Friday, March 25, 2011

വനിതകള്‍ക്ക് അവഗണന


          വനിതാസംവരണ ബില്‍ നിയമമായില്ലെങ്കില്‍ ആര് വിചാരിച്ചാലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് കേരളത്തിലെ സ്ഥാനാര്‍ഥിപട്ടിക ഒരു പളുങ്കുപാത്രം പോലെ വ്യക്തമാക്കുന്നു. വനിതകള്‍ക്ക് വേണ്ടി ആര്‍ഭാടപൂര്‍വം വാചാലരാകുന്ന പാര്‍ടികളെല്ലാം കാര്യത്തോടടുക്കുമ്പോള്‍ വരച്ചുവെക്കുന്നത് കറുത്ത ചിത്രങ്ങള്‍ മാത്രമാണ്. 81 അംഗ കോണ്‍ഗ്രസ് പട്ടികയില്‍ വനിതകളുടെ സംഖ്യ ഏഴിനപ്പുറമെത്തിയില്ല. വൃന്ദാകാരാട്ടിന്റെ പാര്‍ടിയും സ്വതന്ത്രരും കൂടി 93 സീറ്റില്‍ മത്സരിക്കുന്നുണ്ട്. പക്ഷെ പെണ്‍ സഖാക്കള്‍ക്കായി അവരും നീക്കിവെച്ചത് കേവലം പത്തേ പത്ത് സീറ്റുകള്‍. 2006നെ അപേക്ഷിച്ച് പുരോഗതി അവകാശപ്പെടാമെന്ന് മാത്രം. അന്ന് എട്ടായിരുന്നു. 140 സീറ്റുള്ള നമ്മുടെ സഭയില്‍ വനിതാസംവരണം നടപ്പായാല്‍ എത്തേണ്ടത് 46 വനിതകളാണ്. എന്നാല്‍   2011ലും മത്സരരംഗത്തുപോലും നാമമാത്ര വനിതകളേ ഉള്ളൂ. എത്രമാത്രം വിരോധാഭാസമാണിത്.

          തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കി ചരിത്രംസൃഷ്ടിച്ച കേരളത്തിലാണ് യാതൊരു ധാര്‍മിക ന്യായീകരണങ്ങള്‍ക്കും പഴുതില്ലാത്തവിധമുള്ള ഈ അവഗണന. ഇടതുമുന്നണി പത്ത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കിയപ്പോള്‍ യു ഡി എഫ് അനുവദിച്ചത് കേവലം 5.7 ശതമാനം മാത്രമാണ്. വനിതകള്‍ക്ക് നിര്‍ബന്ധമായി പത്ത്‌സീറ്റ് നല്‍കണമെന്ന് സോണിയാഗാന്ധി നിര്‍ദേശിച്ചിട്ടും രക്ഷയുണ്ടായില്ല. അനുവദിച്ച സീറ്റുകളാകട്ടെ വിജയ സാധ്യത കുറഞ്ഞതും. ഏറെക്കുറെ എല്ലാവരും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.  കെ പി സി സിയിലെ ഏക ജനറല്‍ സെക്രട്ടറി കെ സി റോസക്കുട്ടി, എ ഐ സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി പ്രമുഖ വനിതാ താരങ്ങള്‍ക്കൊന്നും ഇടം ലഭിച്ചില്ല. കരുണാകരന്റെ മകള്‍ പത്മജയും പാലക്കാട്ടെ ശാന്താ ജയറാമും ചെങ്ങന്നൂരിലെ ശോഭനാ ജോര്‍ജും തിരുവനന്തപുരത്തെ ജയാ ഡാളിയും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചവരോ ഉറപ്പ് ലഭിച്ചവരോ ആയിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള അമര്‍ഷം അവര്‍ മറച്ചുവെച്ചില്ല. ജയാ ഡാളിക്ക് ഇടതുപക്ഷം സീറ്റ് നല്‍കി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. 24സീറ്റില്‍ മാറ്റുരക്കുന്ന മുസ്‌ലിംലീഗും 15 സീറ്റില്‍ മത്സരിക്കുന്ന കേരളകോണ്‍ഗ്രസും സ്ത്രീകളെ നാലയലത്ത് പോലും അടുപ്പിച്ചില്ല. 110 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞപ്പോള്‍ ബി ജെ പി പ്രഖ്യാപിച്ച പട്ടികയില്‍ പത്ത് വനിതകള്‍ ഇടം പിടിക്കുകയുണ്ടായി.

