Friday, December 10, 2010

മദ്യത്തിന്റെ അകമ്പടിക്കാര്‍ തെറ്റ് തിരുത്തട്ടെ

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നീരാളിവലയില്‍ കുരുങ്ങി മുങ്ങിച്ചാവുന്ന കേരളത്തെ അതില്‍നിന്ന് രക്ഷിക്കാന്‍ ശക്തമായ പ്രചാരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ച മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും അതിന്റെ  പോഷക ഘടകങ്ങളും തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു. ലഹരിയുടെ കുത്തൊഴുക്ക് സൃഷ്ടിച്ച ആഘാതങ്ങളുടെ ആഴം വളരെ വൈകിയാണെങ്കിലും അവരും തിരിച്ചറിഞ്ഞിരിക്കുന്നു. നാട്ടില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങളുടെയും അനിവാര്യഘടകമായി മദ്യം മാറിക്കഴിഞ്ഞെന്നാണ് പരിപാടിയുടെ പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ വെളിപ്പെടുത്തിയത്. ഈ നടപടിയെ സ്വാഗതം ചെയ്യുന്നതിനു പകരം മദ്യവിരുദ്ധ പ്രചാരണങ്ങളെ  തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തട്ടിപ്പായി ചുരുക്കിക്കാണാന്‍ ശ്രമിക്കുന്നത് ശരിയല്ല.
കഴിഞ്ഞ നാലരവര്‍ഷവും മദ്യത്തിനെതിരെ സി പി എമ്മോ ഇടതുമുന്നണിയോ ചെറുവിരലനക്കിയിട്ടില്ലെന്നത് ശരിയാണ്. മാത്രമല്ല പലപ്പോഴും മദ്യലോബിയെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഘട്ടംഘട്ടമായുള്ള  മദ്യവര്‍ജനം ഉറപ്പ് നല്‍കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജനവിധി തേടിയതും അധികാരത്തിലേറിയതും. ഐക്യജനാധിപത്യ മുന്നണി മദ്യനിരോധനത്തെ കുറിച്ച് പ്രകടനപത്രികയില്‍ എല്ലായ്‌പ്പോഴും പറയാറുണ്ട്. അത് യാഥാര്‍ഥ്യമാക്കാന്‍ പക്ഷെ അവര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. 1996ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ചാരായം നിരോധിച്ചതു മാത്രമാണ് ഇതിനൊരു അപവാദം. ആദ്യ ഘട്ടമെന്ന നിലയില്‍ 1600 ഓളം കള്ളുഷാപ്പുകള്‍ അദ്ദേഹം നിര്‍ത്തലാക്കിയിരുന്നു. മദ്യഷാപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതും യു ഡി എഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍ ഡി എഫ് ഈ അധികാരം റദ്ദാക്കുകയായിരുന്നു. മാത്രമല്ല ഇഷ്ടംപോലെ കള്ളുഷാപ്പുകള്‍ തുറക്കാനുള്ള അധികാരവും നല്‍കി. ശാസ്ത്രീയമായ മാനദണ്ഡങ്ങളില്ലാതെ ബാറുകള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കിയതും ഇടതുസര്‍ക്കാരാണ്.
സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കാന്‍ മനസാ വാചാ കര്‍മണാ ആരും ശ്രമിച്ചിട്ടില്ലെന്നത് അനിഷേധ്യസത്യമായി അവശേഷിക്കുന്നു. അങ്ങനെ ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കാന്‍ ആരും തയാറായിരുന്നില്ല. മദ്യലോബി അത്രമാത്രം ശക്തമാണിവിടെ. ചെത്തുതൊഴിലാളികളുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി അവര്‍ക്ക് വേണ്ടി വാദിച്ചവര്‍ യഥാര്‍ഥത്തില്‍ മദ്യത്തിന്റെ തീപ്പൊരികളെ ഊതിയാളിക്കുകയാണ് ചെയ്തത്. പോംവഴികളിലൊക്കെ അവര്‍ മുള്ളുകള്‍ വിതറി. ചെത്തുതൊഴിലാളികളെ മറ്റേതെങ്കിലും മേഖലകളില്‍ പുനരധിവസിപ്പിച്ചിരുന്നുവെങ്കില്‍ മദ്യോപയോഗത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് എന്ന അപഖ്യാതിയില്‍നിന്ന് കേരളത്തിന് രക്ഷപ്പെടാമായിരുന്നു. ഇന്ന് മദ്യപിക്കാത്തവര്‍ ന്യൂനപക്ഷമായി മാറിയിരിക്കുന്നു. 40 ശതമാനം! കുട്ടികളിലും മദ്യപാനശീലം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. ജനങ്ങളില്‍ 20 ശതമാനമെങ്കിലും സ്ഥിരമായി മദ്യപിക്കുന്നവരാണ്.
