Saturday, June 8, 2013

വിശ്വസിക്കേണ്ട ഹദീസ് ഏത്?



     ഹദീസ് എന്ന പദം അല്ലാഹു തന്റെ വേദത്തില്‍ ഖുര്‍ആനിന്റെ വിശേഷണമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ട് ആ വേദം പോലുള്ള ഒന്നു കൊണ്ടുവരാന്‍ ബഹുദൈവ വിശ്വാസികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു:-

     'ഇത് അവന്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ പറയുന്നുണ്ടോ? ഇല്ല. പിന്നെയോ, അവര്‍ വിശ്വസിക്കുന്നില്ല. അവര്‍ സത്യസന്ധരാണെങ്കില്‍ അതുപോലുള്ള ഒരു ഹദീസ് കൊണ്ടുവരട്ടെ.(52:3334) എന്നാല്‍ വിചിത്രവും അത്ഭുതകരവുമെന്നു പറയട്ടെ, ബഹുദൈവ വിശ്വാസികളോടുള്ള വെല്ലുവിളി മുസ്‌ലിം പുരോഹിതന്മാര്‍ തന്നെ ഏറ്റെടുക്കുകയും ഹദീസുകള്‍ എന്ന പേരില്‍ ഒരു പാട് വാറോലകള്‍ എഴുതിയുണ്ടാക്കുകയും ചെയ്തിരിക്കുന്നു!  അവയാകട്ടെ അല്ലാഹു തന്റെ വേദത്തെ കുറിച്ച് വിശേഷിപ്പിച്ച ഏറ്റവും നല്ല ഹദീസുകള്‍ (അഹ്‌സനുല്‍ ഹദീസ്) എന്ന വിശേഷണത്തിന്റെ അടുത്തുപോലും വെക്കാന്‍ പറ്റാത്തതും. അല്ലാഹു പറയുന്നത് കാണുക:-

     'അത്യുത്തമ ഹദീസിനെ പരസ്പര സദൃശവും ആവര്‍ത്തിതവുമായ ഒരു ഗ്രന്ഥമായി  അവതരിപ്പിച്ചിരിക്കുന്നു. അതു നിമിത്തം തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും ദൈവത്തിന്റെ അനുസ്മരണക്ക് മൃദുലമാവുകയും ചെയ്യുന്നു. അതാണു ഉദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം. (39:23). അത്യൂത്തമ ഹദീസ് ഒരു ഗ്രന്ഥമായും (കിതാബന്‍) ഏറ്റവും നല്ലതായും അല്ലാഹു നല്‍കിയിരിക്കെ എന്തിന് ഏറ്റവും ചീത്തയായ (അഖ്ബഹ്) ഹദീസുകള്‍ നാം തേടിപ്പോകണം? ഖുര്‍ആനെ അല്ലാഹു ഹദീസ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ആ ഖുര്‍ആനിലാണ് സത്യം മുഴുവന്‍ എന്ന് ദൈവം വ്യക്തമാക്കുന്നതും കാണുക. ഖുര്‍ആനാകുന്ന ഹദീസിനെ തള്ളിക്കളയുന്നവരെ അല്ലാഹു താക്കീതു ചെയ്യുന്നതും  കാണുക:-

     'അതിനാല്‍ എന്നെയും ഈ ഹദീസിനെ വ്യാജമാക്കുന്നവരെയും നീ വിട്ടേക്കുക. അവരറിയാത്ത വിധത്തില്‍ അവരെ നാം ഇതാ അടുപ്പിക്കുകയാണ്.(68:44).  ഖുര്‍ആനാകുന്ന ഹദീസിനു പുറമെയുള്ളവയില്‍ വിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു   തന്നെ വ്യക്തമാക്കുന്നത് കാണുക:-

