ഓച്ചിറ റെയില്‍വെ സ്റ്റേഷനു സമീപം കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് മൂന്നു ബംഗാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം അടുത്ത കാലത്തായി നാം നേരിട്ടുകൊണ്ടിരിക്കുന്ന കലികാലക്കാഴ്ചകളില്‍ അവസാനത്തേതാണ്. മംഗലാപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ് ലെവല്‍ക്രോസിംഗ് കടക്കുന്നതിനിടെ ട്രെയിന്‍ വരുന്നതറിയാതെ വാന്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം. കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസിംഗുകള്‍ വലിയ ഭീഷണിയായി മാറിയിട്ടും റെയില്‍വെ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിന് മറ്റൊരു ഉദാഹരണമാണ് ഓച്ചിറ ദുരന്തം.
എന്നാല്‍ വാന്‍ ഡ്രൈവറുടെ അശ്രദ്ധയും ഈ അപകടത്തില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. മാവേലി എക്‌സ്പ്രസിനായി അവിടുത്തെ ലെവല്‍ ക്രോസിംഗ് അടച്ചിരുന്നു. അതുകൊണ്ട് കൊറ്റമ്പിള്ളി വഴി വാന്‍ തിരിച്ചുവിട്ടു. തലക്കുഴി ലെവല്‍ ക്രോസിംഗ് അടച്ചപ്പോള്‍ തന്നെ ട്രെയിന്‍ വരുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതു ശ്രദ്ധിക്കാതെ കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസിംഗിലൂടെ മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണം. കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസില്‍ നിരവധി അപകടങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ അധികൃതരും ഈ സംഭവത്തില്‍ കൂട്ടുപ്രതി തന്നെ.
ഓച്ചിറ സംഭവം ഭീതിപരത്തിയ സംസ്ഥാനത്ത് 115 ആളില്ലാ ലെവല്‍ ക്രോസുകള്‍ ഉണ്ടെന്നാണ് കണക്ക്. അപകടങ്ങളുടെ മുള്‍മുനയിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംതോറും കടന്നുപോകുന്നത്. റെയില്‍വെ ട്രാക്കില്‍ രക്തക്കറ പുരളുമ്പോള്‍ മാത്രം ഇനി മുന്‍കരുതലെന്ന പ്രഖ്യാപനം നടത്തി പതിവുപോലെ റെയില്‍വെ അധികൃതര്‍ കൈകഴുകുന്നു. അപകടം തുടര്‍ക്കഥയാകുമ്പോഴും റെയില്‍വെയുടെ നടപടികള്‍ കടലാസില്‍ മാത്രം ഒതുങ്ങുന്നു. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ലെവല്‍ ക്രോസുകളിലും ആളില്ലാത്തത്. പരിശീലനം പൂര്‍ത്തിയാക്കിയ 26 പേരെ സപ്തമ്പര്‍ ആദ്യത്തില്‍ ആലപ്പുഴ ജില്ലയിലെ ആളില്ലാ ലെവല്‍ക്രോസുകളില്‍ നിയമിക്കുമെന്നാണ് റെയില്‍വെ ഇപ്പോള്‍ പറയുന്നത്. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ 44 ആളില്ലാത്ത ലെവല്‍ക്രോസുകളില്‍ 20 എണ്ണത്തില്‍ ഗെയിറ്റുകള്‍ നിര്‍മിച്ച് കാവല്‍ക്കാരെ നിയമിക്കുമെന്ന് സംഭവത്തിനു ശേഷം കേന്ദ്രമന്ത്രികൂടിയായ കെ സി വേണുഗോപാല്‍ പറയുന്നു. ഈ പ്രഖ്യാപനം സന്തോഷകരമാണെങ്കിലും ആലപ്പുഴക്ക് പുറത്ത് രാജ്യത്ത് ഇതുപോലുള്ള ലെവല്‍ ക്രോസുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് റെയില്‍വെ മന്ത്രാലയും ശുഷ്‌ക്കാന്തി കാണിക്കുന്നില്ല.
