ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിര്‍മാര്‍ജനം ചെയ്തുവെന്ന് നാം അഭിമാനിച്ചിരുന്ന മാരകവ്യാധികള്‍ ഒന്നൊന്നായി സംസ്ഥാനത്ത് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. തികച്ചും ഭീതിജനകമാണീ അവസ്ഥ. മലമ്പനി, മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍കൊണ്ട് കേരളത്തിലെ ആശുപത്രികള്‍ നിറഞ്ഞുകവിയുകയാണ്. മതിയായ ചികിത്സയും മരുന്നും ലഭിക്കാതെ രോഗബാധിതര്‍ മരിച്ചുവീഴുന്നതിന്റെ വാര്‍ത്തകള്‍ നമ്മെ അമ്പരപ്പിക്കുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ബന്ധപ്പെട്ടവരുടെ അലംഭാവം കാരണം പരാജയപ്പെടുകയാണ്. പകര്‍ച്ചപ്പനി തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ പ്രസ്താവനങ്ങളില്‍ ഒതുങ്ങിപ്പോകുന്നു. സ്ഥിതിഗതികള്‍ അത്യന്തം സങ്കീര്‍ണമായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക് പറക്കുന്നതാണ് കണ്ടത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറ്റവുമധികം ആളുകള്‍ക്ക് എലിപ്പനി പിടിപെടുന്നതും മരിക്കുന്നതും ഈ വര്‍ഷമാണ്. കോഴിക്കോട്ട് മാത്രം കഴിഞ്ഞ നാലുമാസത്തിനിടെ എലിപ്പനി ബാധിച്ച് 40 പേരാണ് മരിച്ചത്. ഒരാഴ്ചക്കുള്ളില്‍ മാത്രം 13 പേര്‍! ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയ രോഗികളുടെ കണക്കാണ്. സ്വകാര്യ ആശുപത്രികളിലും രോഗികള്‍ മരിച്ചുവീഴുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ഏകദേശം 150 പേര്‍ എലിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. പലരുടെയും നില ഗുരുതരവുമാണ്. മലപ്പുറം ജില്ലയില്‍ ഒമ്പത് പേര്‍ എലിപ്പനി മൂലം മരിച്ചു. 99 പേര്‍ നിരീക്ഷണത്തിലാണ്. തലസ്ഥാന ജില്ലയില്‍ ഒരു ഡസനിലേറെ പേരും എറണാകുളത്ത് ആറു പേരും പകര്‍ച്ചപ്പനിക്ക് കീഴടങ്ങി.
രണ്ടു ദശാബ്ദത്തിനിടെ കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ കോളറയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മഞ്ഞപ്പിത്തം. കേരളസമൂഹം എല്ലാ രോഗങ്ങളും നിശബ്ദം നിസ്സഹായരായി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. എല്‍ ഡി എഫ് ഭരിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എലിപ്പനിയും ജപ്പാന്‍ജ്വരവും ഡങ്കിപ്പനിയുമെല്ലാം കേരളത്തെ വരിഞ്ഞുമുറുക്കിയപ്പോഴും കടമകള്‍ക്ക് മുമ്പില്‍ ഉണര്‍ന്നിരിക്കാന്‍ മന്ത്രിമാര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കോ അന്നും കഴിഞ്ഞിരുന്നില്ല.
ചില പ്രത്യേക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് എലിപ്പനി കണ്ടുവരുന്നത്. പതിറ്റാണ്ടുകളായി ശുദ്ധീകരിക്കാത്ത വെള്ളക്കെട്ടുകള്‍, കൃഷിസ്ഥലങ്ങള്‍, കശാപ്പുശാലകള്‍ക്ക് സമീപം, ഓടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. പൊതുവെ മാലിന്യം നിറഞ്ഞ ജീവിത സാഹചര്യം കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും കാണാന്‍ കഴിയും. മഴക്കാലമായാല്‍ അഴുക്കുചാലുകള്‍ വര്‍ധിക്കുന്നു. ഇത് എലിപ്പനിക്ക് പറ്റിയ സാഹചര്യമാണ്. ചെറിയ മഴ പെയ്താല്‍ പോലും മലിനീകരണം ഇവിടെ വ്യാപകമാവും. അതിനാല്‍ ആര്‍ക്കുമിവിടെ എലിപ്പനി പിടിപെടാം. എലിമൂത്രം കലര്‍ന്ന വെള്ളത്തിലൂടെ നടക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും രോഗം പിടിപെട്ടതു തന്നെ. 20നും 50നുമിടയിലുള്ളവര്‍ക്കാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിലൂടെ ഉണ്ടായ മലിനീകരണ പ്രശ്‌നങ്ങളും എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക് എല്ലാവിധ സാധ്യതകളും ഒരുക്കുന്നുണ്ട്. തൊഴില്‍ സാഹചര്യങ്ങള്‍ ആരോഗ്യകരമാക്കുകയാണ് ഇതിനുള്ള പ്രധാന പോംവഴി.
