Friday, November 30, 2012

നയതന്ത്ര വിദഗ്ധനായ ഭരണാധികാരി


          അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷമല്ല സൗഹൃദവും സമാധാനവുമാണ് വേണ്ടതെന്ന് വിശ്വസിക്കുകയും അതിനായി ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഐ കെ ഗുജ്‌റാള്‍. പ്രധാനമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ഊന്നല്‍ നല്‍കിയത് വിദേശകാര്യങ്ങള്‍ക്കായത് അതുകൊണ്ടാണ്. പാക്കിസ്താന്‍, ബംഗ്‌ളദേശ്, ചൈന, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളുമായി അദ്ദേഹം സൗഹൃദം ഊട്ടിയുറപ്പിച്ചതാകട്ടെ ഏറ്റവും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലും. ഇന്ന് ഈ രാഷ്ട്രങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഗുജ്‌റാളിന്റെ വേര്‍പാട് സൃഷ്ടിച്ച നഷ്ടത്തിന്റെ ആഴം എല്ലാവര്‍ക്കും ബോധ്യപ്പെടുക.

           വളരെ ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം പ്രധാനമന്ത്രി പദവിയിലിരുന്നിട്ടൂള്ളൂ. കേവലം 11മാസം. 97 ഏപ്രില്‍ 17 മുതല്‍ 98 മാര്‍ച്ച് 19 വരെ. പക്ഷെ ഏറ്റവും കൂടുതല്‍ കാലം ആ പദവിയലങ്കരിച്ച നെഹറുവിനും ഇന്ദിരക്കുമൊപ്പം  ഗുജ്‌റാളും സ്മരിക്കപ്പെടും.  കുവൈത്ത് യുദ്ധകാലത്ത് അവിടെ കുടുങ്ങിയ മലയാളികളെ മുഴുവന്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ ഗുജ്‌റാള്‍ വഹിച്ച പങ്കും പ്രകടിപ്പിച്ച നയതന്ത്രജ്ഞതയും മാത്രം മതി അദ്ദേഹം എന്നും ഓര്‍ക്കപ്പെടാന്‍. അതിനുവേണ്ടി അദ്ദേഹം വാഷിംഗ്ടണില്‍ പോയി. ഇറാഖ് സന്ദര്‍ശിച്ചു. പ്രസിഡണ്ടായിരുന്ന സദ്ദംഹുസൈനെ കണ്ടു.  മന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ കുവൈത്തിലേക്ക് അയക്കുകയും ചെയ്തു.

           സോഷ്യലിസ്റ്റ്- സാമ്രാജ്യത്വ ശാക്തികച്ചേരികള്‍ തമ്മില്‍ ശീതയുദ്ധം ആഗോളതലത്തില്‍ അതിശക്തമായിരുന്ന കാലത്ത്  സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. കോളജ് വിദ്യാഭ്യാസ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം സഞ്ചരിച്ച ഗുജ്‌റാള്‍ രാഷ്ട്രീയ വീക്ഷണങ്ങളില്‍ എപ്പോഴും പുരോഗമനാശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നു. ദേവഗൗഡ പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തായപ്പോള്‍ ഗുജറാളിനെയാണ്   ഇടതുപക്ഷം തല്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു.

          മിതഭാഷിയും മൃദുഭാഷിയുമായ ഭരണാധികാരിയായിരുന്നു ഗുജ്‌റാള്‍. ഇത്രമാത്രം വിവാദരഹിതനായ ഒരു ഭരണകര്‍ത്താവിനെ കാണുക പ്രയാസം. തികച്ചും ലളിതമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എപ്പോഴും പുഞ്ചിരി നിറഞ്ഞാടുന്ന മുഖം. എന്നാല്‍ ഒരു പ്രലോഭനത്തിനും അദ്ദേഹത്തെ കീഴ്‌പ്പെടുത്താനാവുമായിരുന്നില്ല. സജീവ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ അധികം കണ്ടിട്ടില്ല. പക്ഷെ രാജ്യത്തിന്റെ നാഡീസ്പന്ദനം നന്നായി തിരിച്ചറിഞ്ഞിരുന്നു. പരന്ന വായനയുള്ള പണ്ഡിനായിരുന്നുവല്ലോ അദ്ദേഹം. ഉറുദു ഭാഷയില്‍ നിപുണനുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ഗുജ്‌റാള്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1942 ല്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

          തുടക്കം കമ്യൂണിസ്റ്റുകാരനായിട്ടാണെങ്കിലും രാഷ്ട്രീയ ജീവിതം കോണ്‍ഗ്രസ്സിലൂടെ തന്നെ. 1975ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ അംഗമായി. പിന്നീട് വി പി സിംഗിനോടൊപ്പം കോണ്‍ഗ്രസ് വിട്ട അദ്ദേഹം വി പി സിംഗ്, ദേവഗൗഡ മന്ത്രിസഭകളില്‍ അംഗമായി. ഇന്ദിര മുതല്‍ ഗൗഡ വരെ നാലു മന്ത്രിസഭകളില്‍ പാര്‍ലമെന്ററി കാര്യം, വാര്‍ത്താവിനിമയം, പൊതുമരാമത്ത്, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ അതിപ്രധാന വകുപ്പുകളാണ് അദ്ദേഹം  കൈകാര്യം ചെയ്തു. അതും അപവാദങ്ങള്‍ കേള്‍പ്പിക്കാതെ.

