Tuesday, February 28, 2012

പൊലീസ് ആരുടെ നിയന്ത്രണത്തില്‍?


           പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അതിനാല്‍ തളിപ്പറമ്പ് മണ്ഡലം എം എസ് എഫ് ഖജാഞ്ചി അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്നുമുള്ള കണ്ണൂര്‍ജില്ലാ മുസ്‌ലിം ലീഗ് നേതാക്കളുടെ ആവശ്യം കേരളത്തിലെ ക്രമസമാധാനനിലയെ കുറിച്ചുള്ള ഭയാശങ്കകളുടെ വിളംബരം കൂടിയാണ്. രണ്ട് കിലോമീറ്റര്‍ ദൂരത്ത് രണ്ട് മിനുട്ടുകൊണ്ട് അഞ്ച് പൊലീസുകാര്‍ എത്തിയിരുന്നുവെങ്കില്‍ ഷൂക്കൂര്‍ രക്ഷപ്പെടുമായിരുന്നുവെന്നും എന്നാല്‍ സി പി എം-പൊലീസ് ഗൂഢാലോചനയുടെ ഫലമായി കണ്ണൂരില്‍ കലാപ രാഷ്ട്രീയം സജീവമായിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ സുധാകരനും ആരോപിച്ചിരിക്കുന്നു. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വിളിപ്പുറത്ത് പോലും ജനം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിചിത്രമായ വിശദീകരണങ്ങള്‍ക്കപ്പുറം, നടപടികളുടെ അഭാവത്തില്‍ ആരാണ് മുഖവിലക്കെടുക്കുക?

          സര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയാ യ ലീഗ് തന്നെ പൊലീസിന്റെ നടപടിയില്‍ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തുമ്പോള്‍ പ്രശ്‌നം അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്നുവെന്ന് പറയേണ്ടിവരും. ലീഗിനെ സംബന്ധിച്ചെടുത്തോളം നിരപരാധിയായ ഒരു വിദ്യാര്‍ഥി നേതാവാണ് പട്ടാപ്പകല്‍ നിഷ്‌ക്കരുണം വധിക്കപ്പെട്ടത്. സി പി എം നേതാക്കള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ഈ യുവാവിന് യാതൊരു ബന്ധവുമില്ലെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് അക്രമികള്‍ക്ക് കുടപിടിക്കുന്നുവെന്ന് കൂടി വന്നാല്‍ മറ്റുള്ളവരുടെ ഗതിയെന്താകും? പൊലീസില്‍നിന്ന് നീതിലഭിക്കുന്നില്ലെങ്കില്‍ അത് ലീഗ് നേതാക്കള്‍ ആദ്യം പറയേണ്ടത് മുഖ്യമന്ത്രിയോടായിരുന്നു. അങ്ങനെ പറഞ്ഞിട്ടും ഫലമില്ലാത്തതുകൊണ്ടാണോ എന്‍ ഐ എയെ ശരണം പ്രാപിക്കാന്‍ തീരുമാനിച്ചത്? ഇനി കേരളപൊലീസ് അന്വേഷിച്ചാലും പ്രതികള്‍ക്കായിരിക്കും അതു ഗുണംചെയ്യുക എന്നും ലീഗ് കരുതുന്നുവോ? ലീഗിന്റെ പരാതി മുഖ്യമന്ത്രി മുഖവിലക്കെടുക്കാതിരുന്നതും  പൊലീസിനെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം അനുഭവിക്കുന്ന നിസ്സഹായതയതയുമാണ്  പാര്‍ടിയുടെ കണ്ണൂര്‍ നേതൃത്വത്തെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെങ്കില്‍ പിന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതല  മുഖ്യമന്ത്രി വഹിക്കുന്നതില്‍ അര്‍ഥമില്ല.
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ജനസമ്പര്‍ക്ക പരിപാടിയടക്കമുള്ള നിരവധി സൂത്രപ്പണികള്‍ ആവിഷ്‌ക്കരിച്ച് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണല്ലോ മുഖ്യമന്ത്രി.   കുത്തഴിഞ്ഞുകിടക്കുന്ന  മറ്റ് വകുപ്പുകള്‍ തുന്നിക്കെട്ടാന്‍ സഹമന്ത്രിമാരെ പോലും അറിയിക്കാതെ കേരളമാകെ വിശ്രമമില്ലാതെ ഓടിനടക്കുന്ന മുഖ്യമന്ത്രി, സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നതാണ് കഷ്ടം. യു ഡി എഫ് അധികാരത്തില്‍ വന്ന ശേഷം ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിട്ടിലെന്നത് നേരാണ്. എന്നാല്‍ നമ്മുടെ മേല്‍ വന്നുവീഴുന്ന പ്രശ്‌നങ്ങളില്‍ അശാന്തിയുടെ കനലണയ്ക്കാന്‍ പൊലീസിനായിട്ടില്ല.

           ഉത്തരകേരളത്തില്‍ കുറച്ചുനാളായി സംഘര്‍ഷവും സംഘട്ടനങ്ങളും നിരന്തരം നടക്കുന്നു. മുസ്‌ലിംലീഗും സി പി എമ്മും തമ്മിലും സി പി എമ്മും ബി ജെ പിയും തമ്മിലും കണ്ണൂരിലും നാദാപുരത്തും കാഞ്ഞങ്ങാട്ടും പയ്യോളിയിലും അരങ്ങേറിയ അക്രമങ്ങളിലാണ് ഷുക്കൂറും മനോജും കൊല്ലപ്പെട്ടത്. നാദാപുരത്തും പരിസരങ്ങളിലും ആഴ്ചകളായി ജനങ്ങള്‍ ഭീതിയിലാണ്. രാഷ്ട്രീയ സംഘട്ടനത്തിന്റെ മറവില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള  ആപല്‍ക്കരമായ ശ്രമങ്ങളും നടക്കുന്നു. പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനോ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനോ പൊലീസിന് കഴിയുന്നില്ല.
 
