Thursday, October 25, 2012

ചാരവലയം ആരുടെ സൃഷ്ടി?


           ഐ എസ് ആര്‍ ഒ ചാരക്കേസില്‍ എ കെ ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും പ്രതിക്കൂട്ടിലാക്കി അവരുടെ പഴയ സഹപ്രവര്‍ത്തകന്‍ ചെറിയാന്‍ ഫിലിപ്പ് നടത്തിയ വെളിപ്പെടുത്തലുകള്‍ ദു:ഖപൂര്‍വം പങ്കുവെക്കുകയാണ് കേരള സമൂഹം. കരുണാകരെനിതരായ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം താനും പങ്കാളിയാണെന്ന് 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തില്‍ ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന്നു. 1992ല്‍ ആന്റണിയുടെ തോല്‍വിക്ക് ഇടയാക്കിയ സംഘടനാ തെരഞ്ഞെടുപ്പും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രാജിയും മൂലം അമര്‍ഷം പൂണ്ട ആന്റണി ഗ്രൂപ്പ് മുഖ്യമന്ത്രി കരുണാകരനെ താഴെയിറക്കാന്‍ ചാരക്കേസ് ഒരു ആയുധമാക്കുകയായിരുന്നുവത്രെ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉയര്‍ത്തി കരുണാകരന്റെ മകനും എം എല്‍ എയുമായ കെ മുരളീധരന്‍ രാഷ്ട്രീയനീക്കം നടത്തുന്നതിനിടെ ചെറിയാന്‍ ഫിലിപ്പ് പുറത്തുവിട്ട വസ്തുതകള്‍, അദ്ദേഹമിപ്പോള്‍ സി പി എം പാളയത്തിലാണെങ്കിലും രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കാന്‍ അത് ധാരാളം മതി.

          1994 അവസാനത്തിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ചാരക്കേസ് വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ് വിജയന്‍ മാലി ദ്വീപ് വനിതകളായ മറിയം റഷീദയേയും ഫൗസിയ ഹസനേയും പിടികൂടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കി. അവര്‍ ചാരവൃത്തിക്ക് പിടിക്കപ്പെട്ടവരാണെന്നും ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയവരാണ് ഇവരെന്നും വിജയന്‍ പറഞ്ഞു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ ശരിക്കും ആഘോഷമാക്കി. കരുണാകരനുമായി വളരെ അടുപ്പമുണ്ടായിരുന്ന അന്നത്തെ ഡി ഐ ജി രമണ്‍ ശ്രീവാസ്തവയെ തന്ത്രപൂര്‍വം കേസിലേക്ക് വലിച്ചിഴച്ചു. പാലക്കാട് സിറാജുന്നിസയെന്ന ബാലിക പൊലീസ് വെടിവെപ്പില്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീവാസ്തവയെ  ശിക്ഷയെന്നോണം തിരുവനന്തപുരത്തേക്ക് മാറ്റിയ കാലമായിരുന്നു അത്.

          ചാരക്കേസ് കത്തിക്കയറിയപ്പോള്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആളുകള്‍ മുഖ്യമന്ത്രി കരുണാകരനെ സമീപിച്ചു. വ്യക്തമായ തെളിവില്ലാതെ  ഓഫീസര്‍മാരെ സസ്‌പെന്റ് ചെയ്യുന്നത് പൊലീസ്‌സേനയുടെ ആത്മവീര്യം കെടുത്തുമെന്ന നിലപാട് സ്വീകരിച്ച കരുണാകരന്‍ നടപടിക്ക് തയാറായില്ല. അതോടെ ശ്രീവാസ്തവ വഴി കരുണാകരന്‍ കൂടി ചാരക്കേസിലേക്ക് വലിച്ചിഴക്കപ്പെട്ടു. ചാരമുഖ്യന്‍ രാജിവെക്കൂ എന്നായി പിന്നെ മുദ്രാവാക്യം. സി എം പിയും എന്‍ ഡി പിയുമൊഴിച്ചുള്ള ഘടകകക്ഷികളും എ കോണ്‍ഗ്രസും  കരുണാകരന്‍ പുറത്തുപോകണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു.

          കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്നു കരുണാകരനാണെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ എടുക്കാനും എതിര്‍പ്പുകള്‍ എത്ര ശക്തമായാലും അതു നടപ്പിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാര്‍ടിയിലും മുന്നണിയിലും ശത്രുക്കളുടെ എണ്ണവും പെരുകിവന്നു.  അദ്ദേഹത്തെ അധികാരത്തില്‍നിന്ന് ഇറക്കിവിടാന്‍ കണ്ടെത്തിയ വഴിയായിരുന്നു ചാരക്കേസ് എന്നാണിപ്പോള്‍ തെളിയുന്നത്. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാത്രം വിവരമോ വിദ്യാഭ്യാസമോ ഉള്ളവരായിരുന്നില്ല മറിയം റഷീദയും ഫൗസിയ ഹസനും. സ്വതവേ ദുര്‍ബലമായ മാലിദ്വീപിന് അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് മാലി വനിതകള്‍ ഇവിടെയെത്തിയതെന്ന് പിന്നീട് വ്യക്തമായി. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന് വിജയന്‍ എന്ന പോലീസുദ്യോഗസ്ഥന്‍ കെട്ടിച്ചമച്ച കേസായിരുന്നു അത്. ഈ വനിതകള്‍ ദീര്‍ഘകാലം  തിരുവനന്തപുരത്ത് ജയിലില്‍ കിടന്നതു മാത്രം മിച്ചം.

         ചാരവൃത്തി ആരോപിക്കപ്പെട്ട നമ്പി നാരായണന്‍ നിരപരാധിയാണെന്ന് നീതിപീഠവും സ്വതന്ത്ര അന്വേഷകരും കണ്ടെത്തിയതോടെയാണ്  ചാരക്കേസ് വീണ്ടും ചൂടാറാത്ത വിഷയമായി ഉയര്‍ന്നുവന്നത്. നമ്പി നാരായണന് മനുഷ്യാവകാശ  കമ്മീഷന്‍ വിധിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍  തീരുമാനിച്ചു. എന്നാല്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നിട്ടും അവസാനം രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയ ചാരന്‍ എന്ന അപമാനഭാരം പേറി മരിക്കേണ്ടിവന്ന കരുണാകരന് ആര് നഷ്ടപരിഹാരം നല്‍കുമെന്നാണ് മകന്‍ മുരളിയുടെ ചോദ്യം.

         ഒരു കാലത്ത് കരുണാകരനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് കിംഗ് മേക്കര്‍ എന്നായിരുന്നു. രാഷ്ട്രീയം മതിയാക്കി വീട്ടില്‍ പോയിരുന്ന നരസിംഹറാവുവിനെ രാജീവ്ഗാന്ധിയുടെ വധത്തിനു ശേഷം തിരികെ വിളിച്ചുകൊണ്ടുവന്ന് പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ചതില്‍ കരുണാകരന്റെ പങ്ക് വളരെ വലുതായിരുന്നു. പക്ഷെ കരുണാകരന്‍ തനിക്ക് ഭീഷണിയാകുമെന്ന് റാവു തെറ്റിദ്ധരിച്ചു. അല്ലെങ്കില്‍ ആരോ തെറ്റിദ്ധരിപ്പിച്ചു. കരുണാകരനെ മുഖ്യമന്ത്രി പദത്തില്‍ നിന്നിറക്കുന്നതില്‍ റാവു മുഖ്യപങ്കുവഹിച്ചുവെന്നാണ് മുരളിയുടെ  ആരോപണം. റാവുവിന് ബദലായി അന്ന് കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുമായിരുന്ന മാധവറാവു സിന്ധ്യ, ബല്‍റാം ജാക്കര്‍ തുടങ്ങിയവരെയും  പല കേസുകളില്‍ കുടുക്കി റാവു പുറത്തുനിര്‍ത്തിയിട്ടുണ്ടത്രെ.

         മുരളീധരനും ചെറിയാന്‍ ഫിലിപ്പും ഉയര്‍ത്തിവിട്ട സംശയങ്ങളുടെ നിജസ്ഥിതി അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പാപമൊന്നും ചെയ്യാത്ത കരുണാകരന്റെ മേല്‍ ആരെങ്കിലും ബോധപൂര്‍വം ചെളിവാരിയെറിഞ്ഞതാണെങ്കില്‍ അവരെ നിയമത്തിനും ജനത്തിനും മുമ്പില്‍ കൊണ്ടുവരിക തന്നെ വേണം. 18 വര്‍ഷം മുമ്പ് ചാരക്കേസ് ചര്‍ച്ചാവിഷയമായപ്പോള്‍ ആരും സംശയിച്ചിരുന്നില്ല. നമ്പി നാരായണന്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് എല്ലാ വിശ്വാസങ്ങളും കീഴ്‌മേല്‍ മറിഞ്ഞത്. സര്‍ക്കാരുകളുടെയും സുരക്ഷാ ഏജന്‍സികളുടെയും അലംഭാവം കൊണ്ട് ആരുടെയും ജീവിതം ഇതുപോലെ തകരാന്‍ ഇനി ഇടവരരുത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...