Tuesday, December 20, 2011

അജിത്‌സിംഗിന് മന്ത്രിസ്ഥാനം: യു പി എക്ക് തിരിച്ചടിയാവും


           രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്‌സിംഗ് കേന്ദ്രമന്ത്രിസഭയിലെ 33-ാമത് കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. രണ്ടാം യു പി എ സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അധികച്ചുമതല വഹിച്ചിരുന്ന വ്യോമയാന വകുപ്പാണ് 72 കാരനായ സിംഗിന് നല്‍കിയിരിക്കുന്നത്. ഈ വകുപ്പില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂന്നാമത്തെ മന്ത്രിയാണ് വരുന്നത്. ഒരു ഘടകകക്ഷിയില്‍നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്ത ഈ വകുപ്പ് വീണ്ടും മറ്റൊരു ഘടകകക്ഷിക്ക് കൈമാറിയത് ഏതായാലും വ്യോമഗതാഗത രംഗത്തെ പ്രതിസന്ധി പരിഹരിക്കാനാണെന്ന് ആരും പറയില്ല. കോണ്‍ഗ്രസ് പോലും.

           മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിംഗിന്റെ മകന്‍ അജിത്‌സിംഗ് ഇതു നാലാം തവണയാണ് കേന്ദ്ര മന്ത്രിയാവുന്നത്. അധികാരത്തിന് വേണ്ടി തരം പോലെ മുന്നണി മാറാന്‍ ഒട്ടും മടിയില്ലാത്ത ഇദ്ദേഹം പി വി നരസിംഹറാവുവിന്റെയും വി പി സിംഗിന്റെയും മാത്രമല്ല എ ബി വാജ്‌പേയിയുടെയും  മന്ത്രിസഭകളില്‍ മനസ്സാക്ഷിക്കുത്തില്ലാതെ   ഇരുന്നിട്ടുണ്ട്.

             അവസാനം ബി ജെ പിയോടൊപ്പം നിന്ന അജിത്‌സിംഗിന് കോണ്‍ഗ്രസിനോട് ഒരുതരം അലര്‍ജിയുണ്ട് എന്ന കാര്യം അവര്‍ പോലും നിഷേധിക്കില്ല. അച്ഛന്‍ ചരണ്‍സിംഗിനെ വാഴിച്ച് കാലുവാരിയ പാര്‍ട്ടി എന്നതിലുപരി തന്റെ തട്ടകമായ പടിഞ്ഞാറന്‍ യു പിയില്‍ ശത്രു കോണ്‍ഗ്രസാണെന്ന തിരിച്ചറിവാണ് ഈ അലര്‍ജിക്ക് കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ബി ജെ പിയുമായി കൂട്ടുകൂടിയ അജിത്‌സിംഗിന് ലാഭം മാത്രമാണ് എന്നും ലക്ഷ്യം.

         ആസന്നമായ യു പി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധി മുന്‍കയ്യെടുത്താണ് തികച്ചും ഭാഗ്യാന്യേഷിയും അവസരവാദിയുമായ ഈ ജാട്ട് നേതാവിനെ യു പി എയുമായി അടുപ്പിച്ചതും കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കി ആദരിച്ചതും. അജിത്‌സിംഗിനെ സഖ്യകക്ഷിയാക്കുക എന്ന കോണ്‍ഗ്രസ്സിന്റെ  ലക്ഷ്യത്തിന് പിന്നില്‍ ഒരു വല്യേട്ടന്‍ മനോഭവമുണ്ടെന്ന കാര്യം മറക്കുന്നില്ല. യു പിയില്‍ ബി എസ് പിക്കും സമാജ്‌വാദി പാര്‍ട്ടിക്കും താഴെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ഇവരോടൊപ്പം ചേര്‍ന്നാല്‍ നാമമാത്ര സീറ്റേ കോണ്‍ഗ്രസിന് മത്സരിക്കാന്‍ തന്നെ ലഭിക്കൂ. അജിത്‌സിംഗാകുമ്പോള്‍ കോണ്‍ഗ്രസിനെ വല്യേട്ടനായി അംഗീകരിച്ചുകൊള്ളുമെന്ന് മാത്രമല്ല 30 സീറ്റെങ്കിലും അടിച്ചെടുക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

           സഖ്യത്തിന് വേണ്ടി അജിത്‌സിംഗ് ആവശ്യപ്പെട്ടതാകട്ടെ കേന്ദ്രമന്ത്രിസ്ഥാനവും പി എസ് യു ചെയര്‍മാന്‍ സ്ഥാനവുമൊക്കെയാണ്. ഇവര്‍ക്ക് അഞ്ച് എം പിമാരാണ് ലോകസഭിയലുള്ളത്. ഒരാള്‍ രാജ്യസഭയിലും. കൃഷിവകുപ്പായിരുന്നു സിംഗിന് ആവശ്യം. പവാറില്‍നിന്ന് അത് കിട്ടില്ലെന്നറിയാം. പിന്നെ സിവില്‍ സപ്‌ളൈസ് വകുപ്പ് ചോദിച്ചു. സോണിയാഗാന്ധിയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി മുന്നോട്ടുപോകുന്ന കെ വി തോമസിന്റെ കയ്യില്‍നിന്ന് വകുപ്പ് എടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചപ്പോഴാണ് എന്നാല്‍സിവില്‍ ഏവിയേഷന്‍ വകുപ്പാകട്ടെ എന്ന് നിശ്ചയിച്ചത്. കോണ്‍്രസാകട്ടെ രവിയില്‍ നിന്ന് അത് എടുത്ത് നല്‍കുകയും ചെയ്തു.