          അടുത്ത കാലത്താണ് സദാചാര പൊലീസ് രണ്ടുയുവാക്കളുടെ ജീവനെടുത്തത്. പെരുമ്പാവൂരില്‍ രഘു എന്ന ബസ്‌യാത്രക്കാരനെ തല്ലിക്കൊന്ന കേസില്‍ ഒരു പൊലീസുകാരന്‍  പ്രതിയുമാണ്. അന്യസംസ്ഥാനത്തു നിന്നെത്തിയ തൊഴിലാളികള്‍ നടത്തുന്ന കൊലയും കൊള്ളയും മറ്റൊരു വെല്ലുവിളിയാണ്. ട്രെയിന്‍യാത്രയിലെ അനിഷ്ടസംഭവങ്ങള്‍ പാവം യാത്രക്കാരുടെ മാനം മാത്രമല്ല ജീവനും കവരുന്നു. മുസ്‌ലിംകളായ 258 പ്രമുഖര്‍ക്കെതിരെ ഇ-മെയില്‍ വിവാദം പൊക്കിക്കൊണ്ടുവന്നതാണ് അടുത്ത കാലത്ത് പൊലീസ് ചെയ്ത വലിയ 'സേവനം'. അതിന് പോലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പൊലീസ് മേധാവികള്‍ക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞതുമില്ല.

         ബംഗാളിലും ആന്ധ്രയിലും നക്‌സല്‍ തീവ്രവാദികള്‍ നടത്തുന്ന രീതിയില്‍ രണ്ടു മണിക്കൂര്‍ തടവിലാക്കിയ ശേഷം മൊബൈലില്‍ ഫോട്ടോയെടുത്ത് മറ്റാര്‍ക്കൊക്കെയോ അയച്ചുകൊടുത്ത് ആളെ ഉറപ്പുവരുത്തിയ ശേഷമാണത്രെ ഷുക്കൂറിനെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. നിരപരാധിയായ ഒരു യുവാവിനെ വെട്ടിക്കൊന്നതിന് പുറമെ അയാളെ അക്രമിയായി ചിത്രീകരിക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത ദ്രോഹം തന്നെയാണ്. കേരളത്തില്‍, വിശിഷ്യ കണ്ണൂര്‍ജില്ലയില്‍ സി പി എമ്മുകാരുടെ ആജ്ഞാനുവര്‍ത്തികളായി പൊലീസ് പെരുമാറുന്നുണ്ടെങ്കില്‍, അക്രമികള്‍ക്ക് ചൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്തിന് മടിക്കണം?

         1970കളുടെ തുടക്കത്തില്‍ കേരളത്തില്‍ ശക്തിപ്രാപിച്ച നക്‌സലൈറ്റുകളെ നേരിടുന്നതില്‍   കെ കരുണാകരനും  സി എച്ച് മുഹമ്മദുകോയയും കാണിച്ച നിശ്ചയദാര്‍ഢ്യം ഉമ്മന്‍ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും പാഠമാവേണ്ടതുണ്ട്. ഗീര്‍വാണവും പൊള്ളയായ അവകാശവാദങ്ങളും നടത്തി കാലംകഴിക്കുകയല്ല, അനന്തരാഘാതങ്ങള്‍കൂസാതെ പ്രായോഗിക സത്വരനടപടി സ്വീകരിക്കുകയായിരുന്നു അവര്‍. പൊലീസിന്റെ ഭാഗത്തുനിന്നണ്ടാവുന്ന വീഴ്ചകള്‍ സംഘര്‍ഷങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കുന്നത് അത്യന്തം ഉത്ക്കണ്ഠാജനകം തന്നെയാണ്.

3 comments:

  1. കാര്യശേഷിയില്ലായ്മയുടെ കാര്യത്തില്‍ ചാണ്ടി ആന്റണിക്ക് പഠിക്കുകയാണ്.

    ReplyDelete
  2. കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കുകയല്ല ,കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെ കരുതുന്നു ..എങ്കിലും ഒരു സംശയം ,ലീഗുകാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും .അതും കണ്ണൂരില്‍ CPM ജില്ലാ സെക്രടറി യെ ,അധികാരത്തിന്റെ ഹുങ്കിന്റെ പുറത്തു ആക്രമിച്ചാല്‍ സഖാക്കള്‍ തിരിച്ചു പണി തരും എന്ന് അറിയാന്‍ പാടില്ലാത്തതും ഒന്നും അല്ലല്ലോ .ആകാശത്ത് കൂടി പോകുന്ന വെടിയുണ്ട 'കോണി ' വച്ച് കേറി നെഞ്ചില്‍ ആവാഹിക്കാന്‍ പോയിട്ടല്ലേ ,വടി കൊടുത്തു അടി വേടിക്കുക അതല്ലേ ചെയ്തത്

    ReplyDelete
  3. >>>പൊലീസിന്റെ ഭാഗത്തുനിന്നണ്ടാവുന്ന വീഴ്ചകള്‍ സംഘര്‍ഷങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കുന്നത് അത്യന്തം ഉത്ക്കണ്ഠാജനകം തന്നെയാണ്.<<<
    മേല്‍ വാചകത്തിനു ഒരു അടിയൊപ്പ്

    ReplyDelete

Related Posts Plugin for WordPress, Blogger...