Sunday, November 25, 2012

'ആം ആദ്മി പാര്‍ടിക്ക്' സ്വാഗതം


          ഇന്ത്യന്‍ ഭരണഘടനയുടെ ജന്മദിനമായ ഇന്ന് (നവമ്പര്‍ 26) എന്തുകൊണ്ടും ഒരു പുതിയ പാര്‍ടി രൂപീകരിക്കാന്‍ പറ്റിയ ദിവസം തന്നെ. ഈ പാര്‍ടി നിലവിലുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കും വിരുദ്ധമാകുമെങ്കിലോ? അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ 'ആം ആദ്മി' പാര്‍ടി (സാധാരണക്കാരന്റെ പാര്‍ടി) എന്ന പേരില്‍ രൂപംകൊണ്ട പുതിയ കക്ഷി ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന യുവജനറാലിയോടെ പോരാട്ടവീഥിയില്‍ അങ്കം കുറിക്കുകയാണ്. കോണ്‍ഗ്രസ്സും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കൂട്ടുചേര്‍ന്നുള്ള അഴിമതിയാണ് ഇവിടെ നടക്കുന്നത്. അവര്‍ക്കുള്ളത് സമാന താല്‍പര്യങ്ങളാണ്. അവര്‍ക്കിടയില്‍ അലിഖിത ധാരണകളുണ്ട്. അതുകൊണ്ട് രാജ്യത്ത് ബദല്‍ നല്‍കുകയാണ് തന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്ന് കെജ്‌രിവാള്‍ പറയുന്നു. അഴിമതിയുടെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനത തീര്‍ച്ചയായും ഈ സദുദ്യമത്തെ ഹൃദയമറിഞ്ഞ് ശ്‌ളാഘിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല.

          അഴിമതിക്കെതിരെ അങ്കംകുറിച്ച അണ്ണാഹസാരെയുമായി അഭിപ്രായവ്യത്യാസമുണ്ടായി അദ്ദേഹത്തിന്റെ സംഘത്തില്‍നിന്ന് പിന്മാറിയ ശേഷമാണ് കെജ്‌രിവാള്‍ പുതിയ പാര്‍ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഉറക്കെ ചിന്തിച്ചത്. പാര്‍ടി വിഭാവനം ചെയ്യുന്നത് 'സ്വരാജ്' ആണ്. അതായത് ജനങ്ങളുടെ ഭരണം. ഉദ്യോഗസ്ഥന്മാരുടെയോ നേതാക്കളുടെയോ അല്ല. പാര്‍ടികള്‍ വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അതുവഴി ജനങ്ങളെ കരുവാക്കി പണത്തെ അധികാരമാക്കുന്നവരുമായി  മാറിയിരിക്കുന്നു. അധികാരം വഴി കൂടുതല്‍ പണം വാരാമെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ക്‌ളോക്ക് 1947 ലേക്ക് തിരിച്ചുവെച്ച് ഇന്ത്യന്‍ ഭരണത്തെ പുനര്‍ നിര്‍വചിക്കാന്‍ ഒരുങ്ങുകയാണ് കെജ്‌രിവാള്‍. എന്നാല്‍  അഴിമതി ആഘോഷമാക്കി മാറ്റിയ പാര്‍ടികളെ നിഷ്പ്രഭമാക്കാന്‍ അദ്ദേഹത്തിന് എത്രമാത്രം കഴിയുമെന്ന്  കണ്ടുതന്നെ അറിയണം. നിലവിലെ വ്യവസ്ഥയുടെ തൂണുകളെ മുഴുവന്‍ തകര്‍ത്തെറിയാന്‍  കഴിഞ്ഞാല്‍ മാത്രമേ ധീരനായ ഈ കുരിശുയുദ്ധക്കാരന് തന്റെ കോട്ട കെട്ടിപ്പടുക്കാനൊക്കൂ.

          മുന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ കെജ്‌രിവാള്‍ പ്രഗത്ഭനായ  പ്രാസംഗികനല്ല. ഹസാരെയെ പോലുള്ള ധാര്‍മിക അധികാരവുമില്ല. സാധാരണത്വത്തിലാണ് അദ്ദേഹത്തിന്റെ  പ്രതിച്ഛായ കുടികൊള്ളുന്നത്. സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാനുള്ള കഴിവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. ഏഴുവര്‍ഷത്തെ ആദായനികുതി ഓഫീസിലെ പ്രവര്‍ത്തന പരിചയമാണ് സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതിയുടെ ആഴം നേരിട്ട് മനസ്സിലാക്കാന്‍ അവസരം സൃഷ്ടിച്ചത്. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വധേരക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ്  കെജ്‌രിവാളിലേക്ക് ജനശ്രദ്ധ തിരിയാന്‍ കാരണം.

