Friday, September 30, 2011

ഉട്ടോപ്യയിലോ ഈ ഉഗ്രപ്രതാപികള്‍


          അത്താഴപൂജക്ക് അധ്യാപകന്റെ ചോര തന്നെ വേണോ? കിരാതഭാവം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ അതും അതിലപ്പുറവും ചെയ്യുമെന്നതിന് തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഭരണഘടനയുടെ അനര്‍ഘ സന്ദേശം കാത്തുസൂക്ഷിക്കേണ്ടവര്‍ തന്നെ ക്രൂരതയുടെ അവതാരങ്ങളായി മാറുമ്പോള്‍ കണ്ണിലും കരളിലും നിരാശയുടെ ഇരുട്ട് പരക്കുന്നു. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍ ബാലകൃഷ്ണപ്പിള്ള മാനേജരായ വാളകം രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചരിത്രാധ്യാപകന്‍ ആര്‍ കൃഷ്ണകുമാറിനെ ഇരുട്ടിന്റെ മറവില്‍ അതിഭീകരമായി മര്‍ദിച്ച്് മൃതപ്രായനാക്കി വഴിയില്‍ തള്ളിയ സംഭവം പക്ഷെ ക്രിമിനലുകളുടെ കൂത്താട്ടത്തില്‍ ഒന്നു മാത്രമായി  കണ്ട് അവഗണിക്കാനാവില്ല. ഒരു കൊലപാതകം നടത്തുന്നതിലും ആയാസകരമായ രീതിയിലും ക്രൂരവുമായാണ് കൃഷ്ണകുമാറിനെതിരെ ആക്രമണം നടന്നത്. ജനനേന്ദ്രിയവും മലദ്വാരവും മുറിച്ച നിലയില്‍ രാത്രി പത്തരയോടെ റോഡരികില്‍ അബോധാവസ്ഥയിലായിരുന്നു അദ്ദേഹം കാണപ്പെട്ടത്. മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് ആന്തരാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരിക്കുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റേണ്ടി വന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം  അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

          സ്‌കൂള്‍ മാനേജുമെന്റും കൃഷ്ണകുമാറും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസവും വിവിധ പ്രശ്‌നങ്ങളില്‍ കേസുകളും നിലവിലുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ഇതേ സ്‌കൂളിലെ ഹെഡ്മിസ്ട്രസാണ്. ഗീതയുടെ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ പ്രധാനധ്യാപക സ്ഥാനത്ത് നിയമിക്കാന്‍ ബാലകൃഷ്ണപിള്ള നടത്തിയ നീക്കത്തെ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്തിരുന്നു. കോടതി ഉത്തരവ് ഗീതക്ക് അനുകൂലമായിരുന്നു. ഇതോടെ തനിക്കും ഭര്‍ത്താവിനും ഭീഷണിയുണ്ടെന്ന് ഗീത പൊലീസില്‍ പരാതിപ്പെടുന്ന അവസ്ഥയുണ്ടായി. ഇതിനു പുറമെ സ്‌കൂളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വകുപ്പു തലത്തിലും വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. ഇതില്‍ കൃഷ്ണകുമാര്‍ സാക്ഷിമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടും മാനേജുമെന്റുമായി പ്രശ്‌നങ്ങളുണ്ട്.

          ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് ബന്ധുക്കളുടെ ആരോപണം. രാഷ്ട്രീയരംഗത്തെ ഉന്നതര്‍ക്ക് സംഭവുമായി ബന്ധമുണ്ടെന്ന് ഗീതയും പറയുന്നു. ഹെഡ്മിസ്ട്രസായി ഹൈക്കോടതി ഉത്തരവിലൂടെ നിയമനം ലഭിച്ചുവെങ്കിലും സുപ്രീം കോടതിവരെ പോയാലും അത് തടയുമെന്ന വാശിയിലാണത്രെ പിള്ള.

