അതിവേഗം ബഹുദൂരം എന്ന തന്റെ പതിവ് മുദ്രാവാക്യവുമായി അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഭരണത്തിന്റെ 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍ തീര്‍ച്ചയായും ആശ്വസിക്കാം. അല്പസ്വല്‍പം സന്തോഷിക്കാനും വകയുണ്ട്. കഷ്ടിച്ച് അധികാരത്തിലേറിയ ഒരു ഗവണ്‍മെന്റിന്റെ അമരക്കാരനെന്ന നിലയില്‍ മുന്നണിയെ കാറ്റില്‍ ആടിയുലയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നത് തന്നെ വലിയ കാര്യം. പാമോലിന്‍ കേസിലെ കോടതിവിധി സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് ഘടകകക്ഷികളെ കൊണ്ട് പറയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവല്ലോ. കേരളം കണ്ട ഏറ്റവും കരുത്തുറ്റ മുഖ്യമന്ത്രി എന്നാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉമ്മന്‍ചാണ്ടിയെ വിശേഷിപ്പിച്ചത്. മൂലമ്പിള്ളി, ചെങ്ങറ കുടിയേറ്റ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതില്‍ അദ്ദേഹം കാണിച്ച തീക്ഷ്ണമായ ഇഛാശക്തിയും മൂന്നാര്‍, ദേശീയപാത തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉണ്ടായ സത്വരനടപടികളുമാണ് ചാണ്ടിയില്‍ കൃഷ്ണയ്യര്‍ കണ്ട പ്രത്യേകത. സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച മികവിന് ഒരു നയതന്ത്രത്തിന്റെ തിളക്കവും അവകാശപ്പെടാം. കേരളത്തിന് വികസനത്തിന്റെ പുതിയ കവാടമാണ് ഇതുവഴി തുറന്നുകിട്ടിയത്. അഞ്ചുവര്‍ഷവും ഇടതുമുന്നണി സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ച പ്രശ്‌നമാണ് യു ഡി എഫ് ആഴ്ചകള്‍ക്കകം സാധിച്ചെടുത്തത് എന്ന് കൂടി ഓര്‍ക്കണം.
ക്രമസമാധാനപാലനത്തിന്റെ വീഥികളില്‍ സര്‍ക്കാര്‍ കത്തിച്ചുവെച്ച വിളക്കുകള്‍ക്ക് പ്രകാശമേറും. വിദ്യാര്‍ഥികളെ മുന്നില്‍നിര്‍ത്തി പ്രതിപക്ഷം അഴിച്ചുവിട്ട സമരങ്ങളെ നേരിടുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ സമചിത്തത പാലിച്ചു. കേരളത്തിലെ തെരുവുകള്‍ രക്തപങ്കിലമായില്ല. പൊലീസ് പരാജയങ്ങളുടെ കണക്കുപുസ്തകം തുറക്കേണ്ടിവന്നില്ല. ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വത്തിന്റെ ഒളിത്താവളമാകില്ലെന്ന് മുഖ്യമന്ത്രി ഇതുവഴി ജനങ്ങളെ ബോധ്യപ്പെടുത്തി. ദാരിദ്രരേഖക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഒരു രൂപ നിരക്കില്‍ പ്രതിമാസം 25 കിലോ അരി നല്‍കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കിക്കൊണ്ടാണ് യു ഡി എഫ് അതിന്റെ നൂറുദിന പരിപാടിക്ക് തിരശ്ശീലയിട്ടത്. വാഗ്ദാനം ചെയ്തതുപോലെ അപേക്ഷിക്കുന്ന അന്നു തന്നെ റേഷന്‍കാര്‍ഡ് നല്‍കിത്തുടങ്ങിയിട്ടുമുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പാക്കേജും യാഥാര്‍ഥ്യമായി. ഭരണ സുതാര്യതയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്നതാണ് മറ്റൊരു എടുത്തുപറയാവുന്ന കാര്യം.
