‍ കേസെടുക്കാതെ 2011 ബാബരി കേസിലെ നിര്‍ണായക വഴിത്തിരിവായി അശുഭ വാര്‍ത്തകള്‍ സൃഷ്ടിച്ചു.

              34 വര്‍ഷത്തിനു ശേഷം പശ്ചിമബംഗാളില്‍ ഇടതു കോട്ട   തകരുന്നതും 2011ന്റെ ചരിത്ര പുസ്തകത്തിലെ അപൂര്‍വ സംഭവമായിരിക്കും. 294 അംഗ സഭയില്‍ സി പി എമ്മിന് ഒറ്റക്ക് ഭൂരിപക്ഷം എന്ന ഗര്‍വില്‍നിന്നാണ് ഇടതുപക്ഷത്തിന് മൊത്തം 62 എന്ന അവസ്ഥയിലേക്ക് ചുരുങ്ങിയത്. കേരളത്തില്‍ ചരിത്രത്തിലാദ്യമായി നാലാളുടെ നേരിയ ഭൂരിപക്ഷത്തിന് യു ഡി എഫ് അധികാരം തിരിച്ചുപിടിച്ചതും ഈ വര്‍ഷം തന്നെ. 2012 പ്രതീക്ഷകളുടേയോ പ്രത്യാശകളുടേയോ എന്നതിനപ്പുറം പ്രതിജ്ഞകളുടേതായിരിക്കണം. എങ്കില്‍ മാത്രമേ പുതുവര്‍ഷത്തെ ഹാപ്പി ന്യൂ ഇയറായി സ്വാഗതം ചെയ്യാനാവൂ.അതിന് മാത്രം കാര്യങ്ങള്‍  ലോകത്ത് ചെയ്തു തീര്‍ക്കാനുണ്ട്.

Monday, December 26, 2011

സംവരണ വഴിയില്‍ വീണ്ടും ചതിക്കുഴികള്‍


           സംവരണത്തിന്റെ പേരില്‍ അനേകം ചാതിക്കുഴികള്‍ താണ്ടിയവരാണ് രാജ്യത്തെ പിന്നാക്ക സമുദായങ്ങള്‍. സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും ഭരണഘടന വാഗ്ദാനം ചെയ്ത ഈ അവകാശം ഭാഗികമായിപ്പോലും യാഥാര്‍ഥ്യമായില്ല. ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ് തുല്യനീതി ഉറപ്പുവരുത്താന്‍ കരണീയമെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും ഭരണാധികാരശക്തികള്‍ ഇതുവരെ അത് മുഖവിലക്കെടുത്തിട്ടില്ല. സന്ദര്‍ഭത്തിനൊത്തുയരുന്നതില്‍ പിന്നാക്ക സമൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പരാജയപ്പെട്ടതാണനുഭവം. വിവേചനത്തിന്റെയും അവഗണനയുടെയും ചുഴിയില്‍പെട്ട ഈ വിഭാഗങ്ങളുടെ മോഹങ്ങള്‍ പൂവണിയിക്കാനല്ല, അവരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ് ഇപ്പോഴും കേന്ദ്രഭരണകൂടം നടത്തുന്നത്.
 
             പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ നാലര ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവെക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം ആശ്വാസകരമായി തോന്നാമെങ്കിലും രാഷ്ട്രീയധര്‍മത്തിന്റ ധീരമായ നിര്‍വഹണം എന്ന് അതിനെ വ്യാഖ്യാനിക്കുന്നത് കടന്നകൈയ്യായിരിക്കും. ഒരു മഹായജ്ഞം വിജയിച്ചുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കന്നവര്‍ ചരിത്രസന്ധിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളാത്തവരാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പത്ത് ശതമാനം സംവരണം നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ ശിപാര്‍ശ, നാലര ശതമാനം നിശ്ചയിച്ചതിലൂടെ അട്ടിമറിക്കപ്പെട്ടുവെന്നത് വസ്തുതകളെ ഇഴപിരിച്ച് പരിശോധിക്കാന്‍ തയാറുള്ള ആര്‍ക്കും ബോധ്യമാവും. സംവരണത്തിന്റെ തോത് 50 ശതമാനത്തില്‍ നിജപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ്  കൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ന്യായം. മുസ്‌ലിം സംവരണം ഉറപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് സച്ചാര്‍  കമ്മീഷനും രംഗനാഥ് മിശ്ര കമ്മീഷനും നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം നഷ്ടപ്പെടുത്തുകയാണ് സത്യത്തില്‍ സര്‍ക്കാര്‍ ചെയ്തത്.

           മുസ്‌ലിം പ്രീണന നയമെന്ന ബി ജെ പി പ്രചാരണത്തെ പേടിച്ചാണ് നാലര ശതമാനത്തില്‍ സംവരണം ഒതുക്കിയതെന്ന് അടക്കം പറയുന്നവര്‍ ഭരണമുന്നണിയിലുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു സര്‍ക്കാരിന് ഭൂഷണമാണോ ഈ വിശദീകരണം? ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രമേ പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കൂ. അടുത്ത മാസം ഒന്നിന് ഇത് നിലവില്‍ വരും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ  സി വകുപ്പില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധ, സൗരാഷ്ട്രിയന്‍, പാഴ്‌സി മതവിഭാഗങ്ങള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണ് ഈ നാലര ശതമാനം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആസന്നമായ ഉത്തരപ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലാതല്ല. യു പിയില്‍ നാലാംസ്ഥാനത്താണ് കോണ്‍ഗ്രസുള്ളത്. 400 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 21 അംഗങ്ങളേ ഉള്ളൂ. എന്നാല്‍ നൂറോളം മണ്ഡലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അവരെ കയ്യിലെടുക്കാന്‍  ഈ സംവരണം കോണ്‍ഗ്രസ് തുരുപ്പുശീട്ടാക്കുമെന്ന് ഉറപ്പാണ്.

