Monday, January 17, 2011

പി ബിയുടെ ശാസനക്ക് വി എസിന്റെ താക്കീത്


          ജനാധിപത്യക്രമത്തിലെ തെരഞ്ഞെടുപ്പെന്ന താല്‍ക്കാലിക പ്രലോഭനത്തേക്കാള്‍ പാര്‍ട്ടിക്ക് വലുത് അച്ചടക്കമാണെന്ന സന്ദേശമാണ്  മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെ ശാസിക്കാനുള്ള തീരുമാനം വഴി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി പോളിറ്റുബ്യൂറോ ഞായറാഴ്ച നല്‍കിയത്. കമ്യൂണിസ്റ്റുപാര്‍ട്ടികളെ സംബന്ധിച്ചെടുത്തോളം ഇത്തരം തീരുമാനങ്ങളില്‍ പുതുമ അവകാശപ്പെടാനില്ല. എന്നാല്‍ കൈക്കൊള്ളാന്‍ നിശ്ചയിച്ച  ശിക്ഷാനടപടിയെ മണിക്കൂറുകള്‍ക്കകം നിഷേധിക്കേണ്ടിവരിക, അതിനുവേണ്ടി മാത്രം പത്രസമ്മേളനം തന്നെ വിളിച്ചുചേര്‍ക്കുക എന്നിവയെല്ലാം കൗതുകമുളവാക്കുന്നതും വസൂരി കുരുക്കുന്നതുപോലെ പുതിയ പുതിയ സംശയങ്ങള്‍ നട്ടുവളര്‍ത്താന്‍ മാത്രം വഴിയൊരുക്കുതുമാണെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കാത്തതാണ് അത്ഭുതം.
തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതിനു തൊട്ടുമുമ്പ് പടനായകനെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയെന്നത് തീര്‍ച്ചയായും അസാധാരണ സംഭവം തന്നെയാണ്. ഗത്യന്തരമില്ലാതെയാണ് നടപടിയെന്ന് വാദിക്കാന്‍ പാര്‍ടിക്ക് പഴുതുകളുണ്ടെങ്കിലും വി എസിന്റെ കാര്യമാവുമ്പോള്‍ അണികള്‍ക്കും ജനങ്ങള്‍ക്കും ആ വിശദീകരണം മതിയാവില്ല . പാര്‍ടി നടപടിയെ കുറിച്ച് അറിയില്ലെന്നും വിഷയം വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറയുമ്പോഴും നടപടിക്ക് കാരണമായി ഉയര്‍ന്നുകേട്ട ലോട്ടറി തട്ടിപ്പിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും  ഉറച്ചുതന്നെ നില്‍ക്കുകയാണ്. തന്റെ ഗവണ്‍മെന്റ് നിലനില്‍ക്കുന്ന കാലത്തോളം സാന്റിയാഗോ മാര്‍ട്ടിനെ പോലുള്ള പെരുങ്കള്ളന്മാരുടെ കൊള്ളയടി  നടപ്പില്ലെന്ന് അദ്ദേഹം ഇന്നലെയും അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. 