പ്രശ്‌നങ്ങളെ നേര്‍ക്ക് നേരെ നേരിടുന്നതിലും പരിഹരിക്കുന്നതിലും സൂക്ഷ്മത പുലര്‍ത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പക്ഷെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഒരു ചുവടുപോലും മുമ്പോട്ടു വെച്ചില്ലെന്ന് മാത്രമല്ല വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയസമീപനങ്ങളെ കണ്ണടച്ച് പിന്താങ്ങുകയും ചെയ്യുന്നു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വിലകൂടിയപ്പോള്‍ ജനം കഷ്ടത്തിലായി. ആഗോള വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞിട്ടും വര്‍ധിപ്പിച്ച വില ഇവിടെ കുറച്ചില്ല. എണ്ണ വിലക്കയറ്റം കാരണം നിത്യോപയോഗ സാധനങ്ങളുടെ വിലയോടൊപ്പം ബസ് ചാര്‍ജും ഓട്ടോ-ടാക്‌സി ചാര്‍ജും കുത്തനെ കൂട്ടി. വൈദ്യുതിക്ക് യൂണിറ്റിന് 25 പൈസ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരുടെയും അവരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്ത് വെളിപ്പെടുത്തുമെന്നതായിരുന്നു നൂറുദിന പരിപാടിയിലെ അദ്യ ഇനം. ഇതുവരെ 15 മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തി. മറ്റുള്ളവരുടെ സ്വത്തുവിവരം തുറന്നുവെച്ച വെബ്‌സൈറ്റില്‍ ദൃശ്യമായില്ല. കേന്ദ്രമന്ത്രിമാര്‍ വരെ അഴിമതിയുടെ പേരില്‍ അഴിയെണ്ണുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനത്തിന് ജനം വലിയ വില കല്‍പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടത്താന്‍ ലക്ഷ്യമിട്ടിരുന്ന ജനസമ്പര്‍ക്ക പരിപാടി ഇതുവരെ തുടങ്ങിയിട്ടില്ല. പൊലീസിലെ കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികളും സാക്ഷാല്‍ക്കരിക്കപ്പെട്ടില്ല. സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന 1.40 ലക്ഷം ഫയലുകളുടെ തീര്‍പ്പാക്കല്‍ ഈ കര്‍മപദ്ധതിയിലെ പ്രഖ്യാനമായിരുന്നു. അതും പൂര്‍ത്തിയാക്കേണ്ടതുണ്ട്. മദ്യനയത്തില്‍ സര്‍ക്കാരിന് ശരിക്കും പിഴച്ചു. മദ്യത്തില്‍നിന്നുള്ള വരുമാനം 327കോടി രൂപ കൂട്ടി ബഡ്ജറ്റ് അവതരിപ്പിച്ച ഗവണ്‍മെന്റിന് അടിതെറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. മദ്യലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ യു ഡി എഫ് അതിനുപയുക്തമായ നയം ആവിഷ്‌ക്കരിച്ചില്ല. മദ്യത്തില്‍ മുങ്ങിത്താഴുന്ന കേരളത്തെ ആരു വിചാരിച്ചാലും രക്ഷിക്കാനാവില്ലെന്നതാണ് ഇന്നത്തെ അവസ്ഥ. കാസര്‍കോട് വെടിവെപ്പ് അന്വേഷിച്ച നിസാര്‍ കമീഷനെ പാതിവഴിയില്‍ പിരിച്ചുവിട്ടതും ശരിയായില്ല. സര്‍ക്കാരിനെ അവിശ്വസിക്കാനാണ് ഇത് ഇടവരുത്തിയത്. യു ഡി എഫ് അധികാരമേല്‍ക്കുമ്പോള്‍ വരവേല്‍ക്കാനെത്തിയത് സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങളായിരുന്നുവല്ലോ. അതു കൈകാര്യം ചെയ്യുന്നതില്‍ മുന്‍ഗാമിയെപോലെ പുതിയ വിദ്യാഭ്യാസമന്ത്രിക്കും അടിപതറി. മുഖ്യമന്ത്രിക്കും തൃപ്തികരമായ നടപടി കൈക്കൊള്ളാനായില്ല.
നൂറുദിവസം എന്നത് ഒരു ഭരണത്തെ വിലയിരുത്താന്‍ പര്യാപ്തമായ കാലയളവല്ലെന്നറിയാം. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി നൂറുദിന കര്‍മപരിപാടി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അത് പലതും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. നൂറുദിവസം കൊണ്ട് തീര്‍ക്കാവുന്ന പദ്ധതികളും പരിപാടികളുമല്ല ഇത്തവണയും ആവിഷ്‌കരിച്ചത്. അഞ്ചുവര്‍ഷം കാലാവധി ഉണ്ടെന്നിരിക്കെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളേ പ്രഖ്യാപിക്കാവൂ. പ്രതിഛായ നന്നാക്കാന്‍ കൈക്കൊള്ളുന്ന പൊടിക്കൈകള്‍ വിപരീതഫലം സൃഷ്ടിക്കുമെന്ന മുന്‍ അനുഭവം മുഖ്യമന്ത്രി വിസ്മരിക്കരുതായിരുന്നു.
No comments:
Post a Comment