          ജനസംഖ്യാനുപാതിക സംവരണം മുസ്‌ലിംകള്‍ക്ക് നല്‍കണമെന്നാണ് യു പി മുഖ്യമന്ത്രി മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവും ആവശ്യപ്പെടുന്നത്. രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാള്‍ ശോചനീയമാണ് മുസ്‌ലിംകളുടെ അവസ്ഥയെന്നും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പരിമിത പ്രാതിനിധ്യം പോലും അവര്‍ക്ക്  ലഭിക്കുന്നില്ലെന്നും കഴിഞ്ഞ യു പി എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയതാണ്. മിശ്രയും സച്ചാറും അവരുടെ റിപ്പോര്‍ട്ടുകള്‍ യഥാസമയം തന്നെ സമര്‍പ്പിച്ചിട്ടും നടപടികള്‍ ഇപ്പോഴും ഇഴഞ്ഞാണല്ലോ നീങ്ങുന്നത്.

            സംവരണ വഴിയില്‍ ഏറെ യാതനകള്‍ സഹിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. ഗോപാല്‍സിംഗ്, മണ്ഡല്‍, നെട്ടൂര്‍, നരേന്ദ്രന്‍ കമ്മീഷനുകള്‍ സംവരണ വ്യവസ്ഥയെ കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളോടൊപ്പം ലീഗ് ബഹുദൂരം സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ ഒ ബി സി  ക്വാട്ടക്ക് പകരം ഈ കമ്മീഷനുകളുടെ നിര്‍ദേശ പ്രകാരമുള്ള സംവരണത്തിന് വേണ്ടി പാര്‍ട്ടിയുടെ എം പിമാര്‍ ശബ്ദമുയര്‍ത്താന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ വിസ്മയം തോന്നുന്നു. പ്രത്യേകിച്ചും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉള്ളപ്പോള്‍.  കേന്ദ്ര മന്ത്രിസഭയുടെ നാലര ശതമാനം തീരുമാനത്തിനെതിരെ ലോകസഭയില്‍ ബി ജെ പി കത്തിക്കയറിയപ്പോഴും ലീഗ് എം പിമാര്‍ വാ തുറന്നത് കണ്ടില്ല.

           ലോക്പാല്‍ സമിതികളിലെ ഒമ്പതംഗങ്ങളില്‍ അമ്പത് ശതമാനം പട്ടികജാതി, ഒ ബി സി, വനിതകള്‍ തുടങ്ങിയവര്‍ക്ക് സംവരണം ചെയ്യണമെന്നായിരുന്നു പുതിയ ലോക്പാല്‍ ബില്ലിലെ വ്യവസ്ഥ. ഇത് നേരത്തെ ന്യൂനപക്ഷ സംവരണം വേണമെന്ന സര്‍വകക്ഷി തീരുമാനത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയത് ആര്‍ ജെ ഡി, എസ് പി, ബി എസ് പി, മുസ്‌ലിം മജ്‌ലിസ് തുടങ്ങിയ പാര്‍ട്ടികളാണ്. ന്യൂനപക്ഷ സംവരണമില്ലാതെ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് ശക്തമായി വാദിച്ചത് ലാലുപ്രസാദ് യാദവാണ്. നാലംഗങ്ങള്‍ മാത്രമേ ലാലുവിന് സഭയിലൂള്ളൂ. എന്നാല്‍ മൂന്നംഗങ്ങളുള്ള മുസ്‌ലിംലീഗ് ഇവിടെയും മൗനം പാലിക്കുന്നതാണ് കണ്ടത്. മജ്‌ലിസെ ഇത്തിഹാദുല്‍  മുസ്‌ലിമീന്റെ ഏക എം പി അസദുദ്ദീന്‍ ഉവൈസിയും ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. ഈ വിഷയത്തില്‍  സഭ അവര്‍ സ്തംഭിപ്പിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ വഴിക്ക് വന്നത്. കോര്‍ അജണ്ടയായി ലോക്പാല്‍ സമിതിയില്‍ ന്യൂനപക്ഷ സംവരണവും ചേര്‍ത്താണ് പുതിയ ലോക്പാല്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. ഒഴുക്കിനെതിരെ നീന്താന്‍ തയാറുണ്ടെങ്കില്‍ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് നമുക്കിതിനെ വിശേഷിപ്പിക്കുകയുമാവാം.

Thursday, December 22, 2011

നിര്‍വൃതി നിര്‍ഭരം ഈ പുണ്യകര്‍മം


            മരിക്കാത്ത അവയവങ്ങള്‍ ദാനം ചെയ്ത് മരണത്തെ തോല്‍പിച്ച കൂടരഞ്ഞിയിലെ അരുണ്‍ ജോര്‍ജ് നന്മയുടെയും ത്യാഗോജ്വലമായ സേവനത്തിന്റെയും വഴിവിളക്കായി എല്ലാവര്‍ക്കും പ്രകാശമേകും. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏകമകന് മസ്തിഷ്‌ക്ക മരണം സംഭവിച്ചപ്പോള്‍ തന്നെ അരുണിന്റെ വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ ദാനംചെയ്യാന്‍ സന്നദ്ധമായ മാതാപിതാക്കളുടെ വലിയ മനസ്സ് നിസ്വാര്‍ഥതയുടെ സൗഗന്ധിക പ്രവാഹമായി ചരിത്രത്തിലിടം നേടും. തിരിച്ചുകിട്ടിയ മൂന്നു ജീവിതങ്ങളിലൂടെയും രണ്ടു പേരുടെ കാഴ്ചകളിലൂടെയും ഇനി അരുണ്‍ ജോര്‍ജ് ജീവിക്കുമ്പോള്‍,   പൊന്നോമനയുടെ വിയോഗം സൃഷ്ടിച്ച തീവ്രനൊമ്പരം സഹിക്കാന്‍ ജോര്‍ജ്-സലീന ദമ്പതികള്‍ക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഡയാലിസിസ് ചെയ്ത് ജീവിതം തള്ളിനീക്കിയിരുന്ന ബത്തേരിയിലെ മഞ്ജു, കണ്ണൂര്‍ തോട്ടടയിലെ  ഐ ടി ഐ വിദ്യാര്‍ഥി വിനേഷ്, കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കായി കാത്തിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ്  അരുണിന്റെ അവയവങ്ങളിലൂടെ ജീവിതം വീണ്ടുകിട്ടിയത്. ഒരിക്കലും മരിക്കാത്ത സാന്നിധ്യമായി മകന്‍ നക്ഷത്രം പോലെ രണ്ടുപേരുടെ കണ്ണുകളിലൂടെയും ശോഭിച്ചുനില്‍ക്കും.

