Thursday, October 6, 2011

ഈ റോഡ് റിപ്പയര്‍ ആര്‍ക്കു വേണ്ടി?


          സംസ്ഥാനത്ത് പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ ന്യൂറോഡ് ഡവലപ്പ്‌മെന്റ് വര്‍ക്‌സ് എന്ന പദ്ധതിക്ക് 800 കോടി രൂപ അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെ നമുക്ക് മുക്തകണ്ഠം അനുമോദിക്കാം. ഈ റോഡുകളുടെ നിര്‍മാണത്തിന് ഭരണാനുമതിയും നല്‍കിയിരിക്കുന്നു. റോഡ് അറ്റകുറ്റപ്പണിക്ക് നേരത്തെ നല്‍കിയ തുകക്ക് പുറമേയാണിതെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ഹൈക്കോടതി പോലും നിശിത വിമര്‍ശനം നടത്തുകയും ചെയ്ത സാഹചര്യത്തില്‍ കിടയറ്റ പദ്ധതികള്‍ അതീവ ജാഗ്രതയോടെയും വേഗതയോടെയും ചെയ്തു തീര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പും സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നാണ് എല്ലാവരുടെയും ധാരണ.

          സംസ്ഥാനത്ത് ഇടതടവില്ലാതെ പെയ്ത മഴമൂലം കുഴികള്‍ നിറഞ്ഞ് താറുമാറായ നമ്മുടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുതീര്‍ക്കുമെന്നായിരുന്നു മരാമത്ത് വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം. നിര്‍മാണജോലികള്‍ പലേടത്തും ആരംഭിച്ചിട്ടുണ്ടെങ്കിലും തൊലിപ്പുറത്തെ ചികിത്സ  മാത്രമായി അതു മാറുന്നുവെന്നതാണ് അവസ്ഥ. കോടികളുടെ നിര്‍മാണ ജോലികള്‍ക്ക് സര്‍ക്കാര്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ടെന്ന കാര്യം നന്ദിപൂര്‍വം ഓര്‍ക്കുന്നു. തിരക്കേറിയ റോഡുകളില്‍ റിപ്പയര്‍ പ്രവൃത്തി നടക്കുന്നുവെന്നത് ശരിയാണെങ്കിലും എല്ലാം ഒരു കാട്ടിക്കൂട്ടല്‍ മാത്രമാണെന്ന് വാഹനങ്ങളില്‍ യാത്രചെയ്യുന്നവരെല്ലാം അടക്കം പറയുന്നു. ഉദ്യോഗസ്ഥരും കരാറുകാരും എഞ്ചിനീയര്‍മാരും രാഷ്ട്രീയക്കാരും ചേര്‍ന്നുള്ള അവിഹിത കൂട്ടുകെട്ട്,  റോഡുറിപ്പയറിന് അനുവദിക്കുന്ന പണത്തിന്റെ സിംഹഭാഗവും അപഹരിക്കുന്നുവെന്ന് ബോധ്യപ്പെടാന്‍ ഈ കാട്ടിക്കൂട്ടല്‍ തന്നെ ധാരാളം. അനുവദിക്കുന്ന തുകയുടെ ചെറിയൊരു ശതമാനം മാത്രമേ റോഡില്‍ എത്തുന്നുള്ളൂ.

          തീര്‍ത്തും ഗതാഗതയോഗ്യമല്ലാത്ത നമ്മുടെ റോഡുകളില്‍ വാഹനദുരന്തം നിത്യസംഭവമായി മാറിയിട്ട് നാളുകളേറെയായി.  ദുരന്തം നിരന്തരം വേട്ടയാടുമ്പോഴും ഇവിടെ നിബന്ധനകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല. എന്നാല്‍ അത്യാഹിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. റോഡുകളുടെ ശോച്യാവസ്ഥ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ബന്ധപ്പെട്ടവരുടെയൊക്കെ അശ്രദ്ധയും. ഇത്തവണത്തെ റോഡപകടങ്ങളില്‍ വലിയ വില കൊടുക്കേണ്ടിവന്നത് വിദ്യാര്‍ഥികളായിരുന്നു. സ്‌കൂളധികൃതരുടെ ഭാഗത്തുനിന്നും രക്ഷാകര്‍ത്താക്കളുടെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടാകുന്നു. 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തിലാണ് സ്‌കൂള്‍ ബസ്സുകള്‍ ഓടിക്കുന്നത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നു. പത്തുവര്‍ഷം പരിചയമില്ലാത്ത ഡ്രൈവര്‍മാരെ നിയമിക്കുന്നു. വാഹനങ്ങളെ കുറിച്ചോ ഡ്രൈവര്‍മാരെ കുറിച്ചോ സ്‌കൂളധികൃതര്‍ ശ്രദ്ധിക്കുന്നില്ല. റോഡുകളുടെ ശോച്യാവസ്ഥയോടൊപ്പം ചേര്‍ത്തു വായിക്കേണ്ട വീഴ്ചകളാണിവ.

         കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം തന്നെ റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങളാണ്. ദിവസവും ശരാശരി പത്തുപേര്‍ കേരളത്തില്‍ ഇത്തരം അപകടങ്ങളില്‍ മരിക്കുന്നുണ്ട്. 2010ല്‍ 4033 പേര്‍ കൊല്ലപ്പെട്ടു. അരലക്ഷം പേര്‍ക്ക് പരിക്ക്പറ്റി. 2011 ലെ കണക്ക് ഇതിനേക്കാള്‍ ഭീതിജനകമാണ്. ഇതെല്ലാം ജീവിതത്തിന്റെ കൂടെ ഉള്ളതാണെന്ന് പറഞ്ഞ് റോഡില്‍ മരിച്ചുവീണവരെ മറന്ന് നാം മുന്നോട്ടുപോവുകയാണ്. സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഓര്‍മ്മകള്‍ കാറ്റത്ത് പാറിപ്പോകുന്ന ചിലന്തിവലകളായി മാറിയിരിക്കുന്നു. എത്രയുംവേഗം ഓര്‍മ്മകളെ മായ്ചുകളയാനുള്ള മനസ്സാണ് മലയാളിയുടെ പുതിയ സമ്പാദ്യം. ഈ സമ്പാദ്യത്തിനു മേല്‍  ദുരന്തങ്ങളൊന്നും ഏശുന്നതേയില്ല. ആത്യന്തികമായി ജീവിതം ദുരന്തമാണെന്നതാവാം വിശ്വാസം.

           വാഹനങ്ങളുടെയും യാത്രചെയ്യുന്നവരുടെയും എണ്ണത്തില്‍ വന്ന ക്രമാതീതമായ വര്‍ധന റോഡപകടങ്ങളുടെ അനുപാതം വര്‍ധിപ്പിച്ചിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കുന്നില്ല. അതിന് റോഡുനികുതി ഉള്‍പ്പെടെ വാഹന ഉടമകളോട് കണക്ക് പറഞ്ഞ്  പണം വാങ്ങുന്ന ഗതാഗതവകുപ്പിനും മികച്ച റോഡുകള്‍ ഉറപ്പാക്കാന്‍ ബാധ്യതയുള്ള പൊതുമരാമത്ത് വകുപ്പിനും ജനങ്ങളോട് നിറവേറ്റാന്‍ കടമകളുമുണ്ട്. അഴിമതിക്കാരോട് ഉദാരമായ സമീപനം സ്വീകരിക്കുന്ന വകുപ്പാണ് പൊതുമരാമത്ത് എന്ന് ഇവിടെ ഏത് കൊച്ചുകുട്ടിക്കുമറിയാം. രാഷ്ട്രീയപാര്‍ട്ടികള്‍ ഈ വകുപ്പിനെ ഒരു കറവപ്പശുവായി കാണുന്നത് വെറുതെയല്ല.

         റോഡപകടങ്ങളില്‍ ഇന്ത്യക്ക് പ്രതിവര്‍ഷം ചെലവാകുന്നത് ലക്ഷം കോടി രൂപയാണ്. അപകടങ്ങളില്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക ഉള്‍പ്പെടെയാണിതെന്ന് പ്‌ളാനിംഗ് ബോര്‍ഡംഗം ബി കെ ചതുര്‍വേദി വെളിപ്പെടുത്തുകയുണ്ടായി. രാജ്യത്തെ റോഡപകടങ്ങളെ കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2009ല്‍ 1,25,660 പേര്‍ വാഹനപകടങ്ങളില്‍ രാജ്യത്ത് മരിക്കുകയുണ്ടായി. പരിക്കേറ്റത് അഞ്ചുലക്ഷത്തിലധികം പേര്‍ക്ക്!

         അറ്റകുറ്റപ്പണികള്‍ നടത്തുന്ന റോഡുകള്‍ മഴ മാറിയിട്ടും ദിവസങ്ങള്‍ക്കകം തകര്‍ന്നു പോകുന്നതിന്റെ കാരണം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ തന്നെ കാണണം. അതോടൊപ്പം അത്യാഹിതങ്ങളുടെ നീര്‍ക്കയത്തിലേക്ക് നാടിനെ വലിച്ചിഴക്കുന്ന മറ്റു കാര്യങ്ങളും പരിശോധിച്ച് ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. റോഡുനിര്‍മാണത്തെ കുറിച്ച് ജനമനസ്സില്‍ ഉയരുന്ന സംശയ സഹസ്രങ്ങള്‍ ദൂരീകരിക്കാന്‍ കിടയറ്റ  പദ്ധതികളും ആവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു.

1 comment:

  1. ഏത് ഭരണം വന്നാലും കോരന് കുമ്പിളില്‍ കഞ്ഞി

    ReplyDelete

Related Posts Plugin for WordPress, Blogger...