Monday, September 3, 2012

എമര്‍ജിംഗ് കേരളക്ക് ജിമ്മിന്റെ ഗതി വരരുത്


               വ്യവസായ വകുപ്പ് ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് രൂപം നല്‍കിയ എമര്‍ജിംഗ് കേരള അത്യന്തം പ്രതീക്ഷയോടെ കേരളജനത ഉററുനോക്കുന്ന   വികസന പദ്ധതികളാണ്. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന ഒട്ടനവധി പദ്ധതികള്‍ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്കടക്കം പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന് കൊടി ഉയരാന്‍ ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദേശികളും വിദേശ ഇന്ത്യക്കാരുമടക്കം വലിയൊരു വ്യവസായ സംരഭക നിരയെ കേരളത്തിലേക്കാര്‍ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതിനിടയിലാണ് എമര്‍ജിംഗ് കേരളക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്  ശക്തി കൂടിക്കൂടി വരുന്നത്.

               കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍  വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കുഞ്ഞാലിക്കുട്ടി സമാനരൂപത്തില്‍ 2003ല്‍ സംഘടിപ്പിച്ച ഗ്‌ളോബല്‍ മീറ്റ് അവസാനം കടുത്ത നിരാശ സമ്മാനിച്ചുകൊണ്ടാണ് പര്യവസാനിച്ചത്. വളരെ കൊട്ടിഘോഷിച്ച് ആവിഷ്‌ക്കരിച്ച ജിമ്മിന്റെ പ്രതീക്ഷകളത്രയും കൊഴുത്ത വിവാദങ്ങളില്‍ മുങ്ങിപ്പോയി. സര്‍ക്കാര്‍ ഭൂമിയും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുന്നുവെന്ന ആക്ഷേപമായിരുന്നു അന്നുയര്‍ന്നത്. ആഗോള നിക്ഷേപക സംഗമം തന്നെ പരിസ്ഥിതി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകളുടെ അകമ്പടിയോടെയായിരുന്നുവല്ലോ നടന്നതും. വ്യവസായ വളര്‍ച്ചക്ക് വളക്കൂറുള്ള മണ്ണല്ല ഇവിടുത്തേത് എന്ന അപവാദം ഒരിക്കല്‍ കൂടി കേരളം കേള്‍ക്കേണ്ടിവന്നു. ജിം നല്‍കിയ തിക്താനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തിയിട്ടും എമര്‍ജിംഗ് കേരളയും ജിമ്മിന്റ വഴി പിന്തുടരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

               എമര്‍ജിംഗ് കേരളയുടെ മറവില്‍ അവശേഷിക്കുന്ന നെല്‍പാടം കൂടി നികത്തപ്പെടുന്ന ആശങ്ക ചിലര്‍ക്ക്. ടൂറിസം പദ്ധതികളുടെ മറവില്‍ പുല്‍മേടുകള്‍ നികത്തപ്പെടുമോ? പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് പശ്ചിമഘട്ട വികസന അതോറിട്ടി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ടൂറിസം പദ്ധതികള്‍ നിര്‍ദേശിച്ചിട്ടുള്ളത്. 50 ഏക്കറിലെ സാഹസിക ടൂറിസം പദ്ധതി, നൂറേക്കറിലെ ഗോള്‍ഫ് ക്‌ളബ്ബ്-റിസോര്‍ട്ട് പദ്ധതി എന്നിവ വാഗമണിലെ അവശേഷിക്കുന്ന പുല്‍മേടുകള്‍ ഇല്ലാതാക്കുമോ? 50 ഏക്രയാണ് നെല്ലിയാമ്പതി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍-ലോഡ്ജ്- ഹെല്‍ത്ത് റിസോര്‍ട്ട് എന്നിവക്കായി നിര്‍ദേശിക്കുന്നത്. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നെല്ലിയാമ്പതിയെ വനഭൂമിയായി സംരക്ഷിക്കണമെന്നാണ് പാരിസ്ഥിതിക പ്രവര്‍ത്തകരുടെ ആവശ്യം. നെല്ലിയാമ്പതിയിലെ വനഭൂമി കൈമാറാനുള്ള നീക്കം സര്‍ക്കാറിന്റെ നിലനില്‍പിനെ പോലും ബാധിക്കുന്ന പ്രശ്‌നവുമാണ്.

                പ്രതിപക്ഷത്തെ സംബന്ധിച്ചെടുത്തോളം അവരുടെ എതിര്‍പ്പ് രാഷ്ട്രീയപ്രേരിതമാണെന്ന് വേണമെങ്കില്‍ പറയാം. അതാണല്ലോ കേരളത്തിന്റെ എക്കാലത്തെയും ശൈലി.  എമര്‍ജിംഗ് കേരള ജിമ്മിനേക്കാള്‍ ആപല്‍ക്കരമാണെന്നും പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന വികസനം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ നേരിടാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പാടുപെടുന്നതിനിടയിലാണ് യു ഡി എഫിലെ ആറു യുവ എം എല്‍ എമാരുടെ എതിര്‍പ്പുമായുള്ള രംഗപ്രവേശം. എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തെ പൂര്‍ണമായി പിന്തുണക്കുന്നുവെന്ന് പറയുമ്പോഴും സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും സ്വകാര്യ സംരംഭകര്‍ക്ക് കൈമാറരുതെന്നും പുതിയ സംരംഭങ്ങളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നത് ശ്രദ്ധയോടെ വേണമെന്നും വി ഡി സതീശനും കെ എം ഷാജിയുമുള്‍പ്പെടെയുള്ള ആറു എം എല്‍ എമാര്‍ ഹരിതരാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ 'ഗ്രീന്‍ തോട്ട്‌സ് കേരള' എന്ന ബ്‌ളോഗിലൂടെ ആവശ്യപ്പെട്ടത്.

