Thursday, October 11, 2012

മന്ത്രിമാര്‍ ഉലകംചുറ്റുന്നത് ആര്‍ക്കുവേണ്ടി?


          വിലക്കയറ്റവും പകര്‍ച്ചവ്യാധികളും സാമ്പത്തിക ഞെരുക്കവും കൊടികുത്തി വാഴുമ്പോള്‍ തന്നെ വേണ്ടിയിരുന്നുവോ ഈ ഉലകം ചുറ്റല്‍. ഭരണത്തിന്റെ പ്രയാണവീഥിയില്‍ സംസ്ഥാനത്തിന്റെ കുതിപ്പിന് കരുത്തുപകരാന്‍ നേതൃത്വം നല്‍കേണ്ട മന്ത്രിമാര്‍ സമയവും സന്ദര്‍ഭവും പരിഗണിക്കാതെ വിനോദസഞ്ചാരം പോലെ ഇടക്കിടെ വിദേശയാത്ര നടത്തുന്നതുകൊണ്ട് ഖജനാവിന് കനം കുറയുമെന്നല്ലാതെ കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടായ  അനുഭവമില്ല. നാട്ടില്‍ നിന്നെത്തുന്നവരെ താലപ്പൊലിയേന്തി സ്വീകരിക്കാറുള്ള പ്രവാസികള്‍ക്കുമില്ല നേട്ടം, നഷ്ടമല്ലാതെ. കേരളത്തെ പട്ടിണിയില്ലാതെ കാത്തുരക്ഷിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളാകട്ടെ  അനുദിനം സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

          യു ഡി എഫ് അധികാരമേറ്റതു മുതല്‍    മന്ത്രിമാരുടെ മാത്രമല്ല പല എം എല്‍ എമാരുടെയും ശ്രദ്ധ വിദേശത്താണെന്ന് വേണം കരുതാന്‍. എല്‍ ഡി എഫ് ഭരണത്തില്‍ വിദേശത്ത് പോകാന്‍     നേതൃത്വത്തിന്റെ അനുമതി വേണം.  യു ഡി എഫ്  ആകുമ്പോള്‍ അങ്ങനയൊരു ബുദ്ധിമുട്ടുണ്ടാവില്ല. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും പോകാം. എത്ര ദിവസം വേണെങ്കിലും വിദേശത്ത് കഴിയാം.  ചോദ്യംചെയ്താല്‍ പിന്നെ വിവരമറിയും. സര്‍ക്കാര്‍ തന്നെ നിലംപതിച്ചെന്നും വരും. മുഖ്യമന്ത്രിയടക്കം മിക്കവരും വിദേശയാത്ര നടത്തിയവരാണ്. ഉമ്മന്‍ചാണ്ടിക്ക് മുമ്പോരിക്കല്‍ വീണ് പരിക്കേറ്റത് വിദേശത്തുവെച്ചായിരുന്നുവല്ലോ.    കഴിഞ്ഞ ആറുമാസത്തിനിടെ വിദേശപര്യടനം നടത്തിയ മന്ത്രിമാരുടെ എണ്ണം ഒരു ഡസനിലേറെയാണ്. പണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അമേരിക്കയും യൂറോപ്പുമായിരിക്കുന്നു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ഒരു മന്ത്രി പറന്നിറങ്ങുമ്പോള്‍ മറ്റ് രണ്ടുപേര്‍ വിമാനം കയറുന്നു. ആരോഗ്യമന്ത്രി എസ് ശിവകുമാര്‍ അഖിലലോക നായര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനും മറ്റുമാണ് അമേരിക്കയില്‍ പോയത്. പത്തുദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ബുധനാഴ്ച  തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ വിമര്‍ശനവുമായി വരവേറ്റത്  പ്രതിപക്ഷമല്ല. യു ഡി എഫ് നേതാവായ ആര്‍ ബാലകൃഷ്ണപിള്ളയാണ്. തങ്ങളൊന്നും അറിയാത്ത എന്തു നായര്‍ സമ്മേളനം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

           തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബിജോണ്‍ ആറുമാസത്തിനകം രണ്ടു തവണയാണ് വിദേശത്ത് ചുറ്റിയടിച്ചത്. വിയന്നയിലും സ്‌പെയിനിലും. ധനമന്ത്രി കെ എം മാണി ലണ്ടനില്‍ പോയി. മാണിക്ക് പിന്നാലെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ്  ലണ്ടനില്‍ പോയ മന്ത്രി  ഗണേഷ്‌കുമാര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ജപ്പാന്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശാകട്ടെ അടുത്ത യാത്രക്കുള്ള തയാറെടുപ്പിലാണ്. ശിവകുമാര്‍ തിരിച്ചെത്തിയതിന്റെ തലേന്നാണ് പ്രകാശ് ജപ്പാനിലേക്ക് പറന്നത്. ദല്‍ഹിയിലേക്ക് എന്ന് പറഞ്ഞാണ് പുറപ്പെട്ടതെങ്കിലും മറ്റ് വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചായിരിക്കും അദ്ദേഹവും മടങ്ങിയെത്തുക. മന്ത്രി എം കെ മുനീര്‍ അന്താരാഷ്ട്ര പുസ്തകസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കാണ് പോയത്. മന്ത്രി പി ജെ ജോസഫ് സന്ദര്‍ശിച്ചത് ഇസ്രായീലാണ്. മന്ത്രി ബാബു ഒരുവട്ടം ഗള്‍ഫില്‍ കറങ്ങി. വി കെ ഇബ്രാഹിംകുഞ്ഞ് സ്‌പെയിനില്‍ പോയി. വിദേശകമ്പം കന്നിക്കാരനായ അനൂപ് ജേക്കബിനെയും വെറുതെ വിട്ടില്ല .  അദ്ദേഹം  പോയത് കുവൈത്തിലേക്കാണ്. അതും കുടുംബസമേതം.  പി കെ കുഞ്ഞാലിക്കുട്ടി യാത്രയില്‍ മോശക്കാരനല്ലെങ്കിലും സ്വന്തം കാശുകൊണ്ടാണെന്ന ആശ്വാസമുണ്ട്.