          റഷ്യയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹം സമര്‍ഥനായ നയതന്ത്രപ്രതിനിധി എന്ന നിലയില്‍ കഴിവ് തെളിയിച്ചിരുന്നു. പാക്കിസ്താന്‍, ബംഗ്‌ളദേശ് തുടങ്ങി അഞ്ചു അയല്‍രാജ്യങ്ങളുമായി നടപ്പാക്കിയ  നയതന്ത്ര സമീപനം 'ഗുജ്‌റാള്‍ നയതന്ത്രം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 57 രാജ്യങ്ങളില്‍ മുന്‍ പ്രസിഡണ്ടുമാരും മുന്‍ പ്രധാനമന്ത്രിമാരും ചേര്‍ന്ന് രൂപീകരിച്ച ക്‌ളബ്ബായ മാഡ്രിഡിലും ഗുജ്‌റാള്‍ അംഗവുമായിരുന്നു .

          രാഷ്ട്രീയത്തെയും ഭരണാധികാരത്തെയും നല്ല വഴിയിലേക്ക് തെളിക്കാനേ ഗുജ്‌റാള്‍ എന്നും ശ്രമിച്ചിട്ടുള്ളൂ.  പാവങ്ങളെ മനസ്സില്‍ കൊണ്ടാണ് അദ്ദേഹം  എല്ലാ പരിപാടികളും രൂപകല്‍പ്പന ചെയ്യാറ്.  നയതന്ത്രത്തിന് നവദിശ നല്‍കിയതോടൊപ്പം കൂടുതല്‍ ആരോഗ്യവും തലയെടുപ്പുമുള്ള ഇന്ത്യ പടുത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യം. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സി ടി ബി ടിയില്‍ ഒപ്പുവെക്കാന്‍ സന്നദ്ധമാകാതിരുന്ന ഗുജ്‌റാളിനെ മാതൃകയാക്കാന്‍ നമ്മുടെ ഭരണാധികാരികളില്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടാവും?

          പാക്കിസ്താന്റെ ഭാഗമായുള്ള പഞ്ചാബില്‍ ജനിച്ച ഗുജ്‌റാള്‍ രാജ്യം വിഭജിക്കപ്പെട്ടതില്‍ ഏറെ ദു:ഖിച്ചിരുന്നയാളാണ്.  ഒരിക്കലും ആ ദു:ഖം മറച്ചുവെച്ചിരുന്നില്ല.  കുടുംബ ബന്ധങ്ങളില്‍ വരെ വിള്ളല്‍വീഴ്ത്തിയ ഇന്ത്യ-പാക്ക് വിഭജനത്തെ കുറിച്ച് ഗുജ്‌റാല്‍ തന്റെ ആത്മകഥയില്‍  അതീവ വേദനയോടെ രേഖപ്പെടുത്തിയിട്ടുണ്ട്.

          രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി  സോവിയറ്റു യൂനിയന്റെ അഫ്ഗാന്‍ ആക്രമണത്തെ അദ്ദേഹം ന്യായീകരിച്ചതാണ് രാജ്യസ്‌നേഹികള്‍ക്ക് ദഹിക്കാതെ പോയ കാര്യം. സോഷ്യലിസ്റ്റ് സമൂഹത്തോടുള്ള  ആഭിമുഖ്യമാണോ ഇതിന് പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ.

         കുറെക്കാലമായി അദ്ദേഹം രാഷ്ട്രീയത്തിലില്ല. 1999 ല്‍  സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. രാജ്യത്തിന്റെ 12-ാമത്തെ പ്രധാനമന്ത്രിക്ക് ആ പദവിയില്‍ അധികമൊന്നും തിളങ്ങാനായിട്ടില്ലെന്നത് നേരാണ്.   പക്ഷെ അധികാരപദവിയില്‍ ദീര്‍ഘകാലം വിഹരിക്കാന്‍ അവസരം ലഭിച്ചിട്ടും കറപുരളാത്ത കൈകളുമായാണ്   പൊതുജീവിതത്തിന് തിരശ്ശീലയിട്ടതെന്ന് ഓര്‍ക്കണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...