Thursday, March 24, 2011

ബാലകൃഷ്ണപിള്ള മത്സരിച്ചിരുന്നുവെങ്കില്‍


          അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള കേരള കോണ്‍ഗ്രസ് (ബി) യുടെ തീരുമാനം പിന്‍വലിച്ചത് നന്നായി.  മത്സരിക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും യു ഡി എഫ് നേതൃത്വം അതിനനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍  സങ്കല്‍പിക്കാനാവാത്ത സാംസ്‌ക്കാരിക അശ്‌ളീലമായി അത് ചരിത്രത്തില്‍ ഇടംനേടുമായിരുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ വെല്ലുവിളിക്കാനും മലയാളികളുടെ ജനാധിപത്യബോധത്തെയും സദാചാരസങ്കല്‍പങ്ങളെയും അപഹസിക്കാനും വഴിവെക്കുന്ന  തീരുമാനം ജയിലില്‍ ചെന്നു കണ്ട മുന്നണിനേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണത്രെ പിള്ള പിന്‍വലിച്ചത്.

          പിള്ള പാരമ്പര്യമുള്ള രാഷ്ട്രീയനേതാവും പ്രതിഭാശക്തിയില്‍ അദ്വിതീയനുമൊക്കെയായിരിക്കാം. അദ്ദേഹം പക്ഷെ, വെറും രാഷ്ട്രീയ തടവുകാരനോ വിചാരണ കുറ്റവാളിയോ അല്ല. പൊതുഖജനാവിന് നഷ്ടം വരുത്തിവെച്ച അഴിമതിക്കേസിലെ മുഖ്യ കണ്ണിയാണ്. രാജ്യത്തെ ഉന്നത നീതിപീഠമാണ് പിള്ളക്ക് കഠിനതടവും പിഴയും ശിക്ഷവിധിച്ചത്. സ്വന്തം കര്‍മബലത്തിന്റെ ഫലം. എത്ര വമ്പന്മാരാണെങ്കിലും അഴിമതികൊണ്ട് തോരോട്ടം നടത്തുന്നവര്‍ ജനപ്രതിനിധികളായി നിയമനിര്‍മാണ വേദികളെ മലീമസമാക്കുന്ന സാഹചര്യം ഒരുകാരണവശാലും അനുവദിച്ചുകൂടാ.
അല്ലെങ്കില്‍ തന്നെ പ്രശ്‌നങ്ങളുടെ പാരാവാരം താണ്ടുകയാണ് യു ഡി എഫ്. സ്ഥാനാര്‍ഥിപട്ടിക സംബന്ധിച്ച് തീരുമാനമായെങ്കിലും ഘടകകക്ഷികളുടെ അതൃപ്തിയും വിമതശല്യവും കൂടുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പല സ്ഥലത്തും റിബല്‍ ഭീഷണിയുമായി പ്രബലര്‍ തന്നെയാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ഇത് വലിയ വിലങ്ങുതടി സൃഷ്ടിക്കുന്നു. കരുണാകരന്റെ ഒപ്പം നിന്നവരെ വെട്ടിനിരത്തിയെന്ന് മകള്‍ പത്മജ കുറ്റപ്പെടുത്തുന്നു. പാലക്കാട് പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ വി ഗോപിനാഥ്, ചെങ്ങന്നൂരിലെ മുന്‍ എം എല്‍ എ ശോഭന ജോര്‍ജ്, കോണ്‍ഗ്രസ് വക്താവ് കൂടിയായ എം എം ഹസന്‍, ആലുവ മുന്‍ എം എല്‍ എ കെ മുഹമ്മദലി തുടങ്ങിയവരും സ്ഥാനാര്‍ഥിപട്ടികക്കെതിരെ രംഗത്തുവന്നിരിക്കുന്നു. ടി സിദ്ദീഖ് അടക്കമുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചു എന്നാരോപിച്ച് പലേടത്തും പ്രകടനങ്ങളും പരസ്യ പ്രതിഷേധങ്ങളും നടക്കുന്നു. ഒട്ടും ചര്‍ച്ചചെയ്യാതെ വെച്ചുനീട്ടിയ സീറ്റുകളില്‍ തൃപ്തരല്ലെന്ന് സി എം പി പരിഭവം പറയുന്നു. സോഷ്യലിസ്റ്റ് ജനതയുടെ അതൃപ്തി ശമനമില്ലാതെ തുടരുന്നു. ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നല്‍കാത്തതില്‍ കേരള കോണ്‍ഗ്രസിലും പടലപ്പിണക്കം. തൊടുപുഴയില്‍ പി ജെ ജോസഫിന് സീറ്റ് നല്‍കിയതിനാണ് യൂത്തുകോണ്‍ഗ്രസിന് അമര്‍ഷം. അതിനിടയിലാണ് ആര്‍ ബാലകൃഷ്ണപിള്ളക്ക് ഇനിയും മത്സരിക്കാനുള്ള കൊതി.
 