          നമ്മുടെ എം പിമാരും കേന്ദ്രമന്ത്രിമാരും  വിദേശയാത്രയില്‍ പിന്നിലല്ല. ഇ അഹമ്മദിനെ പോലെ ലോകംചുറ്റിയ മറ്റൊരു മന്ത്രി ഭൂമുഖത്തുണ്ടാവില്ല. വേണമെങ്കില്‍ വിദേശകാര്യ വകുപ്പാണെന്ന ന്യായം പറയാം. വിവിധ പാര്‍ലമെന്ററി സമിതികളുടെ പേരില്‍ സംഘമായാണ് എം പിമാരുടെ യാത്ര. എം എല്‍ എമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും പഠനത്തിന്റെയും ഗവേഷണത്തിന്റെയുമൊക്കെ പേര് പറഞ്ഞ് രാജ്യം ചുറ്റിയടിക്കാന്‍ ഇഷ്ടംപോലെ അവസരങ്ങളുണ്ട്. ആരും അത് പാഴാക്കാറുമില്ല. എല്ലാ യാത്രാചെലവും വഹിക്കുന്നത് പൊതുഖജനാവാണെന്ന് മാത്രം. അതായത് ജനങ്ങളുടെ നികുതിപ്പണം. ഇനി വിദഗ്ധ ചികിത്സ വേണ്ടവരും വിദേശത്ത് പോയി ആരോഗ്യം വീണ്ടെടുക്കുന്നതില്‍ പിശുക്ക് കാണിക്കാറില്ല. ഹജ്ജിന്റെയും ഉംറയുടെയും പേരില്‍ മിക്ക രാഷ്ട്രീയ നേതാക്കളും  മക്കയും മദീനയും സന്ദര്‍ശിക്കുന്നതും സര്‍ക്കാര്‍ ചെലവില്‍ തന്നെ. ഈയ്യടുത്ത കാലത്ത് സുപ്രീം കോടതി ഇതിന് ചില നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. അത്രയും ആശ്വാസം.

          മൂന്നരക്കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. ജനസാന്ദ്രത പോലെതന്നെ ഇവിടുത്തെ പ്രശ്‌നങ്ങളും അതീവ സങ്കീര്‍ണമാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനം രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ വീര്‍പ്പുമുട്ടുന്നു. പ്രശ്‌നങ്ങള്‍ രൂക്ഷമാവുമ്പോള്‍  അത് പരിഹരിക്കുന്നതിന് മുന്‍കയ്യെടുക്കേണ്ടവര്‍ തന്നെ കത്തുന്ന പുരയില്‍നിന്ന് കഴുക്കോല്‍ ഊരുന്ന തിരക്കിലാണ്.   ജനങ്ങളുടെ അത്താണിയായി വര്‍ത്തിക്കേണ്ടത് സര്‍ക്കാരും അതിലെ മന്ത്രിമാരുമാണ്.  ഭരണത്തിന്റെ മഹിമയും പെരുമയും പറഞ്ഞ് ജനങ്ങളെ ഉറക്കിക്കിടത്തുകയല്ല അവരുടെ ജോലി.

            എം എല്‍ എ കെ മുരളീധരന്‍ പറഞ്ഞതാണ് ശരി. ഇവിടെ തറക്കല്ലിടലും ഉദ്ഘാടനവും മാത്രമാണ് നടക്കുന്നത്. മന്ത്രിമാര്‍ക്ക് തലസ്ഥാനത്ത് ഇരിക്കാന്‍ പോലും നേരമില്ല. മന്ത്രിമാര്‍ തന്നെ ഭരണത്തെ ഇങ്ങനെ പ്രഹസനമാക്കിയാലോ. പ്രതീക്ഷയുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടാണ് യു ഡി എഫ് അധികാരമേറ്റത്. അല്ലലറിയാതെ സമാധാനത്തോടെ, ക്ഷേമത്തോടെ ജീവിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും    വളര്‍ത്തുന്നതായിരുന്നു സര്‍ക്കാരിന്റെ പ്രകടനവും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക യാത്ര  വലിയ മതിപ്പുണ്ടാക്കിയെന്ന് മാത്രമല്ല ദേശീയതലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പതിവിന് വിപരീതമായി  രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫ് വിജയിച്ചതും മറ്റൊന്നുകൊണ്ടുമല്ല. എന്നാലിപ്പോള്‍ സ്ഥിതി മെല്ലെ മെല്ലെ  മാറി മറിയുകയാണ്. അനുകൂലമെന്ന് പറയാന്‍ ആകെയുള്ളത് പ്രതിപക്ഷം തീരെ ദുര്‍ബലമാണെന്നത് മാത്രമാണ്. അതുകൊണ്ട് പുലരുവോളം ജനങ്ങളെ കബളിപ്പിക്കാം എന്ന് കരുതരുത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...