          ഈ പ്രസ്താവന വഴി മാര്‍ട്ടിനെ മാത്രമല്ല വി എസ് ലക്ഷ്യംവെക്കുന്നതെന്ന് വ്യക്തം. തന്നെ ശാസിച്ച  പാര്‍ട്ടിക്കുള്ള താക്കീതുകൂടിയായി ഇതിനെ കണക്കാക്കണം. ലോട്ടറിക്കെതിരെയുള്ള സമരം പ്രതിപക്ഷ നേതാവായിരിക്കുമ്പോഴേ അദ്ദേഹം തുടങ്ങിവെച്ചതാണ്. അന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മിക്കതും മുഖ്യമന്ത്രിപദം ലഭിച്ചിട്ടും സാക്ഷാല്‍ക്കരിക്കാനാവാത്തതിന്റെ കുറ്റബോധം വി എസിനെ അലട്ടുന്നുണ്ടാവാം. മൂന്നാര്‍ പോലെ ഏറെ കൊട്ടിഘോഷിച്ച്  ഏറ്റെടുത്ത പരിപാടികളും പാര്‍ട്ടിനേതൃത്വം മുഖംതിരിഞ്ഞു നിന്നതുകൊണ്ട് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പുറത്ത് പരസ്യപ്പെടുത്താത്ത ശാസന ബോധപൂര്‍വം പി ബി യോഗം കഴിഞ്ഞയുടനെ പരസ്യമാക്കിയതാവും  എസ് രാമചന്ദ്രന്‍പിള്ള പത്രസമ്മേളനം നടത്തി നിഷേധിച്ചതിന് ശേഷവും നടപടിക്ക് കാരണമായ വിഷയത്തില്‍നിന്ന് പിന്തിരിയില്ലെന്ന് പ്രഖ്യാപിക്കാന്‍  വി എസിനെ പ്രേരിപ്പിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി വി എസിനെ  പി ബി യില്‍ തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്  പുതിയ നടപടിയെന്നത് എന്തായാലും ദുഖകരമായിപ്പോയി. മുമ്പ് അഞ്ചുതവണ നടപടിക്ക് വിധേയനായ ആളാണെങ്കിലും അവസാനത്തെ നടപടി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് വ്യക്തം.
 
          ഇത്തവണ പാര്‍ടി  സംസ്ഥാന നേതൃത്വം വിദഗ്ധമായാണ് കരുക്കള്‍ നീക്കിയതെന്ന് കരുതണം. പാര്‍ടിയോടും മന്ത്രിസഭയോടും കൂടിയാലോചിച്ചല്ല കത്തുനല്‍കിയത് എന്നതിനേക്കാള്‍ ഗുരുതരമായി നേതാക്കള്‍ വിശേഷിപ്പിച്ചത് മറ്റൊന്നായിരുന്നു. പശ്ചിമ ബംഗാളിലെ സി പി എം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അവിടെ ക്രമസമാധാനനില അത്യന്തം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്  വി എസ് കത്തുനല്‍കി എന്നതാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇത് കുറിക്ക്‌കൊണ്ടിട്ടുണ്ടാവണം. അല്ലെങ്കില്‍ ശാസന ഐകകണ്‌ഠ്യേന ആകുമായിരുന്നില്ല.

          പാര്‍ടിയോട് ആലോചിക്കാതെ ലോട്ടറി വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം ആഭ്യന്തരമന്ത്രിക്കും പിന്നീട് പ്രധാനമന്ത്രിക്കും കത്തെഴുതിയതാണ് ഇപ്പോഴത്തെ നടപടിക്ക് വഴിവെച്ചത്. കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരുമാണ് അന്യസംസ്ഥാന ലോട്ടറിക്കാരുടെ അഴിഞ്ഞാട്ടത്തിന് കാരണക്കാര്‍ എന്ന നിലപാടില്‍ നിന്ന സി പി എം ഇതോടെ  പ്രതിക്കൂട്ടിലായി. കേന്ദ്രസര്‍ക്കാരിനെയോ കോണ്‍ഗ്രസിനെയോ കത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതുമില്ല. ഇത് ഔദ്യോഗിക നേതൃത്വത്തെ പ്രകോപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

          കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 80000 കോടി രൂപയാണ്  ലോട്ടറി മാഫിയ കേരളീയരില്‍നിന്ന് തട്ടിയെടുത്തത്. സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റിനെ കടത്തിവെട്ടുന്ന തുകയാണിത്. 2ജി സ്‌പെക്ട്രം അഴിമതിയോട് കിടപിടിക്കന്ന ഈ അഴിമതി വി എസ് ഭരണത്തിലാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസവും. ഈ അഴിമതിയില്‍ തനിക്ക് പങ്കില്ലെന്നും പങ്കുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും കേരളജനതയെ ബോധ്യപ്പെടുത്താനാവും മുഖ്യമന്ത്രി രണ്ടും കല്‍പിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്.  പാര്‍ടി മുഖപത്രത്തിന് വേണ്ടി രണ്ടുകോടി രൂപ മാര്‍ടിനോട് കടംവാങ്ങിയ സംഭവം ഇതിനോട് ചേര്‍ത്തുവായിക്കണം. വി എസിന്റെ  നീക്കം  പാര്‍ടിയെ പ്രതിസന്ധിയിലാക്കിയെന്നത് ശരിയാണെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ അത് ചെയ്യാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. 

