Saturday, April 30, 2011

തുരുമ്പെടുത്ത സാംസ്‌കാരികബോധം


               ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ഗവ. ആശുപത്രിയില്‍ രണ്ടു ദിവസത്തിനകം 22 ഗര്‍ഭിണികളെ കൂട്ടശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഭവം,  സംസ്ഥാനത്ത് തഴച്ചുവളരുന്ന അധാര്‍മ്മിക വൃത്തികളുടെ അവസാനത്തെ ഉദാഹരണമാണ്. രോഗികള്‍ കണ്‍കണ്ട ദൈവമായി കരുതി ആശ്രയിക്കുന്ന ഡോക്ടര്‍മാര്‍ സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി ഇത്തരം ഹീനകര്‍മങ്ങള്‍ ആചരിക്കുമ്പോള്‍ ചികിത്സാരംഗത്തെ സ്‌തോഭജനകമായ ക്രിമിനല്‍മുഖമാണ് യഥാര്‍ഥത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.

               ഗര്‍ഭിണികള്‍ക്കോ ഗര്‍ഭസ്ഥ ശിശുവിനോ പ്രസവവുമായി ബന്ധപ്പെട്ട് അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയ നടത്താവൂ എന്നാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡം. ബ്രിട്ടനിലെ റോയല്‍ കോളജ് ഓഫ് ഒബ്‌സ്ട്രീഷന്‍സ് ആന്റ് ഗൈനക്കോളജി പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ കുഞ്ഞിന്റെ വലിപ്പക്കൂടുതല്‍, മാതാവിന്റെ രക്തസ്രാവം തുടങ്ങി പത്തോളം അപകടസാധ്യതകളാണ് വിവരിച്ചിരിക്കുന്നത്. കേരളത്തിലും  ഈ മാനദണ്ഡം വര്‍ഷങ്ങളായി അശേഷം പാലിക്കപ്പെടാറില്ലെന്നതാണ് സത്യം. സംസ്ഥാനത്ത്  ഒരുലക്ഷം പ്രസവം നടക്കുമ്പോള്‍ 36 അമ്മമാര്‍ക്ക് ജീവഹാനി സംഭവിക്കുന്നുവെന്നാണ് കണക്ക്.  ദേശീയ ശരാശരിയാകട്ടെ 95 ആണ്. ഗര്‍ഭസ്ഥ-നവജാത ശിശുവിന്റെ മരണനിരക്കിന്റെ ദേശീയ ശരാശരി 12 ആണെങ്കില്‍ കേരളത്തിലിത് ആറാണ്. എന്നാല്‍ പ്രസവ ശസ്ത്രക്രിയാ നിരക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലുമാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയ 15 ശതമാനമേ ആകാവൂ എങ്കിലും ഇപ്പോള്‍ തന്നെ നാലിരട്ടിയോളം അധികമാണ്!

              സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നവര്‍ സാധാരണക്കാരും പാവങ്ങളുമാണെന്ന വസ്തുത കൂടി നാം ശ്രദ്ധിക്കണം. നമ്മുടെ ചികിത്സാരംഗത്ത് നടമാടുന്ന അരാജകത്വം പാവങ്ങളെ പിഴിയുന്നിടത്തോളം അധ:പതിച്ചിരിക്കുന്നു. പ്രസവത്തിനെത്തുന്നവരെ സ്വാഭാവിക പ്രസവത്തിന് സമയമാകുന്നതിന് മുമ്പ് ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന സംഭവം ചേര്‍ത്തലയിലോ ആലപ്പുഴയിലോ മാത്രം ഒതുങ്ങാന്‍ തരമില്ല. സംസ്ഥാനത്തുടനീളം ഇതു തന്നെയാണ് സ്ഥിതി. ചേര്‍ത്തലയില്‍ തന്നെ കഴിഞ്ഞ നാലുമാസത്തിനകം നടന്ന 680 പ്രസവങ്ങളില്‍ 400ഉം ശസ്ത്രക്രിയയിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് കൂട്ടായി അവധിയെടുക്കാന്‍ പാകത്തില്‍ ശസ്ത്രക്രിയ നടത്തിയെന്നത് അതിവിചിത്രം മാത്രമല്ല അത്യന്തം ലജ്ജാകരവുമാണ്. നമ്മുടെ സാംസ്‌കാരികബോധം എത്രമാത്രം തുരുമ്പെടുത്തിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഇത് ധാരാളം മതി.മ ഈ സംഭവത്തില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ കണ്ടെത്തിയെന്നത് നേര്. അതേ സമയം കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ആരോപണ വിധേയരാവര്‍ക്കുള്ള ശിക്ഷ സ്ഥലംമാറ്റത്തില്‍ ഒതുങ്ങുമെന്ന് ഏറെക്കുറെ വ്യക്തവുമാണ്. രോഗികളില്‍നിന്ന് പണവും പാരിതോഷികവും കൈപറ്റിയെന്ന ആരോപണം തെളിയിക്കപ്പെട്ടാലേ കടുത്ത നടപടി പ്രതീക്ഷിക്കേണ്ടൂ. രോഗികളും ബന്ധുക്കളും ഡോക്ടര്‍മാര്‍ക്കെതിരെ മൊഴിനല്‍കാനുള്ള സാധ്യത വളരെ വിരളമാണ്. സംഭവത്തോടനുബന്ധിച്ച് കുറ്റക്കാരെന്ന് സംശയിക്കുന്നവര്‍ക്ക് ആകെ ലഭിച്ച ശിക്ഷ നാല് ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം മാത്രമാണ്. പകരം ഡോക്ടര്‍മാരെ നിയമിക്കാതെയാണ് ഈ നടപടി.  സ്ഥലം മാറ്റപ്പെട്ടവരാവട്ടെ കോടതിയെ സമീപിച്ചിരിക്കുകയുമാണ്.  സംഭവം തേഞ്ഞുമാഞ്ഞില്ലാതാവുകയും പഴയ പ്രതാപത്തോടെ അപരാധികള്‍ യഥാസ്ഥാനങ്ങളില്‍ തിരിച്ചെത്തുകയും ചെയ്യുമെന്നര്‍ഥം. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി സംഭവങ്ങളില്‍ ഇതായിരുന്നല്ലോ  അവസ്ഥ.

