Wednesday, February 6, 2013

നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്ത നീചകൃത്യം


     ഒരു നിര്‍വചനത്തിനും വഴങ്ങാത്ത നീചകൃത്യമാണ് തലസ്ഥാന നഗരിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍  ചൊവ്വാഴ്ച കാഴ്ചവെച്ചത്. നീതിയുടെയും മനുഷ്യത്വത്തിന്റെയും ശ്മശാനഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചുകേരളത്തിന്റെ നാളത്തെ പതാകവാഹകരാകാന്‍ ഇവര്‍ തന്നെയായിരിക്കും യോഗ്യര്‍. ഇരുള്‍മൂടിയ നമ്മുടെ ആകാശം തെളിയണമെങ്കില്‍ മഴ പെയ്യണം.  പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശുകയും വേണം. അക്രമസമരങ്ങളിലൂടെ നാടിനെ വേവിച്ചെടുക്കാന്‍ മടിയില്ലാത്തവര്‍  ഭാവിയില്‍ അധികാരത്തിന്റെ അമരത്ത് വന്നുചേരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.  ഇപ്പോള്‍ തന്നെ ഭരണം  ജനങ്ങള്‍ക്കു വേണ്ടിയല്ല.  ജനങ്ങള്‍ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ലെന്ന്  മുഖ്യമന്ത്രി തന്നെ പരസ്യമായി പറയുന്നു.   അപ്പോള്‍ അനുയായികള്‍  അദ്ദേഹത്തിന്റെ വഴി തെരഞ്ഞെടുത്താല്‍ കുറ്റം പറയാനാവില്ല.

     ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന നിവേദനം നല്‍കാനെന്ന പേരില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ അതിക്രമിച്ചുകയറിയ ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിലുള്ള എട്ടംഗ അക്രമിസംഘം ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ ദേഹമാസകലം കരി ഓയില്‍ ഒഴിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഫയലുകളും കമ്പ്യൂട്ടറുകളും ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചെങ്കിലും കെ എസ് യുക്കാര്‍ കേട്ട ഭാവംപോലും നടിച്ചില്ല.  അക്രമികളെ തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെയും കരിഓയില്‍ പ്രയോഗിച്ചു. തികച്ചും ആസൂത്രിതമായിരുന്നു  ഈ ഹീനകൃത്യം. തങ്ങളുടെ പരാക്രമം ഒപ്പിയെടുക്കാന്‍  ദൃശ്യമാധ്യമങ്ങളെ അവര്‍ മുന്‍കൂട്ടി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

     പ്‌ളസ് വണ്‍ ഫീസ് വര്‍ധിപ്പിച്ചത് ഹയര്‍ സെക്കണ്ടറി ഡയറക്ടറല്ലെന്ന് അറിയാത്തവരാണോ  കെ എസ് യുക്കാര്‍? മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സംസ്ഥാന സര്‍ക്കാരാണ് ഫീസ് വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.  ഡിസമ്പര്‍ 12ന്  ഇറങ്ങിയ ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മാസമെടുത്തു. അവരുടെ ആവശ്യം ആത്മാര്‍ഥമായിരുന്നുവെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും സമീപിക്കാമായിരുന്നു.  വഴങ്ങുന്നില്ലെങ്കില്‍  കരി ഓയില്‍ പ്രയോഗം അവര്‍ക്ക് നേരെ ആകാമായിരുന്നുവല്ലോ. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഉദ്യോഗസ്ഥരെ അക്രമകിക്കുന്നതിന്റെ കെമിസ്ട്രിയാണ് മനസ്സിലാവാത്തത്. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പായ ഗ്രൂപ്പിസമായിരിക്കുമോ ഇതിന് പിന്നിലും  വില്ലനായി പ്രവര്‍ത്തിച്ചിട്ടുണ്ടാവുക?  ഏതെങ്കിലും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ വകയായിരുന്നു ഈ നീചകൃത്യമെങ്കില്‍  മനസ്സിലാക്കാമായിരുന്നു. അവര്‍ പോലും ചെയ്യാനറച്ച കാടത്തമാണ് ഗാന്ധി ശിഷ്യന്മാരെന്ന് അഭിമാനിക്കുന്ന കെ എസ് യുക്കാര്‍ ചെയ്തത്.