          ശാസന എന്ന മൃദുവായ അച്ചടക്കനടപടിയുടെ ശരിയും തെറ്റും എന്തായാലും ഭരണത്തിലേറിയപ്പോള്‍ തുടങ്ങിയ പാര്‍ടി സംഘര്‍ഷത്തിന് അഞ്ച് വര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴും ഒട്ടും അറുതിയാകുന്നില്ല എന്ന വിപല്‍സന്ദേശമാണ് കൊല്‍ക്കത്ത തീരുമാനം നല്‍കുന്നത്.  സ്‌പെക്ട്രം അഴിമതിയും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേടുകളുമൊക്കെ ഉയര്‍ത്തി അഴിമതിവിരുദ്ധ കാമ്പയിന്‍ സജീവമാക്കിയ  സി പി എം, ലോട്ടറി തട്ടിപ്പിന്റെ കാര്യത്തില്‍ സ്വന്തം മുഖ്യമന്ത്രിക്കെതിരെ തിരിയുമ്പോള്‍  അത് നല്‍കുന്ന സന്ദേശമെന്താണെന്ന് നേതൃത്വം ചിന്തിച്ചില്ല.  ലോട്ടറി വിഷയം കേരളത്തില്‍ മാത്രം ചര്‍ച്ചചെയ്താല്‍ മതിയെന്ന കേന്ദ്രനേതൃത്വത്തിന്റെ സമീപനവും സി പി എമ്മിന്റെ ആത്മാര്‍ഥതയെ സംശയിക്കാനേ വഴിവെക്കൂ. വിഭാഗീയത അണപൊട്ടിയൊഴുകുമ്പോള്‍ അത് പാര്‍ടിയുടെ പ്രതിഛായയെ എത്രമാത്രം കളങ്കപ്പെടുത്തുമെന്ന് ഈ ഒരു സംഭവം കൃത്യമായി വരച്ചുകാണിച്ചിരിക്കുന്നു.

8 comments:

 1. മൂന്നാര്‍ മുതല്‍ ഇപ്പോഴത്തെ ലോട്ടറിക്കേസ് വരെ മുഖ്യമന്ത്രിയോടൊപ്പം സി.പി.എം. എന്ന പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ ഭാവിരാഷ്ട്രീയം വ്യത്യസ്തമാവുമായിരുന്നു. എന്നാല്‍ മറുഭാഗത്ത് ഒരേയൊരു നേതാവിന് വേണ്ടി (എത്ര വലിയ നേതാവായാലും അയാള്‍ ഒരു വ്യക്തി മാത്രമാണ് എന്നത് ആരും മറക്കരുത്) മുഖ്യമന്ത്രിയുടെ എല്ലാ നടപടികളെയും തടസ്സപ്പെടുത്താനാണ് ആ പാര്‍ട്ടി നിലകൊണ്ടത്. മുഖ്യമന്ത്രിയുടെ നടപടികള്‍ വിജയം കണ്ടിരുന്നുവെങ്കില്‍ ജനങ്ങള്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കാനുള്ള സാധ്യത ഇല്ലാതാക്കുക വഴി സി.പി.എം. എന്ന പാര്‍ട്ടി അതിന്റെ ശവക്കുഴി തോണ്ടുന്ന പണിയിലാണ് തെരഞ്ഞെടുപ്പ് ആസന്നമായ ഈ അവസരത്തിലും ഏര്‍പ്പെട്ടുകാണുന്നത്. കമ്മ്യൂണിസം ഇന്ത്യയിലും തകര്‍ക്കുക എന്ന ദൌത്യമാ‍ണ് ഇപ്പോഴത്തെ സി.പി.എം. ഔദ്യോഗികപക്ഷത്തിന്റെ ചുമലില്‍ എന്ന് തോന്നുന്നു.

