Friday, May 31, 2013

സംശയരഹിത സത്യം ഖുര്‍ആന്‍ മാത്രം



     സംശയങ്ങള്‍ക്ക് ഇടം നല്‍കാത്തതും വിശ്വസിക്കണമെങ്കില്‍ ഉപാധികളില്ലാത്തതുമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. പരമകാരുണികന്‍ പറയുന്നത് കാണുക:-

     'അതാണ് സാക്ഷാല്‍ ഗ്രന്ഥം, യാതൊരു സംശയവുമില്ല. മുത്തഖികളെ ഉണ്ടാക്കാനുള്ള മാര്‍ഗനിര്‍ദേശവും അതിലാണുള്ളത്'.(2:2) ദൈവത്തിന്റെ വേദമായ ഖുര്‍ആനല്ലാത്ത ഗ്രന്ഥങ്ങളെല്ലാം അസത്യവും അര്‍ധസത്യവും ഇടകലര്‍ന്നതും വിശ്വസിക്കണമെങ്കില്‍ ആരു പറഞ്ഞു, അവന്‍ കളവു പറയുന്നവരാണോ, എത്രപേര്‍ പറഞ്ഞതാണ്,  എന്നിങ്ങനെ ഒരുപാട് ഉപാധികളോടെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ എന്ന് ഈ ഗ്രന്ഥങ്ങള്‍ തയാറാക്കിയവര്‍ തന്നെ സമ്മതിക്കുന്നു. ഇങ്ങനെ സത്യങ്ങളും അസത്യങ്ങളും ഇടകലര്‍ന്നവയെ ഊഹങ്ങളുടെ (ളന്ന്) ഗണത്തില്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നും ഇവര്‍ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ ദൈവം അവനെതിരില്‍ അന്ത്യദിനത്തില്‍ ആര്‍ക്കും ഒരു ന്യായവും പറഞ്ഞൊഴിഞ്ഞ് രക്ഷപ്പെടാന്‍ പറ്റാത്ത വിധം ഉറച്ച സത്യങ്ങള്‍ മാത്രമുള്ള ഗ്രന്ഥമാണ് നല്‍കുക. ആ ഗ്രന്ഥം തെറ്റുകളില്‍നിന്ന് മുക്തവുമായിരിക്കും. വിശ്വസിക്കാന്‍ യാതൊരുപാധിയും ആവശ്യവുമില്ല. അതിന്റെ സംരക്ഷണം പ്രപഞ്ചനാഥന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു. അല്ലാഹു പറയുന്നു:-

     'നാം തന്നെയാണ് ഖുര്‍ആന്‍ ഇറക്കിയിരിക്കുന്നത്. അതിനെ സംരക്ഷിക്കുന്നതും നാം തന്നെയാണ്. ( അല്‍ ഹിജ്ര്‍-9). മറ്റൊരു വചനം കാണുക:-

     (........അതാണെങ്കില്‍ തീര്‍ച്ചയായും അജയ്യമായൊരു ഗ്രന്ഥം. അതിന്റെ മുമ്പിലൂടെയോ പിന്നിലൂടെയോ മിഥ്യകളൊന്നും പ്രവേശിക്കുകയില്ല. ന്യായാധിപനും സ്തുത്യര്‍ഹനുമായവന്റെ പക്കല്‍നിന്നുള്ള ഒരു അവതരണമാണത്.( ഫുസ്സ്വിലത്ത് 41,42)

     അപ്പോള്‍ തെറ്റുപറ്റാത്തതും ദൈവത്താല്‍  സംരക്ഷിക്കപ്പെട്ടതുമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. മറ്റ് മനുഷ്യനിര്‍മിത ഗ്രന്ഥങ്ങള്‍ക്കൊന്നും  ഈ വിശേഷണമില്ല. അത്തരം ഗ്രന്ഥങ്ങളിലും മതങ്ങളിലും സംശയങ്ങള്‍ക്കും ഊഹങ്ങള്‍ക്കും സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഊഹങ്ങളിലും സംശയങ്ങളിലും അധിഷ്ഠിതമായ വിശ്വാസങ്ങളില്‍നിന്ന് പിന്തിരിയാനും സംശയങ്ങളില്ലാത്ത ഉറച്ച സത്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഖുര്‍ആനേയും മതത്തേയും പിന്‍പറ്റാനും അല്ലാഹു കല്‍പിച്ചത്. 

