Monday, February 20, 2012

കേരളം ഇരുട്ടിലേക്കോ?


           കേരളം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത മലയാളികളെ സംബന്ധിച്ചെടുത്തോളം അത്യന്തം ഞെട്ടലുണ്ടാക്കുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ആസൂത്രണത്തില്‍ വന്ന പാളിച്ചയാണ് പ്രശ്‌നം ഗുരുതരമാക്കിയത്. വേനലിന് മുമ്പെ അമിതോല്‍പാദനം നടത്തിയതാണ് ഏറ്റവും വലിയ വിനയായത്. ചെറുകിട പദ്ധതികളില്‍ നിന്ന് പരമാവധി ഉത്പാദനം നടത്തിയും പുറമെ നിന്ന് വൈദ്യുതി വാങ്ങിയും മഴക്കാലത്ത് വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് പതിവ്. മഴക്കാലത്ത്  പുറമെ നിന്ന് കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങാന്‍ കഴിയും. എന്നാല്‍ അതിന് തയാറാകാതെ ഇടുക്കിയില്‍ അമിതോത്പാദനം നടത്തുകയായിരുന്നു വൈദ്യുതി ബോര്‍ഡ്.

          അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തിനൊപ്പമുണ്ടെന്ന് അവകാശപ്പെടാമെങ്കിലും  വേനല്‍ കനക്കുകയും ഉപയോഗം കുത്തനെ ഉയരുകയും ചെയ്തതോടെ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം നേരിടുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രതിദിന ഉപയോഗം  ഇപ്പോള്‍ തന്നെ 58 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. മാര്‍ച്ച് പരീക്ഷയുടെ കാലമായതിനാല്‍ ഉപയോഗം ചുരുങ്ങിയപക്ഷം 60 ദശലക്ഷം യൂണിറ്റ് കവിയും. തൊട്ടടുത്ത മാസങ്ങള്‍ അത്യൂഷ്ണത്തിന്റെയും അവധികളുടെയും കാലമായതിനാല്‍ പിന്നെ പറയുകയും വേണ്ട. കഴിഞ്ഞ തവണ വേനല്‍മഴ പ്രതീക്ഷിച്ചതു പോലെ ലഭിച്ചിരുന്നില്ല. ഇത്തവണയും വേനല്‍മഴ കുറഞ്ഞാല്‍ പ്രശ്‌നം ഗുരുതരമാവും. കാലവര്‍ഷം ജൂണ്‍ ആദ്യത്തില്‍ തന്നെ കനിഞ്ഞില്ലെങ്കില്‍   കേരളത്തിലെ ജനജീവിതം തന്നെ അതീവ ദുസ്സഹമാവും.

          പ്രതിദിനം 700 മെഗാവാട്ട് വൈദ്യുതി യുടെ കുറവാണ് ഇപ്പോഴുള്ളത്. പീക്കവറില്‍ വൈകുന്നേരം ആറിനും പത്തിനും ഇടയിലുള്ള സമയം 3300 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയേ നമ്മുടെ ജലവൈദ്യുത പദ്ധതികള്‍ക്കുള്ളൂ. വെള്ളത്തിന്റെ കുറവ് കാരണം ചെറുകിട  ജലവൈദ്യുത പദ്ധതികളെല്ലാം ഉത്പാദനം നിര്‍ത്തിയിരിക്കുകയാണ്. ഇടുക്കിയിലും ശബരിഗിരിയുള്‍പ്പെടെയുള്ള നിലയങ്ങളില്‍ നിന്നുമായി 1600 മെഗാവാട്ട്  വൈദ്യുതിയാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. 360 മെഗാവാട്ടുള്ള ശബരിഗിരിയില്‍ 60 മെഗാവാട്ടിന്റെ ആറ്  ജനറേറ്ററുകളുണ്ടെങ്കിലും ഇവയില്‍ പലതും പ്രവര്‍ത്തനക്ഷമവുമല്ല.

            ഇടുക്കിയില്‍നിന്ന് 13 ദശലക്ഷം യൂണിറ്റ് വരെ ഉത്പാദിപ്പിച്ചാണ് കേരളമിപ്പോള്‍ ഇരുട്ടകറ്റുന്നത്. സംഭരണശേഷിയുടെ 32 ശതമാനം വെള്ളം മാത്രമേ ഇപ്പോള്‍ ഇടുക്കിയിലുള്ളൂ. ഒമ്പത് മുതല്‍ പത്തു ദശലക്ഷം വരെ യൂണിറ്റ് പുറമെനിന്ന് വാങ്ങേണ്ടിവരുന്നു. സ്വകാര്യ നിലയങ്ങളുടെ വൈദ്യുതി വില്‍പന കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചതും പ്രസരണ ലൈനുകള്‍ ആന്ധ്രപ്രദേശും തമിള്‍നാടും മുന്‍കൂട്ടി ബുക്കുചെയ്തതും മൂലം പുറമെ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത വരും മാസങ്ങളില്‍ കുത്തനെ കുറയും.

