Wednesday, April 20, 2011

എന്‍ഡോസള്‍ഫാന്‍ ക്‌ളൈമാക്‌സിലേക്ക്


          കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യതയെപറ്റി ഇനിയൊരു വിവരണത്തിന്റെയോ പുതിയൊരു അറിവിന്റെയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്രയധികം നമ്മള്‍ ഇരകളെ പറ്റിയും വേട്ടക്കാരെ പറ്റിയും ചര്‍ച്ച ചെയ്തുകഴിഞ്ഞിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി രാജ്യത്തും ലോകത്ത് തന്നെയും നിരോധിക്കുന്നതിനുള്ള പ്രായോഗിക നടപടികളാണ് ഇനി വേണ്ടത്.  ഈ കീടനാശിനി ജീവിതനാശം വരുത്തുമെന്ന് അനുഭവങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടും  നിരോധിക്കാന്‍ കേന്ദ്ര ഭരണകൂടം അറച്ചുനില്‍ക്കുന്നതാണ് അത്ഭുതം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘത്തെ ദല്‍ഹിക്കയക്കാനും സ്റ്റോക്‌ഹോം കണ്‍വെന്‍ഷനോടനുബന്ധിച്ച് തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ  തീരുമാനം സ്വാഗതാര്‍ഹം തന്നെ. സംസ്ഥാനത്തിന്റെ നിവേദനത്തിനും പ്രതിഷേധത്തിനും കാത്തുനില്‍ക്കാതെ തന്നെ ഈ കൂരിരുള്‍ പാതയില്‍ ദീപം തെളിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് എന്താണാവോ ഇത്ര വൈക്‌ളബ്യം? മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തില്‍ ആപത്ത് വരുത്തിവെക്കുമെന്ന് തെളിഞ്ഞിട്ടും ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ഈ കീടനാശിനി ഉപയോഗം നിര്‍ത്തിവെക്കാന്‍ തയാറാവുന്നില്ല.
 
          80ലേറെ രാജ്യങ്ങള്‍ ഈ കീടനാശിനി ഇതിനകം നിരോധിച്ചുകഴിഞ്ഞു. ഓര്‍ഗാനോ ക്‌ളോറിന്‍ വിഭാഗത്തില്‍പെട്ട ഈ രാസകീടനാശിനി ഭക്ഷ്യവിളകളിലും ഭക്ഷ്യേതര വിളകളിലും കീടങ്ങളെ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അത്യന്തം അപകടകരമായത് എന്ന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി 2009ല്‍ തന്നെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി, നിരോധിക്കപ്പെടേണ്ട രാസവസ്തുക്കളുടെ പട്ടികയില്‍ നേരത്തെ എന്‍ഡോസള്‍ഫാന്‍ പെടുത്തിയതുമാണ്.
          കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകുകളെ നശിപ്പിക്കുന്നതിനു വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ ഹെലികോപ്ടറില്‍ സ്‌പ്രേ ചെയ്തത്. കീടനാശിനി പ്രയോഗത്തിന് നിര്‍ദേശിക്കപ്പെട്ട എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തി 1978 മുതല്‍ 2001വരെ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. അതിനുശേഷം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 16 ഓളം സംഘങ്ങള്‍ ഈ കീടനാശിനിയുടെ അപകടത്തെ കുറിച്ച് പഠനം നടത്തുകയുണ്ടായി. 17 മെഡിക്കല്‍ കേമ്പുകളും കാസര്‍കോട്ട് സംഘടിപ്പിക്കപ്പെട്ടു. കേമ്പില്‍ പങ്കെടുത്ത 15698 പേരില്‍ 3435 പേര്‍ കൃത്യമായും എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായവരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ കീടനാശിനികൊണ്ട് 14തരം രോഗങ്ങളുണ്ടാവുമെന്നും പരിശോധനയില്‍ തെളിഞ്ഞു. നാഡീസംബന്ധമായ അസുഖങ്ങള്‍, സ്വഭാവവൈകല്യങ്ങള്‍, ബുദ്ധിവികാസം കുറയുന്ന അവസ്ഥ, അന്ധത, തല വലുതാവല്‍, അപസ്മാരം തുടങ്ങിയവ ഇതില്‍ മുഖ്യമാണ്. എന്‍ഡോസള്‍ഫാന്‍ തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമത്രെ. ഇത്രയൊക്കെ വ്യക്തമായിട്ടും  ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ അടുത്തമാസം വീണ്ടും പഠനം നടത്താനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപാടി. ജനങ്ങളുടെ ജീവിതമാണോ അതോ കുത്തക മുതലാളിമാരുടെ താല്‍പര്യമാണോ സര്‍ക്കാരിന് വലുതെന്ന സംശയത്തിന് ബലം നല്‍കാനേ ഈ പഠനം ഉപകരിക്കൂ.