മദ്യമില്ലെങ്കില്‍ പിന്നെ എന്താഘോഷം എന്ന അവസ്ഥ എത്ര ഭയാനകമാണ്. വിവാഹാഘോഷങ്ങളില്‍ മാത്രമല്ല  മരണാനന്തര ചടങ്ങുകളിലും മദ്യത്തിനാണ് പ്രമുഖസ്ഥാനം. പെരുകിവരുന്ന കുറ്റകൃത്യങ്ങളിലും സ്ത്രീപീഡനങ്ങളിലും കുടുംബ വഴക്കുകളിലും വില്ലന്റെ വേഷം ലഹരിമരുന്നുകള്‍ക്ക് തന്നെ. വാഹനാപകടങ്ങളുടെ കാര്യമെടുത്താലും മദ്യപിച്ച് വാഹനമോടിക്കുന്നതാണ് പ്രശ്‌നം. സമൂഹത്തിന്റെ ബോധങ്ങളില്‍ പിന്നെയും ഇരുട്ടുപരക്കുകയാണ്. പലരേയും നിത്യരോഗികളാക്കുന്നതിലും ആത്മഹത്യയിലെത്തിക്കുന്നതിലും മദ്യമടക്കമുള്ള ലഹരി മരുന്നുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലൈംഗിക അരാജകത്വം സകല സീമകളും ലംഘിക്കപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല.
അര്‍ബുദം പോലെ മാരകമായി വളരുന്ന അഴിമതിക്കെതിരെയും സി പി എം ദേശവ്യാപകമായി പ്രചാരണം തുടങ്ങിയിരിക്കുന്നു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും അഴിമതിയും തുറന്നുകാട്ടാനാണിത്. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ്, കര്‍ണാടകയിലെ ഖനന-ഭൂമി അഴിമതി തുടങ്ങിയ കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് പാര്‍ട്ടിയുടെ പ്രധാന ആവശ്യം. എന്നാല്‍ അഴിമതി തുടച്ചുനീക്കാന്‍ സംസ്ഥാനം ഭരിക്കുന്നവരെന്ന നിലയില്‍ തങ്ങളുടെ കരങ്ങള്‍ ശുദ്ധമാണെന്ന് ബോധ്യപ്പെടുത്താനും പാര്‍ട്ടിക്ക് കഴിയേണ്ടതില്ലേ?
അഴിമതിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ മോശമാണോ? ലോട്ടറി കേസ്, ആദിവാസി ഭൂമി തട്ടിപ്പ്, എസ് എന്‍ സി ലാവ്‌ലിന്‍ തുടങ്ങി ഏറ്റവുമൊടുവില്‍ പി എസ് സി നിയമനങ്ങളില്‍പോലും എത്തിനില്‍ക്കുന്നു അഴിമതിയുടെ കഥകള്‍. പുലരുന്ന ഓരോ ദിവസവും തലേന്നത്തേക്കാള്‍ ഭീതിജനകമാവുകയാണ്. നീതീകരിക്കപ്പെട്ട ദുരാചാരമായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു മദ്യവും അഴിമതിയും. ആശങ്കകളുടെ പ്രഭാതഭേരി കേട്ടുകൊണ്ടാണ് ഓരോ ദിവസവും ജനം ഉണരുന്നത്.
ജനങ്ങളുടെ രോഷവും രോദനവും അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ശാന്തിയുടെ തീരത്തേക്കുള്ള യഥാര്‍ഥ വഴി ആരും അന്വേഷിക്കുന്നില്ല. മദ്യവിപത്തിനെ കുറിച്ചും അഴിമതി വരുത്തിവെച്ച ആഘാതങ്ങളെ കുറിച്ചും താത്വിക വിചിന്തനങ്ങള്‍ക്കും പരസ്പര വിമര്‍ശനങ്ങള്‍ക്കും ഇനി പ്രസക്തിയില്ല. അങ്ങനെ നടത്തിയതുകൊണ്ട് ഇവിടെ ആര്‍ക്കും ഒരു പ്രയോജനവുമില്ല. മദ്യത്തിന്റെയും അഴിമതിയുടെയും അകമ്പടിക്കാരായവര്‍ ആരായാലും തെറ്റുതിരുത്തുകയാണ് വേണ്ടത്. തെറ്റു തിരുത്താനുള്ള ദൃഢനിശ്ചയത്തിന്റെ ഭാഗമായി സി പി എമ്മിന്റെ പ്രചാരണ പരിപാടികളെ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...