           കേരള സര്‍ക്കാര്‍ പിറവം ഉപതെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ്  കഴിയുന്നതോടെ പവര്‍കട്ടും ലോഡ്‌ഷെഡിംഗും ന്യായമായും പ്രതീക്ഷിക്കാം. നിരക്ക് വര്‍ധനവിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാവൂ എന്ന വാദവും വൈദ്യുതി ബോര്‍ഡ് ഉയര്‍ത്തും. ഇപ്പോള്‍ തന്നെ വൈദ്യുതി നിരക്ക് താങ്ങാവുന്നതിലധികമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അങ്ങേയറ്റം ദുസ്സഹമായിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരും അനങ്ങാപ്പാറ നയം അവലംബിച്ചുവരുന്ന കേന്ദ്ര ഭരണകൂടവും വൈദ്യുതിയുടെ കാര്യത്തില്‍ ആശ്വാസ നടപടി കൈക്കൊള്ളുമെന്ന് കരുതുന്നതു തന്നെ മൗഢ്യമായിരിക്കും. 300 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ നല്‍കുമെന്ന കേന്ദ്രത്തിന്റെ ഓഫര്‍ വളരെ ചെറുതായിപ്പോയി.

          ജലക്ഷാമം ആസന്നമായ മറ്റൊരു വിപത്താണ്. ഫിബ്രവരിയില്‍ തന്നെ വെള്ളത്തെ കുറിച്ച ആശങ്ക ആരംഭിച്ചിരിക്കുന്നു. മാലിന്യപ്രശ്‌നമാണ് മറ്റൊന്ന്. ഗ്രാമ നഗര വ്യത്യാസമന്യേ കേരളത്തെ തുറിച്ചുനോക്കുന്ന ഈ പ്രശ്‌നം പലേടങ്ങളിലും പൊലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതി വിശേഷം വരെ സൃഷ്ടിച്ചിരിക്കുന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നത്തില്‍ കോടതി ഇടപെട്ടിട്ടും ജനങ്ങള്‍ തെരുവിലിറങ്ങിയത് മാലിന്യത്തിന് പിന്നാലെ വരുന്ന മാരകമായ പകര്‍ച്ചവ്യാധിയെ കൂടി കണക്കിലെടുത്തുകൊണ്ടാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി  പകര്‍ച്ചപ്പനിയുടെ നാടായി കേരളം മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഡങ്കിപ്പനിയുടെയും ജപ്പാന്‍ ജ്വരത്തിന്റെയും പേരില്‍ മരിച്ചുവീഴുന്നത്.

            വേനല്‍ച്ചൂടിന് ശക്തികൂടുന്ന മാസമാണ് വരാനിരിക്കുന്നത്. വൈദ്യുതിയുടെ സാന്നിധ്യമില്ലെങ്കില്‍ സംസ്ഥാനം ഒരിഞ്ചുപേലും ചലിക്കില്ല. ഒന്നും പ്രവര്‍ത്തിക്കില്ല. മലയാളി ഒരു പോള കണ്ണടക്കില്ല.

              പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാന്‍ കായംകുളത്തെ ഉത്പാദനം പുനരാരംഭിക്കുന്നത്  വൈദ്യുതിബോര്‍ഡിനെ സാമ്പത്തികമായി തകര്‍ക്കുമെന്നുറപ്പാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് താപവൈദ്യുതി ഉത്പാദനത്തിന് യൂണിറ്റിന് പതിനൊന്ന് രൂപയോളം ചെലവ് വരും. പൂര്‍ണമായ തോതില്‍ നിലയം പ്രവര്‍ത്തിപ്പിച്ചാല്‍ ഏഴര ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉത്പാദിപ്പിക്കാം. ഇതിലൂടെ ബോര്‍ഡിന് നഷ്ടമാകുന്നത് 250 കോടിയോളം രൂപയാണ്.

              പിറവം ഉപതെരഞ്ഞെടുപ്പും എസ് എസ് എല്‍ സി പരീക്ഷയും നടക്കുന്ന മാര്‍ച്ച് മാസത്തില്‍ വൈദ്യുതി നിയന്ത്രണം വരുത്താതെ സര്‍ക്കാര്‍  സൂക്ഷിച്ചേക്കാം. മാര്‍ച്ച് കടന്നുകിട്ടിയാലും സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ല. ഗുരുതരമായ ഈ പ്രശ്‌നത്തെ  ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയാറായിട്ടില്ല. ഇടക്കിടെ ബോര്‍ഡ് യോഗം ചേര്‍ന്നതു കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നം. മറ്റെന്തെല്ലാം നേട്ടങ്ങള്‍ അവകാശപ്പെടാനുണ്ടെങ്കിലും വൈദ്യുതിയുടെ കാര്യത്തില്‍ സംഭവിക്കുന്ന വീഴ്ച യു ഡി എഫിന് താങ്ങാവുന്നതിലുമപ്പുറമായിരിക്കും. പവര്‍കട്ടും ലോഡ്‌ഷെഡിംഗും നിരക്കുവര്‍ധനയും മാത്രമാണ് പരിഹാര മാര്‍ഗമെങ്കില്‍ അതിന് ഒരു ഭരണകൂടത്തിന്റെ ആവശ്യമില്ലല്ലോ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...