               കേരളത്തില്‍ മൂന്നു പ്രസവങ്ങള്‍ നടന്നാല്‍ ഒന്ന് സിസേറിയനാണെന്നാണ് പഠന റിപ്പോര്‍ട്ട്. വേദനയറിയാതെ പ്രസവിക്കാനും അപകടം കുറയ്ക്കാനും നല്ല തിയ്യതിയും സമയവും ഒത്തുകിട്ടാനുമൊക്കെ ശസ്ത്രക്രിയക്ക് പ്രേരിപ്പിക്കുന്നവരുണ്ടെന്ന് ചില ഡോക്ടര്‍മാര്‍ വാദിക്കുന്നതില്‍ സത്യമുണ്ടാവാം. അത് പക്ഷെ വളരെ വിരളമാവാനേ തരമുള്ളൂ. ഡോക്ടര്‍മാരുടെ സമ്മര്‍ദം തന്നെയാണിവിടെ പ്രധാനം. മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും എന്ന പോലെ സ്വകാര്യ ആശുപത്രികളിലും പ്രസവശസ്ത്രക്രിയക്ക് നിരക്കുണ്ട്. സ്വകാര്യ ആശുപത്രികളില്‍ സാധാരണ പ്രസവങ്ങള്‍ക്ക് 4000 രൂപയേ ബില്ല് വരികയുള്ളൂവെങ്കില്‍ ശസ്ത്രക്രിയക്ക് കാല്‍ലക്ഷം രൂപ ചെലവാകും. നിലനില്‍പിനായി പാടുപെടുന്ന സ്വകാര്യ ആസ്പത്രികള്‍  ഈ അധാര്‍മ്മികതയുടെ വഴി മന:സാക്ഷിക്കുത്തില്ലാതെ പിന്തുടരുന്നുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ്.

               കേരളത്തില്‍ ജനനവും മരണവും 95 ശതമാനവും നടക്കുന്നത് ആശുപത്രികളിലാണ്. ആശുപത്രികളിലെ സംവിധാന സജ്ജീകരണങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെട്ടതോടെ ചികിത്സക്കും പ്രസവത്തിനും എത്തുന്നവരുടെ എണ്ണം ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലെ സ്ഥിതി ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ്.

               പ്രസവ ശസ്ത്രക്രിയ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ തയാറാക്കാന്‍ തീരുമാനിച്ചത് നല്ലതുതന്നെ. മാര്‍ഗരേഖ തയാറാക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി കെ ജമീലയുടെ നേതൃത്വത്തിലാണ് സമിതി. മാര്‍ഗരേഖ സര്‍ക്കാര്‍ മേഖലക്കെന്നപോലെ സ്വകാര്യ മേഖലക്കും ബാധകമാക്കണം. ഗര്‍ഭിണികളെ ശസ്ത്രക്രിയക്ക് നിര്‍ബന്ധിക്കുന്ന ഡോക്ടര്‍മാരടക്കമുള്ളവരെയും ശസ്ത്രക്രിയയുടെ പേരില്‍ കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ആശുപത്രികളെയും ശിക്ഷിക്കാനും മാര്‍ഗരേശയില്‍ വകുപ്പുകള്‍ ഉണ്ടാവണം.
 

1 comment:

  1. ശിക്ഷയൊക്കെ ജനങ്ങൾ തന്നെ നടപ്പിലാക്കി തുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങാതിരുന്നാൽ എല്ലാവർക്കും നല്ലത്.....!

    ReplyDelete

Related Posts Plugin for WordPress, Blogger...