Thursday, November 1, 2012

മഹത്വം വിളംബരംചെയ്യട്ടെ മലയാള സര്‍വകലാശാല


           അരനൂറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിന് ശേഷം മാതൃഭാഷാ പഠനത്തിന് ഇതാ ഒരു സര്‍വകലാശാല. കേരളപ്പിറവി ദിനത്തില്‍ മലയഭാഷാ പിതാവിന്റെ മണ്ണില്‍ മലയാള സര്‍വകലാശാല യാഥാര്‍ഥ്യമാകുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികളെ അത് ഹര്‍ഷപുളകിതരാക്കും. വളരെ വൈകിയെങ്കിലും കേരളജനതയുടെ    ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ മുന്‍കയ്യെടുത്ത സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു.

           കേരളത്തില്‍ ഇപ്പോള്‍ തന്നെ ഒമ്പത് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പത്താമത്തേതാണ്. കൂടാതെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്, കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രം, തെങ്ങുകയറ്റ ഗവേഷണ കേന്ദ്രം, നെല്‍കൃഷി ഗവേഷണ കേന്ദ്രം തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളുമുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അലിഗര്‍ കാമ്പസിന്റെ കേരള ഘടകം ഇതിന് പുറമെയാണ്. മലയാളഭാഷക്ക് ഒരു സര്‍വകലാശാല വേണമെന്ന ആവശ്യം ഭാഷാപ്രേമികള്‍ ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഭാഷക്ക് ഇങ്ങനെ പ്രത്യേകം സര്‍വകലാശാല വേണമോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചിരുന്നു. ഈ ചിന്ത പങ്കുവെക്കുന്നവരുടെ എണ്ണം തീരെ കുറവല്ല. പാശ്ചാത്യനാടുകളില് ഭാഷാ സര്‍വകലാശാലകള്‍ ഇല്ലെന്നതാണ് അവര്‍ ഇതിന് കണ്ടെത്തിയ ന്യായം. പാശ്ചാത്യരാജ്യങ്ങളില്‍ പക്ഷെ അവരവരുടെ മാതൃഭാഷയില്‍ തന്നെയാണ് സര്‍വകലാശാലാ പഠനം നടക്കുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക ഭാഷാ സര്‍വകലാശാലയുടെ ആവശ്യം വരുന്നില്ല.

           എന്നാല്‍ കേരളത്തില്‍ മാതൃഭാഷ മാധ്യമമാക്കിയ ഏതെങ്കിലും സര്‍വകലാശാലയുണ്ടോ? ഒരിടത്തും അധ്യയന മാധ്യമം മലയാളമല്ല.  മൂന്നുകോടിയിലേറെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയുടെ അവസ്ഥയാണിത്. കേരള സര്‍വകലാശാല 1937-ല്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ സ്ഥാപിക്കുന്നത്് തിരുവിതാംകൂര്‍ സര്‍വകലാശാലയായിട്ടാണ്. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത് മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനമായിരുന്നു. പടിപടിയായി വിജ്ഞാനവിതരണം മലയാളഭാഷയിലൂടെ നിര്‍വഹിക്കണമെന്നും ആ സര്‍വകലാശായലുടെ ആമുഖവാക്യത്തില്‍ രേഖപ്പെടുത്തിയിരുന്നു. 1957ല്‍ കേരള സര്‍വകലാശാല രൂപാന്തരം പ്രാപിച്ചപ്പോഴും മേല്‍പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ സങ്കല്‍പങ്ങളെല്ലാം കാലക്രമത്തില്‍  കൈമോശം വന്നു.

         മലയാളഭാഷക്കൊരു സര്‍വകലാശാല  എന്നതിലപ്പുറം എന്തെങ്കിലും ലക്ഷ്യങ്ങള്‍  പുതിയ സര്‍വകലാശാലക്കും ഇല്ലെന്ന് വേണം കരുതാന്‍.   മലയാളഭാഷക്ക് എല്ലാ വ്യവഹാരമണ്ഡലങ്ങളിലും അംഗീകാരം ലഭിക്കുമാറ് ഒരു ഉന്നത വിദ്യാപീഠം ഒരുങ്ങുമെന്നും അത് ഭാഷക്കും കേരളത്തിന്റെ സമഗ്രവികസനത്തിനും ചാലകശക്തിയായി വര്‍ത്തിക്കണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍വകലാശാലയുടെ നിയുക്ത വൈസ് ചാന്‍സലര്‍  കെ ജയകുമാര്‍ ചീഫ് സെക്രട്ടറിയായിരിക്കെ അഞ്ചുമാസം മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ലക്ഷ്യങ്ങളൊന്നും കാണുന്നില്ല. മലയാള സര്‍വകലാശാല എന്തായിരിക്കണം എന്ന കാഴ്ചപ്പാട്  ഇല്ലാതെയാണ് അവിടുത്തെ കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