           കൂടരഞ്ഞി കാരമൂലക്കടുത്ത് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായപ്പോള്‍ മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, അരുണിന്റെ അവയവങ്ങള്‍  ദാനംചെയ്ത് കുറച്ചു പേരുടെ ജീവന്‍ രക്ഷിച്ചുകൂടേ എന്ന്  മാതാപിതാക്കളോട് ആരായുകയായിരുന്നു. അങ്ങനെയെങ്കില്‍ അതവന് പുണ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ജോര്‍ജും കുടുംബവും സമ്മതിച്ചത്.

           നിയമത്തിന്റെ നൂലാമാലകളെല്ലാം മാറ്റിവെച്ചുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. എട്ടുമാസമായി ഡയാലിസിസുമായി ജീവിതം നീട്ടിക്കൊണ്ടുപോയ  വിനേഷിന് നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വൃക്ക വെച്ചുപിടിപ്പിച്ചത്. കണ്ണുകള്‍ മാത്രമല്ല വൃക്കകളും കരളും ദാനംചെയ്യാനുള്ള രക്ഷിതാക്കളുടെ സന്നദ്ധത തന്നെ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. സ്വമേധയാ വൃക്ക ദാനംചെയ്ത് സമൂഹത്തിന് മാതൃക കാട്ടിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസും എ സി റോയിയുമൊക്കെ നമ്മുടെ മുന്നിലുണ്ട്. അവയവദാനത്തെ കുറിച്ചുള്ള അവബോധമില്ലായ്മ മുതല്‍ നിയമപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ വരെ ഒട്ടേറെ പരിമിതികളാണ് രോഗികളും കുടുംബങ്ങളും ഇപ്പോള്‍ നേരിടുന്നത്.
വൃക്ക ദാനംചെയ്യാന്‍ ആരെങ്കിലും സ്വമേധയാ സന്നദ്ധമായാല്‍ തന്നെ നിയമപരമായ നിരവധി രേഖകള്‍ ഹാജരാക്കണം. സിറ്റി പൊലീസ് കമ്മീഷണറുടെയും വില്ലേജാഫീസറുടെയും സമ്മതപത്രം വേണം. പണത്തിന് വേണ്ടിയല്ല ദാനമെന്ന് ഓതറൈസേഷന്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തണം.  ഈ കമ്മിറ്റി ചേരുന്നതാകട്ടെ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ്. ആ സമയത്ത് രേഖകളെല്ലാം ശരിയായില്ലെങ്കില്‍ വീണ്ടുമൊരു മാസം കൂടി കാത്തിരിക്കേണ്ടിവരും. രേഖകളില്‍ ചെറിയ പ്രശ്‌നമുണ്ടായാലോ പുലിവാലാവുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണും കരളും വൃക്കയും ഹൃദയവുമൊക്കെ മാറ്റിവെച്ച രോഗികള്‍ക്ക് പുതുജീവന്‍ പകരാന്‍ കഴിയുമെന്നത് വലിയ അത്ഭുതം തന്നെയാണ്. വൃക്ക ദാനംചെയ്യുന്ന വ്യക്തി പൂര്‍ണ ആരോഗ്യമുള്ള ആളാണെങ്കില്‍ ഒരുവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകില്ലത്രെ.

             വേണ്ടത്ര അവബോധമില്ലാത്തതുകൊണ്ടാണ് അവയവദാനം വ്യാപകമാകാത്തത്. അവയവദാനത്തിന്റെ മറവില്‍ കച്ചവടം നടക്കുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല. അത് തടയാന്‍ നിയമം കര്‍ശനമാക്കുന്നതില്‍ ആരും തെറ്റ് കാണില്ല.

             കൂടരഞ്ഞിയിലെ തറപ്പേല്‍ ഹാര്‍ഡ്‌വേഴ്‌സ് ഉടമയായ ജോര്‍ജും മുക്കം മോയിന്‍ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അധ്യാപികയായ സെലീനയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ മകന്റെ വിയോഗത്തില്‍ വേദന കടിച്ചിറക്കുമ്പോഴും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനും രണ്ടുപേര്‍ക്ക് കാഴ്ച ലഭിക്കാനും സന്മനസ്സ് കാണിച്ചത് നിസ്സാര കാര്യമല്ല.

             പുണ്യവും നന്മയുമുള്ളതൊന്നും അകിടില്‍ കരുതാത്തവര്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന ഇത്തരം മാതൃകകള്‍ വലിയ പാഠമാവേണ്ടതാണ്. രോഗങ്ങളുടെ പേരില്‍ ദുരിതങ്ങള്‍ കുടിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം അനുദിനം പെരുകിവരികയാണ്. മലയാളികളെ സംബന്ധിച്ചെടുത്തോളം ഭക്ഷണത്തേക്കാള്‍ മരുന്നിനും ചികിത്സക്കും  തുക ചെലവഴിക്കുന്നവരായി  മാറിയിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ തഴച്ചുവളരുന്നതും അവര്‍ രോഗികളെ ചൂഷണം ചെയ്യുന്നതും ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ പകല്‍കൊള്ളയാണ് പലരും നടത്തുന്നത്. രോഗനിര്‍ണയത്തിന്റെ പേരില്‍ പലവിധ പരിശോധനകളും ടെസ്റ്റുകളും സ്‌കാനിംഗും മെല്ലാം കൂടി  ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു.

