Saturday, October 1, 2011

വനിതാ-ശിശുക്ഷേമ ബില്‍ രക്ഷയോ ശിക്ഷയോ?

          ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച വനിതാ-ശിശുക്ഷേമ ബില്ലിലെ ശിപാര്‍ശകള്‍ അപ്രായോഗികവും  വ്യക്തിയുടെ മൗലികാവകാശത്തോടുള്ള വെല്ലുവിളിയുമാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള ബില്ലിന്റെ കരടായി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച  റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന് മത സംഘടനകളടക്കം പലരും ഇതിനകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. മതവിരുദ്ധവും ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് ബില്ലിലെ മിക്ക നിര്‍ദേശങ്ങളും. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പിഴയൊടുക്കണമെന്നും അവരെ നിയമപരമായി അയോഗ്യരാക്കണമെന്നുമുള്ള കമ്മീഷന്‍ ശിപാര്‍ശ സംസ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല. മനുഷ്യ വിഭവശേഷി ക്രിയാത്മകമായി ഉയോഗിക്കുന്നതിനു പകരം ഗര്‍ഭഛിദ്രം പ്രോത്സാഹിപ്പിക്കുന്ന ശിപാര്‍ശ മാനവികതക്കും ധാര്‍മികതക്കും അശേഷം നിരക്കുന്നതല്ല. ഗര്‍ഭഛിദ്രവും ഭ്രൂണഹത്യയുമെല്ലാം സാരമായി ബാധിക്കുക സ്ത്രീ സമൂഹത്തെയായിരിക്കുമെന്നതും സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. മാത്രമല്ല കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പിറക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കുന്നതും എത്രമാത്രം ക്രൂരമാണ്.

          ജസ്റ്റിസ് കൃഷ്ണയ്യരെ പോലുള്ളവരില്‍നിന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്തരമൊരു ശിപാര്‍ശ. ഒരു രാജ്യത്തെ സംബന്ധിച്ചെടുത്തോളം അതിന്റെ പ്രധാന സമ്പത്ത് അവിടുത്തെ ജനങ്ങള്‍ തന്നെയാണ്. അതായത് മനുഷ്യവിഭവം. ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ചൈനയുടെ വളര്‍ച്ചക്ക് കാരണം ആ രാജ്യത്തിന്റെ മനുഷ്യ വിഭവശേഷിയാണ്. ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കുട്ടികളുണ്ടാവാന്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ കാരണം  കൃഷ്ണയ്യരെ പോലുള്ളവര്‍ അന്വേഷിക്കണം. ദാരിദ്ര്യത്തിനു കാരണം വിഭവങ്ങളുടെ അശാസ്ത്രീയമായ  വിതരണമാണെന്നും ജനപ്പെരുപ്പമല്ലെന്നും ലോകം തിരിച്ചറിഞ്ഞിട്ട് വര്‍ഷങ്ങളേറെയായി. ജനപ്പെരുപ്പമാണ്   രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് ആരാണ് കൃഷ്ണയ്യരെ ധരിപ്പിച്ചത്? അല്ലെങ്കില്‍ അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ച വസ്തുതകളെന്താണ്?

          ജനങ്ങളുടെ ആധിക്യമാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും അതീവ ഗുരുതരപ്രശ്‌നമെന്ന് പ്രചരിപ്പിച്ചത്  പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളാണ്. അതിന് പിന്നില്‍ പല നിക്ഷിപ്ത ലക്ഷ്യങ്ങളും അവര്‍ക്കുണ്ടായിരുന്നുവെന്ന് വളരെ വൈകാതെ തന്നെ ബോധ്യപ്പെടുകയും ചെയ്തു. എന്തായിരുന്നു അവരുടെ ഉള്ളിലിരിപ്പ്. ലോകം മുഴുവന്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ തലയെണ്ണം കൂടുതലുള്ള രാജ്യങ്ങള്‍ ലോകത്തിന്റെ നിയന്ത്രണം കൈക്കലാക്കുമെന്നും തങ്ങളുടെ ആധിപത്യം നഷ്ടപ്പെടുമെന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. എന്നാലിന്നിതാ ലോക സമ്പത്തിന്റെ നല്ലൊരു ഭാഗം കൈപിടിയിലൊതുക്കിയിരുന്ന അമേരിക്ക വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെയാകട്ടെ ഇത് കാര്യമായി ബാധിക്കുന്നുമില്ല. തന്നെയുമല്ല അടുത്ത പത്തോ ഇരുപതോ കൊല്ലങ്ങള്‍ക്കകം  ഈ രാജ്യങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ നിയന്ത്രിക്കുന്നവരാകുമെന്ന് കൂടി പ്രവചിക്കപ്പെട്ടിരിക്കുന്നു.

