Thursday, December 8, 2011

അവസാനം കോടതി തന്നെ ശരണം


          ഒരാഴ്ചയിലധികമായി സംസ്ഥാനം ഒന്നടങ്കം  മുല്ലപ്പെരിയാര്‍ ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയാണ്. വാദവിവാദങ്ങള്‍ക്ക് നാള്‍ക്കുനാള്‍ ചൂടും ചൂരും ഏറിവരുന്നുണ്ടെങ്കിലും വിവേകത്തിന്റെ നറുമണം വീശുന്ന ലക്ഷണം മാത്രം കാണാനില്ല. രാഷ്ട്രീയക്കാരുടെ മനോകാമനകളെ പൂവണിയിക്കാന്‍ മാത്രമേ മുല്ലപ്പെരിയാര്‍ വിഷയവും വഴിയൊരുക്കൂ  എന്ന് വന്നിരിക്കുന്നു. കേരള മുഖ്യമന്ത്രിയുടെ നേതൃത്തില്‍ മന്ത്രിസഭ ഒന്നടങ്കം  ഡല്‍ഹിയില്‍ തമ്പടിച്ചിട്ടും കേന്ദ്രം അനങ്ങുന്ന ലക്ഷണമില്ല.  നാം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്ത ഊഴം സര്‍വകക്ഷി സംഘത്തിന്റേതാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പരിവാരസമേതം അവസാനശ്രമത്തിനുളള ഒരുക്കത്തിലാണ്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ ഗുണഭോക്താക്കളായ തമിള്‍നാട്ടില്‍ മന്ത്രിമാര്‍ക്ക് കുലുക്കമില്ല. മുഖ്യമന്ത്രി ജയലളിതയാകട്ടെ രണ്ടുമാസത്തെ വിശ്രമത്തിനും വിനോദത്തിനും തലസ്ഥാനത്തിന് വെളിയിലുമാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നതിലപ്പുറം അവര്‍  വിഷയം സീരിയസായി എടുത്തിട്ടില്ല. അല്ലെങ്കില്‍ അവര്‍ ധരിക്കുന്നുണ്ടാവാം കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം എന്ന്.

            സര്‍വകക്ഷി സംഘം താണുകേണാല്‍  പ്രധാനമന്ത്രി മൗനം വെടിഞ്ഞ് സടകുടഞ്ഞെഴുനേല്‍ക്കുമെന്നും പദ്ധതി പ്രദേശത്തെ 35 ലക്ഷം ജനങ്ങളെ ആപല്‍ഭീഷണിയില്‍ നിന്ന് രക്ഷിക്കുമെന്നും മന്‍മോഹന്‍ സിംഗിനെ അറിയുന്നവരാരും പറയില്ല. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കും അതറിയാം. തമിള്‍നാട്ടിലെ കരുണാനിധിയേയോ ജയലളിതയേയോ വരുതിയില്‍ നിര്‍ത്താനുള്ള ത്രാണി ഇന്ന് പ്രധാനമന്ത്രിക്കോ കേന്ദ്ര ഗവണ്‍മെന്റിനോ ഇല്ല. അഥവാ നട്ടെല്ലുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിച്ചുവെന്നിരിക്കട്ടെ. മന്‍മോഹന്‍സിംഗിന് പിന്നെ അധികകാലം തുടരാനാവില്ല. വിശ്രമജീവിതം നയിക്കേണ്ടിവരും. മലയാളികളുടെ ജീവനും തമിഴരുടെ ജീവിതവും സംരക്ഷിക്കുന്നതിനു  അധികാരം ബലികഴിക്കാന്‍ മാത്രം ഗാന്ധിയനല്ല മന്‍മോഹന്‍ സിംഗ്. ജനഹിതം    മാനിച്ച് പ്രധാനമന്ത്രിയാകേണ്ട അവസ്ഥ വന്നിട്ടില്ലാത്ത മഹാഭാഗ്യവാനാണദ്ദേഹം.

