Saturday, January 19, 2013

അശ്‌ളീലങ്ങള്‍ക്ക് അറുതിവരട്ടെ


          സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ  ലൈംഗികാതിക്രമം സംബന്ധിച്ച കേസുകള്‍  കൈകാര്യം ചെയ്യുന്നതിനു കൊച്ചിയില്‍ അതിവേഗ കോടതി സ്ഥാപിക്കാനുള്ള  സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സാംസ്‌കാരിക അശ്‌ളീലങ്ങള്‍ക്ക് നിരന്തരം സാക്ഷിയാകുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മന്ത്രിസഭ ഫാസ്റ്റ് ട്രാക്ക് കോടതി സാക്ഷാല്‍ക്കരിക്കാന്‍ നിശ്ചയിച്ചത്. അതുകൊണ്ട് തുടര്‍ നടപടികള്‍ ഹൈക്കോടതി സ്വീകരിക്കും.  കോടതിക്കു കൊച്ചിയില്‍ തന്നെ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  18 തസ്തികകള്‍ കോടതിക്ക് വേണ്ടി സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. പീഡനക്കേസുകള്‍ മാത്രമല്ല നീതിയും തടവിലാക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതുവരെ സര്‍ക്കാര്‍ ജാഗ്രത തുടരുകയും വേണം.

          സ്ത്രീപീഡനക്കേസുകളെ സംബന്ധിച്ചിടത്തോളം ഹോപ്‌ലസ് എന്ന ദുഷ്‌പേരുള്ള സംസ്ഥാനമാണ് കേരളം. വമ്പന്‍ പെണ്‍വാണിഭക്കേസുകള്‍ പോലും തുമ്പും പിടിയുമില്ലാതെ മാഞ്ഞുപോവുകയോ കാലാകാലങ്ങളോളം നീളുകയോ ചെയ്യുന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താനാവും. വിധിക്ക് ശേഷവും താണ്ടാന്‍ നിയമപരമായ പടവുകളും അപ്പീല്‍ സാധ്യതകളും ബാക്കി കിടക്കുന്നുവെന്നതാണ് കേസുകളെ സംബന്ധിച്ച മറ്റൊരാശങ്ക. സൂര്യനെല്ലി പെണ്‍കുട്ടിയുടെ കഴിഞ്ഞ പതിനാറു വര്‍ഷത്തെ ജീവിതകഥ തന്നെ ഇതിനെല്ലാമുള്ള ഒന്നാന്തരം തെളിവാണ്. ദുരിതങ്ങളുടെ തീവെയിലില്‍ അവള്‍ ഓടിയോടി തളര്‍ന്നിരിക്കുന്നു. അപമാനങ്ങളുടെ പെരുമഴയില്‍ യുവതി ചൂളി വിറയ്ക്കുകയാണ്. പീഡനക്കേസിലെ ഇരയും മുഖ്യസാക്ഷിയുമായിട്ടും സമൂഹവും പൊലീസുമാകട്ടെ അവളോട് പ്രതിയെ പോലെ പെരുമാറുകയും ചെയ്യുന്നു.

          പതിനാറു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ 40 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് സംസ്ഥാനത്തെ ഞെട്ടിച്ച സൂര്യനെല്ലി കേസ്. 1996 ജനുവരിയിലായിരുന്നു സംഭവം. പ്രത്യേക കോടതിയിലായിരുന്നു കേസ്. 2000 സപ്തമ്പര്‍ അറിനു 35 പ്രതികള്‍ക്ക് പ്രത്യേകകോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഇതില്‍ ഒരാളെ മാത്രം ശിക്ഷിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്തപ്പോള്‍ നീതിയുടെ കാവലാകേണ്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സംഭവിച്ച മൂല്യശോഷണമാണ് വിളംബരം ചെയ്യപ്പെട്ടത്.  ഹൈക്കോടതി വിധിക്കെതിരെ  നല്‍കിയ അപ്പീല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്ന്  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ വെളിപ്പെടുത്തിയപ്പോള്‍ അതും വാര്‍ത്തയായി. കാരണം  അപ്പീല്‍ സുപ്രീം കോടതിയുടെ മേശപ്പുറത്ത് സുഖനിദ്ര കൊള്ളാന്‍ തുടങ്ങിയിട്ട് നീണ്ട എട്ടുവര്‍ഷമായി.  ഇത്രയും ദീര്‍ഘകാലം അപ്പീല്‍ വിചാരണക്കെടുക്കാതിരുന്നതില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ദല്‍ഹി പെണ്‍കുട്ടിയുടെ രക്തസാക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ്ജസ്റ്റിസിന്റെ ശ്രദ്ധയില്‍ ഈ കേസ് വന്നതെന്ന് കൂടി ഓര്‍ക്കുക.

