Monday, February 13, 2012

ഇനിയെങ്കിലും മോഡിയെ പ്രോസിക്യൂട്ട് ചെയ്യട്ടെ


                ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശുപാര്‍ശ നല്‍കിയെന്ന തെഹല്‍ക്ക വാരികയുടെ റിപ്പോര്‍ട്ട്, കലാപത്തിന്റെ ആഘാതങ്ങള്‍ ഏറ്റുവാങ്ങിയവരെ മാത്രമല്ല മതേതര മൂല്യങ്ങളെ നെഞ്ചേറ്റിയവരെയും കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുക. പക്ഷെ സുപ്രഭാതം പിറക്കാന്‍ ഇനിയുമെത്ര യാമം കാത്തിരിക്കേണ്ടിവരും എന്നതാണ് പ്രശ്‌നം. മതേതരഇന്ത്യയുടെ മര്‍മത്ത് മാരകപ്രഹരമേല്‍പ്പിച്ചവരുടെ രാക്ഷസീയലീലകളുടെ രേഖാ ചിത്രങ്ങള്‍ വളരെ പതുക്കെയാണെങ്കിലും പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നത് ഏതായാലും ഏറെ ആശ്വാസകരം തന്നെ. എങ്കിലും തിന്മയുടെ തേരാളികള്‍ എന്നെങ്കിലും ശിക്ഷിക്കപ്പെടുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.

          ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം (എസ് എ ടി) അലഹബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയുടെ സുപ്രധാന റിപ്പോര്‍ട്ട് തെഹല്‍ക്ക പുറത്തുവിട്ടത്. ഗുജറാത്ത്കലാപത്തിനിടയില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജാഫ്രിയും മറ്റ് 68 പേരും കൊല്ലപ്പെട്ട കേസില്‍ ജാഫ്രിയുടെ പത്‌നി സാക്കിയ  സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്  സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനെ അന്വേഷണത്തില്‍ സഹായിക്കാന്‍ നിയോഗിച്ചത്. രാജ്യത്തിന്റെ ഐക്യവും സൗഹാര്‍ദവും തകര്‍ക്കുന്നതിനും മതസ്പര്‍ധ വളര്‍ത്തുന്നതിനും മന:പൂര്‍വം പ്രവര്‍ത്തിക്കുക,  മറ്റുള്ളവര്‍ക്ക് ഹാനിയുണ്ടാക്കുംവിധം നിയമങ്ങളെ ധിക്കരിക്കുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മോഡിക്കെതിരെ കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരിക്കുന്നത്.

           കുറ്റം ചെയ്തവരെ സഹായിക്കാന്‍ മോഡി നിയമങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന് വ്യക്തമായ സാഹചര്യത്തില്‍ അയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും രാജു രാമചന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശക്തിയുള്ളവര്‍ക്കും അധികാരമുള്ളവര്‍ക്കും എന്തധര്‍മവും ആകാമെന്ന രാജധര്‍മബോധം ഭരണഘടനാ സങ്കല്‍പ്പങ്ങളെ അപ്പാടെ പരിഹസിക്കലാണ്. രാജ്യത്തിന്റെയും നീതിനിയമങ്ങളുടെയും  വികാരത്തോടൊപ്പം നില്‍ക്കാന്‍ കാലമേറെ കഴിഞ്ഞാലും ജുഡീഷ്യറിക്കാവുമെന്ന് തന്നെ എല്ലാവരും ഉറച്ചുവിശ്വസിക്കുന്നു.

          കഴിഞ്ഞ വര്‍ഷം മേയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാടിന് തികച്ചും വിരുദ്ധമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി മോഡി ബോധപൂര്‍വം വീഴ്ച വരുത്തിയെന്നാണ് ക്യൂറിയുടെ കണ്ടെത്തല്‍. മുദ്രവെച്ച കവറില്‍  രാജു രാമചന്ദ്രന്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എസ് എ ടിയുടെ ചില കണ്ടെത്തലുകളും പരാമര്‍ശിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മുന്‍ധാരണയോടെ എടുത്ത പല തീരുമാനങ്ങളും അവരെ അപകടത്തിലാക്കിയ കാര്യം എസ് എ ടി എടുത്തുപറഞ്ഞിരുന്നു.

           മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന പ്രസ്താവന നടത്തുകയെന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മോഡി ഈ കുറ്റം ചെയ്തുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുക മാത്രമല്ല ബോധപൂര്‍വം ഇടപെടാതിരിക്കുകയും ചെയ്തു. അതുകൊണ്ട് മോഡിയെ പ്രതിയാക്കി നിയമവിചാരണ നടത്തണമെന്നതിന് ഇതിന് പുറമെ നിരവധി സുപ്രീം കോടതി വിധികളും അമിക്കസ് ക്യൂറി ഉദ്ധരിച്ചിട്ടുണ്ട്.

             എസ് എ ടി തലവന്‍ രാഘവന്‍ നരേന്ദ്രമോഡിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയത് രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വാസ്തവവിരുദ്ധമായിരുന്നുവെന്നാണ് തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍ ബോധ്യപ്പെടുത്തുന്നത്. മോഡിയെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ രാഘവന്‍ രേഖപ്പെടുത്തിയ അതേ സാക്ഷിമൊഴികളും തെളിവുകളും കോടതി നിര്‍ദേശ പ്രകാരം സൂക്ഷ്മമായി പുന:പരിശോധിച്ച ശേഷമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ഏറെ രസാവഹമായ കാര്യം. സാക്ഷികളെ നേരില്‍ കണ്ട് മൊഴി പരിശോധിക്കാന്‍ രാജു രാമചന്ദ്രന്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

             മോഡി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും അവഗണനയുമാണ് 2002ല്‍ ഗുജറാത്തിനെ വംശഹത്യയിലേക്ക് നയിച്ചതെന്ന് ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തിയതു തന്നെ വളരെ വൈകിയാണ്. കലാപകാലത്ത് നാശനഷ്ടമുണ്ടായ മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിടുകയുണ്ടായി. ഗുജറാത്തിലെ ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നടത്തിയ വിധിയും നിരീക്ഷണവും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടുമായി ചേര്‍ത്തുവായിക്കണം. രണ്ടായിരത്തിലേറെ പേരാണ് അന്ന് വധിക്കപ്പെട്ടത്. കോടികളുടെ നഷ്ടം മുസ്‌ലിംകള്‍ക്ക് സംഭവിക്കുകയും ചെയ്തു.  മോഡിയുടെ ജീവന്‍ രക്ഷിക്കാനെന്ന പേരില്‍ 25 ഓളം വ്യാജ ഏറ്റുമുട്ടലുകള്‍ ഗുജറാത്തില്‍ നടന്നതായി കോടതി കണ്ടെത്തി. ഇതിന് ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥന്മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്   നിര്‍ദേശിക്കുകയും ചെയ്തു. മോഡിക്കെതിരെ നടന്ന അന്വേഷണങ്ങളിലും നിരവധി കോടതി വിധികളിലും ആരോപണവിധേയനായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരാള്‍ ഇപ്പോഴും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നുവെന്ന് മാത്രമല്ല പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയും എന്‍ ഡി എയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. മതേതരത്വമല്ല മനുഷ്യത്വം പോലും നിഘണ്ടുവിലില്ലാത്തവര്‍ക്കേ പകയുടെ തീപ്പന്തവുമായി പോര്‍വിളിക്കുന്ന ഒരു നരാധമനെ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാനാവൂ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...