Monday, July 30, 2012

മലപ്പുറം വെടിവെപ്പും സി എച്ച് സെന്ററും


               അറബി ഭാഷാ സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്തുലീഗ് ജില്ലാ കലക്‌ട്രേറ്റുകള്‍ പിക്കറ്റ് ചെയ്തത് 1980 ജൂലായ് 30നായിരുന്നു. അന്ന് കോഴിക്കോട് കലക്‌ട്രേറ്റില്‍ നടന്ന സമരത്തില്‍ ഈയുള്ളവനും പങ്കെടുത്തിരുന്നു. മലപ്പുറത്ത് സമരം അക്രമാസക്തമാവുകയും പൊലീസ് നിറയൊഴിക്കുകയും ചെയ്തതിന്റെ ഫലമായി മൂന്നു യൂത്തുലീഗ് പ്രവര്‍ത്തകന്മാര്‍ക്കാണ് ജീവഹാനി നേരിട്ടത്. അന്ന് റമദാന്‍ 17 ആയിരുന്നു. ഒരു പൊലീസുകാരനും സംഭവത്തിനിടയില്‍ മരണപ്പെടുകയുണ്ടായി. അതോടെ പ്രകോപിതരായ പൊലീസ് അവിവേകം കാണിച്ചുവെന്നാണ്  നേതൃത്വം അന്ന് നല്‍കിയ വിശദീകരണം.

               ഇടതുമുന്നണിയുടെ ഭരണമായിരുന്നു അന്ന്. മുഖ്യമന്ത്രി നായനാര്‍. സര്‍ക്കാരില്‍ അഖിലേന്ത്യാ ലീഗ് ഘടകകക്ഷിയായിരുന്നു. പി എം അബൂബക്കര്‍  പൊതുമരാമത്ത് മന്ത്രിയും. അന്ന് പൊലീസ് വെടിവെപ്പിനെ ന്യായീകരിക്കുകയാണ് അഖിലേന്ത്യാലീഗ് ചെയ്തത്. സമരം നടത്തിയ യൂത്തുലീഗുകാരെ അധിക്ഷേപിക്കാനും തയാറായി. ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ അഖിലേന്ത്യാ ലീഗ് ഇന്ത്യന്‍ യൂണിയന്‍ ലീഗില്‍ ലയിച്ചു.

               അതിന് ശേഷം നടന്ന മലപ്പുറം വെടിവെപ്പ് അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കാറുള്ള അഖിലേന്ത്യാലീഗുകാര്‍ ഒരിക്കല്‍ പോലും ആ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചിട്ടില്ല. ഇന്ന് ജൂലായ് 30 ആണ്. അന്നത്തെ അഖിലേന്ത്യാലീഗുകാരില്‍ അവശേഷിക്കുന്നവരെല്ലാം ഇന്ന് യൂണിയന്‍ ലീഗിന്റെ പ്രമുഖ നേതാക്കളായി മാറിയിരിക്കുന്നു. ഇ ടി മുഹമ്മദ് ബഷീറും സി മോയിന്‍കുട്ടിയും അബ്ദുറഹിമാന്‍ രണ്ടത്താണിയും പി എം എ സലാമുമെല്ലാമാണല്ലോ ഇപ്പോള്‍ നേതൃത്വത്തിലുള്ളത്. കോഴിക്കോട് ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമെല്ലാം പഴയ വിമതന്മാരാണ്. ചന്ദ്രികയുടെ ചീഫ് എഡിറ്ററും അതെ. അഖിലേന്ത്യക്കാരില്‍ നിന്ന് ലീഗിനെ രക്ഷിക്കാന്‍ പാണക്കാട് തങ്ങളോടും സി എച്ചിനോടുമൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം ഔട്ട്.

