Monday, October 8, 2012

ആര്‍ക്കുണ്ടിവിടെ മദ്യ വിരോധം?


          'ദാരിദ്ര്യത്തിലേക്കും മാറാരോഗങ്ങളിലേക്കും കുടുംബത്തിന്റെ തകര്‍ച്ചയിലേക്കും തള്ളിവിടുന്ന മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നമുക്ക് വേണ്ട' കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് ~’ഒട്ടുമിക്ക മലയാളം വാരികകളിലും നിരന്തരം നല്‍കിവരുന്ന പരസ്യത്തിലെ വാചകമാണിത്. ഹൃദ്രോഗം, ലിവര്‍ സിറോസിസ്, അര്‍ബുദം, രക്തസമ്മര്‍ദം, നാഡീവ്യൂഹത്തകര്‍ച്ച, ഷണ്ഡത്വം, പരിസരബോധമില്ലായ്മ, സംശയരോഗം, വിറയല്‍, മാനസികവിഭ്രാന്തി തുടങ്ങിയവയെല്ലാം മദ്യപാനത്തിന്റെ ദോഷ വശങ്ങളാണെന്നും പരസ്യം വഴി വകുപ്പ് മുന്നറിയിപ്പും നല്‍കുന്നു. എന്നിട്ടും  അരിക്ക് മുവ്വായിരം കോടി ചെലവിടുന്ന  കേരളജനത മദ്യസേവക്ക് നീക്കിവെക്കുന്നത് പതിനായിരം കോടി യാണ്.

          സര്‍ക്കാര്‍പരസ്യത്തിന്റെ പിന്‍ബല്ലാതെ തന്നെ മദ്യം  മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. മതങ്ങളും തത്വശാസ്ത്രങ്ങളും ഇതിന് അടിവരയിടുന്നു. മദ്യം ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും കര്‍ക്കശമായി വിലക്കിയ മതമാണ് ഇസ്ലാം.  മറ്റേത് തിന്മകളേയും പോലെ മദ്യപാനവും പുരാതനകാലം മുതലേ മനുഷ്യനില്‍ സ്വാധീനം നേടിയിരിക്കുന്നു. സമൂഹത്തിന്റെ സുസ്ഥിതിക്കും സമാധാനപൂര്‍ണമായ ജീവിതത്തിനും ഈ ദുശ്ശീലം നിര്‍മാര്‍ജനം ചെയ്യേണ്ടത്-ചുരുങ്ങിയപക്ഷം നിയന്ത്രിക്കുകയെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. മഹാത്മജി സ്വാതന്ത്ര്യസമരകാലത്ത് അഹിംസയോളം തന്നെ പ്രാധാന്യം കല്‍പിച്ചിരുന്ന ആശയമാണ് മദ്യവര്‍ജനം. ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെയെന്ന പോലെ മദ്യഷാപ്പുകള്‍ക്കെതിരിലും അന്ന് കോണ്‍ഗ്രസ്സുകാര്‍ സത്യാഗ്രഹമനുഷ്ഠിച്ചിരുന്നു. വിദേശാധിപത്യത്തില്‍ നിന്ന് മാത്രമല്ല മദ്യത്തില്‍നിന്ന് കൂടി മുക്തമായ മാതൃഭൂമിയായിരുന്നു അവരുടെ സ്വപ്നം. ഈ സ്വപ്നം കണക്കിലെടുത്തുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ മദ്യനിരോധം ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നായി രേഖപ്പെടുത്തിയത്.

           ഈ ചരിത്രവസ്തുതകളെല്ലാം പക്ഷെ കടലാസില്‍ ഒതുങ്ങുന്നു.  വര്‍ഷംതോറും മദ്യത്തിന്റെ ഉല്‍പാദനവും ഉപയോഗവും വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ മദ്യാസക്തരായിക്കൊണ്ടിരിക്കുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യപാനികളുള്ള സംസ്ഥാനം കേരളമാണ്. ഇവിടെ നടക്കുന്ന കവര്‍ച്ചയിലും കൊള്ളയിലും പെണ്‍വാണിഭത്തിലും സ്ത്രീപീഡനത്തിലും സാമൂഹികവിരുദ്ധ-മാഫിയാ പ്രവര്‍ത്തനങ്ങളിലുമെല്ലാം മദ്യം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നാട്ടില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ വരുത്തിവെക്കുന്നതാണ്.

          കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ മലബാര്‍ മദ്യനിരോധിത പ്രദേശമായിരുന്നു. ഈ നിരോധം തിരുക്കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നതിനു പകരം  തിരുകൊച്ചിയിലെ മദ്യാനുവാദം മലബാറിലേക്ക് വ്യാപിപ്പിക്കുകയാണ് 1967ലെ സപ്തകക്ഷി സര്‍ക്കാര്‍ ചെയ്തത്. മുസ്‌ലിംലീഗിന് പങ്കാളിത്തമുള്ള സര്‍ക്കാരായിരുന്നു അത്. ബഹുതല ലാഭമുള്ള ഏര്‍പ്പാടാണ് മദ്യവ്യവസായമെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. മദ്യവ്യാപാരിക്കും വിതരണക്കാരനും ലാഭം. സര്‍ക്കാര്‍ ഖജനാവിന് അളവറ്റ നികുതിവരുമാനം. ഉദ്യോഗസ്ഥന്മാര്‍ക്ക് കിമ്പളം. രാഷ്ട്രീയകക്ഷികള്‍ക്ക് വന്‍ സംഭാവനകള്‍. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന ചാരായനിരോധം ഒഴിച്ചുനിര്‍ത്തിയാല്‍ ഈ ലാഭങ്ങളൊക്കെ നിലനിര്‍ത്താനും പോഷിപ്പിക്കാനുമുള്ള ചെപ്പടി വിദ്യകളാണ് സര്‍ക്കാര്‍  കൊണ്ടുവരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും.

          'മദ്യപാനം ആര്‍ക്കു വേണ്ടി' എന്ന തലക്കെട്ടില്‍ തുടക്കത്തില്‍ സൂചിപ്പിച്ച പരസ്യം വാരികകള്‍ക്ക് നല്‍കിയ എക്‌സൈസ് വകുപ്പ് മദ്യത്തിനടിമയായി വൃക്ക തകരാറിലായവര്‍ക്ക് വേണ്ടി മറ്റൊരു മഹത്തായ പ്രഖ്യാപനവും കൂടി നടത്തിയിട്ടുണ്ട്. കുടിയന്മാര്‍ക്ക് വേണ്ടിയുള്ള സുവിശേഷമായി ഇതിനെ കണക്കാക്കാം. ബാബു എക്‌സൈസ് മന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ സ്വന്തം നാട് അങ്കമാലി മദ്യവില്പനയില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തി നില്‍ക്കുന്നു. ചാലക്കുടിക്കാരുടെയും കരുനാഗപ്പള്ളിക്കാരുടെയും സ്ഥാനങ്ങളെ പിന്തള്ളിയാണ് മന്ത്രിയുടെ നാട് മുന്നേറിയിരിക്കുന്നത്. ഇതിന്റെയെല്ലാം പശ്ചാത്താപമായിട്ടായിരിക്കണം ബിവറേജ് കോര്‍പ്പറേഷന്‍ വഴി ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ഇത് എക്‌സൈസ് വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതയാണെന്നന്നാണ് മന്ത്രിയുടെ അവകാശവാദം. സ്‌കൂളുകളിലും കോളെജുകളിലും ലഹരിവിരുദ്ധ ക്‌ളബ്ബുകള്‍ രൂപീകരിച്ച് മുതുകാടിനെകൊണ്ട് ലഹരി വിരുദ്ധ മാജിക്കുകള്‍ എക്‌സൈസ്‌വകുപ്പ് നടത്തി. മദ്യമൊഴുക്കി എക്‌സൈസ്‌വകുപ്പ് ഖജനാവ് നിറക്കുന്നുവെന്ന തെറ്റിദ്ധാരണ മാറ്റാനായിരിക്കണം ഈ ശ്രമമൊക്കെ.    ശ്രമങ്ങളൊക്കെ വിജയിക്കുന്നതുവരെ ബിവറേജസ് കോര്‍പ്പറേഷന് കൂടുതല്‍ ഉയരങ്ങളിലേക്ക് പോയി  റെക്കാര്‍ഡുകള്‍ സ്ഥാപിക്കാന്‍ മദ്യവില്‍പന ഊര്‍ജിതമാക്കാം.

