Wednesday, December 19, 2012

ലൈംഗിക അരാജകത്വം ഇതാ ഇവിടെ വരെ           രാജ്യത്തിനാകെ അപമാന മുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ടാണ് ഈ വര്‍ഷം നമ്മോട് വിടപറയുക. തലസ്ഥാന നഗരിയില്‍ പോലും പിശാചിന്റെ മിത്രങ്ങള്‍ സൈ്വരവിഹാരം നടത്തുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം സുരക്ഷാ സംവിധാനമുള്ള ദല്‍ഹിയില്‍ വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിക്ക്    സുഹൃത്തിനൊപ്പം ബസ്സില്‍ പോലും യാത്രചെയ്യാന്‍ സാധിക്കില്ലെന്ന് വന്നാല്‍ പിന്നെ എവിടെയാണൊരു രക്ഷ. നീണ്ട 14 വര്‍ഷം ഒരു വനിതാ മുഖ്യമന്ത്രി   വാണരുളുന്ന സംസ്ഥാനത്ത് ഇതാണ്  സ്ത്രീകളുടെ ഗതിയെങ്കില്‍ സാംസ്‌കാരിക മഹത്വമെന്ന് പാടിപ്പുകഴ്ത്താന്‍ നമുക്ക് എന്തുണ്ട് ഇനി ബാക്കി.

           ദില്ലിയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. സ്ത്രീകള്‍ മാത്രമല്ല വിദ്യാര്‍ഥികളും ലൈംഗികരാജകത്വത്തിന്റെ ഈ കൂത്താട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നു. പൊലീസിന്റെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല.  നടപടിയെടുക്കണമെന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല സത്വര നടപടി സ്വീകരിച്ച് മാതൃക കാട്ടുകയാണ് ഭരണകൂടം ചെയ്യേണ്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ സുപ്രീം കോടതി  തന്നെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ലൈംഗിക പീഡനത്തിന് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിയും വരുത്തി. എന്നിട്ടും കാമവെറിയന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.  അധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ പോലും ഇത്തരക്കാര്‍ക്കാണല്ലോ ശക്തി.

           ഇന്ത്യയില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് ദല്‍ഹി. അതുകൊണ്ടാവാം ലൈംഗികാതിക്രമങ്ങളും അവിടെ കൂടുതലാണ്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വെയില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 24 പേര്‍ മാനഭംഗത്തിന് വിധേയരാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ദല്‍ഹിയേക്കാള്‍ മോശമായ സംസ്ഥാനങ്ങളുമുണ്ട്.  ദല്‍ഹി മുഖ്യമന്ത്രി മാത്രമല്ല യു പി എ അധ്യക്ഷയും   പ്രതിപക്ഷ നേതാവും ലോകസഭാ സ്പീക്കറുമെല്ലാം ഇവിടെ വനിതകളാണ്.    ഇവരുടെയെല്ലാം മൂക്കിനു താഴെയാണ് സഹോദരിമാര്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍  ഇവരടക്കം എല്ലാവരും ധാര്‍മിക ഷണ്ഡത്വം പ്രകടിപ്പിക്കുമ്പോള്‍ ലജ്ജയല്ല സഹതാപമാണ് തോന്നുന്നത്.

           ദല്‍ഹി വസന്തവിഹാറില്‍ ഞായറാഴ്ച രാത്രി ഒടുന്ന ബസ്സിലാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. പക്ഷെ സംഭവം പൊലീസ് അറിയാന്‍ തന്നെ വൈകി. സ്വമേധയാ കേസെടുത്ത ദല്‍ഹി ഹൈക്കോടതിയാകട്ടെ  പൊലീസിന്റെ വീഴ്ചയെ നിശിതമായി വിമര്‍ശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ പൊലീസിന്റെ അലംഭാവം കടുത്ത ആശങ്ക സൃഷ്ടിച്ചുവെന്നാണ് കോടതി നിരീക്ഷിച്ചത്.