               1974ല്‍ ലീഗില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുണ്ടായിരുന്നില്ല. 1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീഗ് ശക്തി തെളിയിക്കുകയും പൂക്കോയതങ്ങള്‍ക്കു ശേഷം മുഹമ്മദലി ശിഹാബ് തങ്ങള്‍ പാര്‍ടി പ്രസിഡണ്ടാവുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പിന്നെ വെച്ചടി വെച്ചടി കുഞ്ഞാപ്പക്ക് ഉയര്‍ച്ചയായിരുന്നു. ലീഗ് ഭിന്നിച്ചപ്പോള്‍ പാര്‍ടിയെ നിലനിര്‍ത്താന്‍ ത്യാഗമനുഷ്ഠിച്ചവരെ മുഴുവന്‍ പുറമ്പോക്കില്‍ തള്ളിയ അദ്ദേഹം പഴയ അഖിലേന്ത്യാലീഗുകാരെ കൂട്ടുപിടിച്ച് കസേര ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. മലപ്പുറം ജില്ലയില്‍ ലീഗിനെ തകര്‍ക്കാന്‍ വിമതന്മാര്‍ക്ക് സാധിച്ചിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യമില്ലാതെ തന്നെ അവര്‍ പാര്‍ടിക്ക് പിന്നില്‍ ഉറച്ചുനിന്നു. അതേ സമയം മറ്റ് ജില്ലകളില്‍ അതായിരുന്നില്ല സ്ഥിതി. ലീഗിന്റെ പഴയ നേതാക്കളില്‍ മിക്കവരും അഖിലേന്ത്യാ ലീഗിലായിരുന്നു. അവശേഷിക്കുന്ന ചുരുക്കം പേര്‍ സി എച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലമായാണ് അവിടങ്ങളില്‍  പാര്‍ടിയെ നിലനിര്‍ത്തിയതും വിമതന്മാരെ മുട്ടുകുത്തിച്ചതും. ആ സമയത്ത് നിര്‍ണായക പങ്ക് വഹിച്ച ഞാനടക്കമുള്ള നിരവധി പ്രവര്‍ത്തകന്മാരോട് പാര്‍ടി നേതൃത്വം കയ്യടക്കിയ മലപ്പുറം  ലോബി  എങ്ങനെ പെരുമാറിയെന്നതിന് ചരിത്രം സാക്ഷിയാണ്.

                 പറയാന്‍ വന്നത് അതല്ല. മലപ്പുറം വെടിവെപ്പാണ്. വിമതന്മാര്‍ ആ സംഭവത്തെ കുറിച്ച് സമുദായത്തെ അഭിമുഖീകരിക്കാന്‍ യോഗ്യരല്ല. വെടിവെപ്പില്‍ ഇപ്പോള്‍ കണ്ണീരൊഴുക്കുന്നവര്‍ ആദ്യം സമുദായത്തോട് മാപ്പുപറയുകയാണ് വേണ്ടത്. സത്യത്തില്‍ ഘാതകന്മാരുടെ പട്ടികയിലല്ലേ അവരുടെ സ്ഥാനം.

                സി എച്ച് മുഹമ്മദ് കോയ സാഹിബിന് മരിക്കുമ്പോള്‍ 56 വയസ്സായിരുന്നു പ്രായം. ഇത്ര ചെറുപ്പത്തിലേ അദ്ദേഹമെങ്ങനെ അകാലചരമമടഞ്ഞുവെന്ന് ലീഗു പ്രവര്‍ത്തകര്‍ പഠിക്കണം. അതിന് ഉത്തരവാദി  അഖിലേന്ത്യാ ലീഗുകാരായിരുന്നു. അവര്‍ സി എച്ചിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. അവരോട് മുഴുവന്‍ ഏറ്റുമുട്ടാന്‍ വിധിക്കപ്പെട്ട അദ്ദേഹം അമ്പത് തികയുന്നതിന് മുമ്പ് തന്നെ രോഗിയായി. പിന്നീട് അദ്ദേഹം ജനങ്ങളോട് പറഞ്ഞതിങ്ങനെ.ഞാനൊരു സഞ്ചരിക്കുന്ന മയ്യിത്താണ്'.