          തളര്‍ച്ചയുടെ വൃത്തത്തില്‍ നിരാശരായി നൊന്തുകഴിയുന്ന വൃക്ക-കരള്‍ രോഗികളുടെ കാര്യത്തില്‍ പണമുണ്ടായാലും കടമ്പകളെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണല്ലോ ഇന്നുള്ളത്. ഈ ശ്യാമജാതകം തിരുത്തിക്കുറിക്കാന്‍ അരുണിന്റെ മാതാപിതാക്കള്‍ വെട്ടിത്തുറന്ന പുതിയ വഴികള്‍ പൊന്മയില്‍ പീലിയില്‍ ചരിത്രപാഠമായി രേഖപ്പെടുത്തപ്പെടും. നിസ്വാര്‍ഥവും മനുഷ്യത്വപരവുമായ സേവനബോധത്തിന്റെ അസൂയാവഹമായ സ്പര്‍ശം അരുണിന്റെ അവയവദാനത്തിലൂടെ അവന്റെ മാതാപിതാക്കള്‍ പകര്‍ന്നുനല്‍കിയത് ഭാവിതലമുറകള്‍ക്ക് വലിയ പാഠമായിരിക്കുമെന്നതില്‍ സംശയമില്ല.

Tuesday, December 20, 2011

അജിത്‌സിംഗിന് മന്ത്രിസ്ഥാനം: യു പി എക്ക് തിരിച്ചടിയാവും


           രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്‌സിംഗ് കേന്ദ്രമന്ത്രിസഭയിലെ 33-ാമത് കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. രണ്ടാം യു പി എ സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അധികച്ചുമതല വഹിച്ചിരുന്ന വ്യോമയാന വകുപ്പാണ് 72 കാരനായ സിംഗിന് നല്‍കിയിരിക്കുന്നത്. ഈ വകുപ്പില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂന്നാമത്തെ മന്ത്രിയാണ് വരുന്നത്. ഒരു ഘടകകക്ഷിയില്‍നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്ത ഈ വകുപ്പ് വീണ്ടും മറ്റൊരു ഘടകകക്ഷിക്ക് കൈമാറിയത് ഏതായാലും വ്യോമഗതാഗത രംഗത്തെ പ്രതിസന്ധി പരിഹരിക്കാനാണെന്ന് ആരും പറയില്ല. കോണ്‍ഗ്രസ് പോലും.

           മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിംഗിന്റെ മകന്‍ അജിത്‌സിംഗ് ഇതു നാലാം തവണയാണ് കേന്ദ്ര മന്ത്രിയാവുന്നത്. അധികാരത്തിന് വേണ്ടി തരം പോലെ മുന്നണി മാറാന്‍ ഒട്ടും മടിയില്ലാത്ത ഇദ്ദേഹം പി വി നരസിംഹറാവുവിന്റെയും വി പി സിംഗിന്റെയും മാത്രമല്ല എ ബി വാജ്‌പേയിയുടെയും  മന്ത്രിസഭകളില്‍ മനസ്സാക്ഷിക്കുത്തില്ലാതെ   ഇരുന്നിട്ടുണ്ട്.

             അവസാനം ബി ജെ പിയോടൊപ്പം നിന്ന അജിത്‌സിംഗിന് കോണ്‍ഗ്രസിനോട് ഒരുതരം അലര്‍ജിയുണ്ട് എന്ന കാര്യം അവര്‍ പോലും നിഷേധിക്കില്ല. അച്ഛന്‍ ചരണ്‍സിംഗിനെ വാഴിച്ച് കാലുവാരിയ പാര്‍ട്ടി എന്നതിലുപരി തന്റെ തട്ടകമായ പടിഞ്ഞാറന്‍ യു പിയില്‍ ശത്രു കോണ്‍ഗ്രസാണെന്ന തിരിച്ചറിവാണ് ഈ അലര്‍ജിക്ക് കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ബി ജെ പിയുമായി കൂട്ടുകൂടിയ അജിത്‌സിംഗിന് ലാഭം മാത്രമാണ് എന്നും ലക്ഷ്യം.

         ആസന്നമായ യു പി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധി മുന്‍കയ്യെടുത്താണ് തികച്ചും ഭാഗ്യാന്യേഷിയും അവസരവാദിയുമായ ഈ ജാട്ട് നേതാവിനെ യു പി എയുമായി അടുപ്പിച്ചതും കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കി ആദരിച്ചതും. അജിത്‌സിംഗിനെ സഖ്യകക്ഷിയാക്കുക എന്ന കോണ്‍ഗ്രസ്സിന്റെ  ലക്ഷ്യത്തിന് പിന്നില്‍ ഒരു വല്യേട്ടന്‍ മനോഭവമുണ്ടെന്ന കാര്യം മറക്കുന്നില്ല. യു പിയില്‍ ബി എസ് പിക്കും സമാജ്‌വാദി പാര്‍ട്ടിക്കും താഴെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ഇവരോടൊപ്പം ചേര്‍ന്നാല്‍ നാമമാത്ര സീറ്റേ കോണ്‍ഗ്രസിന് മത്സരിക്കാന്‍ തന്നെ ലഭിക്കൂ. അജിത്‌സിംഗാകുമ്പോള്‍ കോണ്‍ഗ്രസിനെ വല്യേട്ടനായി അംഗീകരിച്ചുകൊള്ളുമെന്ന് മാത്രമല്ല 30 സീറ്റെങ്കിലും അടിച്ചെടുക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