         വധേരയെ ചീന്തിയെറിഞ്ഞത് മാധ്യമങ്ങള്‍ മുഴുവന്‍ തലക്കെട്ടാക്കിയപ്പോള്‍ രാജ്യം   വിസ്മയത്തോടെ അതുകണ്ടു. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കുരുക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല.  അടുത്ത ഇര ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന    ആരോപണങ്ങളെ അവഗണിക്കാന്‍ മാത്രം തൊലിക്കട്ടി അവര്‍ക്കുണ്ടായിരുന്നു. വധേര കെജ്‌രിവാളിന്റെ പ്രസ്ഥാനത്തെ മാംഗോ പീപ്പിള്‍ എന്ന് വിളിച്ചു. ഖുര്‍ഷിദ് തെരുവ് ചെക്കന്‍  എന്ന് പരിഹസിച്ചു. പ്രമുഖരെ താറടിക്കുന്ന വായാടിയെന്ന് ഗഡ്കരിയും  വിളിച്ചു.

           ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള അവസാന വെടിയായിരുന്നു വന്‍മരങ്ങള്‍ക്കെതിരെ പ്രയോഗിച്ചത്. നിലവിലുള്ള രാഷ്ട്രീയ പാര്‍ടികളുടെയെല്ലാം പൊള്ളത്തരം വെളിപ്പെടുത്തിക്കൊണ്ട് ഇതിനൊക്കെ ഒരു പരിഹാരം പുതിയ പാര്‍ടി മാത്രമാണെന്ന സന്ദേശം   ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് വിഭിന്നമാണ് പുതിയ പാര്‍ടിയുടെ ഭരണഘടന. നിര്‍വാഹകസമിതിയില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് ഒരേസമയം സ്ഥാനം വഹിക്കാനാവില്ല. റിട്ട.ജഡ്ജിമാരുടെ നേതൃത്വത്തില്‍ പാര്‍ടികളില്‍ ഒരു ആഭ്യന്തര ലോക്പാല്‍ പ്രവര്‍ത്തിക്കും.   കൃഷി, വ്യവസായം, വിദ്യാഭ്യാസം, പൊലീസ്, നികുതി തുടങ്ങിയ വിഷയങ്ങള്‍ക്ക്  വിവിധ സമിതികളുമുണ്ടാകും. സമിതിയുടെ നിര്‍ദേശം ജനങ്ങള്‍ക്ക് മുമ്പില്‍ ചര്‍ച്ചക്ക് വെച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

          ഹസാരെയോട് അനുഗ്രഹം വാങ്ങിയാണത്രെ  പുതിയ പാര്‍ടിയെന്ന അതിസാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. രാഷ്ട്രീയക്കാര്‍ക്കു പകരം രാഷ്ട്രീയം മടുത്തവരായിരിക്കും തന്റെ പാര്‍ടിയില്‍ അണിചേരുകയെന്നും കെജ്‌രിവാള്‍ അവകാശപ്പെടുന്നു. സൂര്യന്‍ പോലും വിതുമ്പിപ്പോകുന്ന അഴിമതിയാണല്ലോ നമുക്ക് ചുറ്റും നടക്കുന്നത്. മുഖ്യധാരാ പാര്‍ടികള്‍ പോലും അഴിമതിക്ക് മുമ്പില്‍ നിസ്സഹായത പ്രകടിപ്പിക്കുമ്പോള്‍ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ അതിജയിക്കാന്‍ ഏത് പുതിയ വഴിയും ജനം സ്വീകരിച്ചാല്‍ അത്ഭുതപ്പെടേണ്ട. പക്ഷെ ഈ രാഷ്ട്രീയ ഭീമന്മാരെ അതിജീവിക്കാന്‍ കെജ്‌രിവാളിന് കെല്പുണ്ടാകുമോ എന്നതാണ് സംശയം.

          പതിതരുടെ മനസ്സറിയാനും വേദനയകറ്റാനും സര്‍ക്കാരോ കക്ഷി നേതാക്കളോ തയാറല്ല. ഇവിടെ മരുപ്പച്ചകള്‍ കരിയുകയും മരുഭൂമികള്‍ വളരുകയുമാണ് ചെയ്യുന്നത്. അതീവ ദുര്‍ഘടവും ആശങ്കാജനകവുമായ ഭാവിയാണ്  കാത്തിരിക്കുന്നത്. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ അടങ്ങാത്ത അമര്‍ഷത്തിന്റെ കുത്തൊഴുക്കാണെങ്ങും. സ്ഥാപിത താല്‍പര്യക്കാരും സ്വാര്‍ഥമതികളുമായ  ഭരണാധികാരില്‍ നിന്നുളള മോചനം എല്ലാവരുടേയും പ്രാര്‍ഥനയായി വളര്‍ന്നിരിക്കുന്നു. ഒരു ചെറിയ മനുഷ്യന്‍ സര്‍ക്കാരിന്റെയും ഭരണത്തിന്റെയും നിയന്ത്രണം ജനങ്ങള്‍ക്ക് എന്ന് മുദ്രാവാക്യം മുഴക്കുമ്പോള്‍ അതില്‍ പുതുമയില്ലെന്നറിയാം. എങ്കിലും നൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ഗ്രസിനോട് കിടപിടിക്കാന്‍ ജനതാപാര്‍ടിക്കും ബി ജെ പിക്കും മറ്റും അവസരം നല്‍കിയ ജനങ്ങളാണ് ഇവിടെയുള്ളത്. കെജ്‌രിവാളിനെയും ഒന്ന് പരീക്ഷിക്കാം എന്നവര്‍ തീരുമാനിച്ചാലോ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...