Saturday, November 19, 2011

ഇനി ജയരാജനാണ് താരം


          കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് എം വി ജയരാജന് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി ജനാധിപത്യ വിശ്വാസികള്‍ക്കെല്ലാം ഉന്മേഷം പകരും. നീതി തേടുന്നവക്ക് രാജ്യത്തെ അവസാന അഭയകേന്ദ്രമാണ് കോടതികള്‍. ജയരാജന് തടവുശിക്ഷ വിധിച്ചപ്പോള്‍ ജാമ്യത്തിന് അവസരം നല്‍കാതിരുന്ന ഹൈക്കോടതി നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി ജയരാജന്റെ ആവശ്യം പരിഗണിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. വിധിന്യായത്തില്‍ പുഴു, വിഷസര്‍പ്പം തുടങ്ങിയ മോശമായ ഭാഷ ഹൈക്കോടതി ഉപയോഗിച്ചത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

          ജയരാജനെ പതിനായിരം രൂപ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ഹൈക്കോടതിക്ക് മുമ്പില്‍ സി പി എം നടത്തിയ പ്രതിഷേധ സമരത്തെയും വിമര്‍ശിച്ചിട്ടുണ്ട്. ജഡ്ജിമാരെയും മറ്റും കോടതിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് അമ്പരപ്പുളവാക്കുന്ന അസാധാരണ സംഭവമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ നിയമം അനുവദിക്കുന്ന പരിധി വരെ വിധിയെ ആര്‍ക്കും വിമര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

          സി പി എമ്മിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന സമരത്തിന്റെ ഭാഗമായി ജഡ്ജിമാര്‍ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നത് തടഞ്ഞെന്ന്  മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ വി ഗിരിയാണ് സുപ്രീം കോടതിയെ അറിയിച്ചത്. സമരം കാരണം ജഡ്ജിമാര്‍ക്ക് രാവിലെ എട്ടരക്ക് മുമ്പുതന്നെ കോടതിയിലെത്തേണ്ടിവന്നു. രാവിലെ തന്നെ കോടതി പരിസരം സമരക്കാര്‍ വളഞ്ഞിരുന്നു. മോശമായ മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ മുഴക്കിയത്. വ്യക്തിപരമായി ജഡ്ജിമാര്‍ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു സ്ഥാപനമെന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല എന്നും ഹൈക്കോടതിക്ക് വേണ്ടി ഹാജരായ ഗിരി വാദിക്കുകയുണ്ടായി.

          എന്നാല്‍ ഹൈക്കോടതിക്ക് വേണ്ടി ഒരു അഭിഭാഷകന്‍ പ്രത്യേകമായി ഹാജരാകുന്നത് അത്യപൂര്‍വ സംഭവമാണ്. ഹൈക്കോടതിക്ക് വേണ്ടിയുള്ള വാദങ്ങളാണ് അദ്ദേഹം നിരത്തിയതെങ്കിലും അവയെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് സി പി എം ജനറല്‍ സെക്രട്ടറിയുടെ വാദം. പാതയോരത്ത്  പൊതുയോഗം നടത്തുന്നത് നിരോധിച്ചപ്പോഴാണ്  എം വി ജയരാജന്‍ അതിനെ ചോദ്യംചെയ്തത്. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ ജയരാജന്‍ നടത്തിയ ശുംഭന്‍ പ്രയോഗം പക്ഷെ അതിരുകടന്നതായിപ്പോയി. അത് തിരുത്താന്‍ ലഭിച്ച അവസരം ഉപയോഗിക്കുന്നതിന് പകരം ന്യായീകരിക്കാനാണ് അദ്ദേഹവും പാര്‍ട്ടിയും ശ്രമിച്ചത്. അത് സ്വാഭാവികമായും ജഡ്ജിമാരെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം. കോടതിയലക്ഷ്യത്തിന് പരമാവധി ശിക്ഷ വിധിച്ചതിനു ശേഷവും വിധി സസ്‌പെന്റ് ചെയ്ത് ജയരാജന് ജാമ്യം അനുവദിക്കാത്ത നടപടിയാണ് സുപ്രീം കോടതിയുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്.

           ഈ പ്രതിഷേധം തെരുവില്‍ കൊണ്ടുവരുന്നതിന് പകരം ഇപ്പോള്‍ സ്വീകരിച്ച മാര്‍ഗമാണല്ലോ സി പി എമ്മിന് ഗുണം ചെയ്തത്. കീഴ്‌ക്കോടതി വിധിക്കെതിരെ ഉന്നത നീതിപീഠത്തെ സമീപിച്ച് നീതി തേടാമെന്നിരിക്കെ ഹൈക്കോടതി വളഞ്ഞത് അനാവശ്യമായിപ്പോയി എന്ന് ഇപ്പോള്‍ സി പി എം നേതാക്കള്‍ക്ക് തോന്നുന്നുണ്ടാവണം. കോടതിയലക്ഷ്യ നിയമത്തിന്റെ സത്തക്ക് വിരുദ്ധമായിപ്പോയി ഹൈക്കോടതിയുടെ ജയരാജനെതിരെ വിധി നടപ്പാക്കിയരീതി. കോടതിയലക്ഷ്യ നിയമപ്രകാരമുള്ള അവകാശം ജയരാജന് അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അഭിഭാഷകന് ഒന്നും പറയാനുണ്ടായിരുന്നില്ല. ഏതൊരാളും അര്‍ഹിക്കുന്ന നീതി എടുത്തുമാറ്റാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.

