Tuesday, October 4, 2011

ഇതോ ഭരണ മികവിന്റെ ഉദാത്ത മാതൃക


          നൂറുദിവസം പൂര്‍ത്തിയാക്കിയതോടെ യു ഡി എഫ് സര്‍ക്കാരിന്റെ മധുവിധു അവസാനിച്ചുവോ? പിന്നീട് ഉയര്‍ന്നുവരുന്നതത്രയും വിവാദങ്ങള്‍. ബുദ്ധി കൂടിപ്പോയാല്‍ മന്ദബുദ്ധിയാകും എന്ന് കേട്ടിട്ടുണ്ട്. നമ്മുടെ കാബിനറ്റ് അംഗങ്ങള്‍ക്കും ആസൂത്രണ വിദഗ്ധര്‍ക്കും ബുദ്ധി കൂടിപ്പോയതിന്റെ ലക്ഷണം കണ്ടുതുടങ്ങിയിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോഗ്യകരമായി ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇരയെ തിന്ന് ഇഴയാന്‍ കഴിയാതെ കുഴയുന്ന പെരുമ്പാമ്പിന്റെ അവസ്ഥ. അതിവേഗം ബഹുദൂരം ഓടിയെത്തി എല്ലാം മിന്നല്‍വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും സഹപ്രവര്‍ത്തകരുടെയും പിന്നീടുള്ള നടപടികളത്രയും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് കാണുമ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നുന്നു.
 
          വൈദ്യുതി നിരക്കും പാല്‍ വിലയും ബസ് ചാര്‍ജും വര്‍ധിപ്പിച്ചതിനു തൊട്ടു പിന്നാലെ വെള്ളക്കരം അഞ്ചിരട്ടിയോളം കൂട്ടാനുള്ള വാട്ടര്‍ അതോറിട്ടിയുടെ ശിപാര്‍ശ കൂടി അംഗീകരിക്കപ്പെട്ടാല്‍ യു ഡി എഫിന്റെ വിശ്വാസ്യതക്ക് അത് വലിയ ആഘാതമായിരിക്കും ഏല്‍പിക്കുക. അല്ലെങ്കില്‍ തന്നെ നിരക്ക് വര്‍ധനവിന്റെയും വിലക്കയറ്റത്തിന്റെയും നടുക്കയത്തിലാണ് ജനം.

          വിവിധ വിഭാഗങ്ങളില്‍ 20 ശതമാനം മുതല്‍ 150 ശതമാനം വരെയാണ് വാട്ടര്‍ അതോറിട്ടി ബോര്‍ഡ് വെള്ളക്കരം കൂട്ടാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ആദ്യ മൂന്നു സ്‌ളാബുകള്‍ക്ക് ഒരു യൂണിറ്റിന് നാലു മുതല്‍ അഞ്ചുരൂപ വരെ ആയിരുന്നത് ഒരുമിച്ച് പത്തുരൂപയായി ഉയര്‍ത്താനാണ് നിര്‍ദേശം. ആയിരം ലിറ്ററാണ് ഒരു യൂണിറ്റ്. 5000 ലിറ്റര്‍ വരെയാണ് ആദ്യ സ്‌ളാബ്. ഈ സ്‌ളാബിലെ കുറഞ്ഞ നിരക്ക് 20 രൂപയായിരുന്നത് 100 രൂപയാക്കണം. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ 15000 ലിറ്റര്‍ വരെ കുറഞ്ഞ നിരക്ക്125 രൂപയായിരുന്നത് 200 രൂപയാക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മിനിമം നിരക്ക് 22 രൂപയില്‍നിന്ന് മാസം നൂറുരൂപയാക്കി ഉയര്‍ത്തും. വ്യവസായ മേഖലയിലും നിരക്കില്‍ ഗണ്യമായ വര്‍ധനവ് വരുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിരക്കും കൂടും. ബി പി എല്ലുകാരുടെ സൗജന്യവും ഇല്ലാതാകും.

          യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ തന്നെ വെള്ളക്കരം കൂട്ടാന്‍ നീക്കം തുടങ്ങിയിരുന്നു. ഇതുസംബന്ധിച്ച തീരുമാനം നൂറുദിനാഘോഷ പരിപാടികളോടനുബന്ധിച്ച് നീട്ടിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വാട്ടര്‍ അതോറിട്ടി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം കഴിഞ്ഞ ദിവസമാണ് നല്‍കിയത്. അടുത്ത മന്ത്രിസഭാ യോഗം ഇത് ചര്‍ച്ച ചെയ്യും.

          വൈദ്യുതി നിരക്ക് വര്‍ധന നിലവില്‍ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ബസ് ചാര്‍ജ് വര്‍ധനയാകട്ടെ കഴിഞ്ഞ മാസവും. നിരക്ക് ഉയര്‍ത്തുന്നില്ലെങ്കില്‍  കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും സ്തംഭിക്കുമെന്നും അതോറിട്ടി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന നിരക്ക് വര്‍ധനയുടെ തോത് കുറയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കേണ്ടിവരുമെന്നുമാണ് അതോറിട്ടി വൃത്തങ്ങള്‍ പറയുന്നത്. മൂന്നു വര്‍ഷമായി വൈദ്യുതി നിരക്കിലുണ്ടായ വര്‍ധന, ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യത്തിലുമുണ്ടായ വര്‍ധന, ഇന്ധനത്തിനും അസംസ്‌കൃത വസ്തുക്കള്‍ക്കുമുള്ള വില വര്‍ധന, തുടങ്ങിയവ മൂലം വാട്ടര്‍ അതോറിട്ടിക്ക് 257 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ടത്രെ. ഇത് നികത്തുന്നതിനാണ് നിരക്കു വര്‍ധന. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ വരുത്തിയിട്ടുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നതിനും നിര്‍ദേശമുണ്ട്.

          ഈ കുടിശ്ശിക പിരിച്ചെടുക്കാന്‍ എന്തു നടപടിയാണ് അതോറിട്ടി കൈക്കൊണ്ടതെന്ന് മാത്രം വ്യക്തമല്ല. നികുതികള്‍ പിരിച്ചെടുക്കന്ന കാര്യത്തില്‍ പോലും കാര്യക്ഷമത പ്രകടിപ്പിക്കാത്ത സംസ്ഥാനത്ത് വെള്ളക്കരത്തിന്റെ കാര്യം പറയാനുണ്ടോ? കാര്യക്ഷമത ഭരണനിര്‍വഹണ രംഗത്തുനിന്ന് നിഷ്‌ക്രമിച്ചിട്ട്   നാളുകളേറെയായി. നികുതി പിരിച്ച് ഉദ്യോഗസ്ഥരെയും അധ്യാപകരെയും മറ്റും തീറ്റിപ്പോറ്റുക, പിരിഞ്ഞുപോകുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുക, കാലാകാലങ്ങളായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത കടങ്ങളുടെ പലിശയടക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ മാത്രമാണല്ലോ ഇവിടെ നടക്കുന്നത്. നികുതികള്‍ കൃത്യമായി പിരിച്ചെടുക്കാനും പ്രത്യുല്‍പാദനരംഗം കാര്യക്ഷമമാക്കാനും വിദേശ മലയാളികളുടെ സമ്പാദ്യം ഫലപ്രദമായി വിനിയോഗിക്കാനും ഇവിടെ ആര്‍ക്കുണ്ട് നേരം. അണക്കെട്ടുകളില്‍ വെള്ളം നിറഞ്ഞുകവിയുമ്പോഴും പവര്‍കട്ടും ലോഡ് ഷെഡിങ്ങും തുടരുന്ന സംസ്ഥാനമാണ് നമ്മുടേത്. ഈ വൈദ്യുതി പ്രതിസന്ധിക്ക് കാരണവും കെടുകാര്യസ്ഥതയാണ്. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും നിരാശയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന നടപടികള്‍ നേരിടാനാണ് ജനങ്ങളുടെ നിയോഗം.

          വിവിധ മേഖലകളില്‍ സേവനം അര്‍പ്പിക്കാന്‍ കഴിവുള്ള അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ അന്യസംസ്ഥാനങ്ങളും അയല്‍രാജ്യങ്ങളും റാഞ്ചിക്കൊണ്ടു പോകുമ്പോള്‍ സ്വന്തം കാലത്തോട് സംവദിക്കാനാവാതെ നിസ്സഹായരായി നില്‍ക്കുകയാണ്. നാടാകെ അഴിമതിയുടെ ദുര്‍ഗന്ധമാണല്ലോ  തളംകെട്ടി നില്‍ക്കുന്നത്.