          കേന്ദ്ര സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാട് നിരന്തരം സ്വീകരിക്കുന്നുവെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. മുമ്പ് നടന്ന ലോകരാഷ്ട്ര സമ്മേളനങ്ങളില്‍ എന്‍ഡോസള്‍ഫാന് വേണ്ടി നിലകൊണ്ട രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയുമുണ്ടായിരുന്നു. എന്‍ഡോസള്‍ഫാനും രോഗങ്ങളും തമ്മിലുള്ള ബന്ധത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ചോദിക്കുന്നവരുണ്ട്. ലോകമെമ്പാടും നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഇതിന് മറുപടിയുമുണ്ട്. ഒരു പ്രദേശത്തെ ജനങ്ങളുടെ രോഗാതുരതയെ, അസ്വാഭാവികമായ ആരോഗ്യവ്യതിയാനങ്ങളെ തിരിച്ചറിയേണ്ടത് ആ പ്രദേശത്തെ മെഡിക്കല്‍ സമൂഹമാണ്. ആരോഗ്യരംഗത്ത് ഉന്നതിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത് നടക്കാതെ പോയെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്നേ അതിനെ വിശേഷിപ്പിക്കാനാവൂ.  മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന ഒന്നായി എന്‍ഡോസള്‍ഫാനെ കാണുന്നവര്‍ ഇനിയെങ്കിലും യാഥാര്‍ഥ്യബോധം പ്രകടിപ്പിക്കണം.

          ഇതൊക്കെ നടക്കുമ്പോള്‍ നീറോയെപ്പോലെ അനങ്ങാതിരിക്കുകയാണ് ബന്ധപ്പെട്ടവര്‍. ആളുകള്‍ മരിച്ചോട്ടെ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് അവര്‍ കരുതുന്നു. ഒരു ഭാഗത്ത് വലിയ വലിയ ലോബികളും അവര്‍ പണം കൊടുത്തുണ്ടാക്കിയ കുറെ ശാസ്ത്രജ്ഞന്മാരും. മറുഭാഗത്ത് ദുരിതത്തിനിരയായ പരസഹസ്രങ്ങളും. ഈ സാഹചര്യത്തിലാണ് ജനീവയില്‍ സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ നടക്കാന്‍ പോകുന്നത്. 2001 മേയില്‍ സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നടന്ന സമ്മേളനമാണ് പോപ്‌സ് നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള കണ്‍വെന്‍ഷന് അന്തിമരൂപം നല്‍കിയത്. കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ 180 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്.

          സ്ഥാവര കാര്‍ബണിക് മാലിന്യകാരികള്‍ (പോപ്‌സ്) എങ്ങനെ മനുഷ്യജീവനും ആഗോള പരിസ്ഥിതിക്കും ഹാനികരമാവുന്നു എന്ന തിരിച്ചറിവാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിച്ചത്. തുടര്‍ന്ന് 136 ഇനം രാസവസ്തുക്കളുടെ പട്ടിക തയാറാക്കി. ഇതില്‍ അടിയന്തര ശ്രദ്ധപതിയേണ്ട ഏറ്റവും അപകടകാരിയായ 22 തരം രാസവസ്തുക്കളാണ് സ്റ്റോക്‌ഹോം പട്ടികയിലുള്ളത്. പട്ടികയില്‍ 23-ാമത്തെ ഇനമായി എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്താനാണ് 25ന് നടക്കുന്ന കണ്‍വെന്‍ഷനോട് അഭ്യര്‍ഥിക്കാനുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യ സമ്മര്‍ദംചെലുത്തിയേ മതിയാവൂ. ദു:ഖത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ കാസര്‍കോട്ടുകാരോടൊപ്പം നില്‍ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് മുന്‍കയ്യെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

1 comment:

  1. എന്‍ഡോസല്‍ഫാന്റെ രാഷ്ട്രീയം
    http://kpsukumaran.blogspot.com/2010/11/blog-post_10.html

    ReplyDelete

Related Posts Plugin for WordPress, Blogger...