          മലയാളഭാഷ കേവലം സാഹിത്യാദി കലകള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയോ? അങ്ങനെ ചെയ്താല്‍ ഒരു ഭാഷക്ക് എങ്ങനെ വളരാനാവും. ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ കൂടി കൈകാര്യം ചെയ്യുമ്പോള്‍ മാത്രമേ മാതൃഭാഷക്കും അത് ഉപയോഗിക്കുന്ന ജനതക്കം പൂര്‍ണ വളര്‍ച്ച കൈവരിക്കാനാവൂ. ഏതു വിഷയവും കോഴ്‌സുകളും ഈ സര്‍വകലാശാലയില്‍ പഠിക്കാന്‍ കഴിയുംവിധം പഠനബോധന ഭരണമാധ്യമം മലയാളം തന്നെയായിരിക്കുകയും വേണം. ജയകുമാറിന്റെ റിപ്പോര്‍ട്ട് ഈ കാര്യങ്ങളിലെല്ലാം മൗനംപാലിക്കുകയാണ്. എന്നാല്‍ ഒരുവര്‍ഷം മുമ്പ് ഒ എന്‍ വി കുറുപ്പ് പണ്ഡിതന്മാരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം ആരാഞ്ഞ് തയാറാക്കി സമര്‍പ്പിച്ച രൂപരേഖയില്‍ ഇത്തരം കാര്യങ്ങള്‍ പ്രതിപാദിച്ചിരുന്നു.

            മലപ്പുറം ജില്ലയില്‍ അവിടവിടെയായി നൂറേക്കര്‍ സ്ഥലമാണ് സര്‍വകലാശാലക്ക് കണ്ടുവെച്ചിട്ടുള്ളത്. ഇത് മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ തീരെ അപര്യാപ്തമാണ്. തഞ്ചാവൂരില്‍ തമിഴ് സര്‍വകലാശാല സ്ഥിതിചെയ്യുന്നത് 900 ഏക്കര്‍ സ്ഥലത്താണ്. ഇത്രയും വിശാലമായ സ്ഥലം തന്നെ ഹംപിയില്‍ കന്നട സര്‍വകലാശാലക്കുമുണ്ട്. എന്തിനധികം അലിഗഡ് യൂണിവാഴ്‌സിറ്റിക്ക് പെരിന്തല്‍മണ്ണയില്‍ നാനൂറേക്ക്രയില്ലേ? മലയാളഭാഷയിലൂടെ ലോക വിജ്ഞാനങ്ങള്‍ ആര്‍ജിക്കാന്‍ സംവിധാനം ഉണ്ടായെങ്കില്‍ മാത്രമേ തിരൂരില്‍ ഉമ്മന്‍ചാണ്ടി ഇന്നലെ സമാരംഭം കുറിച്ച തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാവൂ.

           ഏതായാലും മാതൃഭാഷക്ക് സ്വന്തമായി സര്‍വകലാശാല ഇല്ലാത്ത സംസ്ഥാനം എന്ന അപവാദം ഇനിയുണ്ടാവില്ല. പക്ഷെ പതിവ് സര്‍വകലാശാലാ ചട്ടക്കൂടുകളില്‍നിന്ന് പുതിയ സര്‍വകലാശാലക്ക് മോചനമുണ്ടാവുമെന്നതിന് യാതൊരു ഉറപ്പുമില്ല. നേരെ ചൊവ്വെ നടക്കുന്ന ഒറ്റ സര്‍വകലാശാലയും ഇന്ന് കേരളത്തിലില്ല. ചീഞ്ഞളിഞ്ഞ പരിസരങ്ങളില്‍ മൂക്കുപൊത്തി ജീവിക്കാന്‍ വിധിക്കപ്പെട്ട മലയാളിക്ക് കൂടുതല്‍ ദുര്‍ഗന്ധം സഹിക്കാന്‍ ഇടവരുത്തുന്നതാവരുത് പുതിയ സര്‍വകലാശാല. ക്യൂ എസ് വേള്‍ഡ് യൂണിവാഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യത്തെ 200 സ്ഥാനത്തില്‍ ഒന്നു പോലും നേടാന്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം. അവയില്‍ ഭൂരിഭാഗത്തിലും അധ്യയനം നടക്കുന്നതാകട്ടെ മാതൃഭാഷയിലാണെന്നതും ശ്രദ്ധിക്കണം.

          ഇന്ന് മലയാളം കേരളത്തില്‍ മാത്രം സംസാരിക്കുന്ന ഭാഷയല്ല. ലോകത്ത് മലയാളികള്‍ ഇല്ലാത്ത ഇടമില്ല. അവരെവിടെ ചെന്നാലും സംസാരിക്കുന്നത് മലയാളമാണ്. മലയാളിയുടെ അടയാളമാണ് മലയാളം. അതുകൊണ്ട്  മലയാളത്തെ ഒരു ആഗോളഭാഷയായി തന്നെ കാണണം.  മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ വേഗം കൂട്ടണം. കേരളീയര്‍ ലോകജനതയുടെ മുന്നില്‍ രണ്ടാംകിടക്കാരായി മാറാതിരിക്കണമെങ്കില്‍ മലയാളഭാഷ സാഹിത്യാദി കലകള്‍ കൈകാര്യംചെയ്യുന്ന ഭാഷ എന്നതിനപ്പുറം പഠന ഗവേഷണങ്ങള്‍ക്കും ഊന്നല്‍ നല്‍കണം. മലയാളിയുടെ മഹത്വം അംഗീകരിക്കപ്പെടാന്‍ അത് കൂടിയേ തീരൂ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...