           സഖ്യത്തിന് വേണ്ടി അജിത്‌സിംഗ് ആവശ്യപ്പെട്ടതാകട്ടെ കേന്ദ്രമന്ത്രിസ്ഥാനവും പി എസ് യു ചെയര്‍മാന്‍ സ്ഥാനവുമൊക്കെയാണ്. ഇവര്‍ക്ക് അഞ്ച് എം പിമാരാണ് ലോകസഭിയലുള്ളത്. ഒരാള്‍ രാജ്യസഭയിലും. കൃഷിവകുപ്പായിരുന്നു സിംഗിന് ആവശ്യം. പവാറില്‍നിന്ന് അത് കിട്ടില്ലെന്നറിയാം. പിന്നെ സിവില്‍ സപ്‌ളൈസ് വകുപ്പ് ചോദിച്ചു. സോണിയാഗാന്ധിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി മുന്നോട്ടുപോകുന്ന കെ വി തോമസിന്റെ കയ്യില്‍നിന്ന് വകുപ്പ് എടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചപ്പോഴാണ് എന്നാല്‍സിവില്‍ ഏവിയേഷന്‍ വകുപ്പാകട്ടെ എന്ന് നിശ്ചയിച്ചത്. കോണ്‍്രസാകട്ടെ രവിയില്‍ നിന്ന് അത് എടുത്ത് നല്‍കുകയും ചെയ്തു.

           വ്യോമഗതാഗതവുമായി ബന്ധപ്പെട്ട  ഈ സുപ്രധാന വകുപ്പ് ഇപ്പോള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. പൈലറ്റുമാരുടെ പണിമുടക്കും പതിനായിരം കോടി രൂപയുടെ കടബാധ്യതയും ഒട്ടേറെ ചീത്തപ്പേരും സ്വന്തമാക്കി ഒരു പരുവത്തിലായ എയറിന്ത്യയെ ലാഭകരമാക്കുകയെന്നത് അതീവ ദുഷ്‌ക്കരമായ ജോലി തന്നെയാണ്. ഇക്കൊല്ലം ജനുവരിയില്‍ എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേലില്‍നിന്ന് വയലാര്‍ രവി ഈ വകുപ്പേറ്റെടുത്തതു തന്നെ  വലിയ ഭാരവുമായിട്ടാണ്. എയറിന്ത്യയുടെ തലപ്പത്ത് വര്‍ഷങ്ങളായി  കെടുകാര്യസ്ഥതയാണ് നിലനില്‍ക്കുന്നത്.  ഇത് മാറ്റാന്‍ രവി  ശ്രമം തുടങ്ങിയിരുന്നു. മന്ത്രാലയത്തിലെ ചില പ്രമുഖര്‍ അറസ്റ്റുചെയ്യപ്പെട്ടത് അതിന്റെ ഭാഗമാണ്. പൈലറ്റുമാര്‍ നടത്തിയ സമരം ഫലപ്രദമായി നേരിട്ടു. സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വേണ്ടി എയറിന്ത്യയുടെ ഷെഡ്യൂളുകള്‍ മാറ്റുന്നത് അവസാനിപ്പിച്ചു.  വകുപ്പിലെ അഴിമതി കുറച്ചുകൊണ്ടുവന്നു. തുടര്‍ന്ന് എയറിന്ത്യയുടെ വരുമാനം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ വിശ്വാസം നേടിയെടുക്കാനുമുള്ള ശ്രമങ്ങള്‍  തുടങ്ങിയപ്പോഴാണ് ഈ വകുപ്പുമാറ്റം. എയറിന്ത്യാ ജീവനക്കാര്‍ക്ക് മൂന്നുമാസത്തെ ശമ്പള കുടിശ്ശിക ബാക്കിയുണ്ടായിരുന്നു. പ്രമോഷന്‍ മരവിപ്പിച്ചിരുന്നു.

            യു പി എക്ക് പുതിയ സഖ്യകക്ഷികള്‍ ഉണ്ടാകുന്നതിനെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ലെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്നവരെ മന്ത്രിസഭയില്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു.  എ രാജ, ദയാനിധി മാരന്‍ തുടങ്ങിയ മന്ത്രിമാരും കല്‍മാഡി, കനിമൊഴി തുടങ്ങിയ നേതാക്കളും അഴിമതിയുടെ കരിനിഴലില്‍ നില്‍ക്കേ  അജിത്‌സിംഗിനെ പോലുള്ള ഒരാളുടെ അരങ്ങേറ്റം ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.

         മുന്‍ കാലങ്ങളെ അപേക്ഷിച്ച് വ്യോമഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ആ വകുപ്പിന്റെ പ്രവര്‍ത്തനം എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുകയും എയറിന്ത്യ കനത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശ്രമിക്കുന്നതിനു പകരം. അജിത്‌സിംഗിനെ പോലുള്ളവരുടെ ദുര്‍ബല കരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചത് പരിഹാസ്യമായി തോന്നുന്നു.  ഇത്തരം പ്രധാന വകുപ്പുകളുടെ ചുമതല  കോണ്‍ഗ്രസ് തന്നെയാണ് വഹിക്കേണ്ടത്. 
 
           വയലാര്‍ രവിയുടെ ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടുവെന്നത് ഗൗരവമര്‍ഹിക്കുന്ന കാര്യമാണ്. അദ്ദേഹത്തെ മാറ്റിയതു തന്നെ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയെയാണ് കാണിക്കുന്നത്. അജിത്‌സിംഗിനെ സംബന്ധിച്ചെടുത്തോളം എയറിന്ത്യ ലാഭത്തിലായാലും നഷ്ടത്തിലായാലും മന്ത്രിപദവി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ജനജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട വകുപ്പുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തട്ടിക്കളിക്കുന്നത് ഇന്ത്യയെ പോലുള്ള വിശാലമായ ഒരു രാജ്യത്തെ ഭരണാധികാരികള്‍ക്ക് ഒട്ടും യോജിച്ചതല്ല.