          യു ഡി എഫുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടതുപക്ഷം എത്രയോ ഭേദം. സീറ്റും സ്ഥാനാര്‍ഥികളും അവര്‍ക്ക് പ്രശ്‌നമേ ആയില്ല. വി എസിനെ തുടക്കത്തില്‍ മാറ്റിനിര്‍ത്തിയെങ്കിലും ജനവികാരം മാനിച്ച് അടര്‍ക്കളത്തില്‍ ഇറക്കിയതോടെ പൂര്‍വാധികം മുന്നണി പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലത വീണ്ടെടുത്തു. ഒരു മെയ്യായി  പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം പിന്നിട്ടു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം അവരുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ധിപ്പിച്ചത്. വി എസ് തന്നെയാണ് മുന്നണിയുടെ ഹീറോ. ഔദ്യോഗികപക്ഷത്തിന്റെ തട്ടകമായ കണ്ണൂര്‍ജില്ലയില്‍ അദ്ദേഹത്തിന് ലഭിച്ച വന്‍വരവേല്‍പ്  തമ്മിലടിക്കുന്ന യു ഡി എഫിനുള്ള മുന്നറിയിപ്പ് കൂടിയാണ്.

          നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രെ പിള്ളയെ മത്സരിപ്പിക്കാന്‍ പാര്‍ടി തീരുമാനിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ 1947 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരിക്കുന്നതിന് വിലക്കില്ലെന്നായിരുന്നു വാദം. 1988 ലെ അഴിമതി നിരോധന നിയമപ്രകാരമാണെങ്കില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിച്ചാലേ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് വിലക്കുള്ളുവത്രെ. പിള്ളയുടെ കാര്യത്തില്‍ ഒരു വര്‍ഷമാണ് ശിക്ഷ. ഇതുതന്നെ ഏത് വകുപ്പ് പ്രകാരമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുമില്ല.  നിയമം ഏതെന്ന് വ്യക്തമാക്കാത്തത് ചൂണ്ടിക്കാട്ടി റിവ്യൂഹര്‍ജി നല്‍കിയെങ്കിലും ശിക്ഷ ശരിവെച്ചതല്ലാതെ നിയമം ഏതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. എന്നാല്‍ അഴിമതി അര്‍ബുദം പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ ആറുവര്‍ഷത്തേക്ക് അയോഗ്യരാക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവന്നത്. ഇത് പിള്ളയുടെ വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

          പാമോയില്‍ ഇറക്കുമതിക്കേസില്‍  പ്രതി ചേര്‍ക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനമാണ്  ഇവിടെ എല്ലാവരും മാതൃകയാക്കേണ്ടത്. നിയമത്തിന്റെ സാങ്കേതികസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം അതിന്റെ ധാര്‍മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം അനുമോദനമര്‍ഹിക്കുന്നു. അഴിമതിക്കേസില്‍ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടത് തന്നെ യു ഡി എഫിനെ സംബന്ധിച്ചെടുത്തോളം ദുസ്സഹമായ അനുഭവമാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുന്‍മന്ത്രിയെന്ന ദുഷ്‌പേരും പിള്ളക്ക് അവകാശപ്പെട്ടതാണ്.  തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍  വോട്ടര്‍മാരില്‍ അത് സൃഷ്ടിച്ച ഇടിമുഴക്കം കഠോരമായിരുന്നു. പിള്ള മാത്രമല്ല യു ഡി എഫ് മൊത്തത്തില്‍ ഇതിന് ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമായിരുന്നു. അഴിമതി മുക്തമായ രാഷ്ട്രനിര്‍മാണം കൊതിക്കുന്ന സമൂഹത്തോട് ആരോഗ്യകരമായി പ്രതികരിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച യു ഡി എഫ് നേതൃത്വം മുന്നണിയില്‍ ഉരുത്തിരിഞ്ഞ മറ്റ് പ്രശ്‌നങ്ങള്‍ കൂടി യാഥാര്‍ഥ്യബോധത്തോടെ കൈകാര്യംചെയ്യുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...