               ആ സി എച്ചിന്റെ പേരില്‍  കോഴിക്കോട്ടും തിരുവനന്തപുരത്തും ഉയര്‍ന്നുവന്ന സി എച്ച് സെന്ററുകളുടെ തലപ്പത്തും അതേ വിമതന്മാര്‍  കയറിപ്പറ്റിയിരിക്കുന്നു! രോഗികളെ സഹായിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ പ്രധാന പരിപാടി സമുദായത്തെ പിഴിയുക എന്നതാണ്. ഗള്‍ഫിലും നാട്ടിലുമുള്ള സി എച്ചിന്റെ അനുയായികളെ മുഴുവന്‍ പരമാവധി ചൂഷണം ചെയ്യുക.
ഇപ്പോള്‍ റമദാനിലും പിരിവ് പൊടിപൊടിക്കുകയാണ്. രണ്ടാമത്തെ വെള്ളിയാഴ്ച കേരളത്തിലെയും ഗള്‍ഫിലേയും പള്ളികളില്‍ പിരിവ് നടത്താന്‍   ഹൈദരലി തങ്ങളുടെ പേരിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പിരിവ് ലഭിക്കുക  രണ്ടാമത്തെ വെള്ളിയാഴ്ചണല്ലോ. പോരെങ്കില്‍  തങ്ങളുടെ കത്തോടു കൂടി എല്ലാ ലീഗു പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം കവറും. അതില്‍ പണം നിക്ഷേപിച്ച് സി എച്ച് സെന്ററില്‍ എത്തിക്കാനാണത്രെ  നിര്‍ദേശം.

               ശിഹാബ് തങ്ങളുടെ പേരില്‍ ഡയാലിസിസ് സെന്ററും ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സത്യത്തില്‍ സി എച്ച് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ സഹിക്കുമായിരുന്നോ? തന്റെ ഘാതുകരില്‍ നിന്ന് സെന്റര്‍ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. ദു:ഖം അതല്ല, ഇതെല്ലാം അറിയാവുന്ന പാണക്കാട്ടെ തങ്ങന്മാര്‍ ഇതിനൊക്കെ കൂട്ടുനില്‍ക്കുന്നുവെന്നതാണ്.

4 comments:

 1. പ്രിയപ്പെട്ട ജാഫര്‍ അത്തോളി സാഹിബ്,

  മുസ്ലിം ലീഗില്‍ നിന്നും താങ്കള്‍ പുറത്തായതിനു ശേഷം പരമാവധി ലീഗുവിരോധം
  താങ്കളില്‍ ഉണ്ട് എന്നുള്ളത് നമുക്ക്‌ മനസ്സിലാക്കാം .........എന്ന് കരുതി
  ഈ ലീഗ് വിരോധം ഒരു കച്ചവട താല്‍പര്യമാക്കുന്നതില്‍ താങ്കള്‍ക്ക് ലജ്ജയില്ലേ..?
  മുമ്പ്‌ അഖിലേന്ത്യയും,നാഷണലും ഒക്കെ ആയ ലീഗുകാര്‍ മാത്രമല്ല മുസ്ലിം ലീഗില്‍
  ഉള്ളത്.കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തില്‍ അടക്കമുള്ളവര്‍ ലീഗിലുണ്ട് ....എന്ന് താങ്കള്‍ക്ക്
  അറിവുള്ളതാണ്. അവരും ഭാഷാ സമരത്തിനും,സി.എച്ചിനും എതിരില്‍ ശബ്ധിച്ചിരുന്നു.
  എന്നിട്ട് അവരും മുസ്ല്ലിം ലീഗിലേക്ക് വന്നു എന്ന് കരുതി അവര്‍ ലീഗുകാര്‍ അല്ലാതാകുമോ?
  മാറ്റം ഒരു അനിവാര്യമാകുമ്പോള്‍ ആരും പഴയ തെറ്റുകളില്‍ നിന്നും മോചിതരാകും ....താങ്കള്‍ക്കും
  അതാകാമായിരുന്നു...എന്ത് കൊണ്ടോ..അതായില്ല .

  പിന്നെ ("സത്യത്തില്‍ സി എച്ച് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ സഹിക്കുമായിരുന്നോ? തന്റെ ഘാതുകരില്‍ നിന്ന് സെന്റര്‍ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു.")
  ഈ വാക്കുകള്‍ താങ്കള്‍ തന്നെ ചിന്തിച്ചാല്‍ അര്‍ത്ഥശൂന്യമാണെന്ന് പറയും ......കാരണം
  സി.എച്ചിന്റെ മരണത്തിനു ശേഷം താങ്കള്‍ സൂചിപ്പിച്ച "ലീഗിലെ വിമതര്‍" എന്ന് പറയുന്നവര്‍
  നേതൃത്വത്തില്‍ ഉള്ളപ്പോള്‍ ആണ് സി.എച്ച്.സെന്ററും ,ലീഗിന്റെ സേവന പ്രവര്‍ത്തനങ്ങളും
  തുടങ്ങുന്നതും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതും .പിന്നെ എങ്ങിനെയാണ്...അത്തോളി സാഹിബ്
  സി.എച്ച് മുഹമ്മദ്‌ കോയാ..സാഹിബ് സി.എച്ച്.സെന്‍റെര്‍ മോചിപ്പിക്കണമെന്ന് പറയുക?