          നിരക്കുകള്‍ കൂട്ടി ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരുകള്‍ക്ക് എത്രകാലം സുഗമമായി ഭരിക്കാനാവും. ഗീര്‍വാണവും പൊള്ളയായ അവകാശവാദങ്ങളും അധികകാലം ജനങ്ങള്‍ സഹിച്ചെന്ന് വരില്ല. കുടിവെള്ളത്തിന് നിരക്ക് കൂട്ടുന്നതിന് പകരം ജനജീവിതവുമായി അഭേദ്യബന്ധമുള്ള പ്രശ്‌നങ്ങളെ യുക്തിഭദ്രമായി സമീപിക്കുകയാണ് ജനകീയ പ്രസ്ഥാനങ്ങളും അവരുടെ ഭരണകൂടവും ചെയ്യേണ്ടത്.

2 comments:

  1. ടീ എം ജേക്കബ് മാത്രം ആണ് വാട്ടര്‍ അതോരിറ്റി നന്നായി ഭരിച്ചത് അല്ലാത്തപ്പോള്‍ എല്ലാം ഇത് ആര്‍ എസ് പി കൈകാര്യം ചെയ്തു ജപ്പാന്‍ കുടിവെള്ളം എന്ന് പറഞ്ഞു റോഡെല്ലാം കുഴിച്ചു തോടാക്കി എന്തെങ്കിലും പുതിയ പദ്ധതി കൊണ്ട് വന്നതും ഒക്കെ ടീ എം ജേക്കബാണ്‌ കമ്പ്യൂട്ടര്‍ വല്ക്കരിച്ചതും ജേക്കബ് തന്നെ ഇത്രയും നശിച്ച കുറെ അഴിമതിക്കാര്‍ മാത്രമുള്ള മറ്റൊരു ദിപ്പര്ട്ട്മെന്റ്റ് ഇല്ല ഇതിപ്പോള്‍ ഉമ്മന്‍ ചാണ്ടി വിചാരിച്ചാല്‍ ഉടനെ നന്നാക്കാന്‍ പ്രയാസം ജേക്കബിനെ തിരികെ ഏല്‍പ്പിക്കാനും പ്രയാസം

    ഐസ് ക്രീം കേസിനും പിള്ളക്കെസിനും പുറകെ പണം കളയാതെ ഈയിടെ പീ സി തോമസ്‌ ചെയ്ത പോലെ ഒരു പൊതു താല്‍പ്പര്യ ഹര്‍ജി കൊടുക്കാന്‍ എന്താ അച്യുതാനന്ദന് പറ്റില്ലെ? പീ സി തോമസ്‌ എണ്ണ കമ്പനികള്‍ക്കെതിരെ കൊടുത്ത കേസ് ചരിത്ര പ്രധാനമായ വിധി ഉണ്ടാക്കിയേക്കും

    രാജ്യം മതിക്കുന്ന ഒരു ഹീറോ ആകാന്‍ പീ സി തോമസിന് സാധ്യത ഉണ്ട്

    ReplyDelete
  2. ഒരാള്‍ക്ക് ദിനം മാക്സിമം നാല്‍പ്പത് കിലോ ലിടര്‍ വെള്ളം മതി അങ്ങിനെ എങ്കില്‍ നൂറി അറുപത കിലോ ലിടര്‍ ഒരു ദിവസം അയ്യായിരം കിലോ ലിടര്‍ ഒരു മാസം ധാരാളം ഇപ്പോള്‍ കാര്‍ കഴുകാനും പൂന്തോട്ടം നനക്കാനും ആണ് വെള്ളം കളയുന്നത് നമുക്ക് യാതിര് മര്യാദയും ജല ഉപഭോഗത്തില്‍ ഇല്ല നൂറു രൂപ ഒരു മാസം കൂടുതലേ അല്ല

    ReplyDelete

Related Posts Plugin for WordPress, Blogger...