     (........ദൈവത്തെ അല്ലാതെ വിളിക്കുന്നവര്‍ ചില പങ്കാളികളെ പിന്‍പറ്റുകയില്ലെന്നും അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ലെന്നും അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അറിയുവിന്‍.(യൂനുസ് 66)  മറ്റൊരു വചനം കാണുക:-

     'ബഹുദൈവ വിശ്വാസികള്‍ ഉടനെ പറയും. ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ പങ്കുചേര്‍ക്കുകയോ ഒന്നിനെയും നിഷിധമാക്കുകയോ ചെയ്യുമായിരുന്നില്ല. അപ്രകാരമായിരുന്നു അവരുടെ മുമ്പുണ്ടായിരുന്നവര്‍ വ്യാജമാക്കുകയും നമ്മുടെ ശിക്ഷ രുചിക്കുകയും ചെയ്തത്. നീ പറയുക. ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുവാന്‍ വല്ല അറിവും നിങ്ങളുടെ പക്കലുണ്ടോ? ഊഹത്തെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല. നിങ്ങള്‍ അനുമാനിക്കുകയല്ലാതെ ഒന്നും ചെയ്യുന്നുമില്ല. (അന്‍ആം 148)

     അപ്പോള്‍ വിരലിലെണ്ണാവുന്ന ഏതാനും ഹദീസുകള്‍ ഒഴികെയുള്ളവയെല്ലാം ഊഹത്തെ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂവെന്ന് ഹദീസു പണ്ഡിതന്മാരെല്ലാം ഏകോപിച്ച് സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ അത്തരം ഹദീസുകള്‍ നാം എന്തിനു സ്വീകരിക്കണം? സത്യങ്ങള്‍ മാത്രമുള്ളത് സ്വീകരിച്ചാല്‍ മതിയാവില്ലേ? സത്യത്തെ പിന്‍പറ്റുന്നവരെ കുറിച്ചും ഊഹങ്ങളെ പിന്‍പറ്റുന്നവരെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക:-

     'അവരില്‍ അധികം പേരും ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. തീര്‍ച്ചയായും ഊഹം സത്യത്തില്‍നിന്ന് ഒന്നിനും ഒരു പ്രയോജനവും ചെയ്യുന്നില്ല. (10:36) 

     ജനങ്ങളില്‍ അധികം പേരും സത്യത്തെ തള്ളിക്കളയുകയും ഊഹങ്ങളെ പിന്‍പറ്റുകയുമാണ് ചെയ്യുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണാം.
'ഭൂമിയിലുള്ളവരില്‍ ഭൂരിഭാഗത്തെ നീ അനുസരിക്കുകയാണെങ്കില്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍നിന്നും അവര്‍ നിന്നെ വഴി തെറ്റിക്കുന്നതാണ്. അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. അവര്‍ അനുമാനിക്കുകയല്ലാതെ ചെയ്യുന്നുമില്ല'. (10:112)

      ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കുന്നത് ഭൂരിപക്ഷമല്ല സത്യത്തിന്റെ മാനദണ്ഡം എന്നതാണ്. ഖുര്‍ആന്‍ വിശ്വാസികള്‍ കുറവേ ഉള്ളൂവെന്നതും അത് സത്യമല്ല എന്നതിനു തെളിവുമല്ല. നാം ഭൂരിപക്ഷത്തെയല്ല അനുസരിക്കേണ്ടത്. മറിച്ച് പരമമായ സത്യം (അല്‍ ഹഖ്) ഏതാണോ അതിനെയാണ്.              (തുടരും)

1 comment:

  1. സംശയങ്ങള്‍ക്ക് ഇടം നല്‍കാത്തതും വിശ്വസിക്കണമെങ്കില്‍ ഉപാധികളില്ലാത്തതുമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാ!

    why?

    he said it... what a theory...

    ReplyDelete

Related Posts Plugin for WordPress, Blogger...