           വ്യോമഗതാഗതവുമായി ബന്ധപ്പെട്ട  ഈ സുപ്രധാന വകുപ്പ് ഇപ്പോള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. പൈലറ്റുമാരുടെ പണിമുടക്കും പതിനായിരം കോടി രൂപയുടെ കടബാധ്യതയും ഒട്ടേറെ ചീത്തപ്പേരും സ്വന്തമാക്കി ഒരു പരുവത്തിലായ എയറിന്ത്യയെ ലാഭകരമാക്കുകയെന്നത് അതീവ ദുഷ്‌ക്കരമായ ജോലി തന്നെയാണ്. ഇക്കൊല്ലം ജനുവരിയില്‍ എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേലില്‍നിന്ന് വയലാര്‍ രവി ഈ വകുപ്പേറ്റെടുത്തതു തന്നെ  വലിയ ഭാരവുമായിട്ടാണ്. എയറിന്ത്യയുടെ തലപ്പത്ത് വര്‍ഷങ്ങളായി  കെടുകാര്യസ്ഥതയാണ് നിലനില്‍ക്കുന്നത്.  ഇത് മാറ്റാന്‍ രവി  ശ്രമം തുടങ്ങിയിരുന്നു. മന്ത്രാലയത്തിലെ ചില പ്രമുഖര്‍ അറസ്റ്റുചെയ്യപ്പെട്ടത് അതിന്റെ ഭാഗമാണ്. പൈലറ്റുമാര്‍ നടത്തിയ സമരം ഫലപ്രദമായി നേരിട്ടു. സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വേണ്ടി എയറിന്ത്യയുടെ ഷെഡ്യൂളുകള്‍ മാറ്റുന്നത് അവസാനിപ്പിച്ചു.  വകുപ്പിലെ അഴിമതി കുറച്ചുകൊണ്ടുവന്നു. തുടര്‍ന്ന് എയറിന്ത്യയുടെ വരുമാനം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ വിശ്വാസം നേടിയെടുക്കാനുമുള്ള ശ്രമങ്ങള്‍  തുടങ്ങിയപ്പോഴാണ് ഈ വകുപ്പുമാറ്റം. എയറിന്ത്യാ ജീവനക്കാര്‍ക്ക് മൂന്നുമാസത്തെ ശമ്പള കുടിശ്ശിക ബാക്കിയുണ്ടായിരുന്നു. പ്രമോഷന്‍ മരവിപ്പിച്ചിരുന്നു.

            യു പി എക്ക് പുതിയ സഖ്യകക്ഷികള്‍ ഉണ്ടാകുന്നതിനെ ആര്‍ക്കും ചോദ്യംചെയ്യാനാവില്ലെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്നവരെ മന്ത്രിസഭയില്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു.  എ രാജ, ദയാനിധി മാരന്‍ തുടങ്ങിയ മന്ത്രിമാരും കല്‍മാഡി, കനിമൊഴി തുടങ്ങിയ നേതാക്കളും അഴിമതിയുടെ കരിനിഴലില്‍ നില്‍ക്കേ  അജിത്‌സിംഗിനെ പോലുള്ള ഒരാളുടെ അരങ്ങേറ്റം ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.

         മുന്‍ കാലങ്ങളെ അപേക്ഷിച്ച് വ്യോമഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ആ വകുപ്പിന്റെ പ്രവര്‍ത്തനം എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുകയും എയറിന്ത്യ കനത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശ്രമിക്കുന്നതിനു പകരം. അജിത്‌സിംഗിനെ പോലുള്ളവരുടെ ദുര്‍ബല കരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചത് പരിഹാസ്യമായി തോന്നുന്നു.  ഇത്തരം പ്രധാന വകുപ്പുകളുടെ ചുമതല  കോണ്‍ഗ്രസ് തന്നെയാണ് വഹിക്കേണ്ടത്. 
 
           വയലാര്‍ രവിയുടെ ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടുവെന്നത് ഗൗരവമര്‍ഹിക്കുന്ന കാര്യമാണ്. അദ്ദേഹത്തെ മാറ്റിയതു തന്നെ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയെയാണ് കാണിക്കുന്നത്. അജിത്‌സിംഗിനെ സംബന്ധിച്ചെടുത്തോളം എയറിന്ത്യ ലാഭത്തിലായാലും നഷ്ടത്തിലായാലും മന്ത്രിപദവി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ജനജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട വകുപ്പുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തട്ടിക്കളിക്കുന്നത് ഇന്ത്യയെ പോലുള്ള വിശാലമായ ഒരു രാജ്യത്തെ ഭരണാധികാരികള്‍ക്ക് ഒട്ടും യോജിച്ചതല്ല.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...