Thursday, December 8, 2011

അവസാനം കോടതി തന്നെ ശരണം


          ഒരാഴ്ചയിലധികമായി സംസ്ഥാനം ഒന്നടങ്കം  മുല്ലപ്പെരിയാര്‍ ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയാണ്. വാദവിവാദങ്ങള്‍ക്ക് നാള്‍ക്കുനാള്‍ ചൂടും ചൂരും ഏറിവരുന്നുണ്ടെങ്കിലും വിവേകത്തിന്റെ നറുമണം വീശുന്ന ലക്ഷണം മാത്രം കാണാനില്ല. രാഷ്ട്രീയക്കാരുടെ മനോകാമനകളെ പൂവണിയിക്കാന്‍ മാത്രമേ മുല്ലപ്പെരിയാര്‍ വിഷയവും വഴിയൊരുക്കൂ  എന്ന് വന്നിരിക്കുന്നു. കേരള മുഖ്യമന്ത്രിയുടെ നേതൃത്തില്‍ മന്ത്രിസഭ ഒന്നടങ്കം  ഡല്‍ഹിയില്‍ തമ്പടിച്ചിട്ടും കേന്ദ്രം അനങ്ങുന്ന ലക്ഷണമില്ല.  നാം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്ത ഊഴം സര്‍വകക്ഷി സംഘത്തിന്റേതാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പരിവാരസമേതം അവസാനശ്രമത്തിനുളള ഒരുക്കത്തിലാണ്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ ഗുണഭോക്താക്കളായ തമിള്‍നാട്ടില്‍ മന്ത്രിമാര്‍ക്ക് കുലുക്കമില്ല. മുഖ്യമന്ത്രി ജയലളിതയാകട്ടെ രണ്ടുമാസത്തെ വിശ്രമത്തിനും വിനോദത്തിനും തലസ്ഥാനത്തിന് വെളിയിലുമാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നതിലപ്പുറം അവര്‍  വിഷയം സീരിയസായി എടുത്തിട്ടില്ല. അല്ലെങ്കില്‍ അവര്‍ ധരിക്കുന്നുണ്ടാവാം കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം എന്ന്.

            സര്‍വകക്ഷി സംഘം താണുകേണാല്‍  പ്രധാനമന്ത്രി മൗനം വെടിഞ്ഞ് സടകുടഞ്ഞെഴുനേല്‍ക്കുമെന്നും പദ്ധതി പ്രദേശത്തെ 35 ലക്ഷം ജനങ്ങളെ ആപല്‍ഭീഷണിയില്‍ നിന്ന് രക്ഷിക്കുമെന്നും മന്‍മോഹന്‍ സിംഗിനെ അറിയുന്നവരാരും പറയില്ല. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കും അതറിയാം. തമിള്‍നാട്ടിലെ കരുണാനിധിയേയോ ജയലളിതയേയോ വരുതിയില്‍ നിര്‍ത്താനുള്ള ത്രാണി ഇന്ന് പ്രധാനമന്ത്രിക്കോ കേന്ദ്ര ഗവണ്‍മെന്റിനോ ഇല്ല. അഥവാ നട്ടെല്ലുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിച്ചുവെന്നിരിക്കട്ടെ. മന്‍മോഹന്‍സിംഗിന് പിന്നെ അധികകാലം തുടരാനാവില്ല. വിശ്രമജീവിതം നയിക്കേണ്ടിവരും. മലയാളികളുടെ ജീവനും തമിഴരുടെ ജീവിതവും സംരക്ഷിക്കുന്നതിനു  അധികാരം ബലികഴിക്കാന്‍ മാത്രം ഗാന്ധിയനല്ല മന്‍മോഹന്‍ സിംഗ്. ജനഹിതം    മാനിച്ച് പ്രധാനമന്ത്രിയാകേണ്ട അവസ്ഥ വന്നിട്ടില്ലാത്ത മഹാഭാഗ്യവാനാണദ്ദേഹം.

           അതുകൊണ്ടാണ് വീണ്ടും സുപ്രീം കോടതിയെ തന്നെ ശരണം പ്രാപിക്കാന്‍ കേരളം തീരുമാനിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നും അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍കരുതല്‍ എന്ന നിലയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളുടെയും  മഴയുടെയും വിശദമായ റിപ്പോര്‍ട്ടുകളും സംസ്ഥാനം  കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ടികള്‍ കേരളത്തിന്റെ ആശങ്കയില്‍ പങ്ക് ചേര്‍ന്നെങ്കിലും പുതിയ ഡാം, ജലനിരപ്പ് താഴ്ത്തുക തുടങ്ങിയ അടിസ്ഥാനപരമായ പരിഹാര നിര്‍ദേശങ്ങളോട് മിക്കവരും മുഖം തിരിക്കുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ ജലവിഭവ വകുപ്പുമന്ത്രി പി ജെ ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുക എന്ന ആശയം ഉദിച്ചത്. തമിള്‍നാട്-കേരള മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്ന സൂചന ലഭിച്ചതോടെ കോടതിക്ക് പുറത്ത് സമവായത്തിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു കേരള നേതാക്കള്‍. എല്ലാ പ്രതീക്ഷയും തട്ടിത്തെറിപ്പിച്ച് കേരളത്തെ പ്രതിക്കൂട്ടിലാക്കിയ തമിള്‍നാട് രണ്ട് ഹര്‍ജികള്‍ ബോധിപ്പിച്ചതോടെ മറ്റ് വഴികളില്ലാതായി. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട  വിശദമായ പദ്ധതിരേഖ കോടതിയുടെ ഉന്നതാധികാരസമിതി പരിശോധിക്കുന്നതിനാല്‍ ഈ ആവശ്യം പുതിയ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

           മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിള്‍നാടിനെ സഹായിക്കും വിധം സമീപനം സ്വീകരിച്ച അഡ്വക്കറ്റ് ജനറലിനെ ന്യായീകരിക്കാനാണല്ലോ  മുഖ്യമന്ത്രി മാത്രമല്ല മന്ത്രിസഭയും തയാറായത്. മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണി ഇടുക്കി ഡാം താങ്ങിക്കൊള്ളുമെന്ന എ ജിയുടെ സമീപനം കേരളം ഇതുവരെ അവലംബിച്ച  വസ്തുതകള്‍ക്ക് തീര്‍ത്തും എതിരാണ്. ഭൂചലനങ്ങള്‍ ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാറിന്റെ അപായാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച ഉല്‍ക്കണ്ഠ അടിസ്ഥാനരഹിതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എ ജിക്ക് സാധിച്ചു. എന്നിട്ടും അദ്ദേഹത്തെ ന്യായീകരിക്കാന്‍ മുതിര്‍ന്നതിലെ ദുരൂഹത പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനടക്കമുള്ളവര്‍ എടുത്തുകാണിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായോജകരായ തമിള്‍നാട്ടിലെ തേനിയടക്കമുള്ള അഞ്ചു ജില്ലകളില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഏക്ര കണക്കിന് ഭൂമിയുണ്ടെന്നതാണത്. ആര്‍ക്കൊക്കെയാണ് അവിടെ ഭൂമിയുള്ളതെന്ന് വ്യക്തമാക്കാന്‍  പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടിരിക്കുന്നു.

          മുല്ലപ്പെരിയാറിന്റെ പേരില്‍ തമിള്‍നാട്ടില്‍ മലയാളികള്‍ക്കും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കയ്യേറ്റങ്ങള്‍ വരെ നടക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന ആഘാതങ്ങളെ നേരിടാന്‍ നാം ചിലപ്പോള്‍ വലിയ വില നല്‍കേണ്ടിവരും. സത്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായോജകര്‍ തമിള്‍നാടാണ്. കുടിക്കാനും ജലസേചനത്തിനും മാത്രമല്ല വൈദ്യുതി ഉല്‍പാദിപ്പിക്കാനും ഡാം ഉപയോഗിക്കുന്നത് അവരാണ്. പദ്ധതി സ്ഥാപിക്കപ്പെട്ട കേരളത്തിന് ഇതുകൊണ്ട് മറ്റ് പ്രയോജനമൊന്നുമില്ലതാനും. പദ്ധതി തകര്‍ന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി നേരിടുമെന്നത് മാത്രമാണ് നമ്മെ അലട്ടുന്ന പ്രശ്‌നം. അതിന് അവരെ മാറ്റിത്താമസിപ്പിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാവും. എന്നാല്‍ തമിള്‍നാടിന്റെ സ്ഥിതി അതാണോ?  അണ തകര്‍ന്നാല്‍ പിന്നെ അഞ്ചു ജില്ലകള്‍ മരുഭൂമിയായി മാറും. കുടിവെള്ളം കിട്ടാതെ വലയും. വൈദ്യുതി ഉല്‍പാദനവും നിലയ്ക്കും. കര്‍ഷകര്‍ കൂട്ടആത്മഹത്യ ചെയ്യേണ്ടിവരും. അതെല്ലാം അവരെ ബോധ്യപ്പെടുത്താന്‍ നമുക്കോ കേന്ദ്ര ഗവണ്‍മെന്റിനോ ഇതുവരെ കഴിഞ്ഞില്ല. നമ്മുടെ ഏറ്റവും വലിയ പരാജയവും അതുതന്നെ.

Thursday, December 1, 2011

നാഴികക്കല്ലായി മാറുന്ന വ്യാപാരമേള


        വ്യാപാരികള്‍ക്ക് ഉണര്‍വ്വും ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളുമൊരുക്കി കേരളത്തിന്റെ തനത് വ്യാപാരോത്സവത്തിന് ഇന്നലെ തുടക്കമായി. ഇനി 46 നാളുകള്‍ കേരള വിപണിയില്‍ തിരക്കിന്റെയും ആഘോഷത്തിന്റെയും പൊലിമയേറും. വാണിജ്യ-വ്യവസായ മേഖലയില്‍ കുതിപ്പ് പകരാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുള്ള സ്ഥാപനങ്ങളെ കണ്ണിചേര്‍ത്ത് 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ അഞ്ചാം പതിപ്പാണ് ഇത്തവണത്തെ വ്യാപാരമേള. ഇക്കുറി മേളയിലൂടെ 2500 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 1800 കോടിയായിരുന്നു. ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പന്നങ്ങളോടൊപ്പം വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കുന്നതോടൊപ്പം സര്‍ക്കാരിന് നികുതിയിനത്തില്‍ മേള വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്യും.

          ലോകമാകെ സാമ്പത്തിക മാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ നടക്കുന്നത്. സാധനങ്ങള്‍ക്കാകട്ടെ തീപിടിച്ച വിലയുമാണ്. ജനങ്ങളുടെ ക്രയശേഷി വര്‍ധിക്കുന്നില്ലെങ്കില്‍ വിപണന മഹോത്സവങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. വിപണനവും ഉല്‍പാദനവും പരസ്പര പൂരകമാണ്. ഉല്‍പാദനം വര്‍ധിപ്പിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും വിപണനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇവിടെയാണ് ഇതുപോലെയുള്ള ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ പ്രസക്തി.