           ലോകമെങ്ങും എത്തി മേധാശക്തിയായി മാറിയ ജൂത ജനതയെ കവച്ചുവെക്കും വിധം  മലയാളികള്‍ ഭൂമിയിലെങ്ങും വ്യാപിച്ച് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ മലയാളികളുടെ മക്കള്‍ ഇംഗ്‌ളീഷിലും കണക്കിലും അന്നാട്ടുകാരുടെ മക്കളെ ബഹുദൂരം പിന്നിലാക്കുന്നു. ഈ സാഹചര്യത്തില്‍ നാലു ശതമാനം മാത്രം ജനസംഖ്യാ വര്‍ധന രേഖപ്പെടുത്തുന്ന കേരളത്തില്‍ രണ്ടിലധികം  കുഞ്ഞുങ്ങളുണ്ടാകുന്നവരെ ശിക്ഷിക്കാന്‍ നിയമമുണ്ടാവണമെന്ന് നിയമം കൊണ്ടുവരുന്നത് എത്രമാത്രം ദു:ഖകരമാണ്. ആരുടെ പിണിയാളുകളാണ് ഇതിന്റെ പിന്നിലെന്ന് ചിന്തിക്കാന്‍ അധികമൊന്നും തലപുണ്ണാക്കേണ്ടതില്ല. 

          രണ്ടു കുട്ടികളിലധികം ജനിക്കുന്ന മാതാപിതാക്കള്‍ക്ക് പതിനായിരം രൂപ പിഴയും മൂന്നുവര്‍ഷം കഠിനതടവും ശിപാര്‍ശ ചെയ്യുന്നതാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ റിപ്പോര്‍ട്ട്. ഇക്കണക്കിന് ഒരു പ്രസവത്തില്‍ രണ്ടിലധികം കുട്ടികള്‍ ജനിച്ചാലും അവര്‍ ശിക്ഷാര്‍ഹരാകുകയില്ലേ? തടവും ശിക്ഷയും കുട്ടികളുടെ അമ്മയ്ക്കാണോ അച്ഛനാണോ അതോ ഇരുവര്‍ക്കും കൂടിയാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് നിശ്ചയിക്കേണ്ടത് ദമ്പതികളാണ്. അവരുടെ മൗലികാവകാശം കൂടിയാണത്. രണ്ടു കുട്ടികളുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍  നിര്‍ബന്ധിത വന്ധ്യംകരണം നടത്തണം എന്നായിരുന്നു നിര്‍ദേശമെങ്കില്‍ അതും ഭരണഘടനാ വിരുദ്ധമാണെങ്കില്‍ കൂടി, അവരെ ശിക്ഷയില്‍നിന്ന് രക്ഷിക്കാമായിരുന്നു.  മുന്‍മന്ത്രിയും ന്യായാധിപനും മനുഷ്യാവകാശ പ്രവര്‍ത്തകനുമൊക്കെയായ കൃഷ്ണയ്യര്‍ ചുരുങ്ങിയപക്ഷം ആ വഴിക്കും ചിന്തിച്ചില്ല. രണ്ടായാലും ജനങ്ങള്‍ അതംഗീകരിക്കാന്‍ പോകുന്നില്ല. കൃഷ്ണയ്യരെ പോലുള്ള വയോധികരെ സ്വസ്ഥമായി കഴിയാനനുവദിക്കാതെ ഗൗരവാവഹമായ ബില്ലുകള്‍ തയാറാക്കാന്‍ നിയോഗിക്കുന്ന ഭരണകര്‍ത്താക്കളെയാണ്്  ഇവിടെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്.

          2050 ഓടെ ഇന്ത്യ ലോകത്തെ വന്‍ ശക്തിയാകുമെന്നാണ് ആഗോള നിരീക്ഷകരുടെ പ്രവചനമെന്നിരിക്കെ ജനപ്പെരുപ്പമാണ് രാജ്യപുരോഗതിയെ തടസ്സപ്പെടുത്തുന്നതെന്ന വാദം നിരര്‍ഥകമാണ്. എന്തായാലും വനിതാ-ബാല ക്ഷേമ ബില്‍ എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമേ പാസ്സാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിട്ടുണ്ട്. കഴിയുന്നത്ര എല്ലാവരുടെയും അംഗീകാരത്തോടയല്ല ബില്‍ പാസ്സാക്കുന്നതെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്താനായിരിക്കും അതു വഴിവെക്കുക.

1 comment:

  1. ഇത് ഒരിക്കലും ഒരു രക്ഷയല്ല ശിക്ഷ തന്നെയാണ്
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete

Related Posts Plugin for WordPress, Blogger...