           എന്തായാലും സ്വന്തം വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി കാണിച്ച ആവേശം ജയരാജന് വലിയ തുണയായി എന്ന് തന്നെ പറയണം. അപ്പീല്‍ സ്വീകരിച്ച ദിവസം തന്നെ ജാമ്യം ലഭിച്ചുവെന്നത് മാത്രമല്ല മെച്ചം. സുപ്രീം കോടതി നടപടി  അദ്ദേഹത്തിനും പാര്‍ട്ടിക്കും വലിയ പ്രതീക്ഷ നല്‍കുകയും ചെയ്തു. ഇനി ജൂഡീഷ്യറിയെ വെല്ലുവിളിക്കാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കാനും ഈ വിധിക്ക് കഴിയും, കഴിയണം.

          കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് പാതയോരത്ത് പൊതുയോഗം നടത്താന്‍ അവകാശം നല്‍കുന്ന നിയമം നിയമസഭയില്‍ ഐകകണ്‌ഠ്യേന പാസാക്കിയിട്ടും നിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പിന്‍വലിഞ്ഞ യു ഡി എഫിന് ഇനി നിലപാട് വിശദീകരിക്കാന്‍ അല്‍പം  വിയര്‍ക്കേണ്ടിവരും. ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം സുപ്രീം കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയെങ്കിലും പാര്‍ട്ടിക്ക് അത് ഗുണമാണ് ചെയ്യുക എന്ന  സി പി എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ അസ്ഥാനത്തല്ല.

          ജയരാജനെ സംബന്ധിച്ചെടുത്തോളം ഈ ശിക്ഷയും മോചനവും രാഷ്ട്രീയമായി ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയെന്ന് തന്നെ പറയാം. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാനായ ജയരാജന്‍, ഡി വൈ എഫ് ഐ നേതാവ് രമേശന്റെ മകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലും ഇത് ചര്‍ച്ചാ വിഷയമായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിയാകെ മാറി. അവശേഷിക്കുന്ന സമ്മേളനങ്ങളില്‍ ജയരാജനായിരിക്കും താരം.    ഇപ്പോള്‍ തന്നെ ആരവവും ആര്‍പ്പുവിളിയുമായി അണികള്‍ അദ്ദേഹത്തെ വാനോളം വാഴ്ത്തിത്തുടങ്ങിയിരിക്കുകയല്ലേ. എന്തായാലും ഈ വിധി സി പി എം ശരിക്കും ആഘോഷിക്കുക മാത്രമല്ല മുതലാക്കുകയും ചെയ്യും. എന്നാല്‍ ഹൈക്കോടതി അദ്ദേഹത്തിന് വിധിച്ച ശിക്ഷ ഇളവുചെയ്യുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

3 comments:

 1. പണ്ടേ ഗുണ്ടകളും ഫാസിസ്ടുകളും ആണല്ലേ താരം പാര്‍ട്ടിയില്‍ ഒരിക്കല്‍ എം വി രാഘവന്‍ ഇതുപോലെ ഒരു താരം ആയിരുന്നു പിന്നെ അതെ പോലെ ശത്രുവും , ജാഫറെ ഇങ്ങ്ങ്ങള്‍ ഒരു കാലത്തും നന്നാവില്ല ഈ തരാം ആരാധന കൊണ്ട് , ലോകം മുന്നോട്ട് പോകുന്നത് ഇജ്ജു കാണുന്നില്ല

  ReplyDelete
 2. dushta chinthakal panghu vekkunna suseelanodu tholvi sammadikkunnu

  ReplyDelete
 3. >>>>ജയരാജനെ സംബന്ധിച്ചെടുത്തോളം ഈ ശിക്ഷയും മോചനവും രാഷ്ട്രീയമായി ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയെന്ന് തന്നെ പറയാം. <<<<

  സത്യത്തില്‍ ന്യായാധിപന്മാരെ 'ശുംഭന്മാര്‍' എന്ന് വിളിച്ചു ആക്ഷേപിച്ച ജയരാജന് ഈ കോടതി വിധികള്‍ ഒരു പാഠം ആയി മാറിയെങ്കില്‍ എന്നാണു എന്റെ ചിന്ത .അത്രയ്ക്ക് അസഹനീയമാണ് അദ്ധേഹത്തിന്റെ സംസാര ശൈലി ..എന്തും വിളിച്ചു പറയാന്‍ തയ്യാറുള്ള ഒരാള്‍ എന്ന ഒരു ബോഡി ലാംഗ്വേജ് തന്നെ അദ്ധേഹത്തിന്റെ സ്വഭാവത്തില്‍ കാണുന്നു ...

  ReplyDelete

Related Posts Plugin for WordPress, Blogger...