ആരോഗ്യ സുരക്ഷക്കായി കേന്ദ്ര ഗവണ്‍മെന്റ്(എന്‍ എച്ച് ആര്‍ എം) ഭീമമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ ശുചീകരണത്തിനുള്ള ഈ ഫണ്ട് പക്ഷെ തദ്ദേശസ്ഥാപനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ആരോപിച്ചിരിക്കുന്നു. ഒരു സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം അതിന്റെ എല്ലാ മഹത്വങ്ങളെയും നിഷ്പ്രഭമാക്കുക ചികിത്സാരംഗമാണ്. ഗതകാലത്തെ കറുത്ത ഓര്‍മകള്‍ക്ക് അവധി നല്‍കാന്‍ പോലും മാറിവരുന്ന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതിവിടെയാണ്. നൂറുദിന കര്‍മപദ്ധതിയടക്കം സര്‍ക്കാരിന് അഭിമാനിക്കാന്‍ നേട്ടങ്ങള്‍ പലതുമുണ്ടെന്ന് സമ്മതിക്കുന്നു. വരുന്ന രണ്ടു ദശാബ്ദങ്ങളിലേക്കുള്ള വികസന പദ്ധതികള്‍ക്ക് രൂപകല്‍പന നല്‍കാന്‍ വെമ്പുന്ന ദീര്‍ഘവീക്ഷണത്തെ പ്രശംസിക്കുകയും ചെയ്യുന്നു. എമര്‍ജിംഗ് കേരള എന്ന വ്യവസായ കുതിപ്പിനും സംസ്ഥാനം തയാറെടുക്കുകയാണല്ലോ. പക്ഷെ പകര്‍ച്ചവ്യാധി തടയാന്‍ ഫലപ്രദമായ എന്തു നടപടി സ്വീകരിച്ചു എന്ന് സര്‍ക്കാര്‍ ഉറക്കെ ചിന്തിക്കണം.
ആരോഗ്യമന്ത്രി ദില്ലി സന്ദര്‍ശനം വെട്ടിച്ചുരുക്കി കോഴിക്കോട്ടെത്തി ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം ചേര്‍ന്നതും കേന്ദ്രസംഘം സംസ്ഥാനത്തെത്തുന്നതുമൊക്കെ വളരെ നല്ല കാര്യം. അതുപോലെ പ്രധാനമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ജാഗ്രതയും. എലിപ്പനിക്കുള്ള ഡോക്‌സി വാക്‌സിന്‍ പ്രതിരോധ മരുന്ന് ഇപ്പോഴും ഫാര്‍മസികളില്‍ ലഭ്യമല്ല. ഇതുസംബന്ധിച്ച മന്ത്രി പറയുന്നത് ശരിയല്ല. എലിപ്പനിക്ക് മാത്രമായി പനി ക്‌ളിനിക്കുകള്‍ എല്ലായിടത്തും ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണം. കേരളം പനിച്ച് വിറയ്ക്കുമ്പോഴും ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കാനാവാത്തത് തീര്‍ച്ചയായും അപലപനീയമാണ്. രോഗനിര്‍ണയത്തില്‍ സംഭവിക്കുന്ന അമാന്തം, പ്രതിരോധ നടപടികളിലെ പാളിച്ചകള്‍, ശുചിത്വ പരിപാലനത്തിലെ വീഴ്ച തുടങ്ങിയ അസംഖ്യം കാരണങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടാതെ പകര്‍ച്ചവ്യാധികളില്‍നിന്ന് മലയാളി രക്ഷപ്പെടില്ല. നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ശോച്യാവസ്ഥയിലാണ് സര്‍ക്കാര്‍ വക ആരോഗ്യകേന്ദ്രങ്ങളും. ഇതിനും സത്വരനടപടി കൈക്കൊള്ളേണ്ടതുണ്ട്.
സർക്കാരുകളുടെ ഇച്ഛാശക്തിയെക്കാൾ നമുക്കാവശ്യം നല്ല പൌരബോധമാണെന്നു തോന്നുന്നു. നിയന്ത്രണാതീതമായ ഉപഭോഗ മനോഭാവത്തിന്റെ പരിണിതഫലമായ തീവ്രമലിനീകരണമാണ്,മേൽപ്പറഞ്ഞ സർവ്വവിധ വ്യാധികളുടെയും ഹേതുവെന്ന് കാണാവുന്നതല്ലേ?
