Tuesday, February 4, 2014

സ്ത്രീ പോരാട്ടചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ജസീറ     ദല്‍ഹിയിലെ എല്ലുതുളക്കുന്ന തണുപ്പിനെയും രാഷ്ട്രീയക്കാരുടെ പരിഹാസങ്ങളെയും അതിശക്തരായ മണല്‍ മാഫിയയുടെ ഭീഷണിയെയും നെഞ്ചുറപ്പോടെ നേരിട്ട ജസീറ സ്ത്രീ പോരാട്ട ചരിത്രത്തില്‍ തന്നെ പുതിയ അധ്യായമാണ് രചിച്ചിരിക്കുന്നത്. കണ്ണൂര്‍ മാടായിക്കടപ്പുറത്തെ മണലെടുപ്പ് തന്‍റെ കിടപ്പാടം പോലും നഷ്ടപ്പെടുത്തിയേക്കുമെന്നായപ്പോള്‍ മൂന്നു മക്കളെയും മാറോട് ചേര്‍ത്ത് വീട്ടമ്മ പ്രകടിപ്പിച്ച സാഹസം അത്ഭുതാവഹമാണ്. സമരത്തിനു ഇറങ്ങിപ്പുറപ്പെടുമ്പോള്‍ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ല. കടപ്പുറത്തുനിന്ന് മണല്‍ കടത്തുന്നതിനെതിരെ പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുമ്പിലും കണ്ണൂര്‍ കലക്ട്രേറ്റു പടിക്കലും സെക്രട്ടറിയേറ്റ് നടയിലും സമരം നടത്തിയിട്ടും ബന്ധപ്പെട്ടവരാരും കണ്ണുതുറക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് രാജ്യത്തിന്‍റെ തലസ്ഥാന നഗരി തന്നെ അവസാനം പോരാട്ടത്തിനു തെരഞ്ഞെടുത്തത്. ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 114 ദിവസം നീണ്ട ജന്ദര്‍മന്തറിലെ സമരം അവസാനിപ്പിക്കാന്‍ ജസീറ തീരുമാനിച്ചത്. കടല്‍ മണല്‍ ഖനനം തടയാന്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. അതിനെതുടര്‍ന്ന് മാടായിയില്‍ മണല്‍കടത്ത് കുറഞ്ഞിട്ടുമുണ്ട്. ദല്‍ഹിയിലെ സമരം അവസാനിപ്പിച്ചുവെങ്കിലും നാട്ടില്‍ പരിസഥിതിക്കു വേണ്ടി പോരാട്ടം തുടരുമെന്നും ജസീറ വ്യക്തമാക്കിയിട്ടുണ്ട്
 
