Thursday, August 25, 2011

ലിബിയ: ജനകീയപ്രക്ഷോഭം ലക്ഷ്യം കൈവരിക്കുമോ?


          ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ സ്വേഛാധിപതിയായ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെങ്കിലും ട്രിപ്പാളിയെ ഇപ്പോഴും ഭരിക്കുന്നത് അഭ്യൂഹങ്ങള്‍ തന്നെയാണ്. ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഭരണം അവസാനിച്ചെന്നും മക്കള്‍ പിടിയിലായെന്നും ട്രിപ്പാളി പിടിച്ചെന്നും വിമതസേന ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം തലസ്ഥാന നഗരിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു.  വിജയം കൈവരിക്കാനായില്ലെങ്കില്‍ രക്തസാക്ഷിത്വം വരിക്കുമെന്ന മുന്നറിയിപ്പുമായി ഗദ്ദാഫിയും രംഗത്തുവന്നു.  ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയ വിമതര്‍ പിടിച്ചടക്കിയ സാഹചര്യത്തില്‍ അവിടെനിന്ന് താമസം മാറ്റിയതായും റേഡിയോസന്ദേശത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. നാറ്റോയുടെ 64 വ്യോമാക്രമണങ്ങളില്‍ ബാബുല്‍ അസീസിയ തകര്‍ന്നതിനാല്‍ തന്ത്രപരമായ നീക്കം നടത്തിയതാണെന്നാണ് തന്റെ ഒളിജീവിതത്തെ കുറിച്ച് ഗദ്ദാഫിയുടെ ന്യായീകരണം.  വിമതരുടെ കയ്യില്‍നിന്നും ട്രിപ്പാളിയെ ശുദ്ധമാക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

          ആറുമാസത്തിലേറെയായി ലിബിയ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. വിമതസേന വിജയത്തിലേക്ക് നീങ്ങുന്നു എന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകളെങ്കിലും അയല്‍രാജ്യങ്ങളായ ടുണീഷ്യയിലെ സൈനുദ്ദീന്‍ ബിന്‍ അലിയെയും ഈജിപ്തിലെ  ഹുസ്‌നി മുബാറക്കിനെയും പോലെ ജനകീയ വിപ്‌ളവത്തിന് മുമ്പില്‍ അടിയറവ് പറയാന്‍ ഗദ്ദാഫി തയാറല്ലായിരുന്നു. ജനകീയസമരത്തെ സര്‍വ ശക്തിയുമുപയോഗിച്ച് അദ്ദേഹം  ചെറുത്തു. സ്വന്തം ജനതക്കെതിരെ ടാങ്കുകളും മിസൈലുകളും ഉപയോഗിച്ചു. ലിബിയയില്‍ ഇടപെടാന്‍ തക്കംപാത്തു കഴിഞ്ഞ  നാറ്റോ സേന  രംഗത്തുവന്നതോടെ ഗദ്ദാഫിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. നാറ്റോ സൈന്യത്തിന്റെ നിരന്തരമായ വ്യോമാക്രമണമാണ് ട്രിപ്പാളിയുടെ സിംഹഭാഗവും അധീനത്തിലാക്കാന്‍ വിമതര്‍ക്ക് വഴിയൊരുക്കിയത്.

          ഇദ്‌രീസ് രാജാവിനെ പട്ടാളവിപ്‌ളവത്തിലൂടെ പുറത്താക്കി 1969ല്‍ ഗദ്ദാഫി ലിബിയയില്‍ അധികാരം പിടിച്ചടക്കിയത്  മധ്യപൂര്‍വ ദേശത്തിന്റെ ചരിത്രം മാറ്റിയെഴുതിയ സംഭവമായിരുന്നു. പട്ടാളത്തിലെ കേണലായിരുന്ന അദ്ദേഹത്തിന്  അന്ന് പ്രായം വെറും 27വയസ്. അധികാരമേറ്റതു മുതല്‍  പാശ്ചാത്യരാജ്യങ്ങളുമായി  ഗദ്ദാഫി നിരന്തരം ഇടഞ്ഞുകൊണ്ടിരുന്നു.  അതോടെ ലിബിയയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. ഈജിപ്തിലെ ഫറൂഖ് രാജാവിനെ അട്ടിമറിച്ച കേണല്‍ ജമാല്‍ അബ്ദുല്‍നാസറിനെ ഓര്‍മിച്ചുകൊണ്ട് പലരും ഗദ്ദാഫിയെ മറ്റൊരു നാസറായി വാഴ്ത്തി. നാസറിനെ പോലെ ഗദ്ദാഫിയും അറബ് ദേശീയതയുടെയും സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പിന്റെയും വക്താവായി.  പിന്നീടദ്ദേഹം പല അറബ് രാഷ്ട്രങ്ങളുമായി പിണങ്ങി. ഫലസ്തീന്‍കാരുടെ സമരത്തിന് അദ്ദേഹം ശക്തമായ പിന്തുണ നല്‍കി. പാക്കിസ്താനെന്ന പോലെ ഇന്ത്യയുമായും സൗഹൃദത്തിലായിരുന്നു ഗദ്ദാഫി.