          എന്നാല്‍  ഈ സംഭവത്തിന്റെ പേരില്‍ ദല്‍ഹിയെ കുറ്റപ്പെടുത്താന്‍ കേരളീയരായ നമുക്ക്  വല്ല അര്‍ഹതയുമുണ്ടോ? പിശാചുക്കളെ പോലും നാണിപ്പിക്കും വിധമല്ലേ ഇവിടെയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്. പിഞ്ചുകുട്ടികള്‍ക്ക് വരെ  ഇവിടെ രക്ഷയില്ല. നാടും വീടുമെല്ലം നിബിഢ വനാന്തരം പോലെ. അച്ഛനും അധ്യാപകനും  അമ്മാവനും സഹോദരങ്ങളുമെല്ലാം  അത്യന്തം വിചിത്രവും ഭീതിജനകവും പ്രാകൃതവുമായല്ലേ  പെരുമാറുന്നത്. പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഇന്നലെ ശിക്ഷ ഏറ്റുവാങ്ങിയവരില്‍ ഒരാള്‍ കുട്ടിയുടെ പിതാവ് തന്നെയാണ്. അയാളെ ഏഴുവര്‍ഷത്തേക്ക്  കോടതി  അയാളെ ശിക്ഷിച്ചത്.  പത്തുവര്‍ഷം വീതവും മറ്റ് രണ്ടുപേരും ശിക്ഷിക്കപ്പെട്ടിരിക്കുന്നു.ഇതുപോലെ എത്രയെത്ര കേസുകളാണ് വിവിധ കോടതികളുടെ മുമ്പിലുള്ളത്.

           കേരളത്തിലും സ്ത്രീപീഡനം വര്‍ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തന്നെ നിയമസഭയില്‍ സമ്മതിക്കുകയുണ്ടായി. യു ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം 1661 മാനഭംഗക്കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തുവന്നും പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ ഇക്കാലയളവില്‍ പീഡനത്തിനിരയായിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. 1 1 മാസത്തിനിടയില്‍ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തില്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ 371 ആണ്.

             ദല്‍ഹി സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം.  ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം പതിവ് പോലെ കെട്ടടങ്ങുമോ എന്നറിയില്ല. ആകെയുള്ള ആറു പ്രതികളില്‍ നാലുപേരും പൊലീസ് പിടിയിലായിട്ടുണ്ട്. മൂന്നു പേര്‍  കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഈ കൊടുംക്രൂരതക്ക് തന്നെ തൂക്കിലേറ്റണമെന്ന് പ്രതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടത് തീര്‍ച്ചയായും തികഞ്ഞ കുറ്റബോധംകൊണ്ടാണ്.  എല്ലാ പ്രതികള്‍ളുടെ  വിചാരണ  സമയബന്ധിതമായി പൂര്‍ത്തിയാക്കി വധശിക്ഷ നല്‍കണമെന്നാണ് പൊതുവില്‍ ഉയരുന്ന വികാരം. ലോകസഭയിലും ഇതേ ആവശ്യം തന്നെ മുഴങ്ങിക്കേട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നുവെന്നതും സമാശ്വാസം പകരുന്നു.

          വാഹനങ്ങളുടെ കറുത്ത ചില്ലുകള്‍ നീക്കംചെയ്യണമെന്ന സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സംഭവത്തെ തുടര്‍ന്ന് ബസ്സുകളുടെ വിന്‍ഡോ ഗ്ലാസുകള്‍ സുതാര്യമാക്കാന്‍ നടപടി തുടങ്ങിയിരിക്കുന്നു. കൂളിംഗ് ഗ്‌ളാസ് ആക്കിയും കര്‍ട്ടണ്‍ ഉപയോഗിച്ചും ബസ്സ് ജനാലകള്‍ മറക്കുന്നത്  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.  ഡ്രൈവറുടെ പേരും ലൈസന്‍സും ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചു.  സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ വേറെയുമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവിനേക്കാള്‍ ശക്തമായ വല്ലതുമുണ്ടെങ്കില്‍ അവ കണ്ടെത്തി നിയമത്തില്‍ ഉള്‍പ്പെടുത്താനും  ഭരരണകൂടം മടിക്കരുത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...