Thursday, February 6, 2014

ബലിഷ്ഠമാവട്ടെ ഈ ബദല്‍       ബി ജെ പിയുടെ വര്‍ഗീയ അജണ്ടയ്ക്കും യു പി എ സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരായി പാര്‍ലമെന്‍റില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള 11 മതേതര പാര്ടികളുടെ തീരുമാനം തീര്‍ച്ചയായും സ്വാഗതംചെയ്യപ്പെടും. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ പുതിയ ബദലെന്ന നിലയില്‍ രാജ്യവ്യാപക കൂട്ടായ്മക്കും ഈ യോജിപ്പ് വഴിയൊരുക്കിയേക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പതനം ഏറെക്കുറെ തീര്‍ച്ചയായ സാഹചര്യത്തില്‍ മോദിയുടെ വര്‍ഗീയ അജണ്ടയെ ചെറുക്കാന്‍ ശക്തമായ മതേതര ബ്ളോക്ക് കൂടിയേ തീരൂ.

   ഇന്ത്യന്‍ ജനാധിപത്യത്തിലെ അപൂര്‍വതകളില്‍ ഒന്നാവും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ആദര്‍ശപരമായ അകലം വളരെ കൂടുതലായതിനാല്‍ വിവേകവും സമചിത്തതയും ദീര്‍ഘദൃഷ്ടിയും നേതാക്കള്‍ പ്രകടിപ്പിച്ചാലേ മൂന്നാം ബദല്‍ ലക്ഷ്യത്തിലെത്തുകയുള്ളൂ. ആറര പതിറ്റാണ്ടിനിടയില്‍ രാജ്യത്ത് ഇത്തരം പരീക്ഷണങ്ങളെല്ലാം പാതിവഴിയില്‍ അകാല ചരമമടഞ്ഞതാണ് അനുഭവം. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്‍ നയിച്ച സമ്പൂര്‍ണ വിപ്ളവം വന്‍വിജയമായിരുന്നു. അതിന്‍റെ പേരില്‍ അധികാരത്തിലേറിയ ജനതാ സര്‍ക്കാര്‍ തല്ലിപ്പിരിയാന്‍ രണ്ടുവര്‍ഷം പോലും വേണ്ടിവന്നില്ല. വീണ്ടും വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കപ്പെട്ടു. വി പി സിംഗും ദേവഗൌഡയും ഗുജറാളും ചന്ദ്രശേഖറുമെല്ലാം വീണുകിട്ടിയ അവസരങ്ങള്‍ പാഴാക്കി. കോണ്‍ഗ്രസിനു അധികാരം താലത്തില്‍ വെച്ചു തിരിച്ചുനല്‍കിയതില്‍ ഇവര്‍ക്കും ഇവര്‍ രൂപംകൊടുത്ത രാഷ്ട്രീയ കൂട്ടായ്മക്കും വലിയ പങ്കുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഒരു ബദല്‍ ചര്‍ച്ച നടന്നത് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഏറെക്കുറെ അതില്‍ പങ്കെടുത്തവര്‍ തന്നെയാണ് പാര്‍ലമെന്‍റിലെങ്കിലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. ഇടതുകക്ഷികള്‍ക്ക് പുറമെ അണ്ണാ ഡി എം കെ, എസ് പി, ജെ ഡി യു, ബി ജെ ഡി, ജെ ഡി എസ്, അസംഗണപരിഷത്ത്, ജാര്‍ഖണ്ട് വികാസ് മോര്‍ച്ച എന്നീ പാര്‍ടികളുടെ ലോകസഭയിലേയും രാജ്യസഭയിലേയും നേതാക്കളാണ് പുതിയ ബദലിനു രൂപംകൊടുത്തിരിക്കുന്നത്. ലോകസഭയില്‍ ഇവര്‍ക്ക് ഇപ്പോള്‍ 94 എം പിമാരുണ്ട്. ബദലില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ അഞ്ചു സംസ്ഥാനത്ത് ഭരണത്തിലും അഞ്ചിടത്ത് പ്രതിപക്ഷത്തുമുണ്ട്. മറ്റു പല കക്ഷികളും കൂടി ബദലില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