  ReplyDelete
 2. പി.ബി . നിലപാടിലൂടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന് സാധാരണന ജനം കരുതുന്നു..ലോട്ടറി വിവാദം ഇരുതല മൂര്‍ച്ചയുള്ള വാളായി പര്‍ത്യുടെ ഉറക്കം കെടുത്തുന്നുണ്ട്..

  ReplyDelete
 3. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിലെ തന്നെ ഏറ്റവും വലിയ പ്രശ്നമാണിത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജനങ്ങളുടെ താല്‍പ്പര്യങ്ങളെക്കാളും ജനാഭിപ്പ്രായത്തെകാളും പ്രധാനം താനുള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ തീരുമാനങ്ങളും നയങ്ങളുമാണ്‍ (ശരിയൊ തെറ്റോ ആകട്ടെ)

  ജനങ്ങള്‍ക്കുവേണ്ടി സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനൊ പ്രവര്‍ത്തിക്കാനൊ കുറ്റക്കാരെ വരെ ശിക്ഷിക്കാനൊ കഴിയാതെ പോകുന്നത് ഖേതകരമാണ്.

  ReplyDelete
 4. സിപിഎമ്മും മറ്റേതൊരു രാഷ്ട്രീയ പാര്ട്ടിയെക്കാളും വിഭിന്നമല്ലെന്നും അധികാരവും സാമ്പത്തിക അഭിവൃദ്ധിയും തന്നെയാണ് ലക്ഷ്യമെന്നും സുതരാം വ്യക്തമായി കൊണ്ടിരിക്കുന്നു. ഭരണം മാറി പ്രതിപക്ഷത്താവുന്നത് വരെ ഈ "ചീഞ്ഞ" കാലാവസ്ഥ തുടരും എന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണ പാടവമുള്ളവര്‍ കരുതുന്നത്..
  ജാഫര്‍ സാഹിബിന്‍റെ സൈറ്റില്‍ ആദ്യമായാണ് വരുന്നത്. ഫേസ് ബുക്കില്‍ കൂടി എത്തിയതാണ്...ആശംസകള്‍!

  ReplyDelete
 5. സി പി എം ഇപ്പോള്‍ വിഴുപ്പുകള്‍ ചുമക്കുന്ന ഒരു ബന്ടമാണ്

  ReplyDelete
 6. രാഷ്ട്രീയം അറിയില്ല എന്നാലും വയിച്ചു...

  ReplyDelete
 7. Off Topic:
  നിങ്ങൾ മലയാളത്തെ സ്നേഹിക്കുന്നുവോ?
  ഇ-മലയാളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുവോ?
  ഇ-മലയാളം -എഴുത്തും വായനയും- ഒരു അഭിമാനമായി കരുതുന്നുവോ...?

  എങ്കിൽ,
  ഒരു കൈ സഹായം...
  ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
  (ഇതുവരെ ഒപ്പ് ഇടാത്തവർക്കു മാത്രം!)

  ReplyDelete
 8. കഴിഞ്ഞ രണ്ടു ദിവസമായി കേരള രാഷ്ട്രീയത്തിലെ ചില കുത്തക മധ്യമാവിഷ്കൃത നാടകങ്ങള്‍ കാണുന്നവര്‍ക്ക് ബൈബിള്‍ പുതിയ നിയമത്തിലെ യേശുദേവന്റെ പരസ്യ സുവിശേഷ കാലത്തെ അവസാന ദിനങ്ങള്‍ ഓര്‍മ്മയില്‍ വരുക സ്വാഭാവികം.

