Saturday, June 15, 2013

ദൈവത്തെ അനുസരിക്കുക, അവന്റെ ദൂതനെ അനുസരിക്കുക


   
     'നിങ്ങള്‍ കരുണച്ചെയ്യപ്പെടുവാന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുവിന്‍' (3:132)

     'ഓ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ഈ കല്പനക്കാരെയും അനുസരിക്കുകയും....(4:59). 

     ദീനീ കാര്യങ്ങളില്‍ അനുസരണം ഒരാള്‍ക്കോ അതല്ല ഒന്നിലധികം പേര്‍ക്കോ എന്നതാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം ചോദിക്കുവാനുള്ളത്. ദീനീ കാര്യങ്ങളില്‍ അനുസരിക്കപ്പെടേണ്ടവന്‍ ഒരാള്‍ മാത്രമേയുള്ളൂ. അത് അല്ലാഹുവാണ്. ദൈവദൂതന്‍  ജീവിച്ചിരിക്കുമ്പോള്‍ ദൈവീകവചനം അവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അദ്ദേഹത്തെയും അനുസരിക്കണം. അദ്ദേഹത്തിന്റെ മരണശേഷം ഈ കല്‍പന (അല്‍ അംറ്) യില്‍ നിലകൊള്ളുന്നവരെയും അവര്‍ ഈ ഖുര്‍ആന്‍ നമ്മോടു പറയുകയാണെങ്കില്‍ അനുസരിക്കണം. അല്‍ അംറ് എന്നു പറഞ്ഞതില്‍ നിന്നു തന്നെ അത് ഖുര്‍ആനാണെന്ന് വ്യക്തമാണ്. ദൈവത്തിനു എതിരായി ദൈവത്തിന്റെ ഒരു സൃഷ്ടിക്കും അനുസരണമില്ല എന്നതാണ് സത്യം.
 പ്രവാചകനെ അനുസരിക്കൂ എന്ന ഒരു കല്‍പന ഖുര്‍ആനിലില്ല. പിന്നെയോ ദൂതനെ അനുസരിക്കൂ എന്ന കല്‍പനയാണ് ഖുര്‍ആനിലുള്ളത്. ഇതില്‍നിന്നും കാര്യം വളരെ വ്യക്തമാണ്. ദൂതനെ അനുസരിക്കുക എന്നു പറഞ്ഞാല്‍ ദൂതിനെ അഥവാ ദൈവീകസന്ദേശത്തെ അനുസരിക്കുക എന്നാണ്. നല്ല കാര്യങ്ങളില്‍ അഥവാ മഅ്‌റൂഫ് എന്ന ഉടമ്പടിവെച്ച് പ്രവാചകനെ ധിക്കരിക്കരുത് എന്ന ഒരു ഉടമ്പടി പ്രവാചകന്റെ നിസാഉകളോട് വാങ്ങുന്ന ഒരു വചനം ഖുര്‍ആനിലുണ്ട്. മഅ്‌റൂഫ് എന്ന ഉടമ്പടി വെച്ചുകൊണ്ട് പ്രവാചകനെ ധിക്കരിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. അപ്പോള്‍ ഒരു ഉപാധിയും പറയാതെ അനുസരിക്കൂ എന്ന കല്‍പന ചേര്‍ത്തു പറയുന്നത് ദൂതനിലേക്ക് മാത്രമാണ്.
ഖുര്‍ആനില്‍ (33:16)  'യാ അയ്യുഹന്നബിയ്യു' എന്നതിനു പകരം 'യാ അയ്യുഹറസൂല്‍' എന്നാണ് അല്ലാഹു അഭിസംബോധന ചെയ്തിരുന്നതെങ്കില്‍ അനുസരണം നിരുപാധികം തന്നെയാകുമായിരുന്നു. അതായത് റസൂലിനെ അനുസരിക്കുകയെന്നാല്‍ റിസാലത്തിനെ അനുസരിക്കുക അഥവാ ദൈവത്തിന്റെ ദൂതിനെ അനുസരിക്കുക. അതിനു ഉപാധികളില്ല. എന്നാല്‍ 33:16 ല്‍ അഭിസംബോധന പ്രവാചകനെ (നബിയെ) ആയതുകൊണ്ട് അനുസരണം മഅ്‌റൂഫായ കാര്യങ്ങളിലേ ആകാവൂ എന്ന ഉപാധിവെച്ചു. ഇങ്ങനെ മഅ്‌റൂഫ് ആയ കാര്യങ്ങളില്‍ മാതാപിതാക്കളെയാണെങ്കിലും അനുസരിക്കാം എന്നാണ് അല്ലാഹു പറയുന്നത്. എന്നാല്‍ യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളില്‍  അവര്‍ നിന്നെ പങ്കുചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അനുസരിക്കേണ്ടതില്ല എന്നും അല്ലാഹു വ്യക്തമാക്കുന്നു.