  15-ാം ലോകസഭയുടെ അവസാന സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മാസം 21വരെ തുടരുന്ന സമ്മേളനത്തില്‍ അഴിമതിവിരുദ്ധ ബില്ലുകളും തെലുങ്കാന സംസ്ഥാന രൂപീകരണ ബില്ലുമടക്കം 39 ബില്ലുകള്‍ പാസാക്കിയെടുക്കേണ്ടതുണ്ട്. മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റും അഥവാ വോട്ട് ഓണ്‍ അക്കൌണ്ടും അംഗീകരിക്കണം. ഇത്തവണയും സഭ തുടങ്ങിയത് ബഹളത്തോടുകൂടിയാണ്. ബഹളവും ബഹിഷ്ക്രരണവുമില്ലാതെ സഭ നടക്കുന്നില്ലെന്നതാണ് കുറെ കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.

        ലോകസഭയും രാജ്യസഭയും ഇങ്ങനെ തുടര്‍ന്നാല്‍ രാജ്യത്തെ ജനങ്ങളെ മുഴുവനും കബളിപ്പിക്കലാവുമത്. സിറ്റിങ്ങുകള്‍ കുറയുന്നു. നിയമനിര്‍മാണത്തിനുള്ള സമയവും കുറയുന്നു. പാര്‍ലമെന്‍റിന്‍റെ യഥാര്‍ഥ ലക്ഷ്യം യഥാവിധി നിര്‍വഹിക്കാതെ പോകുന്നു. കാലാവധി പൂര്‍ത്തിയാക്കിയിട്ടും ഏറ്റവും കുറവ് ബില്ലുകള്‍ പാസാക്കിയത് ഇത്തവണയാണ്. നാനൂറു ബില്ലുകള്‍ വരെ പാസാക്കിയ ചരിത്രമുള്ള ലോകസഭ കഴിഞ്ഞ അഞ്ചുവര്‍ഷം അംഗീകരിച്ചത് കേവലം 165 ബില്ലുകള്‍ മാത്രമാണ്. അതും വേണ്ടത്ര ചര്‍ച്ചകളില്ലാതെ.

    രാജ്യത്തിന്‍റെ മതേതര അടിത്തറയും ജനാധിപത്യവും ഫെഡറിലസവും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം വിലക്കയറ്റം, പെരുകുന്ന അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ പ്രശ്നങ്ങളും ശക്തമായി ഉയര്‍ത്തുന്നതിനായിരിക്കണം പാര്‍ലമെന്‍റിലെ പുതിയ കൂട്ടായ്മ ഉപയോഗപ്പെടുത്തേണ്ടത്. അഴിമതി തടയുന്നതിനു വേണ്ടി ഒട്ടനവധി ബില്ലുകള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഈ ബില്ലുകള്‍ വിശദമായ ചര്‍ച്ചകളിലൂടെ പാസാക്കിയെടുക്കാനും കൂട്ടായ്മ സഹകരിക്കണം. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പാര്‍ലമെന്‍റ് വേദിയാക്കാനുള്ള സാധ്യതയുണ്ടെന്നത് നേര്. പക്ഷെ അതിനെ രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍വെച്ച് എതിര്‍ക്കുകയും ചെയ്യരുത്. ബദല്‍ പരീക്ഷണത്തിനു ഏറ്റവും അനിവാര്യം ജനവിശ്വാസമാണല്ലോ.

1 comment:

  1. വർഗീയത പോലെ തന്നെ അപകടകരമായ ഒന്നാണ് പ്രാദേശിക വാദം. ഇടതു പക്ഷം ഒഴികെ മൂന്നാം മുന്നണിയിലെ മറ്റു മിക്ക കഷ്ഷികളും പ്രാദേശികത അടിസ്ഥാനമാക്കിയവ ആണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...