Tuesday, May 7, 2013

പ്രമാണം പരിശുദ്ധ ഖുര്‍ആന്‍ മാത്രം


     ഒരു മനുഷ്യന്‍ ദൈവീക വ്യവസ്ഥയനുസരിച്ച് ജീവിക്കുന്നതിനു ആരെയാണ് തന്റെ ഇലാഹായി സ്വീകരിക്കേണ്ടത്? അവന്‍ ആരുടെ ഗ്രന്ഥമാണ്  പ്രമാണമായി അംഗീകരിക്കേണ്ടത്? ഇലാഹായി ദൈവത്തെ മാത്രമേ സ്വീകരിക്കൂ എന്ന് സമ്മതിക്കുമ്പോഴും പ്രമാണമായി ഖുര്‍ആന്‍ മാത്രം മതി എന്ന് അംഗീകരിക്കാന്‍ മഹാഭൂരിഭാഗവും തയാറല്ല. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് നോക്കാം.

     'ദൈവം ഒരു നല്ല വചനത്തെ ഉപമിച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? ഉറച്ച മുരടുള്ളതും ആകാശത്ത് ശാഖയോടുകൂടിയ നല്ലൊരു വൃക്ഷത്തെ പോലെയത്രെ അത്. അതിന്റെ നാഥന്റെ അനുമതിയോടുകൂടി  സദാസമയം അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. ദൈവം ഇത്തരം ഉപമകള്‍ ഉപമിക്കുന്നത് മനുഷ്യര്‍ ചിന്തിക്കാന്‍ വേണ്ടിയാണ്. ഒരു ചീത്തവചനത്തിന്റെ ഉപമ ഭൂമിയില്‍നിന്നും പിഴുതെറിയപ്പെട്ട യാതൊരു സ്ഥിരതയുമില്ലാത്ത ഒരു ചീത്ത വൃക്ഷത്തെ പോലെയുമത്രെ. (14:25-26). ഈ വചനത്തില്‍ ഭൂമിയില്‍ വേരുറച്ചതും അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും സദാസമയവും ഫലങ്ങള്‍ നല്‍കുന്നതുമായ ഒരു വൃക്ഷത്തോടാണ് ദൈവം ഏറ്റവും നല്ല വചനത്തെ ഉപമിച്ചിരിക്കുന്നത്. ഈ പറഞ്ഞ സ്ഥിരവചനത്തില്‍ (അല്‍ഖൗലു സ്സാബിത്ത്) വിശ്വസിക്കുന്നവരെ ദൈവം ഈ ലോകത്തും പരലോകത്തും ഉറച്ച മനസ്സുള്ളവരാക്കി മാറ്റുമെന്നാണ് തുടര്‍ന്നു വരുന്ന വചനത്തില്‍ വിവരിക്കുന്നത്.

     കാറ്റിലും കോളിലും പെട്ട് ഉലയാതെ ഭൂമുഖത്ത് ഉറച്ചുനില്‍ക്കുന്ന, പിടിച്ചുനില്‍ക്കാന്‍ ഒരു താങ്ങിന്റെയും ആവശ്യമില്ലാത്ത ദൈവത്തിന്റെ വചനമായ ഖുര്‍ആനിനെയാണ് നാം പ്രമാണമാക്കേണ്ടത്.  എന്നാല്‍ ദൈവത്തിന് പുറമെ ഒരുപാട് ഇലാഹുകളില്‍ വിശ്വസിക്കുന്നതു പോലെ ആ ദൈവത്തിന്റെ ഗ്രന്ഥമായ ഖുര്‍ആനിനു പുറമെ ധാരാളം ഗ്രന്ഥങ്ങളെയും നാട്ടുനടപ്പുകളെയും കേട്ടുകേള്‍വികളെയും പ്രമാണമാക്കുന്നവരാണ്. ഖുര്‍ആനിനു പുറമെയുള്ള ഇത്തരം മനുഷ്യനിര്‍മിത ഗ്രന്ഥങ്ങളെയും ആചാരങ്ങളെയും പ്രമാണമാക്കുക എന്നത് ഇവരെ സംബന്ധിച്ച് നിസ്സാര കാര്യമാണ്. ഖുര്‍ആനിനു സമാനമായോ അല്ലെങ്കില്‍ അതിലധികമായോ പരിശുദ്ധിയും സ്ഥാനവും ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് നല്‍കുകയെന്നതും ഇവര്‍ക്ക് വലിയ പ്രശ്‌നമുള്ള കാര്യമല്ല.