      രാഷ്ട്രീയ പിന്‍ബലമുള്ള മണല്‍ മാഫിയക്കെതിരെ കണ്ണൂരില്‍ ഒരു മുസ്ലിം വീട്ടമ്മ പരസ്യമായി രംഗത്തിറങ്ങുകയും ഇന്ദ്രപ്രസ്ഥം വരെ രണ്ടുവര്‍ഷത്തോളം സമരം നടത്തുകയും ചെയ്യുക എന്നത് തികച്ചും അസാധാരണവും അസാധ്യവുമായ കാര്യമാണ്. കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ടി അതിന്‍റെ എല്ലാ ശക്തിയും സംഭരിച്ച് നടത്തിയ ഒട്ടുമിക്ക സമരങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന കേരളത്തിലാണ് ജസീറ അത്ഭുതകരമാംവിധം അതിജീവിച്ചതെന്നോര്‍ക്കണം. മണല്‍ മാഫിയക്കെതിരെ രംഗത്തുവന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും അക്രമിക്കപ്പെട്ട നാടാണിത്. മണല്‍മാഫിയക്ക് വേണ്ടി എം എല്‍ എമാരും എം പിമാരും പൊലീസ് സ്റ്റേഷനുകളി‍ല്‍ കയറി വെല്ലുവിളിച്ച വളപട്ടണം സ്റ്റേ,നില്‍നിന്നും വിളിപ്പാടകലെയാണ് മാടായി. ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയക്കാരെല്ലാം ജസീറയുടെ സമരത്തെ നിന്ദാപൂര്‍വം അവഗണിച്ചു. കടപ്പുറത്ത് പൂഴിയിറക്കല്ലേ എന്ന് ഒരു ഭരണകക്ഷി എം എല്‍ എ അബ്ദുല്ലക്കുട്ടി പരിഹസിച്ചു. ജസീറക്ക് തീവ്രവാദബന്ധമുണ്ടെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ആരോപിച്ചു. സര്‍ക്കാരിനെതിരെ വീണുകിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത പ്രതിപക്ഷകക്ഷികളും ബി ജെ പി പോലും സമരം കണ്ട ഭാവമേ നടിച്ചില്ല. കിണ്ണംകലക്കി ഉപന്യസിക്കുകയും പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരനും പരിസരത്തൊന്നും വന്നില്ല. പര്‍ദ്ദയണിഞ്ഞ് നീതിയുടെ കവാടങ്ങളി്ല്‍ മുട്ടിയ സഹോദരിയെ മതപണ്ഡിതന്മാരും അവരുടെ കാക്കത്തൊള്ളായിരം സംഘടനകളും ഗൌനിച്ചില്ല. ജസീറ എന്തോ വലിയ പാതകംചെയ്തുവെന്ന മട്ടിലായിരുന്നു എല്ലാവരും. ജനാധിപത്യവും മതേതരത്വവും സാക്ഷരതയും നെറ്റിയിലൊട്ടിച്ച മലയാളി സമൂഹം പോലും സമീറയുടെ ഇച്ഛാശക്തി തിരിച്ചറിഞ്ഞത് വളരെ വൈകി മാത്രമാണ്. അതും സമരം മാധ്യമശ്രദ്ധ നേടിയ ശേഷം.

      അതിജീവനത്തിനും പരിസ്ഥിതിക്കും പ്രകൃതിക്കും വേണ്ടിയുള്ള തന്‍റെ സമരം എന്നെങ്കിലും വിജയിക്കുമെന്ന ശുഭപ്രതീക്ഷ ജസീറക്കുണ്ടായിരുന്നു. കാരണം ഇതു അവളുടെ മാത്രമല്ല പൊതുസമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നമാണ്. മറ്റ് സമരങ്ങളിലേതു പോലെ ഒരു കീഴടങ്ങലിനു സന്നദ്ധമായിരുന്നുവെങ്കില്‍ ജസീറയും കുട്ടികളും എന്നേ സമരരംഗത്തുനിന്ന് അപ്രത്യക്ഷമായേനേ.
ദല്‍ഹിയിലാണ് ജസീറക്ക് വലിയ പിന്തുണ ലഭിച്ചത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ബസില്‍വെച്ച് വിദ്യാര്‍ഥിനി പീഡനത്തിനിരയായി വധിക്കപ്പെട്ടപ്പോഴും അഴിമതിക്കെതിരെ അണ്ണാഹസാരെ ഉപവാസമനുഷ്ഠിച്ചപ്പോഴും സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ടി രൂപീകരിച്ചപ്പോഴും ദല്‍ഹി പ്രതികരിച്ചത് നാം കണ്ടതാണ്. നമ്മുടെ രാഷ്ട്രീയക്കാര്‍ സമരത്തെ സമീപിച്ചത് ഗത്യന്തരമില്ലാതെയാണ്. ജസീറ ഉന്നയിച്ച ജീവല്‍പ്രശ്നം പരിഹരിക്കുക എന്നതിനേക്കാള്‍ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കുന്നതിലായിരുന്നു അവരുടെയൊക്കെ ശ്രദ്ധ. അല്ലെങ്കില്‍ കേരളത്തില്‍ വെച്ചു തന്നെ മുഖ്യമന്ത്രി വിചാരിച്ചാല്‍ സമരം അവസാനിപ്പിക്കാമായിരുന്നല്ലോ.കാര്‍മേഘങ്ങള്‍ക്കിടയിലെ കൊള്ളിമീന്‍പോലെ ജസീറ സൃഷ്ടിച്ച ഈ വീരേതിഹാസം ജനമനസ്സുകളില്‍ വളരെക്കാലം പച്ചപിടിച്ചു തന്നെ നില്‍ക്കും തീര്‍ച്ച.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...