     'അവ സത്യത്തോടുകൂടി നിനക്ക് നാം ഓതിത്തന്ന ദൈവത്തിന്റെ വചനങ്ങളാകുന്നു. അപ്പോള്‍ ദൈവത്തിനും അവന്റെ വചനങ്ങള്‍ക്കും ശേഷം ഏതൊരു ഹദീസിലാണ് അവര്‍ വിശ്വസിക്കുന്നത്? പാപികളായ സര്‍വ്വ നുണയന്മാര്‍ക്കും മഹാനാശം. (45:6,7). ഇതേ ചോദ്യം ആവര്‍ത്തിക്കുന്ന നിരവധി ആയത്തുകള്‍ വേറയും ഖുര്‍ആനില്‍ കാണാം. ഉദാ: (7:185, 77:50)

     ഖുര്‍ആനെയാണ് ദൈവം ഹദീസ് എന്ന പദം കൊണ്ട് വിശേഷിപ്പിച്ചിട്ടുള്ളത്. ഖുര്‍ആനു പുറമെയുള്ള ഹദീസിനെ വാര്‍ത്താവിനോദം എന്നാണ് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്. 'എന്നാല്‍ യാതൊരു അറിവുമില്ലാതെ ദൈവത്തിന്റെ മാര്‍ഗത്തില്‍നിന്നും വ്യതിചലിപ്പിക്കാനും അതിനെ പരിഹസിക്കാനും വേണ്ടി വാര്‍ത്താവിനോദം (ലഹ്‌വല്‍ ഹദീസ്) വിലക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരിലുണ്ട്. അക്കൂട്ടര്‍ ആരോ അവര്‍ക്ക് തന്നെയാണ് നിന്ദിക്കുന്ന ശിക്ഷ. അവര്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതിക്കൊടുത്താല്‍ തങ്ങളുടെ ഇരുചെവികളിലും വല്ല അടപ്പും ഉള്ളതുപോലെ അതു കേട്ടിട്ടില്ലാത്ത മട്ടില്‍ അഹങ്കാരികളായി തിരിഞ്ഞുപോകും. അതിനാല്‍ അവര്‍ക്ക് നീ കഠിനമായ ശിക്ഷയെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക.(31:6)

     ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കോ വചനങ്ങള്‍ക്കോ തുല്യമായതൊന്ന് കൊണ്ടുവരാന്‍ അല്ലാഹു വീണ്ടും വെല്ലുവിളിക്കുന്നത് കാണുക:-

    നമ്മുടെ ദാസന്റെ മേല്‍ നാം ഇറക്കിയതിനെ കുറിച്ച് നിങ്ങള്‍ വല്ല സംശയത്തിലുമായാല്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അതു പോലുള്ളതില്‍നിന്നും ഒരധ്യായം കൊണ്ടുവരികയും....(2:23)..... 

     ഖുര്‍ആനിലെ മാതൃകയില്‍ നിന്നും ആര്‍ക്കും കൊണ്ടുവരാന്‍ കഴിയില്ലെന്നിരിക്കെ പിന്നെ പ്രവാചകന്‍ ഇങ്ങനെ എനിക്ക് ഖുര്‍ആന്‍ പോലെയുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നുവെന്ന് എങ്ങനെ പറയും? ഖുര്‍ആനിനു സമാനമായ (മിഥ്ല്‍) ഒന്ന് കൊണ്ടുവരാന്‍ പ്രവാചകന്റെ നാവിലൂടെ തന്നെ വെല്ലുവിളിക്കുക. എന്നിട്ട് അതേ പ്രവാചകന്‍ തന്നെ എനിക്ക് ഖുര്‍ആന്‍ പോലെയുള്ള മറ്റൊന്നു കൂടി നല്‍കപ്പെട്ടിരിക്കുന്നു എന്ന് പറയുകയും ചെയ്യുക. ഈ വൈരുധ്യം ഒരിക്കലും സംഭവിക്കുകയില്ലല്ലോ. 