          കള്ളുകച്ചവടം ഇനിയെങ്കിലും നിര്‍ത്തിക്കൂടേ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി  ചോദിക്കുന്നിടംവരെ കാര്യങ്ങളെത്തി. മദ്യാസക്തി അഭൂതപൂര്‍വം വര്‍ധിക്കുകയും വ്യാജമദ്യം നിര്‍ബാധം ഒഴുകുകയും ചെയ്തപ്പോഴാണ് കോടതി അത്യന്തം ശ്രദ്ധേയവും പ്രസക്തവുമായ  ചോദ്യം ഉന്നയിച്ചത്. മദ്യം ഘട്ട ഘട്ടമായി നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റ യു ഡി എഫിന് ലക്ഷ്യം കൈവരിക്കാന്‍ പറ്റിയ സുവര്‍ണാവസരമായിരുന്നു കോടതി സൃഷ്ടിച്ചുകൊടുത്തത്.  കള്ളിന്റെ മറവിലാണ് വ്യാജമദ്യവും ചാരായവും ഇവിടെ വില്പന നടത്തുന്നതെന്ന്  കോടതി കണ്ടെത്തി.  കേരളത്തിലെ വിവിധ കോടതികളില്‍   20547  അബ്കാരി കേസുകള്‍ നിലവിലുണ്ട്. അബ്കാരി കേസുകളില്‍ പിടിയിലാവുന്നത് ഇങ്ങേയറ്റത്തുള്ള വില്‍പനക്കാര്‍ മാത്രമാണ്. വന്‍കിടക്കാര്‍ രക്ഷപ്പെടുകയാണ്. കള്ളുവില്‍പനയുടെ പേരിലുള്ള വ്യാജ മദ്യവില്‍പന ചാരായ നിരോധനത്തെ പരാജയപ്പെടുത്തുന്നുവെന്ന സത്യവും ഹൈക്കോടതി കണ്ടെത്തി.  അബ്കാരി കേസുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ വീഴ്ചവരുത്തുന്നതും കോടതി കണ്ടുപിടിച്ചു.

          ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമെല്ലാം മറുപടിയായി  മന്ത്രി പ്രകടിപ്പിച്ച പ്രതികരണം രസാവഹമായി. ഏത് മദ്യം കുടിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. മദ്യഷാപ്പുകള്‍ പൂട്ടുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു. കള്ളുചെത്ത് ഉടന്‍ നിരോധിക്കാനാവില്ലെന്ന് മന്ത്രി കെ എം മാണിയും പറഞ്ഞുവെച്ചപ്പോള്‍  മദ്യലോബി തീര്‍ച്ചയായും ആഹ്‌ളാദിച്ചിരിക്കണം. ഭരണമുന്നണിയില്‍ കോണ്‍ഗ്രസടക്കം മിക്ക കക്ഷികളും കോടതി പ്രകടിപ്പിച്ച ആശങ്കക്ക് പകരം മന്ത്രിമാര്‍ പ്രകടിപ്പിച്ച വികാരത്തോടാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.  നിരവധി പേര്‍ ഈ തൊഴിലിനെ ആശ്രയിച്ച് കഴിയുന്നതിനാല്‍ കള്ളുനിരോധം അപ്രായോഗികമാണെന്നാണ് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വാദം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവും വ്യത്യസ്തമല്ല.് കള്ള്‌ചെത്ത് വ്യവസായം നിര്‍ത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശം വന്ന സാഹചര്യത്തില്‍ അവര്‍ക്ക് അങ്ങനെയോരു പ്രമേയം പാസാക്കാതിരിക്കാനാവില്ല.
ഘട്ടം ഘട്ടമായി  മദ്യനിരോധനം യാഥാര്‍ഥ്യമാക്കുമെന്ന്  യു ഡി എഫ്പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തുരാജ് നിയമപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം നല്‍കുമെന്നത് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. എന്നാല്‍ നേരിയ ഭൂരിപക്ഷത്തില്‍ മാത്രം അധികാരത്തിലേറിയ മുന്നണി  ആ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല ആദ്യത്തെ എട്ടുമാസത്തിനുള്ളില്‍ തന്നെ 25 ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ചില കൃസ്തീയ സഭകളും രംഗത്തുവന്നതിനു ശേഷമാണ്  ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

          കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ പരിഹസിച്ചതിലൂടെ മന്ത്രി ബാബുവിന്റെ മനസ്സിലിരിപ്പ് മദ്യത്തിനനുകൂലമാണെന്ന് വായിച്ചെടുക്കാന്‍ മലയാളികള്‍ക്ക് ഒരവസരം കൂടി കൈവന്നുവെന്ന് മാത്രം. മന്ത്രിപദവിയിലിരുന്നിട്ടും കോടതി നിര്‍ദേശത്തെ അധിക്ഷേപിക്കാന്‍ ബാബുവിന് കരുത്തുനല്‍കുന്നത് മദ്യലോബിയാണെന്നും വ്യക്തം. മദ്യലോബിക്ക് ഇത്രയധികം സ്വാധീനമുള്ള സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്നു വേണം കരുതാന്‍. തങ്ങള്‍ സേവിക്കേണ്ട ബഹുഭൂരിപക്ഷത്തെ ഓര്‍ത്തല്ല  വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങളെ ഭരണകര്‍ത്താക്കള്‍ അധികാരപരിധി മറികടന്നും അധിക്ഷേപിക്കുന്നത്. ഹൈക്കോടതിയെ അക്രമിക്കാന്‍ കൊടിനിറം പോലും നോക്കാതെയാണ് രാഷ്ട്രീയക്കാരുടെ പ്രതികരണമെന്നും കോടതിക്ക് പറയേണ്ടിവന്നു. മന്ത്രി പറഞ്ഞതുപോലെ എന്തുകുടിക്കണമെന്ന് മാത്രമല്ല എന്തു ചെയ്യണമെന്നും ജനം സ്വയം തീരുമാനിച്ചാല്‍ മതിയെങ്കില്‍ പിന്നെ നിയമവ്യവസ്ഥയുടെ ആവശ്യമില്ലല്ലോ എന്നും കോടതി പറഞ്ഞുവെച്ചു. കള്ളിന്റെ മറവില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം വ്യാപകമായി വില്‍ക്കപ്പെടുന്നത് വ്യാജമദ്യമാണെന്ന കോടതി നിരീക്ഷണം തെറ്റാണെങ്കില്‍ അക്കാര്യം തെളിയിക്കുകയായിരുന്നു മന്ത്രി ചെയ്യേണ്ടിയിരുന്നത്.
കള്ളുനിരോധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടവും സമൂഹവും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം കുട്ടികളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും അനുദിനം പടര്‍ന്നുപന്തലിക്കുന്ന ലഹരിപദാര്‍ഥങ്ങളുടെ അടിമകളാകുന്നവരില്‍ സ്ത്രീകളുമുണ്ടെന്നത് ഭീതിജനകമായി കാണണം. കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും ഇന്ന് മദ്യപന്മാരുടെ ശല്യമില്ലാതെ ജീവിക്കാനാവില്ല എന്ന താണവസ്ഥ. എന്നിട്ടും സമൂഹത്തിന്റെ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ മദ്യപാനവും മയക്കുമരുന്നും പുകവലിയും നിലനില്‍ക്കുന്നു.

           മദ്യനിരോധവുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍  ഉയരുമ്പോള്‍ തൊഴില്‍പ്രശ്‌നം  ഉന്നയിച്ച് ചര്‍ച്ച വഴിതിരിച്ചുവിടുന്ന പ്രവണതയാണ് ഭരണാധികാരികള്‍ പോലും അനുവര്‍ത്തിക്കുന്നത്. കോടതി ചൂണ്ടിക്കാട്ടിയതുപോലെ തൊഴിലെടുക്കാന്‍ തയാറുള്ളവര്‍ക്ക് ഇവിടെ ഇഷ്ടംപോലെ ജോലിയും രാജ്യത്തെങ്ങുമില്ലാത്ത വേതനവുമുണ്ട്. അതുകൊണ്ടാണ് ലക്ഷക്കണക്കിന്  യുവാക്കള്‍ ഉത്തരേന്ത്യയില്‍നിന്ന് ബംഗാളില്‍ നിന്നു പോലും  ഇവിടേക്ക് ഒഴുകിയെത്തുന്നത്. കള്ളുവ്യവസായത്തിലാണെങ്കില്‍ അരലക്ഷത്തോളം തൊഴിലാളികളേ ഉള്ളൂ. അവരെ മറ്റ് മേഖലകളില്‍ വിന്യസിച്ചാല്‍ മതിയല്ലോ. ദല്‍ഹി, ബിഹാര്‍, യു പി , ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പരസഹസ്രങ്ങളെത്തിയിട്ടും ആവശ്യത്തിന് ജോലിക്കാരില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