'ഇനി നിനക്ക് ഒരറിവും ഇല്ലാത്ത വല്ലതും എന്നോട് പങ്കുചേര്‍ക്കുവാന്‍ ഇരുവരും നിന്നോട് പോരാടിയാലോ? അപ്പോള്‍ നീ അവരെ അനുസരിക്കുകയും ചെയ്യരുത്. എന്നാല്‍ ഐഹിക ജീവിതത്തില്‍ മഅ്‌റൂഫ് ആയിക്കൊണ്ട് നീ അവര്‍ ഇരുവരോടും സഹകരിക്കുകയും......(ലുഖ്മാന്‍ 15).
 ദൂതനുള്ള അനുസരണം ദിവ്യസന്ദേശത്തിന്റെ ഉടമയായ അല്ലാഹുവിനുള്ള അനുസരണമാണ്. ആ ദൈവീക സന്ദേശത്തെ അനുസരിക്കുന്നവരില്‍ ഒന്നാമന്‍ പ്രവാചകന്‍ തന്നെയാണല്ലോ. ഈ കല്‍പനയെ അഥവാ ഖുര്‍ആനെ അനുസരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഈ കല്‍പനയുടെ ആളുകളും (ഉലുല്‍ അംറ്) ആയിരിക്കുമല്ലോ. അവരെയും സൃഷ്ടാവിനെതിരായി അനുസരിക്കാന്‍ പാടില്ല. സൃഷ്ടാവിന്റെ കല്‍പന നമ്മോടു പറയുന്ന അത്തരക്കാരെയും സൃഷ്ടാവിന് എതിരാകാത്ത നിലക്ക് അനുസരിക്കാം. അല്ലാഹു പറയുന്നതു കാണുക:-
'അല്ലാഹുവിന്റെ അനുമതിയോടു കൂടി അനുസരിക്കപ്പെടുവാനായിട്ടല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടേ ഇല്ല'. (4:64) ആ അനുമതി എന്താണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് കാണുക:-
'മനുഷ്യരെ തന്റെ നാഥന്റെ അനുമതിയോടു കൂടി അന്ധകാരങ്ങളില്‍ നിന്നെല്ലാം വെളിച്ചത്തിലേക്ക് നീ ആനയിക്കുന്നതിനു നാം നിന്നിലേക്ക് ഇറക്കിയ  ഗ്രന്ഥമാണത്. അതായത് പ്രതാപവാനും സ്തുത്യര്‍ഹനുമായ ഒരുവന്റെ നേര്‍വഴിയിലേക്ക് (ഇബ്രാഹിം 1). അപ്പോള്‍ അനുമതിപത്രമായി ദൂതനു നല്‍കിയിട്ടുള്ളത് വേദഗ്രന്ഥമാണ്. അതുകൊണ്ടാണ് ആരെങ്കിലും ആ ദൂതനെ അനുസരിച്ചാല്‍ തന്നെ   ദൈവത്തെ അനുസരിച്ചു എന്ന് അല്ലാഹു പറഞ്ഞത്. കാരണം ആ ദൂതന്‍ ദൈവത്തിന്റെ കലാമാണല്ലോ സംസാരിക്കുക. പരമകാരുണികന്‍ പറയുന്നു:-
'ആരെങ്കിലും ദൈവദൂതനെ അനുസരിച്ചാല്‍  അവന്‍ അല്ലാഹുവിനെ അനുസരിച്ചുകഴിഞ്ഞു. (4:80). ഖുര്‍ആനിനു പുറമെയുള്ള ഒരു മതസ്രോതസ്സിനെ അനുസരിച്ചാല്‍ അവന്‍ ഖുര്‍ആനിനെ അനുസരിച്ചു എന്നല്ലല്ലോ ഈ വചനത്തിന്റെ വിവക്ഷ. അങ്ങനെയാണെങ്കില്‍ പിന്നെ ഖുര്‍ആനിന്റെ ആവശ്യമില്ലല്ലോ. നൂഹ്, ഹൂദ്, സ്വാലിഹ് എന്നീ ദൂതന്മാര്‍ അവരുടെ ജനതയുടെ അടുത്ത് ചെന്ന് അവരെ അനുസരിക്കാന്‍ അവരുടെ സമൂഹത്തോട് കല്‍പിക്കുന്നത് സൂറത്ത് അശുഅറാഅ് 108,126,163 എന്നീ വചനങ്ങല്‍ കാണാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...