          ഉത്തരാഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമാണ് ലിബിയ. എന്നാല്‍  തന്നിഷ്ടപ്രകാരമുള്ള ഭരണമാണ് ഗദ്ദാഫി നടത്തിയത്. എന്നിട്ടും ലിബിയയിലെ പൊതുസമൂഹം ദീര്‍ഘകാലം അദ്ദേഹത്തിന് അനുകൂലമായിരുന്നു. ഇദ്‌രീസ് രാജാവിന്റെ ഭരണകാലഘട്ടം ഇരുളടഞ്ഞതായിരുന്നു. അതിനേക്കാള്‍ ഭേദപ്പെട്ട ഭരണം കാഴ്ചവെക്കാന്‍ ഗദ്ദാഫിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ വ്യവസ്ഥാപിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ ജനകീയ കൂട്ടായ്മകളെയോ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഒരിക്കലുംഅനുവദിച്ചില്ല. ലിബിയയില്‍ ഒരു ജനാധിപത്യ ഭരണഘടനക്ക്  രൂപം നല്‍കിയില്ല. സുശിക്ഷിതമായ ഒരു സൈന്യം പോലും ലിബിയക്കില്ലെന്നറിയുമ്പോള്‍ അത്ഭുതംതോന്നും. അതുകൊണ്ടാണ് ഗദ്ദാഫിക്ക് ശേഷം എന്ത് എന്ന   ആശങ്ക  ജനങ്ങള്‍ക്കിടയില്‍ ചോദ്യചിഹ്നമായി വളര്‍ന്നത്. മകന്‍ സെയ്ഫുല്‍ ഇസ്‌ലാമിനെ  പിന്‍ഗാമിയായി വാഴിക്കാന്‍ അണയറയില്‍ നീക്കം ശക്തമായപ്പോഴാണ് ജനങ്ങള്‍  പ്രകോപിതരായത്. ഈ അമര്‍ഷം ജനരോഷമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും നടത്തിയ ശ്രമം വിജയത്തോടടുക്കുന്നുവെന്നാണ് ലിബിയയിലെ അവസാന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

          ഗദ്ദാഫി വീണാല്‍ ലിബിയയുടെ രാഷ്ട്രീയഭാവി എന്താവും? അതാണിപ്പോള്‍ ലോകം ചര്‍ച്ചചെയ്യുന്നത്. ഇറാഖില്‍ സദ്ദാം ഹുസൈന്‍ വീണപ്പോള്‍ സംഭവിച്ചതു തന്നെ ലിബിയേയും കാത്തിരിക്കുന്നു. ഈജിപ്തിലും ടുണീഷ്യയിലും ജനകീയ വിപ്‌ളവം വിജയകരമായി പര്യവസാനിച്ചുവെങ്കിലും ഇതേ ആശങ്ക ആ രാജ്യങ്ങളുടെ കാര്യത്തിലുമുണ്ടല്ലോ. ഗദ്ദാഫിയുഗത്തിന് അന്ത്യംകുറിച്ചാലും ഭരണം ജനങ്ങളുടെ കൈയ്യിലെത്തുമെന്ന് കരുതുന്നവര്‍ കുറയും. ലിബിയയിലെ ഭരണസംവിധാനം പാശ്ചാത്യ ശക്തികള്‍ തീരുമാനിക്കുമെന്ന അവസ്ഥവന്നാല്‍ അതിനേക്കാള്‍ ആശങ്കാജനകമായി മറ്റെന്താണുള്ളത്? ഗദ്ദാഫിയുഗം അവസാനിച്ചുവെന്നും അധികാരം ജനങ്ങളുടെ കയ്യിലെത്തിയെന്നും ആദ്യം പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയാണ്. ലിബിയയുടെ പുനരുദ്ധാരത്തെ കുറിച്ച് സജീവചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമൊക്കെയാണ്. ജനകീയ വിപ്‌ളവത്തെ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതാകട്ടെ നാറ്റോയും. ലിബിയയിലെ എണ്ണസമ്പത്ത് എങ്ങനെ കൊള്ളയടിക്കണമെന്നതായിരിക്കും ആത്യന്തികമായി ഇത്തരം ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും അനന്തരഫലം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...