            ലഹരി വിമുക്ത ആഗോളസമൂഹം എന്ന ലക്ഷ്യത്തിനായി ഐക്യരാഷ്ട്രസഭ ഒരു ദിവസം  (ജൂണ്‍ 26) ലഹരിവിരുദ്ധ ദിനമായി മാറ്റിവെച്ചിട്ടുണ്ട്. രണ്ടു ദശാബ്ദം പിന്നിട്ടിട്ടും കാലമിത്രയായിട്ടും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ലഹരിമരുന്നുകളുടെയും മദ്യത്തിന്റെയും ഉല്‍പാദനവും ഉപയോഗവും അനുദിനം വര്‍ധിച്ചുവരികയാണ്. യുവതലമുറയുടെ ആരോഗ്യവും ബുദ്ധിശക്തിയും കര്‍മശേഷിയും നശിപ്പിക്കുന്ന ലഹരിപദാര്‍ഥങ്ങളെ പറ്റിയുള്ള അറിവും പ്രതികരണവും ഇന്നും അപര്യാപ്തമാണ്. അറിവില്ലായ്മയാണ് മിക്കവരേയും ലഹരിയുടെ അടിമകളാക്കുന്നത്. എങ്ങിനെയായാലും  മദ്യവ്യവസായികളുടെ സാമ്രാജ്യം ചെങ്കോട്ട പോലെ  എന്നും ഭദ്രമാണ്. മദ്യസാമ്രാജ്യത്തിന്റെ മാസപ്പടി പറ്റുന്ന നേതാക്കളെ  ഏത് പാര്‍ടിയിലും കാണാം.

           ജില്ലാ പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ മൃഗീയ ഭൂരിപക്ഷത്തോടെ       മലപ്പുറത്ത് അധികാരത്തില്‍ വന്നത് ലീഗായിരുന്നു.  ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് ലീഗ് അന്ന് പ്രഖ്യാപിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയുമായി. രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത്രയും കാലം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും പ്രഖ്യാപനം മാത്രം ഏട്ടിലെ പശുവായി. ജില്ലയിലെ ചില പ്രദേശങ്ങള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കുന്ന പട്ടണങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ചാരായ നിരോധം നടപ്പാക്കിയ മുഖ്യമന്ത്രിയെ പിന്നില്‍നിന്ന് കുത്തിയവരുടെ കൂട്ടത്തിലും ലീഗ് നേതൃത്വത്തിന്റെ  കറുത്ത കരങ്ങള്‍ കാണാം.

          മുസ്‌ലിംലീഗാണ് കേരളം ഭരിക്കുന്നതെന്നും ലീഗിന് അഹിതമായതൊന്നും കേരളത്തില്‍ നടക്കില്ലെന്നും തുറന്നുപറഞ്ഞ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അഭിനന്ദിക്കണം.  നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാരജ് ജയിക്കാന്‍ കാരണം ലീഗുമന്ത്രിമാരുടെ ഭരണമികവാണെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അവകാശപ്പെട്ടിരിക്കുന്നു. ഭരണത്തില്‍ തങ്ങള്‍ക്കുള്ള ഈ അപ്രമാദിത്വം മദ്യനിരോധം നടപ്പാക്കുന്നതില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാശിച്ചുപോകുന്നു.  ചുരുങ്ങിയ പക്ഷം കേരളത്തിലെ മദ്യപന്മാരുടെ ശല്യം സഹിക്കുന്ന കുടുംബിനികളടക്കമുള്ള പതിനായിരങ്ങളുടെ   പിന്തുണയും പ്രാര്‍ഥനയും പാര്‍ടിക്ക് ലഭിക്കും. അഞ്ചാംമന്ത്രി വിവാദം സൃഷ്ടിച്ച കളങ്കമത്രയും കഴുകിക്കളയുകയും ചെയ്യാം.  
                 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...