     പല പണ്ഡിതന്മാരും സ്വയം ഗ്രന്ഥങ്ങള്‍ രചിക്കുകയും എന്നിട്ട് അവ നബിയിലേക്ക് ചേര്‍ത്തു പറയുകയും അവയ്ക്ക് ഖുര്‍ആനിനേക്കാള്‍ മഹത്വം നല്‍കുകയും അവ തങ്ങളുടെ പ്രമാണങ്ങളായി വിശ്വസിക്കുകയും ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാമിനു ഒന്നിലധികം രക്ഷിതാക്കളെ അംഗീകരിക്കാനും വിശ്വസിക്കാനും കഴിയാത്തതു പോലെ ഖുര്‍ആനോ അല്ലെങ്കില്‍ ദൈവത്തിന്റെ തന്നെ വികലമാക്കപ്പെടാത്ത ഗ്രന്ഥങ്ങളോ അല്ലാതെ അംഗീകരിക്കാനും കഴിയില്ല എന്നതാണ് സത്യം. ലോകത്ത് വന്ന ദൂതന്മാരെല്ലാം ഇതാണ് ചെയ്തത്. അതായത് ദൈവത്തെ ഇലാഹായും തങ്ങള്‍ക്ക് കിട്ടിയ ഗ്രന്ഥങ്ങളെ പ്രമാണമായും സ്വീകരിക്കുക എന്ന കാര്യം.

     വിശുദ്ധ ഖുര്‍ആന്‍ നാമൊന്ന് പഠിക്കുകയാണെങ്കില്‍ ഖുര്‍ആനല്ലാതെ നമുക്ക് ആശ്രയിക്കാന്‍ പറ്റിയ മറ്റൊരു ഗ്രന്ഥമില്ലെന്നും ഖുര്‍ആന്‍ മനസ്സിലാക്കാനും ഗ്രഹിക്കാനും മറ്റൊരു ഗ്രന്ഥത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാവും. ഖുര്‍ആന്‍ മനസ്സിലാക്കാന്‍ നാം ആശ്രയിക്കണം എന്നു പറയപ്പെടുന്ന ഗ്രന്ഥങ്ങള്‍ എങ്ങനെ വായിക്കണമെന്ന തര്‍ക്കം പോലും പണ്ഡിതന്മാര്‍ക്കിടയില്‍ ഇതുവരെ തീര്‍ന്നിട്ടില്ല എന്ന സത്യവും നാം മനസ്സിലാക്കണം. ഒരിക്കലും ഉറവ വറ്റാത്ത ആശയങ്ങളുള്ള ഖുര്‍ആനിനെ, അസത്യങ്ങളും അര്‍ധസത്യങ്ങളും ഉള്‍ക്കൊള്ളുന്നതും വൈരുധ്യങ്ങള്‍ നിറഞ്ഞതും നിര്‍ജീവമായതും യുക്തിരഹിതമായതും അതോടൊപ്പം പ്രവാചകന്മാരുടെ മഹത്വങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നതുമായ ഗ്രന്ഥങ്ങള്‍കൊണ്ട് വിശദീകരിക്കണമെന്നു പറയുന്നതിനേക്കാള്‍ വലിയ അയുക്തി എന്തുണ്ട്?  (തുടരും)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...