           അതുകൊണ്ടാണ് വീണ്ടും സുപ്രീം കോടതിയെ തന്നെ ശരണം പ്രാപിക്കാന്‍ കേരളം തീരുമാനിച്ചത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നും അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍കരുതല്‍ എന്ന നിലയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളുടെയും  മഴയുടെയും വിശദമായ റിപ്പോര്‍ട്ടുകളും സംസ്ഥാനം  കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ടികള്‍ കേരളത്തിന്റെ ആശങ്കയില്‍ പങ്ക് ചേര്‍ന്നെങ്കിലും പുതിയ ഡാം, ജലനിരപ്പ് താഴ്ത്തുക തുടങ്ങിയ അടിസ്ഥാനപരമായ പരിഹാര നിര്‍ദേശങ്ങളോട് മിക്കവരും മുഖം തിരിക്കുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ ജലവിഭവ വകുപ്പുമന്ത്രി പി ജെ ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുക എന്ന ആശയം ഉദിച്ചത്. തമിള്‍നാട്-കേരള മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്ന സൂചന ലഭിച്ചതോടെ കോടതിക്ക് പുറത്ത് സമവായത്തിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു കേരള നേതാക്കള്‍. എല്ലാ പ്രതീക്ഷയും തട്ടിത്തെറിപ്പിച്ച് കേരളത്തെ പ്രതിക്കൂട്ടിലാക്കിയ തമിള്‍നാട് രണ്ട് ഹര്‍ജികള്‍ ബോധിപ്പിച്ചതോടെ മറ്റ് വഴികളില്ലാതായി. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട  വിശദമായ പദ്ധതിരേഖ കോടതിയുടെ ഉന്നതാധികാരസമിതി പരിശോധിക്കുന്നതിനാല്‍ ഈ ആവശ്യം പുതിയ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

           മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിള്‍നാടിനെ സഹായിക്കും വിധം സമീപനം സ്വീകരിച്ച അഡ്വക്കറ്റ് ജനറലിനെ ന്യായീകരിക്കാനാണല്ലോ  മുഖ്യമന്ത്രി മാത്രമല്ല മന്ത്രിസഭയും തയാറായത്. മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണി ഇടുക്കി ഡാം താങ്ങിക്കൊള്ളുമെന്ന എ ജിയുടെ സമീപനം കേരളം ഇതുവരെ അവലംബിച്ച  വസ്തുതകള്‍ക്ക് തീര്‍ത്തും എതിരാണ്. ഭൂചലനങ്ങള്‍ ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാറിന്റെ അപായാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച ഉല്‍ക്കണ്ഠ അടിസ്ഥാനരഹിതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എ ജിക്ക് സാധിച്ചു. എന്നിട്ടും അദ്ദേഹത്തെ ന്യായീകരിക്കാന്‍ മുതിര്‍ന്നതിലെ ദുരൂഹത പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനടക്കമുള്ളവര്‍ എടുത്തുകാണിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായോജകരായ തമിള്‍നാട്ടിലെ തേനിയടക്കമുള്ള അഞ്ചു ജില്ലകളില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഏക്ര കണക്കിന് ഭൂമിയുണ്ടെന്നതാണത്. ആര്‍ക്കൊക്കെയാണ് അവിടെ ഭൂമിയുള്ളതെന്ന് വ്യക്തമാക്കാന്‍  പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടിരിക്കുന്നു.

          മുല്ലപ്പെരിയാറിന്റെ പേരില്‍ തമിള്‍നാട്ടില്‍ മലയാളികള്‍ക്കും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കയ്യേറ്റങ്ങള്‍ വരെ നടക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന ആഘാതങ്ങളെ നേരിടാന്‍ നാം ചിലപ്പോള്‍ വലിയ വില നല്‍കേണ്ടിവരും. സത്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായോജകര്‍ തമിള്‍നാടാണ്. കുടിക്കാനും ജലസേചനത്തിനും മാത്രമല്ല വൈദ്യുതി ഉല്‍പാദിപ്പിക്കാനും ഡാം ഉപയോഗിക്കുന്നത് അവരാണ്. പദ്ധതി സ്ഥാപിക്കപ്പെട്ട കേരളത്തിന് ഇതുകൊണ്ട് മറ്റ് പ്രയോജനമൊന്നുമില്ലതാനും. പദ്ധതി തകര്‍ന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി നേരിടുമെന്നത് മാത്രമാണ് നമ്മെ അലട്ടുന്ന പ്രശ്‌നം. അതിന് അവരെ മാറ്റിത്താമസിപ്പിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാവും. എന്നാല്‍ തമിള്‍നാടിന്റെ സ്ഥിതി അതാണോ?  അണ തകര്‍ന്നാല്‍ പിന്നെ അഞ്ചു ജില്ലകള്‍ മരുഭൂമിയായി മാറും. കുടിവെള്ളം കിട്ടാതെ വലയും. വൈദ്യുതി ഉല്‍പാദനവും നിലയ്ക്കും. കര്‍ഷകര്‍ കൂട്ടആത്മഹത്യ ചെയ്യേണ്ടിവരും. അതെല്ലാം അവരെ ബോധ്യപ്പെടുത്താന്‍ നമുക്കോ കേന്ദ്ര ഗവണ്‍മെന്റിനോ ഇതുവരെ കഴിഞ്ഞില്ല. നമ്മുടെ ഏറ്റവും വലിയ പരാജയവും അതുതന്നെ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...