ReplyDeleteകണ്ണൂരിലെ പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളാണ്,മാലിന്യ നിർമാർജ്ജനവും,വന്യജീവി ആക്രമണവും.കീരികൾ മനുഷ്യരെ കടിക്കുക വ്യാപകമായിരിക്കുന്നു. കീരികളുടെ എണ്ണവും വല്ലാതെ കൂടിയിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.കീരികടി വ്യാപകമായ ചില ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ആ ഭാഗത്ത് വൻ തോതിൽ ഇറച്ചിക്കോഴികളുടെ മാലിന്യം ഡമ്പ് ചെയ്തതായും,
ആ ഭാഗത്ത് ധാരാളം കീരികൾ പെരുകിയതായും കണ്ടെത്തുകയുണ്ടായി. ഇതു പോലെ കൊതുകും, ഈച്ചയും, എലികളുമെല്ലാം വ്യാപകമായി പെരുകുന്ന രീതിയിൽ അലക്ഷ്യമായി,മാലിന്യംകൊണ്ടു തള്ളുന്ന രീതി മാറ്റുന്നില്ലെങ്കിൽ തൽക്കാലം രോഗമുക്തമായ കേരളത്തെ പറ്റി സംസാരിക്കാതിരിക്കുന്നതാണുത്തമം എന്ന് തോന്നുന്നു.ഈ അവസ്ഥയിലും,നാമൊന്നുണർന്നാൽ അതേ മാലിന്യത്തെ വന്യജീവികളിൽ പ്രധാനിയായ കാട്ടു പന്നികൾക്ക് ആഹാരമാക്കി മാറ്റാവുന്നതും,രണ്ട് പ്രശ്നങ്ങളെ ഒറ്റയടിക്ക് തീർപ്പാക്കാവുന്നതുമാണ്.പകരം ഇവിടെ ചെയ്യുന്നത്, കീരി കടിച്ചാലും, കാട്ടുപന്നി കൃഷി നശിപ്പിച്ചാലും വനം വകുപ്പിലൂടെ നഷ്ടപരിഹാരം നൽകുക എന്നത് മാത്രമാണ്. പഴഞ്ചൻ രീതികൾക്ക് പകരം നവീനമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലൂടെ മാത്രമേ പരിമിതികൾ കൊണ്ട് ബുദ്ധിമുട്ടുന്ന കേരളത്തെ കര കേറ്റാനാവൂ.ശുചിത്വം നിർബന്ധമാണ്. അതിൽ കോമ്പ്രമൈസുകൾ പാടേയില്ല തന്നെ.ഗിന്നസ് ബുക്കിൽ കയറാനായി കണ്ണൂരിലൊരുക്കിയ പൂക്കളത്തിനുപയോഗിച്ച പൂക്കൾ മലിനീകരണത്തിനു പാത്രമായിട്ടുണ്ടാകില്ലേ? ഇത്തരം ആഘോഷങ്ങൾ തുടരാൻ അനുവദിക്കാമോ? ആർഭാടക്കല്യാണങ്ങളുടെ മാലിന്യങ്ങൾ സംസ്കരിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കേണ്ടതല്ലേ? ഇത്തരം വേസ്റ്റുകൾ നല്ല ഫീസ് ഈടാക്കി സംസ്കരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം വരേണ്ടതല്ലേ? പുതിയ ഒരു സംസ്ക്കാരം സൃഷ്ട്ടിക്കേണ്ട സമയം അതിക്രമിച്ചില്ലേ? പ്ലാസ്റ്റിക്ക് ക്യാരിബാഗിനോട് ഇനിയും അയഞ്ഞ സമീപനം വേണോ? എന്നീ ചോദ്യങ്ങൾ വല്ലാതെ അലട്ടുന്നുണ്ട്.പക്ഷേ എനിക്കൊന്നേ ചെയ്യാൻ പറ്റൂ. ഞാനായിട്ട് ഈ മണ്ണിൽ മാലിന്യം കലർത്തില്ല,പ്ലാസ്റ്റിക് ക്യാരീബാഗ് ഉപയോഗിക്കില്ല,അമിതമായി വസ്തുക്കൾ വാങ്ങിക്കൂട്ടില്ല,അനാവശ്യമായി സദ്യകളെ പ്രോത്സാഹിപ്പിക്കുകയോ,അഥവാ സദ്യയിൽ പങ്കെടുത്താൽ തന്നെ ഒരു വറ്റു പോലും വേസ്റ്റാക്കുകയോ ചെയ്യില്ല. നിവൃത്തിയുള്ളിടത്തോളം വളരെ ശ്രദ്ധയോടെ ഈ മണ്ണിനെ കാക്കും.ഇതൊക്കെ മതി പകുതി ജയത്തിന്.ബാക്കി പിന്നെ സർക്കാർ ചെയ്യട്ടെ. ഇത്രയൊക്കെ ചെയ്താൽ കേരളത്തിന്റെ പനി പൂർണ്ണമായിത്തന്നെ മാറുംഅതുറപ്പ്. .
ശുചിത്വമില്ലായ്മ തന്നെയാണ് മുഖ്യ കാരണം, സര്കാരുകളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല
ReplyDelete