Saturday, August 27, 2011

പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത് കോടികള്‍


          ഒന്നാംക്‌ളാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സില്‍ വരെ പഠിക്കുന്ന പിന്നാക്ക വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ച കേന്ദ്ര ഗവണ്‍മെന്റ് തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു. സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിച്ചതിനു പുറമെ അര്‍ഹത നിശ്ചയിക്കാനുള്ള വരുമാന പരിധി  44,500 രൂപയില്‍നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.  പ്രതിമാസം ആയിരം രൂപ വരെ  വിദ്യാര്‍ഥികള്‍ക്ക്  ഇനി മുതല്‍ ലഭിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 190 രൂപയില്‍നിന്ന് 350ഉം ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കുള്ള സഹായം 425ല്‍ നിന്ന് 750 ആയും വര്‍ധിപ്പിച്ചു.  രണ്ടാംക്‌ളാസ് മുതല്‍  ഹോസ്റ്റല്‍ ഫീസ് അനുവദിക്കുന്നതാണ്. ഒന്നാംക്‌ളാസില്‍ പഠിക്കുന്ന കുട്ടിക്ക് പോലും പ്രതിമാസം അമ്പത് രൂപ കിട്ടും. സ്‌കോളര്‍ഷിപ്പും മറ്റു ധനസഹായവും വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസമാണ് കേന്ദ്രസാമൂഹിക നീതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. 

          എന്നാല്‍ ദു:ഖകരമെന്ന് പറയട്ടെ കേരളത്തിലെ ഒരു കുട്ടിക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. കേരളത്തില്‍ പിന്നാക്ക വികസന വകുപ്പില്ലാത്തതാണിതിന് കാരണം. ഈ വകുപ്പ് രൂപീകരിക്കാന്‍  ആവശ്യപ്പെട്ടിട്ട് വര്‍ഷം 12 കഴിഞ്ഞിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളാകട്ടെ കേന്ദ്ര നിര്‍ദേശം ശിരസാ വഹിച്ചതിനാല്‍ ഈ വകുപ്പിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം പ്രയോജനപ്പെടുത്തി വരികയാണ്.   കേരളത്തിലും പേരിന് വകുപ്പ് രൂപീകരിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നതില്‍ വിമുഖത കാണിച്ചത് വിനയായി.  പിന്നാക്ക വിഭാഗങ്ങള്‍ക്കും അവരുടെ സംഘശക്തിക്കും നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനമാണ് കേരളമെങ്കിലും സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന ആവേശം പിന്നാക്കക്കാരുടെ കാര്യത്തിലില്ല. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് നടപടികളെടുക്കുന്ന കാര്യത്തില്‍  ഈ അലംഭാവം കേരളം കണ്ടതാണ്. 

          മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകളുടെ പശ്ചാത്തലത്തിലായിരുന്നു പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കാനുള്ള നിര്‍ദേശം. മണ്ഡല്‍ ശിപാര്‍ശകളോടുള്ള വിരോധം കെട്ടടങ്ങാതെനിന്ന സമയമായിരുന്നു അത്. ആ വിരോധമായിരിക്കാം പിന്നാക്ക വികസന വകുപ്പ് രൂപീകരണത്തിലും പ്രതിഫലിച്ചത്. സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളാണ് ഇതുമൂലം നഷ്ടപ്പെട്ടത്. പിന്നാക്കക്കാര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കരുതെന്ന വാശി അധികാരത്തിന്റെ തലപ്പത്തിരുന്ന പലര്‍ക്കുമുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. സംസ്ഥാനം മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്.

          പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കാനുള്ള നിര്‍ദേശത്തോടൊപ്പം 20 കോടി രൂപയും കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചിരുന്നു. അത് വകുപ്പ് മാറ്റി  അന്ന് പട്ടിക വികസന വകുപ്പിന് നല്‍കി. എന്തു ചെയ്യമമെന്നറിയാതെ ആ വകുപ്പ് കുഴങ്ങി. അവസാനം  20 കോടിയും ലാപ്‌സായി. അതിനു ശേഷം 1999ല്‍ പിന്നാക്കവികസന വകുപ്പ് രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെഷല്‍ ഓഫീസറായി ഇ അയ്യപ്പനെയും നിശ്ചയിച്ചു. വകുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി രൂപ വേണമായിരുന്നു. 20 കോടി പാഴാക്കിയ സര്‍ക്കാര്‍ പക്ഷെ ആ രണ്ടുകോടി അനുവദിക്കാന്‍ കൂട്ടാക്കിയില്ല. അതോടെ പിന്നാക്ക വികസന വകുപ്പ് കടലാസില്‍ ഒതുങ്ങുകയും ചെയ്തു. 