                ജനങ്ങള്‍ എതിര്‍ത്ത് തോല്‍പിച്ച പദ്ധതികള്‍ പേരുമാറ്റി കൊണ്ടുവരുന്നത് വികസന വിരുദ്ധമെന്ന് പറഞ്ഞ് എമര്‍ജിംഗ് കേരളക്കെതിരെ രംഗത്തുന്ന മറ്റൊരു നേതാവ് കോണ്‍ഗ്രസുകാരനായ വി എം സുധീരനാണ്. നിക്ഷേപക സംഗമത്തില്‍ തൊഴില്‍ സാധ്യതയുള്ള പുതിയ പദ്ധതികളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.  പദ്ധതികള്‍ക്കായി കൈമാറ്റപ്പെടാന്‍ നിശ്ചയിച്ച ഭൂമിയെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണവും ആരംഭിച്ചിരിക്കുന്നു. റവന്യൂവകുപ്പിന് പിന്നാലെ വനംവകുപ്പും ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നു. മലപ്പുറത്ത് പാണക്കാട് വില്ലേജില്‍ 2266 കോടി രൂപ ചെലവിട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ള എഡ്യൂക്കേഷന്‍-ഹെല്‍ത്ത് സിറ്റി പദ്ധതിക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണത്രെ ഇതിന് പിന്നില്‍.

                ഈ ആക്ഷേപങ്ങളെല്ലാം വികസന വിരോധികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളാണെന്ന് പറഞ്ഞ് അവഗണിക്കാനാവുമോ? ചുമതലാബോധമുള്ള ഭരണകൂടത്തിന് യോജിച്ചതല്ല അത്. സുധീരന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഏത് പദ്ധതിയായാലും നിലവിലുള്ള ഏജന്‍സികളും പരിസ്ഥിതിവിദഗ്ധരും സംയുക്തമായി പരിശോധിക്കുന്ന സംവിധാനമുണ്ടാവണം. പരിസ്ഥിതി സംബന്ധിച്ച പഠനം പൂര്‍ത്തിയാക്കിയ ശേഷമേ പദ്ധതികള്‍ തുടങ്ങാന്‍ അനുവദിക്കാവൂ. വികസനം നമുക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വികസനം സമ്പന്നരുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കലാവരുത്. അങ്ങനെ വന്നാല്‍ ജിമ്മിന്റെ അനുഭവം ആവര്‍ത്തിക്കപ്പെടും. മനുഷ്യശേഷിയും കാലാവസ്ഥയുമടക്കം കേരളത്തിന് അനുകൂലമായ ഒട്ടനവധി ഘടകങ്ങള്‍ ഉണ്ടെന്നിരിക്കെ വിവാദത്തില്‍ കുടുങ്ങി വികസനം മുരടിക്കാതിരിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത്  സര്‍ക്കാര്‍ തന്നെയാണ്.

1 comment:

  1. ഉമ്മന്‍ ചാണ്ടിക്ക് രണ്ടു പ്രതിപക്ഷ നേതാക്കളെ നേരിടണം ഒന്ന് സുധീരന്‍ രണ്ടു അച്ചുതാനന്ദന്‍ , രണ്ടു പേരും കാലഹരണപ്പെട്ട വികസനം ആയി നടക്കുന്നു , ഇവിടെ മെഡിക്കല്‍ ടൂറിസം അല്ലാതെയുള്ള ടൂറിസം അല്ലാതെ ഒരു വ്യവസായമോ ഒന്നും കൊണ്ടുവരാന്‍ പറ്റില്ല, എല്ലാവരും ഒരുമിച്ചു ഒരു പദ്ധതിയും നടക്കില്ല , കാരപ്പാറ ഡാം, അത് വെറുതെ കിടക്കുന്നു , വളരെ കുറച്ച ആള്‍ക്കാരാണ് അവിടെ പോകുന്നത് , വനം വകുപ്പും ജലസേചന വകുപ്പും ഒക്കെ ഭരിക്കുന്നവരും അവരുടെ പിണിയാളുകളും അവിടെ മദ്യപിക്കാന്‍ പോകുന്നവരും എന്നാല്‍ ഈ സ്ഥലം ഒരു പ്രൈവറ്റ് പാര്‍ട്ടിക്ക് ലീസ് കൊടുത്താല്‍ അത് ഒരു കൊദൈക്കനാലോ മറ്റോ ആകാം , അത് സമ്മതിക്കില്ല, പത്തു പേര്‍ക്ക് പണിയും കിട്ടും, ഇനി ഇത് തന്നെ ഗവന്മേന്റ്റ് ആണ് ചെയ്യുന്നതെങ്കിലോ കുറെ ബോട്ട് വാങ്ങി ഇടും ഡ്രൈവര്‍ കാണില്ല ഡ്രൈവര്‍ വരുമ്പോള്‍ ബോട്ട് പണി മുടക്കും , നൂറു സമരവും കാണും , രണ്ടു കൊല്ലം കഴിയുമ്പോള്‍ ബോട്ടും ഇല്ല ഡ്രൈവറും ഇല്ല സര്‍ക്കാരിനു കോടികള്‍ നഷ്ടം , കേരളത്തില്‍ ഒരു കുന്തവും നടക്കില്ല

    ReplyDelete

Related Posts Plugin for WordPress, Blogger...