          ഏത് നാട്ടിലായാലും ഒരേ കുറ്റം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുക എന്നത് ആ ജനതയെ സംബന്ധിച്ചിടത്തോളം ഉല്‍ക്കണ്ഠാജനകമാണ്. അതുകൊണ്ടു തന്നെ ആ ജനത വൈകാരികമായി അരക്ഷിതമായിപ്പോകും. അത്തരത്തില്‍ അരക്ഷിതമായിപ്പോയ ഒരു ജനതയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. പെണ്‍വാണിഭക്കേസുകളില്‍ എന്താണ് സംഭവിക്കുന്നത്? പീഡനത്തിലെ ഇരകള്‍ മുതിര്‍ന്ന സ്ത്രീകളായിരുന്നില്ല. 18 വയസ്സിനു താഴെയുള്ള വിദ്യാര്‍ഥിനികളായിരുന്നു. എന്നിട്ടും പെണ്‍വാണിഭങ്ങള്‍ എന്നാണ് നാം പറഞ്ഞത്. ഒരു കൂട്ടം മുതിര്‍ന്ന പുരുഷന്മാരാല്‍ ഈ പെണ്‍കുട്ടികള്‍ നീചമായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ പ്രതികളില്‍ ആരെങ്കിലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയുണ്ടായോ? പ്രതികളെല്ലാം സമൂഹത്തില്‍ മാന്യന്മാരായി വിലസുന്നു. നീതിനിയമങ്ങളെ വിലക്കുവാങ്ങുന്നു.  അധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ വിരാജിക്കുന്നു. ഫലമോ പെണ്‍വാണിഭ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നു.

         സ്‌കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകളും വര്‍ധിച്ചുവരികയാണ്. ഗുരുനാഥന്മാര്‍ പീഡകരാകുമ്പോള്‍ ക്‌ളാസുമുറികള്‍ കുരുന്നുകളുടെ കണ്ണീര്‍കളങ്ങളാകും. ഗുരുനാഥന്‍ എന്ന പദവി ഉപയോഗപ്പെടുത്തി കുട്ടികളെ ചൂഷണത്തിനിരയാക്കുന്നവരുടെ കൂട്ടത്തില്‍ മദ്രസാ അധ്യാപകര്‍ പോലുമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിലും സര്‍ക്കാര്‍ സ്ഥാപനമായ കേരള മഹിളാ സമാഖ്യയിലും പൊലീസിലും ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികള്‍ നമ്മെ അത്ഭുതപ്പെടുത്തും.

          കേരളം ഒന്നടങ്കം ഒപ്പം നിന്ന കേസാണ് സൗമ്യ വധക്കേസ്. ഗോവിന്ദച്ചാമിക്ക് നീതിപീഠം വിധിച്ച വധശിക്ഷ നടപ്പിലാവുമെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തമിഴ് ഭിക്ഷക്കാരനാണ് പ്രതിയെന്നതിനാലാണ് മലയാളിയുടെ കുറ്റബോധലേശമില്ലാത്ത പിന്തുണ കേസിന് ലഭിച്ചത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള, നിരവധി കേസുകളില്‍ പ്രതിയായ ഗോവിന്ദച്ചാമി എന്ന 'അനാഥ'നു വേണ്ടി വാദിക്കാന്‍ 65 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന അഡ്വ. ആളൂരും സംഘവും എത്തിയത്  പ്രധാന വഴിത്തിരിവാണ്. ഇതിനു പിന്നില്‍ മാഫിയ സംഘങ്ങളും മതസംഘടനകളും ഉണ്ടെന്ന ആരോപണം ശക്തമാണ്. താരതമ്യേന നിസ്സാരനായ പ്രതികള്‍ക്കു വേണ്ടി ചരടുവലിക്കാന്‍ ഇവിടെ ആളുകളുണ്ടെന്നത്  നീതിന്യായ സംവിധാനത്തെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ല.

         'അവനെ ആദ്യം തൂക്കിക്കൊല്ലണം. പ്രായം കുറവാണെന്നതു കൊണ്ട്  ദയ കാണിക്കരുത.് അവനാണ് ഏറ്റവും ക്രൂരമായി പെരുമാറിയതെന്നാണ് മകള്‍ എന്നോട് പറഞ്ഞത്' ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണിവ. പ്രായപൂര്‍ത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരായ ശിക്ഷാ നടപടികളിലും മാറ്റം വരുത്തണമെന്നാണിത് സൂചിപ്പിക്കുന്നത്.

          പ്രത്യേക കോടതി വരുന്നതുകൊണ്ട് മാത്രം നീതി നടപ്പാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം.  ജയിലുകള്‍ പോലും കുറ്റവാളികള്‍ക്ക് സ്വര്‍ഗം തുല്യം ഒരുക്കിക്കൊടുക്കുന്ന സംസ്ഥാനമാണിത്. കിരാത നീതിയുടെ അടയാളങ്ങള്‍ എത്ര വേണമെങ്കിലും  സുലഭം. കുറ്റകൃത്യങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മയോ രാഷ്ട്രീയ പാര്‍ടികളുടെയും മതനേതാക്കളുടെയും സജീവ പ്രതികരണമോ ഒന്നും ഇവിടെ ഉണ്ടാകുന്നില്ല. കോടതി മാത്രമാണ് ഏകാശ്രയം. കുത്തഴിഞ്ഞ സാംസ്‌കാരിക-സദാചാര വ്യവസ്ഥ തിരുത്താന്‍ പര്യാപ്തമായ ഇടപെടല്‍ തന്നെ നീതിപീഠത്തില്‍ നിന്ന് ഉണ്ടായേ മതിയാകൂ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...