          ദുബായില്‍ 18 വര്‍ഷം മുമ്പ് തുടങ്ങിയ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ അധികം വൈകാതെ തന്നെ ലോകപ്രശസ്തമായി. വാണിജ്യമേളക്ക് ആഗോള സമൂഹത്തെ ആകര്‍ഷിക്കാനായി വിമാനയാത്രക്കൂലിയില്‍ പോലും പ്രത്യേക സൗജന്യം അനുവദിക്കപ്പെട്ടു. ഷോപ്പിംഗ് മാളുകളില്‍ മാത്രമല്ല ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും അവര്‍ പ്രത്യേക ഇളവുകള്‍ ഏര്‍പ്പെടുത്തി. ആദ്യ കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള മേളകള്‍ ആവേശകരമായ മുന്നേറ്റം കാഴ്ചവെച്ചു. വില്‍പ്പന നികുതിയിനത്തില്‍ ആദ്യവര്‍ഷം 90 കോടി ലഭിച്ച സ്ഥാനത്ത് തൊട്ടവര്‍ഷങ്ങളില്‍ യഥാക്രമം 140, 280, 390 എന്നിങ്ങനെയായിരുന്നു വരുമാനം.

         കേരളത്തെ രാജ്യാന്തര വാണിജ്യകേന്ദ്രമാക്കി മാറ്റണമെന്ന ആഗ്രഹത്തോടെയാണ് കേരള ഗവണ്‍മെന്റ്   മേള സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വ്യാപാര ചരിത്രത്തില്‍ വേറിട്ട മുന്നേറ്റം കാഴ്ചവെക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിഞ്ഞേക്കാമെങ്കിലും  ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള മെച്ചം മേളകളില്‍  ലഭിക്കുന്നില്ലെന്ന പരാതി നാലു വര്‍ഷത്തിനു ശേഷവും അവശേഷിക്കുന്നു. മുമ്പ് കേരളത്തിലെവിടെയും സീസണ്‍ കച്ചവടമായിരുന്നു. ഓണം, പെരുന്നാള്‍, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സീസണ്‍.  അന്നാണ് വിപണി ഏറെ സജീവമാവുക. സീസണ്‍ കഴിഞ്ഞാല്‍ കച്ചവടം പിന്നെ തുലോം കുറവായിരിക്കും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വരെ വിഷമിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

          40 ലക്ഷത്തിലധികം ആളുകള്‍ ജോലിചെയ്യുന്ന മേഖലയായി വ്യാപാര-വ്യവസായ മേഖല വളര്‍ന്നിരിക്കുന്നു. ഇതില്‍ വലിയ വിഭാഗം ചെറുകിട സ്ഥാപനങ്ങളാണ്. കേരളത്തിലെ  ഏറ്റവും വലിയ തൊഴില്‍ സംരംഭവും ഇതുതന്നെ. വ്യാപാരഉടമകള്‍ തന്നെ ഇവിടെ ജോലിചെയ്യുന്നവരാണ്. പലരും ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് കച്ചവടസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. അവരെ സംബന്ധിച്ചെടുത്തോളം ഇത്തരം മേളകള്‍ ഇപ്പോള്‍ പ്രതീക്ഷയുടെ വേലിയേറ്റം സൃഷ്ടിക്കുന്നു.

          ഷോപ്പിംഗിനെ ഇന്നാരും ആഢംബരമായി കണക്കാക്കുന്നില്ല. മതാഘോഷ ദിവസങ്ങളേക്കാല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്നതും തരാതരം പോലെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും മറ്റ് സന്ദര്‍ഭങ്ങളിലാണെന്ന് പറയാം. വീട്ടാവശ്യത്തിന് ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷിനും കമ്പ്യൂട്ടറും ഫോണും തുടങ്ങി ഷോപ്പിംഗിനിറങ്ങിയാല്‍ ആവശ്യക്കാരനെ തേടിയെത്തുന്ന സാധനങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ഫാഷനും ഡിസൈനും മാറുന്നതിനനുസരിച്ച് യുവതീയുവാക്കള്‍ക്ക് റെഡിമെയ്ഡ് വസ്ത്രങ്ങളും വേണം. ജനങ്ങളെ വശീകരിക്കാന്‍ ആകര്‍ഷണീയമായ പരസ്യങ്ങളുടെ അകമ്പടിയോടെ സ്ഥാപനങ്ങള്‍ അണിഞ്ഞൊരുങ്ങി നില്‍പുണ്ട്.
 
        ജനുവരി 15 വരെ 46 ദിവസം നീളുന്നതാണ് വ്യാപാരോത്സവം. വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മേള യിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചക്ക് അടിത്തറയൊരുക്കുകയാണ് ലക്ഷ്യം. അതിന് സഹായകരമായ രീതിയില്‍ ടൂറിസം പാക്കേജും കലാസാംസ്‌കാരിക പരിപാടികളും സമ്മാനഘടനയും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ അവകാശപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപാരികളും വാണിജ്യസ്ഥാപനങ്ങളും മേളയുടെ ഭാഗമാകാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. മുമ്പ് നിര്‍ബന്ധപൂര്‍വം കച്ചവടക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയ സ്ഥാനത്തുള്ള ഈ മാറ്റം തീര്‍ച്ചയായും സന്തോഷകരം തന്നെ. മേളകളുടെ വിജയത്തിന് നിദാനമായി വര്‍ത്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വിറ്റഴിക്കപ്പെടുന്ന സാധനങ്ങളുടെ ഗുണനിലവാരമാണ്. പഴയതും ഗുണമേന്മയില്ലാത്തതുമായ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള കുറുക്കുവഴിയായി മേളയെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഉപഭോക്താവിനെ ചൂഷണം ചെയ്യാനുള്ള വാതിലുകളെല്ലാം പരമാവധി കൊട്ടിയടച്ചുകൊണ്ടായിരിക്കണം ഇത്തരം മേളകള്‍ സംഘടിപ്പിക്കേണ്ടത്. അല്ലാത്ത പക്ഷം കേരളത്തിന്റെ വികസനചരിത്രത്തില്‍ അന്താരാഷ്ട്ര നിലവാരം കൊതിക്കുന്ന ഈ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ ലക്ഷ്യംകാണാതെ പരാജയപ്പെട്ടുപോകും. 
Related Posts Plugin for WordPress, Blogger...