  താങ്കളുടെ പോലുള്ള മുസ്ലിം ലീഗ് വിരോധികള്‍ ഉണ്ടാകും .......ഒരുപാട് .എന്നാല്‍ അതൊരു
  തൊഴിലാക്കുന്നവര്‍ വളരെ ചുരുക്കമാണ്...താങ്കളോടുള്ള എല്ലാ ബഹുമാനങ്ങളും നില നിര്‍ത്തിത്തന്നെയാണ് ഇത്രയും എഴുതിയത് .......ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനായത് കൊണ്ട് ഇത്രയെങ്കിലും എഴുതാതിരിക്കാന്‍ പറ്റുമോ.......? തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക .....
  എന്ന്,
  മുജീബ്‌ പൊയില്‍താഴം

  ReplyDelete
 2. ബഹുമാനപ്പെട്ട ജാഫര്‍ സാഹിബ്‌ താങ്കള്‍ മര്‍ഹൂം പി വി യെ പ്പറ്റി എന്തൊക്കെ പറഞ്ഞു താങ്കള്‍ തെറ്റ് ഏറ്റുപറഞ്ഞിട്ടയിരുന്നോ വീണ്ടും ലീഗില്‍ കൂടിയതും ചന്ദ്രികയില്‍ ജോലി നോക്കിയതും ഒരു സമരത്തെ മാത്രമല്ല മൊത്തം പരിപാടികളെ വിമത പക്ഷത്തുള്ളവര്‍ എതിര്തിരുന്നല്ലോ സി എച് മരണപ്പട്ടപ്പോള്‍ ഇറങ്ങിയ ലീഗ് ടൈംസ്‌ ചന്ദ്രികെയെക്കള്‍ വേദനയോടെ റിപ്പോര്‍ട്ട് ചെയ്തത് താങ്കള്‍ കണ്ടതല്ലേ ഇസ്ലാമിന്റെ പ്രധാന ശത്രുക്കള്‍ ഇസ്ലാമില്‍ വന്നതിനു ശേഷം ആരായിരുന്നു എന്നിട്ടല്ലേ ജാഫര്‍ സാഹിബ്‌ മുസ്ലിം ലീഗ് താങ്കള്‍ ഒറ്റപ്പെട്ടത് മനിസിലാക്കംവരൂ കോടപ്പനക്കല്‍ താങ്കളുടെ തെറ്റ് കാര്യമാക്കില്ല അണി ചേരൂ സി എച് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇങ്ങിനെ ഒന്നുണ്ടാവില്ല ബിന്നിപ്പിക്കാന്‍ നോക്കല്ലേ

  ReplyDelete
 3. ജാഫര്‍ സാഹിബ്,
  താങ്കളുടെ പല ലേഖനങ്ങളിലും സത്യം ഉണ്ടെന്നു തോന്നി പലപ്പോഴും അത് പലരുമായും ഷെയര്‍ ചെയ്തിട്ടുണ്ട്. താങ്കളെ കുറിച്ച പഠിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ താങ്കളുടെ മനസ്സില്‍ ഒളിപ്പിച്ചു വെച്ച അടങ്ങാത്ത ലീഗ് വിരോധം ഇവിടെ പുറത്ത് വന്നു. ഇപ്പണി പടച്ചവനു നിരക്കാത്തതാണ്. ലീഗിന്റെ കാര്യത്തില്‍ താങ്കള്‍ തികച്ചും സ്വാര്‍ത്ഥനാണെന്ന് മനസിലാക്കുന്നു. എല്ലാ മതിപ്പും നഷ്ടപ്പെട്ട സ്ഥിതിക്ക് ഗുഡ് ബൈ...

  ReplyDelete
 4. താങ്കളുടെ മനസ്സ് ഇത്രയ്ക്കു മലിനമായിരിക്കുമെന്നു കരുതിയില്ല.

  ReplyDelete

Related Posts Plugin for WordPress, Blogger...