     അല്ലാഹു പറയുന്നത് കാണുക:- 'അതല്ല അവന്‍ കള്ളം ചമച്ചതാണെന്ന് അവര്‍ പറയുകയാണോ? നീ പറയുക, എങ്കില്‍ ഇതുപോലുള്ള ഒരു പത്ത് അധ്യായം നിങ്ങള്‍ കൊണ്ടുവരികയും....(11:13) 

     മുകളില്‍ വിവരിച്ചതും അതുപോലുള്ളതുമായ ഒരുപാട് വചനങ്ങളില്‍നിന്നും  നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് പ്രവാചകന്റെ മേല്‍ അവതരിക്കപ്പെട്ടിരുന്നത് അധ്യായങ്ങളും സൂക്തങ്ങളുമാണെന്നതാണ്. ആ അധ്യായങ്ങളും വചനങ്ങളുമാകട്ടെ ഖുര്‍ആനിലുള്ളിലാണു താനും. അതല്ല പുരോഹിതന്മാര്‍ വാദിക്കുന്നതു പോലെ പ്രവാചകനു അവതരിക്കപ്പെട്ടതില്‍ ഹദീസുകളും ഉണ്ടെങ്കില്‍ അത്തരം ഹദീസുകള്‍ ആര്‍ക്കു വേണമെങ്കിലും യഥേഷ്ടം രചിക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ നിര്‍മിക്കപ്പെട്ട പരസഹസ്രം ഹദീസുകളാണ് മുസ്‌ലിം സമൂഹം ഇന്ന് നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതും പിന്‍പറ്റുന്നതും. അപ്പോള്‍ പിന്നെ അല്ലാഹുവിന്റെ വെല്ലുവിളിക്ക് ഒരു പ്രസക്തിയുമില്ലെന്നല്ലേ വരിക?

2 comments:

  1. പ്രിയ വായനക്കാരെ, ഒരു നീണ്ട ഇടവേളക്ക് ശേഷം സംവാദകൻ വീണ്ടും ഇടപെടുകയാണ്.. ഇത്തവണ മറ്റൊരു ബ്ലോഗ് മുഫ്തിയുടെ ബ്ലോഗ് പോസ്റ്റാണ് വിഷയം .. അഥവാ ജാഫർ അത്തോളിയുടെ ‘വിശ്വസിക്കേണ്ട ഹദീസ് ഏത് ? ‘ എന്ന അബദ്ധജഡിലമായ ബ്ലോഗ് പോസ്റ്റ്

    എന്താണ് ഖുർ‌ആനെന്നോ, ഹദീസെന്തെന്നോ , ഇസ്‌ലാമെന്താണെന്നോ മനസിലാക്കിയിട്ടില്ലാത്ത ഒരാളുടെ വാക്കുകളായിട്ടാണ് മനസിലാവുന്നത്. .സാധാരണക്കാരാ‍യ മുസ്‌ലിംകൾ ഇത്തരം ദുർവ്യാഖ്യാനങ്ങളിൽ പെട്ടു പോകാതിരിക്കാൻ അതിന്റെ സത്യാവസ്ഥ എന്താണെന്ന് വിവരിക്കാം.ഇൻശാ അല്ലാഹ് , ഈ പോസ്റ്റിനുള്ള മറുപടി ഇവിടെ ക്ലിക് ചെയ്ത്വായിക്കുക

    ReplyDelete
  2. അവര്‍ക്ക് സത്യം മനസ്സിലാക്കാന്‍ കഴിയാത്ത ഹൃദയങ്ങള്‍ ഉണ്ട് , സത്യം കേള്‍ക്കാന്‍ കഴിയാത്ത ചെവികളും കാണാന്‍ കഴിയാത്ത കണ്ണുകളും ഉണ്ട് - ഇത്തരം ഒരു വിഭാഗത്തില്‍ മാത്രമേ ഈ എഴുത്തിനെ കാണാനൊക്കൂ - തന്‍റെ അറിവില്ലായ്മയുടെ ആഴം എത്രയുണ്ടോ അത്രയും പറയുന്ന ഒരു ലേഖനം - ഷെയിം ജാഫര്‍ ഷയിം

    ReplyDelete

Related Posts Plugin for WordPress, Blogger...