     ഗംഗാനദിക്ക് പഴയതുപോലെ വിശുദ്ധി അവകാശപ്പെടാനാവാത്തതു പോലെ കോണ്‍ഗ്രസിലും സംശുദ്ധ ചിന്തകള്‍ പടിയിറങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ക്രിമിനലിസം വളര്‍ത്തി നേട്ടം കൊയ്യുന്ന ഫാസിസ്റ്റുരീതി തങ്ങള്‍ക്കും ഇണങ്ങുമെന്ന് കോണ്‍ഗ്രസുകാരും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ.  പാര്‍ടിയും നേതാക്കളും അധികാരത്തിന്റെ ആര്‍ഭാട പരിസരത്തു വിലസുമ്പോള്‍ വിശേഷിച്ചും. കേരളം മാത്രമല്ല ദേശീയ രാഷ്ട്രീയാന്തരീക്ഷവും എത്ര മലീമസമാണെന്നതിന് ഗതകാല സംഭവങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും.

     വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ മുഴുവന്‍ മനംകവര്‍ന്ന കാലമുണ്ടായിരുന്നു. അധ്യയനം പോലും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ ജീവിതം ഹോമിച്ചവരെ രാഷ്ട്രം ഇന്നും അഭിമാനപൂര്‍വമാണ് അനുസ്മരിക്കുന്നത്. പഠിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ പോന്ന പ്രായം  നാടിനെ അടിമത്വത്തില്‍ മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍നിന്ന് ഇന്നത്തെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലേക്കുള്ള ദൂരം എത്രയെന്നതിന് പുതിയ കരി ഓയില്‍ സമരം ഉത്തരം നല്‍കും. നീതിയുക്തമായതും ജനോപകാരപ്രദമായതും നിറവേറ്റാനുള്ള നിശ്ചയദാര്‍ഢ്യം രാജ്യത്തെ മിക്ക വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങള്‍ക്കും കൈമോശം വന്നിരിക്കുന്നു.

     നാം ജനാധിപത്യത്തെ കുറിച്ച് ആയിരം നാവില്‍ സംസാരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യയെന്ന്് അഭിമാനപൂര്‍വം അവകാശപ്പെടുന്നു. എന്നാല്‍  മഹത്തായ ജനാധിപത്യത്തെ നെഞ്ചോട് ചേര്‍ത്ത എത്ര രാഷ്ട്രീയ കക്ഷികളെ നമുക്ക് ചൂണ്ടിക്കാട്ടാനാവും. പാര്‍ടികളിലെല്ലാം കാണുന്നത് നേതാക്കളുടെ സ്വേച്ഛാധിപത്യമാണ്. അതുകൊണ്ടാണ്  ഗ്രൂപ്പിസവും വിഭാഗിയതയും തഴച്ചുവളരുന്നത്. വലിയ നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്നവര്‍ക്കേ രാഷ്ട്രീയത്തില്‍ ഭാവിയുള്ളൂ. ഈ പ്രതിഭാസം വിദ്യാര്‍ഥി-യുവജനസംഘടനകളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നു മാത്രം.

     കെ എസ് യു വിന്റെ കരി ഓയില്‍ സമരത്തില്‍ പങ്കെടുത്തവരില്‍ നാലുപേരും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്. നേതൃത്വം കൊടുത്ത നൂറുദ്ദീനാകട്ടെ ഇസ്‌ലാമിന്റെ പ്രകാശം എന്ന സുന്ദരമായ നാമത്തില്‍ അറിയപ്പെടുന്ന ആളുമാണ്. മതപാഠശാലകളില്‍ ധാര്‍മിക മൂല്യങ്ങളെ കുറിച്ച് വളരെ നന്നായി അദ്ദേഹം പഠിച്ചിട്ടുണ്ടാവണം. എന്നിട്ടും മതമോ ദൈവവിശ്വാസമോ ഇല്ലാത്ത സാദാ വിദ്യാര്‍ഥിയുടെ സദാചാരബോധം പോലും അയാള്‍ക്കുണ്ടായില്ല. ഭാവിഭരണകര്‍ത്താക്കളായി വരുന്ന ഇവരെ കുറിച്ചൊക്കെ ആലോചിക്കുമ്പോള്‍ വല്ലാത്തൊരു ശൂന്യതാബോധം അനുഭവപ്പെടുന്നു. മാരകമായ ഈ ആഘാതത്തെ മുന്‍കൂട്ടി കാണാന്‍ ജനങ്ങള്‍ക്ക് കഴിയണം. അക്രമികളായ വിദ്യാര്‍ഥി നേതാക്കളെ കെ എസ് യു പുറത്താക്കിയത് സന്തോഷകരം തന്നെ. എന്നാലിവര്‍ ഇതിലും വലിയ പദവികളുമായി തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കുമാവില്ല.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...