          എന്നാല്‍ ഇരുമുന്നണികളിലും നായകരെ നേരിടാന്‍ സ്ത്രീകള്‍ക്കാണ് അപ്രതീക്ഷിത നിയോഗം. മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയുമാണ് മഹിളകളുടെ മത്സരത്തിലൂടെ ശ്രദ്ധനേടാന്‍ പോകുന്നത്. പുതുപ്പള്ളിയില്‍ പ്രഫ.സുജസൂസന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. കോട്ടയം സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്ന ലതികാ സുഭാഷ് നിരാശയായി ദല്‍ഹിയില്‍ നിന്ന് മടങ്ങുമ്പോഴാണ് മലമ്പുഴയില്‍ മത്സരിക്കാനുള്ള ഓഫര്‍ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സി പി എം നിര്‍ത്തിയ സിന്ധുജോയിയും ഇത്തവണ പാര്‍ടി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയിരിക്കുന്നു. എസ് എഫ് ഐയുടെ അഖിലേന്ത്യാ വൈസ്പ്രസിഡണ്ട് പദം വരെയെത്തിയ സിന്ധുവിന്  വനിതകളോട് സി പി എം കാണിക്കുന്ന വിവേചനത്തെ കുറിച്ചാണ് പരാതി.

          അരനൂറ്റാണ്ടിലേറെയായി നമ്മളീ മത്സരവും സീറ്റുകളുടെ പങ്കുവെപ്പുമൊക്കെ തുടങ്ങിയിട്ട്. ഇക്കാലയളവില്‍  സംസ്ഥാനം തെരഞ്ഞെടുത്ത് സഭയിലെത്തിച്ചത് വെറും 37 വനിതകളെ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങള്‍ നമ്മളെക്കാള്‍ എത്രയോ ഭേദമാണ്. മാത്രമല്ല പല സംസ്ഥാനങ്ങളിലും രാഷ്ട്രീയനേതൃത്വത്തില്‍ അദ്വതീയ സ്ഥാനവും വനിതകളാണ് അലങ്കരിക്കുന്നതും. തമിള്‍നാട്ടില്‍ ജയലളിതയും ഉത്തരപ്രദേശില്‍ മുഖ്യമന്ത്രി മായാവതിയും പ. ബംഗാളില്‍  മമതാ ബാനര്‍ജിയുമൊക്കെ രാഷ്ട്രീയരംഗം തന്നെ കയ്യിലിട്ട് അമ്മാനമാടുന്നവരാണ്.  ദേശീയ രാഷ്ട്രീയത്തിലും അവര്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്. രാജ്യത്ത് തന്നെ മര്‍മപ്രധാന പദവികള്‍ പലതും അലങ്കരിക്കുന്നതും വനിതകളല്ലേ? രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, യു പി എ അധ്യക്ഷ സോണിയാഗാന്ധി, ലോകസഭാ സ്പീക്കര്‍  മീരാകുമാര്‍, ലോകസഭ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് തുടങ്ങിയവരാണ് ഭരണത്തിന്റെ കുഞ്ചികസ്ഥാനത്തുള്ളത്. ഇതിലൊന്നും പക്ഷെ ഒരു മലയാളിയെ മഷിയിട്ട് തെരഞ്ഞാല്‍ കാണില്ല.

          കേരളത്തിലും ഇതു തന്നെയാണവസ്ഥ. കേരളപ്പിറവിക്ക് ശേഷം നേതൃഗുണമുള്ള മഹിളാ രത്‌നങ്ങളെ സൃഷ്ടിക്കാന്‍ നാളിതുവരെപ്രബുദ്ധകേരളത്തിന് കഴിഞ്ഞിട്ടില്ല. വേണമെങ്കില്‍ ഒരു ഗൗരിയമ്മയുടെ പേര് പറയാം. അവരുടെ ഇപ്പോഴത്തെ അവസ്ഥയും അറിയാം. വിദ്യാഭ്യാസവും സാക്ഷരതയും എല്ലാം അവകാശപ്പെടുമ്പോഴും പുരുഷ മേധാവിത്തം സമസ്ത മേഖലകളും അടക്കിവാഴുകയാണ്. അര്‍ഹരായവരെ പോലും നാം തഴയുകയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രവര്‍ത്തനം എത്ര ശ്‌ളാഘനീയമാണെന്നോര്‍ക്കണം. സംവരണം വഴിയുണ്ടായ ഗുണപരമായ നേട്ടമാണിത്. പദവി ലഭിച്ച സ്ത്രീകള്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു.

          ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ പോലും പകുതിയിലേറെ സ്ത്രീകളാണ്. നിയമനിര്‍മാണം നടത്തുമ്പോള്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. അതിന് സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ സഹായകരമാവും. ആദ്യം പാര്‍ടികള്‍ക്കുള്ളില്‍ തന്നെ സംവരണം ഏര്‍പെടുത്തണം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന സ്ത്രീകള്‍ക്ക് സംസ്ഥാനത്തെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടാന്‍ അവകാശവും അര്‍ഹതയും യോഗ്യതയുമുണ്ട്. വനിതകള്‍ക്കെതിരെ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിയമനിര്‍മാണ വേദികളില്‍ അവരുടെ സാന്നിധ്യവും സജീവ പങ്കാളിത്തവും വളരെയേറെ പ്രയോജനം ചെയ്യും.
 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...