          പിന്നാക്ക വിഭാഗങ്ങളോട് സംസ്ഥാന ഭരണകൂടം ഇതുവഴി വലിയ വഞ്ചനയാണ് കാണിച്ചത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇതുമൂലം വര്‍ഷങ്ങളായി വലിയ നഷ്ടമാണ് വരുത്തിവെച്ചത്. ചുരുങ്ങിയ പക്ഷം ഈ കാലയളവില്‍ 250 കോടി രൂപയുടെ ആനുകൂല്യങ്ങളെങ്കിലും നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. പാവപ്പെട്ട പിന്നാക്ക വിദ്യാര്‍ഥികളോ അവരുടെ രക്ഷിതാക്കളോ എന്തിനേറെ അവര്‍ക്ക് വേണ്ടി ജന്മമെടുത്ത പ്രസ്ഥാനങ്ങളോ ഈ വിവരമൊന്നും അറിഞ്ഞതുമില്ല.

          വകുപ്പ് രൂപീകരിക്കാതെ കോടികളുടെ ആനുകൂല്യം പിന്നാക്കക്കാര്‍ക്ക് നഷ്ടപ്പെടുത്തിയവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കരുതാനാവില്ല. പിന്നാക്കക്കാരുടെ വളര്‍ച്ചയേയും പുരോഗതിയേയും അസൂയയോടും അവജ്ഞയോടും വീക്ഷിക്കുന്നവര്‍ നടത്തിയ ബോധപൂര്‍വമായ ചരടുവലി ആര്‍ക്കും ഗൗനിച്ചില്ല എന്നേ പറയാനൊക്കൂ. ഭരണത്തിന്റെ ഉന്നതങ്ങളില്‍ പിന്നാക്ക വിഭാഗക്കാരുമുണ്ടായിരുന്നല്ലോ. അവര്‍ പക്ഷെ തിരിച്ചറിവില്ലാത്തവരെ പോലെയാണ് പെരുമാറിയത്. സഹായം നഷ്ടപ്പെടുന്നത് ദരിദ്രര്‍ക്കാണല്ലോ. പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യത്തില്‍ ഉദ്യോഗത്തില്‍ കയറിപ്പറ്റിയവരും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു എന്ന് പറയേണ്ടിവരും.

         മതേതര കക്ഷികളാണെങ്കിലും കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ കക്ഷികള്‍ ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ പേരില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന കാക്കത്തൊള്ളായിരും സംഘടനകളുടെ കാര്യമാണ് കഷ്ടം. സത്യത്തില്‍ അവരുടെ പ്രസക്തി തന്നെ ചോദ്യംചെയ്യുന്ന സംഭവമാണിത്. തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കലും ഭരണത്തില്‍ ആനുപാതിക പ്രാതിനിധ്യം നേടലും മാത്രമാണോ ഇവരുടെ അജണ്ട. അധികാരത്തില്‍ പങ്കാളിത്തം എന്നത് വെറും സ്ഥാനമാനങ്ങളില്‍ ഒതുങ്ങേണ്ട കാര്യമാണോ? പൊതുഖജനാവിലെ പണം സമ്പന്നരുടെയും വരേണ്യവര്‍ഗത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് മാത്രമായി വിനിയോഗിക്കുമ്പോള്‍, അര്‍ഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെടുത്തുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാനും പിടിച്ചുവാങ്ങാനും അവര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ അനുവദിക്കപ്പെട്ടതുകൂടി നഷ്ടപ്പെടുത്തിയാലോ? അതാണല്ലോ ഇവിടെ ഇപ്പോള്‍ സംഭവിച്ചത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...