ഇന്ത്യയിലാകെ 32694 ലെവല്‍ക്രോസിംഗുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ 14800ലും കാവല്‍ക്കാരില്ല. ഇന്ത്യന്‍ റെയില്‍വെ അന്താരാഷ്ട്ര തലത്തില്‍ കാര്‍ക്ഷമതക്ക് പേരു കേട്ടതാണെങ്കിലും ഇവിടുത്തെ സ്ഥിതി നമുക്കല്ലേ അറിയൂ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനകം നിരവധി അപകടങ്ങള്‍ ഉണ്ടായി. 2015 ഓടെ രാജ്യത്തെ കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളിലെല്ലാം ആളെ നിയമിക്കുമെന്നാണ് റെയില്‍വെ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. അത് യാഥാര്‍ഥ്യമാക്കാനുള്ള നടപടി എവിടെ വരെ എത്തിയെന്ന് ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും വ്യക്തമാക്കണം.
തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിലായി 2690 കാവല്‍ ജീവനക്കാരുടെ ഒഴിവുകളുണ്ട്. രാത്രിയില്‍ ട്രാക്ക് പരിശോധിക്കേണ്ട ട്രാക്ക്മാന്‍മാര്‍ ഉള്‍പ്പെടുന്ന എഞ്ചിനീയറിംഗ് വിഭാഗത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ മാത്രം 800 ഒഴിവുകളുണ്ട്. ഇതിനു പുറമെ 400 തസ്തിക സൃഷ്ടിക്കാനുമുണ്ട്. ജീവനക്കാര്‍ ഉണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച നിയമം കര്‍ശനമായി പാലിക്കപ്പെടുന്നില്ല. ലെവല്‍ക്രോസുകളില്‍ ഗെയ്റ്റ് അടക്കുന്നതിനു മുമ്പായി മുന്നറിയിപ്പ് ബെല്‍ അടിക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ ഭൂരിഭാഗം ലെവല്‍ക്രോസുകളിലും ഇപ്പോള്‍ മണിയടിയില്ല. ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ തേജസ്വനി വനിതാ സ്‌ക്വാഡിനെ കഴിഞ്ഞ മാസം റെയില്‍വെ പിന്‍വലിക്കുകയുണ്ടായി. അവരെ ടിക്കറ്റ് എക്‌സാമിനര്‍മാരായി സ്‌ളീപ്പര്‍ കോച്ചുകളില്‍ നിയമിച്ചിരിക്കുന്നു.
മമതാ ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയായി പോയതിനു ശേഷം പ്രധാനമന്ത്രി തന്നെയാണ് റെയില്‍വെ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. എന്നിട്ടും തീവണ്ടി അപകടങ്ങള്‍ക്കോ ലെവല്‍ ക്രോസിംഗ് ദുരന്തങ്ങള്‍ക്കോ കുറവൊന്നുമില്ല. തീവണ്ടിയാത്രക്കാരുടെ സുരക്ഷയും ഇപ്പോള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. സ്ത്രീകള്‍ യാത്രക്കിടയില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും കയ്യും കണക്കുമില്ല. കൊള്ളയും പിടിച്ചുപറിയും മോഷണവുമെല്ലാം ട്രെയിനുകളില്‍ നിര്‍ബാധം അരങ്ങേറുന്നു. കൂടുതല്‍ സുരക്ഷതേടി തീവണ്ടികളെ ആശ്രയിക്കുന്നവര്‍ ഇപ്പോള്‍ ശരിക്കും ഭീതിയിലാണ്.
ഇതിനു പുറമെയാണ് ലെവല്‍ ക്രോസിംഗുകളില്‍ കാവല്‍ക്കാരെ നിശ്ചയിക്കാത്തതു മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍. അതുകൊണ്ട് തീവണ്ടിയാത്ര സുഗമവും സുരക്ഷിതപൂര്‍ണവുമാക്കുന്നതിനും ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിശ്ചയിക്കുന്നതിനും സത്വര നടപടികള്‍ എത്രയുംവേഗം കൈക്കൊള്ളേണ്ടിയിരിക്കുന്നു.
kokkethra kulam kandathaa, indian railway iniyum padikkilla
ReplyDelete