          ക്വട്ടേേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. ഏതോ വാഹനം ഇടിച്ചിട്ടതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. കൃഷ്ണകുമാറിന് മറ്റ് ശത്രുക്കളൊന്നും ഉള്ളതായി പ്രാഥമികാന്വേഷണത്തില്‍  വിവരം ലഭിച്ചിട്ടില്ല. കൃഷ്ണകുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ളയുടെ കാര്യസ്ഥനായി ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു.

         സംഭവത്തില്‍ ദുരൂഹത ആരോപിച്ച് എല്‍ ഡി എഫ് വാളകത്ത് ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി.  പ്രതിപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ വേളകത്ത് നടത്തിയ മാര്‍ച്ച് കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലുമാണ് കലാശിച്ചത്. മന്ത്രിയും മകനുമായ ഗണേഷ്‌കുമാറുമായി ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തിന് കൂലി കൊടുത്ത് നടത്തിയതാണ്  ഈ ക്രൂരകൃത്യമെന്നും ഇതിന് പിന്നില്‍  ബാലകൃഷ്ണപിള്ള തന്നെയാണെന്നുമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ ആരോപണം. ഗണേശന്‍ രാജിവെച്ചാലേ അന്വേഷണം ശരിയായ രീതിയില്‍ നടക്കൂവെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഉന്നത തലത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് സി പി എം സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം.

          പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊല്ലം റൂറല്‍ എസ് പി പ്രകാശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച മുഖ്യമന്ത്രിയുടെ നടപടി അനുമോദനമര്‍ഹിക്കുന്നു. കൊട്ടാരക്കര ഡി വൈ എസ് പിക്കായിരുന്നു ഇതുവരെ അന്വേഷണച്ചുമതല. ഇത്തരം അന്വേഷണ  സംഘങ്ങള്‍ ഇതിന് മുമ്പും നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവസാനം എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി പര്യവസാനിക്കുന്നതാണ് അനുഭവം. ആ ഗതി ഇതിനും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സമയബന്ധിതമായി കണ്ടെത്തി നടപടി സ്വീകരിക്കേണ്ടതുണ്ട്. മന്ത്രി ഗണേശ്കുമാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന സംശയം ശക്തമാണെന്ന കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കണം.

           പ്രവാചകനിന്ദയുടെ പേരില്‍ കോളേജധ്യാപകനായ ജോസഫിന്റെ കൈവെട്ടിയ സംഭവം സംസ്ഥാനത്ത് സൃഷ്ടിച്ച കോളിളക്കം മറക്കാന്‍ കാലമായിട്ടില്ല. ജോസഫിനെ അക്രമിച്ചവരോട് ജനങ്ങള്‍ പ്രതികരിച്ച വിധം എല്ലാവരുടെയും സ്മൃതിപഥത്തിലുണ്ട്. ജോസഫിന് ശേഷം കൃഷ്ണകുമാര്‍ മൃഗീയമായി അക്രമിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പിന്നില്‍ ഒരു മന്ത്രിയുടെയും മുന്‍മന്ത്രിയുടെയും പേരുകള്‍ കൂടി ആളുകള്‍ കൂട്ടിവായിക്കുന്നു. പിള്ള സാങ്കേതികമായി ജയിലിലാണെങ്കിലും കിംസ് ആശുപത്രിയില്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ സുഖ ചികിത്സയിലാണ്. പിള്ളയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപം സമാധാനം കൊതിക്കുന്നവര്‍ക്ക് പ്രത്യാശ പകരുന്നതല്ല. പകയുടെ അഗ്നി അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന സംശയം ദൂരീകരിക്കേണ്ടത് യു ഡി എഫ് സര്‍ക്കാരിന്റെയും ബാധ്യതയായി മാറിയിരിക്കുന്നു. അറിവിന്റെ വിസ്മയലോകത്തേക്ക് കുട്ടികളെ ആനയിക്കുന്ന അധ്യാപകര്‍ക്ക് നേരെ പൈശാചികമായ കടന്നാക്രമങ്ങളുണ്ടാകുന്നത് ഒരു തരത്തിലും പൊറുപ്പിക്കാവുന്നതല്ല.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...