  നിന്ദിതര്‍ക്കും പീടിതര്‍ക്കും ആശ്രം ഏകി, രോഗികള്‍ക്ക് ആശ്വാസമേകി, അഞ്ചപ്പംകൊണ്ട്‌ അയ്യായിരം പേരുടെ വിശപ്പടക്കി, യെരുശലേം ദേവാലയത്തില്‍ പ്രവേശിച്ച യേശുദേവന്‍ വിടെ കണ്ട കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയും നിങ്ങള്‍ സ്വര്‍ഗ്ഗ പിതാവിന്റെ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി എന്ന് പറഞ്ഞുകൊണ്ട് പള്ളിക്കുള്ളില്‍ പ്രാവുകളെ വില്‍ക്കുന്നവരെയും മറ്റു തരികിട കച്ചവടക്കാരെയും ആട്ടി പുറത്താക്കി. ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുരോഹിതന്മാരെ ചോദ്യം ചെയ്തു. സാധാരണക്കാരായ വലിയ പുരുഷാരം അവനോടോപ്പമെന്നു തിരിച്ചറിഞ്ഞ അവര്‍ അവനോടു സംവാദത്തിനു ദൈര്യപ്പെടാതെ തങ്ങളുടെ പ്രാമാണ്യത്തെ ചോദ്യം ചെയ്ത യേശുദേവനെതിരെ യഹൂദ പുരോഹിതരും ഭരണാധികാരികളും ചേര്‍ന്ന് ഗൂഡാലോചന നടത്തി അവനില്‍ കള്ള കുറ്റം ചുമത്തി അവനെ ക്രൂശിച്ചു. അവനെ മുപ്പതു വെള്ളിക്കാശിനു സ്വന്തം ശിഷ്യനായ യൂദാ ഒറ്റിക്കൊടുത്തു.

  വിയെസ് സര്‍കാരിന്റെ അവസാന ദിനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ചരിത്രവുമായി വിദൂര സാദൃശ്യം തോന്നുന്നുണ്ടോ ?

  അഴിമതിക്കാര്‍ക്കും സ്വജന പക്ഷപാതികള്‍ക്കും എതിരെ നടപടി എടുത്തു, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി, അറുപതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കാന്‍ നടപടി എടുത്തു, പെണ്‍ വാണിഭക്കാര്‍ക്കെതിരെ നിലപാട് സ്വീകരിച്ചു, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും ആശ്വാസ നടപടികള്‍ സ്വീകരിച്ചു, സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ ബലികഴിക്കാതെ വികസന സംരംഭങ്ങള്‍ തുടക്കം കുറിച്ചു. പൊതുമുതല്‍ കട്ട് മുടിപ്പിച്ചവരെ ജയിലില്‍ അടച്ചു, ലോട്ടറി മാഫിയക്കെതിരെ വിട്ടുവീഴ്ച ഇല്ലാതെ പോരാടി. ജനം വീയെസിനോപ്പം എന്ന് കണ്ടു വിറളിപിടിച്ച, ന്യായവിധിയുടെ വാള്‍ കണ്ടു ഭയന്ന രാഷ്ട്രീയ, സമുദായ, മാധ്യമ പ്രമാണിമാര്‍ ദുരാരോപണം ഉയര്‍ത്തി വ്യക്തിഹത്യ നടത്താന്‍ രംഗത്തെത്തിക്കഴിഞ്ഞു, ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... എന്നാര്‍പ്പുവിളിക്കുന്നു. ഒറ്റിക്കൊടുക്കാന്‍ അഭിനവ യൂദാ ശശി സഖാവും റെഡി.

  പ്രിയ സഖാവേ ന്യായം താങ്കളുടെ പക്ഷത്തെങ്കില്‍ അങ്ങയുടെ പുനരുദ്ധാനത്തിന്നായി ഞങ്ങള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ കാത്തിരിക്കുന്നു.

  ReplyDelete

Related Posts Plugin for WordPress, Blogger...